സ്വഹാബത്തിനെ ആദരിക്കുക, അവരുടെ സ്ഥാനമാനങ്ങൾ അറിയുക എന്നതെല്ലാം പ്രമുഖരായ സ്വഹാബികൾക്കുവരെ അംഗീകൃത കാര്യമായിരുന്നു. പ്രവാചകനോﷺ ടുള്ള ഒരു സ്വ ഹാബിയുടെ സഹവാസം എത്രകുറവാണെങ്കിലും ശരി.
ഈ കാര്യം വിളിച്ചറിയിക്കുന്ന ഒരു സംഭവം ഇമാം ഇബ്നു ഹജർ ഉദ്ധരിക്കുന്നു: “മുഹമ്മദ് ഇബ്നു ക്വുദാമഃ അൽമർ വസിയുടെ രചനയായ “അഖ്ബാറുൽ ഖവാരിജ്” എന്ന ഗ്രന്ഥത്തിൽ ഞാൻ വായിച്ചത് ഈ വിഷയത്തിൽ പെട്ടതാകുന്നു. നബീജ് അൽ അനസി , അബൂ സഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നബീജ് അൽ അനസി പറയു ന്നു: ഞങ്ങൾ അബൂ സഈദ് رَضِيَ اللَّهُ عَنْهُ നോടൊപ്പമായിരുന്നു. അദ്ദേഹം ചാരിയിരിക്കുകയായിരുന്നു. ഞങ്ങൾ, അലി رَضِيَ اللَّهُ عَنْهُ യേയും മുആവി യഃ رَضِيَ اللَّهُ عَنْهُ യേയും അനുസ്മരിച്ചു. അപ്പോൾ ഒരാൾ മുആവിയ رَضِيَ اللَّهُ عَنْهُ യെ മോശമായി പ്രതിപാദിച്ചു. ഉടൻ ചാരിയിരിക്കുന്ന അബൂ സഈദ് رَضِيَ اللَّهُ عَنْهُ നേരെയിരുന്നു. ശേഷം തന്റെ അനുഭവ കഥ ഇപ്രകാരം പറ ഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ന്റെ അടുക്കൽ അബൂബകർ رَضِيَ اللَّهُ عَنْهُ ഉൾപ്പെടെ ഞങ്ങളുള്ള ഒരു സംഘത്തിൽ ഒരു ഗ്രാമീണ അറബി ഉണ്ടായിരുന്നു… കാലങ്ങൾക്കുശേഷം ആ ഗ്രാമീണ അറബിയെ ഞാൻ കണ്ടു. അയാൾ, അൻസ്വാരികളെ ചീത്ത വിളിച്ചതിനാൽ ഉമർ ഇബ്നുൽ ഖത്ത്വാബി رَضِيَ اللَّهُ عَنْهُ നു മുന്നിൽ കൊണ്ടുവരപ്പെട്ടതായിരുന്നു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
لولا أنّ له صحبة من رسول الله ، ما أدري ما نال فيها لكفيتكموه
“അല്ലാഹുവിന്റെ തിരുദൂതനോടൊപ്പമുള്ള സ്വുഹ്ബത്ത് അയാൾക്ക് ഇല്ലായിരുന്നുവെങ്കിൽ ഞാൻ തന്നെ അയാളെ കൈകാര്യം ചെയ്യുമായിരുന്നു; തിരുദൂതനോടൊപ്പമുള്ള സഹവാസത്തിൽ അയാൾ നേടിയത് എന്തെന്ന് എനിക്ക് അറിയില്ല.”
ഈ അഥർ, ഉമറി رَضِيَ اللَّهُ عَنْهُ ന്റെ വാക്കില്ലാതെ ഇമാം അഹ്മദും ഉമറി رَضِيَ اللَّهُ عَنْهُ ന്റെ വാക്കോടുകൂടി അലിയ്യ് ഇബ്നു ജഅ്ദും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാം ഇബ്നു ഹജർ അൽഅസ്ക്വലാനിയും അൽ ഹയ്ഥമിയും അഥറിനെ റിപ്പോർട്ട് ചെയ്തവർ വിശ്വസ്തരാണെന്ന് പറഞ്ഞിട്ടുണ്ട്)
ഈ അഅ്റാബി, പ്രവാചകനെ ﷺ കണ്ടുമുട്ടിയിരിക്കുന്നു എന്ന് മനസിലാക്കിയതിനാൽ ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ ആക്ഷേപിക്കുക പോലും ചെയ്തില്ല; പിന്നെയല്ലേ, അദ്ദേഹത്തെ ശിക്ഷിക്കൽ. ഈ സംഭവത്തിൽ സ്വഹാബത്തിന്റെ സ്ഥാനമാനം അതുല്യമാണെന്ന് പ്രമുഖ സ്വഹാബികൾ വരെ വിശ്വസിച്ചിരുന്നു എന്നതിന് വ്യക്തമായ രേഖയുണ്ട്.
ഇമാം വക്വീഅ് പറയുന്നു: വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു:
قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗآللَّهُ خَيْرٌ أَمَّا يُشْرِكُونَ ﴿٥٩﴾
“(നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവൻ തെരഞ്ഞെടുത്ത അവന്റെ ദാസൻമാർക്ക് സമാധാനം” (വി. ക്വു. അന്നംല്: 59)
ഈ ആയത്തിനെ കുറിച്ച് ഇമാം സുഫ്യാൻ പറഞ്ഞു: “(ആയത്തിൽ പരാമർശിക്കപ്പെട്ട ദാസന്മാർ) മുഹമ്മദ് നബി ﷺ യുടെ സ്വഹാബികൾ ആകുന്നു” (അൽ ഇസ്വാബഃ ഫീ തംയീസി സ്സ്വഹാബഃ : 1: 20,21,22)
അല്ലാഹു അവരെ തെരഞ്ഞെടുത്തു എന്നത് കോലപ്പെടുത്തുവാനും കണ്ടെത്തുവാനും ബുദ്ധികൊണ്ട് അളന്നെടുക്കുവാനും കഴിയാത്ത കാര്യമാണ്. അതിൽപിന്നെ, സ്വഹാബികളല്ലാത്തവരുടെ കർമ്മങ്ങൾ എത്രമാത്രമായാലും അവരെ സ്വഹാബികളോട് തുല്ല്യപ്പെടുത്തുവാൻ യാതൊരു വഴിയും ഇല്ലതന്നെ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
لا تسبّوا أصحاب محمّد ؛ فلمقام أحدهم ساعة خير من عمل أحدكم أربعين سنة
“മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളെ നിങ്ങൾ ചീത്ത പറയരുത്. കാരണം, പ്രവാചകനോടൊത്തുള്ള അവരുടെ ഒരു മണിക്കൂർ സമയം നിങ്ങളിലൊരാൾ നാല്പത് വർഷം കർമ്മങ്ങളെടുക്കുന്നതിനേക്കാൾ ഉത്തമമാണ്.” ഇമാം വക്വീഅ് ന്റെ മറ്റൊരു റിപ്പോട്ടിലുള്ളത് ഇപ്രകാരമാണ്:
خير من عبادة أحدكم عمره
“നിങ്ങളിൽ ഒരാൾ ആയുഷ്കാലം മുഴുവൻ ആരാധന എടുക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്.”
(ഈ അഥർ, ഇമാം അഹ്മദ് “ഫദ്വാഇലു സ്സ്വഹാബഃ”യിലും, ഇബ്നുമാജഃ “സുനനി”ലും, ഇബ്നു അബീ ആസ്വിം “അസ്സുന്നഃ”യിലും റിപ്പോർട്ട് ചെയ്തി ട്ടുണ്ട്. ഇമാം അൽ ബൂസ്വയ്രി അഥറിനെ “സ്വഹീഹാ’ണെന്നും ഇമാം അൽബാനി അഥറിനെ “ഹസനാ”ണെന്നും പറഞ്ഞിട്ടുണ്ട്)
പ്രവാചകനെ ﷺ കണ്ട സാക്ഷ്യമുള്ളതിനാൽ ‘സ്വുഹ്ബത്തി’ന്റെ മഹത്ത്വത്തിന് ഒരു കർമ്മവും തുല്യമാകുകയില്ല എന്ന് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ, സ്വുഹ്ബത്ത് ഉള്ളതോടൊപ്പം പ്രവാചകനെ ﷺ പ്രതിരോധിക്കുക, അദ്ദേഹത്തിലേക്ക് ഹിജ്റഃ ചെയ്തുമുന്നേറുക, അദ്ദേഹത്തെ സഹായിക്കുക, അദ്ദേഹത്തിൽനിന്ന് പഠിച്ച മതം കൃത്യമായി മനഃപാഠമാക്കി ശേഷക്കാർക്ക് എത്തിക്കുക എന്നീ കാര്യങ്ങളും അതോ ടൊപ്പം ഉണ്ടായാൽ അവരോട് ശേഷക്കാർ ആരും തുല്ല്യരാവുകയില്ല. കാരണം, സൽപ്രവൃത്തികളിൽ അവർ മുമ്പന്മാരാവുകയും പിൽകാലക്കാർക്ക് അവ എത്തിച്ചു നൽകുകയും ചെയ്തതിനാൽ പിൽകാലക്കാർ ചെയ്യുന്ന ഏത് സൽപ്രവൃത്തിയുടേയും പ്രതിഫലം അവർക്കും ഉണ്ടായിരിക്കും. ഇതോടെ അവരുടെ മഹത്വം ഒന്നുകൂടി പ്രകടമാകുന്നു. (ഫത്ഹുൽ ബാരി 7: 7)
ഇമാം അഹ്മദ് പറഞ്ഞു:
“സ്വുഹ്ബത്തിൽ ഏറ്റവും താഴേപടിയിലുള്ള സ്വഹാബി, പ്രവാചകനെ ﷺ കണ്ടിട്ടില്ലാത്തവരായ, സ്വഹാബികളെ തുടർന്നുവന്ന തലമുറയെക്കാൾ ഉത്തമനാണ്; അവർ സർവ്വവിധ സൽകർമ്മങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടിയാലും ശരി.” (ശറഹു ഉസ്വുലി ഇഅ്തിക്വാദി അഹ്ലിസ്സുന്നഃ, ലാലികാഇ. 1:160)
ഇമാം നവവി പറഞ്ഞു:
“സ്വുഹ്ബത്ത് ഒരു നിമിഷമാണെങ്കിലും അതിനോട് ഒരു കർമ്മവും തുല്യമാവുകയില്ല. സ്വുഹ്ബത്തുകൊണ്ട് നേടിയ പദവി യാതൊന്നുകൊണ്ടും നേടുകയുമില്ല. മഹത്വങ്ങൾ താരതമ്യത്തിലൂടെ നേടിയെടുക്കപ്പെടുന്നതല്ല. അത് അല്ലാഹുവിന്റെ ഔദാര്യമാണ്, അവൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു.” (ശറഹു മുസ്ലിം 16: 93)
ഹൃദയങ്ങളിലുള്ളത് സസൂക്ഷ്മം അറിയുന്ന അല്ലാഹു അവരുടെ അന്തരംഗങ്ങൾക്ക് നൽകിയ പ്രശംസയും ഇതോടൊപ്പമുണ്ട്. അവരുടെ ഹൃദയ ശുദ്ധിയെ കുറിച്ച് അല്ലാഹു പറഞ്ഞു:
فَعَلِمَ مَا فِي قُلُوبِهِمْ
“അവരുടെ ഹൃദയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്തു”
അവരുടെ പശ്ചാതാപം സ്വീകരിച്ചതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ
“തീർച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.”
അവരെ പ്രീതിപ്പെട്ടുകൊണ്ട് അല്ലാഹു പറഞ്ഞു:
۞ لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ
“ആ മരത്തിന്റെ ചുവട്ടിൽ വെച്ച് സത്യവിശ്വാസികൾ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദർഭത്തിൽ തീർച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു”
ഇതെല്ലാം അവർക്ക് മാത്രമുള്ളതാണ്. ഇതുപോലുള്ള പ്ര ശംസകൾ അവരുടെ ശേഷക്കാർക്ക് എപ്പോൾ ലഭിക്കുവാനാണ്?
പക്ഷെ ചിലർ പറഞ്ഞേക്കാം,
(ഈ വാദഗതി അവതരിപ്പിച്ചവരിൽ പ്രസിദ്ധൻ ഇമാം ഇബ്നു അബ്ദിൽ ബർറ് ആണ്. അദ്ദേഹം തെളിവ് പിടിച്ചതിൽ ഏറ്റവും ബലപ്പെട്ടത് നാം ഇവിടെ നൽകിയതാണ്. എന്നാൽ, നാം ഉണർത്തിയതുപോലെ ഭൂരിപക്ഷം പണ്ഡിതരും അദ്ദേഹത്തിന് എതിരാണ്)
സ്വഹാബികളുടെ പദവിയിലേക്കും മഹത്വത്തിലേക്കും അവരുടെ ശേഷമുള്ളവർക്ക് എത്തുവാൻ കഴിയുകയില്ലെന്നതിന് വിപരീതമായി ചില റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഉദാഹരണത്തിന്:
അബൂ ഥഅ്ലബഃ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരം കാണാം:
تَأْتِي أَيَّامٌ لِلْعَامِلِ فِيهِنَّ أَجْرُ خَمْسِينَ، قِيلَ: ” مِنْهُمْ أَوْ مِنَّا يَا رَسُولَ الله ؟”، قَالَ: بَلْ مِنْكُمْ
“ചില ദിനങ്ങൾ വന്നണയും. അന്ന് കർമ്മങ്ങളനുഷ്ഠിക്കുന്നവന് അമ്പതുപേരുടെ പ്രതിഫലം ഉണ്ടായിരിക്കും” ഞങ്ങൾ ചോദിച്ചു: “തിരുദൂതരേ, അവരിൽ നിന്നാണോ അതോ ഞങ്ങളിൽ നിന്നാണോ?” അദ്ദേഹം പറഞ്ഞു: “അല്ല. നിങ്ങളിൽ നിന്ന്” (സുനനു അബീദാവൂദ്, സുനനുത്തിർമുദി, സുനനു ഇബ്നിമാജഃ, ഇബ്നുൽ ഇഹ്സാൻ. ശെയ്ഖ് അൽബാനി സ്വഹീഹായി അംഗീകരിച്ചിട്ടുണ്ട്. അസ്സ്വഹീഹഃ 495 നോക്കുക)
അബൂ ജുമഅഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള മറ്റൊരു ഹദീഥിൽ ഇപ്രകാരം കാണാം: അബൂ ഉബെയ്ദഃ ﷺ പറഞ്ഞു:
يَا رَسُولَ اللَّهِ هَلْ أَحَدٌ خَيْرٌ مِنَّا؟ أَسْلَمْنَا مَعَكَ وَجَاهَدْنَا مَعَكَ؟ قَالَ ട്ട نَعَمْ قَوْمٌ يَكُونُونَ مِنْ بَعْدِى يُؤْمِنُونَ بِى وَلَمْ يَرَوْنِى
“അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളെക്കാൾ ഉത്തമരായി വല്ലവരുമുണ്ടോ? ഞങ്ങൾ താങ്കളോടൊപ്പമായിരിക്കെ ഇസ്ലാം സ്വീകരിക്കുകയും താങ്കളോടൊപ്പം ജിഹാദ് ചെയ്യുകയും ചെയ്തിരിക്കുന്നുവല്ലോ? അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ കാലശേഷം ഉണ്ടാകുന്ന ഒരു വിഭാഗം. അവർ എന്നെ കണ്ടിട്ടില്ല; അവർ എന്നിൽ വിശ്വസിക്കും” (അഹ്മദ്, ദാരിമി, ത്വബറാനി, ഹാകിം. ഇമാം ഹാകിമും ഇമാം ദഹബിയും ഹദീഥിനെ സ്വഹീഹായി അംഗീകരിച്ചിട്ടുണ്ട്. ഇബ്നു ഹജർ ഹദീഥിന്റെ സനദിനെ കുറിച്ച് ‘ഹസൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഫത്ഹുൽബാരി നോക്കുക)
