സത്യവിശ്വാസിക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള മാസമാണ് വിശുദ്ധ റമളാന്‍. സന്തോഷത്തോടെ സല്‍ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കാനും പ്രതിഫലം കരസ്ഥമാക്കാനുമുള്ള അസുലഭ അവസരമാണിത്. ഇവിടെ പുണ്യങ്ങളെന്നും സല്‍ക൪മ്മങ്ങളെന്നും പറയുമ്പോൾ അതൊക്കെ മുഹമ്മദ് നബി ﷺ യിലൂടെ പഠിപ്പിക്കപ്പെട്ടതായിരിക്കണം. ഇപ്രകാരം പഠിപ്പിക്കപ്പെട്ട ഒട്ടനവധി കാര്യങ്ങൾ നമുക്ക് റമളാനിൽ നിര്‍വ്വഹിക്കാനുണ്ട്. എന്നാൽ ഇന്ന് സമൂഹത്തിൽ ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത പല അനാചാരങ്ങളും റമളാനിൽ പുണ്യങ്ങളായും സല്‍ക൪മ്മങ്ങളായും നിര്‍വ്വഹിക്കപ്പെടുന്നു. അതിൽ നിന്നെല്ലാം സത്യവിശ്വാസികൾ വിട്ടുനിൽക്കേണ്ടതാണ്. അതുകൊണ്ടുതന്നെ റമളാനിന്റെ ശ്രേഷ്ഠതകളും, അവയിലെ സുന്നത്തുകളും അറിയുന്നതോടൊപ്പം റമളാനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ബിദ്അത്തുകളെ കൂടിയും തിരിച്ചറിയേണ്ടതുണ്ട്. അത്തരം ചില ബിദ്അത്തുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു.

اللهم بارك لنا في رجب وشعبان وبلغنا رمضان എന്ന പ്രാ൪ത്ഥനയെ കുറിച്ച്

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ

റജബ് മാസം പ്രവേശിച്ചാല്‍ നബി ﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ. ( الأوسط: 3939 – ഇമാം ത്വബറാനി / ശുഅബ് :3534 – ഇമാം ബൈഹഖി / زوائد المسند:2346 )

സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് رضي الله عنه വില്‍ നിന്നുമാണ് ഉദ്ദരിക്കുന്നത്. ഈ ഹദീസിന്റെ സനദ് ദു൪ബലമാണ്. അതില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണെന്നും ഇമാം അബൂ ഹാതിം ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ലെന്നും ഇമാം ഇബ്നു ഹിബ്ബാന്‍ ഇയാള്‍ ദുര്‍ബലനാണെന്നും ഇദ്ദേഹത്തിന്റെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. [ميزان الإعتدال : 2 /91]

ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ ‘മുന്‍കറുല്‍ ഹദീസ്’ ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും رحمهما الله പറഞ്ഞിട്ടുണ്ട്.

قال إبن حَجر الهيثمي : رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ

ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി رحمه الله പറയുന്നു:ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ ‘മുന്‍കറുല്‍ ഹദീസ്’ ആണ്. അയാള്‍ മജ്ഹൂലായ ആളാണ്‌ എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്” – [مجمع الزوائد : 2/165].

മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി رحمه الله ‘അല്‍അദ്കാര്‍’ എന്ന ഗ്രന്ഥത്തിലും(പേജ്: 189) ഇബ്നു റജബ് رحمه الله ‘ലത്വാഇഫുല്‍ മആരിഫ്’ എന്ന ഗ്രന്ഥത്തിലും (പേജ്: 121)ശൈഖ് അല്‍ബാനി رحمه الله ‘ളഈഫുല്‍ ജാമിഅ്’ എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്രകാരമുള്ള ഒരു പ്രത്യേകം ദുആയും അല്ലാഹുവിന്റെ റസൂൽ  ﷺ യിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലാത്തതിനാല്‍ ഇപ്രകാരം പ്രാ൪ത്ഥിക്കുന്നത് ബിദ്അത്താണ്.

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: ഈ ഹദീസ് സ്വഹീഹ് അല്ല, ദുർബലമാണ്. (https://bit.ly/2NoYPfY)

നബി ﷺ യിൽ നിന്ന് ഈ പ്രാർത്ഥന സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്തതിനാൽ ഇത് സുന്നത്താണെന്ന നിലക്ക് ചൊല്ലുവാൻ പാടുള്ളതല്ല. എന്നാൽ കേവലം പൊതുവായ ഒരു പ്രാർത്ഥന മാത്രമാണെന്ന് കൽപ്പിച്ച് ചൊല്ലുന്നതിൽ വിലക്കുമില്ല.

മാസപ്പിറവി നിശ്ചയിക്കാന്‍ കണക്കിനെ അവലംബിക്കല്‍

ഒരുമാസം ആരംഭിക്കുന്നത് ഹിലാൽ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ് ഇസ്ലാമിൻറെ പ്രമാണങ്ങൾ നൽകുന്ന പാഠം. അഥവാ മാസം 29 ന് ചന്ദ്രപ്പിറ ദർശിക്കാനായാൽ അടുത്തമാസം പിറന്നു. ഇല്ലെങ്കിൽ 30 പൂർത്തീകരിച്ച് അടുത്ത മാസത്തിലേക്ക് പ്രവേശിക്കണം. 29,30 ദിനങ്ങളാണ് ഒരു മാസത്തിൽ ഉണ്ടാവുക. ഏറുകയോ കുറയുകയോ ഇല്ല.

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ إِنَّا أُمَّةٌ أُمِّيَّةٌ، لاَ نَكْتُبُ وَلاَ نَحْسُبُ الشَّهْرُ هَكَذَا وَهَكَذَا ‏”‏‏.‏ يَعْنِي مَرَّةً تِسْعَةً وَعِشْرِينَ، وَمَرَّةً ثَلاَثِينَ‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: “നമ്മൾ ഒരു നിരക്ഷര സമൂഹമാണ്; നമ്മൾ എഴുതുകയോ കണക്കുകൾ നോക്കുകയോ ഇല്ല, മാസം ഇങ്ങനെയും ഇങ്ങനെയുമാണ്”. അതായത്: ചിലപ്പോൾ 29 ദിവസവും ചിലപ്പോൾ 30 ദിവസവും. (ബുഖാരി:1913)

ഹിലാലിനെ നേത്രങ്ങൾ കൊണ്ട് ദർശിക്കുക എന്നത് തന്നെയാണ് റമളാൻ മാസാരംഭത്തിനുമുള്ള അടയാളം.

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم ذَكَرَ رَمَضَانَ فَقَالَ ‏ :‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ ‏

അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന്‌ നിവേദനം: നബി ﷺ റമളാൻ പരാമർശിച്ചുകൊണ്ട് പറഞ്ഞു: ഹിലാലിനെ നിങ്ങൾ കാണുന്നതുവരെ നോമ്പ് തുടങ്ങരുത്, അതിനെ നിങ്ങൾ കാണുന്നതുവരെ നോമ്പ് മുറിക്കരുത്. ഇനി മേഘം മൂടിയാൽ (മാസം മുപ്പത്) കണക്കാക്കുക. (ബുഖാരി:1906)

قال شيخ الإسلام ابن تيمية رحمه الله : فإنا نعلم بالاضطرار من دين الإسلام أن العمل في رؤية هلال الصوم أو الحج أو العدة أو الإيلاء أو غير ذلك من الأحكام المعلقة بالهلال بخبر الحاسب أنه يُرى أو لا يُرى لا يجوز، والنصوص المستفيضة عن النبي صلى الله عليه وسلم بذلك كثيرة، وقد أجمع المسلمون عليه، ولا يعرف فيه خلاف قديم أصلاً ولا خلاف حديث،

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ  رَحِمَهُ اللَّهُ  പറഞ്ഞു: നോമ്പ്, ഹജ്ജ്,ഇദ്ദ എന്നിങ്ങനെ ഹിലാലുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ക്ക് കണക്കുകാരെ അടിസ്ഥാനമാക്കുന്നത് അനുവദനീയമല്ല എന്നത് ദീനില്‍ അനിവാര്യമായും അറിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഇക്കാര്യം അറിയിക്കുന്ന തെളിവുകള്‍ ധാരാളമുണ്ട്. മുസ്‌ലിംകള്‍ എല്ലാവരും ഇക്കാര്യത്തില്‍ യോജിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ മുന്‍ഗാമികള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല; പില്‍ക്കാലക്കാരിലും അഭിപ്രായവ്യത്യാസം ഇല്ല.  (മജ്മൂഉല്‍ ഫതാവ)

ഇപ്രകാരം കണക്കിനെ അവലംബിച്ചുകൊണ്ട് ഒരു ദിവസം മുന്നേ നോമ്പ് അനുഷ്ടിക്കുന്നവരുണ്ട്. അത് ബിദ്അത്താണ്.

മൌലിദ് പാരായണം

തെക്കൻ കേരളത്തിലെ മിക്ക പള്ളികളിലും റമളാന്‍ മാസത്തില്‍ അസ്റ് നമസ്കാരാനന്തരം മൈക്കിലൂടെ മങ്കൂസ് മൌലിദ് പാരായണം ചെയ്തു വരുന്നത് കാണാറുണ്ട്. മങ്കൂസ് മൌലിദ് റമളാനിലാണ് അവതരിച്ചതെന്നോ നബി ﷺയും സ്വഹാബിമാരും റമളാനിൽ മങ്കൂസ് മൌലിദ് പാരായണം ചെയ്തിരുന്നുവെന്നോ ഒരു സാധാരണക്കാരന്‍ തെറ്റിദ്ധരിച്ചാൽ അൽഭുതപ്പെടാനില്ല.

മങ്കൂസ് മൌലിദ് പിൽക്കാലത്ത് എവുതപ്പെട്ട ഗദ്യ-പദ്യ സമ്മിശ്രമാണ്. അതിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍ അതില്‍ ധാരാളം അബദ്ധങ്ങള്‍ കാണാന്‍ കഴിയും.അത് ആരംഭിക്കുന്നതുതന്നെ ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത തെറ്റായ ഒരു വിശ്വാസ കാര്യത്തെ പരാമർശിച്ചു കൊണ്ടാണ്. പ്രസ്തുത വചനം കാണുക:

سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ اْلأَوَّلِ قَمَرَ نَبِيِّ الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا

റബീഉല്‍ അവ്വല്‍ മാസത്തില്‍ നേര്‍മാര്‍ഗ്ഗ പ്രവാചക ചന്ദ്രനെ ഉദിപ്പിക്കുകയും ലോകം സൃഷ്ടിക്കുന്നതിനും മുന്‍പേ നബിയുടെ പ്രകാശത്തെ സൃഷ്ടിക്കുകയും അതിനെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തവന്‍ എത്രയോ പരിശുദ്ധന്‍.

അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും , യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്താണെന്ന് നബി ﷺ പറയുന്നത് കാണുക:

إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ ‏.‏ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ

തീ൪ച്ചയായും അല്ലാഹു ആദ്യം സൃഷ്ടിച്ചിട്ടുള്ളത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു:എന്റെ രക്ഷിതാവേ, ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു: അന്ത്യനാള്‍ വരെയുള്ള എല്ലാത്തിന്റെയും വിധികള്‍ എഴുതുക. (അബൂദാവൂദ് : 4700 – സ്വഹീഹ് അല്‍ബാനി)

ഇങ്ങനെ ഒട്ടനവധി വിശ്വാസപരമായിട്ടുള്ള അബദ്ധങ്ങൾ മങ്കൂസ് മൗലിദിലുണ്ട്. ഇനി അതിലുള്ളത് മുഴുവനും ശരിയാണെന്ന് സമ്മതിച്ചാൽപ്പോലും അത് ഒരു പ്രത്യേക സമയത്ത് പുണ്യം പ്രതീക്ഷിച്ചുകൊണ്ട് പാരായണം ചെയ്യാൻ തെളിവില്ല. അപ്രകാരം ചെയ്യൽ ബിദ്അത്താണ്.

വിശുദ്ധ ഖുര്‍ആൻ അവതരിച്ച മാസമാണ് റമളാൻ. റമളാന്‍ മാസത്തില്‍ ഖു൪ആന്‍ പാരായണം അധികരിപ്പിക്കുകയാണ് വേണ്ടത്. ഖു൪ആന്‍ അവതീ൪ണ്ണമായ മാസമെന്ന നിലയില്‍ ഖു൪ആനുനായി ഒരു പ്രത്യകബന്ധം വെച്ചുപുല൪ത്താന്‍ സ്വലഫുകള്‍ (മുന്‍ഗാമികള്‍) ശ്രദ്ധിച്ചിരുന്നു. റമളാന്‍ മാസത്തില്‍ അവ൪ ഖു൪ആന്‍ പാരായണം അധികരിപ്പിക്കുമായിരുന്നു.  ഇമാം മാലിക് رَحِمَهُ اللَّهُ റമളാന്‍ സമാഗതമായാല്‍ തന്റെ വിജ്ഞാന സദസ് മാറ്റി വെച്ച് ഖു൪ആന്‍ പാരായണത്തിന് ഒഴിഞ്ഞിരിക്കുമായിരുന്നു.

كان سفيان الثوري إذا دخل رمضان ترك جميع العبادة وأقبل على قراءة القرآن

സുഫ്യാനുസാരി رَحِمَهُ اللَّهُ റമളാൻ ആയാൽ മറ്റെല്ലാ ഇബാദത്തുകളും ഒഴിവാക്കി ഖുർആൻ പാരായണത്തിലേക്ക് തിരിയുമായിരുന്നു. –لطائف المعارف (١٧١)-

അതുകൊണ്ട് സത്യവിശ്വാസികള്‍ ഇത്തരം മൌലിദ് ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാതെ വിശുദ്ധ ഖു൪ആന്‍പാരായണം ചെയ്യുന്നതില്‍ പരിശ്രമിക്കേണ്ടതാണ്.

തറാവീഹ് നമസ്കാരത്തിലെ ഓരോ രണ്ട് റക്അത്തുകള്‍ക്ക് ശേഷവും ഒരുമിച്ചുള്ള ദിക്ര്‍ ചൊല്ലല്‍

നമ്മുടെ നാടുകളിൽ തറാവീഹ് നമസ്കാരത്തിലെ ഓരോ രണ്ട് റക്അത്തുകള്‍ക്ക് ശേഷവും أشهد أن لا اله الا الله أستغفر الله എന്ന് തുടങ്ങയുള്ള ദിക്ര്‍ എല്ലാവരും ഒരുമിച്ച് ഉച്ചത്തിൽ ഒരേ ഈണത്തിൽ ചൊല്ലുന്നത് കാണാറുണ്ട്. ഇത് ബിദ്അത്താണ്.

قال ابن الحاج رَحِمَهُ اللَّهُ: فصلٌ في الذكر بعد التسليمتين من صلاة التراويح، ينبغي له أن يتجنب ما أحدثوه من الذكر بعد كل تسليمتين من صلاة التراويح، ومن رفع أصواتهم بذلك، والمشي على صوت واحد، فإنَّ ذلك كله من البدع،

ഇബ്‌നുല്‍ ഹാജ് رَحِمَهُ اللَّهُ പറയുന്നു : തറാവീഹ് നമസ്കാരത്തിലെ ഓരോ രണ്ട് റക്അത്തുകള്‍ക്ക് ശേഷം ചിലര്‍ കടത്തിക്കൂട്ടിയ ശബ്ദം ഉയര്‍ത്തിയുള്ള ഒരേ താളത്തിലുള്ള ദിക്റില്‍ നിന്ന് മാറി നില്‍ക്കേണ്ടതുണ്ട്. അവയെല്ലാം തന്നെ ബിദ്അത്തുകളാണ്. (അല്‍ മദ്ഖല്‍: 2/293)

അത് ഒറ്റക്കായാലും കൂട്ടായിട്ടായാലും. തറാവീഹ് നമസ്കാരത്തിലെ ഓരോ രണ്ട് റക്അത്തുകള്‍ക്ക് ശേഷവും പ്രത്യേകം പ്രാര്‍ത്ഥന പഠിപ്പിച്ചിട്ടില്ല. എന്നാൽ ഒരാൾ ഈ അവസരത്തിൽ സമയം കിട്ടിയാൽ ദുആ-ദിക്റ് ചെയ്യുന്നത് അനുവദനീയമാണ്. ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത ഒരു ദിക്റ് സ്ഥിരമായി സുന്നത്താണെന്ന ധാരണയിൽ പ്രത്യേക രീതിയിൽ നിര്‍വ്വഹിക്കുന്നതുകൊണ്ട് ബിദ്അത്തായത്.

നോമ്പിന്റെ നിയ്യത്ത് ചൊല്ലിപ്പറയല്‍

തറവീഹ് നമസ്കാരം കഴിയുമ്പോൾ നോമ്പിനുള്ള നിയ്യത്ത് ഇമാം ചൊല്ലിക്കൊടുക്കുകയും കൂടെയുള്ളവര്‍ ഏറ്റു പറയുകയും ചെയ്യുന്ന രീതി കണ്ടുവരാറുണ്ട്. ഇത് ബിദ്അത്താണ്.

നാളത്തെ നോമ്പ് ഞാന്‍ നോല്‍ക്കും എന്ന് മനസ്സില്‍ കരുതലാണ് നിയത്ത്. നിയ്യത്ത് മനസ്സിലാണ്, നാവ് കൊണ്ട് ഉച്ചരിക്കുകയല്ല വേണ്ടത്.

നിയ്യത്തെന്നാൽ ഒരു കർമ്മം ചെയ്യുമ്പോഴുള്ള ഉദ്ദേശ്യമാണ്. ഒരു പ്രവൃത്തി ചെയ്യുമ്പോഴുള്ള സംശയലേശമന്യേയുള്ള മനസ്സിൻ്റെ ഉറപ്പാണ്. (മുഗ്നി)

നിയ്യത്തിൻ്റെ സ്ഥാനം ഹൃദയമാണ് അത് നാവുകൊണ്ട് ഉച്ചരിക്കൽ ബിദ്അത്തുമാണ്. (ലജ്നതുദ്ദാഇമ)

ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറഞ്ഞു: നിയത്ത് നാവ് കൊണ്ട് പറയേണ്ടതില്ല. കാരണം നബിയോ(സ്വ) സ്വഹാബികളോ നിയത്ത് നാവ് കൊണ്ട് പറഞ്ഞിട്ടില്ല. (മജ്മൂഉല്‍ ഫത്വാവാ :11/8)

ശൈഖ് അല്‍ബാനി  رَحِمَهُ اللَّهُ  പറയുന്നു: ഇഹ്റാമിലോ നോമ്പ്, നിസ്കാരം പോലുള്ള മറ്റ് ഇബാദത്തുകളുടെ സന്ദര്‍ഭങ്ങളിലോ നിയ്യത്ത് ചൊല്ലിപ്പറയുക എന്നത് പാടില്ല. നിയ്യത്ത് ഹൃദയം കൊണ്ട് മാത്രമാണ്. അത് ചൊല്ലിപ്പറയല്‍ ബിദ്അത്താണ്. “എല്ലാ ബിദ്അത്തും വഴികേടാണ്; എല്ലാ വഴികേടും നരകത്തിലേക്കുമാണ്. (قاموس البدع : 377)

നോമ്പ് തുറ വൈകിപ്പിക്കൽ

സമയമായാൽ നോമ്പ് തുറക്കുക. സൂര്യന്‍ അസ്തമിച്ചാല്‍ നോമ്പ് തുറയുടെ സമയമായി.

عَنْ أَبِيهِ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا، وَغَرَبَتِ الشَّمْسُ، فَقَدْ أَفْطَرَ الصَّائِمُ ‏

ഉമര്‍ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ പറഞ്ഞു: രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകല്‍ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ച് കഴിഞ്ഞു. (ബുഖാരി:1954)

പല പള്ളികളിലും സൂക്ഷ്മതയുടെ പേരിൽ റമളാനിൽ മഗ്രിബിന്റെ സമയം 3-4 മിനിട്ട് വൈകിപ്പിക്കുന്നത് കാണാം. അത് ബിദ്അത്താണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قَالَ اللَّهُ عَزَّ وَجَلَّ أَحَبُّ عِبَادِي إِلَىَّ أَعْجَلُهُمْ فِطْرًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ അടിമകളിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായവർ സമയമായ ഉടനെ തന്നെ നോമ്പ് തുറക്കുന്നവരാണ്. (തിർമുദി: 700)

عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ‏

സഹ്ല്‍ ബ്നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി:1957)

സൂക്ഷ്മതയുടെ പേരിൽ റമളാനിൽ മഗ്രിബിന്റെ ബാങ്ക് വൈകിപ്പിക്കുന്നതും ഫജ്റിന്റെ ബാങ്ക് നേരത്തെയാക്കുന്നതും ശരിയല്ല.

ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍

റമദാനിലെ ഓരോ പത്തിലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍ എന്ന പേരില്‍ പ്രചാരം നേടിയ ചില പ്രത്യേക പ്രാര്‍ഥനകളുണ്ട്.

ഒന്നാമത്തെ പത്തിൽ

اللهُمَّ ارْحَمْنِي يَا اَرْحَمَ الرَاحِمِين

കരുണാവാരിധിയായ അല്ലാഹുവെ! എനിക്ക് നീ കരുണ ചൊരിയേണമേ

രണ്ടാമത്തെ പത്തിൽ

اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ العَالَمِين

സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവെ! എന്റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്ത് തരേണമേ

മൂന്നാമത്തെ പത്തിൽ

اللهُمَّ اَعْتِقْنِي مِنَ النَّار

അല്ലാഹുവേ, എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കേണമേ

ഈ പ്രാർത്ഥനകളുടെ അർത്ഥത്തിൽ തെറ്റൊന്നുമില്ല. ഏതുകാലത്തും ഇത് ചൊല്ലാവുന്നതാണ്. റമളാനിലും ഇത് ചൊല്ലാവുന്നതാണ്. എന്നാൽ ഒന്നാമത്തെ പത്തിൽ, രണ്ടാമത്തെ പത്തിൽ, മൂന്നാമത്തെ പത്തിൽ എന്ന പ്രാർത്ഥന എന്ന രീതിയിൽ നബി ﷺ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചൊല്ലൽ ബിദ്അത്താണ്.

“ഈ മാസം അതിന്റെ ആദ്യം റഹ്മത്താണ്, അതിന്റെ മധ്യഭാഗം പാപമോചനമാണ്, അതിന്റെ അവസാനം നരക മോചനമാണ്” എന്ന ഒരു റിപ്പോർട്ട് വന്നിട്ടുണ്ട്.

عن سلمان الفارسي – رضي الله عنه:  وَهوَ شهرٌ أوَّلُهُ رحمةٌ، ووسطُهُ مغفِرةٌ، وآخِرُهُ عتقٌ منَ النّارِ.

സൽമാനുൽ ഫാരിസി رضي الله عنه ൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: റമളാൻ മാസത്തിലെ ആദ്യ (പത്ത്) ദിനങ്ങൾ കാരുണ്യത്തിന്റെതും, മധ്യത്തിലേത് പാപമോചനത്തിന്റെയും, അവസാനത്തേത് നരകമോചനത്തിന്റേതുമാകുന്നു. (ابن خزيمة ١٨٨٧)

എന്നാൽ ഈ റിപ്പോർട്ട് ദുർബലമാണ്. ശൈഖ് അല്‍ബാനി  رَحِمَهُ اللَّهُ യുടെ السلسلة الضعيفة ٨٧١ കാണുക.

ഇതേ ഹദീസ് തന്നെ നബി ﷺ യിൽ നിന്ന് അബൂഹുറൈറ رضي الله عنه വും ഉദ്ധരിക്കുന്നതായി കാണാം. പക്ഷേ അതിന്റെ പരമ്പരയിലും ദുർബലരായ രണ്ട് നിവേദകന്മാർ ഉണ്ട്. അതിലേക്കുള്ള സൂചനയാണ് കാണുക.

 ابن عدي ، الكامل في الضعفاء ٤/٣٢٥ • [فيه] مسلمة بن الصلت ليس بمعروف.

 الخطيب البغدادي ، أوهام الجمع والتفريق ٢/١٤٧، [فيه] سلام بن سليمان كان ضعيفا في الحديث.

الألباني ، السلسلة الضعيفة ١٥٦٩.

ഇനി ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് വന്നാൽതന്നെയും ഇങ്ങനെ മൂന്ന് പത്തുകളിലായുള്ള വെവ്വേറെ പ്രാർത്ഥനകൾ സുന്നത്താകുകയില്ല.

റമളാന്‍ പതിനേഴിന് ബദ൪ ശുഹദാക്കള്‍ക്കുവേണ്ടി ഫാത്തിഹ, യാസീന്‍, മൌലിദ് എന്നിവ പാരായണം ചെയ്യല്‍

റമളാന്‍ പതിനേഴിന് പള്ളിയില്‍ ഒരുമിച്ചിരുന്ന് ബദ൪ ശുഹദാക്കള്‍ക്കുവേണ്ടി ഫാത്തിഹ, യാസീന്‍, മൌലിദ് എന്നിവ പാരായണം ചെയ്യുന്നത് കണ്ടുവരാറുണ്ട്. അതും തള്ളിക്കളയേണ്ട ബിദ്അത്താകുന്നു. ഈ വിഷയത്തിലെ ലജ്നത്തുദ്ദാഇമയുടെ ഫത്’വയില്‍ ഇപ്രകാരം കാണാം.

ബദ൪ യുദ്ധത്തിലും ഇതര യുദ്ധങ്ങളിലും പങ്കെടുത്ത് വീരമൃത്യം വരിച്ചവ൪ക്ക് ഉന്നത സ്ഥാനമുണ്ടെന്നത് ഖു൪ആനിലും ഹദീസിലും സ്ഥിരപ്പെട്ട വസ്തുതയാകുന്നു. എന്നാല്‍ ബദ൪ യുദ്ധ ശേഷം നബി ﷺ പത്ത് വ൪ഷക്കാലം ജീവിച്ചു. റമളാന്‍ പതിനേഴിന് സ്വന്തത്തിനുവേണ്ടിയോ ബദ൪ ശുഹദാക്കള്‍ക്കു വേണ്ടിയോ മറ്റേതെങ്കിലും ശുഹദാക്കളുടെ പേരിലോ മൌലിദോ, യാസീനോ ഫാത്തിഹയോ ഒറ്റക്കോ കൂട്ടായോ അവിടുന്ന് പാരായണം ചെയ്തതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. റമളാന്‍ പതിനേഴിനോ മറ്റ് ദിവസങ്ങളിലോ അപ്രകാരം ചെയ്തതായി നബി ﷺ യില്‍ നിന്നോ അനുചരന്‍മാരില്‍ നിന്നോ സ്ഥിരീകരിച്ചിട്ടില്ല. അപ്രകാരം ചെയ്യല്‍ മതപരമായ കാര്യമായിരുന്നെങ്കില്‍ സ്വഹബത്തില്‍ നിന്ന് വിഷയം റിപ്പോ൪ട്ട് ചെയ്യുകയും ഉത്തരാധികള്‍ അത് അത് പിന്‍പറ്റുകയും ചെയ്യുമായിരുന്നു. ഏതെങ്കിലും ഒരു നന്‍മ അവിടുന്ന് നമുക്ക് വിവരിച്ചു തരാതിരുന്നിട്ടില്ല. ആരാധനാ കാര്യങ്ങളാകട്ടെ നബി ﷺ യുടെ മാതൃകയില്ലാതെ പ്രവ൪ത്തിക്കാന്‍ പാടില്ലതാനും. പ്രവാചകന്‍ ഖബ്൪ സന്ദ൪ശിക്കുകയും ശുഹദാക്കളടക്കമുള്ള ഖബറാളികള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കുകയും ചെയ്തതായി മാത്രമേ സ്ഥിരപ്പെട്ടു വന്നിട്ടുള്ളൂ. തന്റെ മൌലിദോ സൂറ: യാസീനോ ഖു൪ആനില്‍ നിന്നും മറ്റേതെങ്കിലും സൂറത്തോ വചനമോ ഖബ൪ സന്ദ൪ശന വേളയില്‍ പാരായണം ചെയ്തതായി പ്രമാണങ്ങളില്‍ വന്നിട്ടില്ല.

നബി ﷺ യിൽ നിന്നോ ഉത്തരാധികളില്‍ നിന്നോ സ്ഥിരപ്പെട്ടു വരാത്ത റമളാന്‍ പതിനേഴിലെ മൌലിദോ, യാസീനോ ഫാത്തിഹയോ പാരായണം ചെയ്യല്‍ ബിദ്അത്താകുന്നു. അതിനുവേണ്ടി ഒരുമിച്ചു ചേരലും പ്രത്യേക ദിവസം നിശ്ചയിക്കലും ശേഷം പ്രാ൪ത്ഥിക്കലും അനാചാരം തന്നെ. നബി ﷺ യില്‍ നിന്ന് സ്ഥിരപ്പെട്ടവ കൊള്ളാനും മറ്റുള്ളവ തള്ളാനും ഒരു മുസ്ലിം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും(സ്വ) നി൪ദ്ദേശങ്ങളില്ലാത്ത എല്ലാ മതക൪മ്മങ്ങളും പുത്തനാചാരങ്ങളാകുന്നു. പ്രവാചക വചനം കാണുക: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി – മുസ്ലിം – അബൂദാവൂദ് – ഇബ്നുമാജ – അഹ്മദ്) (ലജ്നത്തുദ്ദാഇമ – ഫത്’വ നമ്പ൪: 1122)

സ്വലാത്ത് നഗറുകൾ

ലൈലതുല്‍ ക്വദ്ര്‍ എന്നാണെന്ന് കൃത്യമായി അറിയുന്നവന്‍ അല്ലാഹുവാണ് എന്നതാണ് വസ്തുത. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കുവാനാണ് നബി ﷺ അരുളിയിട്ടുള്ളത്. അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കലും ഇബാദത്തുകൾ വര്‍ധിപ്പിക്കലുമാണ് സുന്നത്ത്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി പ്രാര്‍ഥനാ സദസ്സെന്നും സ്വലാത്ത് നഗറെന്നും പേരിട്ട് ജനങ്ങളെ പള്ളികളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില്‍ നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരം നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. പുരോഹിതവര്‍ഗത്തിന്റെ കെണിയില്‍ പെട്ട് വിശ്വാസികള്‍ നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്‍ഭങ്ങളാണ്. ഇത്തരം ബിദ്അത്ത് ചെയ്യുമ്പോൾ യഥാര്‍ത്ഥ സുന്നത്ത് നിര്‍വ്വഹിക്കുന്നതിനുള്ള അവസരവും നഷ്ടപ്പെടുന്നു. പ്രമാണങ്ങളില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം. (ഖു൪ആന്‍:4/115)

ഇഅ്തികാഫിലും ബിദ്അത്ത്

അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ആഗ്രഹിച്ച് അവന് ഇബാദത്ത് ചെയ്യുന്നതിനു വേണ്ടി മാറിയിരിക്കണം എന്ന ഉദ്ദേശത്തില്‍ സൃഷ്ടികളില്‍ നിന്ന് വിട്ട്, മസ്ജിദില്‍ കഴിഞ്ഞു കൂടുന്നതിനാണ് ഇഅ്ത്തികാഫ് എന്ന് പറയുന്നത്. ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകര്‍മവും ആത്മീയ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗവുമാണ് ഇഅ്തികാഫ്. ഇഅ്ത്തികാഫിലൂടെ പൂർണ്ണമായും അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കുന്നതൊഴിച്ചാൽ ബാക്കി എല്ലാ കര്‍മ്മങ്ങളും ഓരോരുത്തരും ഒറ്റൊക്കൊറ്റക്കായിട്ടാണ് നിര്‍വ്വഹിക്കേണ്ടത്. എന്നാൽ ചില സ്ഥലത്തെങ്കിലും ഈ രംഗത്തും ചില ബിദ്അത്തുകൾ കടന്നു കൂടിയിട്ടുണ്ട്. അതായത്, രാത്രി ഇമാം വരികയും ഉച്ചത്തിൽ ദിക്റ് ചൊല്ലിക്കൊടുക്കുകയും ആളുകൾ അതേറ്റ് ഒന്നിച്ച് ഉച്ചത്തിൽ പറയുകയും ചെയ്യുന്നു. എന്നിട്ട് അവസാനം കൂട്ട ദുആയും ചെയ്യുന്നു. ഒറ്റൊക്കൊറ്റക്ക് നിര്‍വ്വഹിക്കേണ്ട കര്‍മ്മങ്ങളെ പണ്ഢിതൻമാരുടെ കൈര്യതൃത്വത്തിൽ ജമാഅത്തായി നിര്‍വ്വഹിക്കുന്നു. ഇതൊന്നും മോശമായി ആര്‍ക്കും തോന്നുന്നില്ല എന്നതാണ് ഖേദകരം. അറിയുക: ബിദ്അത്തായുള്ള കര്‍മ്മങ്ങൾ ഒരു സമാന്തര മതമാണ്. അതുവഴി അല്ലാഹുവിന്റെ ഇഷ്ടമല്ല, കോപമാണ് ലഭിക്കുക, പാപമോചനമല്ല, തൗബ തടയപ്പെടുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published.

Similar Posts