بسم الله الرحمن الرحيم
വിവർത്തകക്കുറിപ്പ്
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് അത്തമീമി രചിച്ച “ഫദ്വ്ലുൽ ഇസ്ലാം’ എന്ന ചെറുകൃതി യുടെ വിവർത്തനമാണ് “ഇസ്ലാമിന്റെ മഹത്വം” എന്ന പേരിൽ നിങ്ങളുടെ കരങ്ങളിലുള്ളത്.
ഇസ്ലാമിന്റെ മഹത്വങ്ങളും പ്രത്യേകതകളും, ഇസ്ലാം സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയും, പുത്തൻകാര്യങ്ങൾ മതത്തിന്റെ പേരിൽ കൊണ്ടുവരുന്നതിന്റെ ഗൗരവവും, ആയത്തുകൾ, ഹദീഥുകൾ, ആഥാറുകൾ എന്നിവയുടെ വെളിച്ചത്തിൽ ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നു. വിവർത്തന വേളയിൽ മൂലഗ്രന്ഥത്തിന്റെ വരികൾ ഗ്രഹിക്കുവാൻ ശെയ്ഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് യുടെ “ശറഹു കിതാബി ഫദ്ലിൽ ഇസ്ലാം” എന്ന ഗ്രന്ഥവും ഇസ്മാഈൽ അൽ അൻസ്വാരി “തഹ്ക്വീക്വ്” ചെയ്ത “ഫദ്വ്ലുൽ ഇസ്ലാമി”ന്റെ കോപ്പിയുമാണ് അവലംബിച്ചിട്ടുള്ളത്. നാല്, പത്ത്, പതിനൊന്ന് എന്നീ അദ്ധ്യായങ്ങൾക്ക് മൂലഗ്രന്ഥത്തിൽ ശീർഷകങ്ങൾ നൽകപ്പെട്ടിട്ടില്ല. ആ അദ്ധ്യായങ്ങൾ കൈകാര്യംചെയ്യുന്ന വിഷയങ്ങൾക്കനുസരിച്ച ശീർഷകങ്ങൾ അവക്ക് നൽകിയിട്ടുണ്ട്. ഹദീഥുകൾക്ക് തഹ്ക്വീക്വും ആയത്തുകളുടേയും ഹദീഥുക ളുടേയും അറബി നസ്സ്വുകളും കൊടുത്തിട്ടുണ്ട്. കൂടാതെ, ഗ്രന്ഥകാരനെ പരിചയപ്പെടുവാൻ ‘കിതാബുത്തൗഹീദ് ‘ വിവർത്തനം ചെയ്തപ്പോൾ നൽകിയ ഗ്രന്ഥകാരന്റെ സംക്ഷി പ്ത ചരിത്രം ആമുഖാനന്തരം എടുത്ത് കൊടുത്തിട്ടുണ്ട്.
ഈ രചന സമർപ്പിക്കുമ്പോൾ, അതിന് തൗഫീക്വ് ഏകിയ അല്ലാഹുവിന് മാത്രമാണ് ഹംദുകൾ മുഴുവനും. ഇതിന്റെ പരിശോധന നടത്തുകയും ആവശ്യമായ തിരുത്തലുകൾ നൽകുകയും ചെയ്തത് ബഹുമാന്യൻ മുഹമ്മദ് സ്വാദിക്വ് അൽമദനിയാണ്. അക്ഷരങ്ങൾ പേജുകളിലേക്ക് പകർത്തുവാൻ സഹായിച്ചത് സുഹൃത്ത് മുഹമ്മദ് റയ്യാൻ (കൊല്ലം) ആണ്. എല്ലാവരോടുമുള്ള കൃതജ്ഞത ഹൃദയങ്കമമായി രേഖപ്പെടുത്തുന്നു.
നാഥാ, ഞങ്ങളുടെ കർമ്മങ്ങൾ പുണ്യകർമ്മങ്ങളായി നീ സ്വീകരിക്കേണമേ…, നിന്റെ പ്രീതിയും മാപ്പും ഞങ്ങൾക്ക് പ്രദാനം ചെയ്യേണമേ…,
അബ്ദുൽ ജബ്ബാർ അബ്ദുല്ല