സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന വിശ്വാസികൾ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിന്റെ തിരുമുഖ ദർശനമാണ്. തൽവിഷയത്തിൽ വന്ന ഹദീഥ് സ്വുഹയ്ബ് അർറൂമി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ قَالَ يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ قَالَ فَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ
“സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു പറയും: (ഞാൻ നിങ്ങൾക്ക് വല്ലതും അധികരിപ്പിച്ച് നൽകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?) അപ്പോൾ അവർ പറയും: നീ ഞങ്ങളുടെ മുഖങ്ങളെ വെളുപ്പിച്ചില്ലേ? നീ ഞങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്തില്ലേ? തിരുമേനി ﷺ പറഞ്ഞു: “അതോടെ അല്ലാഹു മറയെ നീക്കും. അതിൽപ്പിന്നെ തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കുന്നതിനേക്കാൾ ഇഷ്ടകരമായ യാതൊന്നും അവർക്ക് നൽകപ്പെട്ടിട്ടുണ്ടാവില്ല”. (മുസ്ലിം)
സ്വർഗ്ഗത്തിൽ രക്ഷിതാവായ നാഥനെ കാണുകയെന്നത് സ്വർഗ്ഗീയാനുഗ്രഹങ്ങളിൽ പെട്ടതാണെന്നത് അഹ്ലുസ്സുന്നഃയുടെ അടിസ്ഥാന ആദർശമാണ്. ഈ വിശ്വാസത്തെ പഠിപ്പിക്കുന്ന ചില പ്രമാണ വചനങ്ങളും പ്രമാണികരുടെ വിവരണങ്ങളും താഴെ നൽകുന്നു.
അല്ലാഹു പറഞ്ഞു:
لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ
സുകൃതം ചെയ്തവർക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും(സ്വർഗ്ഗവും) വർദ്ധനവുമുണ്ട് (വി. ക്വു. യൂനുസ്് : 26)
സ്വുഹയ്ബ് അർറൂമി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഉപരി സൂചിത ഹദീഥിന്റെ ഒരു രിവായത്തിൽ:
“അതോടെ അല്ലാഹു മറയെ നീക്കും. അതിൽപ്പിന്നെ തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കുന്നതിനേക്കാൾ ഇഷ്ടകരമായ യാതൊ ന്നും അവർക്ക് നൽകപ്പെട്ടിട്ടുണ്ടാവില്ല.)) എന്ന് പറഞ്ഞ ശേഷം തിരുമേനി ഈ ആയത്ത് (വി, ക്വു. യൂനുസ് :26) ഓതുകയുണ്ടായി എന്നുണ്ട്.
അല്ലാഹു പറഞ്ഞു:
لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ ﴿٣٥﴾
അവർക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലുമുണ്ട്. (വി, ക്വു. ക്വാഫ് : 35)
ഈ ആയത്തിന്റെ തഫ്സീറായി അലിയ്യ് ഇബ്നു അബീ ത്വാലിബും رَضِيَ اللَّهُ عَنْهُ അനസ് ഇബ്നു മാലികും رَضِيَ اللَّهُ عَنْهُ പറഞ്ഞു: “പ്രതാപിയും ഉന്നതനുമായ അല്ലാഹുവിന്റെ തിരുമുഖത്തേക്കുള്ള നോട്ടമാകുന്നു കൂടുതലുള്ളത് ”
അല്ലാഹു പറഞ്ഞു:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾
ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും അവയുടെ രക്ഷിതാ വിന്റെ നേർക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (വി, ക്വു. അൽ ക്വയാമഃ : 22, 23)
ഈ ആയത്തിന്റെ തഫ്സീറായി ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “പ്രതാപിയും ഉന്നതനുമായ തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കും”
ഉപരിസൂചിത ആയത്തിന്റെ വിഷയത്തിൽ, അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നോക്കും എന്ന് ഒരു വിഭാഗം പറയുന്നത് ഇമാം മാലികിനോട് പറയപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവർ പറഞ്ഞത് കള്ളമാണ്. എങ്കിൽ താഴെ വരുന്ന അല്ലാഹുവിന്റെ വചനത്തോട് അവരുടെ നിലപാട് എന്താണ്? അല്ലാഹു പറയുന്നു:
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾
അല്ല; തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
(വി, ക്വു. അൽമുത്വഫ് ഫിഫീൻ:15)
(വി, ക്വു. അൽമുത്വഫ് ഫിഫീൻ:15)
ഇമാം മാലിക് തുടർത്തി പറഞ്ഞു: “ആളുകൾ തങ്ങളുടെ നേത്രങ്ങൾകൊണ്ട് അന്ത്യനാളിൽ അല്ലാഹുവിലേക്ക് നോക്കും. വിശ്വാസികൾ അന്ത്യനാളിൽ തങ്ങളുടെ രക്ഷിതാവിനെ കാണുമായിരുന്നില്ലെങ്കിൽ അവിശ്വാസികൾ മറക്കപ്പെടുന്നതിനെ കുറിച്ച് അല്ലാഹു വിവരിക്കുമായിരുന്നില്ല.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أَنَّ النَّاسَ قَالُوا يَا رَسُولَ اللَّهِ هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ فَقَالَ رَسُولُ اللَّهِ ﷺ هَلْ تُضَارُّونَ فِى الْقَمَرِ لَيْلَةَ الْبَدْرِ. قَالُوا لاَ يَا رَسُولَ اللَّهِ . قَالَ ﷺ فَهَلْ تُضَارُّونَ فِى الشَّمْسِ لَيْسَ دُونَهَا سَحَابٌ. قَالُوا لاَ يَا رَسُولَ اللَّهِ. قَالَ ﷺ فَإِنَّكُمْ تَرَوْنَهُ كَذَلِكَ …
“നിശ്ചയം ജനങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനെ അന്ത്യനാളിൽ കാണുമോ? അ പ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “പൗർണ്ണമിരാവിൽ ചന്ദ്രനെ (കാണുന്നതിൽ) നിങ്ങൾക്ക് വിഷമം ഉണ്ടാകുമോ?” അവർ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഇല്ല. റസൂൽ ﷺ പറഞ്ഞു: “കാർമേഘം മറയിട്ടില്ലായെങ്കിൽ സൂര്യനെ (കാണുന്നതിൽ) നിങ്ങൾക്ക് വിഷമം ഉണ്ടാകുമോ?” അവർ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഇല്ല. റസൂൽ ﷺ പറഞ്ഞു: “നിശ്ചയം, നിങ്ങൾ അപ്ര കാരം അല്ലാഹുവിനെ കാണും….” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല