സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്ന പ്രവണത പല നിലക്കാണ്. ഓരോ രീതിക്കും വിധിയും പ്രത്യേകമാണ്.
സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്ന പ്രവണതക്ക് “സബ്ബു സ്സ്വഹാബഃ’ എന്നാണ് അറബിയിൽ പറയുക. ചെറുതാക്കുക, നിസ്സാരപ്പെടുത്തുക എന്നീ ഉദ്ദേശ്യത്താലുള്ള സംസാരമാണ് അത്. ജനങ്ങൾ വ്യത്യസ്ത വിശ്വാസക്കാരാണെങ്കിലും “സബ്ബ്” എന്ന പദംകൊണ്ട് അവരുടെ ബുദ്ധി ഗ്രഹിക്കുന്നതും അതാണ്. ശപിക്കുക, മോശമായി ചിത്രീകരിക്കുക, തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. (അസ്സ്വാരിമുൽ മസ്ലൂൽ 561)
സ്വഹാബികളെ നിസ്സാരപ്പെടുത്തൽ നാശഗർത്തങ്ങളാണ്. അവയിൽ ചിലത് ചിലതിനേക്കാൾ ആപൽകരമാണ്. “കുഫ്റു” (സത്യനിഷേധം)കൊണ്ടും “ഫിസ്ക്വു” (ദുർനടപ്പു)കൊണ്ടും നിസ്സാരപ്പെടുത്തുന്ന സംസാരം നടത്തിയവരുണ്ട്. അഭിപ്രായ ശേഷിയില്ലായ്മ, പിശുക്ക് തുടങ്ങിയ ഭൗതിക കാര്യങ്ങൾ കൊണ്ട് നിസ്സാരപ്പെടുത്തുന്ന സംസാരം നടത്തിയവരുമുണ്ട്. പ്രസ്തുത സംസാരം മൊത്തം സ്വഹാബികൾക്ക് നേരെയോ, ഭൂരിപക്ഷത്തിന് നേരെയോ, ചിലർക്ക് നേരെയോ, വ്യക്തികൾക്ക് നേരെയോ ആയേക്കാം. ആക്ഷേപിക്കപ്പെടുന്ന സ്വഹാബിയുടെ മഹത്വം ധാരാളം പ്രമാണ വചനങ്ങളിലൂടെയോ അല്ലെങ്കിൽ കുറച്ച് വചനങ്ങളിലൂടെയോ സ്ഥിരപ്പെട്ടതുമായിരിക്കും. സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്ന പ്രവണത പല നിലക്കാണെന്ന് ഉണർത്തിയെല്ലോ. ഓരോന്നിന്റേയും വിധി താഴെ നൽകുന്നു:
ഒന്ന്
കുഫ്റ് (സത്യനിഷേധം), രിദ്ദത്ത്(മതപരിത്യാഗം), ഫിസ്ക്വ് (ദുർനടപ്പ്) എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കുന്നതിന്റെ വിധി:
പല വസ്തുതകളാൽ ഇത് പറയുന്നവൻ കാഫിറാകുമെന്നതിൽ യാതൊരു സംശയവുമില്ല. പ്രസ്തുത കാരണങ്ങളിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു:
വിശുദ്ധ ക്വുർആനും തിരുസുന്നത്തും പ്രവാചകൻ ﷺ യിൽ നിന്ന് (പിൻതലമുറയിലേക്ക്) പകർന്നത് കാഫിറുകളും ദുർനടപ്പുകാരുമാണെന്നാണ് ഇത്തരം വാക്കുകളുടെ ഉള്ളടക്കം. അതോടെ വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും സംശയം ജനിക്കലായി. കാരണം, റിപ്പോർട്ടകന്മാരെ ആക്ഷേപിക്കൽ അവർ റിപ്പോർട്ട് ചെയ്തതിനേയും ആക്ഷേപിക്കലാണ്.
“അല്ലാഹു സ്വഹാബികളെ തൃപ്തിപ്പെട്ടിരിക്കുന്നു, വാഴ്ത്തിയിരിക്കുന്നു” എന്നെല്ലാം വിശുദ്ധ ക്വുർആനിൽ വ്യക്തമായി വന്നതിനെ കളവാക്കലാണ് ഇത്തരം പരാമർശങ്ങളിലുള്ളത്. “കാരണം, സ്വഹാബത്തിന്റെ മഹത്വം അറിയിച്ച് കൊണ്ടുള്ള വിശുദ്ധ ക്വുർആനിലേയും തിരുസുന്നത്തിലേയും വചനങ്ങളിൽനിന്ന് ലഭിക്കുന്ന ജ്ഞാനം ഖണ്ഡിതമാണ്.” (അർറദ്ദു അലർറ്വാഫിദഃ, ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് 19 നോക്കുക)
ഖണ്ഡിതമായത് വല്ലവനും നിഷേധിച്ചാൽ അവൻ കാഫിറായി, തീർച്ച.
നിശ്ചയം, ഇത്തരം സംസാരങ്ങളിൽ പ്രവാചകനെ ദ്രോഹിക്കലാണ് ഉള്ളത്. കാരണം, സ്വഹാബികൾ പ്രവാചകന്റെ ﷺ അനുചരന്മാരും പ്രത്യേകക്കാരുമാണ്. ഒരു വ്യക്തിയേയും അയാളുടെ പ്രത്യേകക്കാരേയും ശകാരിക്കുക, അവരെ ആക്ഷേപിക്കുക എന്നതെല്ലാം അദ്ദേഹത്തെ ദ്രോഹിക്കുമെന്നത് സംശയ രഹിതമായ കാര്യമാണ്. പ്രവാചകനെ ﷺ ദ്രോഹിക്കൽ കുഫ്റാണെന്നത് സർവ്വാംഗീകൃതമാണെല്ലോ.
“കുഫ്റ്”, രിദ്ദത്ത്, “ഫിസ്ക്വ് ‘ എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ അവരിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കുന്നതിന്റെ വിധി വ്യക്തമാക്കിക്കൊണ്ട് ശെയ്ഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യഃ പറഞ്ഞു:
“എന്നാൽ, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലശേഷം സ്വഹാബികളിൽ പത്തിൽ ചില്ലാനം പേരൊഴിച്ച് ബാക്കിയെല്ലാവരും മുർതദ്ദുകളായി (മതപരിത്യാഗികളായി) എന്നോ സ്വഹാബികൾ മൊത്തത്തിൽ ഫാസിക്വുകളായി (അധർമ്മകാരികളായി) എന്നോ വല്ലവനും ജൽപിച്ചാൽ അവൻ കാഫിറായി എന്നതിൽ സംശയമില്ല. കാരണം, “അല്ലാഹു സ്വഹാബികളെ തൃപ്തിപ്പെട്ടിരിക്കുന്നു, വാഴ്ത്തിയിരിക്കുന്നു” എന്നെല്ലാം വിശുദ്ധ ക്വുർആനിൽ വ്യക്തമായി വന്നതിനെ കളവാക്കുന്നവനാണ് അത്തരക്കാരൻ. മാത്രമല്ല, ഇത്തരക്കാരുടെ കുഫ്റിൽ സംശയിക്കുന്നവനും കുഫ്റിലാണെന്നത് നിശ്ചിതമാണ്.……”കുഫ്റ് ‘, “രിദ്ദത്ത്’ , “ഫിസ്ക്വ്” എന്നി വകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ അവരിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കുന്നവൻ കാഫിറാണെന്നത് ദീനിൽ അനിവാര്യമായും അറിയപ്പെട്ടതാണ്”
(അസ്സ്വാരിമുൽ മസ്ലൂൽ 586, 587 നോക്കുക)
ഇമാം ഇബ്നു ഹജറുൽ ഹയ്ഥമി പറഞ്ഞു:
“സ്വഹാബികളിൽ ചിലരെ ആക്ഷേപിക്കുന്നതിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. എന്നാൽ, അവരെ മൊത്തത്തിൽ ആ ക്ഷേപിക്കൽ കുഫ്റെന്നതിൽ സംശയമില്ല.” (അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 379 നോക്കുക)
അബ്ദുൽ ജബ്ബാർ അബ്ദുല്ല