സ്വർഗ്ഗവാസികളിൽ ചിലർ ചില കാര്യങ്ങൾ ആഗ്രഹിക്കുമെന്നും അവക്ക് സാക്ഷാൽകാരം ഉടനടി ഉണ്ടാകുമെന്നും പ്രസ്തുത സാക്ഷാൽകാരം ആശ്ചര്യജന്യമായിരിക്കുമെന്നും തെളിവുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തി കൃഷിയിറക്കുവാൻ ആഗ്രഹിക്കുന്നതും അതിന് അല്ലാഹു അനുവാദം നൽകുന്നതും പ്രസ്തുത കൃഷി മുളച്ച് വളർന്ന് പാകപ്പെടുന്നതുമായ ഒരു രംഗം തിരുനബി ﷺ ഒരിക്കൽ വിവരിക്കുകയുണ്ടായി. അപ്പോൾ നബി ﷺ യുടെ അടുക്കൽ ഒരു ഗ്രാമീണൻ ഉണ്ടായിരുന്നു.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أَنَّ رَجُلاً مِنْ أَهْلِ الْجَنَّةِ اسْتَأْذَنَ رَبَّهُ فِى الزَّرْعِ فَقَالَ لَهُ أَلَسْتَ فِيمَا شِئْتَ قَالَ بَلَى وَلَكِنِّى أُحِبُّ أَنْ أَزْرَعَ . قَالَ فَبَذَرَ فَبَادَرَ الطَّرْفَ نَبَاتُهُ وَاسْتِوَاؤُهُ وَاسْتِحْصَادُهُ، فَكَانَ أَمْثَالَ الْجِبَالِ فَيَقُولُ اللَّهُ دُونَكَ يَا ابْنَ آدَمَ ، فَإِنَّهُ لاَ يُشْبِعُكَ شَىْءٌ. فَقَالَ الأَعْرَابِىُّ وَاللَّهِ لاَ تَجِدُهُ إِلاَّ قُرَشِيًّا أَوْ أَنْصَارِيًّا ، فَإِنَّهُمْ أَصْحَابُ زَرْعٍ ، وَأَمَّا نَحْنُ فَلَسْنَا بِأَصْحَابِ زَرْعٍ. فَضَحِكَ النَّبِىُّ ﷺ
“നിശ്ചയം, സ്വർഗ്ഗവാസികളിൽ ഒരു വ്യക്തി തന്റെ രക്ഷിതാവിനോട് കൃഷിയിറക്കുന്നതിന് അനുവാദം തേടി. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: (നീ ഉദ്ദേശിക്കുംവിധമുള്ള (സ്വർഗ്ഗ സുഖങ്ങളിലല്ലേ?) അദ്ദേഹം പറഞ്ഞു: അതെ, എന്നാലും ഞാൻ കൃഷിചെയ്യുന്നത് ഇഷ്ടപ്പെടുന്നു. അങ്ങിനെ അദ്ദേഹം വിത്തെറിഞ്ഞു. വിത്ത് മുളച്ചതും കൃഷി പാകപ്പെട്ടതും വിളകൊയ്യാ റായതും ഇമവെട്ടുന്നതിനെ മുൻകടന്നുകൊണ്ടായിരുന്നു. അങ്ങിനെ അത് പർവ്വതങ്ങൾക്ക് സമാനമായി. അപ്പോൾ അല്ലാഹു പറഞ്ഞു: “ആദമിന്റെ പുത്രാ, ഇത് സ്വീകരിച്ചുകൊള്ളുക. നിനക്ക് യാതൊന്നും മതിവരുത്തുകയില്ല” അപ്പോൾ അഅ്റാബി പറഞ്ഞു: അല്ലാഹുവാണേ, ആ വ്യക്തിയെ ക്വുറൈശിയായിട്ടോ അല്ലെങ്കിൽ അൻസ്വാരിയായിട്ടോ മാത്രമേ നിങ്ങൾക്ക് കണുവാൻ കഴിയൂ. കാരണം, അവരാണ് കൃഷിയുടെ ആളുകൾ. എന്നാൽ ഞങ്ങൾ കൃഷിയുടെ ആളുകളല്ല. അപ്പോൾ അല്ലാഹുവിന്റെ തിരുദൂതർ ﷺ ചിരിക്കുകയുണ്ടായി. (ബുഖാരി)
അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْمُؤْمِنُ إِذَا اشْتَهَى الْوَلَدَ فِى الْجَنَّةِ كَانَ حَمْلُهُ وَوَضْعُهُ وَسِنُّهُ فِى سَاعَةٍ كَمَا يَشْتَهِى
“ഒരു സത്യവിശ്വാസി സ്വർഗ്ഗത്തിൽ സന്താനത്തെ ഇച്ഛിച്ചാൽ, അതിനെ ഗർഭം ധരിക്കലും പ്രസവിക്കലും അതിന് പ്രായം പൂർണ്ണ മാകുന്നതുമെല്ലാം അയാൾ ഇച്ഛിച്ചതുപോലെ ഒരു സമയത്താ യിരിക്കും”.
അബ്ദുൽ ജബ്ബാർ അബ്ദുല്ല