നിർഭയരായി ഉയിർത്തെഴുന്നേൽക്കുന്നവർ
അല്ലാഹുവിന്റെ ഔലിയാക്കൾ അന്ത്യനാളിന്റെ ഭയാന കതയിൽ ഭയപ്പെടുകയില്ല. ആളുകൾ ഭയചകിതരും ദുഃഖിതരുമാവുമ്പോൾ അവർ നിർഭയരായിരിക്കും. സൂറത്തുയാസീനിൽ ആളുകൾ ഉയിർത്തെഴുന്നേപ്പിക്കപ്പെടുന്നതുമായും അന്നേരം വിശ്വാ സികളും അവിശ്വാസികളും പറയുന്നതുമായും ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾
കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ഖബ്റുകളിൽ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ചുചെല്ലും. (സൂറത്തുയാ സീൻ: 51)
ഉയിർത്തെഴുന്നേൽക്കുമ്പോൾ അവിശ്വാസികളുടെ പരിതാപത്തെ കുറിച്ച് അടുത്ത ആയത്തിൽ അല്ലാഹു പറയുന്നു:
قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ
അവർ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തിൽ നിന്ന് നമ്മെ എഴുന്നേൽപ്പിച്ചതാരാണ്?…. (സൂറത്തുയാസീൻ: 52)
എന്നാൽ, വിശ്വാസികൾ നിർഭയരായി പ്രഖ്യാപിക്കുന്നതിനെ കുറിച്ചും അതേ ആയത്തിൽതന്നെ അല്ലാഹു പറയുന്നു:
هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ ﴿٥٢﴾
…ഇത് പരമകാരുണികൻ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂ തന്മാർ സത്യം തന്നെയാണ് പറഞ്ഞത്. (സൂറത്തുയാസീൻ: 52)
അന്ത്യനാളിന്റെ ഭയാനകതയെ അഭിമുഖീകരിക്കുമ്പോൾ അവർ ദുഃഖഭരിതരാവുകയില്ല. അല്ലാഹു പറയുന്നു:
إِنَّ الَّذِينَ سَبَقَتْ لَهُم مِّنَّا الْحُسْنَىٰ أُولَٰئِكَ عَنْهَا مُبْعَدُونَ ﴿١٠١﴾لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِي مَا اشْتَهَتْ أَنفُسُهُمْ خَالِدُونَ ﴿١٠٢﴾ لَا يَحْزُنُهُمُ الْفَزَعُ الْأَكْبَرُ وَتَتَلَقَّاهُمُ الْمَلَائِكَةُ هَٰذَا يَوْمُكُمُ الَّذِي كُنتُمْ تُوعَدُونَ ﴿١٠٣﴾
തീർച്ചയായും നമ്മുടെ പക്കൽ നിന്ന് മുമ്പേ നൻമ ലഭിച്ചവരാരോ അവർ അതിൽ (നരകത്തിൽ) നിന്ന് അകറ്റിനിർത്തപ്പെടുന്നവരാകുന്നു. അതിന്റെ നേരിയ ശബ്ദം പോലും അവർ കേൾക്കുകയില്ല. തങ്ങളുടെ മനസ്സുകൾക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളിൽ അവർ നിത്യവാസികളായിരിക്കും. ഏറ്റവും വലിയ ആ സംഭ്രമം അവർക്ക് ദുഃഖമുണ്ടാക്കുകയില്ല. നിങ്ങൾക്ക് വാഗ്ദാനം ചെയ്യ പ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് എന്ന് പറഞ്ഞുകൊണ്ട് മലക്കുകൾ അവരെ സ്വാഗതം ചെയ്യുന്നതാണ്. (സൂറത്തുൽഅ മ്പിയാഅ്: 101,102,103)
يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ ﴿٦٨﴾ الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ ﴿٦٩﴾
എന്റെ ദാസൻമാരേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല. നിങ്ങൾ ദുഃഖിക്കേണ്ടതുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങൾ) (സൂറത്തുസ്സുഖ്റുഫ്: 68,69)
أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾ الَّذِينَ آمَنُوا وَكَانُوا يَتَّقُونَ ﴿٦٣﴾ لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ
ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. അവർക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാർത്തയുള്ളത്… (സൂറത്തുയൂനുസ്: 62,63,64)
അർശിന്റെ തണലിൽ സുഖിക്കുന്നവർ
ചുട്ടുപൊള്ളുന്ന സൂര്യൻ തലക്കുമുകളിൽ ജ്വലിച്ച് നിൽക്കുകയും മനുഷ്യർ വിയർപ്പിൽ ദുരിതപ്പെടുകയും ചെയ്യുമ്പോൾ അനുഗ്രഹീതരായ ഒരു വിഭാഗം പരമകാരുണികന്റെ അർശിന് താഴെ സുഖിക്കുന്നവരായിരിക്കും. അവർ ആരെല്ലാമെന്നറിയിക്കുന്ന തിരുമൊഴികൾ ധാരാളമാണ്.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ പറയപ്പെട്ട ഏഴ് വിഭാഗങ്ങളെ ക്രമപ്രകാരം താഴെ നൽകുന്നു.
നീതിമാനായ ഭരണാധികാരി
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَبعةٌ يُظلُّهمُ اللَّهُ تعالى في ظِلِّهِ يومَ لا ظِلَّ إلاّ ظِلّهُ: إمامٌ عَدْلٌ
“ഏഴുകൂട്ടർ, അല്ലാഹു തന്റെ നിഴലല്ലാതെ മറ്റൊരു നിഴലുമി ല്ലാത്ത നാളിൽ അവർക്ക് തണലേകും: നീതിമാനായ ഭരണാധികാരി…”
ഇബാദത്തിൽ വളർന്ന യുവാവ്
ട്ട وشابٌّ نَشَأَ في عِبادةِ اللَّهബ്ല
“…അല്ലഹുവിനുള്ള ആരാധനയിൽ വളർന്നുവന്ന യുവാവ്,…”
ഹൃദയത്തിൽ പള്ളി കൊണ്ടുനടക്കുന്നവൻ
ورجُلٌ قلبُهُ مُعلَّقٌ في المساجدِ
“…പള്ളികളോട് ഹൃദയം ബന്ധപ്പെട്ടിട്ടുള്ള ഒരാൾ,…”
അല്ലാഹുവിനായി സ്നേഹം പങ്കിട്ടവർ
ورَجُلانِ تَحابا في اللَّهِ اجتمعَا عليهِ وتَفَرَّقَا عليه
“…അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പരസ്പരം സ്നേഹിച്ച് അതിൽ സംഗമിക്കുകയും വേർപിരിയുകയും ചെയ്ത രണ്ടുപേർ….”
ഇമാം മുസ്ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللّهَ يَقُولُ يَوْمَ الْقِيَامَةِ: أَيْنَ الْمُتَحَابُّونَ بِجَلاَلِي. الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إِلاَّ ظِلِّي
“നിശ്ചയം, അല്ലാഹു ക്വിയാമത്ത് നാളിൽ പറയും. എന്റെ മഹത്വത്തിൽ പരസ്പരം സ്നേഹിച്ചവർ എവിടെ, ഇന്ന് ഞാൻ അവർ ക്ക് എന്റെ തണൽ നൽകും, ഇന്ന് എന്റെ തണലല്ലാത്ത മറ്റൊരും തണലും ഇല്ല” (മുസ്ലിം)
അല്ലാഹുവെ ഭയന്ന് തെറ്റിൽനിന്നകന്നവൻ
ورجُلٌ دَعَتْهُ امرأةٌ ذاتُ مَنصِبٍ وجَمالٍ فقال: إني أخافُ اللَّهَ
“…സ്ഥാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ലൈംഗിക സുഖത്തിന്) ക്ഷണിച്ചിട്ടും ഞാൻ അല്ലാഹുവിനെ ഭയക്കുന്നു എന്ന് പറഞ്ഞ ഒരാൾ,…”
ലോകമാന്യതയില്ലാതെ സ്വദക്വഃ ചെയ്തവൻ
ورجُلٌ تَصدَّقَ بصدَقةٍ فأخفاها حتى لا تَعلمَ شِمالهُ ما تُنفِقُ يمينهُ
“…സ്വദക്വഃ നിർവ്വഹിക്കുകയും തന്റെ വലതു കൈ ചിലവഴിച്ചത് ഇടതുകൈപോലും അറിയാതെ രഹസ്യമായി പ്രസ്തുത സ്വദക്വ നിർവ്വഹിച്ചയാൾ,…”
അല്ലാഹുവിനെ ഓർത്ത് കരഞ്ഞവൻ
ورجُلٌ ذَكرَ اللَّهَ خالياً ففاضَتْ عَيناهُ
“…ഒഴിഞ്ഞിരുന്ന് അല്ലാഹുവെ ഓർക്കുകയും കണ്ണുകൾ നിറ ഞ്ഞൊലിക്കുകയും ചെയ്ത ഒരാൾ.”
കടബാധ്യതയുള്ളവന് ഇടകൊടുത്തവൻ
ജാബിർ ഇബ്നു അബ്ദില്ലാഹ് رَضِيَ اللَّهُ عَنْهُ ൽനിന്നും അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَرَّهُ أَنْ يُنْجِيَهُ اللهُ مِنْ كُرَبِ يَوْمِ الْقِيَامةِ وَأَنْ يُظِلَّهُ تَحْتَ عَرْشِهِ فَلْيُنْظِرْ مُعْسِراً
“അന്ത്യനാളിന്റെ പ്രയാസങ്ങളിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തലും അല്ലാഹുവിന്റെ അർശിന് താഴെ (അല്ലാഹു) തണലേകലും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവൻ ഒരു ഞെരുക്കമനുഭവിക്കുന്ന (കടബാധ്യതയുള്ള)വന് ഇടകൊടുക്കട്ടെ.”
കടം ഒഴിവാക്കി കൊടുത്തവൻ
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ نَفَّسَ عَنْ غَرِيمِهِ أَوْ مَحَا عَنْهُ كَانَ فِى ظِلِّ الْعَرْشِ يَوْمَ الْقِيَامَةِ
“വല്ലവനും തന്റെ കടക്കാരന് ഇടകൊടുക്കുകയോ അല്ലെങ്കിൽ കടം മായിച്ച് ഒഴിവാക്കുകയോ ചെയ്താൽ അയാൾ അന്ത്യനാളിൽ അർശിന്റെ തണലിലായിരിക്കും.”
പരസ്പരം സ്നേഹിച്ചവർ, കൂടിയിരുന്നവർ, ചെലവഴിച്ചവർ, സന്ദർശിച്ചവർ
മുസ്ലിംകൾ പരസ്പരമുള്ള സ്നേഹബന്ധവും ഒരുമിച്ച് കൂടലും ചെലവഴിക്കലും സന്ദർശിക്കലുമെല്ലാം ഏറെ പുണ്യമുള്ള സൽപ്രവൃത്തികളാണ്. എന്നാൽ, അവ നിർവ്വഹിക്കേണ്ടത് നിഷ്കളങ്കവും നിഷ്കപടവുമായിട്ടായിരിക്കണം. അല്ലാഹുവിന്റെ പ്രീതിയെ മാത്രം കാംക്ഷിക്കുക എന്നതായിരിക്കണം അന്യോന്യമുള്ള ഇത്തരം കർമ്മങ്ങളുടെ ഏക മാനദണ്ഡം. അത്തരക്കാരെ ആഖിറത്തിൽ കാത്തുകഴിയുന്ന പ്രതിഫലങ്ങളേയും ആദരവുകളേയും കുറിച്ചുള്ള ഏതാനും തിരുമൊഴികൾ താഴെ:
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قال الله عَزَّ وَجَلَّ: المُتَحَابُّونَ في جَلاَلِي لَهُمْ مَنَابِرُ مِنْ نُورٍ يَغْبِطُهُمُ النَّبِيُّونَ وَالشُّهَدَاءُ
“അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ മഹത്വത്തിൽ പരസ്പരം സ്നേഹിച്ചവർ, അവർക്ക് പ്രകാശം കൊണ്ടുള്ള മിമ്പറുകൾ ഉണ്ട്, നബിമാരും ശുഹദാക്കളും അവരിലേക്ക് ആഗ്രഹപൂർവ്വംചെല്ലും”
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قال الله عَزَّ وَجَلَّ: وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَلِلْمُتَجَالِسِينَ فِيَّ، وَلِلْمُتَزَاوِرِينَ فِيَّ، وَلِلْمُتَبَاذِلِينَ فِيّ
“അല്ലാഹു പറഞ്ഞു: എന്റെ മാർഗ്ഗത്തിൽ പരസ്പരം സ്നേഹിക്കുന്നവർക്കും, എന്റെ മാർഗ്ഗത്തിൽ പരസ്പരം കൂടിയിരിക്കുന്നവർക്കും, എന്റെ മാർഗ്ഗത്തിൽ പരസ്പരം സന്ദർശിക്കുന്നവർക്കും, എന്റെ മാർഗ്ഗത്തിൽ പരസ്പരം ചെലവഴിക്കുന്നവർക്കും എന്റെ സ്നേഹം അനിവാര്യമായി”
അബൂമാലിക് അൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَيَبْعَثَنَّ اللهُ أَقْوَاماً يَوْمَ الْقِيَامَةِ، فِي وُجُوهِهِمْ النُّورُ عَلَى منَابِرِ اللُّؤْلُؤِ، يَغْبِطُهُمُ النَّاسُ، لَيْسُوا بِأَنْبِيَاءَ وَلاَ شُهَدَاءَ، قَالَ: فَجَثَى أَعرَابِيٌّ عَلَى رُكْبَتَيْهِ. فَقَالَ: يَا رَسُولَ الله جَلِّهِمْ لَنَا نَعْرِفُهُمْ. قَالَ: هُمُ المُتحَابِّونَ فِي الله منْ قَبائِلَ شَتَّى وَبِلاَدٍ شَتَّى، يَجْتَمِعُونَ عَلى ذِكْرِ اللهِ يَذْكُرُونَهُ
“അല്ലാഹു ക്വിയാമത്ത് നാളിൽ ഒരു വിഭാഗം ആളുകളെ ഉയിർത്തെഴ്ന്നേൽപ്പിക്കുകതന്നെ ചെയ്യും. അവരുടെ മുഖങ്ങളിൽ പ്രകാശമുണ്ട്. മുത്തുകൾ കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അവർ. ജനങ്ങൾ അവരിലേക്ക് ആഗ്രഹം ജനിച്ച് ചെല്ലും. അവരാകട്ടെ നബിമാരോ ശുഹദാക്കളോ അല്ല. അപ്പോൾ ഒരു ഗ്രാമീണൻ (അഅ്റാബി) മുട്ടുകുത്തിനിന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരെ അറിയുന്നതിന്ന് വേണ്ടി ഒന്നു വ്യക്തമാക്കിത്തരൂ. തിരുമേനി ﷺ പറഞ്ഞു: അവർ അല്ലാഹുവിന്റെ മാർഗ്ഗ ത്തിൽ പരസ്പരം സ്നേഹിച്ച വ്യത്യസ്ത ദേശങ്ങളിൽപ്പെട്ടവരും വ്യത്യസ്ത ഗോത്രങ്ങളിൽപ്പെട്ടവരും ആണ്. അല്ലാഹുവിന് ദിക്ർ എടുക്കുവാൻ അവർ ഒരുമിച്ച് കൂടിയിരിക്കുന്നു. അവർ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു.”
നീതിയിൽ വർത്തിക്കുന്നവർ
താൻ ഏറ്റെടുത്തതോ ഏൽപ്പിക്കപ്പെട്ടതോ ആയ ഭരണ നേതൃത്വം, ഇതരപദവികൾ, സന്നദ്ധപ്രവർത്തനം, അനാഥസംരക്ഷണം, സ്വദക്വഃ, തുടങ്ങിയുള്ള ഉത്തരവാദിത്വങ്ങളിലും ഇണകൾക്കും കുടുംബത്തിനും നൽകേണ്ടതായ അവകാശങ്ങളിലും നീതി കൈവിടാതെ വർത്തിക്കുന്നവർക്ക് അന്ത്യനാളിൽ മഹത്വങ്ങളേറെയാണ്. അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ الْمُقْسِطِينَ عِنْدَ اللّهِ عَلَىٰ مَنَابِرَ مِنْ نُورٍ. عَنْ يَمِينِ الرَّحْمَـٰنِ. وَكِلْتَا يَدَيْهِ يَمِينٌ ، الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا
“അല്ലാഹുവിന്റെ അടുക്കൽ നീതിമാന്മാർ, റഹ്മാനായ അല്ലാഹുവിന്റെ വലതുഭാഗത്ത് പ്രകാശത്തിന്റെ മിംബറുകളിലായിരിക്കും. അവന്റെ ഇരുകരങ്ങളും യമീനുകളാണ്(അനുഗ്രഹീതങ്ങളാണ്.) അവർ(നീതിമാന്മാർ) തങ്ങളുടെ വിധിയിലും, കുടുംബത്തിലും, ത ങ്ങൾ ഏറ്റെടുത്തകാര്യങ്ങളിലും നീതിപുലർത്തുന്നവരാണ്.” (മുസ്ലിം)
നമസ്കാരം കാത്തുസൂക്ഷിക്കുന്നവർ
നമസ്കാരം യഥാവിധം കാത്തുസൂക്ഷിക്കുന്ന മുസൽമാന് അന്ത്യനാളിൽ തന്റെ നമസ്കാരം പ്രകാശവും പ്രമാണവും രക്ഷയുമായിരിക്കുമെന്ന് തിരുമൊഴിയുണ്ട്. അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരുനാൾ അല്ലാഹുവിന്റെ റസൂൽ ﷺ നമസ്കാരത്തെക്കുറിച്ച് അനുസ്മ രിച്ചു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു:
مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُوراً وبُرْهَاناً وَنَجَاةً يَوْمَ اْلقِيَامَةِ ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ وَلاَ بُرْهَانٌ وَلاَ نَجَاةٌ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَفِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ
“ആരെങ്കിലും നമസ്കാരത്തെ കാത്തു സൂക്ഷിച്ചാൽ, അത് അവന് അന്ത്യനാളിൽ പ്രകാശവും പ്രമാണവും രക്ഷയുമാണ്. ആർഅത് കാത്തു സൂക്ഷിച്ചില്ലയോ, അവന് യാതൊരു പ്രകാശവും പ്രമാണവും രക്ഷയും ഉണ്ടാകില്ല. അവൻ അന്ത്യനാളിൽ ക്വാറൂൻ, ഫിർഔൻ, ഹാമാൻ, ഉബയ്യ് ഇബ്നു ഖലഫ് എന്നിവരോടൊപ്പമായിരിക്കും”
ബുറയ്ദഃയിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
بَشِّرِ الْمَشَّائِينَ فِي الظُلَمِ إِلَى الْمَسَاجِدِ بالنّوُرِ التَّامِ يَوْمَ الْقِيَامَةِ
“ഇരുളിൽ പള്ളിയിലേക്ക് നടന്നുപോകുന്നവർക്ക്, അന്ത്യനാളിൽ സമ്പൂർണ്ണ പ്രകാശം ഉണ്ടാകുമെന്ന് സുവിശേഷമറിയിക്കുക.”
രക്ഷയാകുന്ന നാല് വചനങ്ങൾ
സുബ്ഹാനല്ലാഹ്, വൽഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാ ഹ്, വല്ലാഹു അക്ബർ എന്നീ നാലുവാക്യങ്ങൾ അവ ചൊല്ലുന്നവർക്ക് നരകത്തെ തടുക്കുവാനുള്ള പരിചയും അന്ത്യനാളിൽ രക്ഷയും അവനെ മുന്നോട്ട് ആനയിക്കുന്നവയും ആയിരിക്കുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
خذُوا جُنتكم قلنَا: يا رسولَ الله من عدوٍّ قدْ حضرَ! قالَ: ﷺ لا، بلْ جُنَّتَكُم من النّار، قولوُا: سُبْحَانَ اللهِ، وَالْحَمْدُ لِلّهِ، وَلاَ إِلـَهَ إِلاَّ اللهُ، وَاللهُ أَكْبـَرُ فإنهنَّ يأتينَ يومَ القيامةِ مُنجِيات ومُقدِّمات وَهُنَّ الْباَقِياتُ الصَّالِحَاتُ
“നിങ്ങൾ നിങ്ങളുടെ പരിചയെടുക്കുക, ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, വന്നണഞ്ഞ വല്ല ശത്രുവേയും (തടുക്കുവാനാണോ?) തിരുമേനി ﷺ പറഞ്ഞു: അല്ല, നരകത്തിൽനിന്നും നിങ്ങളെ കാക്കുവാനുള്ള പരിച. നിങ്ങൾ,
سُبْحَانَ اللهِ، وَالْحَمْدُ لِلّهِ، وَلاَ إِلـَهَ إِلاَّ اللهُ، وَاللهُ أَكْبـَرُ എന്ന് പറയുക. കാരണം അവകൾ അന്ത്യനാളിൽ വരുന്നത് രക്ഷപ്പെടുത്തുന്നവയും മുന്നോട്ടു ആനയിക്കുന്നവയുമായിട്ടായിരിക്കും. അവയത്രെ അൽബാക്വിയാത്തുസ്സ്വാലിഹാത്ത് അഥവാ നിലനിൽക്കുന്നതായ സൽപ്രവർത്തനങ്ങൾ”
കോപം അടക്കിപ്പിടിച്ചവർ
കോപം അടക്കിപ്പിടിക്കൽ മുത്തക്വീങ്ങളുടെ ഉത്തമഗുണ ങ്ങളിൽട്ടെതാണ്. ഈ മഹത് സ്വഭാവം വിശ്വാസിക്ക് ഇഹപര നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. അല്ലാഹു പറഞ്ഞു:
۞ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ ﴿١٣٤﴾
നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും, ആകാശ ഭൂമികളോളം വിശാലമായ സ്വർഗ്ഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമ്മനിഷ്ഠപാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്നേഹി ക്കുന്നു. (സൂറത്തുആലുഇംറാൻ: 133,134)
കോപം അടക്കുന്നവർ ആഖിറത്തിൽ അല്ലാഹുവിങ്കൽ അത്ത്യാദരണീയരാണ്. മുആദ് ഇബ്നു അനസ് അൽജുഹനി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ كَظَمَ غيْظاً وَهُوَ يَسْتَطِيعُ أَنْ يَنْفُذَهُ ، دَعَاهُ الله يَوْمَ الْقِيَامَةِ عَلَى رُؤوس الْخَلاَئقِ حَتَّى يُخَيِّرَهُ فِي أَيِّ الْحُورِ شاءَ
“ആരെങ്കിലും കോപം നടപ്പിലാക്കുവാൻ കഴിവുണ്ടായിട്ടും അത് അടക്കിയാൽ അന്ത്യനാളിൽ അയാളെ അല്ലാഹു മുഴുസൃഷ്ടികൾക്കിടയിൽ പ്രശംസിച്ചുകൊണ്ട് വിളിക്കും. ശേഷം സ്വർഗ്ഗീയ സ്ത്രീകളിൽ താനുദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുവാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകും.”
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
أَحَبُّ النَّاسِ إِلَى اللهِ: وَمَنْ كَفَّ غَضَبَهُ سَتَرَ اللهُ عَوْرَتَهُ، وَمَنْ كَظَمَ غَيْظاً وَلَوْ شَاءَ أَنْ يُمْضِيَهُ أَمْضَاهُ، مَلَأَ اللهُ قَلْبَهُ رِضاً يَوْمَ الْقِيَامَةِ
“ജനങ്ങളിൽ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടക്കാരൻ (കോപം അടക്കുന്നവനാണ്) ഒരാൾ തന്റെ ദേഷ്യം അടക്കിയാൽ അല്ലാഹു അയാളുടെ നഗ്നത മറക്കുന്നതാണ്. ഒരാൾ, അയാളുദ്ദേശിച്ചാൽ തന്റെ കോപം തീർക്കാൻ അയാൾക്ക് സാധിക്കുന്നതാണ്, എന്നിട്ടും അയാൾ അത് ഒതുക്കിയാൽ അന്ത്യനാളിൽ അയാളുടെ ഹൃദയം അല്ലാഹു തൃപ്തികൊണ്ട് നിറക്കുന്നതാണ്.”
സ്വലാത്ത് വർദ്ധിപ്പിച്ചവർ
അതിമഹത്തായ പുണ്യമാണ് സ്വലാത്ത് ചൊല്ലൽ. സ്വലാത്തിൽ കുറവ് വരുത്തുന്നവനാണ് പിശുക്കൻ. അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മേൽ സ്വലാത്ത് ചൊല്ലുവാൻ അല്ലാഹു കൽപ്പന യിറക്കി. അല്ലാഹു പറഞ്ഞു:
إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴿٥٦﴾
തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെമേൽ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകുവാൻ (സ്വലാത്തിനും സലാമിനും) ദുആയിരക്കുക. (സൂറത്തുഅ ഹ്സാബ്: 56)
സ്വലാത്തിന്റെ മഹത്വങ്ങളും ഫലങ്ങളും ഉണർത്തുന്ന പ്രമാണവചനങ്ങൾ നിരവധിയാണ്.
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
مَنْ صَلَّى عَلَيَّ صَلاَةً وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرَ صَلَوَاتٍ وَحُطَّتْ عَنْهُ عَشْرُ خَطِيئَاتٍ وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ
“ആരെങ്കിലും എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അയാൾക്ക് പത്ത് കരുണവർഷിക്കും. അയാളുടെ പത്ത് പാപങ്ങൾ മായ്ക്കപ്പെടും. അയാൾക്ക് പത്ത് ദറജകൾ ഉയർത്തപ്പെടുയും ചെയ്യും.”
സ്വലാത്ത് നിർവ്വഹിക്കുന്നർക്ക് പരലോകത്ത് ലഭിക്കുന്ന മഹത്വങ്ങളും സ്ഥാനങ്ങളും ഏറെയാണ്. അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَلَّى عَلَيَّ حِينَ يُصْبِحُ عَشْراً، وَ حِينَ يُمْسِي عَشْراً، أَدْرَكَتْهُ شَفَاعَتِي يَوْمَ الْقِيَامَةِ
“ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും എന്റെ പേരിൽ പത്തുവീതം സ്വലാത്ത് ചൊല്ലിയാൽ എന്റെ ശഫാഅത്ത് അന്ത്യനാളിൽ അയാൾക്ക് ലഭിക്കുന്നതാണ്.”
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ أَوْلى النَّاسِ بِي يَوْمَ الْقِيَامَةِ أَكْثَرُهُمْ عَلَيَّ صَلاَةً
“അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തവരും കടപ്പെട്ടവരും എന്റെ പേരിൽ സ്വലാത്ത് വർദ്ധിപ്പിച്ചവരാണ്.”
ഉബയ്യ് ഇബനു കഅ്ബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു വ്യക്തി വന്നുകൊണ്ട് ചോദിച്ചു:
يا رسول الله، أرأيت إن جعلتُ صلاتي كلها عليك؟ قال: إذاً يكفيك الله تبارك وتعالى، ما أهمك من دنياك وآخرتك
“ഒരാൾ പറഞ്ഞു: എന്റെ “സ്വലാത്ത് ‘ മുഴുവൻ ഞാൻ താങ്കളുടെ പേരിലാക്കിയാൽ, താങ്കളുടെ അഭിപ്രായം എന്താണ്? അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: എങ്കിൽ നിന്നെ അസ്വസ്ഥമാക്കുന്ന ദുനിയാവിന്റേയും ആഖിറത്തിന്റേയും കാര്യങ്ങൾ തീർത്തുതരുവാൻ അല്ലാഹു മതി.”
സൽസ്വഭാവികൾ അന്ത്യനാളിൽ
ഉത്തമസ്വഭാവങ്ങളുടെ നിറകുടമായിരുന്ന തിരുനബി ﷺ നിയോഗിതനായതുതന്നെ സൽസ്വഭാവങ്ങളുടെ പൂർത്തീകരണ ത്തിനാണ്. ശ്രേഷ്ഠ ഗുണങ്ങളെ മേൽവിലാസമാക്കുവാൻ ഏറെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത തിരുമേനി ﷺ ഒരി ക്കൽ ഇപ്രകാരം മൊഴിഞ്ഞത് അബൂഹുറയ്റ ﷺയിൽനിന്ന് നി വേദനം ചെയ്യപ്പെട്ടുണ്ട്:
أَكْمَلُ الْمُؤْمِنينَ إيمَاناً أَحْسَنُهمْ خُلُقاً، وَخِيَارُكُمْ خِيَارُكُمْ لنِسَائِهِمْ خُلُقاً
“വിശ്വാസികളിൽ പരിപൂർണ്ണ ഈമാനുള്ളവർ അവരിൽ ഏറ്റവും നല്ലസ്വഭാവം ഉള്ളവരാണ്. നിങ്ങളിൽ നല്ലവർ തങ്ങളുടെ ഭാര്യമാരോട് സ്വഭാവംകൊണ്ട് നന്നായവരാണ്.”
അന്ത്യനാളിൽ സൽസ്വഭാവികൾക്ക് ഒരുക്കിവെക്കപ്പെട്ട അനുഗ്രഹങ്ങൾ അതിമാഹത്തരമാണ്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أَقْرَبَكُمْ مِنِّي مَجْلِساً يَوْمَ القِيَامَةِ أَحَاسِنُكُمْ أَخْلاَقاً الْمُوَطَّؤُونَ أَكْنَافاً الَّذِينَ يَأْلَفُون وَ يُؤْلَفُونَ
“നിശ്ചയം, അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവർ പെരുമാറുവാൻ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവർ (തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യുന്നവരായിരിക്കും”
ജാബിറുബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ مِنْ أَحَبِّكُمْ إِلَيَّ وَأقْرَبِكُمْ مِنِّي مَجْلِساً يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلاَقاً، وإِنَّ مِنْ أَبْغَضِكُمْ إِلَيَّ وَأَبْعَدِكُمْ مِنِّي يَوْمَ القِيَامَةَ الثَّرثَارُونَ وَالمُتَشَدِّقُونَ وَالمُتَفَيْهِقُونَ. قَالُوا: يا رَسُولَ الله قَدْ عَلِمْنَا الثَّرثَارِينَ وَالمُتَشَدِّقِينَ فَما المُتَفَيْهِقُونَ؟ قال: المُتَكَبِّرُونَ
“നിശ്ചയം, അന്ത്യനാളിൽ നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. നിശ്ചയം, നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യപെട്ടവരും അന്ത്യനാളിൽ എന്നോട് ഏറ്റവും അകലത്തിൽ ഇരിപ്പിടം ഉള്ളവരും വായാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരും “മുതഫയ്ഹിക്വീ’ ങ്ങളുമാണ്. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരേയും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ, ആരാണ് “മുതഫയ്ഹിക്വീ’ങ്ങൾ? അദ്ദേഹം പറഞ്ഞു: അഹങ്കാരികളാണ്.”
വിനയത്താൽ ആർഭാടങ്ങൾ ഒഴിവാക്കുന്നവന്റെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ تَرَكَ اللِّبَاسَ تَوَاضُعاً لله وَهُوَ يَقْدِرُ عَلَيْهِ، دَعَاهُ الله يَوْمَ الْقِيَامَةِ عَلَى رُؤُوسِ الْخَلاَئِقِ حَتَّى يُخَيِّرُهُ مِنْ أَيِّ حُلَلِ الإِيمَانِ شَاءَ يَلْبَسُهَا
“ആരെങ്കിലും അല്ലാഹുവിനോടുള്ള വിനയത്താൽ (ആർഭാട) വസ്ത്രം തനിക്ക് അതിന് കഴിഞ്ഞിട്ടുകൂടി ഉപേക്ഷിച്ചാൽ അല്ലാഹു അദ്ദേഹത്തെ (മഹ്ശറിൽ) സൃഷ്ടികൾക്ക് മുന്നിലേക്ക് വിളിക്കുകയും പിന്നീട് വിശ്വാസത്തിന്റെ ഉടയാടകളിൽനിന്ന് താൻ ഉദ്ദേശിക്കുന്നത് തിരഞ്ഞെടുത്ത് ധരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്യും.”
ക്വുർആനിന്റെ വാക്താക്കൾ
വിശുദ്ധ ക്വുർആൻ പഠിച്ചവരും പാരായണം ചെയ്യുന്നവരും പഠിപ്പിക്കുന്നവരും സന്താനങ്ങളെ കുർആൻ പഠിപ്പിച്ച മാതാപിതാക്കളും ഏറെ അനുഗ്രഹിതരാണ് അന്ത്യനാളിൽ. തൽവിഷയ സംബന്ധമായിവന്ന ഏതാനും തിരുമൊഴികൾ ഈ അദ്ധ്യായത്തിൽ നൽകുന്നു. ബുറയ്ദഃ ഇബ്നു ഹുസ്വയ്ബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നി വേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
من قرأ القرآن وتعلم وعمل به ألبس والداه يوم القيامة تاجا من نور ضوؤه مثل ضوء الشمس ويكسى والداه حلتين لا يقوم لهما الدنيا فيقولان بم كسينا هذا فيقال بأخذ ولدكما القرآن
“വല്ലവനും ക്വുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും അതുകൊണ്ട് കർമ്മമനുഷ്ഠിക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ അന്ത്യനാളിൽ പ്രകാശത്താലുള്ള ഒരു കിരീടം ധരിപ്പിക്കപ്പെടും. പ്രസ്തുത കിരീടത്തിന്റെ പ്രകാശം സൂര്യപ്രകാശത്തെ പോലെയായിരിക്കും. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അന്ത്യനാളിൽ രണ്ട് ഉടയാടകൾ ധരിപ്പിക്കപ്പെടും. പ്രസ്തുത ഉടയാടകൾക്ക് ദുൻയാവ് കിടയൊക്കുകയില്ല. അപ്പേൾ അവർ ചോദിക്കും: “ഞങ്ങൾ എന്ത് കാരണത്താലാണ് ഈ വസ്ത്രം ധരി പ്പിക്കപ്പെട്ടത്? പറയപ്പെടും: നിങ്ങൾ രണ്ട് പേരുടേയും സന്തതി ക്വുർആൻ പഠിച്ചതിനാൽ”
ബുറയ്ദഃ ഇബ്നു ഹുസ്വയ്ബി
رَضِيَ اللَّهُ عَنْهُ ൽനിന്ന് നവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَإِنَّ الْقُرْآنَ يَلْقَى صَاحِبَهُ يَوْمَ الْقِيَامَةِ حِينَ يَنْشَقُّ عَنْهُ قَبْرُهُ كَالرَّجُلِ الشَّاحِبِ فَيَقُولُ لَهُ هَلْ تَعْرِفُنِى فَيَقُولُ مَا أَعْرِفُكَ. فَيَقُولُ لَهُ هَلْ تَعْرِفُنِى فَيَقُولُ مَا أَعْرِفُكَ. فَيَقُولُ أَنَا صَاحِبُكَ الْقُرْآنُ الَّذِى أَظْمَأْتُكَ فِى الْهَوَاجِرِ وَأَسْهَرْتُ لَيْلَكَ وَإِنَّ كُلَّ تَاجِرٍ مِنْ وَرَاءِ تِجَارَتِهِ وَإِنَّكَ الْيَوْمَ مِنْ وَرَاءِ كُلِّ تِجَارَةٍ فَيُعْطَى الْمُلْكَ بِيَمِينِهِ وَالْخُلْدَ بِشِمَالِهِ وَيُوضَعُ عَلَى رَأْسِهِ تَاجُ الْوَقَارِ وَيُكْسَى وَالِدَاهُ حُلَّتَيْنِ لاَ يُقَوَّمُ لَهُمَا أَهْلُ الدُّنْيَا فَيَقُولاَنِ بِمَ كُسِينَا هَذِهِ فَيُقَالُ بِأَخْذِ وَلَدِكُمَا الْقُرْآنَ. ثُمَّ يُقَالُ لَهُ اقْرَأْ وَاصْعَدْ فِى دَرَجَةِ الْجَنَّةِ وَغُرَفِهَا فَهُوَ فِى صُعُودٍ مَا دَامَ يَقْرَأُ هَذًّا كَانَ أَوْ تَرْتِيلاً
“നിശ്ചയം: വിശുദ്ധ ക്വുർആൻ തന്റെ വാക്താവിനെ അന്ത്യനാളിൽ അയാളുടെ ക്വബ്ർ പിളരുന്നവേളയിൽ ക്ഷീണത്താൽ വിവർണ്ണനായ വ്യക്തിയെ പോലെ കണ്ടുമുട്ടും. ക്വുർആൻ ആയാളോട് ചോദിക്കും: താങ്കൾ എന്നെ അറിയുമോ? അയാൾ പറയും: ഞാൻ നിന്നെ അറിയില്ല. ക്വുർആൻ അയാളോട് പറയും: പകലുകളിൽ താങ്കളെ ദാഹിപ്പിക്കുകയും രാവിൽ താങ്കളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്ത താങ്കളുടെ കൂട്ടുകാരനായിരുന്ന ക്വുർആനാണ് ഞാൻ. എല്ലാ കച്ചവടക്കാരും തങ്ങളുടെ കച്ചവടത്തിന്റെ പിറകിലായിരിക്കും. താങ്കളാകട്ടെ ഇന്നേദിനം എല്ലാ കച്ചവടത്തിനും പിന്നിലാണ്. അതോടെ”അൽമുൽക്” അയാളുടെ വലതു കയ്യിലും “അൽഖുൽദ്’ അയാളുടെ ഇടതുകയ്യിലും നൽകപ്പെടും. “വക്വാറി” ന്റെ കിരീടം അയാളുടെ തലയിൽ ചൂടപ്പെടും. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അന്ത്യനാളിൽ രണ്ട് ഉടയാടകൾ ധരിപ്പിക്കപ്പെടും. പ്രസ്തുത ഉടയാടകൾക്ക് ദുൻയാവാസികൾ കിടയൊക്കുകയില്ല. അപ്പോൾ അവർ ചോദിക്കും: “ഞങ്ങൾ എന്ത് കാരണത്താലാണ് ഈ വസ്ത്രം ധരിപ്പിക്കപ്പെട്ടത്? പറയപ്പെടും: നിങ്ങൾ രണ്ട് പേരുടേയും സന്തതി ക്വുർആൻ പഠിച്ചതിനാലാണ്. ശേഷം അയാളോട് പറയപ്പെടും: നീ ക്വുർആൻ പരായാണം ചെയ്യുകയും സ്വർഗ്ഗീയ ദറജകളിലും അറകളിലും കയറുകയും ചെയ്യുക. അവൻ പരായണം ചെയ്യുകയും വായിക്കുകയും ചെയ്യുന്ന സമയത്തോളം കയറിക്കൊണ്ടേയിരിക്കും”
അബീഉമാമഃ അൽബാഹ്ലി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِى يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ وَسُورَةَ آلِ عِمْرَانَ فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ
“നിങ്ങൾ ക്വുർആൻ പരായണം ചെയ്യുക. കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായിവരും. സഹ്റാവൈനി അഥവാ സൂറത്തുൽബക്വറയും ആലുഇംറാനും നിങ്ങൾ പാരായണം ചെയ്യുക. കാരണം അവ രണ്ടും അന്ത്യനാളിൽ രണ്ട് കാർമുഖിൽ പൊലെ അല്ലെങ്കിൽ രണ്ട് തണലുകൾ പൊലെ അതല്ലായെങ്കിൽ രണ്ട് പക്ഷികൂട്ടങ്ങൾ പൊലെവരും. അവ രണ്ടും അവയുടെ ആളുകൾക്കുവേണ്ടി പ്രതിരോധിക്കുകയും തർക്കികയും ചെയ്യും. നിങ്ങൾ സൂറത്തുൽബക്വറഃ ഓതുക. കാരണം അ ത് സ്വീകരിക്കൽ ബർക്കത്താണ്. അതിനെ ഉപേക്ഷിക്കൽ നഷ്ടമാണ്. മാരണക്കാർക്ക് അതൊരിക്കലും താങ്ങുവാൻ സാധ്യവുമല്ല.” (മുസ്ലിം)
നവ്വാസ് ഇബ്നു സംആനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
يُؤْتَى بِالْقُرْآنِ يَوْمَ الْقِيَامَةِ وَأَهْلِهِ الَّذِينَ كَانُوا يَعْمَلُونَ بِهِ تَقْدُمُهُ سُورَةُ الْبَقَرَةِ وَآلُ عِمْرَانَ وَضَرَبَ لَهُمَا رَسُولُ اللَّهِ ﷺ ثَلاَثَةَ أَمْثَالٍ مَا نَسِيتُهُنَّ بَعْدُ قَالَ ﷺ كَأَنَّهُمَا غَمَامَتَانِ أَوْ ظُلَّتَانِ سَوْدَاوَانِ بَيْنَهُمَا شَرْقٌ أَوْ كَأَنَّهُمَا حِزْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ صَاحِبِهِمَا
“അന്ത്യനാളിൽ ക്വുർആനെയും ക്വുർആൻ കൊണ്ട് കർമ്മങ്ങള നുഷ്ഠിച്ചിരുന്നവരെയും കൊണ്ടുവരപ്പെടും. സൂറത്തുൽ ബക്വറഃ യും ആലുഇംറാനും അതിന്റെ മുൻനിരയിൽ നയിക്കുന്നവയായി ഉണ്ടാകും. അവക്ക് രണ്ടിനും അല്ലാഹുവിന്റെ റസൂൽ ﷺ മൂന്ന് ഉദാഹരണങ്ങൾ ഉപമയായി പറഞ്ഞു. ഞാൻ അവ ഇനിയും മറന്നിട്ടില്ല. തിരുമേനി ﷺ പറഞ്ഞു: അവരണ്ടും രണ്ട് കാർമുഖിലുകൾ പേലെയാണ്. അല്ലെങ്കിൽ രണ്ട് ഇരുണ്ടതണലുകൾ പോലെയാണ്. അവക്കിടയിൽ പ്രകാശമുണ്ട്. അല്ലെങ്കിൽ അവരണ്ടും നിരയായി പാറുന്ന രണ്ട് പക്ഷികൂട്ടങ്ങൾ പോലെയാണ്. അവ രണ്ടും അവയുടെ ആളുകൾക്കുവേണ്ടി പ്രതിരോധിക്കുകയും തർക്കിക്കു കയും ചെയ്യും.” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَجِيءُ صَاحِبُ القُرْآنِ يَوْمَ الْقِيَامَةِ فَيَقُولُ: يَا رَبِّ حَلِّهِ فَيُلْبَسَ تَاجُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ زِدْهُ، فَيُلْبَسُ حُلَةُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ أَرْضَ عَنْهُ، فيرضى عنه فَيُقَالُ له اقْرَأْ وارق وَتُزَادُ بِكُلَّ آيَةٍ حَسَنَةٌ
“അന്ത്യനാളിൽ ക്വുർആനിന്റെ അനുയായി വരും. അപ്പോൾ (ക്വുർആൻ) പറയും: രക്ഷിതാവേ, അയാളെ ഉടയാട അണിയിപ്പിക്കൂ. അപ്പോൾ കറാമത്തിന്റെ കിരീടം അയാളെ അണിയിപ്പിക്കും. പിന്നീട് (ക്വുർആൻ) പറയും: രക്ഷിതാവേ, അയാൾക്ക് വർദ്ധിപ്പിച്ച് കൊടുക്കൂ. അപ്പോൾ കറാമത്തിന്റെ ഉടയാട അയാളെ അണിയിപ്പിക്കും, പിന്നെ (ക്വുർആൻ) പറയും: രക്ഷിതാവേ, ഇദ്ദേഹത്തെ നീ തൃപ്തിപ്പെടുക. അപ്പോൾ അല്ലാഹു അയാളെ തൃപ്തിപ്പെടും. അങ്ങനെ അയാളോട് താങ്കൾ ഓതുക, എന്നിട്ട് താങ്കൾ (സ്വർ ഗ്ഗീയ ഉന്നതിയിലേക്ക്)കയറുക, എന്ന് പറയപ്പെടും. ഓരോ ആയ ത്തിന്നും നന്മ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യും”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَرَأَ عَشْرَ آياتٍ فِي لَيْلَةٍ كُتِبَ لهُ قِنْطَارٌ مِن الأَجْرِ ، وَالْقِنْطَارُ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ، فَإِذَا كانَ يومُ القِيامةِ يَقُولُ ربُّكَ عزَّوجَلَّ: اِقْرَأْ وَارْقَ بِكُلِّ آيةٍ درجَةً حَتَى ينْتَهِيَ إِلَى آخِرِ آيَةٍ معهُ ، يَقُولُ اللهُ عزَّوجَلَّ لِلْعبْدِ: إِقْبِضْ ، فَيَقولُ العبْدُ بيدِهِ: يا ربِّ ، أَنْتَ أَعلَمُ، يَقولُ: بِهذِهِ الْخُلْدَ ، وَبِهذِهِ النَّعيمَ
“ആരെങ്കിലും ഒരു രാത്രി പത്ത് ആയത്തുകൾ ഒാതിയാൽ അ വന് ഒരു “ക്വിൻത്വാർ’ രേഖപ്പെടുത്തപ്പെടും. ഒരു “ക്വിൻത്വാർ’ എന്ന് പറഞ്ഞാൽ അത്, ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്. അന്ത്യനാളായാൽ താങ്കളുടെ രക്ഷിതാവ് പറയും: നീ ഓതുക. ഒരോ ആയത്തിനും ഒരോ പദവി നീ കയറുക; അയാളുടെ പക്കലുള്ള അവസാന ആയത്തിലേക്ക് എത്തുന്നതുവരെ. അല്ലാഹു ദാസനോടു പറയും: നീ (നിന്റെ കൈകൊണ്ട്) പിടിക്കുക. അപ്പോൾ അടിമ തന്റെ കൈ കാണിച്ച് പറയും: അല്ലാഹുവേ നീയാണ് നന്നായി അറിയുന്നവൻ. അല്ലാഹു പറയും: ഇതുകൊണ്ട് (വലതു കൈകൊണ്ട്) “ഖുൽദി’നെ പിടിക്കുക. ഇതുകൊണ്ട് (ഇടതു കൈകൊണ്ട്) “നഈമി”നെ പിടിക്കുക.))
അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
من قرأ سورة الكهف كانت له نورا يوم القيامة من مقامه إلى مكة
“നിശ്ചയം, വല്ലവനും സൂറത്തുൽകഹ്ഫ് പാരായണം ചെയ്താൽ അത് അന്ത്യനാളിൽ താൻ നിൽക്കുന്നിടത്തുനിന്നും മക്കവരെയുള്ള ദൂരം അവന് പ്രകാശമായിരിക്കും”
അന്യരുടെ കുറവുകൾ മറക്കുന്നവർ
മറ്റുള്ളവരുടെ കുറവുകളും ന്യൂനതകളും അന്വേഷിക്കുവാനോ പരസ്യപ്പെടുത്തുവാനോ മതത്തിൽ പാടുള്ളതല്ല. അന്യരുടെ അഭിമാനം കാക്കുകയും കുറവുകൾ മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കുകയുമാണ് വേണ്ടത്. അന്ത്യനാളിൽ അത്തരക്കാർക്ക് ലഭിക്കുന്ന മഹത്വങ്ങളെ കുറിച്ച് ഇപ്രകാരം നമുക്ക് തിരുമൊഴികളിൽ വായിക്കാം:
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…وَمَنْ سَتَرَ مُسْلِماً، سَتَرَهُ اللّهُ فِي الدُّنْيَا وَالآخِرَةِ …
“…ഒരു മുസ്ലിമിന്റെ (ന്യൂനത) ഒരാൾ മറച്ചുവെച്ചാൽ, അല്ലാഹു അയാളുടെ ഇഹത്തിലേയും പരത്തിലേയും (ന്യൂനതകൾ) മറക്കു ന്നതാണ്…” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَسْتُرُ عَبْدٌ عَبْداً فِي الدُّنْيَا، إِلاَّ سَتَرَهُ اللّهُ يَوْمَ الْقِيَامَةِ
“ഒരു അടിമയും മറ്റൊരു അടിമയുടേയും കുറവുകൾ ദുൻയാവിൽ മറച്ചുവെക്കുന്നില്ല, അല്ലാഹു അവന്റെ കുറവ് ആഖിറത്തിൽ മറച്ചുവെക്കാതെ” (മുസ്ലിം)
സാലിം ബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ بِهَا كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ
“ഒരു മുസ്ലിമിന്റെ പ്രയാസത്തിൽ ഒരാൾ ആശ്വാസം പകർ ന്നാൽ അയാളുടെ ആഖിറത്തിലെ പ്രയാസങ്ങളിൽ ഒരു പ്രയാസത്തിന് അല്ലാഹു അയാൾക്ക് ആശ്വാസം നൽകുന്നതാണ്. ഒരു മുസ്ലിമിന്റെ (ന്യൂനത) ഒരാൾ മറച്ചുവെച്ചാൽ, അല്ലാഹു അന്ത്യനാളിൽ അയാളുടെ (ന്യൂനതകൾ) മറക്കുന്നതാണ്.” (മുസ്ലിം)
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَا مَعْشَرُ مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلِ الإيمَانُ قَلْبَهُ لا تَغْتَابُوا المُسْلِمِينَ وَلا تَتَّبِعُوا عَوْرَاتِهِمْ فإِنَّهُ مَنْ اتَّبَعَ عَوْرَاتِهِمْ، يَتَّبِعِ الله عَوْرَتَهُ، وَمَنْ يَتَّبعِ اللهُ عَوْرَتَهُ يَفْضَحْهُ في بَيْتِهِ
“ഹൃദയത്തിലേക്ക് ഈമാൻ പ്രവേശിക്കാതെ നാവ് കൊണ്ട് മാത്രം വിശ്വസിച്ച കൂട്ടരേ! നിങ്ങൾ മുസ്ലിമീങ്ങളെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കരുത്. നിങ്ങൾ അവരുടെ കുറവ് അന്വേഷിച്ച് നടക്കരുത്; നിശ്ചയം ആരാണോ അവരുടെ കുറവുകൾ അന്വേഷിച്ച് നടക്കുന്നത് അവരുടെ കുറവുകൾ അല്ലാഹു പിന്തുടർന്ന് പിടിക്കും. ആരുടെ കുറവുകളാണോ അല്ലാഹു പിന്തുടർന്ന് പിടികൂടുന്നത് അവനെ അവന്റെ ഭവനത്തിൽ വെച്ച് അല്ലാഹു വഷളാക്കും”
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ رَدَّ عن عِرْضِ أَخِيهِ رَدَّ الله عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ
“തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധി ച്ചാൽ ക്വിയാമത്ത് നാളിൽ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തെ തടുക്കും”
മുഅദ്ദിനുകൾ
ഇസ്ലാമിൽ ഏറെ പുണ്യമുള്ളകർമ്മമാണ് ബാങ്ക്. നമസ്കാരത്തിന് ബാങ്ക് വിളിക്കുന്ന മുഅദ്ദിനുള്ള മഹത്വമായി അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
المُؤذِّنُ يُغْفَرُ لَهُ مَدَّ صَوْتِِهِ ، وَأَجْرُهُ مِثْلُ أَجْرِ مَنْ صَلَّى مَعَهُ
“ഒരു മുഅദ്ദിന്, തന്റെ ബാങ്കൊലി എത്ര നീളുന്നുവോ അത്രത്തോളം അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. അയാളുടെ പ്രതിഫലം അയാളോടൊപ്പം നമസ്കരിക്കുന്നവരുടേത് പോലെയാണ്.”
മുഅദ്ദിനുകൾ അനുഗ്രഹിതരാണ് അന്ത്യനാളിൽ. അവരുടെ മഹത്വമായി പറയപ്പെട്ട ഏതാനും തിരുമൊഴികൾ ഈ അദ്ധ്യായത്തിൽ നൽകുന്നു.
മുആവിയ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു:
الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقاً يَوْمَ الْقِيَامَةِ
ക്വിയാമത്ത് നാളിൽ ഏറ്റവും നീണ്ട കഴുത്തിന്റെ ആളുകൾ മുഅദ്ദിനുകളായിരിക്കും (മുസ്ലിം)
അബ്ദുല്ലാഹ് ഇബ്നു അബ്ദിർറഹ്മാൻ ഇബ്നു അബീ സ്വഅ്സ്വഅഃ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽനിന്നും അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞതായി നിവേദനം. അദ്ദേഹം പറഞ്ഞു:
إِني أراكَ تُحِبُّ الغَنمَ والبادية، فإِذا كنتَ في غَنمِكَ وباديتكَ فأذَّنتَ بالصلاةِ فارفعْ صوتَكَ بالنداء، فإِنه لا يَسمَعُ مَدَى صَوتِ المؤذَّن جِنٌّ ولا إنس ولا شيءٌ إِلاّ شـهدَ له يـومَ القِيامة. قال أبو سعيدٍ: سمعتهُ من رسولِ اللهِ ﷺ
“താങ്കൾ ആടുകളേയും ഗ്രാമത്തേയും(നാട്ടിൻപുറം) ഇഷ്ടപ്പെടു ന്നതായി ഞാൻ കണുന്നു. താങ്കൾ താങ്കളുടെ ആട്ടിൻപറ്റത്തിലും നാട്ടിൻപുറത്തുമായിരിക്കെ നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ താങ്കൾ ബാങ്കുകൊണ്ട് ശബ്ദം ഉയർത്തുക. കാരണം, മുഅദ്ദിനിന്റെ ശബ്ദം കേൾക്കുന്ന ഒരു ജിന്നോ ഒരു മനുഷ്യനോ ഒരു വസ്തുവോ ഇല്ല അവ ക്വിയാമത്ത് നാളിൽ അയാൾക്ക് അനുകൂല സാക്ഷി നിൽക്കാതെ. അബൂ സഈദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഇത് ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ ൽനിന്ന് കേട്ടതാണ്.” (ബുഖാരി)
പ്രഭാത പ്രദോഷങ്ങളിൽ ദിക്ർ ചൊല്ലുന്നവൻ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി തിരുമേനി ﷺ യു ടെ ഒരു ഖാദിമിൽനിന്നും അബൂസല്ലാം رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു:
مَا مِنْ عَبْدٍ مُسْلِمٍ يَقُولُ ثَلاَثَ مَرَّاتٍ حِينَ يُمْسِي أَوْ يُصْبِحُ: رَضِيتُ بِالله رَباًّ، وَبِالإِسْلاَمِ دِيناً، وَبِمُحَمَّدٍ نَبِياًّ إِلاَّ كاَنَ حَقاًّ عَلَى اللهِ عزَّ وَجلَّ أنْ يُرْضِيَهُ يَوْمَ الْقِيَامَةِ
“പ്രഭാതത്തിലും പ്രദോഷത്തിലും മൂന്നുതവണ,
(رَضِيتُ بِاللهِ رَبًّا، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ نبِياًّ)
‘അല്ലാഹുവെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദി ﷺ നെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു’ എന്ന (ദിക്റ്) പ റയുന്ന ഏതൊരു മുസ്ലിമായ ദാസനേയും അന്ത്യനാളിൽ തൃപ്തിപ്പെടുത്തൽ അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു.”
ചില റിപ്പോർട്ടുകളിൽ “റസൂലൻ’ എന്നും മറ്റുചിലതിൽ “നബിയ്യൻ’ എന്നുമാണുള്ളത്.
ഇമാം ത്വബറാനിയുടെ റിപ്പോർട്ടിൽ: ആരെങ്കിലും നേരം പുലരുമ്പോൾ ഇപ്രകാരം ചൊല്ലിയാൽ, “അപ്പോൾ ഞാനാണ് നായകൻ, ഞാൻ അവന്റെ കൈ പിടിക്കുകതന്നെ ചെയ്യും, ശേഷം അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും” എന്ന് തിരുമേനി ﷺ പറഞ്ഞതായും ഉണ്ട്.
പെൺമക്കളെ പരിരക്ഷിക്കുന്നവൻ
സന്താനങ്ങളെ ആദരിക്കലും പരിരക്ഷിക്കലും രക്ഷിതാക്കളുടെ ബാധ്യതയാണ്; വിശിഷ്യാ പെൺമക്കളെ. മഹത്തായ പ്രതിഫലമാണ് ഈ മഹത്കർമ്മത്തിന് പറയപ്പെട്ടിരിക്കുന്നത്.
ഉമ്മുൽ മുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنِ ابتُلِيَ مِنْ هَذِهِ البَنَاتِ بِشَيْءٍ فأَحْسَنَ إليهنَّ ،كُنَّ له سِتْراً مِنَ النَّارِ
“പെൺമക്കളാൽ പരീക്ഷിക്കപ്പെടുന്നവൻ (രക്ഷിതാവ്) അവരെ നല്ല നിലയിൽ വളർത്തിയാൽ, അവർ അവന് നരകത്തിൽനിന്ന് മയാണ്.” (ബുഖാരി, മുസ്ലിം)
അന്ത്യനാളിൽ ആദരവുറ്റ സ്ഥാനമാണ് പെൺമക്കളെ പോറ്റിവളർത്തുന്ന രക്ഷിതാവിനുള്ളത്. അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ عَالَ جَارِيَتَيْنِ حَتَّىٰ تَبْلُغَا، جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ.
“ഒരാൾ രണ്ട് പെൺമക്കളെ പ്രായപൂർത്തിയാകുന്നതുവരെ ചില വുനൽകി പോറ്റിവളർത്തിയാൽ അയാളും ഞാനും അന്ത്യനാളിൽ വരും.” പ്രവാചകൻ ﷺ തന്റെ വിരലുകൾ ചേർത്തുവെച്ചു. (മുസ്ലിം)
പരസഹായി
അന്യരുടെ ആവശ്യങ്ങളിൽ കഴിവിന്റെ പരമാവധി അവരെ സഹായിക്കലും ആളുകൾക്ക് ഉപകാരിയാവലും മതത്തിൽ മഹാപുണ്യകർമ്മവും റബ്ബിന് ഏറെ ഇഷ്ടകരവുമാണ്. അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَحَبُّ النَّاسِ إِلَى الله تعالى أَنفعُهُمْ للنَّاسِ ، وَأَحبُّ الأَعْمَالِ إِلَى اللهِ سُرُورٌ يُدْخِلُهُ عَلَى مسلِمٍ ، أَوْ يَكْشِفُ عَنْهُ كُرْبَةٌ ، أَوْ يَقْضِي عنهُ ديْناً ، أوْ يَطْرُدُ عَنْهُ جُوعاً ، وَلأَنْ أَمشِيَ معَ أَخٍ فِي حاجةٍ حتّى تُقْضَى أَحَبُّ إليَّ منْ أَنْ أَعتكِفَ فِي هذا المسْجِدِ (يعنيِ مسجدَ الْمدِينةِ) شَهْراً، …. ومنْ مَشى معَ أَخِيهِ الْمسْلِمِ فِي حاجَةٍ حَتَى تَتهيَّأَ لَهُ ، أَثْبَتَ اللهُ قدَمَهُ يَوْمَ تَزُولُ الأَقْدَامُ…
“ജനങ്ങളിൽ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരാണ്. പ്രവൃത്തികളിൽ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ഒരു മുസ്ലിമിന്റെ മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന സന്തോഷമാണ്. അല്ലെങ്കിൽ അവനിൽനിന്ന് ഒരു പ്രയാസം നീക്കുകയോ, അവന്റെ കടം വീട്ടി കൊടുക്കുകയോ, അവന്റെ വിശപ്പ് ശമിപ്പിക്കുകയോ ചെയ്യലാണ്. ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ ഞാൻ അതിനുവേണ്ടി നടക്കലാണ്, എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യിൽ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ ഏറെ ഇഷ്ടകരം… ഒരാൾ തന്റെ മുസ്ലിമായ സഹോദരനോടൊപ്പം അദ്ദേഹത്തിന്റെ ഒരാവശ്യം നിർവ്വഹിച്ച് കൊടുക്കുന്നതുവരെ നടന്നുപോവുകയാണ്, എങ്കിൽ അയാളുടെ കാൽപാദങ്ങളെ അല്ലാഹു, കാലുകൾ പതറുന്നനാളിൽ (അന്ത്യനാളിൽ) ഉറപ്പിച്ച് നിർത്തും”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ. وَمَنْ يَسَّرَ عَلَىٰ مُعْسِرٍ، يَسَّرَ اللّهُ عَلَيْهِ فِي الدُّنْيَا وَالآخِرَةِ. وَمَنْ سَتَرَ مُسْلِماً، سَتَرَهُ اللّهُ فِي الدُّنْيَا وَالآخِرَةِ. وَاللّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ …
“ഒരു സത്യവിശ്വാസിയുടെ ദുൻയവിയായ പ്രയാസങ്ങളിൽ ഒരു പ്രയാസത്തിന് ഒരാൾ ആശ്വാസം പകർന്നാൽ അയാളുടെ ആഖിറത്തിലെ പ്രയാസങ്ങളിൽ ഒരു പ്രയാസത്തിന് അല്ലാഹു അയാൾക്ക് ആശ്വാസം നൽകുന്നതാണ്. ഞെരുക്കമനുഭവിക്കുന്ന ഒരു മുസ്ലിമിന്ന് ഒരാൾ എളുപ്പമാക്കിക്കൊടുത്താൽ അല്ലാഹു അയാൾക്ക് ഇഹത്തിലും പരത്തിലും എളുപ്പമാക്കിക്കൊടുക്കുന്നതാണ്. ഒരു മുസ്ലിമിന്റെ (ന്യൂനത) ഒരാൾ മറച്ചുവെച്ചാൽ, അല്ലാഹു അയാളുടെ ഇഹത്തിലേയും പരത്തിലേയും (ന്യൂനതകൾ) മറക്കുന്നതാണ്. അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം.” (മുസ്ലിം)
കട ബാധ്യതയുള്ളവന് വിട്ടുവീഴ്ച ചെയ്യുന്നവൻ
കടം വാങ്ങിയവന് ബാധ്യത തിരിച്ചടക്കുവാൻ ഞെരുക്കമായാൽ കാലാവധി നീട്ടിക്കൊടുക്കലും അല്ലെങ്കിൽ കടം ഒഴിവാക്കിക്കൊടുക്കലും ഏറെ പുണ്യകരമാണ്. പരലോകത്തെ ഞെരുക്കങ്ങളിൽ നിന്ന് അത്തരക്കാർക്ക് അല്ലാഹു രക്ഷയും മോചനവും നൽകുമെന്ന് തിരുമൊഴികളുണ്ട്. അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽനി ന്ന് നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَرَّهُ أَنْ يُنْجِيَهُ اللّهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ، أَوْ يَضَعْ عَنْهُ
“അല്ലാഹു, ആരെയെങ്കിലും അന്ത്യനാളിന്റെ പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നത് സന്തോഷിപ്പിക്കുന്നുവെങ്കിൽ അവൻ (കടം വാങ്ങിയ) ഞെരുക്കക്കാരന് ആശ്വാസം നൽകട്ടെ, അല്ലെങ്കിൽ കടം വിട്ടുകൊടുക്കട്ടെ.” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كَانَ رَجُلٌ يُدَايِنُ النَّاسَ ، فَكَانَ يَقُولُ لِفَتَاهُ: إِذَا أَتَيْتَ مُعْسِراً فَتَجَاوَزْ عَنْهُ ، لَعَلَّ اللّهَ يَتَجَاوَزُ عَنَّا. فَلَقِيَ اللّهَ فَتَجَاوَزَ عَنْهُ
“ഒരാൾ ജനങ്ങൾക്ക് കടം നൽകാറുണ്ടായിരുന്നു. അയാൾ തന്റെ ഭൃത്യനോട് പറയാറുണ്ടായിരുന്നു: നീ ഒരു ഞെരുക്കക്കാരനെ കണ്ടാൽ അയാൾക്ക് കടം വിട്ടുകൊടുക്കുക. ഒരുവേള അല്ലാഹു നമുക്ക് വിട്ടുവീഴ്ച്ച നൽകിയേക്കാം അങ്ങിനെ അയാൾ (മരണത്തിലൂടെ) അല്ലാഹുവെ കണ്ടുമുട്ടി. അല്ലാഹു അയാൾക്ക് വിട്ടുവീഴ്ച്ചയിലൂടെ മാപ്പു നൽകി.” (ബുഖാരി, മുസ്ലിം)
ശഹീദ്
അല്ലാഹുവിന്റെ വചനം ഉന്നതമാകുന്നതിനുവേണ്ടി അടർക്കളത്തിൽ പോരാടി വീരമൃത്യു വരിക്കുന്നവന് അന്ത്യനാളിൽ കൈവരുന്ന സ്ഥാനമാനങ്ങളും പ്രതിഫലങ്ങളും ഏറെയാണ്.
അൽമിക്വ്ദാം ഇബ്നു മഅ്ദീയക്രിബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
للشَّهِيدِ عندَ الله سِتُّ خِصَالٍ:.. وَيَأْمَنُ مِنَ الفَزَعِ الأكْبَرِ، وَيُوضَعُ على رأْسِهِ تَاجُ الوَقَارِ، اليَاقُوتَةُ منها خَيْرٌ مِنَ الدُّنْيَا وما فيها، ويُزَوَّجُ اثْنَتَيْنِ وسْبعِينَ زَوْجَةً مِنَ الْحُورِ (الْعِينِ)، وَيُشَفَّعُ في سَبْعِينَ مِنْ أقَارِبِهِ
“രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറ് കാര്യങ്ങളുണ്ട്: …(അന്ത്യനാളിന്റെ) ഭീകരത യിൽനിന്ന് അയാൾ നിർഭയനായിരിക്കും. ‘വക്വാറി’ന്റെ കിരീടം അയാളുടെ തലയിൽ ചൂടപ്പെടും. പ്രസ്തുത കിരീടത്തിലെ മാണിക്യം ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമായിരിക്കും. ഹൂറുൻഈനിലെ എഴുപത്തിരണ്ട് സ്ത്രീകളെ അവന് വിവാഹം ചെയ്തുനൽകും. അവന്റെ ബന്ധുക്കളിൽ എഴുപത് പേർക്ക് ശുപാർശ ചെയ്യുവാൻ അവന് അനുമതി നൽകും,”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
والذي نَفْسي بيدِه، لا يُكْلمُ أحدٌ في سبيلِ الله ـ والله أعلمُ بَمن يُكلَمُ في سبيلهِ ـ إلا جاءَ يَومَ القيامةَ واللَّونُ لَونُ الدَّمِ، والرِّيحُ رِيحُ المسْكِ
എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾക്കും ഒരു മുറിവും ഏൽക്കുകയില്ല, ـ അല്ലാഹുവിന് നന്നായി അറിയാം ആർക്കാണ് അവന്റെ മാർഗ്ഗത്തിൽ മുറിവേൽക്കുന്നതെന്ന് ـ മുറിവേറ്റയാൾ അന്ത്യനാളിൽ വരാതെ; നിറം രക്തത്തിന്റെ നിറമായിരിക്കും. മണം കസ്തൂരിയുടെ മണവുമായിരിക്കും.” (ബുഖാരി)
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَاتَلَ فِي سَبيلِ اللهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ ، وَجَبَتْ لَهُ الْجَنَّةَ ، وَمَنْ جُرِحَ جُرْحاً فِي سَبيلِ اللهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِيئُ يَوْمَ الْقِيَامَةِ كأَغْزَرِ مَا كَانتْ، لَوْنُها الزَّعْفَرَانُ وَرِيحُهَا كَالمِسْكِ
“ഒരു മുസ്ലിമായ മനുഷ്യൻ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത അകിട്ടിലെ കാമ്പിൽ പാലുവരുന്ന സമയദൈർഘ്യത്തിൽ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടിയാൽ അവന് സ്വർഗ്ഗം നിർബന്ധമായി. ഒരാൾക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു മുറിവേറ്റു അല്ലെങ്കിൽ ഒരു അപകടമേറ്റു, പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളിൽവരും. അതിന്റെ നിറം കുങ്കുമത്തിന്റേയും മണം കസ്തൂ രിയുടേത് പോലയുമായിരിക്കും.”
നരബാധിച്ച മുസ്ലിം
നരകൾ മുസ്ലിമിന് പുണ്യങ്ങൾ ഏറ്റുകയും ദറജകൾ ഉ യർത്തുകയും പാപങ്ങൾ മായിക്കുകയും ചെയ്യും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ تَنْتِفُوا الشَّيْبَ، فَإِنَّهُ نُورُ الْمُسْلِمِ، مَا مِنْ مُسْلِمٍ يَشِيبُ شَيْبَةً فِي الإِِسْلاَمِ إِلاَّ كُتِبَ لَهُ بِهَا حَسَنَةٌ، وَرُفِعَ بِهَا دَرَجَةً، أَوْ حُطَّ عَنْهُ بِهَا خَطِيئَةٌ
നിങ്ങൾ നര പറിക്കരുത്. കാരണം അത് മുസ്ലിമിന്റെ പ്രകാശമാണ്. ഇസ്ലാമിൽ നര ബാധിക്കുന്ന യാതൊരു മുസ്ലിമുമില്ല അതുകൊണ്ട് അവനൊരു നന്മ രേഖപ്പെടുത്തപ്പെടുകയും ഒരു ദറജഃ ഉയർത്തപ്പെടുകയും അല്ലെങ്കിൽ അതുകൊണ്ട് അവനിൽ നിന്ന് ഒരു തിന്മ മായിക്കപ്പെടുകയും ചെയ്യാതെ.
അന്ത്യനാളിലാകട്ടെ അത് വിശ്വാസിക്ക് പ്രതിഫലമെന്ന പോ ലെ പ്രകാശവുമാണ്.
കഅ്ബ് ഇബ്നുമുർറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെറസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു:
مَنْ شَابَ شَيْبَةً فِى الإِسْلاَمِ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ
“വല്ലവനും ഇസ്ലാമിൽ ഒരു നര ബാധിച്ചാൽ അത് അയാൾക്ക് അന്ത്യനാളിൽ ഒരു പ്രകാശമായിരിക്കും.))
പ്രയാസങ്ങളെ അതിജീവിച്ച വിശ്വാസി
പരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്. ഏത് ക്ലേശങ്ങളേയും തനിക്ക് അനുകൂലമാക്കി മാറ്റുവാൻ വിശ്വാസിക്ക് അവസരങ്ങളുണ്ട്. ദുരിതപ്പെടുകയും വേദനിക്കുകയും ചെയ്യുന്നവർക്ക് ഇഹത്തിലും പരത്തിലും നന്മയായി ഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ഏതാനും തിരുമൊഴികൾ ഇവിടെ നൽകുന്നു.
ശദ്ദാദ് ഇബ്നു ഔസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ يَقُولُ: إِنِّي إِذَا ابْتَلَيْتُ عَبْدًا مِنْ عِبَادِي مُؤْمِنًا فَحَمِدَنِي عَلَى مَا ابْتَلَيْتُهُ، فَإِنَّهُ يَقُومُ مِنْ مَضْجَعِهِ ذَلِكَ كَيَوْمِ وَلَدَتْهُ أُمُّهُ مِنْ الْخَطَايَا. وَيَقُولُ الرَّبُّ أَنَا قَيَّدْتُ عَبْدِي وَابْتَلَيْتُهُ وَأَجْرُوا لَهُ كَمَا كُنْتُمْ تُجْرُونَ لَهُ وَهُوَ صَحِيحٌ
“നിശ്ചയം അല്ലാഹു പറഞ്ഞു: സത്യവിശ്വാസിയായ എന്റെ ഒരു ദാസനെ ഞാൻ (രോഗം കൊണ്ട്)പരീക്ഷിക്കുകയും ഞാൻ പരീക്ഷിച്ചതിന്റെ പേരിൽ അവൻ എന്നെ സ്തുതിക്കുകയും ചെയ്താൽ അവന്റെ ഉമ്മ പ്രസവിച്ച ദിനം പാപങ്ങളിൽ നിന്ന് അവൻ എങ്ങനെ സുരക്ഷിതനാണോ അതുപോലെ അവൻ അവന്റെ കി ടപ്പിൽനിന്ന് എഴുന്നേൽക്കുന്നതാണ്. റബ്ബ് (മലക്കുകളോട്) പറയും: എന്റെ ദാസനെ ഞാൻ തടഞ്ഞുവെക്കുകയും, പരീക്ഷിക്കുകയും ചെയ്തു. അതിനാൽ അവൻ ആരോഗ്യവാനായിരിക്കെ എത്രമാത്രം പുണ്യകർമ്മങ്ങൾ എഴുതുമോ അത്രമാത്രം പുണ്യങ്ങൾ നിങ്ങൾ അവന് രേഖപ്പെടുത്തുക.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لاَ يَزَالُ البَلاَءُ بالْمُؤْمِنِ أَوِ الْمُؤْمِنَةِ فِي جَسَدِهِ، وفِي مَالِهِِ، وفِي وَلَدِهِ، حَتَى يَلْقَى اللهَ وَمَا عَلَيْهِ مِنْ خَطِيئَةٍ
“സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. എത്രത്തോളമെന്നാൽ, അയാൾ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അയാളുടെമേൽ യാതൊരു തെറ്റുമുണ്ടായിരിക്കില്ല.”
അബൂസഈദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
صُدَاعُ المُؤْمِنِ أوْ شَوْكَةٌ يشاكُهَا أوْ شَيْئٌ يُؤْذِيهِ يرْفَعُهُ اللهُ بِها يومَ القِيَامةِ درجَةً ويُكَفِّرُ عنْهُ بهَا ذُنُوبَهُ
“വിശ്വാസിക്കുണ്ടാകുന്ന തലവേദന അല്ലെങ്കിൽ അവന് ഏൽക്കുന്ന ഒരു മുള്ള് അതുമല്ല അവന് ഉപദ്രവമായിഭവിക്കുന്ന വല്ലതും, ഇവ കാരണത്താൽ അല്ലാഹു അവന് അന്ത്യനാളിൽ ഒരു പദവി ഉയർത്തുകയും അതിലൂടെ അവന്റെ പാപങ്ങൾ അവന് പൊറുക്കുകയും ചെയ്യും.”
വുദ്വൂഅ് ചെയ്തവർക്കുള്ള മഹത്വം
മറ്റു സമുദായങ്ങൾക്കിടയിൽ ഈ സമുദായം അന്ത്യനാളിൽ അറിയപ്പെടുന്നത് മുഖങ്ങളും കൈകാലുകളും വുദ്വൂഇന്റെ അടയാളത്താലുള്ള വെളുപ്പിനാലായിരിക്കും. തൽവിഷയത്തിൽ നബി ﷺ പറഞ്ഞതായ ഹദീഥുകൾ ഇപ്രകാരം പ്രസിദ്ധമാണ്:
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ
“നിശ്ചയം, എന്റെ സമുദായം, വുദ്വൂഇന്റെ അടയാളത്താൽ (മുഖവും കൈകാലുകളും) വെളുത്ത് പ്രകാശിക്കുന്നവരായി അന്ത്യനാളിൽ വിളിക്കപ്പെടും” (ബുഖാരി, മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا قَالُوا: أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ؟ قَالَ: ട്ട أَنْتُمْ أَصْحَابِى وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ . فَقَالُوا كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ فَقَالَ: ﷺ أَرَأَيْتَ لَوْ أَنَّ رَجُلاً لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَىْ خَيْلٍ دُهْمٍ بُهْمٍ أَلاَ يَعْرِفُ خَيْلَهُ قَالُوا بَلَى يَا رَسُولَ اللَّهِ. قَالَ ട്ട فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنَ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِى كَمَا يُذَادُ الْبَعِيرُ الضَّالُّ أُنَادِيهِمْ أَلاَ هَلُمَّ. فَيُقَالُ إِنَّهُمْ قَدْ بَدَّلُوا بَعْدَكَ. فَأَقُولُ سُحْقًا سُحْقًا
“…നമ്മുടെ സഹോദരങ്ങളെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.” അവർ പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾ നിങ്ങളുടെ സഹോദരങ്ങളല്ലേ?’ നബി ﷺ പറഞ്ഞു: “നിങ്ങൾ എന്റെ അസ്ഹാബുകളാണ്. എന്റെ സഹോദരങ്ങൾ ഇനിയും വന്നിട്ടില്ലാത്തവരാണ്.” അവർ പറഞ്ഞു: “ഇനിയും വന്നിട്ടില്ലാത്ത അങ്ങയുടെ സഹോദരങ്ങളെ താങ്കൾ എങ്ങിനെ മനസ്സിലാക്കും? നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് വെളുത്ത ചൂട്ടും കൈകാലുകളുമുള്ള കുതിരകൾ, ഒരുകൂട്ടം കറുത്ത കുതിരകൾക്കിടയലുണ്ടെങ്കിൽ തന്റെ കുതിരകളെ അയാൾക്ക് തിരിച്ചറിയുവാൻ കഴിയില്ലേ?: അവർ പറഞ്ഞു: “അതെ”. നബി ﷺ പറഞ്ഞു: “അവർ വരുന്നത് വുദ്വൂഇനാൽ മുഖവും കൈ കാലുകളും വെളുത്തവരായിട്ടായിരിക്കും. ഞാൻ അവരെ മുൻകടന്നു ഹൗദ്വിലേക്ക് ചെല്ലും. അറിയുക, അന്ത്യനാളിൽ എന്റെ ഹൗദ്വിൽ നിന്നും ഒരു വിഭാഗം തടയപ്പെടുകതന്നെ ചെയ്യും. കൂട്ടം തെറ്റിയ ഒട്ടകം തടയപ്പെടുന്നതുപോലെ. വരൂ എന്ന് ഞാൻ അവരെ വിളിക്കും. അപ്പോൾ പറയപ്പെടും: അവർ താങ്കളുടെ കാലശേഷം (മതത്തിൽ) മാറ്റം വരുത്തിയവരാണ്, തീർച്ച. ഉടൻ ഞാൻ പറയും: ദൂരെ പോകൂ… ദൂരെ പോകൂ…” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല