ത്വല്‍ഹഃ رضي الله عنه തന്‍റെ കഥ പറയുന്നു

THADHKIRAH

ത്വല്‍ഹത്ത് ബ്നു ഉബൈദില്ല പറയുന്നു:

ഞാന്‍ സിറിയയിലെ ബുസ്വ്റാ ചന്തയില്‍ പങ്കെടുത്തു. അപ്പോള്‍ ഒരു മഠത്തിലെ പുരോഹിതന്‍ ഇപ്രകാരം പറയുന്നു: ‘ഈ സീസണിലെ വ്യാപാരികളില്‍ ഹറമില്‍നിന്ന് (മക്ക) വല്ലവരുമുണ്ടോ എന്ന് അന്വേഷിക്കൂ.

ഞാന്‍ പറഞ്ഞു: അതെ, ഞാന്‍ മക്കയില്‍ നിന്നാണ്.
അദ്ദേഹം ചോദിച്ചു: അഹ്മദ് ഇനിയും രംഗപ്രവേശം ചെയ്തിട്ടില്ലേ?
ഞാന്‍ ചോദിച്ചു: ആരാണ് അഹ്മദ് ?

അദ്ദേഹം പറഞ്ഞു: അബ്ദുല്‍ മുത്ത്വലിബിന്‍റെ മകന്‍ അബ്ദുല്ലയുടെ പുത്രന്‍. അദ്ദേഹം പ്രവാചകനായി വരുന്ന മാസമാണല്ലോ ഇത്. അദ്ദേഹം അന്ത്യപ്രവാചകനായിരിക്കും. ഹറമില്‍നിന്ന് നിയോഗിക്കപ്പെടും. അദ്ദേഹം പാലായനം ചെയ്ത് അഭയാര്‍ത്ഥിയായി എത്തുന്ന നാട് കറുത്ത കല്ലുകള്‍ പാകപ്പെട്ട കുന്നുകളുള്ളതും ഈത്തപ്പനകളുള്ളതും ചതുപ്പ് നിലമുള്ളതുമായിരിക്കും. അദ്ദേഹത്തിലേക്ക് വല്ലവരും നിന്നെ മുന്‍കടക്കുന്നതിന് മുമ്പ് വേഗത്തില്‍ ചെന്നെത്തി അദ്ദേഹത്തെ ആശ്ലേഷിക്കുക.

ത്വല്‍ഹഃ: പുരോഹിതന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍ തറച്ചു. ഞാന്‍ മക്കയിലേക്ക് കുതിച്ചു. മക്കയിലെത്തി ഞാന്‍
ചോദിച്ചു: വല്ലതും സംഭവിച്ചിട്ടുണ്ടോ?
അവര്‍ പറഞ്ഞു: അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന് പ്രവാചകത്വം ലഭിച്ചിരിക്കുന്നു. അബൂ ക്വുഹാഫയുടെ മകന്‍ അബൂബകര്‍ മുഹമ്മദിനെ അനുഗമിച്ചിരിക്കുന്നു.

ഞാന്‍ അബൂബകറിന്‍റെ അടുക്കല്‍ ചെന്നുകൊണ്ട് ചോദിച്ചു: താങ്കള്‍ മുഹമ്മദിനെ സ്വീകരിച്ചുവോ?
അബൂബകര്‍: അതെ. താങ്കളും മുഹമ്മദിന്‍റെ അടുക്കല്‍ ചെല്ലുക. അദ്ദേഹത്തെ പിന്‍പറ്റുക; കാരണം അദ്ദേഹം സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്.

ഞാന്‍ പ്രവാചക സവിദത്തിലെത്തി. ബുസ്വ്റായിലെ പുരോഹിതന്‍ പറഞ്ഞത് ഞാന്‍ അദ്ദേഹത്തോടോതി. അതില്‍ പ്രവാചകന്‍ എറെ സന്തുഷ്ടി പ്രകടിപ്പിച്ചു. ഞാന്‍ പ്രഖ്യാപിച്ചു:

‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’

(യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്, അല്ലാഹുവിന്‍റെ തിരുദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

Leave a Reply

Your email address will not be published.

Similar Posts