ഒന്നാമതായി, അദ്ധ്വാനിച്ച് ജീവിക്കാനാണ് സത്യവിശ്വാസികൾ പഠിപ്പിക്കപ്പെട്ടത്. അതിലാണ് മാന്യതയും അഭിമാനവും.
عَنِ الزُّبَيْرِ بْنِ الْعَوَّامِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لأَنْ يَأْخُذَ أَحَدُكُمْ حَبْلَهُ فَيَأْتِيَ بِحُزْمَةِ الْحَطَبِ عَلَى ظَهْرِهِ فَيَبِيعَهَا فَيَكُفَّ اللَّهُ بِهَا وَجْهَهُ، خَيْرٌ لَهُ مِنْ أَنْ يَسْأَلَ النَّاسَ أَعْطَوْهُ أَوْ مَنَعُوهُ
സുബൈറു ബ്നു അവ്വാം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ കയറെടുത്ത് മലയിൽ പോയി തന്റെ മുതുകിൽ ഒരു കെട്ട് വിറക് ചുമന്ന് കൊണ്ട് വന്ന് അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട്, അയാളുടെ അഭിമാനം അല്ലാഹു സംരക്ഷിക്കുന്നുവെങ്കിൽ അതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ അയാൾക്ക് ഉത്തമം. ജനങ്ങൾ അയാൾക്ക് നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. (ബുഖാരി: 1471)
عَنِ الْمِقْدَامِ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ،
മിഖ്ദാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കൈകൊണ്ട് അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും കഴിച്ചിട്ടില്ല.. (ബുഖാരി: 2072)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّ دَاوُدَ ـ عَلَيْهِ السَّلاَمُ ـ كَانَ لاَ يَأْكُلُ إِلاَّ مِنْ عَمَلِ يَدِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാവൂദ് നബി عليه السلام സ്വന്തം കരം കൊണ്ടുള്ള അദ്ധ്വാന ഫലത്തിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല. (ബുഖാരി: 2073)
രണ്ടാമതായി, ശക്തിയും വിശ്വാസിതയും തൊഴിലാളിക്കുണ്ടായിരിക്കണ്ട ഗുണങ്ങളിൽ പെട്ടതാണ്.
قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ
ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. (ഖുർആൻ:28/26)
സുലൈമാന്‍ നബി عليه السلام ബില്‍ഖീസിന്‍റെ സിംഹാസനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോള്‍, അങ്ങുന്ന് ഈ സ്ഥാനത്തുനിന്നു എഴുന്നേറ്റുപോകുംമുമ്പ് ഞാന്‍ കൊണ്ടുവരാമെന്നു പറഞ്ഞ ജിന്നും ഇപ്രകാരം പറയുകയുണ്ടായി: وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (ഞാന്‍ അതിനു കഴിവുള്ളവനും വിശ്വസ്തനുമാണ്)
തൊഴിലാളിയെ സ്വീകരിക്കുന്നവര്‍ തൊഴിലാളിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട രണ്ട് ഗുണങ്ങളാണ് തൊഴിലാളിയുടെ കഴിവും വിശ്വാസ്യതയും. കഴിവില്ലാത്ത തൊഴിലാളിയാണെങ്കില്‍ ഇരുവരുടെയും മനസ്സില്‍ വെറുപ്പുണ്ടാകും. മുതലാളിക്ക് താന്‍ കല്‍പിക്കുന്നത് ചെയ്യാത്തതിനാലുണ്ടാകുന്ന അമര്‍ഷവും തൊഴിലാളിക്ക് തനിക്ക് കഴിയാത്തത് ചെയ്യിപ്പിക്കുന്നതിലുള്ള അമര്‍ഷവും. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് വിശ്വാസ്യത. വിശ്വസ്തതയോടെ ചെയ്യുക എന്നതും തൊഴിലാളിയുടെ കടമയാണ്. അതിൽ വീഴ്ച വരുത്തൽ കുറ്റകരമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَٰنَٰتِكُمْ وَأَنتُمْ تَعْلَمُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്. (ഖു൪ആന്‍:8/27)
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമാണവർ. (ഖുർആൻ:23/8)
മൂന്നാമതായി,, തൊഴിലെടുക്കുന്നതിന് മുമ്പ് കൂലി എത്രയാണെന്ന് അറിയാൻ തൊഴിലാളിക്ക് അവകാശമുണ്ട്.
عَنْ أَبِي سَعِيدٍ، قَالَ إِذَا اسْتَأْجَرْتَ أَجِيرًا فَأَعْلِمْهُ أَجْرَهُ.
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങൾ ഒരു തൊഴിലാളിയെ നിയമിക്കുമ്പോൾ, അവന്റെ കൂലി എന്തായിരിക്കുമെന്ന് അവനോട് പറയുക. (നസാഇ:3857)
നാലാമതായി, തൊഴിലാളിയുടെ വിയര്‍പ്പുവറ്റുന്നതിനുമുമ്പുതന്നെ അവന്റെ കൂലി കൊടുക്കണം.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَعْطُوا الأَجِيرَ أَجْرَهُ قَبْلَ أَنْ يَجِفَّ عَرَقُهُ
അബ്ദുല്ലാഹിബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തൊഴിലാളിയുടെ വിയർപ്പ് ഉണങ്ങുന്നതിന് മുമ്പ് അവന്റെ കൂലി കൊടുക്കുക (ഇബ്നുമാജ: 2443)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ وَمَنْ كُنْتُ خَصْمَهُ خَصَمْتُهُ يَوْمَ الْقِيَامَةِ رَجُلٌ أَعْطَى بِي ثُمَّ غَدَرَ وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُوفِهِ أَجْرَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ﷻ പറഞ്ഞിരിക്കുന്നു: അന്ത്യനാളിൽ ഞാൻ മൂന്നാളുകൾക്ക് എതിർകക്ഷിയായിരിക്കുന്നതാണ്. എന്റെ പേരിൽ കരാർ ചെയ്ത ശേഷം അത് പാലിക്കാത്തവൻ, സ്വതന്ത്രനെ വിറ്റ് പണം ഭക്ഷിക്കുന്നവൻ, ആളുകളെ കൊണ്ട് കൃത്യമായി ജോലി ചെയ്യിപ്പിച്ച ശേഷം അതിന്റെ പ്രതിഫലം നൽകാത്തവൻ എന്നിവരാണവർ. (ഇബ്നുമാജ: 2536)
അഞ്ചാമതായി, തൊഴിലാളികളുടെ അവകാശത്തെ പരിഗണിക്കുക. തൊഴിലാളികൾ അല്ലാത്ത വെറും അടിമകളുടെ അവകാശത്തെ പോലും ഇസ്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. നബി ﷺ പറഞ്ഞു:
إِنَّ إِخْوَانَكُمْ خَوَلُكُمْ جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ مَا يَغْلِبُهُمْ فَأَعِينُوهُمْ
അല്ലാഹു നിങ്ങൾക്ക് അധികാരം നൽകിയ നിങ്ങളുടെ സഹോദരങ്ങളാണ് നിങ്ങളുടെ അടിമകൾ. അതിനാൽ, ഒരാളുടെ നിയന്ത്രണത്തിൽ ഒരാളുടെ സഹോദരങ്ങൾ ഉണ്ടെങ്കിൽ, ഒരാൾ കഴിക്കുന്നത് പോലെ അവർക്ക് ഭക്ഷണം നൽകുകയും ധരിക്കുന്നത് പോലെയുള്ള വസ്ത്രം നൽകുകയും വേണം. അവർക്ക് താങ്ങാൻ കഴിയാത്തത് കൊണ്ട് നിങ്ങൾ അവരുടെ ഭാരം വർദ്ധിപ്പിക്കരുത്, അങ്ങനെ ചെയ്താൽ (അവരുടെ കഠിനമായ ജോലിയിൽ) സഹായിക്കുക. (ബുഖാരി:2545)
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖു൪ആന്‍:2/286)