ഈ ഹദീഥുകളേയും മുമ്പ് ഉദ്ധരിച്ച ഹദീഥുകളേയും പണ്ഡിതന്മാർ പല രീതിയിൽ ‘ജംഅ്’ ചെയ്തിരിക്കുന്നു. (ഹദീഥുകൾ വൈരുദ്ധ്യമില്ലാത്തവിധം ആശയങ്ങൾ പരസ്പരം യോജിപ്പിച്ചിരിക്കുന്നു)
അവയിൽ പ്രധാനപ്പെട്ടവ:
ഒന്ന്: അബൂ ഥഅ്ലബഃ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള
لِلْعَامِلِ فِيهِنَّ أَجْرُ خَمْسِينَ
“അന്ന് കർമ്മങ്ങളനുഷ്ഠിക്കുന്നവന് അമ്പതുപേരുടെ പ്രതിഫലം ഉണ്ടായിരിക്കും” എന്ന ഹദീഥ്, സ്വഹാബികളേക്കാൾ അവരുടെ ശേഷമുള്ളവർക്ക് ശ്രേഷ്ഠതയുണ്ടെന്ന് അറിയിക്കുന്നില്ല. കാരണം, ചില പ്രവൃത്തികളിൽ പ്രതിഫലത്തിൽ വർദ്ധനവ് ഉണ്ടാവുക എന്നത് നിരുപാധികം ശ്രേഷ്ഠതയെ സ്ഥിരപ്പെടുത്തൽ അനിവാര്യമാക്കുകയില്ല.
രണ്ട്: രണ്ടുപേരിൽ താരതമ്യേന ശ്രേഷ്ഠത കുറഞ്ഞവനിൽ ശ്രേഷ്ഠത കൂടിയവനേക്കാൾ ചില പ്രത്യേകതകളും സവിശേഷതകളും ചിലപ്പോൾ കണ്ടേക്കാം. പക്ഷേ, മൊത്തത്തിലുള്ള ഗുണവി ശേഷണങ്ങൾ നോക്കിയാൽ അയാൾ ഒരിക്കലും ശ്രേഷ്ഠത കൂടിയവനോട് തുല്ല്യമാവുകയില്ല.
മൂന്ന്: സ്വഹാബികളുടെ ശേഷമുള്ളവർക്ക് പറയപ്പെട്ട ശ്രേഷ്ഠത, അതിൽ സ്വഹാബികൾക്കും പിൻതലമുലക്കാർക്കും ഒരിമിക്കുവാൻ സാധ്യമായ പരിഗണന വെച്ചുകൊണ്ട് മാത്രമാണ്. എല്ലാ സത്യവിശ്വാസികൾക്കും പങ്കാളികളാകാവുന്ന പൊതുനന്മകളത്രേ അത്. അപ്പോൾ അവയിൽ ചില സ്വഹാബികളേക്കാൾ ശേഷം വരുന്ന ചിലർക്ക് ശ്രേഷ്ഠതയുണ്ടാവുക എന്നത് വിദൂരമല്ല. എന്നാൽ, പ്രവാചകന്റെ ﷺ ശറഫാക്കപ്പെട്ട മാന്യദേഹം കാണുക, അദ്ദേഹത്തിന്റെ നിയോഗത്തിന് സാക്ഷിയാവുക, തുടങ്ങിയ സഹാബികൾക്ക് മാത്രം പ്രത്യേകമായി ലഭിച്ചതും അവർ മാത്രം വിജയിച്ച തുമായ കാര്യങ്ങളെല്ലാം ബുദ്ധിക്ക് പ്രാപ്യമാകുന്നതിനും അപ്പുറത്താണ്. അതിനാൽ ഒരാൾക്കും അവയോട് അടുക്കുന്ന കർമ്മങ്ങൾ കൊണ്ടുവരുവാൻ സാധിക്കില്ല; അത് എത്ര വലുതാണെങ്കിലും ശരി. എന്നിട്ടല്ലേ അതിനോട് തുല്യമായത്.
നാല്: അബൂ ജംഅഃ رَضِيَ اللَّهُ عَنْهُ യുടെ ഹദീഥിനെ റിപ്പോർട്ട് ചെയ്തവർ ഹദീഥിന്റെ ഉള്ളടക്കത്തിൽ ഏകോപിച്ചിട്ടില്ല. ചിലർ, ഉപരിയിൽ സൂചിപ്പിച്ചതുപേലെ:
يَا رَسُولَ اللَّهِ هَلْ أَحَدٌ خَيْرٌ مِنَّا
“അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളെക്കാൾ ഉത്തമരായി വല്ലവരുമുണ്ടോ?” എന്ന പദത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
മറ്റുചിലർ:
يَا رَسُولَ اللَّهِ هَلْ منْ قَوْمٍ أَعْظَمُ مِنَّا أَجْراً
“അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളേക്കാൾ മഹത്തരമായ പ്രതിഫലമുള്ള വല്ലവരുമുണ്ടോ?”
(ത്വബറാനി, ഇബ്നു ഹജർ ഹദീഥിന്റെ സനദിനെ കുറിച്ച് ‘ഹസൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഫത്ഹുൽബാരി 7:7 നോക്കുക)
ഇമാം ഇബ്നു ഹജർ,പറഞ്ഞു:
“ഈ റിപ്പോർട്ട് മുമ്പത്തെ റിപ്പോർട്ടിനേക്കാൾ ശക്തമാണ്. ഇതാകട്ടേ അബൂഥഅ്ലബഃ رَضِيَ اللَّهُ عَنْهُ വിന്റെ റിപ്പോർട്ടിനോട് (ആശയത്തിൽ) യോജിക്കുകയും ചെയ്യുന്നു. അബൂഥഅ്ലബഃ رَضِيَ اللَّهُ عَنْهُ വിന്റെ റിപ്പോർട്ടിനുള്ള മറുപടി മുമ്പ് നൽകിയിട്ടുമുണ്ട്. والله أعلم”
അവസാനമായി, അറിയിക്കൽ അനിവാര്യമായ ഒരു കാര്യം ഉണർത്തുകയാണ്. സ്വഹാബികളുടെ പദവിയിലേക്ക് ശേഷക്കാർക്ക് എത്താനാവുകയില്ല എന്നുപറഞ്ഞ ഭൂരിപക്ഷം പണ്ഡിതരും, സ്വഹാബികളുടെ പദവിയിലേക്ക് ശേഷക്കാർക്ക് എത്താനാവും എന്നുപറഞ്ഞ ചില പണ്ഡിതരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൽ ഖുലഫാഉർറ്വാശിദീങ്ങൾ, സ്വർഗ്ഗംകൊണ്ട് സന്തോഷ മറിയിക്കപ്പെട്ട പത്തുപേർ എന്നിങ്ങനെയുള്ള പ്രമുഖ സ്വഹാബികളും അക്വബാ ഉടമ്പടിയിൽ പങ്കെടുത്തവർ, ബദ്രീങ്ങൾ, തബൂക് യുദ്ധത്തിൽ പങ്കെടുത്തവർ തുടങ്ങി പ്രത്യേകം ശ്രേഷ്ഠതവന്ന സ്വഹാബികളും ഉൾപ്പെടുന്നില്ല. കേവലം പ്രവാചകനെ ﷺ കാണുക മാത്രം ചെയ്തവരുടെ വിഷയത്തൽ മാത്രമാണ് തർക്കമുള്ളത്. അതിനാലാണ് ഇമാം ഇബ്നു അബ്ദിൽ ബർറ്, സ്വഹാബികളുടെ പദവിയിലേക്കും മഹത്വത്തിലേക്കും അവരുടെ ശേഷമുള്ളവർക്ക് എത്തുവാൻ കഴിയും എന്ന് പറത്തപ്പോൾ ബദ്രീങ്ങളേയും ഹുദയ്ബിയ്യഃ സന്ധിയിൽ പങ്കെടുത്തവരേയും ഒഴിവാക്കിപ്പറഞ്ഞത്. (അഥവാ, ഇവരുടെ പദവിയിലേക്ക് ആർക്കും എത്താ നാവുകയില്ലെന്ന് സാരം.) (ഫത്ഹുൽ ബാരി 7: 7)
അബ്ദുൽ ജബ്ബാർ അബ്ദുല്ല