സ്വഹാബികളുടെ “അദാലത്ത്”  പ്രമാണങ്ങളിൽ 

THADHKIRAH

സ്വഹാബികളുടെ “അദാലത്ത്”, (മതനിഷ്ഠയും സ്വഭാവ മര്യാദകളും ജീവിതവിശുദ്ധിയും) അഹ്ലു സ്സുന്നഃയുടെ അടുക്കൽ ഖണ്ഡിതമായ വിശ്വാസകാര്യങ്ങളിൽപ്പെട്ടതും മതത്തിൽ അനിവാര്യമായി അറിയപ്പെട്ട വിഷയങ്ങളിൽപ്പെട്ടതുമാണ്. തൽവിഷയ ത്തിൽ ധാരാളം തെളിവുകൾ വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും വന്നിട്ടുണ്ട്.
 
വിശുദ്ധ ക്വുർആനിൽ
ഒന്ന്
അല്ലാഹു പറഞ്ഞു:
۞ لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ‎﴿١٨﴾‏
“ആ മരത്തിന്റെ ചുവട്ടിൽ വെച്ച് സത്യവിശ്വാസികൾ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദർഭത്തിൽ തീർച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവൻ അറിയുകയും, അങ്ങനെ അവർക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവർക്ക് പ്രതിഫലമായി നൽകുകയും ചെയ്തു”  (വി. ക്വു. അൽ ഫത്ഹ്:18)
ബൈഅത്തു രിദ്വ്വാനിൽ പങ്കെടുത്തവരുടെ എണ്ണത്തെ കുറിച്ച് ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ഞങ്ങൾ ആയിരത്തി നാന്നൂറ് പേർ ഉണ്ടായിരുന്നു.” 
അല്ലാഹു  സ്വഹാബികൾക്ക് നൽകിയ പ്രശംസക്ക് പ്രത്യക്ഷ തെളിവാകുന്നു ഈ ആയത്ത്. അവരുടെ നെഞ്ചകവും ഹൃദയ വിചാരങ്ങളും അറിഞ്ഞുള്ള ഈ ശുദ്ധിപത്രം നൽകുവാൻ അല്ലാഹുവിന് മാത്രമേ  സാധിക്കുകയുള്ളൂ. അവൻ മാത്രമേ ഇത് പ്രസ്താവിക്കുകയുമുള്ളൂ. അതിനാൽ തന്നെ അവൻ അവരെ തൃപ്തിപ്പെട്ടു. “അല്ലാഹു ആരെ പ്രീതിപ്പെട്ടുവോ അവൻ കുഫ്റിൽ മരിക്കുവാൻ തരമില്ല. ഇസ്ലാമിൽ മരിക്കുക എന്നതിനാണ് പരിഗണന. ഇസ്ലാമിൽ മരിക്കുമെന്ന് അറിഞ്ഞവരിൽ മാത്രമേ അല്ലാഹുവിന്റെ തൃപ്തി വന്നിറങ്ങുകയുള്ളൂ.  ഈ ആശയത്തെ ശക്തിപ്പെടുത്തുന്ന ഒരു തിരുമൊഴി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:
لاَ يَدْخُلُ النَّارَ إِنْ شَاءَ اللَّهُ مِنْ أَصْحَابِ الشَّجَرَةِ أَحَدٌ؛ الَّذِينَ بَايَعُوا تَحْتَهَا 
“വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ബൈഅത്തു (രിദ്വ്വാനിൽ) പങ്കെടുത്ത ആളുകളിൽ ആരും നരകത്തിൽ പ്രവേശിക്കുകയില്ല,  إِنْ شَاءَ اللَّهُ”
ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യഃ  പറഞ്ഞു: 
“അല്ലാഹുവിന്റെ തൃപ്തി അനാദിയായ അവന്റെ വിശേഷണമാകുന്നു. പ്രസ്തുത തൃപ്തിയെ അനിവാര്യമാക്കുന്ന കാര്യങ്ങൾ പൂർത്തീകരിച്ച് നിർവ്വഹിക്കുമെന്ന് അറിഞ്ഞ ദാസന്മാരെ മാത്രമേ അവൻ പ്രീതിപ്പെടുകയുള്ളൂ. അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അയാളോട് കോപിക്കില്ല. താൻ പ്രീതിപ്പെട്ടിരിക്കുന്നു എന്ന് അല്ലാഹു ആരെക്കുറിച്ചെല്ലാം പ്രസ്താവിച്ചിട്ടുണ്ടോ അവരെല്ലാം സ്വർഗ്ഗാർഹരാണ്. ഒരു വ്യക്തിയെ അല്ലാഹു തൃപ്തിപ്പെടുന്നത് അയാളുടെ വിശ്വാസത്തിനും സൽകർമ്മത്തിനും ശേഷമാണെങ്കിൽ  അതിനെ കുറിച്ച് ഉണർത്തൽ അവനെ വാഴ്ത്തലിലൂടേയും പുകഴ്ത്തലിലൂടേയുമായിരിക്കും. രക്ഷിതാവിനെ ദേഷ്യത്തിലാക്കുന്ന വല്ലതും വിശ്വാസത്തിന് ശേഷം അയാൾ ചെയ്യും എന്ന് അല്ലാഹു അറിഞ്ഞിരുന്നുവെങ്കിൽ നാഥന്റെ കൃപക്ക് അർഹരായവരിൽ അവൻ ഉൾപ്പെടുമായിരുന്നില്ല.” 
ഇമാം ഇബ്നു ഹസം  പറഞ്ഞു:
“അല്ലാഹു ക്വൽബകങ്ങൾ അറിയുകയും തൃപ്തിപ്പെടുകയും സമാധാനം വർഷിക്കുകയും ചെയ്തതായി നമ്മോട് പറഞ്ഞവരുടെ കാര്യത്തിൽ മൗനമവലംഭിക്കലോ അവരിൽ സംശയിക്കലോ ഒരിക്കലും ഒരാൾക്കും അനുവദനീയമല്ല.”  
 
രണ്ട്
അല്ലാഹു പറഞ്ഞു:
مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖتَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ‎﴿٢٩﴾‏
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്ന വരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്മേൽ നിവർന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ട് വരുന്നത്) അവർ മൂലം സത്യനിഷേധികളെ അരിശം കൊള്ളിക്കുവാൻ വേണ്ടിയാകുന്നു. അവരിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (വി. ക്വു. അൽ ഫത്ഹ്: 29)
ഇമാം മാലിക് പറഞ്ഞു:
بلغني أن النصارى كانوا إذا رأوا الصحابة الذين فتحوا الشام يقولون: “والله لهؤلاء خير من الحواريين فيما بلغنا”. وصدقوا في ذلك، فإن هذه الأمة معظمة في الكتب المتقدمة، وأعظمها وأفضلها أصحاب رسول الله  ‎ﷺ، وقد نوه الله بذكرهم في الكتب المنزلة والأخبار المتداولة  ؛ ولهذا قال هاهنا: :|”ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ”، ثُمَّ قَالَ: “وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ  شَطْأَهُ”أي: فراخه، “فَآزَرَهُ”: شده “فَاسْتَغْلَظَ” أي: شب وطال،”فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ”   أي: فكذلك أصحاب محمد ‎ﷺ  آزروه وأيدوه ونصروه فهم معه كالشطء مع الزرع
“സിറിയ വിജയിച്ചടക്കിയ സ്വഹാബികളെ(رَضِيَ اللَّهُ عَنْهم) ക്രൈസ്തവർ കാണുമ്പോൾ അവർ പറയുമായിരുന്നു. “അല്ലാഹുവാണെ, ഹവാരിയ്യുകളെ കുറിച്ച് നാം അറിഞ്ഞിടത്തോളം ഇക്കൂട്ടരാണ് അവരേക്കാൾ ഉത്തമർ”  ക്രൈസ്തവരുടെ ഈ മൊഴിസത്യമാണ്. കാരണം പൂർവ്വ വേദങ്ങളിൽ ഈ സമുദായം വാഴ്ത്തപ്പെട്ടവരാണ്. അവരിൽ ശ്രേഷ്ഠരും ഉത്തമരും തിരുദൂതരുടെ അനുചരന്മാരാ സ്വഹാബത്ത് ആകുന്നു. അല്ലാഹു, വേദഗ്രന്ഥങ്ങളിലും ചരി ത്ര വൃത്താന്തങ്ങളിലും അവരെ കുറിച്ചുള്ള പരാമർശമുണ്ടെന്ന് ഉണർത്തുന്നു. അതിനാലാണ് ഇവിടെ അല്ലാഹു പറഞ്ഞത്:
ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ
“അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിക്കുകയും നീണ്ടുനിവരുകയും ചെയ്തു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിൻമേൽ നിവർന്നുനിന്നു”
അഥവാ, ഇപ്രകാരമാണ് തിരുനബി ﷺ യുടെ സ്വഹാബികൾ. അവർ അദ്ദേഹത്തെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും പിന്താങ്ങുകയും ചെയ്തു. അദ്ദേഹമാകട്ടേ അവരോടൊപ്പം  കർഷകർക്ക് കൗതുകം തോന്നിപ്പിക്കും വിധമുള്ള ഒരു വിളയുടെ കൂമ്പ് പോലെയാകുന്നു”    (അൽഇസ്തീആബ്, ഇബ്നു അബ്ദിൽ ബർറ് 1: 6, തഫ്സീറു ഇബ്നി കഥീർ 4: 204)
ഇമാം ഇബ്നുൽ ജൗസി പറഞ്ഞു:
“ഭൂരിപക്ഷം പണ്ഡിതരുടെ അടുക്കലും ഇത് മുഴുവൻ സ്വഹാബികൾക്കമുള്ള വർണ്ണനയാണ് എന്നാണ്”   (സാദുൽ മസീർ 4:204)
 
മൂന്ന്
‌ അല്ലാഹു പറഞ്ഞു:

لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ ‎﴿٨﴾‏وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ ‎﴿٩﴾‏ وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾‏ 

അതായത് സ്വന്തം വീടുകളിൽനിന്നും സ്വത്തുക്കളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രൻമാർക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവർ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവർ തന്നെയാകുന്നു സത്യവാൻമാർ. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും (അൻസാറുകൾക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും. ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ. അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (വി. ക്വു. അൽ ഹശ്ർ: 8,9,10)
അല്ലാഹു, ഈ വചനങ്ങളിൽ “ഫയ്അ് ‘ മുതലിന്റെ അവകാശികളുടെ അവസ്ഥകളും വിശേഷണങ്ങളും വ്യക്തമാക്കുന്നു. അവർ മൂന്ന് വിഭാഗങ്ങളാണ്:
ഒന്ന്:

لِلْفُقَرَاءِ الْمُهَاجِرِينَ

“മുഹാജിറുകളായ ദരിദ്രൻമാർക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം)”
രണ്ട്:

وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ

“അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും (അൻസാറുകൾക്ക്)”
മൂന്ന്:

وَالَّذِينَ جَاءُوا مِن بَعْدِهِمْ

“അവരുടെ ശേഷം വന്നവർക്കും”
ഈ വിശുദ്ധ വചനത്തെ പഠനംനടത്തി ഇമാം മാലിക് (റ) പറഞ്ഞത് എത്ര സുന്ദര വചനമാണ്. അദ്ദേഹം പറഞ്ഞു:

أن الرافضي الذي يسبّ الصحابة ليس له في مال الفيء نصيب لعدم اتصافه بما مدح الله به هؤلاء في قولهم “رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ”

“”നിശ്ചയം, സ്വഹാബികളെ ആക്ഷേപിക്കുന്ന റാഫിദ്വിക്ക് “ഫയ്അ് ‘ മുതലിൽനിന്ന് യാതൊരുവിഹിതവുമില്ല. കാരണം അല്ലാഹു  മദ്ഹ് പറഞ്ഞ വിഭാഗത്തിന്റെ വർണ്ണന അവനിൽ ഇല്ലാത്തതി നാൽ. അവരുടെ വിശേഷണം അവർ ഇപ്രകാരം പറയുമെന്നാണ്:

رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾ ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങ ളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളു ടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു  (വി. ക്വു. അൽ ഹശ്ർ: 10).  (തഫ്സീറു ഇബ്നി കഥീർ 4: 204)

സഅ്ദ് ഇബ്നു അബീ വക്വാസ് رَضِيَ اللَّهُ عَنْهُ  പറഞ്ഞു:
الناس على ثلاث منازل فمضت منزلتان و بقيت واحدة فأحسن ما أنتم كائنون عليه أن تكونوا بهذه المنزلة التي بقيت قال: ثم قرأ”لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا” (الحشر: 8) فهؤلاء المهاجرين و هذه منزلة قد مضيت “وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ” (الحشر : 9)  قال : هؤلاء الأنصار و هذه منزلة قد مضيت ثم قرأ : “وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾” (الحشر :10)    قد مضيت هاتان و بقيت هذه المنزلة فأحسن ما أنتم كائنون عليه أن تكونوا بهذه المنزلة التي بقيت: أن تستغفروا لهم
“ജനങ്ങൾ മൂന്ന് പദവികളിലാണ്. രണ്ട് പദവിക്കാർ കഴിഞ്ഞുപോയി. ഒന്ന് അവശേഷിക്കുന്നു. ഈ ശേഷിക്കുന്ന സ്ഥാനത്ത് നിങ്ങൾ ആവുക എന്നതാണ് നിങ്ങൾ ആകാവുന്നതിൽ ഏറ്റവും നല്ലത്. ശേഷം അദ്ദേഹം ഓതി:
لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا
അതായത് സ്വന്തം വീടുകളിൽനിന്നും സ്വത്തുക്കളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രൻമാർക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവർ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുന്നു
ഇവരാണ് മുഹാജിറുകൾ. ഈ പദവി കഴിഞ്ഞുപോയി. ശേഷം അദ്ദേഹം ഓതി:
وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ
അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും (അൻസാറുകൾക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബ ന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും.
ഇവരാണ് അൻസ്വാരികൾ. ഈ പദവിയും കഴിഞ്ഞു പോയി. ശേഷം അദ്ദേഹം ഓതി:
وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾‏
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു
രണ്ട് പദവികൾ കഴിഞ്ഞുപോയി. മൂന്നാമത്തേത് ശേഷി ക്കുന്നു. ഈ ശേഷിക്കുന്ന സ്ഥാനത്ത് നിങ്ങൾ ആവുക എന്നതാണ് നിങ്ങൾക്കാകാവുന്നതിൽ ഏറ്റവും നല്ലത്. അഥവാ, നിങ്ങൾ 
അവർക്കുവേണ്ടി “ഇസ്തിഗ്ഫാറി”ന് തേടുക.”  (അസ്സ്വാരിമുൽ മസ്ലൂൽ: 574 നോക്കുക. ഈ “അഥർ’ ഇമാം ഹാകിം റിപ്പോർട്ട് ചെയ്തിരിക്കുന്നു. അദ്ദേഹവും ഇമാം ദഹബിയും അതിനെ “സ്വഹീഹ്” എന്ന് വിശേഷിപ്പിച്ചിരിക്കുന്നു)
ആഇശാ ‎رَضِيَ اللَّهُ عَنْها പറഞ്ഞു:
أُمِرُوا أَنْ يَسْتَغْفِرُوا لأَصْحَابِ النَّبِىِّ ‎ﷺ فَسَبُّوهُمْ
“തിരുനബി ‎ﷺ  യുടെ അനുചരന്മാരായ സ്വഹാബത്തിന് പാപമോചനത്തിന് തേടുവാനാണ് അവർ കൽപ്പിക്കപ്പെട്ടത്. പക്ഷേ, അവർ അവരെ ചീത്ത പരാമർശം നടത്തുകയാണ് ചെയ്തത്”  (സ്വഹീഹ് മുസ്ലിം 3022 നോക്കുക)
(ഈജിപ്തുകാർ ഉഥ്മാനെ رَضِيَ اللَّهُ عَنْهُ  കുറിച്ചും സിറിയക്കാർ അലി رَضِيَ اللَّهُ عَنْهُ യെ കുറിച്ചും ഖവാരിജുകൾ മൊത്തത്തിൽ സ്വഹാബികളെ കുറിച്ചും മോശമായി പറഞ്ഞത് ഉമ്മുൽ മുഅ്മിനീൻ കേട്ടപ്പോഴാണ് അവർ ഇപ്രകാരം പറഞ്ഞത്. ശറഹു മുസ്ലിം നോക്കുക(വിവഃ)
 
 ഇമാം അബൂ നുഐമ്  പറഞ്ഞു:
“”അല്ലാഹുവോടും അല്ലാഹുവിന്റെ റസൂലി ‎ﷺ നോടും എതിര് പ്രവർത്തിക്കുകയും, അവരെധിക്കരിച്ചും  എതിർത്തും മടങ്ങുകയും ചെയ്തവനെക്കാൾ മോശമായവൻ ആരുണ്ട്. അല്ലാഹു സ്വഹാബത്തിന് മാപ്പാക്കുവാനും അവർക്കുവേണ്ടി പാപമോചനത്തിന് തേടുവാനും വിനയത്തിന്റെ ചിറകുകൾ അവർക്കുമീതെ താഴ്ത്തുവാനും  തന്റെ പ്രവാചകനോട് കൽപ്പിക്കുന്നത് താങ്കൾ കണ്ടില്ലേ. അല്ലാഹു പറഞ്ഞു:
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖفَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ
നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും, അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക (വി.ക്വു. ആലുഇംറാൻ:159)
وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ‎﴿٢١٥﴾‏
നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തി കൊടുക്കുകയും ചെയ്യുക. (വി. ക്വു. അശ്ശുഅറാഅ്: 215)
അപ്പോൾ, ആർ അവരെ ചീത്തയായി പരാമർശിക്കുകയും അവരോട് ദേഷ്യപ്പെടുകയും അവരിൽനിന്നുണ്ടായ വ്യാഖ്യാനങ്ങളും യുദ്ധങ്ങളും നല്ലതല്ലാത്ത രീതിയിൽ അവരിൽ ചുമത്തുകയും ചെയ്യുന്നുവോ അവൻ അല്ലാഹുവിന്റെ കൽപനകളിൽ നിന്നും മര്യാദകളിൽനിന്നും ഉപദേശങ്ങളിൽനിന്നും വഴിതെറ്റിയവനാകുന്നു. പ്രവാചകനോടും സ്വഹാബത്തിനോടും ഇസ്ലാമിനോടും മുസ്ലിംകളോടും തിന്മയാൽ ചുരുട്ടിയ നാവുകൾ മാത്രമാണ് അവൻ അവരുടെ നേരെ നീട്ടുന്നത്.”  (അൽ ഇമാമഃ 375, 376)
 
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
لا تسبوا أصحاب محمد إن الله قد أمر بالاستغفار لهم و قد علم أنهم سيقتتلون 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ യുടെ അനുചരന്മാരായ സ്വഹാബത്തിനെ നിങ്ങൾ ചീത്തയായി പരാമർശിക്കരുത്. കാരണം, അവർക്കിടയിൽ യുദ്ധമുണ്ടാകുമെന്ന് അല്ലാഹു അറിഞ്ഞിരിക്കെ തന്നെ അവർക്കുവേണ്ടി പാപമോചനത്തിന് തേടുവാനാണ് അവൻ കൽപ്പിച്ചത്.” (ഇമാം അഹ്മദ് ‘ഫദ്വാഇലുസ്സ്വഹാബഃ’ യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ശെയ്ഖുൽ  ഇസ്ലാം ഇബ്നുതയ്മിയ്യഃ അഥറിനെ “സ്വഹീഹ് ‘ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു)
 
നാല്
അല്ലാഹു പറഞ്ഞു:
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ‎﴿١٠٠﴾‏
“മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (വി. ക്വു. അത്തൗബഃ 100)
അല്ലാഹു സ്വഹാബികൾക്ക് നൽകിയ പ്രശംസക്ക് പ്രത്യക്ഷ തെളിവാകുന്നു ഈ ആയത്ത്. ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യഃ പറഞ്ഞു:
“അല്ലാഹു “ഇഹ്സാൻ’ എന്ന നിബന്ധനയില്ലാതെ മുഹാജിറുകളേയും അൻസ്വാരികളേയും ഇഷ്ടപ്പെട്ടു. എന്നാൽ തബിഈങ്ങളെ, അവർ മുഹാജിറുകളേയും അൻസ്വാരികളേയും “ഇഹ്സാനോട് കൂടി പിന്തുടർന്നാൽമാത്രം ഇഷ്ടപ്പെട്ടു”    (അസ്സ്വാരിമുൽ മസ്ലൂൽ 572)
 
അവർക്ക് അല്ലാഹുവി ന്റെ പ്രീതിയുണ്ടാകുവാൻ വേണ്ടി തേടലും പാപമോചനത്തിന് തേടലും അവരെ “ഇഹ്സാനോട് കൂടി പിന്തുടരുന്നതിൽ പെട്ടതാണ്.
 
അഞ്ച്
അല്ലാഹു പറഞ്ഞു:
لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ‎﴿١٠﴾‏ 
നിങ്ങളുടെ കൂട്ടത്തിൽ നിന്നു (മക്കാ) വിജയത്തിനുമുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടർ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കുവഹിക്കുകയും ചെയ്തവരെക്കാൾ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവർക്കും “ഹുസ്നാ” അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു.  (വി. ക്വു. അൽഹദീദ്: 10)
ഇമാം ക്വതാദയും  ഇമാം മുജാഹിദും പറഞ്ഞു: “ഹുസ്നാ” എന്നാൽ സ്വർഗ്ഗമാകുന്നു. 
(തഫ്സീർ ഇബ്നി ജരീർ അത്ത്വബരി, 27:  128) 
 

ഇമാം ഇബ്നു ഹസം, മുഴുവൻ സ്വഹാബികളും സ്വർഗ്ഗാവകാശികളിൽ പെട്ടവരാണെന്നതിന് ഖണ്ഡിതമായ തെളിവുണ്ടെന്നതിന് ഈ ആയത്തുകൊണ്ട് തെളിവ് പിടിച്ചിരിക്കുന്നു. കാരണം, അല്ലാഹു പറഞ്ഞു:

وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ

അല്ലാഹു എല്ലാവർക്കും “ഹുസ്നാ” (സ്വർഗ്ഗം) വാഗ്ദാനം ചെയ്തിരിക്കുന്നു (വി. ക്വു. അൽഹദീദ്: 10)   (അൽ ഫസ്വ്ൽ ഫിൽ മിലലി വന്നിഹൽ 4: 148,149)

ആറ്
അല്ലാഹു  പറഞ്ഞു:

لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ ‎﴿١١٧﴾‏
 

തീർച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു അവരിൽനിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങൾ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീർച്ചയായും അവൻ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു.(വി. ക്വു. അത്തൗബഃ : 117)
സ്വഹാബികളിൽ നിലവിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും തബൂക് യുദ്ധത്തിൽ ഹാജറായി; അല്ലാഹു ഇളവ് അനു വദിച്ച അശക്തരും സ്ത്രീകളുമൊഴിച്ച്. എന്നാൽ യുദ്ധത്തിനു പോകാതെ മാറിനിന്നവരുടെ തൗബഃ അല്ലാഹു സ്വീകരിച്ചു. തൽ വിഷയത്തിൽ പിന്നീട് വിശുദ്ധ വചനങ്ങൾ വന്നിറങ്ങി.

തിരുമൊഴികൾ

ഒന്ന്

അബൂ സഈദി رَضِيَ اللَّهُ عَنْهُ ൽനിന്നും റിപ്പോർട്ട്: അദ്ദേഹം പറഞ്ഞു: “ഖാലിദ് ഇബ്നുൽ വലീദും رَضِيَ اللَّهُ عَنْهُ അബ്ദുർ റ്വഹ്മാൻ ഇബ്നു ഔഫും رَضِيَ اللَّهُ عَنْهُ അന്യോന്യം നേരിയ ഇടച്ചിലിലായിരുന്നു. അങ്ങിനെ ഖാലിദ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ ശകാരിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لاَ تَسُبُّوا أَحَدًا مِنْ أَصْحَابِى فَإِنَّ أَحَدَكُمْ لَوْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا أَدْرَكَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ 

“എന്റെ സ്വഹാബികളിൽ ആരേയും നിങ്ങൾ ശകാരിക്കരുത്. കാരണം, നിങ്ങളിൽ ഒരാൾ ഉഹുദ് മലയോളം സ്വർണ്ണം (ദാനമായി) ചിലവാക്കിയാൽ അത് അവരിൽ ഒരാൾ (ദാനമായി ചിലവാക്കിയ) ഒരു മുദ്ദിനോളം അല്ലെങ്കിൽ അരമുദ്ദിനോളം എത്തുകയില്ല.”   (ബുഖാരി, മുസ്ലിം)

 

ഇമാം അഹ്മദും ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യയും മറ്റും പറഞ്ഞു:

كل من صحب النبي ‎ﷺ سنة أو شهرا أو يوما أو رآه مؤمنا به فهو من أصحابه له من الصحبة بقدر ذلك

“ഒരാൾ വിശ്വാസിയായിക്കൊണ്ട് പ്രവചകനോട് ഒരു വർഷമോ ഒരു മാസമോ ഒരു ദിവസമോ സഹവസിച്ചു, അല്ലെങ്കിൽ വിശ്വാസിയായിക്കൊണ്ട് അദ്ദേഹത്തെ കാണുക മാത്രം ചെയ്തു, എങ്കിൽ അയാൾ സ്വഹാബികളിൽ പെട്ടവനാണ്. സഹവസിച്ച കാലദൈർഘ്യമനുസരിച്ചുള്ള സ്വുഹ്ബത്ത് അദ്ദേഹത്തിന് ഉണ്ടായിരിക്കും.”   (അസ്സ്വാരിമുൽ മസ്ലൂൽ 572)
ഖാലിദ് ഇബ്നുൽ വലീദ് رَضِيَ اللَّهُ عَنْهُ സ്വഹാബികളിൽ പെട്ടവനായിരിക്കെ എന്തിനാണ് ഇതര സ്വഹാബികളെ ശകാരവാക്ക് പറയുന്നതിനെ നബി ‎ﷺ അദ്ദേഹത്തോട് വിരോധിച്ചത്? എന്തുകൊണ്ടാണ്,

فَإِنَّ أَحَدَكُمْ لَوْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا أَدْرَكَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ

“നിങ്ങളിൽ ഒരാൾ ഉഹുദ് മലയോളം സ്വർണ്ണം (ദാനമായി) ചില വാക്കിയാൽ അത് അവരിൽ ഒരാൾ (ദാനമായി ചിലവാക്കിയ) ഒരു മുദ്ദിനോളം അല്ലെങ്കിൽ അരമുദ്ദിനോളം എത്തുകയില്ല” എന്ന് നബി ‎ﷺ  അദ്ദേഹത്തോട് പറഞ്ഞത്? അതിന് നമുക്ക് പറയുവാനുള്ളത്: “കാരണം, ഖാലിദ് ഇബനുൽ വലീദും رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ പോലുള്ളവരും പ്രവാചകനോട് ശത്രുതയിലായിരുന്ന കാലത്ത് അബ്ദുർ റ്വഹ്മാൻ ഇബ്നു ഔഫും رَضِيَ اللَّهُ عَنْهُ അദ്ദേഹത്തിന്റെ കൂട്ടുകാരും ഇസ്ലാമിലേക്ക് മുൻപന്മാരായി കടന്നുവന്നവരും പ്രവാചകനോട് ‎ﷺ സഹവസിച്ചവരും ഹുദയ്ബിയ്യാ സന്ധിക്ക് മുമ്പ് ഇസ്ലാമിലേക്ക് മുൻകടന്ന് ചിലവഴിക്കുകയും പോരാടുകയും ചെയ്തവരുമാണ്. അല്ലാഹു, എല്ലാവർക്കും സ്വർഗ്ഗം വാഗ്ദാനം ചെയ്തിരിക്കുന്നുവെങ്കിലും ഹുദയ്ബിയ്യാ സന്ധിക്ക് മുമ്പ് ഇസ്ലാമിലേക്ക് വന്ന് ചിലവഴിക്കുകയും പോരാടുകയും ചെയ്തവർ ശേഷക്കാരെ ക്കാൾ ഉന്നത പദവിക്കാരാണ്. ഹുദയ്ബിയ്യാ സന്ധിക്ക് ശേഷം ഇസ്ലാമിലേക്കുവന്ന ഖാലിദും رَضِيَ اللَّهُ عَنْهُ കൂട്ടുകാരും പങ്കാളികളാകാത്ത പലതിലും അവർക്ക് പങ്കാളികളാകുവാനായിട്ടുണ്ട്. അതിനാൽ തന്നെ തങ്ങളുടെ മുമ്പ് പ്രവാചകനെ ‎ﷺ സഹവസിച്ചവരെ ശേഷക്കാർ ചീത്തയായി പരാമർശിക്കുന്നത് വിരോധിക്കുകയുണ്ടായി. ഖാലിദി رَضِيَ اللَّهُ عَنْهُ ന്, ഇസ്ലാമിലേക്ക് മുൻപന്മാരായി കടന്നുവന്ന് പ്രവാചകനോട് ‎ﷺ സഹവസിച്ചവരോടുള്ള ബന്ധത്തേക്കാൾ അകന്ന ബന്ധമാണ് പ്രവാചകനോട് ഒട്ടും സഹവസിച്ചിട്ടില്ലാത്തവർക്ക് സഹവസിച്ചവരോടുള്ളത്.” (അസ്സ്വാരിമുൽ മസ്ലൂൽ 572)

 

രണ്ട്

അല്ലാഹുവിന്റെ റസൂൽ ‎ﷺ , ഉമറി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:

وَمَا يُدْرِيكَ لَعَلَّ اللَّهَ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ

“താങ്കൾക്കെന്തറിയാം. അല്ലാഹു ബദ്രീങ്ങളിലേക്ക് നോക്കുകയും ശേഷം “നിങ്ങൾ ഉദ്ദേശിക്കുന്നത് പ്രവർത്തിച്ചേക്കുക. നിശ്ചയം, ഞാൻ നിങ്ങൾക്ക് പൊറുത്തിരിക്കുന്നു’ എന്ന് പറയുകയും ചെയ്തിരിക്കുന്നു”   (ബുഖാരി, മുസ്ലിം)

ഈ വചനത്തിൽ “നിങ്ങൾ പ്രവർത്തിക്കുക” എന്ന കൽപന ആദരിക്കുവാനുള്ളതാണ്. അതിന്റെ ഉദ്ദേശം, ഇതൊരു സത്യസന്ധമായ വാഗ്ദാനമാണ്. ബദ്റിൽ പങ്കെടുത്തവൻ ഏതൊരു പ്രവൃത്തി ചെയ്താലും അതിൽ അദ്ദേഹം പിടികൂടപ്പെടുകയില്ല. അവരുടെ തെറ്റായ പ്രവൃത്തികൾ, അവ സംഭവിച്ചിട്ടില്ലാത്തവിധം പൊറുക്കപ്പെട്ടതായിരിക്കും എന്നും പറയപ്പെട്ടിട്ടുണ്ട്. (മഅ്രിഫതുൽ ഖിസ്വാലിൽ മുകഫ്ഫിറഃ, ഇബ്നു ഹജർ പേജ്: 31)
ഇമാം നവവി പറഞ്ഞു:
“ഉലമാക്കൾ പറഞ്ഞു: അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അന്ത്യനാളിൽ അവർക്ക് പാപമോചനം ഉണ്ട് എന്നതാണ്. ഭൗതികമായ ശിക്ഷാവിധികൾ നടപ്പാക്കപ്പെടേണ്ട വല്ല കുറ്റങ്ങളും അവരിൽനി ന്ന് ഉണ്ടായാൽ ആ ശിക്ഷ അവരിൽ നടപ്പാക്കപ്പെടും. ഇമാം ക്വാദ്വീ ഇയാദ്വ് ഈ വിഷയത്തിൽ ‘ഇജ്മാഅ് ‘ ഉദ്ധരിച്ചിരിക്കുന്നു. ഉമർ رَضِيَ اللَّهُ عَنْهُ, പ്രസ്തുത ശിക്ഷ ക്വുദാമഃ ഇബ്നു മദ്നിഊൽ  നടപ്പാക്കി. നബി ‎ﷺ, മിസ്ത്വഹ് ഇബ്നു അഥാഥഃ യിൽ അപവാദ പ്രചരണത്തിനുള്ള എൺപത് അടി നടപ്പാക്കി. അദ്ദേഹം ബദ്റിൽ പങ്കെടുത്ത സ്വഹാബിയായിരുന്നു.”   (ശറഹു സ്വഹീഹി മുസ്ലിം)

ഇമാം ഇബ്നുൽ ക്വയ്യിം ജ പറഞ്ഞു:
“നിങ്ങൾ ഉദ്ദേശിക്കുന്നത് പ്രവർത്തിച്ചേക്കുക” എന്ന സംബോധന, ദീനിനെ കൈവിടാതെ ഇസ്ലാമിലായിരിക്കും മരണമെന്നും മറ്റുള്ളവരിൽനിന്ന് സംഭവിക്കുന്നതുപോലെ ചില വീഴ്ചകൾ സംഭവിക്കുമെന്നും അല്ലാഹു അറിഞ്ഞ ഒരു വിഭാഗത്തോടാണ്. എന്നാൽ പ്രസ്തുത വീഴ്ചകളിൽ ഉറച്ച് നിൽക്കുന്ന വിധത്തിൽ അല്ലാഹു  അവരെ കയ്യൊഴിക്കുകയില്ല. പ്രത്യുത, സത്യസന്ധമായ തൗബക്കും, പാപമോചന തേട്ടത്തിനും, തങ്ങളുടെ വീഴ്ചക ളെ മായിക്കുന്ന പുണ്യങ്ങൾ പ്രവൃത്തിക്കുന്നതിനും അവൻ അവർക്ക് തൗഫീക്വ് പ്രദാനം ചെയ്തിരിക്കുന്നു. ഈ പ്രത്യേകമാക്കൽ അവർക്ക് മാത്രമുള്ളതാണ്. മറ്റാർക്കുമുള്ളതല്ല. കാരണം, അവർ പാപം പൊറുക്കപ്പെട്ടവരാകയാൽ അത് അവരിൽ യാഥാർത്ഥ്യമായിരിക്കുന്നു. അവർ നിർവ്വഹിക്കുന്ന പല കാര്യങ്ങളിലൂടെയും പാപമോചനം നേടുക എന്നതിന് ഇത് തടസമാകുന്നില്ല. അതു പോലെ, (തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട) പാപമോചനത്തിൽ വിശ്വാസമർപ്പിച്ച് നിർബന്ധബാധ്യതകൾ അവർ നഷ്ടപ്പെടുത്തുക എന്നതും ഇത് താൽപര്യപ്പെടുന്നില്ല. കൽപനകളുടെ തുടർച്ചയായുള്ള നിർവ്വഹണം കൂടാതെ തന്നെ (തങ്ങൾക്ക് വാഗ്ദാനം ചെ യ്യപ്പെട്ട) പാപമോചനം നേടിയെങ്കിൽ അതിനുശേഷം നമസ്കരിക്കുക, നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക, സകാത്ത് നൽകുക, ജിഹാദ് ചെയ്യുക എന്നിവയുടെ ആവശ്യം അവർക്കില്ലായിരുന്നു. ഇത് അസംഭവ്യമാണ്. والله أعلم”  (അൽഫവാഇദ്, ഇബ്നുൽ ക്വയ്യിം. 19)

മൂന്ന്

ഇംറാൻ ഇബ്നു ഹുസ്വയ്നി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

خَيْرُ أُمَّتِى قَرْنِى ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ  قَالَ عِمْرَانُ: فَلاَ أَدْرِى أَذَكَرَ بَعْدَ قَرْنِهِ قَرْنَيْنِ أَوْ ثَلاَثًا

“എന്റെ സമുദായത്തിൽ ഉത്തമർ എന്റെ തലമുറക്കാരാണ്. ശേഷം അവരെ തുടർന്ന് വരുന്നവർ. പിന്നീട് അവരെ തുടർന്ന് വരുന്നവർ. ഇംറാൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “പ്രവാചകന്റെ ‎ﷺ തലമുറക്ക് ശേഷം രണ്ട് തലമുറകളേയാണോ അതല്ല മൂന്ന് തലമുറകളേയാണോ അദ്ദേഹം പറഞ്ഞതെന്ന് എനിക്ക് അറിയില്ല.” (ബുഖാരി, മുസ്ലിം)

നാല്

അബൂ മൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

النُّجُومُ أَمَنَةٌ لِلسَّمَاءِ فَإِذَا ذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ، وَأَنَا أَمَنَةٌ لأَصْحَابِى ، فَإِذَا ذَهَبْتُ أَتَى أَصْحَابِى مَا يُوعَدُونَ، وَأَصْحَابِى أَمَنَةٌ لأُمَّتِى فَإِذَا ذَهَبَ أَصْحَابِى أَتَى أُمَّتِى مَا يُوعَدُونَ 

“നക്ഷത്രങ്ങൾ ആകാശത്തിന് സുരക്ഷയാണ്. നക്ഷത്രങ്ങൾ പോയാൽ ആകാശത്തിന് അത് വാഗ്ദാനം ചെയ്യപ്പെടുന്നത് എത്തുകയായി. ഞാൻ എന്റെ സ്വഹാബത്തിന് സുരക്ഷയാണ്. ഞാൻ പോയാൽ എന്റെ സ്വഹാബത്തിന് അവർ വാഗ്ദാനം ചെയ്യപ്പെടുന്നത് എത്തുകയായി. എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിന് സുരക്ഷയാണ്. എന്റെ സ്വഹാബത്ത് പോയാൽ എന്റെ ഉമ്മത്തികൾക്ക് അവർ വാഗ്ദാനം ചെയ്യപ്പെടുന്നത് എത്തുകയായി”  (മുസ്ലിം)

 

ആകാശത്തിൽ നിന്ന് നക്ഷത്രങ്ങൾ ഉതിർന്നുവീണാൽ ആകാശത്തിന് ബലക്ഷയമാവുകയും വിള്ളൽവീഴുകയും ക്വിയാമത്ത് നാൾ സംഭ വിക്കുകയുമായി. അതാണ് നക്ഷത്രങ്ങൾ പോയാൽ ആകാശത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത്. പ്രവാചകൻ ‎ﷺ, ആഭ്യന്തരയുദ്ധങ്ങൾ, കലഹങ്ങൾ, മതപരിത്യാഗങ്ങൾ, അനൈക്യങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം സ്വഹാബികൾക്ക് സുരക്ഷയായിരുന്നു. പ്രവാചകൻ ‎ﷺ , വഫാത്തായ ശേഷം ഇവയെല്ലാം തലപൊക്കി. സ്വഹാബികൾ, ഉമ്മത്തികൾക്ക് ബിദ്അത്തുകൾ, അന്യാചാരങ്ങൾ, ശത്രു മേൽകോയ്മ നേടൽ എന്നിവയിൽ നിന്നെല്ലാം സുരക്ഷയായിരുന്നു. പക്ഷെ അവരുടെ കാലശേഷം ഇവയെല്ലാം രംഗപ്ര വേശം ചെയ്തു”  (ശറഹു മുസ്ലിം നോക്കുക)

അഞ്ച്

ഉമർ ഇബ്നുൽ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

أَكْرِمُوا أَصْحَابِي ؛ فَإِنَّهُمْ خِيَارُكُمْ

“എന്റെ സ്വഹാബികളെ നിങ്ങൾ ആദരിക്കണം. കാരണം, അവർ നിങ്ങളിൽ ഉത്തമരാണ്”  (മുസ്നദ് അഹ്മദ്, സുനനുന്നിസാഈ, മുസ്തദ്റക് ഹാകിം)

 

മറ്റൊരു റിപ്പോർട്ടിൽ:

اِحْفَظُونِي فِي أَصْحَابِي

“എന്റെ സ്വഹാബികളുടെ വിഷയത്തിൽ നിങ്ങൾ എന്നെ സൂ ക്ഷിക്കണം” (മുസ്നദ് അഹ്മദ്, സുനനു ഇബ്നി മാജഃ, മുസ്തദ്റക് ഹാകിം. ഇമാം ഹാകിമും ഇമാം ദഹബിയും അതിനെ “സ്വഹീഹ് ‘ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു)

ആറ്

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞതായി വാസിലത്ത് ഇബ്നുൽ അസ്ക്വഅ്  റിപ്പോർട്ട് ചെയ്യുന്നു:

لا تزالون بخير ما دام فيكم من رآني وصاحبني والله لا تزالون بخير ما دام فيكم من رأى من رآني وصاحب من صاحبني

“എന്നെ കാണുകയും എന്നോട് സഹവസിക്കുകയും ചെയ്തവർ നിങ്ങളിൽ ഉണ്ടാകുന്ന കാലത്തോളം നിങ്ങൾ അനുഗ്രഹത്തിലായിരിക്കും. അല്ലാഹുവാണേ സത്യം, എന്നെ കാണുകയും എന്നോട് സഹവസിക്കുകയും ചെയ്തവരെ കണ്ടവർ നിങ്ങളിൽ ഉണ്ടാകുന്ന കാലത്തോളം നിങ്ങൾ അനുഗ്രഹത്തിലായിരിക്കും”. (ഇബ്നു അബീ ശെയ്ബഃ, ഇബ്നു അബീ ആസ്വിം, ത്വബറാനി, അബൂ നുഐമ് . ഇബ്നു ഹജർ ഹദീഥിനെ ‘ഹസൻ’ എന്ന് വിശേഷിപ്പിച്ചിരി ക്കുന്നു)

 

ഏഴ്

അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

آيَةُ الإِيمَانِ حُبُّ الأَنْصَارِ ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ 

“അൻസ്വാരികളെ സ്നേഹിക്കൽ ഈമാനിന്റെ ലക്ഷണമാണ്. അൻസ്വാരികളെ വെറുക്കൽ കപടവിശ്വാസത്തിന്റെ ലക്ഷണവുമാണ്”
അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

لاَ يُحِبُّهُمْ إِلاَّ مُؤْمِنٌ وَلاَ يُبْغِضُهُمْ إِلاَّ مُنَافِقٌ 

“സത്യവിശ്വാസിയല്ലാതെ അവരെ(അൻസ്വാരികളെ) സ്നേഹിക്കുകയില്ല. കപടവിശ്വാസിയല്ലാതെ അവരോട് ദേഷ്യപ്പെടുകയുമില്ല”.   (ബുഖാരി, മുസ്ലിം)

 

സ്വഹാബികളുടെ മഹത്വങ്ങൾ മൊത്തത്തിൽ വിളിച്ചറിയി ക്കുന്ന ഹദീഥുകൾ വേറേയുമുണ്ട്. വിശദമായി പ്രതിപാദിക്കുന്നവ വളരേ കൂടുതലാണ്. ഇമാം അഹ്മദ്, രണ്ട് വാള്യങ്ങളുള്ള തന്റെ ‘ഫദ്വാഇലു സ്സ്വഹാബഃ’ എന്ന ഗ്രന്ഥത്തിൽ രണ്ടായിരത്തോളം ‘ഹദീഥു’കളും ‘അഥറു’കളും ക്രോഡീകരിച്ചിട്ടുണ്ട്. സ്വഹാബികളുടെ മഹത്വങ്ങളറിയിക്കുന്ന വിഷയത്തിൽ ബൃഹത്തായ രചനയാണ് അത്. 
(ഡോ. വസ്വിയ്യുല്ലാഹ് മുഹമ്മദ് അബ്ബാസി പ്രസ്തുത ഗ്രന്ഥത്തെ “തഹ്ക്വീ ക്വ് ‘ ചെയ്യുകയും ഉമ്മുൽ ക്വുറാ യൂനിവേഴ്സിറ്റി അത് പ്രസിദ്ധീകരിക്കു കയും ചെയ്തിട്ടുണ്ട്)

പ്രമാണങ്ങൾ പ്രതിപാദിച്ചതിന്റെ സംക്ഷിപ്തം

ഉപരിസൂചിത പ്രമാണങ്ങളുടെ വെളിച്ചത്തിൽ തഴെ വരുന്ന കാര്യങ്ങൾ നമുക്ക് കണ്ടെത്തുവാനാവും:

ഒന്ന്: അല്ലാഹു അവരുടെ അകവും പുറവും ശുദ്ധമെന്ന പ്രസ്താവന നൽകി. അവരുടെ ബാഹ്യങ്ങൾക്കുള്ള ശുദ്ധിപത്രമാണ്, സ്തുത്യർഹമായ മഹത് ഗുണങ്ങൾകൊണ്ട് അവൻ അവരെ വിശേഷിപ്പിച്ചത്. ചില വചനങ്ങൾ ഇവിടെ നൽകാം. അല്ലാഹു  പറഞ്ഞു:

أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ

“(അദ്ദേഹത്തോടൊപ്പമുള്ളവർ) സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു” 

وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ

“അവർ അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവർ തന്നെയാകുന്നു സത്യവാൻമാർ” 

وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ

അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസ്വാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും”

 

എന്നാൽ അവരുടെ നെഞ്ചകത്തെ കാര്യങ്ങളെ അല്ലാഹു മാത്രമേ അറിയുകയുള്ളൂ. കാരണം, അവൻ മാത്രമാണ് ഹൃദയങ്ങളിലുള്ളത് സസൂക്ഷ്മം അറിയുന്നവൻ. അവരുടെ നിയ്യത്തുകൾ നല്ലതാണെന്നും രഹസ്യങ്ങൾ സത്യസന്ധമാണെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഉദാഹരണമായി ചില വചനങ്ങൾ ഇവിടെ നൽകാം.

فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ

“അവരുടെ ഹൃദയങ്ങളിലുള്ളത് അവൻ അറിയുകയും, അങ്ങനെ അവർക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും ചെയ്തു”

يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ

“തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവർ സ്നേഹിക്കുന്നു”

يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ

“അവർ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും”

لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ

“തീർച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു”
അല്ലാഹു, അവരുടെ നിയ്യത്തുകൾ സത്യസന്ധമാണെന്നും പശ്ചാതാപം ആത്മാർത്ഥമാണെന്നും അറിഞ്ഞതിനാൽ അവരുടെ ‘തൗബഃ’ സ്വീകരിച്ചിരിക്കുന്നു. ‘തൗബഃ’ തനി ഹൃദയത്തി ന്റെ പ്രവർത്തനമാണെന്നത് സുവിദിതമാണല്ലോ.

 

രണ്ട്: അകവും പുറവും ഒരുപോലെ പുണ്യമായ പ്രവണതകൾക്ക് അല്ലാഹു തൗഫീക്വ് ഏകിയതിനാൽ അവൻ അവരെ പ്രീതിപ്പെട്ടിരിക്കുന്നുവെന്നും അവർക്ക് പശ്ചാതാപം നൽകിയിരിക്കുന്നുവെന്നും സ്വർഗ്ഗം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും നമ്മോട് പറഞ്ഞു.

മൂന്ന്: ഉപരിസൂചിത കാരണങ്ങൾ കൊണ്ടെല്ലാം അവർക്കുവേണ്ടി പാപമോചനത്തിന് തേടുവാൻ നാം കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവരെ ആദരിക്കുവാനും സ്നേഹിക്കുവാനും അവർക്കുള്ള അവ കാശങ്ങൾ കാത്തുസൂക്ഷിക്കുവാനും പ്രവാചകൻ ‎ﷺ നമ്മോട് കൽപ്പിച്ചിരിക്കുന്നു. അവരെ ശകാരിക്കുന്നതും അവരോട് ദേഷ്യം വെച്ചുപുലർത്തുന്നതും നമ്മോട് വിരോധിച്ചിരിക്കുന്നു. മാത്രമല്ല, അവരോടുള്ള സ്നേഹം ഈമാനിന്റെ ലക്ഷണമായും അവരോടുള്ള വെറുപ്പ് നിഫാക്വിന്റെ ലക്ഷണമായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

നാല്: ഈ മഹത്വങ്ങളെല്ലാം നേടിയതിൽപിന്നെ അവർ ഉത്തമ തലമുറയാവുക എന്നതും സമുദായത്തിന്റെ സുരക്ഷയാവുക എന്നതും സ്വാഭാവികമാണ്. അതിനാലാണ് സമുദായം അവരെ അനുഗമിക്കുക എന്നത് അനിവാര്യമാകുന്നത്. മാത്രവുമല്ല, പ്രസ്തുത അനുഗമനമാണ് സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്ന ഏക മാർഗ്ഗം. പ്രവാചകൻ ‎ﷺ പറഞ്ഞു:

فعليكم بسنتي وسنة الخلفاء الراشدين المهديين من بعدي

“അപ്പോൾ നിങ്ങൾ എന്റേയും, എന്റെ ശേഷക്കാരും സന്മാർഗ്ഗ സിദ്ധികളുമായ ഖുലഫാഉർ റാശിദീങ്ങളുടേയും, ചര്യകൾ സ്വീകരിക്കുക” (സുനനു അബീ ദാവൂദ്. സുനനുത്തിർമുദി, സുനനു ഇബ്നി മാജഃ. മുസ്നദു അഹ്മദ്, സുനനുൽ ബയ്ഹക്വി, മുസ്തദ്റകു ഹാകിം. ഹദീഥി നെ ഒരു സംഘം മുഹദ്ദിഥീങ്ങൾ സ്വഹീഹായി അംഗീകരിച്ചിട്ടുണ്ട്. ജാമിഉൽ ഉലൂമി വൽ ഹികം, ഇബ്നു റജബ്, ഇർവാഉൽ ഗലീൽ , അൽബാനി നോക്കുക)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts