സത്യാന്വേഷിയായ നജ്ജാശി രാജാവ്

THADHKIRAH

ഇസ്ലാമിക പ്രബോധനം മക്കയില്‍ ചൂടുപിടിച്ച കാലം.

കൂടുതല്‍ ആളുകള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. മുഹമ്മദ് നബി ﷺ യുടെ അനുയായികള്‍ എണ്ണംകൂടി.

അതോടെ, ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ പ്രതിലോമ നിലപാടു കള്‍ കഠിനമാക്കി. പലവിധ പീഢന മുറകള്‍ അവര്‍ വിശ്വാസിക ളില്‍ പ്രയോഗിച്ചു. എവിടേക്കെങ്കിലും രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗമന്വേഷിക്കല്‍ മാത്രമായിരുന്നു മുസ്ലിംകള്‍ക്ക് കരണീയം. ഈ സന്ദര്‍ഭത്തിലാണ് പാലായനത്തിനുള്ള നിര്‍ദ്ദേശം അല്ലാഹുവില്‍ നിന്നുള്ള സന്ദേശമായി വരുന്നത്. പാലായന ഭൂമിയായി പ്രവാചകന്‍ ﷺ കണ്ടത് അബ്സീനിയയായിരുന്നു.

വിശ്വാസികളോട് പ്രവാചകന്‍ ﷺ പറഞ്ഞു: “നിങ്ങള്‍ അബ്സീനിയാ ദേശത്തേക്ക് പലായനം ചെയ്യുക. അവിടെ ഒരു രാജാവുണ്ട്; അദ്ദേ ഹത്തിന്‍റെയടുക്കല്‍ ആരും അക്രമത്തിനിരയാകില്ല.”

മുസ്ലിംകള്‍ അഭയാര്‍ത്ഥികളായി രണ്ട് തവണ അബ്സീനിയായിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. സുരക്ഷിതരായുള്ള മുസ്ലിംകളുടെ ആദര്‍ശജീവിതത്തില്‍ ഉറക്കം നഷ്ടപ്പെട്ടത് മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്ക് മാത്രമാണ്.

മുസ്ലിംകളെ അബ്സീനിയാ ദേശത്തുനിന്നും പുറംചാടിക്കുവാന്‍ അവര്‍ അടവുകള്‍ പരതി. തങ്ങളുടെ കൂട്ടത്തില്‍ യുക്തിയും ശക്തിയും വ്യക്തിത്വവുമുള്ള അബ്ദുല്ലാഹ്ഇബ്നു അബീറബീഅത്തിനേയും അംറ് ഇബ്നുല്‍ ആസ്വിനേയും അവര്‍ നജ്ജാ ശിയുടെ അടുക്കലേക്ക് നിയോഗിച്ചു.

വിലയേറിയ പാരിദോഷികങ്ങള്‍ കാഴ്ചവെച്ചാണ് അബ്ദുല്ലയും അംറും രാജാവിനേയും പാത്രിയാര്‍ക്കീസുമാരേയും മുഖം കാണിച്ചത്. പാത്രിയാര്‍ക്കീസുമാരാകട്ടേ, ഇവരുടെ വ്യാജമൊഴികളിലും വിലയേറിയ സമ്മാനങ്ങളിലും ആകൃഷ്ടരായി അവര്‍ക്കുവേണ്ടി രാജാവിനോട് സംസാരിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. അബ്ദുല്ലയും അംറും നജ്ജാശി രാജാവിനെ മുഖം കാണിച്ചുകൊണ്ട് പറഞ്ഞു:

“മഹാരാജാവേ, താങ്കളുടെ നാട്ടിലേക്ക് ഞങ്ങളിലെ ചില വിവരമില്ലാത്ത ചെറുപ്പക്കാര്‍ ചേക്കേറിയിട്ടുണ്ട്. അവര്‍ തങ്ങളുടെ മതം കയ്യൊഴിച്ചിരിക്കുന്നു. താങ്കളുടെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല. ഞങ്ങള്‍ക്കോ താങ്കള്‍ക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തിലെ പ്രമുഖര്‍ അവരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഞങ്ങളെ നിയോഗിച്ചിരിക്കുകയാണ്. ഇവരുടെ പിതാക്കളും പിതൃവ്യന്മാരുമായ അവര്‍ക്കാണ് ഇവരെ കുറിച്ച് നന്നായി അറിയുക. ആയതിനാല്‍ ഇവരെ കൊണ്ടുപോകുവാന്‍ ഞങ്ങളെ അനുവദിച്ചാലും.

രാജാവ് അഭയാര്‍ത്ഥികളായ മുസ്ലിംകളോട് വല്ലതും സംസാരിക്കുന്നത് അബ്ദുല്ലക്കും അംറിനും തീരെ ഇഷ്ടമായി രുന്നില്ല.
രാജാവിനെ മുഖം കാണിക്കുന്നതിനു മുമ്പുതന്നെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി അബ്ദുല്ലയും അംറും പാത്രിയാര്‍ക്കീസുമാരെ പാട്ടിലാക്കിയതിനാല്‍ അവര്‍ രാജാവിനോട് പറഞ്ഞു: രാജാവേ, ഇവര്‍ പറഞ്ഞത് ന്യായമാണ്. ഇവരുടെ ആളുകള്‍ക്കാണ് ഇവരെ കുറിച്ച് കൂടുതല്‍ അറിയുക. അബ്ദുല്ലക്കും അംറിനും ഇവരെ ഏല്‍പിച്ചേക്കുക;

അവര്‍ അവരുടെ നാട്ടിലേക്കും ആള്‍ക്കാരിലേക്കും ഇവരെ എത്തിച്ചു കൊള്ളും.
രാജാവ് ദേഷ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇല്ല, അല്ലാഹുവാണേ, ഒരിക്കലുമില്ല. എന്‍റെ നാട്ടില്‍, എന്‍റെ ചാരത്ത് എന്നെ തേടിയെത്തിയവരെ ഞാന്‍ ഒരിക്കലും ഏല്‍പിക്കില്ല. അവരെ ക്ഷണിച്ച് വരുത്തി ഇവര്‍ രണ്ട് പേരും അവരെ കുറിച്ച് പറഞ്ഞത് ഞാന്‍ ചോദിക്കട്ടെ. ഇവര്‍ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ ഏല്‍പ്പിക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയുമാകാം.

അതല്ലായെങ്കില്‍ ഇവരെ സംരക്ഷിക്കുകയും നല്ല സാമീപ്യം നല്‍കുകയും വേണം.
നജ്ജാശി രാജാവ് മുസ്ലിംകളെ വിളിക്കുവാന്‍ ആളെ വിട്ടു. ക്ഷണം സ്വീകരിച്ച മുസ്ലിംകള്‍ തങ്ങളുടെ ഭാഗം സംസാ രിക്കുവാന്‍ ജഅ്ഫര്‍ ഇബ്നു അബീത്വാലിബി رَضِيَ اللَّهُ عَنْهُ നെ ഏല്‍പിച്ചു.

എന്തുതന്നെ സംഭവിച്ചാലും തിരുദൂതര്‍ കല്‍പിച്ചതും നാം അറിഞ്ഞതുമായ സത്യങ്ങള്‍ മാത്രമേ പറയാവൂ എന്ന് അവര്‍ ആണയിട്ടുകൊണ്ട് അന്യോന്യം പറഞ്ഞു.
രാജാവ് തന്‍റെ ബിഷപ്പുമാരെ ക്ഷണിച്ചുവരുത്തി. രാജാവിനു ചുറ്റും അവര്‍ തങ്ങളുടെ ഏടുകള്‍ നിവര്‍ത്തിവെച്ചു.

രാജാവ്: എന്‍റേയോ മറ്റ് ജനസമൂഹങ്ങളുടേയോ മതങ്ങളെ ആശ്ലേഷിക്കാതെ നിങ്ങള്‍ സ്വീകരിച്ച ഈ മതം ഏതാ ണ്? അത് കാരണമാണല്ലോ നിങ്ങള്‍ നിങ്ങളുടെ ആളുകളെ വിട്ട് നില്‍ക്കുന്നത്?
മുസ്ലിംകള്‍ക്കുവേണ്ടി സംസാരിച്ചത് ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ ആയിരുന്നു.

അദ്ദേഹം പറഞ്ഞു: അല്ലെയോ രാജാവേ, ഞങ്ങള്‍ അജ്ഞത മുറ്റിയ ഒരു ജനവിഭാഗമായിരുന്നു. ഞങ്ങള്‍, വിഗ്രഹങ്ങളെ ആരാധിക്കുകയും ശവങ്ങള്‍ തിന്നുകയും നീചവൃ ത്തികള്‍ ചെയ്യുകയും കുടുംബ ബന്ധങ്ങള്‍ മുറിക്കുകയും അയല്‍പക്കത്തോട് ബന്ധങ്ങള്‍ മോശമാക്കുകയും ചെയ്തിരുന്നു.

ഞങ്ങളില്‍ ശക്തന്‍ ദുര്‍ബലനെ വകവരുത്തി. ഞങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് അല്ലാഹു ഞങ്ങളിലേക്ക് ഒരു ദൂതനെ നിയോഗിക്കുന്നത്. അദ്ദേഹത്തിന്‍റെ കുടുംബവും സത്യസന്ധതയും വിശ്വസ്ഥതയും പരിശുദ്ധതയും ഞങ്ങള്‍ക്ക് സുപരിചിതമാണ്. അദ്ദേഹം ഞങ്ങളെ, അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും അവന്‍റെ ഏകത്വ ത്തിലേക്കും ക്ഷണിച്ചു. ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന കല്ലുകളും പ്രതിമകളും കയ്യൊഴിക്കുവാനും അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സംസാരത്തില്‍ സത്യസന്ധരാ കുവാനും അമാനത് യഥാവിധം കൊടുത്ത് വീട്ടുവാനും കുടുംബ ബന്ധം ചേര്‍ക്കുവാനും അയല്‍വാസികളോട് നന്മയില്‍ വര്‍ത്തിക്കുവാനും നിഷിദ്ധങ്ങളില്‍നിന്ന് അകലുവാനും രക്തം ചിന്തുന്നതില്‍നിന്ന് വിട്ട് നില്‍ക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു.

നീചവൃത്തികളും കള്ളവാക്കുകളും അനാഥകളുടെ ധനം തിന്നലും പതിവ്രതകളായ സ്ത്രീകളെ അപവാദം പറയു ന്നതും അദ്ദേഹം ഞങ്ങളോട് വിലക്കി. അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും അവനോട് ഒന്നും പങ്കുചേര്‍ക്കരുതെന്നും അദ്ദേഹം കല്‍പ്പിച്ചു. നമസ്കാരം, നോമ്പ്, സകാത്ത് എന്നിവകൊണ്ടും അദ്ദേഹം കല്‍പ്പിച്ചു.

ഇസ്ലാമിക പാഠങ്ങള്‍ ഓരോന്നായി ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തിന് എണ്ണിപ്പറഞ്ഞുകൊടുത്തു. ശേഷം പറഞ്ഞു: ഞങ്ങള്‍ അദ്ദേഹത്തെ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും അദ്ദേഹം ഓതിയത് അനുധാവനം ചെയ്യുകയും ചെയ്തിരിക്കുന്നു.

ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കുകയും അവന് പങ്കുകാരെ സ്വീകരിക്കാതിരിക്കുകയും ചെയ്തു. അദ്ദേഹം നിഷിദ്ധമാക്കിയതെല്ലാം വെടിഞ്ഞു. അനുവദിച്ചതെല്ലാം സ്വീകരിച്ചു. അതോടെ ഞങ്ങളുടെ ജനത ഞങ്ങളോട് വൈരം വെക്കുവാനും ഞങ്ങളെ പീഢിപ്പിക്കുവാനും തുടങ്ങി. ഞങ്ങളുടെ മതത്തിന്‍റെ പേരിലായിരുന്നു പീഢനങ്ങള്‍. അഥവാ, അല്ലാഹുവെ ആരാധിക്കുന്നതില്‍നിന്ന് വിഗ്രഹാരാധനയിലേക്ക് ഞങ്ങളെ മടക്കുന്നതിനുവേണ്ടിയും മ്ലേച്ചമായ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുവാനും.

അവര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ഞങ്ങളുടെ മതമനുസരിച്ച് ജീവിക്കുന്നതിന് മറസൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടി ലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ താങ്കളെ മാത്രം തെരെഞ്ഞെടുക്കുകയും അങ്ങയുടെ സാമീപ്യത്തില്‍ ആകൃഷ്ടരാവുകയും താങ്ക ളുടെ അടുക്കല്‍ ഞങ്ങള്‍ അക്രമിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കുകയും ചെയ്തു.

നജ്ജാശി: അല്ലാഹുവില്‍നിന്ന് അദ്ദേഹം എത്തിച്ച വല്ലതും നിങ്ങളുടെ കൂടെയുണ്ടോ?
ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ : അതെ.
നജ്ജാശി: എങ്കില്‍ എനിക്കുമുമ്പില്‍ അത് പാരായണം ചെയ്യൂ.

ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ , സൂറഃ മര്‍യമിന്‍റെ തുടക്ക വചനങ്ങള്‍ ഓതി ക്കേള്‍പ്പിച്ചു. അതോടെ നജ്ജാശി കരഞ്ഞു. അദ്ദേഹത്തിന്‍റെ താടി നനഞ്ഞൊലിക്കുവോളം ആ കണ്ണുകള്‍ നിറഞ്ഞൊലിച്ചു. പാരായണ വചനങ്ങള്‍ കേട്ടതോടെ ബിഷപ്പുമാരും കരച്ചിലായി; അത് അവരുടെ മുന്നില്‍ നിവര്‍ത്തിയ ഏടുകളെ നനച്ച് കളഞ്ഞു.

നജ്ജാശി പറഞ്ഞു: അല്ലാഹുവാണേ, ഈ വചനങ്ങളുടേയും മൂസാ കൊണ്ടുവന്ന വചനങ്ങളടേയും പ്രഭവസ്ഥാനം ഒന്നാണ്. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പോകാം. ഇവരെ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരില്ല, ഒരിക്കലും.

അംറും അബ്ദുല്ലയും അവിടംവിട്ടിറങ്ങി. അംറ് അബ്ദുല്ല യോട് പറഞ്ഞു: അല്ലാഹുവാണേ, ഞാന്‍ നാളെ രാജസദസ്സില്‍ ഇവരുടെ കുറവുകള്‍ എണ്ണും. അതോടെ അവര്‍ക്ക് ഉന്മൂല നാശമുണ്ടാകും. എന്നാല്‍ അബ്ദുല്ല കൂട്ടത്തില്‍ സൂക്ഷ്മാലുവാ യിരുന്നു. അദ്ദേഹം പറഞ്ഞു: അങ്ങിനെ ചെയ്യരുത്. അവര്‍ നമ്മോട് എതിരാണെങ്കിലും നമ്മോട് കുടുംബ ബന്ധമുള്ളവരാണല്ലോ.

അംറ് പറഞ്ഞു: അല്ലാഹുവാണെ, മര്‍യമിന്‍റെ പുത്രന്‍ ഈസാ ദൈവദാസന്‍ മാത്രമാണെന്ന ഇവരുടെ വാദം ഞാന്‍ രാജാവിനോട് പറഞ്ഞേ അടങ്ങൂ. അംറ് പിറ്റേന്ന് രാജസദസ്സിലെത്തി. അദ്ദേഹം പറഞ്ഞു: രാജാവേ, മര്‍യമിന്‍റെ പുത്രന്‍ ഈസായെ സംബന്ധിച്ച് ഇവര്‍ കടുത്ത കാര്യങ്ങളാണ് പറയുന്നത്. അവരെ വിളിച്ച് വരുത്തി അതിനെ കുറിച്ച് ആരാഞ്ഞാലും. രാജാവ് മുസ്ലിംകളെ വിളിക്കുവാന്‍ ആളെ വിട്ടു. ക്ഷണം സ്വീകരിച്ച മുസ്ലിംകള്‍ ഒത്തുകൂടി. എന്തുതന്നെ സംഭവി ച്ചാലും തിരുദൂതര്‍ കല്‍പിച്ചതും നാം അറിഞ്ഞതുമായ സത്യങ്ങള്‍ മാത്രമേ പറയാവൂ എന്ന് അന്യോന്യം പറഞ്ഞു.

രാജാവ്: മര്‍യമിന്‍റെ പുത്രന്‍ ഈസായെ കുറിച്ച് നിങ്ങള്‍ എന്താണ് പറയുന്നത്?

ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ : ഞങ്ങളുടെ പ്രവാചകന്‍ പറഞ്ഞത് മാത്രമാണ് ഞങ്ങള്‍ പറയുന്നത്. ഈസാ അല്ലാഹുവിന്‍റെ തിരുദാസനും ദൂതനും ആത്മാവുമാണ്; പതിവ്രതയും കന്യകയുമായ മറിയത്തിലേക്ക് അല്ലാഹു നല്‍കിയ തന്‍റെ വചനവുമാണ്.

രാജാവ് നിലത്തുനിന്ന് ഒരു കൊള്ളിയെടുത്തു. ശേഷം പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് കൃത്യമാണ്; അതില്‍നിന്ന് ഈസാ ഈ കൊള്ളിയുടെ അത്രപോലും തെറ്റിയിട്ടില്ല.
രാജാവ് ഇത് പറഞ്ഞമാത്രയില്‍ പാത്രിയാര്‍ക്കീസുമാര്‍ അദ്ദേഹത്തിന് ചുറ്റും ബഹളം കൂട്ടി. രാജാവ് പറഞ്ഞു: നിങ്ങള്‍ എത്ര ബഹളം കൂട്ടിയാലും ശരി സത്യം അതാണ്.

രാജാവ് മുസ്ലിംകളോടായി പറഞ്ഞു: നിങ്ങള്‍ക്ക് പോകാം. നിങ്ങള്‍ എന്‍റെ നാട്ടില്‍ സുരക്ഷിതരായിരിക്കും. നിങ്ങളെ ശകാരിക്കുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. നിങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കിയാല്‍ എനിക്ക് ഒരു സ്വര്‍ണ്ണമല ലഭിക്കുമെങ്കിലും ഞാന്‍ അത് ആഗ്രഹിക്കുന്നില്ല.

അംറും അബ്ദുല്ലയും സമര്‍പ്പിച്ച സമ്മാനങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചേല്‍പ്പിക്കുക. നമുക്ക് അവ ആവശ്യമില്ല. അല്ലാഹുവാണേ, അല്ലാഹു ഈ രാജ ഭരണം എന്നെ ഏല്‍പ്പിച്ചപ്പോള്‍ എന്നോട് കൈകൂലി വാങ്ങിയിട്ടില്ല. എങ്കില്‍, ഞാന്‍ ഇവിടെ എങ്ങിനെ കൈകൂലി വാ ങ്ങും?

അംറും അബ്ദുല്ലയും നിന്ദ്യരായി അവിടെനിന്ന് പടിയിറങ്ങി. അവരുടെ കാഴ്ചദ്രവ്യങ്ങള്‍ അവര്‍ക്കു തന്നെ തിരി ച്ചേല്‍പ്പിക്കപ്പെട്ടിരുന്നു.

അബ്സീനിയ മുസ്ലിംകള്‍ക്ക് നല്ല വീടായിരുന്നു; നല്ല അയല്‍പക്കവും.
നജ്ജാശി ഇസ്ലാം സ്വീകരിച്ചു. ഹിജ്റാബ്ദം ഒമ്പതിലാണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ അനുചരന്മാരോട് പറഞ്ഞു: ‘ഇന്ന് ഒരു മഹാനായ മനുഷ്യന്‍ മരണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ആ സഹോദരന് വേണ്ടി ജനാസ നമസ്കരിക്കുക.’ പ്രവാചകന്‍റെ നേതൃത്വത്തില്‍ പ്രസ്തുത നമസ്കാരം മദീനയില്‍ നടന്നു.
പ്രപഞ്ച നാഥനായ അല്ലാഹു, തന്‍റെ കാരുണ്യം അദ്ദേ ഹത്തില്‍ സദാ കടാക്ഷിക്കുമാറാകട്ടേ….

Leave a Reply

Your email address will not be published.

Similar Posts