ഇഹ്തിസാബും ഇസ്തിർജാഉം

THADHKIRAH

 
മതാപിതാക്കളും മക്കളും ജീവിതപങ്കാളികളും ഇഷ്ടക്കാരും സ്വന്തക്കാരുമൊക്കെ മരണപ്പെടുന്നത് മുസ്വീബത്തും പരീക്ഷണവു മാണ്. ഇത്തരം സന്ദർഭങ്ങളിൽ  അല്ലാഹുവിന്റെ വിധിയിൽ ക്ഷമിച്ചു കൊണ്ട് അവനെ സ്തുതിക്കുക, ഇസ്തിർജാഅ് ചൊല്ലുക, ദുആഅ് ചെയ്യുക, എന്നിവ ഏറെ അനുഗ്രഹീത കർമ്മങ്ങളാകുന്നു. ഏതാനും തെളിവുകൾ ഈ വിഷയത്തിൽ താഴെ നൽകുന്നു. മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. 
وَالَّذِي نَفْسِي بِيَدِهِ، أَنَّ السِّقْطَ لَيَجُرُّ أُمَّهُ بِسُرَرِهِ إِلَى اْلجَنَّةِ إِذَا احْتَسَبَتْهُ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, ഗർഭത്തിൽ വെച്ചു മരണപ്പെട്ട് പുറത്തു വരുന്ന കുഞ്ഞ് തന്റെ പൊക്കിൾ കൊടി കൊണ്ട് തന്റെ മാതാവിനെ സ്വർഗത്തിലേക്ക് വലിക്കുന്നതാണ്; ആ മാതാവ് ക്ഷമിക്കുകയും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷി ക്കുകയും ചെയ്താൽ”  (മുസ്നദുഅഹ്മദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഉമ്മുസലമഃ ‎رَضِيَ اللَّهُ عَنْها  യിൽ നിന്നു നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറയുന്നത് ഞാൻ കേട്ടു: 
مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ فَيَقُولُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا إِلَّا أَجَرَهُ اللَّهُ فِي مُصِيبَتِهِ وَأَخْلَفَ لَهُ خَيْرًا مِنْهَا قَالَتْ فَلَمَّا تُوُفِّيَ أَبُو سَلَمَةَ قُلْتُ كَمَا أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْلَفَ اللَّهُ لِي خَيْرًا مِنْهُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
“ആപത്ത് ഏൽക്കുകയും,
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا
“നമ്മൾ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ, എന്റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നൽകേണമേ. അതിനേക്കാൾ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ.’ 
എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്ന യാതൊരു ദാസനുമില്ല, അല്ലാഹു അവന്റെ മുസ്വീബത്തിന് പ്രതിഫലം നൽകുകയും അതിനേ ക്കാൾ ഗുണമുള്ളത് പകരമാക്കുകയും ചെയ്യാതെ.
ഉമ്മുസലമഃ ‎رَضِيَ اللَّهُ عَنْها പറയുന്നു: അബൂസലമഃ മരിച്ചപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നോട് ആജ്ഞാപിച്ചതുപോലെ ഞാൻ പ്രാർത്ഥിച്ചു. തന്നിമിത്തം അബൂസലമഃയേക്കാൾ ഉത്തമനായ അല്ലാഹുവിന്റെ റസൂലി ‎ﷺ  നെ എനിക്ക് അല്ലാഹു  പകരമായി നൽകി.” (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ അല്ലാഹുവിന്റെറസൂൽ ‎ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്:
مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ ، فَيَقُولُ مَا أَمَرَهُ اللّهُ: إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ اؤجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْراً مِنْهَا ـ إِلاَّ أَخْلَفَ اللّهُ لَهُ خَيْراً مِنْهَا
ഒരു മുസ്ലിമിന് മുസ്വീബത്ത് (ദുരിതം) ഏൽക്കുന്നു. അപ്പോൾ അയാൾ അല്ലാഹു തന്നോട് കൽപിച്ചത് പറയുന്നു: അഥവാ,
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ اؤجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْراً مِنْهَا
“ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്, അവങ്കലേക്കു തന്നെ മടങ്ങേണ്ടതാണ്. അല്ലാഹുവേ എനിക്കേറ്റ മുസ്വീബത്തിൽ നീ എനിക്ക് പ്രതിഫലം നൽകേണമേ, ഇതിനേക്കാൾ നല്ലത് എനിക്ക് പകരം നൽകേണമേ.” എങ്കിൽ അതിനേക്കാൾ ഉത്തമമായത് അല്ലാഹു അയാൾക്ക് പകരം നൽകാതിരിക്കില്ല”. (മുസ്‌ലിം)
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽ നിന്നു നിവേദനം. 
إذَا مَاتَ وَلَدُ العَبْدِ قالَ الله لِمَلاَئِكَتِهِ قَبَضْتُمْ وَلَدَ عَبْدِي؟ فَيَقُولُونَ نَعَمْ فَيَقُولُ قبضتم ثمَرَةَ فُؤَادِهِ فَيَقُولُونَ: نَعَمْ. فَيَقُولُ: مَاذَا قالَ عَبْدي؟ فَيَقُولُونَ حَمِدَكَ واسْتَرْجَعَ، فَيَقُولُ الله: ابْنُوا لِعَبْدِي بَيْتاً في الجَنَّةِ وسَمُّوهُ بَيْتَ الحَمْدِ 
“ഒരു അടിമയുടെ കുട്ടി മരിച്ചാൽ, അല്ലാഹു അവന്റെ മലക്കുകളോടു ചോദിക്കും: എന്റെ അടിമയുടെ പുത്രനെ നിങ്ങൾ (മരണത്തിലൂടെ) പിടികൂടിയോ? അപ്പോൾ അവർ പറയും: അതെ, അല്ലാഹു ചോദിക്കും: നിങ്ങൾ ആ അടിമയുടെ ഹൃദയത്തിന്റെ ഫലം പിടിച്ചെടുത്തുവോ? അപ്പോൾ അവർ പറയും: അതെ. അല്ലാഹു ചോദിക്കും, എന്റെ അടിമ എന്താണ് പറഞ്ഞത്? അവർ പറയും: നിന്നെ സ്തുതിച്ചിരിക്കുന്നു. “ഇസ്തിർജാഅ്’ നടത്തിയിരിക്കുന്നു. അഥവാ,
إنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ 
എന്നു പറഞ്ഞിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: എന്റെ ദാസന് നിങ്ങൾ സ്വർഗത്തിൽ ഒരു വീട് പണിയുക, അതിനു നിങ്ങൾ ബയ്തുൽഹംദ് എന്നു പേരിടുക.”  (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts