പടപ്പുകളെ വിചാരണ നടത്തുന്നതിൽ ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ചിലർക്ക് വിചാരണയുണ്ടാവില്ല. മറ്റുചിലർക്ക് വിചാരണ ഏറെ എളുപ്പമായിരിക്കും. പാപങ്ങൾക്കൊണ്ട് ജീവിതം ഭാരമാക്കിയവർക്ക് വിചാരണ പ്രയാസകരമായിരിക്കും. തെറ്റുകളുടെ ഗൗരവത്തിനനുസരിച്ച് വിചാരണക്കും കടുപ്പമുണ്ടായിരിക്കും. ചിലരുടെ വിചാരണ അവരുടെ തെറ്റുകൾ അവരുടെ മുന്നിൽ പ്രദർശിപ്പിക്കൽ മാത്രമായിരിക്കും.
ഉമ്മുൽമുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها പറയുന്നു:
أَنَّ رَسُولَ اللَّهِ ﷺ قَالَ: لَيْسَ أَحَدٌ يُحَاسَبُ يَوْمَ الْقِيَامَةِ إِلاَّ هَلَكَ. فَقُلْتُ يَا رَسُولَ اللَّهِ أَلَيْسَ قَدْ قَالَ اللَّهُ تَعَالَى”فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾” فَقَالَ رَسُولُ اللَّهِ ﷺ إِنَّمَا ذَلِكِ الْعَرْضُ ، وَلَيْسَ أَحَدٌ يُنَاقَشُ الْحِسَابَ يَوْمَ الْقِيَامَةِ إِلاَّ عُذِّبَ
“നിശ്ചയം അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു: “വിചാരണ ചെയ്യപ്പെടുന്ന ആരുമില്ല; അവൻ ശിക്ഷയനുഭവിക്കാതെ.” ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹു പറഞ്ഞില്ലേ:
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾
എന്നാൽ (പരലോകത്ത്) ഏതൊരുവന്ന് തന്റെ രേഖ വലതു കൈയ്യിൽ നൽകപ്പെട്ടുവോ, അവൻ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്. എന്ന്. അപ്പോൾ അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “അത് തെറ്റുകളുടെ പ്രദർശനം മാത്രമാണ്. വിചാരണ സൂക്ഷ്മമായി നടത്തപ്പെടുന്ന ആരുമില്ല; അവൻ ശിക്ഷിക്കപ്പെടാതെ.” (ബുഖാരി)
ഒന്ന്: ലോകമാന്യതക്കുള്ള വിചാരണ
ലോകമാന്യതക്കും പുറംപൂച്ചിനുമായി കർമ്മങ്ങളനുഷ്ഠിച്ചിരുന്നവർക്കുള്ള വിചാരണ ഏറ്റവും കടുത്തതും ഏറെ പ്രയാസകരവുമായിരിക്കും. പ്രസ്തുത വിചാരണയെ വിവരിക്കുന്ന വിശദമായ ഒരു ഹദീഥ് ഈ അദ്ധ്യായത്തിൽ ഖണ്ഡശഃയായി നൽകുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
أَنَّ اللَّهَ تَبَارَكَ وَتَعَالَى إِذَا كَانَ يَوْمُ الْقِيَامَةِ يَنْزِلُ إِلَى الْعِبَادِ لِيَقْضِىَ بَيْنَهُمْ وَكُلُّ أُمَّةٍ جَاثِيَةٌ ، فَأَوَّلُ مَنْ يَدْعُو بِهِ رَجُلٌ جَمَعَ الْقُرْآنَ وَرَجُلٌ قُتِلَ فِى سَبِيلِ اللَّهِ وَرَجُلٌ كَثِيرُ الْمَالِ
“നിശ്ചയം, അന്ത്യനാളായാൽ അല്ലാഹു ദാസന്മാർക്കിടയിൽ വിധിതീർപ്പിനായി ഇറങ്ങിവരും. എല്ലാ സമുദായങ്ങളും മുട്ടുകുത്തിയ അവസ്ഥയിലായിരക്കും. അല്ലാഹു ഒന്നാമതായി വിളിക്കുന്നത് ക്വുർആൻ പഠിച്ച വ്യക്തിയേയും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട വ്യക്തിയേയും ധാരാളം സമ്പത്തുള്ള വ്യക്തിയേയുമായിരിക്കും.”
فَيَقُولُ اللَّهُ لِلْقَارِئِ: أَلَمْ أُعَلِّمْكَ مَا أَنْزَلْتُ عَلَى رَسُولِى. قَالَ: بَلَى يَا رَبِّ. قَالَ فَمَاذَا عَمِلْتَ فِيمَا عُلِّمْتَ قَالَ كُنْتُ أَقُومُ بِهِ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ. فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ لَهُ بَلْ أَرَدْتَ أَنْ يُقَالَ إِنَّ فُلاَنًا قَارِئٌ فَقَدْ قِيلَ ذَاكَ.
“അപ്പോൾ അല്ലാഹു ക്വുർആൻ പാരായണക്കാരനോട് ചോദിക്കും: ഞാൻ എന്റെ ദൂതന് അവതരിപ്പിച്ച ക്വുർആൻ നിന്നെ പഠിപ്പിച്ചില്ലേ? അയാൾ പറയും: അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും: ഞാൻ പഠിപ്പിച്ചതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും: ഞാൻ രാപകലുകളിൽ അതുകൊണ്ടുള്ള ബാധ്യത നിർവ്വഹിച്ചിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ കള്ളമാണ് പറഞ്ഞത്. മലക്കുകളും അവനോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അവനോട് പറയും: അല്ല. നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി പരായണക്കാരനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.”
وَيُؤْتَى بِصَاحِبِ الْمَالِ فَيَقُولُ اللَّهُ لَهُ أَلَمْ أُوَسِّعْ عَلَيْكَ حَتَّى لَمْ أَدَعْكَ تَحْتَاجُ إِلَى أَحَدٍ قَالَ بَلَى يَا رَبِّ. قَالَ فَمَاذَا عَمِلْتَ فِيمَا آتَيْتُكَ قَالَ كُنْتُ أَصِلُ الرَّحِمَ وَأَتَصَدَّقُ. فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ تَعَالَى بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَوَادٌ فَقَدْ قِيلَ ذَاكَ.
“ശേഷം സമ്പന്നനെ ഹാജറാക്കപ്പെടും. അല്ലാഹു ചോദിക്കും: മറ്റൊരാളിലേക്കും ആവശ്യക്കാരനാകാത്തവിധം ഞാൻ നിനക്ക് വിശാലമായി സമ്പത്ത് നൽകിയില്ലേ? അയാൾ പറയും: അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും: ഞാൻ നൽകിയതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും: ഞാൻ കുടുംബബന്ധം ചാർത്തുകയും ദാനധർമ്മം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ കള്ളമാണ് പറഞ്ഞത്. മലക്കുകളും അവനോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അവനോട് പറയും: അല്ല. നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ഔദാര്യവാനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.”
وَيُؤْتَى بِالَّذِى قُتِلَ فِى سَبِيلِ اللَّهِ فَيَقُولُ اللَّهُ لَهُ فِى مَاذَا قُتِلْتَ فَيَقُولُ أُمِرْتُ بِالْجِهَادِ فِى سَبِيلِكَ فَقَاتَلْتُ حَتَّى قُتِلْتُ. فَيَقُولُ اللَّهُ تَعَالَى لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَرِىءٌ فَقَدْ قِيلَ ذَاكَ
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവനും ഹാജറാക്കപ്പെടും. അല്ലാഹു ചോദിക്കും: ഏതൊരു (മാർഗ്ഗത്തിലാണ്) നീ വധിക്കപ്പെട്ടത്? അയാൾ പറയും: നിന്റെ മാർഗ്ഗത്തിൽ ജിഹാദ് കൊണ്ട് ഞാൻ കൽപ്പിക്കപ്പെട്ടു. അങ്ങിനെ ഞാൻ വധിക്കപ്പെടുന്നതുവരെ ജിഹാദ് ചെയ്തു. ഉടൻ അല്ലാഹു അയാളോട് പറയും: നീ കള്ളമാണ് പറഞ്ഞത്. മലക്കുകളും അവനോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അവനോട് പറയും: അല്ല. നീ ഉദ്ദേശി ച്ചത് ഇന്ന വ്യക്തി ധീരനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.”
ثُمَّ ضَرَبَ رَسُولُ اللَّهِ ﷺ عَلَى رُكْبَتِى فَقَالَ ﷺ يَا أَبَا هُرَيْرَةَ أُولَئِكَ الثَّلاَثَةُ أَوَّلُ خَلْقِ اللَّهِ تُسَعَّرُ بِهِمُ النَّارُ يَوْمَ الْقِيَامَةِ
“പിന്നീട് അല്ലാഹുവിന്റെ തിരുദൂതർ ﷺ എന്റെ കാൽമുട്ടിൽ തട്ടി ക്കൊണ്ട് പറഞ്ഞു: അബൂഹുറയ്റാ, അന്ത്യനാളിൽ നരകം കത്തിക്കപ്പെടുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തെ ആളുകൾ ഈ മൂന്ന് കൂട്ടരാണ്.”
രണ്ട്: പാപങ്ങളുടെ പ്രദർശനം
അടിയാറുകളുടെ തെറ്റുകൾ അന്ത്യനാളിൽ അവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് കേട്ടതായി അബ്ദുല്ലാഹിബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
إِنَّ اللَّهَ يُدْنِى الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ . حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِى نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِى الدُّنْيَا ، وَأَنَا أَغْفِرُهَا لَكَ الْيَوْمَ . فَيُعْطَى كِتَابَ حَسَنَاتِهِ ، وَأَمَّا الْكَافِرُ وَالْمُنَافِقُونَ فَيَقُولُ الأَشْهَادُ “هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ”
“നിശ്ചയം അല്ലാഹു വിശ്വാസിയെ അടുപ്പിക്കും. തുടർന്ന് അവന്റെമേൽ അല്ലാഹു തന്റെ പാർശ്വഭാഗം വെക്കുകയും അവനെ മറക്കുകയും ചെയ്യും. ശേഷം അല്ലാഹു അവനോട് ചോദിക്കും: ഇന്ന തെറ്റ് നീ അറിയുമോ? ഇന്ന തെറ്റ് നീ അറിയുമോ? അപ്പോൾ അവൻ പറയും: അതെ രക്ഷിതാവേ. അങ്ങിനെ ദാസൻ തന്റെ തെറ്റുകൾ അംഗീകരിക്കുകയും താൻ നശിച്ചതായി കാണുകയും ചെയ്യുന്നതാണ്. അല്ലാഹു പറയും: അവയെ ഭൗതിക ലോകത്ത് ഞാൻ നിനക്കായി മറച്ചുവെച്ചു. ഇന്നേ ദിനം അവ ഞാൻ നിനക്ക് പൊറുക്കുന്നു. അതോടെ അവന് തന്റെ നന്മകളുടെ ഗ്രന്ഥം നൽകും. എന്നാൽ കാഫിരീങ്ങളെ കുറിച്ചും മുനാഫിക്വീങ്ങളെ കുറിച്ചും സാക്ഷികൾ പറയും:
هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ
….ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരിൽ കള്ളം പറഞ്ഞവർ…. (സൂറത്തുഹൂദ്: 18)
അടിമ ആക്ഷേപിക്കപ്പെടും
അന്ത്യനാളിൽ വിചാരണയുടെ വേദിയിൽ ചില ദാസന്മാർ അല്ലാഹുവിൽനിന്നുള്ള ആക്ഷേപത്തിന് വിധേയരാവുമെന്ന് തെളിവുകൾ അറിയിക്കുന്നുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِى. قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ. قَالَ أَمَا عَلِمْتَ أَنَّ عَبْدِى فُلاَنًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِى عِنْدَهُ. يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِى. قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ. قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِى فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِى. يَا ابْنَ آدَمَ اسْتَسْقَيْتُكَ فَلَمْ تَسْقِنِى. قَالَ يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ اسْتَسْقَاكَ عَبْدِى فُلاَنٌ فَلَمْ تَسْقِهِ أَمَا إِنَّكَ لَوْ سَقَيْتَهُ وَجَدْتَ ذَلِكَ عِنْدِى
“നിശ്ചയം അല്ലാഹു അന്ത്യനാളിൽ പറയും: ആദമിന്റെ പുത്രാ, ഞാൻ രോഗിയായി നീ എന്നെ രോഗ സന്ദർശനം നടത്തിയില്ല. ദാസൻ പറയും: എന്റെ രക്ഷിതാവേ നീ സർവ്വലോക സംരക്ഷകനായിരിക്കെ ഞാൻ എങ്ങിനെ നിന്നെ സന്ദർശിക്കുവാനാണ്? അല്ലാഹു പറയും: എന്റെ ഇന്നദാസൻ രോഗബാധിതനായത് നീ അറിഞ്ഞില്ലേ. എന്നിട്ടും നീ അയാളെ സന്ദർശിച്ചില്ല? നീ അയാളെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് എന്നെ അയാളുടെ അടുക്കൽ കാണാമായിരുന്നു എന്നത് നിനക്ക് അറിഞ്ഞുകൂടായിരുന്നോ? (അല്ലാഹു പറയും:) ആദമിന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ചോദിച്ചപ്പോൾ നീ എന്നെ ഭക്ഷിപ്പിച്ചില്ല. ദാസൻ പറയും: എന്റെ രക്ഷിതാവേ നീ സർവ്വലോക സംരക്ഷകനായിരിക്കെ ഞാൻ എങ്ങിനെ നിന്നെ ഭക്ഷിപ്പിക്കുവാനാണ്? അല്ലാഹു പറയും: എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത് നീ അറിഞ്ഞില്ലേ. എന്നിട്ടും നീ അയാളെ ഭക്ഷിപ്പിച്ചില്ല? നീ അയാളെ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ നിനക്ക് അത് എന്റെ അടുക്കൽ കാണാമായിരുന്നു എന്നത് നിനക്ക് അറിഞ്ഞുകൂടായിരുന്നോ? (അല്ലാഹുപറയും:) ആദമിന്റെ പുത്രാ, ഞാൻ നിന്നോട് പാനീയം ചോദിച്ചപ്പോൾ നീ എന്നെ കുടിപ്പിച്ചില്ല. ദാസൻ പറയും: എന്റെ രക്ഷിതാവേ നീ സർവ്വലോക സംരക്ഷകനായിരിക്കെ ഞാൻ എങ്ങിനെ നിന്നെ കുടിപ്പിക്കുവാനാണ്? അല്ലാഹു പറയും: എന്റെ ഇന്ന ദാസൻ നിന്നോട് പാനീയം ആവശ്യപ്പെട്ടത് നീ അറിഞ്ഞില്ലേ. എന്നിട്ടും നീ അയാളെ കുടിപ്പിച്ചില്ല? നീ അയാളെ കുടിപ്പിച്ചിരുന്നുവെങ്കിൽ നിനക്ക് അത് എന്റെ അടുക്കൽ കാണാമായിരുന്നു എന്നത് നിനക്ക് അറിഞ്ഞുകൂടായിരുന്നോ? (മുസ്‌ലിം)
കർമ്മരേഖകളുടെ കൈമാറ്റം
വിചാരണക്കൊടുവിൽ ദാസന്മാർക്ക് അവരുടെ ദുൻയാവിലെ കർമ്മങ്ങളുടെ സമ്പൂർണ്ണ രേഖകൾ നൽകപ്പെടും. പ്രസ്തുത കൈമാറ്റം വ്യത്യസ്ത രീതിയിലായിരിക്കും. വിശ്വസികൾക്ക് അവരുടെ മുൻഭാഗത്തിലൂടെ വലത് കയ്യിലായിരിക്കും അവ നൽകപ്പെടുക. അല്ലാഹു പറഞ്ഞു:
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾ وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ﴿٩﴾
എന്നാൽ (പരലോകത്ത്) ഏതൊരുവന്ന് തന്റെ രേഖ വലതുകൈയ്യിൽ നൽകപ്പെട്ടുവോ, അവൻ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്. അവൻ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. (സൂറത്തുൽഇൻശിക്വാക്വ്: 7,8,9)
