ഏകദൈവാരാധനയെ അഭിലഷിക്കുന്ന പ്രകൃതമാണ് മനുഷ്യന്റെത്. അവനൊരു അഭയം അനിവാര്യമാണ്; പ്രശ്‌നങ്ങൾ ഇറക്കിവെക്കാനും പ്രയാസങ്ങൾ ദുരീകരിക്കാനും ഒരവലംബം അത്യന്താപേക്ഷിതവും. കടുത്ത വിഗ്രഹാരാധകന്മാരും ബഹുദൈവത്വ സങ്കൽപങ്ങളിൽ വേരുറച്ചവരുമായവർ പോലും ചില സന്ദിഗ്ധ ഘട്ടങ്ങളിൽ തങ്ങളുടെ ദേവീദേവന്മാരെ കയ്യൊഴിച്ച് യഥാർഥ ദൈവത്തിൽ അഭയംതേടുന്ന രംഗം ചരിത്രസാക്ഷ്യങ്ങളായി ക്വുർആൻ എടുത്തുപറയുന്നുണ്ട്. സമുദ്ര മധ്യത്തിലൂടെ കപ്പലോടവെ കാറ്റും കോളും തിരമാലകളും കപ്പൽഗതിയെ ഗുരുതരമാക്കുകയും ജീവരക്ഷ മുൾമുനയിലാവുകയും ചെയ്യുമ്പോൾ ദൈവത്തിൽ പങ്കാളികളാക്കുന്നവരെ മുഴുവൻ വെടിഞ്ഞ് സാക്ഷാൽ രക്ഷകനോട് ബഹുദൈവാരാധനക്കാർ പ്രാർഥന നടത്തുന്ന രംഗം ക്വുർആൻ വരച്ചുകാട്ടുന്നുണ്ട്.
وَإِذَا غَشِيَهُم مَّوْجٌ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا كُلُّ خَتَّارٍ كَفُورٍ
പർവതങ്ങൾ പോലുള്ള തിരമാലകൾ അവരെ മൂടിക്കളഞ്ഞാൽ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവർ പ്രാർഥിക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോഴോ അവരിൽ ചിലർ മാത്രം മിതനിലപാട് പുലർത്തുന്നവരായിരിക്കും. പരമവഞ്ചകരും നന്ദികെട്ടവരും ആരെല്ലാമോ അവർ മാത്രമെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയുള്ളൂ. (ഖുര്‍ആൻ:31/32)
കരയിൽ വിലസുമ്പോൾ താൻ കൊട്ടിഘോഷിക്കുന്ന വ്യാജദൈവങ്ങൾക്ക് തന്നെ നിർണായക നിമിഷം സഹായിക്കാനാവില്ലെന്ന ബോധ്യം മനുഷ്യനിലുണ്ടാക്കുന്നത് അവന്റെ ശുദ്ധപ്രകൃതിയാണ്. ആ ശുദ്ധപ്രകൃതിയുടെ ഇംഗീതത്തിന് പൊരുത്തപ്പെടാൻ മനുഷ്യനായാൽ അവന്റെ ജീവിത വിജയത്തിന്റെ നാന്ദി കുറിക്കുകയായി.
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
ആകയാൽ സത്യത്തിൽ നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്തതും. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. (ഖുര്‍ആൻ:30/30)
ബഹുദൈവത്വ സങ്കൽപങ്ങൾക്ക് ഒരു ഏകത അവകാശപ്പെടാനില്ല. ശിഥിലവും അരക്ഷിതവുമാണ് ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങളും കർമങ്ങളും. ആത്മാവില്ലാത്ത കുറെ ചടങ്ങുകൾ, അനിശ്ചിതത്വവും ആത്മസംതൃപ്തിയില്ലായ്മയും നിമിത്തം ഒരിടത്തുനിന്ന് പലയിടത്തേക്കായി രക്ഷതേടി അവൻ പ്രയാണം ചെയ്യുന്നു. അസ്ഥിരത നിലപാടുകളിലും നടപടിക്രമങ്ങളിലും നിഴലിച്ചു നിൽക്കുന്നു. യഥാർഥ ദൈവങ്ങളെ വിട്ട് സങ്കൽപ ബഹുദൈവങ്ങളെ തേടിപ്പോയാലുണ്ടാകുന്ന സ്വാഭാവിക പരിണതിയെ ക്വുർആൻ വരച്ചുകാണിക്കുന്നത് ഇപ്രകാരമാണ്:
حُنَفَآءَ لِلَّهِ غَيْرَ مُشْرِكِينَ بِهِۦ ۚ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ
വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേർക്കാത്തവരുമായിരിക്കണം (നിങ്ങൾ). അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം അവൻ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ട് പോകുന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു. (ഖുര്‍ആൻ:22/31)
പലപ്പോഴും തന്റെ ഭാഗധേയം സ്വയം നിർണയിക്കാൻ സ്വതന്ത്രമായി ശ്രമിക്കാതെ കുടുംബം, സമൂഹം, സാഹചര്യം, മതമേധാവിത്തം തുടങ്ങിയവയോടുള്ള വിധേയത്വം സത്യത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തെ വഴിമുടക്കുന്നു.
സൃഷ്ടികളോടു കാണിക്കുന്ന അസ്ഥാനത്തുള്ള ഭയവും കടപ്പാടുകളും പലപ്പോഴും സർവശക്തനെ പ്രാപിക്കുന്നതിൽ അവന് തടസ്സമായിത്തീരുന്നു. വിശേഷബുദ്ധി ഉപയോഗിച്ച് വസ്തുതകളെ അപഗ്രഥനം ചെയ്ത് പഠിക്കുകയും ഉത്തമമായതിനെ അനുധാവനം ചെയ്യാൻ മടികൂടാതെ മുന്നോട്ടുവരികയും ചെയ്യേണ്ടതുണ്ട്. അനുയായി വൃന്ദത്തിന് നേതാക്കളും നേതാക്കൾക്ക് അനുയായിവൃന്ദവും ശാപമാവുകയും പരസ്പരം കുറ്റാരോപണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സുനിശ്ചിത ദിനം വരാനുണ്ട്. അന്ന് ഖേദപ്രകടനവും പശ്ചാത്താപവും ഫലപ്പെടുകയില്ല. കാര്യബോധം വരേണ്ടത് ഈ ലോകജീവിതത്തിൽ തന്നെയാണ്.
قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ ﴿٣٢﴾ وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ ﴿٣٣﴾
വലുപ്പം നടിച്ചവർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാർഗദർശനം നിങ്ങൾക്ക് വന്നെത്തിയതിന് ശേഷം അതിൽനിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങൾ കുറ്റവാളികൾ തന്നെയായിരുന്നു. ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കാനും, അവന്ന് സമൻമാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ (നിങ്ങൾ) രാവും പകലും നടത്തിയ കുതന്ത്രത്തിന്റെ ഫലമാണത്. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവർക്ക് നൽകപ്പെടുമോ? (ഖുര്‍ആൻ:34/32-33)
വിശ്വാസ, കർമങ്ങളെ പരിശോധിച്ച് ജയപരാജയങ്ങൾ നിർണയിക്കുന്ന സന്ദർഭത്തിൽ വഴിതെറ്റിയവരും തെറ്റിച്ചവരും തമ്മിൽ നടക്കുന്ന ആക്ഷേപസംവാദമാണിത്. ഞങ്ങൾ നിങ്ങളുടെ സ്വാധീനവലയത്തിലായിരുന്നതിനാൽ സത്യം ഗ്രഹിക്കാൻ കഴിയാതെപോയി എന്ന് ദുർബലഘട്ടത്തിൽ പരാതിപ്പെടുമ്പോൾ നിങ്ങൾ വിശേഷബുദ്ധി ഉപയോഗിക്കാതെ ഇപ്പോൾ ഞങ്ങളെ പഴിചാരിയിട്ടെന്ത് ഫലം എന്ന് മറുകക്ഷി തിരിച്ചടിക്കുന്നു. ഇരുകൂട്ടരും നിസ്സഹായതയോടെ വിലപിക്കുമെങ്കിലും അത് യാതൊരു ഫലവും ചെയ്യില്ല; കാരണം വിലാപങ്ങൾ ഫലം ചെയ്യാത്ത വിചാരണ വേദിയിലാണവർ എത്തിപ്പെട്ടത്.
മനുഷ്യന്റെ പ്രാർഥന കേൾക്കാനും ഉത്തരം ചെയ്യാനും കഴിവും യോഗ്യതയുമുള്ള ശക്തിയാരോ അവന് മാത്രമാണ് നമ്മുടെ ആരാധനകൾ അർപ്പിക്കേണ്ടത്. നമ്മുടെ ഭൂതവും വർത്തമാനവും ഭാവിയും അറിയുന്നവൻ അവൻ മാത്രമാണ്. നാം പ്രതീക്ഷിക്കുന്ന ഗുണങ്ങളും ആശങ്കപ്പെടുന്ന നാശങ്ങളും അവന്നാണറിയുക. നമുക്ക് ഗുണമായി ഭവിക്കുന്നതും ദോഷമായി ബാധിക്കുന്നതും അവന്റെ ഉത്തമ ബോധ്യത്തോടെയല്ലാതെ സംഭവിക്കുകയില്ല. അവന്റെ തീരുമാനങ്ങളെ ആർക്കും സ്വാധീനിക്കാനാവില്ല. അവന്റെ കാരുണ്യം എല്ലാ വസ്തുക്കളിലും വിശാലമാണ്. അവന്റെ ക്രോധത്തെ അവന്റെ കാരുണ്യം അതിജയിച്ചിട്ടുണ്ട്. കുറ്റങ്ങളുടെ കൂമ്പാരങ്ങൾ പേറി നടക്കുന്നവർക്കും കുറ്റങ്ങൾ വെടിഞ്ഞ്, പശ്ചാത്തപിച്ച് പ്രതീക്ഷയോടെ അവനെ സമീപിക്കാവുന്നതാണ്.
സാഷ്ടാംഗ പ്രണാമം അവന് മാത്രം അവകാശപ്പെട്ടതാണ്. ശവകുടീര വാണിഭക്കാരുടെയും വ്യാജസിദ്ധന്മാരുടെയും മറ്റും പിന്നാലെ പോയി വഴിതെറ്റിയ തന്റെ വിശ്വാസത്തെ ശരിയായ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ഏകനായ ആരാധ്യനിലേക്ക് തിരിഞ്ഞുനോക്കുകയേ തരമുള്ളൂ.
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ
നിന്നോട് എന്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ അവർക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ വിളിക്ക് അവർ ഉത്തരം ചെയ്യുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്. (ഖു൪ആന്‍ : 2/186)
പി.എൻ. അബ്ദുല്ലത്വീഫ് മദനി