തൗഹീദിൻറെ മഹത്വമറിയുക

THADHKIRAH

തൗഹീദിൻറെ മഹത്വമറിയുക

അബ്ദുല്ലാഹ് ഇബ്നു മസ്ഊദി رضي الله عنه ല്‍ നിന്ന് നിവേദനം: 

{لَمَّا نَزَلَتْ هَذِهِ الْآيَةُ: {الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ} قَالُوا: يَا رَسُولَ اللَّهِ، فَأَيُّنَا لَا يَظْلِمُ نَفْسَهُ؟ قَالَ: لَيْسَ ذَاكَ، هُوَ الشِّرْكَ، أَلَمْ تَسْمَعُوا مَا قَالَ لُقْمَانُ لِابْنِهِ: {لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيم

‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവര്‍ (ആരാണോ) അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവരാണ് നേര്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍’. എന്ന ആശയമുള്ള ഈ ആയത്ത് അവതരിച്ചപ്പോള്‍, അവര്‍ ചോദിച്ചു: തിരുദൂതരേ, ഞങ്ങളില്‍ ആരാണ് സ്വന്തത്തോട് അന്യായം കാണിക്കാത്തവന്‍? തിരുമേനി ﷺ പ്രതികരിച്ചു: തീര്‍ച്ചയായും ആ അന്യായമല്ല; ശിര്‍ക്കാകുന്നു ഉദ്ദേശ്യം. ലഖുമാൻ തന്‍റെ മകനോട് പറഞ്ഞ വാക്ക് നിങ്ങള്‍ കേട്ടില്ലേ? ‘നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്; തീര്‍ച്ചയായും ശിര്‍ക്ക് വലിയ അക്രമം തന്നെയാകുന്നു.’ (ബുഖാരി) 

മുആദ് ഇബ്നുജബല്‍ رضي الله عنه പറയുന്നു:

كُنْتُ رِدْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسلم على حمَار يُقَال لَهُ عفير فَقَالَ يَا معَاذ هَل تَدْرِي حَقُّ اللَّهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ؟ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ قَالَ فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا وَحَقُّ الْعِبَادِ عَلَى اللَّهِ أَنْ لَا يُعَذِّبَ مَنْ لَا يُشْرِكُ بِهِ شَيْئًا فَقُلْتُ يَا رَسُولَ اللَّهِ أَفَلَا أُبَشِّرُ بِهِ النَّاسَ قَالَ لَا تُبَشِّرُهُمْ فَيَتَّكِلُوا

‘ഉഫെയ്ര്‍’ എന്ന് വിളിക്കപ്പെടുമായിരുന്ന ഒരു കഴുതപ്പുറത്ത് തിരുനബി ﷺ  യുടെ പിന്നില്‍ ഞാന്‍ യാത്രചെയ്യുന്നവനായിരുന്നു. തിരുമേനി ﷺ എന്നോടു ചോദിച്ചു: മുആദ്, അടിമകളുടെ മേല്‍ ബാധ്യതയായ അല്ലാഹുവിനുള്ള അവകാശമെന്താണെന്നും, അല്ലാഹുവില്‍ നിന്ന് അടിമകള്‍ക്കുള്ള അര്‍ഹത എന്താണെന്നും താങ്കള്‍ക്കറിയാമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവും റസൂലുമാണ് ഏറ്റവും  നന്നായി അറിയുന്നവര്‍. അവിടുന്ന് പറഞ്ഞു: ‘അടിമകളുടെ മേല്‍ ബാധ്യതയായുള്ള അല്ലാഹുവിന്‍റെ അവകാശം, അവര്‍ അവനു മാത്രം ഇബാദത്ത് ചെയ്യണമെന്നതും അവനില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അടിമകള്‍ക്ക് അല്ലാഹുവില്‍ നിന്ന് അര്‍ഹമായതാകട്ടെ, അവനില്‍ ഒന്നിനേയും പങ്കുചേര്‍ക്കാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതുമാണ്’. ഞാന്‍ ചോദിച്ചു: തിരുദൂതരേ, ഞാന്‍ ജനങ്ങളെ ഈ സന്തോഷം അറിയിക്കട്ടെയോ? തിരുദൂതര്‍  ﷺ  പ്രതികരിച്ചു: വേണ്ട, താങ്കള്‍ അവരെ സുവിശേഷമറിയിക്കേണ്ട. കാരണം അവരതില്‍ ആശ്രിതരായി (കര്‍മ്മവിമുഖരാകും)
 (ബുഖാരി, മുസലിം)

തിരുദൂതര്‍ ﷺ പറഞ്ഞു:

مَنْ شَهِدَ أَنْ لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَالجَنَّةُ حَقٌّ وَالنَّارُ حَقٌّ، أَدْخَلَهُ اللَّهُ الجَنَّةَ عَلَى مَا كَانَ مِنَ العَمَلِ

‘ഏകനും യാതൊരു പങ്കുകാരനുമില്ലാത്ത അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും, ഈസാ عليه السلام അല്ലാഹുവിന്‍റെ ദാസനും ദൂതനും മര്‍യമിന് അല്ലാഹു നല്‍കിയ അവന്‍റെ വചനവും റൂഹുമാണെന്നും, സ്വര്‍ഗ്ഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാള്‍ സാക്ഷ്യപ്പെടുത്തിയാല്‍, താനനുഷ്ഠിച്ച കര്‍മ്മങ്ങള്‍ക്കിണങ്ങുന്ന (പദവികളിലായി) അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.   (ബുഖാരി, മുസ്ലിം)

മറ്റൊരു രിവായത്തില്‍:

مِنْ أَبْوَابِ الجَنَّةِ الثَّمَانِيَةِ أَيَّهَا شَاءَ

“സ്വര്‍ഗ്ഗത്തിന്‍റെ എട്ടു കവാടങ്ങളില്‍ താനുദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.” എന്നുണ്ട്.

ഇത്ബാൻ رضي الله عنه  ല്‍നിന്ന് നിവേദനം: തിരുദൂതര്‍ ﷺ പറഞ്ഞു:

فَإِنَّ اللَّهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ يَبْتَغِي بِذَلِكَ وَجْهَ اللَّهِ

‘അല്ലാഹുവിന്‍റെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട് ‘ലാഇലാഹഇല്ലല്ലാഹ്’ പറഞ്ഞവരെ അവന്‍ നരകത്തിന് വിലക്കിയിരിക്കുന്നു .
(ബു ഖാരി,മുസ്ലിം)

അല്ലാഹു سبحانه وتعالى പറഞ്ഞതായി റസൂല്‍ ﷺ പറഞ്ഞു:

يا ابنَ آدَمَ إنَّكَ لَوْ أَتَيْتَنِي بِقُرَابِ الأرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بي شَيْئاً لأَتَيْتُكَ بِقُرَابِهَا مَغْفِرَةً

ആദാമിൻറെ പുത്രാ , ഭൂമിയോളം പാപങ്ങളുമായി നീ എന്‍റെയടുത്ത് വരികയും എന്നില്‍ ഒന്നും പങ്കുചേര്‍ക്കാത്തവനായി എന്നെ കണ്ടുമുട്ടുകയും ചെയ്താല്‍ ഭൂമിയോളം പാപമോചനവുമായി ഞാന്‍ നിന്‍റെ അരികില്‍ വരുകതന്നെ ചെയ്യും.’  (സുനനുത്തിര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

Leave a Reply

Your email address will not be published.

Similar Posts