അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹൻ. കാരണം യഥാര്‍ത്ഥ ഇലാഹ് (ആരാധ്യൻ) അവൻ മാത്രമാണ്. അവനല്ലാത ഒരാള്‍ക്കും ആരാധനയുടെ ഒന്നിന്നും യാതൊരു അര്‍ഹതയുമില്ല. കാരണം. ലോകത്തിലെ മുഴുവന്‍ സൃഷ്ടികളെയും സൃഷ്‌ടിച്ചവനായ الخَالِقُ (സ്രഷ്ടാവ്) ആണവൻ. അവര്‍ക്ക് നന്മകള്‍ ചെയ്തു കൊടുക്കുകയും, അവരുടെ ഉപജീവനം ഏറ്റെടുക്കുകയും, അവരുടെ കാര്യങ്ങൾ കൃത്യമായി അറിയുന്നവനും, അവനെ അനുസരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുവാനും, അവനെ ധിക്കരിക്കുന്നവരെ ശിക്ഷിക്കാന്‍ കഴിവുള്ളവനും അവന്‍ മാത്രമാണ്.
മനുഷ്യരെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത് (ആരാധന) ചെയ്യാന്‍ വേണ്ടി മാത്രമാണ്.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചതിന്റെ ലക്ഷ്യമിതാണ്. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതും ഇതുതന്നെ. അത് അല്ലാഹുവിനെ മനസ്സിലാക്കിയും അവനെ സ്‌നേഹിച്ചും അവനിലേക്ക് ഖേദിച്ചുമടങ്ങിയും മറ്റുള്ളവരില്‍നിന്നും തിരിഞ്ഞുകളഞ്ഞ് അവനിലേക്ക് മുന്നിട്ടും അവനെ ആരാധിക്കുക എന്നതാണ്. (തഫസീറുസ്സഅ്ദി)
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ : 2/21-22)
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ
നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു: അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് …… (ഖു൪ആന്‍ : 17/23)
أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ
അല്ലാഹു കല്‍പിച്ചിരിക്കുന്നു: അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. (ഖു൪ആന്‍ : 12/40)
فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴿٥٠﴾ وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴿٥١﴾
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. (ഖു൪ആന്‍:51/50-51)
{അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക} ഇതാണ് അല്ലാഹുവിലേക്കുള്ള യഥാര്‍ഥ ഓടിച്ചെല്ലല്‍. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ക്വബ്‌റുകള്‍, സമന്മാര്‍, ബിംബങ്ങള്‍ എന്നിവയെ ആരാധ്യന്മാരായി സ്വീകരിക്കുന്നതിൽ നിന്നും ഒരു അടിമ ഓടിച്ചെല്ലുക. തന്റെ ആരാധനയും ഭയവും പ്രതീക്ഷയും പ്രാര്‍ഥനയും മടക്കവും തന്റെ രക്ഷിതാവിന് മാത്രമാക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)
അല്ലാഹു മുഴുവന്‍ പ്രവാചകൻമാരെയും നിയോഗിച്ചത് അവനെ മാത്രമേ ഇബാദത്ത് ചെയ്യാന്‍ പാടുള്ളൂ എന്ന സത്യം ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുവാനും അവരെ അതിലേക്ക് ക്ഷണിക്കുവാനുമാണ്.
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളതും ഇതിന് വേണ്ടിതന്നെയാണ്.
الٓر ۚ كِتَٰبٌ أُحْكِمَتْ ءَايَٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴿١﴾ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۚ إِنَّنِى لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ﴿٢﴾
അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്. എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍. (ഖു൪ആന്‍:11/1-2)
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ﴿٢﴾ أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ
തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. (ഖു൪ആന്‍:39/2-3)
{അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക} കാര്യങ്ങളെല്ലാം, അത് പ്രത്യക്ഷമാകട്ടെ പരോക്ഷമാകട്ടെ അല്ലാഹുവിൽ മാത്രമായി സമർപ്പിക്കുക. അതിൽ ഇസ്‌ലാമും ഈമാനും ഇഹ്‌സാനും ഉൾപ്പെട്ടു. ഇതിലെല്ലാം അവന്റെ പ്രീതി മാത്രം ആഗ്രഹിക്കണം. അത് അവന് മാത്രമായിരിക്കണം. മറ്റു താൽപര്യങ്ങളൊന്നും ഉണ്ടായിക്കൂടാ. (തഫ്സീറുസ്സഅ്ദി)
{അറിയുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം} ആരാധനകൾ അല്ലാഹുവിന് നിഷ്‌കളങ്കമാക്കുക എന്ന കൽപനയെ സ്ഥാപിക്കുകയാണിവിടെ. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിനോടുള്ള ഭയത്തിലും പ്രതീക്ഷയിലും സ്‌നേഹത്തിലും ഖേദത്തിലും ആവശ്യങ്ങൾ ചോദിക്കുന്നതിലുമെല്ലാമുള്ള ആരാധന അവനു മാത്രമായിരിക്കണം എന്നൊരാശയം അതുൾക്കൊള്ളുന്നു. (തഫ്സീറുസ്സഅ്ദി)
ദിനേനെ 17 തവണ നിര്‍ബന്ധമായും പറയേണ്ട സൂറ:ഫാതിഹയിലെ ഒരു ആയത്ത് കാണുക:
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖു൪ആന്‍:1/5)
‘ഇയ്യാക നഅ്ബുദു’ എന്നാൽ നിനക്ക് മാത്രമേ ഞങ്ങൾ ഇബാദത് ചെയ്യൂ എന്നാണ് അർത്ഥമാക്കുന്നത്. ഞങ്ങളുടെ എല്ലാ തരം ഇബാദത്തുകളും സൽകർമ്മങ്ങളും നിനക്ക് മാത്രമാണ്, നിന്നോടൊപ്പം ഒരാളെയും ഞങ്ങൾ പങ്കുചേർക്കുന്നതല്ല എന്നാണ് നമസ്കാരത്തിലൂടെ നാം പ്രഖ്യാപിക്കുന്നത്.
عَنْ مُعَاذٍ ـ رضى الله عنه ـ قَالَ كُنْتُ رِدْفَ النَّبِيِّ صلى الله عليه وسلم عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ ” يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ ”. قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا ”.
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാനൊരു കഴുതപ്പുറത്ത് നബിയുടെ പിറകിൽ യാത്ര ചെയ്യുന്നവനായിരുന്നു. അപ്പോൾ നബി ﷺ എന്നോട് ചോദിച്ചു : മുആദ് , അടിമകളുടെ മേൽ അല്ലാഹുവിന്റെ അവകാശം എന്താണെന്നും അല്ലാഹുവിന്റെ മേലുള്ള അടിമകളുടെ അവകാശങ്ങൾ ഏതൊക്കെയാണെന്നും നിനക്കറിയുമോ? ഞാൻ പറഞ്ഞു : അല്ലാഹുവും അവന്റെ പ്രവാചകനുമാണ് ഏറ്റവും നന്നായി അറിയുന്നവൻ. നബി ﷺ പറഞ്ഞു : അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശം അവനെ മാത്രം ആരാധിക്കണമെന്നും അവനിൽ യാതൊന്നിനെയും പങ്ക് ചേർക്കരുത് എന്നതാണ്. അടിമകൾക്ക് അവന്റെ (അല്ലാഹുവിന്റെ ) മേലുള്ള അവകാശമാകട്ടെ അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവരെ അവൻ ശിക്ഷിക്കുകയില്ല എന്നതുമാണ്. (ബുഖാരി:2859)
عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ . قَالَ ” لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ”
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക. നബി ﷺ പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ്നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക, സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി:2616)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
الْعِبَادَةُ هِيَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ تَعَالَى وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الْبَاطِنَةِ وَالظَّاهِرَةِ.
ഇബാദത് എന്നാല്‍, അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു:
هي إفراد الله سبحانه بجميع ما تعبد العباد به من دعاء وخوف ورجاء وصلاة وصوم وذبح ونذر وغير ذلك من أنواع العبادة، على وجه الخضوع له والرغبة والرهبة، مع كمال الحب له سبحانه
ഇബാദത്ത് എന്നാല്‍, പ്രാര്‍ത്ഥന, ഭയം, പ്രതീക്ഷ, നിസ്കാരം, നോമ്പ്, അറവ്, നേര്‍ച്ച, തുടങ്ങിയ ഇബാദത്തിന്റെ ഇനങ്ങളായിക്കൊണ്ട് പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അങ്ങേയറ്റത്തെ വിനയത്തോടു കൂടിയും അല്ലാഹുവിലുള്ള പ്രതീക്ഷയോടു കൂടിയും അവനോടുള്ള ഭയത്തോടു കൂടിയും അവനോടുള്ള പരിപൂര്‍ണ്ണമായ സ്നേഹത്തോടെയും അവന്റെ മഹത്വത്തോടുള്ള താഴ്മയോടു കൂടിയും ഒരടിമ പ്രവര്‍ത്തിക്കുന്നതായ എല്ലാ ആരാധനാ കര്‍മ്മങ്ങളിലും അല്ലാഹുവിനെ ഏകനാക്കുക, അഥവാ അവനു വേണ്ടി മാത്രമാക്കിക്കൊണ്ട് ചെയ്യുക എന്നതാണ് യഥാര്‍ഥത്തില്‍ ഇബാദത്ത് കൊണ്ടുള്ള വിവക്ഷ. (العَقِيدَةُ الصَّحِيحَةُ وَمَا يُضَادُّهَا)
എല്ലാ ഇബാദത്തുകളും അല്ലാഹുവിന് മാത്രം അർപ്പിക്കുന്നതിനാണ് തൗഹീദ് എന്ന് പറയുക. അതായത്; നിസ്ക്കാരവും നോമ്പും ഹജ്ജും ബലികർമവും നേർച്ചയുമെല്ലാം അല്ലാഹുവിന് വേണ്ടി മാത്രം. അവനു വേണ്ടി ആദരണീയമായ കഅബക്ക് ചുറ്റും മാത്രമേ ത്വഫാഫ് ചെയ്യാവൂ. ഒരു ഖബ്റിനു ചുറ്റും അത് പാടില്ല. അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥനയാകുന്ന ഇബാദത്തും നിർവഹിക്കാവൂ, സഹായങ്ങൾക്കും രോഗ ശമനത്തിനും – ദുരിതങ്ങളിൽ നിന്ന് ആശ്വാസത്തിനും ഉപകാരം പ്രതീക്ഷിച്ചു കൊണ്ടും ഉപദ്രവങ്ങളിൽ നിന്ന് രക്ഷ ആഗ്രഹിച്ചു കൊണ്ടും ശുപാർശ ലഭിക്കാനും എന്നു വേണ്ട എല്ലാ ആവശ്യങ്ങൾക്കും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ.
അതേപോലെ, ഇബാദത്തുകൾ മുഴുവനായോ ഭാഗികമായോ അല്ലാഹു അല്ലാത്തവർക്ക് അർപ്പിക്കുന്നതാണ് ശിർക്ക്, അത് ഏതെങ്കിലും ഒരു ഇബാദത്തായാലും ശരി. അല്ലാഹു പറയുന്നു:
وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ
നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. (ഖു൪ആന്‍:4/36)
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَٰهًا وَٰحِدًا ۖ لَّآ إِلَٰهَ إِلَّا هُوَ ۚ سُبْحَٰنَهُۥ عَمَّا يُشْرِكُونَ
ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! (ഖു൪ആന്‍:9/31)
റോമിലെ ഭരണാധികാരി അബൂ സുഫ്യാനോനോട്, മുഹമ്മദ് നബി ﷺ എന്താണ് നിങ്ങളോട് കൽപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു:
اعبدوا الله وحده لا تشركوا به شيئاً
നിങ്ങൾ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക, അവനിൽ ഒന്നിനേയും നിങ്ങൾ പങ്ക് ചേർക്കരുത്. (ബുഖാരി,മുസ്ലിം)
സത്യവിശ്വാസികളെ, നമ്മെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത് ചെയ്യാന്‍ വേണ്ടി മാത്രമാണെന്നും മറ്റൊന്നിനുമല്ലെന്നും ഉൾക്കൊള്ളുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുക. നമ്മുടെ ചിന്തയും വാക്കുകളും അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമാകട്ടെ. അഥവാ ഹൃദയവും നാവും സദാ അല്ലാഹുവിനെ സ്മരിക്കുന്നതാകട്ടെ. നമ്മുടെ സംസാരങ്ങൾ ഏറ്റവും നല്ലതാകട്ടെ. നമ്മുടെ സകല പ്രവൃത്തികളും അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമാകട്ടെ. അല്ലാഹുവിന്റെ പ്രതിഫലം ഓർത്ത് നൻമകൾ അധികരിപ്പിക്കുക. അല്ലാഹുവിന്റെ ശിക്ഷ ഓർത്ത് തിൻമകളിൽ നിന്ന് പരിപൂർണ്ണമായി വിട്ടുനിൽക്കുക. ഇബാദത്തിന്റെ ഒരു അംശം പോലും അല്ലാഹുവല്ലാത്തവര്‍ക്ക് നൽകാതിരിക്കുക. മരണം വരെയും ഇബാദത്തിൽ മുഴുകുക.
ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ
ഉറപ്പായ ആ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിന് ഇബാദത്ത് ചെയ്യുക. (ഖു൪ആന്‍:15/99)