അവിശ്വാസികൾ നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്ന രംഗങ്ങളെ ചിത്രീകരിക്കുന്ന ധാരാളം വിശുദ്ധ വചനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.
ആട്ടിത്തെളിച്ചും വട്ടംകൂട്ടിയും അവിശ്വാസികൾ നരകത്തിലേക്ക് നയിക്കപ്പെടും. അല്ലാഹു പറഞ്ഞു:
سِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ
സത്യനിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. (സൂറത്തുസ്സുമർ: 71)
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا ﴿١٣﴾ هَٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ ﴿١٤﴾
അവർ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ചുതള്ളപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) ഇതത്രെ നിങ്ങൾ നിഷേധിച്ചു കളഞ്ഞിരുന്ന നരകം. (സൂറത്തുത്ത്വൂർ: 13, 14)
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا ﴿١٣﴾ هَٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ ﴿١٤﴾
അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്നദിവസം (ശ്രദ്ധേയമാകുന്നു.) (സൂറത്തുഫുസ്സ്വിലത്ത്:19)
മുഖങ്ങൾ നിലത്തുകുത്തി അവർ നയിക്കപ്പെടും; ഭൗതിക ലോകത്ത് നടന്നിരുന്നതുപോലെ ഇരുകാലിൽ നടക്കുവാൻ അവർക്ക് ആവുകയില്ല. അല്ലാഹു പറഞ്ഞു:
الَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُولَٰئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا ﴿٣٤﴾
മുഖങ്ങൾ നിലത്ത് കുത്തിയ നിലയിൽ നരകത്തിലേക്ക് തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ് ഏറ്റവും മോശമായ സ്ഥാനത്ത് നിൽക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും. (സൂറത്തുൽ ഫുർക്വാൻ:34)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
أَنَّ رَجُلاً قَالَ يَا رَسُولَ اللَّهِ كَيْفَ يُحْشَرُ الْكَافِرُ عَلَى وَجْهِهِ يَوْمَ الْقِيَامَةِ قَالَ ﷺ : أَلَيْسَ الَّذِى أَمْشَاهُ عَلَى رِجْلَيْهِ فِى الدُّنْيَا قَادِرًا عَلَى أَنْ يُمْشِيَهُ عَلَى وَجْهِهِ يَوْمَ الْقِيَامَةِ . قَالَ قَتَادَةُ بَلَى وَعِزَّةِ رَبِّنَا.
“അല്ലാഹുവിന്റെ ദൂതരേ, മുഖം നിലത്തുകുത്തിക്കൊണ്ട് എങ്ങി നെയാണ് കാഫിർ അന്ത്യനാളിൽ ഒരുമിച്ച് കൂട്ടപ്പെടുക? അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: കാഫിറിനെ ഭൗതിക ലോകത്ത് ഇരു കാലിൽ നടത്തിയവൻ, അന്ത്യനാളിൽ അവനെ മുഖം നിലത്തുകുത്തിക്കൊണ്ട് നടത്തുവാൻ കഴിവുള്ളവനല്ലേ? ഇമാം ക്വതാദഃ പറഞ്ഞു: “അതെ, നമ്മുടെ നാഥന്റെ ഇസ്സത്താണെ സത്യം.” (ബുഖാ രി, മുസ്ലിം)
അന്ത്യനാളിൽ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടു മാത്രമല്ല, അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടുമാണ് അവർ ഒരുമിച്ചുകൂട്ടപ്പെടുന്നത്. കാണുവാനോ കേൾക്കുവാനോ സംസാരിക്കുവാനോ അപ്പോൾ അവർക്കാവില്ല. അല്ലാഹു പറഞ്ഞു:
وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَاهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا ﴿٩٧﴾
ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മുഖം നിലത്തുകുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവർക്ക് ജ്വാല കൂട്ടി കൊടുക്കുന്നതാണ്. (സൂറത്തുൽഇസ്റാഅ്:97)
അവിശ്വാസികളേയും അവരുടെ അനുയായികളേയും സഹായികളേയും ബാത്വിലായിരുന്ന ആരാധ്യന്മാരേയും ഒന്നിച്ചാണ് ഒരുമിച്ച് കൂട്ടുക. അല്ലാഹു പറഞ്ഞു:
حْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ ﴿٢٢﴾ مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ ﴿٢٣﴾
(അപ്പോൾ അല്ലാഹുവിന്റെ കൽപനയുണ്ടാകും;) അക്രമം ചെയ്ത വരെയും അവരുടെ ഇണകളെയും അവർ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ചുകൂട്ടുക. അല്ലാഹുവിനുപുറമെ. എന്നിട്ട് അവരെ നിങ്ങൾ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക. (സൂറത്തു സ്സ്വാഫ്ഫാത്ത്: 22, 23)
നിന്ദ്യരും അധിക്ഷിപ്തരും കീഴ്പെടുത്തപ്പെട്ടവരുമായാണ് അവർ അവിടെ ഉണ്ടാവുക. അല്ലാഹു പറഞ്ഞു:
قُل لِّلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ ﴿١٢﴾
(നബിയേ,) നീ സത്യനിഷേധികളോട് പറയുക: നിങ്ങൾ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം! (സൂറത്തുആലുഇം റാൻ: 12)
നരകത്തോട് അവർ അടുക്കുന്നതോടെ കാതും ക്വൽബും തകർക്കപ്പെടുമാറ് അതിന്റെ ഇളക്കവും ഇരമ്പലും അവർക്ക് കേൾക്കേണ്ടിവരും. അല്ലാഹു പറഞ്ഞു:
إِذَا رَأَتْهُم مِّن مَّكَانٍ بَعِيدٍ سَمِعُوا لَهَا تَغَيُّظًا وَزَفِيرًا ﴿١٢﴾
ദൂരസ്ഥലത്ത് നിന്ന് തന്നെ അത് അവരെ കാണുമ്പോൾ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവർക്ക് കേൾക്കാവുന്നതാണ്. (സൂറത്തുൽഫുർക്വാൻ: 12)
നരകം കാണുന്നതോടെ ഖേദവും ദുഃഖവും അവരെ പിടികൂടും. ഭൗതികലോകത്തേക്ക് മടങ്ങുവാനും വിശ്വാസം പുൽകുവാനും അവർ വൃഥാ ആഗ്രഹിക്കും. അല്ലാഹു പറഞ്ഞു:
وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ ﴿٢٧﴾
അവർ നരകത്തിങ്കൽ നിർത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! അപ്പോൾ അവർ പറയും: ഞങ്ങൾ (ഇഹലോകത്തേക്ക്) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. എങ്കിൽ ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയാതിരിക്കുകയും, ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തി ലാവുകയും ചെയ്യുമായിരുന്നു. (സൂറത്തുൽഅൻആം: 27)
وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِفًا ﴿٥٣﴾
കുറ്റവാളികൾ നരകം നേരിൽ കാണും. അപ്പോൾ തങ്ങൾ അതിൽ അകപ്പെടാൻ പോകുകയാണെന്ന് അവർ മനസ്സിലാക്കും. അതിൽ നിന്ന് വിട്ടുമാറിപ്പോകാൻ ഒരു മാർഗ്ഗവും അവർ കണ്ടെത്തുകയുമില്ല. (സൂറത്തുൽകഹ്ഫ്: 53)
നരക കവാടങ്ങളിലെത്തിയാൽ മോശമായ സ്വീകരണവും കോപത്തോടെയുള്ള സംസാരവുമാണ് അവർ കേൾക്കുക.
അല്ലാഹു പറഞ്ഞു:
فَادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٢٩﴾
അതിനാൽ നരകത്തിന്റെ കവാടങ്ങളിലൂടെ നിങ്ങൾ കടന്നുകൊള്ളുക. (നിങ്ങൾ) അതിൽ നിത്യവാസികളായിരിക്കും. അപ്പോൾ അഹങ്കാരികളുടെ വാസസ്ഥലം മോശംതന്നെ! (സൂറത്തുന്നഹ്ൽ: 29)
പ്രപഞ്ച നാഥനെ ഭയന്നവന് മാത്രമാണ് അവിടെ രക്ഷ. പാപികൾ നരകത്തിന് ചുറ്റിലായി മുട്ടുകുത്തിക്കൊണ്ട് ഹാജറാക്കപ്പെടുകയും അതിന്റെ വിറകായി കത്തിക്കപ്പെടുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴿٦٨﴾ ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا ﴿٦٩﴾ ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴿٧٠﴾
എന്നാൽ നിന്റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും. പിന്നീട് ഓരോ കക്ഷിയിൽ നിന്നും പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേർതിരിച്ച് നിർത്തുന്നതാണ്. പിന്നീട് അതിൽ (നരകത്തിൽ) എരിയുവാൻ അവരുടെ കൂട്ടത്തിൽ ഏറ്റവും അർഹതയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്. (സൂ റത്തുമർയം: 68-70)
അബ്ദുൽ ജബ്ബാർ അബ്ദുല്ല