അല്ലാഹു മുസ്ലിംകളുടെ ദൈവവും വിശുദ്ധ ഖുര്‍ആന്‍ മുസ്ലിംകള്‍ക്കായുള്ള വേദഗ്രന്ഥവും മുഹമ്മദ് നബി(സ്വ) മുസ്ലിംകളിലേക്കുള്ള പ്രവാചകനുമാണെന്നാണ് അധികം ജനങ്ങളും വിശ്വസിക്കുന്നത്. അപ്രകാരം വിശ്വസിക്കുന്ന ചില മുസ്ലിംകളുമുണ്ട്. എന്നാല്‍ അല്ലാഹു ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും ദൈവമാണെന്നും അവ൪ക്ക് വേണ്ടി അല്ലാഹു അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്നും അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനാണ് മുഹമ്മദ് നബി(സ്വ) എന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ അധ്യായമായ സൂറതുന്നാസ്സില്‍ അല്ലാഹു പറയുന്നു:
قُلْ أَعُوذُ بِرَبِّ ٱلنَّاسِ
مَلِكِ ٱلنَّاسِ
إِلَٰهِ ٱلنَّاس
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
മനുഷ്യരുടെ രാജാവിനോട്.
മനുഷ്യരുടെ ദൈവത്തോട്. (ഖു൪ആന്‍:114/1-3)
ഈ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണുന്ന ഒരു അത്ഭുതകരമായ ആശയമുണ്ട്. രക്ഷിതാവിനോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ രക്ഷിതാവ് എന്നും രാജാവിനോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ രാജാവ് എന്നും ദൈവത്തോട് എന്ന് പറയുന്നിടത്ത് മനുഷ്യരുടെ ദൈവത്തോട് എന്നും പറയുന്നു. ഭൂമിയിലെ ഏതെങ്കിലും ജനവിഭാഗത്തെയോ നാടിനെയോ സൂചിപ്പിക്കാതെ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ആ പദപ്രയോഗം എത്ര മാത്രം ശ്രദ്ധേയമാണ്. ഖുര്‍ആന്‍ മാനവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന മഹത്തായ സന്ദേശമാണ് ഇത്. അതായത് ഇസ്‌ലാം പരിചയപ്പെടുത്തുന്ന ആരാധ്യന്‍ മനുഷ്യരുടെ രക്ഷിതാവും രാജാവും ദൈവവുമായ അല്ലാഹുവാണ്.
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. (ഖു൪ആന്‍:4/1) (ഖു൪ആന്‍:22/1)
വിശുദ്ധ ഖുര്‍ആന്‍ തുറന്നു നോക്കിയാൽ ആദ്യം കാണുന്ന അല്ലാഹുവിന്റെ കൽപന അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന കൽപനയാണ്. അവിടെ മുസ്ലിംകളെ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക എന്നല്ല, പ്രത്യുത മനുഷ്യരെ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്. മുഴുവന്‍ മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതുതന്നെ അവനെ ആരാധിക്കുന്നതിന് വേണ്ടിയാണ്.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
മനുഷ്യരെ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. (ഖു൪ആന്‍:2/21)
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍:51/56)
ഇതര മതവിഭാഗങ്ങള്‍ക്ക് പ്രത്യേകം ആരാധ്യന്മാരുള്ളത് പോലെ മുസ്‌ലിംകളുടെ ആരാധ്യന്‍ മാത്രമാണ് അല്ലാഹു, അല്ലാഹു മുസ്‌ലിംകള്‍ക്ക് മാത്രം പ്രാര്‍ത്ഥിക്കാനുള്ള ദൈവമാണ് എന്നീ ധാരണകളെയെല്ലാം ഈ വചനങ്ങള്‍ തിരുത്തുന്നു. ഇസ്‌ലാം പരിചയപ്പെടുത്തുന്നത് സകല മനുഷ്യരുടെയും ആരാധ്യനും രക്ഷിതാവും രാജാവുമായ സ്രഷ്ടാവിനെയാണ്.ഈ വസ്തുത മുഴുവന്‍ മനുഷ്യരും തിരിച്ചറിയേണ്ടതുണ്ട്.
അന്തിമ പ്രവാചകനായ മുഹമ്മദ് നബിക്ക്(സ്വ) അല്ലാഹുവില്‍ നിന്നും അവതരിക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ഈ ദൈവിക ഗ്രന്ഥം മുസ്‌ലിംകള്‍ക്കോ അറബികള്‍ക്കോ മാര്‍ഗദര്‍ശനമാണ് എന്നല്ല, മറിച്ച് ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമാണ് എന്നാണ് അല്ലാഹു പറയുന്നത്.
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ
മനുഷ്യ൪ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. (ഖു൪ആന്‍:2/185)
മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്.
الٓر ۚ كِتَٰبٌ أَنزَلْنَٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ
അലിഫ് ലാം റാ. മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി) (ഖു൪ആന്‍:14/1,2)
هَٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ
ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും, ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സാരോപദേശവുമാകുന്നു. (ഖു൪ആന്‍:3/138)
وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
(നബിയെ) താങ്കള്‍ക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. മനുഷ്യ൪ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا
മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. (ഖു൪ആന്‍:4/174)
മനുഷ്യരാശിക്ക് മുഴുവനും വഴികാട്ടിയായാണ് വിശുദ്ധ ഖുര്‍ആനിന്റെ അവതരണം. നമ്മെ സൃഷ്ടിച്ച നാഥന്‍ നമുക്കെല്ലാവര്‍ക്കും പഠിച്ചു മനസ്സിലാക്കി സത്യം കണ്ടെത്താന്‍ അവതരിപ്പിച്ച വേദഗ്രന്ഥം. ഈ വസ്തുതയും മുഴുവന്‍ മനുഷ്യരും തിരിച്ചറിയേണ്ടതുണ്ട്.
മുഹമ്മദ് നബി(സ്വ) മുസ്ലിംകളിലേക്ക് നിയോഗിതനായ വ്യക്തിയാണെന്നാണ ധാരണയും വിശുദ്ധ ഖു൪ആന്‍ തിരുത്തുന്നു. ആകാശഭൂമികളുടെയെല്ലാം അധിപനും കൈകാര്യകര്‍ത്താവുമായ അല്ലാഹുവിങ്കല്‍ നിന്ന് വേദ-കുല-കാല-ദേശ-ഭാഷാ വ്യത്യാസമന്യെ സകല മനുഷ്യരിലേക്കുമായി അയക്കപ്പെട്ട ദൈവദൂതനാണെന്നാണ് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിക്കുന്നത്.
قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا
(നബിയെ) പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. (ഖു൪ആന്‍:7/158)
قُلْ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ
(നബിയേ) പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. (ഖു൪ആന്‍:22/49)
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا
തന്‍റെ ദാസന്റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്. (ഖു൪ആന്‍:25/1)
അഥവാ മഹാനായ മുഹമ്മദ് നബി ﷺ മുഴുവന്‍ മനുഷ്യരിലേക്കുമുള്ള ദൂതനാണ്; ഏതെങ്കിലും പ്രത്യേക വിഭാഗത്തിലേക്കോ സമൂഹത്തിലേക്കോ മാത്രമുള്ള പ്രവാചകനല്ല എന്ന് ഈ വചനം പഠിപ്പിക്കുന്നു. ഈ വസ്തുതയും മുഴുവന്‍ മനുഷ്യരും തിരിച്ചറിയേണ്ടതുണ്ട്.