സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് സമ്പൂർണ്ണവും സുന്ദരവുമായ രൂപത്തിലായിരിക്കും. അഥവാ ആദിപിതാവ് ആദമിന്റെ രൂപത്തിൽ. അല്ലാഹു തന്റെ മഹിതമായ തിരു കരങ്ങൾകൊണ്ടാണ് ആദമി (അ) നെ പടച്ചത്. ഏറ്റവും മികവൊത്ത കോലപ്പെടുത്തലും ഏറ്റവും തികവൊത്ത രൂപപ്പെടുത്തലും. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഓരോരുത്തരും ആദമി(അ)ന്റെ രൂപത്തിലായിരിക്കും പ്രവേശിക്കുകയെന്ന് ഹദീഥുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നു.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
خَلَقَ اللَّهُ عَزَّ وَجَلَّ آدَمَ عَلَى صُورَتِهِ طُولُهُ سِتُّونَ ذِرَاعًا … فَكُلُّ مَنْ يَدْخُلُ الْجَنَّةَ عَلَى صُورَةِ آدَمَ وَطُولُهُ سِتُّونَ ذِرَاعًا فَلَمْ يَزَلِ الْخَلْقُ يَنْقُصُ بَعْدَهُ حَتَّى الآنَ
“അല്ലാഹു ആദമിനെ തന്റെ രൂപത്തിൽ സൃഷ്ടിച്ചു. അദ്ദേഹത്തി ന്റെ നീളം എഴുപത് മുഴമാണ്…. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന വരെല്ലാം ആദമിന്റെ രൂപത്തിലായിരിക്കും. അദ്ദേഹത്തിന്റെ നീളം എഴുപത് മുഴമാണ്. അദ്ദേഹത്തിന് ശേഷം സൃഷ്ടികൾ ഇതുവരേക്കും (ഉയരം) കുറഞ്ഞുകൊണ്ടേയിരുന്നു” (മുസ്ലിം)
മറ്റൊരു രിവായത്തിൽ:
….أَخْلاَقُهُمْ عَلَى خُلُقِ رَجُلٍ وَاحِدٍ عَلَى صُورَةِ أَبِيهِمْ آدَمَ سِتُّونَ ذِرَاعًا فِى السَّمَاءِ
“അവരുടെ സ്വഭാവങ്ങൾ ഒരൊറ്റ വ്യക്തിയുടെ സ്വഭാവമായിരിക്കും. അവരുടെ പിതാവായ ആദമിന്റെ രൂപത്തിൽ അറുപത് മുഴം നീളം ഉയരത്തിൽ” (മുസ്ലിം)
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَدْخُلُ أَهْلُ الْجَنَّةِ الْجَنَّةَ جُرْدًا مُرْدًا مُكَحَّلِينَ أَبْنَاءَ ثَلاَثِينَ أَوْ ثَلاَثٍ وَثَلاَثِينَ سَنَةً
“സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് ശരീരത്തിലെ രോമം നീക്കപ്പെട്ടവരും കവിൾതടം രോമമില്ലാതെ മിനുത്തവരും സുറുമ എഴുതപ്പെട്ടവരും മുപ്പത് അല്ലെങ്കിൽ മുപ്പത്തിമൂന്ന് വയസ്സ് പ്രായമൊത്തവരുമായിട്ടായിരിക്കും”
ഇവിടെ മുപ്പത് അല്ലെങ്കിൽ മുപ്പത്തിമൂന്ന് എന്നത് റാവി യുടെ സംശയമാണ്. എന്നാൽ മുസ്നദ് അഹ്മദിലും മറ്റും മുപ്പ ത്തിമൂന്നെന്ന് ഖണ്ഡിതമായ റിപ്പോർട്ട് വന്നിട്ടുണ്ട്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَدْخُلُ أَهْلُ الْجَنَّةِ الْجَنَّةَ جُرداً مُرْداً بِيضاً جِعَاداً مُكَحَّلِينَ أَبْنَاءَ ثَلاَثٍ وَثَلاَثِينَ عَلَى خَلْقِ آدَمَ سِتُّونَ ذِرَاعاً …
“സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് ശരീരത്തിൽ രോമമില്ലാത്തവരും വെളുത്തവരും ചുരുളൻമുടിയുള്ളവരും സുറുമ എഴുതപ്പെട്ടവരും മുപ്പത് വയസ്സ് പ്രായമൊത്തവരും ആദമിന്റെ രൂപത്തിൽ അറുപത് മുഴം (നീളമുള്ളവരും) ആയിരിക്കും”
അബ്ദുൽ ജബ്ബാർ അബ്ദുല്ല