ഇൗ നാമത്തിന് അസ്സബ്ബൂഹ് എന്നും അസ്സുബ്ബൂഹ് എ ന്നും ഉച്ചാരണമുണ്ട്. എന്നാൽ ഇമാം നവവിജയും മറ്റും പറ ഞ്ഞതുപോലെ അസ്സുബ്ബൂഹ് എന്ന ഉച്ചാരണമാണ് ഏറ്റവും സ്ഫു ടവും കൂടുതലും.
എല്ലാവിധ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ആരാധ്യതക്കു അനുയോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും പങ്കാളികളിൽ നിന്നും പരിശുദ്ധമാക്കപ്പെട്ടവനാണ് അസ്സുബ്ബൂഹ്.
ഇമാം അൽഖത്വാബിജ പറയുന്നു: എല്ലാവിധ കുറവുക ളിൽനിന്നും പരിശുദ്ധമാക്കപെട്ടവനാകുന്നു അസ്സുബ്ബൂഹ്.
അല്ലാഹുവിന്റെ ഇൗ തിരുനാമം ഹദീഥുകളിലാണ് വന്നി ട്ടുള്ളത്. ഉമ്മുൽമുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നുള്ള ഹദീഥിൽ ഇ പ്രകാരം ഉണ്ട്. നബി ﷺ തന്റെ റുകൂഇലും സുജൂദിലും ഇപ്രകാരം പറയുമായിരുന്നു:
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ
“പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടേയും റൂഹിന്റേയും റബ്ബുമാകുന്നു അല്ലാഹു.”
ഇമാം നവവിജ പറഞ്ഞു: ഇബ്നുഫാരിസും സബീദിയും പറഞ്ഞിരിക്കുന്നു: സുബ്ബൂഹ് അല്ലാഹു ആകുന്നു. അസ്സുബ്ബൂഹ് കൊണ്ട് ഉദ്ദേശ്യം അൽക്വുദ്ദൂസ് ആകുന്നു.. .. .. എല്ലാവിധ ന്യൂന തകളിൽനിന്നും പങ്കാളികളിൽനിന്നും ആരാധ്യതക്കു അനുയോ ജ്യമല്ലാത്ത കാര്യങ്ങളിൽനിന്നും മുക്തമാക്കപ്പെടുന്നവനാണ് അ സ്സുബ്ബൂഹ്. സ്രഷ്ടാവിനു അനുയോജ്യമല്ലാത്ത കാര്യങ്ങളിൽനിന്ന് പരിശുദ്ധമാക്കപ്പെടുന്നവനാണ് ക്വുദ്ദൂസ്.
അസ്സജ്ജാജ്ജ പറഞ്ഞു: എല്ലാ മോശമായതിൽനിന്നും പരിശുദ്ധമാക്കപ്പെടുന്നവനാണ് അസ്സുബ്ബൂഹ്.
فَضَائِلُ التَّسْــــــــبِيحِ
തസ്ബീഹിന്റെ മഹത്വങ്ങൾ
അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നതിന്റെ മഹത്വങ്ങളും സന്ദർഭങ്ങളും അറിയിക്കുന്ന ധാരാളം വചനങ്ങൾ വിശുദ്ധ ക്വുർ ആനിലും തിരുസുന്നത്തിലും വന്നിട്ടുണ്ട്. വിവിധ പ്രയോഗങ്ങളിലൂ ടെയും ശൈലികളിലൂടെയും എൺപതിലേറെ തവണ തസ്ബീഹ് വിശുദ്ധക്വുർആനിൽ തന്നെ വന്നിട്ടുണ്ട്.
വിശുദ്ധക്വുർആനിലെ എട്ടു സൂറത്തുകളുടെ തുടക്ക വചനങ്ങൾ അല്ലാഹുവിനു തസ്ബീഹ് ഉൾകൊണ്ടതായി നമുക്കു കാണാം:
سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿١﴾ (النحل: ١) سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (الإسراء: ١) سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ (الحديد:١، الحشر: ١، الصف: ١) يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ الجمعة: ١، التغابن: ١) سَبِّحِ اسْمَ رَبِّكَ الْأَعْلَى ﴿١﴾ (الأعلى: ١)
മുഴുവൻ പടപ്പുകളാലും തസ്ബീഹ് നിർവഹിക്കപ്പെടുന്നവ നാണ് അസ്സുബ്ബൂഹ് ആയ അല്ലാഹു.
تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ (الإسراء: ٤٤)
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരി ശുദ്ധിയെ പ്രകീർത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ചു കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കാത്ത തായി ഇല്ല. പക്ഷെ അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുക യില്ല… (വി. ക്വു. 17: 44)
മലക്കുകൾ അല്ലാഹുവിന്ന് തസ്ബീഹ് ചെയ്യുന്നവരാണ്. മലക്കുകളുടെ തസ്ബീഹിന്റെ വിഷയത്തിൽ ആറു വചനങ്ങൾ വി ശുദ്ധ ക്വുർആനിലുണ്ട്.
الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ (غافر: ٧)
സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മല ക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുന്നു… (വി. ക്വു. 40: 7)
وَمَنْ عِندَهُ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلَا يَسْتَحْسِرُونَ ﴿١٩﴾ يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ ﴿٢٠﴾ (الأنبياء: ١٩، ٢٠)
…അവന്റെ അടുക്കലുള്ളവർ (മലക്കുകൾ) അവനെ ആരാധിക്കു ന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവർക്ക് ക്ഷീണം തോന്നുകയുമി ല്ല. അവർ രാവും പകലും (അല്ലാഹുവിന്റെ പരിശുദ്ധിയെ) പ്രകീർ ത്തിച്ചു കൊണ്ടിരിക്കുന്നു. അവർ തളരുകയില്ല… (വി. ക്വു. 21: 19, 20)
وَإِنَّا لَنَحْنُ الصَّافُّونَ ﴿١٦٥﴾ وَإِنَّا لَنَحْنُ الْمُسَبِّحُونَ ﴿١٦٦﴾ (الصافات: ١٦٥، ١٦٦)
തീർച്ചയായും ഞങ്ങൾ തന്നെയാണ് അണിനിരന്നു നിൽക്കുന്ന വർ. തീർച്ചയായും ഞങ്ങൾ തന്നെയാണ് (അല്ലാഹുവിന്റെ) പരി ശുദ്ധിയെ പ്രകീർത്തിക്കുന്നവർ. (വി. ക്വു. 37: 165, 166)
ജന്തുമൃഗാദികളും പർവ്വതങ്ങളും അല്ലാഹുവിന്ന് തസ്ബീ ഹ് ചെയ്യുന്നവയാണ്.
إِنَّا سَخَّرْنَا الْجِبَالَ مَعَهُ يُسَبِّحْنَ بِالْعَشِيِّ وَالْإِشْرَاقِ ﴿١٨﴾ وَالطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُ أَوَّابٌ ﴿١٩﴾ (ص: ١٨، ١٩)
സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീർത്ത നം നടത്തുന്ന നിലയിൽ നാം പർവ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു. ശേഖരിക്കപ്പെട്ട നിലയിൽ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു. (വി. ക്വു. 38: 18, 19)
أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ ۗ (النور: ٤١)
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവർത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തർക്കും തന്റെ പ്രാർത്ഥനയും കീർത്തനവും എങ്ങനെയെന്ന് അറിവുണ്ട്…(വി.ക്വു. 24:41)
തിരുമേനി ﷺ യോട് തസ്ബീഹ് ചെയ്യുവാനുള്ള അല്ലാഹുവിന്റെ കൽപനകൾ നോക്കൂ:
فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ ﴿٩٨﴾ (الحجر: ٩٨)
ആകയാൽ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് നീ സ്തോ ത്രകീർത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂ ട്ടത്തിലായിരിക്കുകയും ചെയ്യുക. (വി. ക്വു. 15: 98)
وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا ﴿٢٦﴾ (الإنسان: ٢٦)
രാത്രിയിൽ നീ അവനെ പ്രണമിക്കുകയും ദീർഘമായ നിശാവേളയിൽ അവനെ പ്രകീർത്തിക്കുകയും ചെയ്യുക. (വി. ക്വു. 76: 26)
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا ﴿٣﴾ (النصر: ٣)
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീർത്തിക്കുകയും, നീ അവനോടു പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (വി. ക്വു. 110: 3)
സത്യവിശ്വാസികളോടു തസ്ബീഹ് ചെയ്യുവാൻ അല്ലാഹുവിന്റെ കൽപന നോക്കൂ:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٤٢﴾ (الأحزاب: ٤١، ٤٢)
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനു സ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീർ ത്തിക്കുകയും ചെയ്യുവിൻ. (വി. ക്വു. 33: 41, 42)
അല്ലാഹുവെ വാഴ്ത്തുവാനുള്ള വിശേഷണങ്ങളെ സ്ഥാ പിച്ചുകൊണ്ടോ ആക്ഷേപാർഹമായ വർണന അല്ലാഹുവിനു നിരാകരിച്ചുകൊണ്ടോ വിശുദ്ധ ക്വുർആനിൽ ഇരുപത്തഞ്ച് സ്ഥലങ്ങളിൽ സുബ്ഹാന എന്ന പദം വന്നിട്ടുണ്ട്.
وَقَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ بَل لَّهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ (البقرة: ١١٦)
അവർ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധൻ! അങ്ങനെയല്ല, ആകാശഭൂമിക ളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു… (വി. ക്വു. 2: 116)
മുഴുവൻ പടപ്പുകളുടേയും സ്വലാത്ത് തസ്ബീഹ് ചെയ്യലാ ണെന്നും അതുകൊണ്ടാണ് ഉപജീവനം ലഭിക്കപ്പെടുന്നതെന്നും തിരുമൊഴിയിലുണ്ട്. അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്നും നി വേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു
إِنَّ نُوحًا عَلَيْهِ السَّلَام لَمَّا حَضَرَتْهُ الْوَفَاةُ دَعَا ابْنَيْهِ، فَقَالَ: إِنِّي قَاصِرٌ عَلَيْكُمَا الْوَصِيَّةَ، آمُرُكُمَا بِاثْنَتَيْنِ وَأَنْهَاكُمَا عَنْ اثْنَتَيْنِ، أَنْهَاكُمَا عَنْ الشِّرْكِ وَالْكِبْرِ، وَآمُرُكُمَا بِلَا إِلَهَ إِلَّا اللَّهُ ، فَإِنَّ السَّمَوَاتِ وَالْأَرْضَ وَمَا فِيهِمَا لَوْ وُضِعَتْ فِي كِفَّةِ الْمِيزَانِ وَوُضِعَتْ لَا إِلَهَ إِلَّا اللَّهُ فِي الْكِفَّةِ الْأُخْرَى كَانَتْ أَرْجَحَ، وَلَوْ أَنَّ السَّمَوَاتِ وَالْأَرْضَ كَانَتَا حَلْقَةً فَوُضِعَتْ لَا إِلَهَ إِلَّا اللَّهُ عَلَيْهَا لَفَصَمَتْهَا أَوْ لَقَصَمَتْهَا، وَآمُرُكُمَا بِسُبْحَانَ اللَّهِ وَبِحَمْدِهِ فَإِنَّهَا صَلَاةُ كُلِّ شَيْءٍ وَبِهَا يُرْزَقُ كُلُّ شَيْءٍ.
നിശ്ചയം, നൂഹ് (അ) തന്റെ മരണം ആസന്നമായപ്പോൾ തന്റെ ഇരുമക്കളേയും വിളിച്ചുകൊണ്ടു പറഞ്ഞു:
“വസ്വിയ്യത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങൾക്കു കുറവ് വരുത്തിയവനാണ്.
രണ്ടുകാര്യങ്ങൾ ഞാൻ നിങ്ങളോടു കൽപിക്കുകയും രണ്ടു കാര്യങ്ങൾ നിങ്ങളോടു വിരോധിക്കുകയും ചെയ്യുന്നു,
അല്ലാഹുവിൽ പങ്കുചേർക്കലും അഹങ്കാരവും ഞാൻ നിങ്ങളോടു വിരോധിക്കുന്നു.
“ലാ ഇലാഹ ഇല്ലല്ലാഹ് ‘ കൊണ്ടു ഞാൻ നിങ്ങളോടു കൽപിക്കുന്നു.
തീർച്ചയായും ആകാശഭൂമികളും അവയിലുള്ളതും തുലാസിന്റെ ഒരു തട്ടിലും “ലാഇലാഹ ഇല്ലല്ലാഹ് ‘ മറ്റേ തട്ടിലും വെക്കപ്പെ ട്ടാൽ അത് (ലാഇലാഹ ഇല്ലല്ലാഹ്) കനം തൂങ്ങും.
തീർച്ചയായും ആകാശഭൂമികൾ രണ്ടും ഒരു വളയമാണെങ്കിൽ “ലാ ഇലാഹ ഇല്ലല്ലാഹ് ‘ അതിന്മേൽ വെക്കപ്പെട്ടാൽ അത് അ തിനെ മുറിച്ചുകളയും അല്ലെങ്കിൽ തകർത്തുകളയും. നിങ്ങളോടു കൽപിക്കുന്ന മറ്റൊരു കാര്യം “സുബ്ഹാന ല്ലാഹി വബിഹംദിഹി’ (എന്ന ദിക്റ്) ആണ്.
തീർച്ചയായും അത് എല്ലാ വസ്തുക്കളുടേയും പ്രാർത്ഥനയാണ്. അതുകൊണ്ട് എല്ലാ വസ്തുക്കൾക്കും ഉപജീവനം നൽകപ്പെടുന്നു.”
ഏതാനും തസ്ബീഹുകൾ:
വല്ലവരും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും,
سُبـْحَانَ اللهِ وَبِحَمْدِهِ
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശു ദ്ധിയെ ഞാൻ വാഴ്ത്തുന്നു. എന്ന് നൂറുതവണ പറഞ്ഞാൽ അ വൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ പറഞ്ഞതുപോ ലുള്ള അല്ലെങ്കിൽ അതിനേക്കാൾ അധികം ചൊല്ലിയ വ്യക്തിയൊഴികെ എന്ന് നബി ﷺ പറഞ്ഞതായി ഇമാം മുസ്ലിമും ഇമാം തിർമുദിയും നിവേദനം ചെയ്ത ഹദീഥുകളിലുണ്ട്.
ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും,
سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ
മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊ പ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. എന്ന് നൂറു തവണ പറഞ്ഞാൽ അവൻ പൂർത്തീകരിച്ചു നിർവഹിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും നിർവഹിച്ചിട്ടില്ലെന്ന് നബി ﷺ പറഞ്ഞതായി സുനനുഅബീദാവൂദിലുണ്ട്.
മേൽപറഞ്ഞ ദിക്ർ ചൊല്ലുന്നവർക്ക് സ്വർഗത്തിൽ ഒരു ഇൗത്തപ്പന നട്ടുപിടിപ്പിക്കപ്പെടുമെന്ന് ജാബിറി رَضِيَ اللَّهُ عَنْهُ ന്റെ ഹദീഥിലുണ്ട്.
ചുവടെ വരുന്ന രണ്ടു വചനങ്ങൾ,
سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيمِ
നാവിന് ഭാരമില്ലാത്തവയും മീസാനിൽ ഭാരമുള്ളവയും റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണെന്ന് നബി ﷺ പറഞ്ഞതാ യി ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്.
ജുവയ്രിയ്യഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടു ക്കൽനിന്ന് പുറപ്പെട്ടു. അവർ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരു ന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങിവ ന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. തിരുമേനി ﷺ ചോദിച്ചു: ഞാൻ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവ സ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും. അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: ഞാൻ നിങ്ങളെ പിരിഞ്ഞ ശേഷം നാലു വചനങ്ങൾ മൂന്നുതവണ ചൊല്ലുകയുണ്ടായി. ഇന്നു നിങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്തു തൂക്കുകയാണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” (മുസ്‌ലിം)
سُبْحَانَ اللَّهِ عَدَدَ خَلْقِهِ ، سُبْحَانَ اللَّهِ رِضَا نَفْسِهِ ، سُبْحَانَ اللَّهِ زِنَةَ عَرْشِهِ ، سُبْحَانَ اللَّهِ مِدَادَ كَلِمَاتِهِ
അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം.
ഈ തസ്ബീഹിന്റെ മറ്റൊരു രൂപവും നിവേദനം ചെയ്യപെട്ടിട്ടുണ്ട്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല