സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്ന പ്രവണത പല നിലക്കാണ്. ഓരോ രീതിക്കും വിധിയും പ്രത്യേകമാണ്.
സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്ന പ്രവണതക്ക് ‘സബ്ബു സ്സ്വഹാബഃ’ എന്നാണ് അറബിയിൽ പറയുക. ചെറുതാക്കുക, നിസ്സാരപ്പെടുത്തുക എന്നീ ഉദ്ദേശ്യത്താലുള്ള സംസാരമാണ് അത്. ജനങ്ങൾ വ്യത്യസ്ത വിശ്വാസക്കാരാണെങ്കിലും ‘സബ്ബ് ‘ എന്ന പദംകൊണ്ട് അവരുടെ ബുദ്ധി ഗ്രഹിക്കുന്നതും അതാണ്. ശപിക്കുക, മോശമായി ചിത്രീകരിക്കുക, തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. (അസ്സ്വാരിമുൽ മസ്ലൂൽ 561)
സ്വഹാബികളെ നിസ്സാരപ്പെടുത്തൽ നാശഗർത്തങ്ങളാണ്. അവയിൽ ചിലത് ചിലതിനേക്കാൾ ആപൽകരമാണ്. ‘കുഫ്റു’ (സത്യനിഷേധം) കൊണ്ടും ‘ഫിസ്ക്വു’ (ദുർനടപ്പു) കൊണ്ടും നിസ്സാരപ്പെടുത്തുന്ന സംസാരം നടത്തിയവരുണ്ട്. അഭിപ്രായശേഷിയില്ലായ്മ, പിശുക്ക് തുടങ്ങിയ ഭൗതിക കാര്യങ്ങൾ കൊണ്ട് നിസ്സാരപ്പെടുത്തുന്ന സംസാരം നടത്തിയവരുമുണ്ട്. പ്രസ്തുത സംസാരം മൊത്തം സ്വഹാബികൾക്ക് നേരെയോ, ഭൂരിപക്ഷത്തിന് നേരെയോ, ചിലർക്ക് നേരെയോ, വ്യക്തികൾക്ക് നേരെയോ ആയേക്കാം. ആക്ഷേപിക്കപ്പെടുന്ന സ്വഹാബിയുടെ മഹത്വം ധാരാളം പ്രമാണ വചനങ്ങളിലൂടെയോ അല്ലെങ്കിൽ കുറച്ച് വചനങ്ങളിലൂടെയോ സ്ഥിരപ്പെട്ടതുമായിരിക്കും.
സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്ന പ്രവണത പല നിലക്കാണെന്ന് ഉണർത്തിയെല്ലോ. ഓരോന്നിന്റേയും വിധി താഴെ നൽകുന്നു:
ഒന്ന്
കുഫ്റ്(സത്യനിഷേധം), രിദ്ദത്ത്(മതപരിത്യാഗം), ഫിസ്ക്വ്(ദുർനടപ്പ്) എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കുന്നതിന്റെ വിധി:
പല വസ്തുതകളാൽ ഇത് പറയുന്നവൻ കാഫിറാകുമെന്നതിൽ യാതൊരു സംശയവുമില്ല. പ്രസ്തുത കാരണങ്ങളിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു:
വിശുദ്ധ ക്വുർആനും തിരുസുന്നത്തും പ്രവാചകൻ ﷺ യിൽനിന്ന് (പിൻതലമുറയിലേക്ക്) പകർന്നത് കാഫിറുകളും ദുർനടപ്പുകാരുമാണെന്നാണ് ഇത്തരം വാക്കുകളുടെ ഉള്ളടക്കം. അതോടെ വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും സംശയം ജനിക്കലായി. കാരണം, റിപ്പോർട്ടകന്മാരെ ആക്ഷേപിക്കൽ അവർ റിപ്പോർട്ട് ചെയ്തതിനേയും ആക്ഷേപിക്കലാണ്.
“അല്ലാഹു സ്വഹാബികളെ തൃപ്തിപ്പെട്ടിരിക്കുന്നു, വാഴ്ത്തിയിരിക്കുന്നു” എന്നെല്ലാം വിശുദ്ധ ക്വുർആനിൽ വ്യക്തമായി വന്നതിനെ കളവാക്കലാണ് ഇത്തരം പരാമർശങ്ങളിലുള്ളത്. “കാര ണം, സ്വഹാബത്തിന്റെ മഹത്വം അറിയിച്ച് കൊണ്ടുള്ള വിശുദ്ധ ക്വുർആനിലേയും തിരുസുന്നത്തിലേയും വചനങ്ങളിൽനിന്ന് ലഭിക്കുന്ന ജ്ഞാനം ഖണ്ഡിതമാണ്.” (അർറദ്ദു അലർറ്വാഫിദഃ, ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് 19 നോക്കുക)
ഖണ്ഡിതമായത് വല്ലവനും നിഷേധിച്ചാൽ അവൻ കാഫിറായി, തീർച്ച.
നിശ്ചയം, ഇത്തരം സംസാരങ്ങളിൽ പ്രവാചകനെ ﷺ ദ്രോഹിക്കലാണ് ഉള്ളത്. കാരണം, സ്വഹാബികൾ പ്രവാചകന്റെ ﷺ അനുചരന്മാരും പ്രത്യേകക്കാരുമാണ്. ഒരു വ്യക്തിയേയും അയാളുടെ പ്രത്യേകക്കാരേയും ശകാരിക്കുക, അവരെ ആക്ഷേപിക്കുക എന്നതെല്ലാം അദ്ദേഹത്തെ ദ്രോഹിക്കുമെന്നത് സംശയ രഹിതമായ കാര്യമാണ്. പ്രവാചകനെ ﷺ ദ്രോഹിക്കൽ കുഫ്റാണെന്നത് സർവ്വാംഗീകൃതമാണെല്ലോ.
‘കുഫ്റ് ‘, ‘രിദ്ദത്ത് ‘ , ‘ഫിസ്ക്വ് ‘ എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ അവരിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കുന്നതിന്റെ വിധി വ്യക്തമാക്കിക്കൊണ്ട് ശെയ്ഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യഃ പറഞ്ഞു:
“എന്നാൽ, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലശേഷം സ്വഹാബികളിൽ പത്തിൽ ചില്ലാനം പേരൊഴിച്ച് ബാക്കിയെല്ലാവരും മുർതദ്ദുകളായി (മതപരിത്യാഗികളായി) എന്നോ സ്വഹാബികൾ മൊത്തത്തിൽ ഫാസിക്വുകളായി (അധർമ്മകാരികളായി) എന്നോ വല്ലവനും ജൽപിച്ചാൽ അവൻ കാഫിറായി എന്നതിൽ സംശയമില്ല. കാരണം, “അല്ലാഹു സ്വഹാബികളെ തൃപ്തിപ്പെട്ടിരിക്കുന്നു, വാഴ്ത്തിയിരിക്കുന്നു” എന്നെല്ലാം വിശുദ്ധ ക്വുർആനിൽ വ്യക്തമായി വന്നതിനെ കളവാക്കുന്നവനാണ് അത്തരക്കാരൻ. മാത്രമല്ല, ഇത്തരക്കാരുടെ കുഫ്റിൽ സംശയിക്കുന്നവനും കുഫ്റിലാണെന്നത് നിശ്ചിതമാണ്. ……’കുഫ്റ് ‘, ‘രിദ്ദത്ത് ‘ , ‘ഫിസ്ക്വ് ‘ എന്നി വകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ അവരിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കുന്നവൻ കാഫിറാണെന്നത് ദീനിൽ അനിവാര്യമായും അറിയപ്പെട്ടതാണ്”. (അസ്സ്വാരിമുൽ മസ്ലൂൽ 586, 587 നോക്കുക)
ഇമാം ഇബ്നു ഹജറുൽ ഹയ്ഥമി പറഞ്ഞു:
“സ്വഹാബികളിൽ ചിലരെ ആക്ഷേപിക്കുന്നതിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. എന്നാൽ, അവരെ മൊത്തത്തിൽ ആക്ഷേപിക്കൽ കുഫ്റെന്നതിൽ സംശയമില്ല.” (അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 379 നോക്കുക)
മുമ്പ് സൂചിപ്പിച്ച തെളിവുകൾ നന്നേ വ്യക്തമാണെന്നിരിക്കെ തന്നെ വേറേയും തെളിവുകൾ ചില പണ്ഡിതർ ഉണർത്തിയിട്ടുണ്ട്. അവയിൽ ചിലത് താഴെ നൽകുന്നു:
ഒന്ന്: സൂറത്തുൽഫത്ഹിന്റെ അവസാന വചനത്തിന് പണ്ഡി തന്മാർ നൽകിയ വ്യാഖ്യാനം. അല്ലാഹു പറഞ്ഞു:
مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖتَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٢٩﴾
“മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമു ള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്ന വരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹു വിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേൽ നിവർന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ട് വരുന്നത്) അവർ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാൻ വേണ്ടിയാകുന്നു…” (വി. ക്വു. അൽ ഫത്ഹ്: 29)
സ്വഹാബികളോട് വൈരം വെക്കുന്ന റാഫിദ്വികൾ കാഫിറാകുമെന്ന് ഈ വചനത്തെ വ്യാഖ്യാനിച്ച് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. കാരണം, സ്വഹാബികളാണ് അവരെ അരിശം പിടിപ്പി ക്കുന്നത്. വല്ലവനും സ്വഹാബികൾ കാരണം അരിശംപിടിച്ചാൽ അവൻ കാഫിറാകുന്നു. ഇമാം മാലികിന്റെ ഈ അഭിപ്രായ ത്തോട് ഇമാം ശാഫിഈയും മറ്റും യോജിച്ചിട്ടുണ്ട്.
(അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 317 ഉം, തഫ്സീർ ഇബ്നു കഥീർ 4: 204 ഉം നോക്കുക)
രണ്ട്: അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
آيَةُ الإِيمَانِ حُبُّ الأَنْصَارِ ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ
“അൻസ്വാരികളെ സ്നേഹിക്കൽ ഈമാനിന്റെ ലക്ഷണമാണ്. അൻസ്വാരികളെ വെറുക്കൽ നിഫാക്വിന്റെ ലക്ഷണവുമാണ് (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
لاَ يُحِبُّهُمْ إِلاَّ مُؤْمِنٌ وَلاَ يُبْغِضُهُمْ إِلاَّ مُنَافِقٌ
“സത്യവിശ്വാസിയല്ലാതെ അവരെ(അൻസ്വാരികളെ) സ്നേഹിക്കുകയില്ല. കപടവിശ്വാസിയല്ലാതെ അവരോട്ദേ ഷ്യപ്പെടുകയുമില്ല” (ബുഖാരി, മുസ്ലിം)
അബൂ ഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
لاَ يُبْغِضُ الأَنْصَارَ رَجُلٌ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ
“അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ച ഒരു വ്യക്തി അൻസ്വാരികളോട് ദേഷ്യപ്പെടുകയില്ല” (മുസ്ലിം)
വല്ലവനും അവരെ ഇകഴ്ത്തുക യായാൽ അവൻ അവരോട് ദേഷ്യം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതോടെ, അയാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാത്ത കപടനാവുക എന്നത് അനിവാര്യമായി.
മൂന്ന്: അബൂബകറി رَضِيَ اللَّهُ عَنْهُ നെക്കാൾ തന്നെ ശ്രേഷ്ഠപ്പെടുത്തുന്നവരെ ഉമർ ഇബ്നുൽ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ തന്റെ വടികൊണ്ട് അടിക്കുമായിരുന്നു എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ശേഷം അദ്ദേഹം പറയും:
“അല്ലാഹുവിന്റെ റസൂൽ ﷺ കഴിഞ്ഞാൽ അബൂബകർ رَضِيَ اللَّهُ عَنْهُ പല വിഷയങ്ങളിലും ജനങ്ങളിൽ ശ്രേഷ്ഠനായിരുന്നു.”
(ഫദ്വാഇലുസ്സ്വഹാബഃ, ഇമാം അഹ്മദ്. അസ്സ്വാരിമുൽ മസ്ലൂൽ 585 ൽ ഇബ്നു തയ്മിയ്യഃ ഈ ‘അഥർ’ സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്). ശേഷം അദ്ദേഹം പറയും:
“വല്ലവനും ഇതിനപ്പുറം പറഞ്ഞാൽ അപവാദം പറയുന്നവരുടെ മേൽ നാം നടപ്പാക്കുന്ന ശിക്ഷ അവനിൽ നടപ്പാക്കും.”
(ഫദ്വാഇലുസ്സ്വഹാബഃ, ഇമാം അഹ്മദ്. അസ്സ്വാരിമുൽ മസ്ലൂൽ 585 ൽ ഇബ്നു തയ്മിയ്യഃ ഈ “അഥർ’ സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്)
അമീറുൽ മുഅ്മിനീൻ അലിയ്യ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
لا يفضلني أحد على أبي بكر و عمر إلا جلدته حد المفتري
“ആരും എന്നെ അബൂബകറിനേക്കാളും ഉമറിനേക്കാളും ശ്രേഷ്ഠ പ്പെടുത്തരുത്. അങ്ങിനെ ചെയ്യുന്നവരുടെമേൽ ഞാൻ അപവാദം പറയുന്നവരുടെമേൽ നടപ്പാക്കുന്ന ശിക്ഷ നടപ്പാക്കുകതന്നെ ചെയ്യും.”
(ഫദ്വാഇലുസ്സ്വഹാബഃ, ഇമാം അഹ്മദ്. അൽബാനി ഈ “അഥറി’ന്റെ സനദ് “ഹസൻ’ ആണെന്ന് പറഞ്ഞിട്ടുണ്ട്)
കേവലം ശ്രേഷ്ഠപ്പെടുത്തി സംസാരിക്കുന്നതിൽ ചീത്ത വിളിയോ മോശപ്പെടുത്തലോ ഇല്ലെന്നിരിക്കെ ഖുലഫാഉർ റാശിദീങ്ങളിൽ രണ്ടുപേരായ അലി رَضِيَ اللَّهُ عَنْهُ യും ഉമറും رَضِيَ اللَّهُ عَنْهُ അബൂബകറി رَضِيَ اللَّهُ عَنْهُ നേക്കാളും ഉമറി رَضِيَ اللَّهُ عَنْهُ നേക്കാളും അലി رَضِيَ اللَّهُ عَنْهُ യെ ശ്രേഷ്ഠപ്പെടുത്തുന്ന, അല്ലെങ്കിൽ അബൂബകറി رَضِيَ اللَّهُ عَنْهُ നേക്കാൾ ഉമറി رَضِيَ اللَّهُ عَنْهُ നെ ശ്രേഷ്ഠപ്പെടുത്തുന്ന ആളുകളിൽ അപവാദ പ്രചാരണം നടത്തുന്നവർക്കുള്ള ശിക്ഷ നടപ്പിലാക്കുമ്പോൾ അവരെ ഇകഴ്ത്തി സംസാരിക്കുന്നതി നും ചീത്തപറയുന്നതിനും അലി رَضِيَ اللَّهُ عَنْهُ യുടേയും ഉമറി رَضِيَ اللَّهُ عَنْهُ ന്റേയും അടുക്കൽ ശിക്ഷ ഇതിനേക്കാൾ കഠിനമാണെന്ന് അറിയുവാൻ സാധിക്കും.
രണ്ട്
സ്വഹാബികളുടെ മതനിഷ്ഠയെ അപകീർത്തിപ്പെടുത്തി സംസാരിക്കൽ. ഖുലഫാഉർ റ്വാശിദീങ്ങളെ പോലുള്ള, മഹത്വത്തിന്റെ വിഷയത്തിൽ പ്രമാണങ്ങൾ (മുതവാതിറായി) സ്ഥിരപ്പെട്ട സ്വഹാബികളെ കുഫ്റ് (അവിശ്വാസം) കൊണ്ടോ ഫിസ്ക്വ്(ദുർനടപ്പ്) കൊണ്ടോ തെറ്റിദ്ധരിക്കൽ. ഇത്തരം സ്വഹാബികളുടെ മതനിഷ്ഠയെ അപകീർത്തിപ്പെടുത്തി സംസാരിക്കൽ കുഫ്റ് ആണ് എന്നതാണ് സ്വഹീഹായ അഭിപ്രായം. കാരണം, മുതവാതിറായി വന്ന ഒരു കാര്യത്തെ കളവാക്കലാണ് അതിൽ ഉള്ളത്.
