ശഫാഅത്ത് നേടുന്ന ഭാഗ്യവാന്മാർ ആരെന്നറിയിക്കുന്ന ധാരാളം ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടത് കാണാം. ഇവിടെ ആ ഭാഗ്യം നേടുവാനുള്ള വിശ്വാസ കർമ്മാനുഷ്ഠാനങ്ങളിൽ ചിലത് തെളിവ് സഹിതം നൽകുന്നു:
തൗഹീദ് സാക്ഷാൽകരിക്കുക:
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ، وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا
“എല്ലാ നബിമാർക്കും ഉത്തരം നൽകപ്പെടുന്ന ഒരു ദുആയുണ്ട്. എല്ലാ നബിമാരും അവരുടെ ദുആയിൽ ധൃതികാണിച്ചു (ദുനിയാവിൽതന്നെ പ്രാർത്ഥിച്ചു) തീർച്ചയായും എന്റെ ദുആ ഞാൻ എന്റെ ഉമ്മത്തികൾക്ക് ശഫാഅത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചു. അല്ലാഹുവിൽ യാതൊന്നും പങ്കുചേർക്കാതെ എന്റെ ഉമ്മത്തിൽ നിന്ന് ആരാണോ മരണപ്പെടുന്നത് അവന്ന് അത് ലഭിക്കുന്നതാ ണ് إِنْ شَاءَ اللَّهُ” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ചോദിച്ചു,
يَا رَسُولَ اللَّهِ مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ؟ قَالَ: مَنْ قَالَ لَا إِلَهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ
“അല്ലാഹുവിന്റെ റസൂലേ, ക്വിയാമത്ത് നാളിൽ താങ്കളുടെ ശഫാഅത്ത് ലഭിക്കുന്ന അതിഭാഗ്യവാൻ ജനങ്ങളിൽ ആരാണ്? തിരുമേനി ﷺ പറഞ്ഞു: “തന്റെ ക്വൽബിൽനിന്നും നിന്നും നിഷ്കളങ്കതയോടെ لَا إِلَهَ إِلَّا اللَّهُ പറഞ്ഞവൻ ആരാണോ അവൻ” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
شفاعتي لمن شهد أن لا إله إلا الله مخلصا، وأن محمدا رسول الله يصدق لسانُهُ قلبَهُ وقلبُه لسانَه
നിഷ്കളങ്കനായി
لاَ إِلَهَ إِلاَّ اللهِ ، مُحَمَّدٌ رَسُولُ اللهِ
എന്ന് സാക്ഷ്യം വഹിച്ചവനാണ് എന്റെ ശഫാഅത്ത്; അവന്റെ നാവ് അവന്റെ ഹൃദയത്തേയും അവന്റെ ഹൃദയം അവന്റെ നാവിനേയും സത്യപ്പെടുത്തിയിരിക്കണം”
ഔഫ് ഇബ്നു മാലിക് അൽഅശ്ജഈ رَضِيَ اللَّهُ عَنْهُ യിൽനിന്നും നി വേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَتَانِي آتٍ مِنْ عِنْدِ رَبِّي ، فَخَيَّرَنِي بَيْنَ أَنْ يُدْخِلَ نِصْفَ أُمَّتِي الْجَنَّةَ وَبَيْنَ الشَّفَاعَةِ فَاخْتَرْتُ الشَّفَاعَةَ وَهِيَ لِمَنْ مَاتَ لَا يُشْرِكُ بِاللَّهِ شَيْئًا
“എന്റെ റബ്ബിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്റെ ഉമ്മത്തിൽനിന്ന് പകുതിപേരെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റേയും ശഫാഅത്തിന്റേയും ഇടയിൽ (ഏതാണ് വേണ്ടതെന്ന്) തെരെഞ്ഞെടുക്കുവാനുള്ള അവസരം എനിക്ക് നൽകി. അപ്പോൾ ഞാൻ ശഫാഅത്തിനെ തെരെഞ്ഞെടുത്തു. അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ മരണപ്പെടുന്നത് ആരാണോ അവനുള്ളതാണ് അത്(ശഫാഅത്ത്)”
തിരുമേനി ﷺ യുടെമേൽ സ്വലാത്ത് ചൊല്ലുക
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَلَّى علىَّ حينَ يُصبحُ عشرًا وحينَ يُمسىِ عشرًا أدركتْهُ شفاعتِى يومَ القيامةِ
“വല്ലവനും പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും എന്റെമേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലിയാൽ അവൻ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കണ്ടെത്തുന്നതാണ്.”
ബാങ്കിന് ശേഷം വസീലയെ തേടൽ
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَىَّ ، فَإِنَّهُ مَنْ صَلَّى عَلَىَّ صَلاَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ثُمَّ سَلُوا اللَّهَ لِىَ الْوَسِيلَةَ فَإِنَّهَا مَنْزِلَةٌ فِى الْجَنَّةِ لاَ تَنْبَغِى إِلاَّ لِعَبْدٍ مِنْ عِبَادِ اللَّهِ وَأَرْجُو أَنْ أَكُونَ أَنَا هُوَ فَمَنْ سَأَلَ لِىَ الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
“നിങ്ങൾ മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത്) കേട്ടാൽ, അയാൾ പറ യുന്നതുപോലെ നിങ്ങളും പറയുക. ശേഷം നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. കാരണം, വല്ലവനും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അതുകൊണ്ട് അല്ലാഹു അവന് പത്ത് കാരുണ്യങ്ങളെ വർഷിക്കും. ശേഷം നിങ്ങൾ അല്ലാഹുവോട് എനിക്കുവേണ്ടി വസീലഃയെ തേടുക. കാരണം അത് സ്വർഗ്ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്റെ ദാസന്മാരിൽ ഒരു ദാസനുമാത്രമാണ് അത് ചേരുക. ആ വ്യക്തി ഞാനാകുവാൻ ഞാൻ ആശിക്കുന്നു. വല്ലവനും എനിക്കുവേണ്ടി വസീലഃയെ തേടിയാൽ അവന് ശഫാഅത്ത് ലഭിക്കുന്നതാണ്.” (മുസ്ലിം)
ജാബിർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَالَ حِينَ يَسْمَعُ النِّدَاءَ اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدْتَهُ ، حَلَّتْ لَهُ شَفَاعَتِى يَوْمَ الْقِيَامَةِ
“വല്ലവനും ബാങ്ക് കേൾക്കുമ്പോൾ,
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدْتَهُ
ദുആ ചെയ്താൽ അവന് അന്ത്യനാളിൽ എന്റെ ശഫാഅത്ത് ലഭിച്ചു” (ബുഖാരി)
മദീനയിലെ പ്രയാസങ്ങളിൽ ക്ഷമിച്ചുള്ള ജീവിതം
അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഞാൻ കേട്ടു:
لاَ يَصْبِرُ أَحَدٌ عَلَىٰ لأوَائِهَا فَيَمُوتَ إِلاَّ كُنْتُ لَهُ شَفِيعاً أَوْ شَهِيداً يَوْمَ الْقِيَامَةِ، إِذَا كَانَ مُسْلِماً
“മദീനയുടെ ജീവിതക്ലേശങ്ങളിൽ ക്ഷമിച്ചുകൊണ്ട് മരണപ്പെടുന്ന ഏതൊരാൾക്കും അന്ത്യനാളിൽ ഞാൻ സാക്ഷിയും ശുപാർശക നുമാകാതിരിക്കില്ല; അവൻ മുസ്ലിമാണെങ്കിൽ.” (മുസ്ലിം)
മദീനയിൽ മരണം
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنِ اسْتَطَاعَ أَنْ يَمُوتَ بِالْمَدِينَةِ فَلْيَمُتْ فَإِنِّى أَشْفَعُ لِمَنْ يَمُوتُ بِهَا
“മദീനയിൽ മരിക്കുവാൻ വല്ലവനും സാധിച്ചാൽ അവൻ (അവിടെ) മരണം വരിക്കട്ടെ. കാരണം, ഞാൻ അവിടെ മരിക്കുന്നവന് ശഫാഅത്ത് പറയുന്നതാണ്.”
നാഫിലത്തുകൾ വർദ്ധിപ്പിക്കുക
നബി ﷺ യുടെ ഒരു ഖാദിമിൽനിന്നും നിവേദനം. അദ്ദേഹം പറയുന്നു: നബി ﷺ ഖാദിമിനോട് ചോദിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ പെട്ടതായിരുന്നു താങ്കൾക്ക് വല്ല ആവശ്യവുമുണ്ടോ എന്നത്. അങ്ങിനെ ഒരു ദിനം ഖാദിം തിരുമേനി ﷺ യോട് പറഞ്ഞു:
يَا رَسُولَ اللهِ حَاجَتِي قَالَ: وَمَا حَاجَتُكَ ؟ قَالَ: حَاجَتِي أَنْ تَشْفَعَ لِي يَوْمَ الْقِيَامَةِ قَالَ: وَمَنْ دَلَّكَ عَلَى هَذَا؟ قَالَ: رَبِّي قَالَ: إِمَّا لاَ، فَأَعِنِّي بِكَثْرَةِ السُّجُودِ
“അല്ലാഹുവിന്റെ തിരുദൂതരേ, എനിക്കാവശ്യമുണ്ട്. തിരുമേനി ﷺ പറഞ്ഞു: താങ്കളുടെ ആവശ്യം എന്താണ്? ഖാദിം പറഞ്ഞു: അന്ത്യനാളിൽ താങ്കൾ എനിക്ക് ശഫാഅത്ത് ചെയ്യണമെന്നതാണ്. തിരുമേനി ﷺ പറഞ്ഞു: ഇത് താങ്കൾക്ക് അറിയിച്ചുതന്നത് ആരാണ്? ഖാദിം പറഞ്ഞു: എന്റെ രക്ഷിതാവാണ്. തിരുമേനി ﷺ പറഞ്ഞു: എന്നാൽ ഇപ്പോൾ (ശഫാഅത്ത് ചോദിക്കൽ) ഇല്ല. ധാരാളം സുജൂദുകൾ കൊണ്ട് താങ്കൾ എന്നെ സഹായിക്കുക.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല