തർക്കത്തിൽ ഫലമില്ലെന്നും എല്ലാം പരാജയം മാത്രമാണെന്നും ബോധ്യപ്പെടുമ്പോൾ സത്യനിഷേധികൾ അമർഷം പ്രകടിപ്പിക്കുകയായി. അല്ലാഹു പറയുന്നു:
إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ ﴿١٠﴾
തീർച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങൾ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും, എന്നിട്ട് നിങ്ങൾ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ അല്ലാഹുവിന് (നിങ്ങളോടുള്ള) അമർഷം നിങ്ങൾ തമ്മിലുള്ള അമർഷത്തെക്കാൾ വലുതാകുന്നു. (സൂറത്തുൽഗാഫിർ: 10)
ഭൗതിക ലോകത്ത് തനിക്ക് കൂട്ടായിരുന്നവരോടെല്ലാം അമർഷം കാണിക്കുകയും അവരെയെല്ലാം ശപിക്കുകയും അവർക്ക് വർദ്ധിച്ച ശിക്ഷ കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു:
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾
അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖൻമാരെയും അനുസരിക്കുകയും, അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻശാപം ഏൽപിക്കുകയും ചെയ്യണമേ (എന്നും അവർ പറയും) (സൂറത്തുൽഅഹ്സാബ്: 66,67,68)
തങ്ങളെ വഴിതെറ്റിച്ചവരോടുള്ള ഒടുങ്ങത്ത അമർശവും അടങ്ങാത്ത ദേഷ്യവും കാരണത്താൽ അവരെ തങ്ങളുടെ കാൽക്കീഴിൽ ആക്കിത്തരുവാൻ അല്ലാഹുവോട് ആവശ്യപ്പെടും; ചവിട്ടിത്താഴ്ത്തി അവരോട് പകപ്പോക്കുവാനാണ് ഇപ്രകാരം ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു:
وَقَالَ الَّذِينَ كَفَرُوا رَبَّنَا أَرِنَا اللَّذَيْنِ أَضَلَّانَا مِنَ الْجِنِّ وَالْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ الْأَسْفَلِينَ ﴿٢٩﴾
സത്യനിഷേധികൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള രണ്ടു വിഭാഗത്തെ നീ ഞങ്ങൾക്ക് കാണിച്ചുതരേണമേ. അവർ അധമന്മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങൾ അവരെ ഞങ്ങളുടെ പാദങ്ങൾക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ. (സൂറത്തുഫുസ്സ്വിലത്ത്: 29)
നരകാഗ്നിയിൽ എറിയപ്പെടുമ്പോഴാകട്ടെ അന്യോന്യമുള്ള ശാപവർഷം ഏറുകയും അവരിൽ ചിലർ മറ്റുള്ളവർക്ക് ശിക്ഷ കൂടുവാൻ ആഗ്രഹിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ الْجِنِّ وَالْإِنسِ فِي النَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰ إِذَا ادَّارَكُوا فِيهَا جَمِيعًا قَالَتْ أُخْرَاهُمْ لِأُولَاهُمْ رَبَّنَا هَٰؤُلَاءِ أَضَلُّونَا فَآتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَٰكِن لَّا تَعْلَمُونَ ﴿٣٨﴾
…ഓരോ സമൂഹവും (അതിൽ) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാൽ അവരിലെ പിൻഗാമികൾ അവരുടെ മുൻഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവർക്ക് നീ നരകത്തിൽ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവൻ പറയും: എല്ലാവർക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങൾ മനസ്സിലാക്കുന്നില്ല. (സൂറത്തുൽഅഅ്റാഫ്: 38)
അബ്ദുൽ ജബ്ബാർ അബ്ദുല്ല