സുഹ്നൂൻ പറഞ്ഞു:
“അബൂബകർ, ഉമർ, ഉഥ്മാൻ, അലി എന്നിവർ വഴികേടിലും കുഫ്റിലുമായിരുന്നു എന്ന് വല്ലവനും പറഞ്ഞാൽ അവൻ വധിക്കപ്പെടണം. ഇതര സ്വഹാബികളെ വല്ലവനും ഇതുപോലെ ശകാരിച്ചാൽ അവൻ കഠിനമായി ശിക്ഷിക്കപ്പെടണം.”
(അശ്ശിഫാ ബി തഅ്രീഫി ഹുക്വൂക്വിൽ മുസ്വ്ത്വഫാ 2: 1109 ഹിശാം)
ഇബ്നു അമ്മാർ പറഞ്ഞു:
“ഇമാം മാലിക് ജ പറയുന്നതായി ഞാൻ കേട്ടു. വല്ലവനും അബൂബകർ, ഉമർ എന്നിവരെ ശകാരിച്ചാൽ അവൻ വധിക്കപ്പെടണം. വല്ലവനും ആഇശഃ رَضِيَ اللَّهُ عَنْها ഉമ്മയെ ശകാരിച്ചാൽ അവനും വധി ക്കപ്പെടണം. കാരണം, ആഇശഃ ഉമ്മ رَضِيَ اللَّهُ عَنْها യുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:
يَعِظُكُمُ اللَّهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾
“നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ ഇതു പോലുള്ളത് ഒരിക്കലും നിങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു” (വി. ക്വു. അന്നൂർ: 17)
അതിനാൽ, വല്ലവനും അവരെ അപവാദം പറഞ്ഞാൽ അവൻ വിശുദ്ധ ക്വുർആനിനോട് എതിരായി. വല്ലവനും വിശുദ്ധ ക്വുർആനിനോട് എതിരായാൽ അവൻ വധിക്കപ്പെടണം.” (അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 384 നോക്കുക)
ഇമാം മാലിക് പറഞ്ഞതായി ഇപ്രകാരം മറ്റൊരു റിപ്പോർട്ടുണ്ട്:
“വല്ലവനും അബൂബകറി رَضِيَ اللَّهُ عَنْهُ നെ ആക്ഷേപിച്ചാൽ അവൻ അടിക്കപ്പെടണം. വല്ലവനും ആഇശാ رَضِيَ اللَّهُ عَنْها യെ ആക്ഷേപിച്ചാൽ അവൻ വധി ക്കപ്പെടണം.” അദ്ദേഹം ചോദിക്കപ്പെട്ടു: എന്ത് കാരണത്താൽ? അദ്ദേഹം പറഞ്ഞു: “വല്ലവനും ആഇശാرَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറഞ്ഞാൽ അവൻ വിശുദ്ധ ക്വുർആനിന് എതിര് നിൽക്കുന്നു. “ഇവിടെ ഇമാം മാലികിന്റെ, “അബൂബകറി رَضِيَ اللَّهُ عَنْهُ നെ കുറിച്ച് ആക്ഷേപസ്വരത്തിൽ സംസാരിച്ചാൽ അവൻ അടിക്കപ്പെടണം” എ ന്ന വാക്ക് കുഫ്റിലേക്ക് എത്തിക്കാത്ത രീതിയിലുള്ള ആക്ഷേപ സംസാരത്തെ കുറിച്ചാണെന്നാണ് വ്യക്തമാകുന്നത്. കാരണം, ശേഷം അദ്ദേഹം പറഞ്ഞ “വല്ലവനും ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറഞ്ഞാൽ അവൻ വിശുദ്ധ ക്വുർആനിന് എതിര് നിൽക്കുന്നു” എന്ന സംസാരം അത് വ്യക്തമാക്കുന്നു. ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറയൽ കാഫിറാക്കുന്ന രീതിയിലുള്ള ശകാര വർത്തമാനമാണ്; എല്ലാ സംസാരവുമല്ല. മാത്രവുമല്ല, അബൂബകറി رَضِيَ اللَّهُ عَنْهُ ന് താഴെ കിടയിലുള്ളവരെ കാഫിറാക്കിയാൽ തന്നെ അവൻ വധിക്കപ്പെടണം എന്ന് ഇമാം മാലിക് പറഞ്ഞതായി സ്ഥിരപ്പെട്ടിരിക്കുന്നു” (അശ്ശിഫാ ബി തഅ്രീഫി ഹുക്വൂക്വിൽ മുസ്വ്ത്വഫാ 2: 1109)
അബൂബകറി رَضِيَ اللَّهُ عَنْهُ നെ കുറിച്ച് ആക്ഷേപിച്ച് സംസാരിച്ചാലുള്ള വിധിയെ കുറിച്ച് സംസാരിക്കവെ ഉപരിസൂചിതമായ ആശയത്തോട് സമാനമായി ഇബ്നു ഹജർ അൽഹയ്ഥമി പറഞ്ഞു:
“ചുരുക്കത്തിൽ, അബൂബകറി رَضِيَ اللَّهُ عَنْهُ നെ ശകാരിക്കൽ ഹനഫികളുടെ അടുക്കൽ കുഫ്റ് ആകുന്നു. ശാഫിഇകളുടെ അടുക്കൽ രണ്ട് കാഴ്ചപ്പാടുകളിൽ ഒന്ന് അബൂബകറി رَضِيَ اللَّهُ عَنْهُ നെ ശകാരിക്കൽ കുഫ്റ് ആകുന്നു എന്നതാണ്. മാലികീ മദ്ഹബിൽ പ്രസിദ്ധമായത്, അബൂബകറി رَضِيَ اللَّهُ عَنْهُ നെ ശകാരിക്കൽ കുഫ്റ് അല്ല; ശകാരിക്കുന്നവന് അടി ശിക്ഷയായി നൽകണം എന്നതാണ്. എന്നാൽ, മുമ്പ് സൂചിപ്പിച്ചതുപോലെ ഖവാരിജുകളിൽനിന്ന് ഉണ്ടായതുപോലുള്ള ശകാരവാക്കുകൾ കുഫ്റ് തന്നെയാണെന്ന് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. എങ്കിൽ, ഇമാം മാലികിന്റെ അടുത്ത് വിഷയത്തിന് രണ്ട് അവസ്ഥകളാണ് ഉള്ളത്. അബൂബകറി رَضِيَ اللَّهُ عَنْهُ നെ കാഫിറാക്കാതെയുള്ള ശകാര സംസാരം നടത്തിയവൻ കഫിറാവുകയില്ല; അദ്ദേഹത്തെ കാഫിറാക്കിക്കൊണ്ട് സംസാരം നടത്തിയവൻ കാഫിറാകും.” (അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 386)
ഇബ്നു ഹജർ അൽഹയ്ഥമിജ വീണ്ടും പറയുന്നു:
“അബൂബകറി رَضِيَ اللَّهُ عَنْهُ നേയും സ്വർഗ്ഗം കൊണ്ട് പ്രവാചകൻ ﷺ സാക്ഷ്യം പറഞ്ഞവരേയും തക്ഫീർ ചെയ്യുന്നതിനെ (കാഫിറാക്കുന്ന തിനെ) കുറിച്ചുള്ള വിഷയത്തിൽ ശാഫിഈ ഫുക്വഹാക്കൾ സംസാരിച്ചിട്ടില്ല. എന്നാൽ, ഞാൻ ഖണ്ഡിതമായും അഭിപ്രായപ്പെടുന്നത് (അബൂബകറി رَضِيَ اللَّهُ عَنْهُ നേയും സ്വർഗ്ഗം കൊണ്ട് പ്രവാചകൻ ﷺ സാ ക്ഷ്യം പറഞ്ഞവരേയും) തക്ഫീർ ചെയ്യുന്നത് കുഫ്റ് ആകുന്നു എന്നാണ്” (അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 386)
അബ്ദുൽ ജബ്ബാർ അബ്ദുല്ല