മുഹമ്മദ് നബി ﷺ ക്ക് വേണ്ടിയിട്ടാണ് ഈ ലോകത്തുള്ളത് മുഴുവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും, നബി ﷺ ഇല്ലായിരുന്നുവെങ്കിൽ ഈ ദുനിയാവിൽ ഒന്നും ഉണ്ടാകില്ലായിരുന്നുവെന്നും പറയപ്പെടുന്നു. ഇത് ശരിയാണോ?
സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:
മുഹമ്മദ് നബി ﷺ ക്ക് വേണ്ടിയാണ് ഈ ദുനിയാവ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നും പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാണ് നബി ﷺ എന്നുമൊക്കെയുള്ള വിശ്വാസം അതിര് കവിച്ചിലും കളവുമാണ്. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയിട്ടാണ് സൃഷ്ടികൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു:
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. (ഖു൪ആന്‍ :39/5)
ഒരു ഉപ്പയിൽ നിന്നും ഒരു ഉമ്മയിൽ നിന്നും ജനിച്ചുണ്ടായ ഒരു മനുഷ്യനാണ് മുഹമ്മദ് നബി ﷺ യും. അല്ലാഹു പറയുന്നു:
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ
(നബിയേ) പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ആരാധ്യ ഒരേയൊരു ആരാധ്യനാണെന്നു എനിക്കു വഹ്‌യ് നല്‍കപ്പെടുന്നു. (ഇതാണ് എന്റെ പ്രത്യേകത). (ഖു൪ആന്‍:18/110)
അതുപോലെ, നരകവും സ്വർഗ്ഗവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് കർമ്മങ്ങൾക്കുള്ള പ്രതിഫലമായിട്ടാണ്. തക്വ്‌വ ഉള്ളവർക്കുള്ള വീടാണ് സ്വർഗം. നരകമാകട്ടെ, കാഫിറുകളുടെ വീടും. (https://bit.ly/3AofyVD)
ശൈഖ് ഇബ്നുബാസ് رحمه اللّه പറയുന്നു: അറിവും ബുദ്ധിയുമില്ലാത്ത ആളുകളുടെ വർത്തമാനമാണ് അത്. മുഹമ്മദ് നബി ﷺ ക്ക് വേണ്ടിയിട്ടാണ് ഈ ദുനിയാവ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും, നബി ﷺ ഇല്ലായിരുന്നുവെങ്കിൽ ഈ ദുനിയാവോ അതിലെ മനുഷ്യരോ ഉണ്ടാകില്ലായിരുന്നു എന്നും ചില ആളുകൾ പറയുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത, തെറ്റായതും ബാത്വിലായതുമായ സംസാരമാണത്. അല്ലാഹുവിനെ അറിയാനും മനസ്സിലാക്കാനും അവന് ഇബാദത്തുകൾ ചെയ്യാനും വേണ്ടിയിട്ടാണ് ഈ ദുനിയാവ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ, അല്ലാഹുവിന്റെ അറിവും കഴിവും അവന്റെ നാമങ്ങളും വിശേഷണങ്ങളും മനസ്സിലാക്കാനും അവനെ അനുസരിക്കാനും അവനെ മാത്രം ആരാധിക്കാനും വേണ്ടിയിട്ടാണ് ഈ ദുനിയാവ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതല്ലാതെ, മുഹമ്മദ് നബിﷺക്കോ മൂസാ നബി عليه السلام ക്കോ ഈസാ നബി عليه السلام ക്കോ നൂഹ് നബി عليه السلام ക്കോ മറ്റേതെങ്കിലും നബിമാർക്കോ വേണ്ടിയിട്ടല്ല. (https://bit.ly/3pQZtmg)