തന്റെ രേഖയിലടങ്ങിയ സത്യവിശ്വാസവും സൽപ്രവൃത്തികളും കാണുന്നതോടെ വിശ്വാസി സന്തോഷഭരിതനാകും. അവൻ അത് പ്രകടിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ ﴿٢٠﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٢١﴾ فِي جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤﴾
എന്നാൽ വലതുകയ്യിൽ തന്റെ രേഖ നൽകപ്പെട്ടവൻ പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ. തീർച്ചയായും ഞാൻ വിചാരിച്ചിരുന്നു; ഞാൻ എന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന്. അതിനാൽ അവൻ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വർഗ്ഗത്തിൽ. അവയിലെ പഴങ്ങൾ അടുത്തുവരുന്നവയാകുന്നു. കഴിഞ്ഞുപോയ ദിവസങ്ങളിൽ നിങ്ങൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങൾ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. (എന്ന് അവരോട് പറയപ്പെടും.) (സൂറത്തുൽഹാക്ക്വഃ: 19-24)
എന്നാൽ അവിശ്വാസിക്കും കപടവിശ്വാസിക്കും മാർഗ്ഗഭ്രംശിക്കും ഗ്രന്ഥം നൽകപ്പെടുന്നത് തങ്ങളുടെ പിന്നിലൂടെ ഇടത് കയ്യിലായിരിക്കും. അതോടെ അവർ നാശമേ എന്ന് വിളിച്ചും ശപിച്ചും പരിതപിച്ചും തങ്ങളുടെ കർമ്മഭാരം പേറും.
അല്ലാഹു പറഞ്ഞു:
وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ ﴿٢٥﴾ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ ﴿٢٧﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّي سُلْطَانِيَهْ ﴿٢٩﴾ خُذُوهُ فَغُلُّوهُ ﴿٣٠﴾ ثُمَّ الْجَحِيمَ صَلُّوهُ ﴿٣١﴾
എന്നാൽ ഇടതു കയ്യിൽ ഗ്രന്ഥം നൽകപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എന്റെ ഗ്രന്ഥം എനിക്ക് നൽകപ്പെടാതിരുന്നെങ്കിൽ, എന്റെ വിചാരണ എന്താണെന്ന് ഞാൻ അറിയാതിരുന്നെങ്കിൽ (എത്ര നന്നായിരുന്നു.) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കിൽ (എത്ര നന്നായിരുന്നു!) എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്റെ അധികാരം എന്നിൽ നിന്ന് നഷ്ടപ്പെട്ടുപോയി. (അപ്പോൾ ഇപ്രകാരം കൽപനയുണ്ടാകും:) നിങ്ങൾ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങൾ ജ്വലിക്കുന്ന നരകത്തിൽ പ്രവേശിപ്പിക്കൂ. (സൂറത്തുൽ ഹാക്ക്വഃ: 25-31)
وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ﴿١٠﴾ فَسَوْفَ يَدْعُو ثُبُورًا ﴿١١﴾ وَيَصْلَىٰ سَعِيرًا ﴿١٢﴾
എന്നാൽ ഏതൊരുവന് തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവൻ നാശമേ എന്ന് നിലവിളിക്കുകയും, ആളിക്കത്തുന്ന നരകാഗ്നിയിൽ കടന്ന് എരിയുകയും ചെയ്യും. (സൂറത്തുൽഇൻശിക്വാക്വ്: 10-12)
ഗ്രന്ഥങ്ങൾ നൽകപ്പെടുമ്പോൾ പറയപ്പെടുന്നത് ഇപ്രകാരമയിരിക്കും. അല്ലാഹു പറഞ്ഞു:
هَٰذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ﴿٢٩﴾
ഇതാ നമ്മുടെ രേഖ. നിങ്ങൾക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു. (സൂറത്തുൽജാഥിയഃ:29)
അബ്ദുൽ ജബ്ബാർ അബ്ദുല്ല