മരണവീട്ടിൽ ഭക്ഷണമുണ്ടാക്കി സൽകരിക്കൽ

THADHKIRAH

മയ്യിത്തിന്റെ പേരിൽ ഒച്ചവെച്ചും വിലപിച്ചും കരയുന്നതിനാണ് നിയാഹത്ത് എന്നു പറയുന്നത്. അത് മയ്യിത്തിനു ശിക്ഷയായി ഭവിക്കു മെന്ന് മുന്നറിയിപ്പുണ്ട്. ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

وَإِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ

“മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചിൽ മൂലം ശിക്ഷിക്കപ്പെടും” മയ്യിത്തിനു ശിക്ഷയായി ഭവിക്കുന്ന നിയാഹത്തിലായിരുന്നു മരണ വീട്ടിൽ ഭക്ഷണമൊരുക്കി ആളുകളെ സൽകരിക്കുന്നതിനെ സ്വഹാബി കൾ എണ്ണിയിരുന്നത്.
അബ്ദുർറഹ്മാൻ അൽജസയ്രി പറയുന്നു:
വീട്ടിൽ നിന്ന് മയ്യിത്ത് പുറപ്പെടുന്ന വേളയിലും ക്വബ്റിന്നടുത്തും മൃഗങ്ങളെ അറുക്കുക, അനുശോചനത്തിന് ഒരുമിച്ചു കൂടുന്നവർക്ക് ആഘോഷങ്ങളിലും ഉല്ലാസപാർട്ടികളിലും ചെയ്യാറുള്ളതു പോലെ ഭക്ഷണമൊരുക്കുക, ഭക്ഷണം നൽകുക തുടങ്ങി ഇന്നു ചെയ്യപ്പെടുന്നതെല്ലാം വെറുക്കപ്പെട്ട ബിദ്അത്തുകളിൽ പെട്ടതാണ്. മയ്യിത്തിന്റെ അനന്തരാവകാശികളിൽ പ്രായപൂർത്തിയാകാത്തവൻ ഉണ്ടെങ്കിൽ ഭക്ഷണമൊരുക്കലും നൽകലും ഹറാമുമാകുന്നു.
ഇമാം അഹ്മദും ഇബ്നുമാജഃയും ജരീർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം ചെയ്യുന്നു:

كُنَّا نَعُدُّ الِاجْتِمَاعَ إِلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنَ النِّيَاحَةِ

“മയ്യിത്ത് മറമാടപ്പെട്ടതിനു ശേഷം മയ്യിത്തിന്റെ ബന്ധുക്കളുടെ അടുക്കൽ ഒത്തുകൂടലും ഭക്ഷണം ഉണ്ടാക്കലും ഞങ്ങൾ നിയാഹത്തി ലായിരുന്നു എണ്ണിയിരുന്നത്.”
എന്നാൽ അയൽവാസികളും കൂട്ടുകാരും മയ്യിത്തിന്റെ ബന്ധു ക്കൾക്ക് ഭക്ഷണം തയ്യാറാക്കലും അവരിലേക്ക് അയക്കലും സുന്നത്താണ്. നബി رَضِيَ اللَّهُ عَنْهُ പറഞ്ഞു:

اصْنَعُوا لآلِ جَعْفَرٍ طَعَامًا فَإِنَّهُ قَدْ أَتَاهُمْ أَمْرٌ شَغَلَهُمْ

“ജഅ്ഫറിന്റെ കുടുംബത്തിന് നിങ്ങൾ ഭക്ഷണമുണ്ടാക്കുക. നിശ്ചയം അവരെ വ്യാപൃതമാക്കുന്ന കാര്യം അവർക്ക് വന്നിരിക്കുന്നു.” (അൽഫിക്വ്ഹു അലൽമദാഹിബിൽഅർബഅഃ)
അവരെ ഭക്ഷണം കഴിക്കുവാൻ നിർബന്ധിക്കണം. കാരണം ദുഃഖം അവരെ അതിൽനിന്ന് തടയും.
മയ്യിത്തിന്റെ ബന്ധുക്കൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിന് അവർ നിയാഹത്തിനോ അല്ലെങ്കിൽ മറ്റു നിഷിദ്ധങ്ങൾക്കോ ഒരുമിച്ചു കൂടാത്തവരായിരിക്കണമെന്ന് അവരുടെ വിഷയത്തിൽ മാലികീ മദ്ഹബിലെ പണ്ഡിതന്മാർ നിബന്ധന വെച്ചിരിക്കുന്നു. നിയാഹത്തിനും നിഷിദ്ധങ്ങൾക്കും ഒരുമിച്ചുകൂടുന്നവർക്ക് ഭക്ഷണം കൊടുത്തയക്കൽ ഹറാമാണ്. കാരണം അവർ പാപികളാണ്.
മയ്യിത്തിന്റെ ബന്ധുക്കൾ ആളുകളെ ഭക്ഷിപ്പിക്കുന്നത് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വെറുത്തിരിക്കുന്നു. കാരണം അതൊക്കെ സന്തോഷ വേളയിലാണ്; ആപൽസമയത്തല്ല.  (അൽമൗസൂഅത്തുൽഫിക്വ്ഹിയ്യ അൽകുവയ്തിയ്യഃ)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts