റഹ്’മാന്‍ ആയ റബ്ബിന്റെ യഥാര്‍ത്ഥ അടിമകളുടെ ഗുണങ്ങളായി വിശുദ്ധ ഖുർആൻ വിവരിക്കുന്നതിൽ ഒന്ന് അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നവരാണെന്നാണ്:
وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/74)
‘ഞങ്ങളെ മുത്തഖീങ്ങളാക്കണേ’ എന്നല്ല അവരുടെ പ്രാര്‍ത്ഥന പ്രത്യുത, ‘ഞങ്ങളെ മുത്തഖീങ്ങളുടെ ഇമാമാക്കണേ എന്നാണ്’. അപ്പോൾ ദീനിന്റെ ഇമാമത്ത് മഹത്തായ ഒരു സ്ഥാനമാണ്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പരിശ്രമവും ആവശ്യമാണ്. ദീനിന്റെ ഇമാമത്തിന് എങ്ങനെയാണ് പരിശ്രമിക്കേണ്ടത്? രണ്ട് ഗുണങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു. ക്ഷമയും യഖീനും ആണത്.അല്ലാഹു പറയുന്നത് കാണുക:
وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَٰتِنَا يُوقِنُونَ
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു. (ഖുർആൻ:32/24)
ഇസ്റാഈല്യര്‍ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അത് ജീവിതത്തിൽ പകര്‍ത്തുന്നതിലും അങ്ങനെ അല്ലാഹുവിനെ ആരാധിക്കുന്നതിലും അല്ലാഹുവിലേക്ക് ദഅ്വത്ത് നടത്തുന്നതിലും ക്ഷമയോടെ ഏര്‍പ്പെടുകയും അതോടൊപ്പം അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ യഖീൻ ഉണ്ടാകുകയും ചെയ്തപ്പോൾ അവരിൽ നിന്നും ദീനിന്റെ ഇമാമത്ത് ഉണ്ടായി. യഖീൻ എന്നാൽ ഉറച്ച വിശ്വാസം, ദൃഢമായ വിശ്വാസം എന്നൊക്കെയാണ് അര്‍ത്ഥം.
ഫിര്‍ഔനിന്റെ അടുക്കൽ വെച്ച് സത്യം മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ ഫിര്‍ഔനിന്റെ മുമ്പിൽ വെച്ച് അവന്റെ ഭീഷണിയെ അവഗണിച്ച് ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. തങ്ങള്‍ക്ക് ദൃഢതയും ക്ഷമയും നല്കുവാനും, തങ്ങളെ കീഴൊതുക്കവും അനുസരണവുമുള്ള സത്യവിശ്വാസികളായിത്തന്നെ അവസാനിപ്പിക്കുവാനും അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴿١٢٥﴾ وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴿١٢٦﴾
അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ. (ഖുർആൻ:7/125-126)
ഈ ഉമ്മത്തിലെ, ദീനിൽ ഇമാമത്ത് ലഭിച്ച പണ്ഢിതൻമാരുടെ ജീവിതം പരിശോധിച്ചാൽ ഈ രണ്ട് ഗുണങ്ങളും അവരുടെ ജീവിതത്തിൽ കാണാനാകും. അവര്‍ ഇൽമ് നേടുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും സത്യത്തിന്റെ മാര്‍ഗത്തിൽ നിലകൊള്ളുന്നതിനും വേണ്ടി സഹിച്ച ത്യാഗങ്ങളും ക്ഷമയും വലുതാണ്. അതേപോലെ അവര്‍ക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിലും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും ദൃഢതയുമുണ്ടായിരുന്നു.
യഖീനും ക്ഷമയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ക്ഷമ ഉണ്ടെങ്കിൽ മാത്രമേ യഖീൻ ഉണ്ടാകുകയുള്ളൂ. യഖീൻ ഉള്ളവര്‍ക്കേ ക്ഷമ പാലിക്കാനും കഴിയുകയുള്ളൂ.
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ
ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ. (ഖുർആൻ:30/60)
ഒരു അടിമക്ക് അല്ലാഹു നൽകുന്നതിൽ ഏറ്റവും ഉത്തമമായതാണ് അവന്റെ വിശ്വാസത്തിലുള്ള യഖീൻ. അദൃശ്യമായ കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് ഇസ്ലാം നിലകൊള്ളുന്നത്. അതിൽ ദൃഢതയുണ്ടായാൽ ജീവിത പരീക്ഷണങ്ങളിൽ ഒരു സംശയമോ ചാഞ്ചല്യമോ ഇല്ലാതെ അവന്ന് ഉറച്ച് നിൽക്കുവാൻ സാധിക്കും.
ഒരു മനുഷ്യനെ നാശത്തിലെത്തിക്കുന്ന കാര്യങ്ങളാണ് ശുബ്ഹത്തും (شبهة) ശഹ്വത്തും (شهوة). ഇതിനെ പ്രതിരോധിക്കേണ്ടത് ക്ഷമയും യഖീനും കൊണ്ടാണ്.
ദീനിൽ ഒൾക്ക് തോന്നുന്ന സംശയങ്ങൾ, വിശ്വാസത്തിലുണ്ടാകുന്ന ആശയ കുഴപ്പങ്ങൾ, അതൊക്കെ ശുബ്ഹത്താണ്. ശുബ്ഹത്തിനെ പ്രതിരോധിക്കേണ്ടത് ദൃഢത (اليقين) കൊണ്ടാണ്. അതായത്,യഥാർത്ഥ അറിവിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ദൃഢമായ വിശ്വാസം കൊണ്ട്.
‘ശഹ്വത്ത്’ എന്നാൽ ദേഹം ഇച്ഛിക്കുന്ന കാര്യങ്ങളോട് അങ്ങേയറ്റമുള്ള താൽപര്യമാണ് ഉദ്ദേശം. ഒരാളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പൈശാചിക ഇച്ഛകളാണത്. ശഹ്വത്തിനെ പ്രതിരോധിക്കേണ്ടത് ക്ഷമ (الصبر) കൊണ്ടാണ്. നന്മയിൽ ഉറച്ചുനിൽക്കാനുള്ള ക്ഷമ കൊണ്ട്.
ചുരുക്കത്തിൽ നമ്മിൽ ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങളാണ് ക്ഷമയും യഖീനും.
وَالتَّوَاصِي بِالصَّبْرِ عَلَى طَاعَةِ اللَّهِ، وَعَنْ مَعْصِيَةِ اللَّهِ، وَعَلَى أَقْدَارِ اللَّهِ الْمُؤْلِمَةِ.
ക്ഷമ കൈക്കൊള്ളേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് എതിരു പ്രവര്‍ത്തിക്കാതിരിക്കുന്നതിലും അവന്റെ വിധിയുടെ ഭാഗമായി സംഭവിക്കുന്ന പ്രയാസങ്ങളിലുമാണ്. (തഫ്സീറുസ്സഅ്ദി – സൂറ:അൽഅസ്വ്ര്‍)
ഈമാന്‍ കാര്യത്തിലെല്ലാം യഖീന്‍ വേണം.ഈമാൻ ഉറപ്പിക്കാനും യഖീൻ നേടാനും ധാരാളം മാർഗങ്ങളുണ്ട്. ഉപകാരപ്രദമായ അറിവ്, അല്ലാഹുവിന്റെ സൃഷ്ടികളെക്കുറിച്ചുള്ള ആലോചന, അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വിളിക്ക് ഉത്തരം ചെയ്യുക, പ്രാർത്ഥന എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.