അല്ലാഹു വിശ്വാസികളിലേക്ക് വന്നാൽ അവർ സുജൂദിലേക്ക് വിളിക്കപ്പെടുമെന്ന് തെളിവുകളിൽ വന്നിരിക്കുന്നു.
അല്ലാഹു പറഞ്ഞു:
يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ ﴿٤٢﴾ خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ ﴿٤٣﴾
കണങ്കാൽ വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ (നിങ്ങൾ ഓർക്കുക.) സുജൂദ് ചെയ്യാൻ (അന്ന്) അവർ ക്ഷണിക്കപ്പെടും. അപ്പോൾ അവർക്കതിന് സാധിക്കുകയില്ല. അവരുടെ കണ്ണുകൾ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവർ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവർ ക്ഷണിക്കപ്പെട്ടിരുന്നു. (സൂറത്തുൽക്വലം: 42,43)
സൂറത്തുൽക്വലമിലെ 42 ാം ആയത്തിനെ ധാരാളം ഹദീഥുകൾ തഫ്സീർ ചെയ്യുന്നു. ഇമാം ഇബ്നു കഥീർ ആയത്തിന്റെ തഫ്സീറിൽ അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള താഴെ വരു ന്ന ഹദീഥ് നൽകിയിട്ടുണ്ട്. പ്രസ്തുത രിവായത്തിൽ അല്ലാഹുവിന്റെ ആഗമനമുണ്ടായാൽ സുജൂദിലേക്ക് ക്ഷണിക്കപ്പെടുന്നതു മായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ഇപ്രകാരം കാണാം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
فَلاَ يُكَلِّمُهُ إِلاَّ الأَنْبِيَاءُ فَيَقُولُ هَلْ بَيْنَكُمْ وَبَيْنَهُ آيَةٌ تَعْرِفُونَهُ فَيَقُولُونَ السَّاقُ. فَيَكْشِفُ عَنْ سَاقِهِ فَيَسْجُدُ لَهُ كُلُّ مُؤْمِنٍ ، وَيَبْقَى مَنْ كَانَ يَسْجُدُ لِلَّهِ رِيَاءً وَسُمْعَةً، فَيَذْهَبُ كَيْمَا يَسْجُدَ فَيَعُودُ ظَهْرُهُ طَبَقًا وَاحِدًا…
“…അപ്പോൾ അല്ലാഹുവോട് നബിമാർ മാത്രമായിരിക്കും സംസാരിക്കുക. അല്ലാഹു ചോദിക്കും: നിങ്ങൾക്കും അവനുമിടയിൽ വല്ല ദൃഷ്ഠാന്തവുമുണ്ടോ? അവർ പറയും: അസ്സാക്വ് (കണങ്കാൽ). അതോടെ അല്ലാഹു അവന്റെ സാക്വ് വെളിപ്പെടുത്തും. അതോടെ എല്ലാ മുഅ്മിനും സുജൂദ് ചെയ്യും. ലോകമാന്യതക്കായും കേളിക്കായും സുജൂദ് ചെയ്തിരുന്നവൻ ശേഷിക്കും. അവൻ സൂജൂദ് ചെയ്യുവാൻ പോകും; അവന്റെ മുതുക് ഒരൊറ്റ എല്ലായി മടങ്ങും(അത് വളയുകയില്ല)…” (ബുഖാരി)
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ:
فَيُكْشَفُ عَنْ سَاقٍ فَلاَ يَبْقَى مَنْ كَانَ يَسْجُدُ لِلَّهِ مِنْ تِلْقَاءِ نَفْسِهِ إِلاَّ أَذِنَ اللَّهُ لَهُ بِالسُّجُودِ وَلاَ يَبْقَى مَنْ كَانَ يَسْجُدُ اتِّقَاءً وَرِيَاءً إِلاَّ جَعَلَ اللَّهُ ظَهْرَهُ طَبَقَةً وَاحِدَةً كُلَّمَا أَرَادَ أَنْ يَسْجُدَ خَرَّ عَلَى قَفَاهُ.
“…അതോടെ (അല്ലാഹുവിന്റെ) സാക്വ് വെളിപ്പെടുത്തപ്പെടും. അതോടെ ആത്മാർത്ഥമായി അല്ലാഹുവിന് സുജൂദ് ചെയ്തിരുന്ന ആരും, അല്ലാഹു അവന് സുജൂദ് ചെയ്യുവാൻ അനുവാദം നൽകാതെ ശേഷിക്കുകയില്ല. ലോകമാന്യതക്കുവേണ്ടി സുജൂദ് ചെയ്തിരുന്നവരുടെ മുതുകിനെ അല്ലാഹു ഒരൊറ്റ ത്വബക്വാക്കുകയും അവർ സുജൂദ് ചെയ്യുവാൻ ഉദ്ദേശിക്കുമ്പോഴെല്ലാം പിരടിയിൽ മറിഞ്ഞ് വീഴുകയും ചെയ്യും…”
അബ്ദുൽ ജബ്ബാർ അബ്ദുല്ല