ദാഹിച്ചുവലഞ്ഞവനുമുമ്പിലെ മരീചികയോടും ശീതക്കാറ്റ് നശിപ്പിക്കുന്ന വിളയോടും കൊടുംകാറ്റ് ധൂളിയാക്കി പറത്തിവിടുന്ന ചാരത്തോടുമെല്ലാമാണ് അല്ലാഹു അവിശ്വാസികളുടെ കർമ്മങ്ങളെ ഉപമിച്ചിരിക്കുന്നത്. അവൻ അന്ത്യനാളിൽ അവയെ ധൂളികളാക്കി പറത്തുന്നതാണ്. അല്ലാഹു പറഞ്ഞു:
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴿٢٣﴾
അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും. (സൂറത്തുൽഫുർക്വാൻ: 23)
പരലോകത്ത് കർമ്മങ്ങൾ ഉപകരിക്കുമെന്ന് നിനച്ചിരുന്ന അവിശ്വാസികളും കപടവിശ്വാസികളും എല്ലാം നഷ്ടപ്പെട്ടവരായും നശിച്ചവരായും അവിടെ വന്നെത്തുന്നതാണ്. അല്ലാഹു പറഞ്ഞു:
قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا ﴿١٠٣﴾ الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾ أُولَٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴿١٠٥﴾ ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا ﴿١٠٦﴾
(നബിയേ,) പറയുക: കർമ്മങ്ങൾ ഏറ്റവും നഷ്ടകരമായി തീർന്നവരെ സംബന്ധിച്ച് നാം നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവർ. അവർ വിചാരിക്കുന്നതാകട്ടെ തങ്ങൾ നല്ല പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവർ. അതിനാൽ അവരുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാൽ നാം അവർക്ക് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ യാതൊരു തൂക്കവും (സ്ഥാനവും) നിലനിർത്തുകയില്ല. അതത്രെ അവർക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളെയും, ദൂതൻമാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം. (അൽകഹ്ഫ്:103-106)
അന്യോന്യം തർക്കിക്കും
ശിക്ഷ നേരിൽ കാണുകയും പരലോകത്തിന്റെ ഭീകരത ഭീതിപ്പെടുത്തുകയും ചെയ്യുമ്പോൾ അല്ലാഹുവിന്റെ ശത്രുക്കളായ അവിശ്വാസികൾ അവിടെവെച്ച് അന്യോന്യം വൈരികളാകും. ഇസ്ലാമിക ആദർശത്തിന്റെ അടിസ്ഥാനത്തിലല്ലാതുള്ള എല്ലാവിധ കേവല ഭൗതിക സ്നേഹങ്ങളും ശത്രുതയായി മാറും. അല്ലാഹു പറഞ്ഞു:
الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ ﴿٦٧﴾
സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ. (സൂറത്തുസ്സുഖ്റുഫ്: 67)
അതോടെ നരകാർഹരായവർ തർക്കവിതർക്കത്തിലും വാദകോലാഹലങ്ങളിലും ഏർപ്പെടും. ആരാധ്യന്മാരും ആരാധിച്ചിരുന്നവരും, അനുയായികളും നേതാക്കളും, മനുഷ്യനും ക്വരീനും, അവിശ്വാസികളും അവയവങ്ങളുമെല്ലാം തർക്കിക്കുമെന്ന് തെളിവുകളിൽ വന്നിട്ടുണ്ട്. താഴെ (ഇനി) നൽകുന്ന അദ്ധ്യായങ്ങളിൽ തൽവിഷയത്തിൽ ഏതാനും ഭാഗങ്ങൾ ചേർക്കുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല