കർമങ്ങളുടെ മഹത്വങ്ങൾ (വിവർത്തകന് പറയുവാനുള്ളത്)

THADHKIRAH

“കർമ്മങ്ങളുടെ മഹത്വങ്ങൾ’ എന്ന പേരിൽ താങ്കളുടെ കൈകളിലുള്ള ഈ കൃതി അമീർ നായിഫ് ഇബ്നുമംദൂഹ് ആ ലുസുഊദിന്റെ “ഫുറസ്വു കസ്ബിഥ്ഥവാബ്’ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണ്. ഈമാനിനെ മാറ്റുകൂട്ടാനുതകുന്ന കർമ്മങ്ങൾ, അവയുടെ മഹത്വങ്ങൾ, ഫലങ്ങൾ എന്നിവ പ്രാമാണികമായി ഗ്രന്ഥകാരൻ ക്രോഡീകരിച്ചിരിക്കുന്നു.
ഈ വിവർത്തനം മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായാണ് ഈ പ്രസിദ്ധീകരണം. ഇത് പ്രസിദ്ധീകരിക്കുന്നവർ പേജ് കുറക്കണമെന്ന് നിഷ്കർഷിച്ചതിനാൽ വിവർത്തകക്കുറിപ്പും സമാപനവും വിഷയ സൂചിയും ഇതിൽ നൽകിയിട്ടില്ല. പദാനുപദം അർത്ഥം നൽകാതെ ആശയം നൽകുകയാണ് പലപ്പോഴും ചെയ്തിട്ടുള്ളത്. 
മുൻ പ്രസിദ്ധീകരണത്തിലെ തെറ്റുകൾ തിരുത്തുവാനും പോരായ്മ നികത്തുവാനും കഴിയുന്നത്ര ശ്രമിച്ചു. പ്രപഞ്ചനാഥന് മാത്രമാണ് ഹംദുകൾ മുഴുവനും. തിരുത്തലുകൾ നിർദ്ദേശിച്ച, പരിശോധിച്ച എല്ലാവരോടുമുള്ള നന്ദിരേഖപ്പെടുത്തുന്നു. നാഥാ, ഞങ്ങളിൽനിന്ന് ഒരു പുണ്യമായി ഇത് സ്വീകരിക്കേണമേ.., നിന്റെ വജ്ഹിനായി മാത്രം…      
                         
വിവർത്തകന് പറയുവാനുള്ളത്
കർമ്മങ്ങളുടെ മഹത്വങ്ങൾ നേടിയെടുക്കുവാൻ ആദ്യ പാഠമായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയം ഈ  ആമുഖ കുറുപ്പിൽ പ്രമാണബദ്ധമായി നൽകുകയാണ്. കാരണം, കർമ്മങ്ങൾ പെരുപ്പിക്കുവാൻ മത്സരിക്കുകയും വിശ്വാസ സംസ്കരണത്തെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത സർവ്വസാധാരണമായി ആളുകളിൽ കണ്ടുകൊണ്ടിരിക്കുന്നു. ‘തബ്ലീഗി’ന് വേണ്ടി ഊരുചുറ്റുന്ന  പ്രബോധകർ പോലും ‘തൗഹീദിന്റെ’ ബാലപാഠമറിയാത്തവരും അവരുടെ പ്രബോധനം വിശ്വാസ സംസ്കരണത്തെ ഒരു വിഷയമേ ആക്കാത്ത രീതിയിൽ കർമ്മങ്ങളുടെ മഹത്വങ്ങൾ പറയുന്നതിലും അവ പാരായണം ചെയ്യുന്നതിലും മാത്രം ഒതുങ്ങുകയും ചെയ്യുന്നു. വിശ്വാസ വിഷയങ്ങളിലെ “തസ്വ്ഫിയത്” (ശുദ്ധീകരണം) മുഖ്യമാണെന്ന് നമ്മൾ അറിയുവാനും അതനുസരിച്ച് അമലുകൾ ചെയ്യുവാനും അപ്രകാരം പ്രബോധനം നടത്തുവാനും നമുക്കേവർക്കും പ്രചോദനമാകുവാൻ വേണ്ടിയാണ് അൽപം ദീർഘിച്ച ഈ വിവർത്തകക്കുറിപ്പ്. 
അല്ലാഹുവിലുള്ള ‘ഈമാൻ’, അവൻ പഠിപ്പിച്ചവിധം ശരിയാകാതെ ഒരാളുടേയും കർമ്മങ്ങൾ അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുകയോ അന്ത്യനാളിൽ ഉപകാരപ്പെടുകയോ ഇല്ല. ശിർക്കും കുഫ്റും വിശ്വാസത്തിലുള്ള കാപട്യവും ഒരാളിൽ ഉള്ളതോടൊപ്പം ഒരാളുടെ കർമ്മങ്ങൾ എത്ര മഹത്തരവും അധികരിച്ചതുമാണെങ്കിലും അതിൽ അയാൾക്ക് ഉപകാരമില്ല. സത്യവിശ്വാസിയായ മുസൽമാന്റെ അമലുകൾ മാത്രമേ പ്രതിഫലാർഹവും സ്വീകാര്യയോഗ്യവുമാവുകയുള്ളു എന്ന് വിശുദ്ധ വചനങ്ങളിലും തിരുമൊഴികളിലും ധാരാളമായി വന്നിട്ടുണ്ട്. തൽവിഷയത്തിൽവന്ന ഏതാനും ആയത്തുകളും ഹദീഥുകളും തഴെകൊടുക്കുന്നു. അല്ലാഹു പറഞ്ഞു:
وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ‎﴿١٢٤﴾‏
“ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായികൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗ്ഗത്തിൽ പ്രവേശി ക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല” (വി. ക്വു. 4:124)   
وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا ‎﴿١٩﴾‏
“ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും”  (വി. ക്വു. 17:19)
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ‎﴿٩٧﴾‏
“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായികൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക് നാം നൽകുന്നതാണ്. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക് നൽകുകയും ചെയ്യും” (വി. ക്വു. 16:97)
مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ ‎﴿٤٠﴾‏
“ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ പ്രതിഫലമേ അവനു നൽകപ്പെടുകയുള്ളു. സത്യവിശ്വാസിയായികൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നതാരോ, പുരുഷനോ സ്ത്രീയോ, ആകട്ടെ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്കു നോക്കാതെ അവർക്ക് അവിടെ ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കും.’ (വി. ക്വു. 40: 40)
فَلَا اقْتَحَمَ الْعَقَبَةَ ‎﴿١١﴾‏ وَمَا أَدْرَاكَ مَا الْعَقَبَةُ ‎﴿١٢﴾‏ فَكُّ رَقَبَةٍ ‎﴿١٣﴾‏ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ‎﴿١٤﴾‏يَتِيمًا ذَا مَقْرَبَةٍ ‎﴿١٥﴾‏ أَوْ مِسْكِينًا ذَا مَتْرَبَةٍ ‎﴿١٦﴾‏ ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ‎﴿١٧﴾‏
“എന്നിട്ട് ആ മലമ്പാതയിൽ അവൻ തള്ളികടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ, പട്ടിണിയുള്ള നാളിൽ കുടുംബബന്ധമുള്ള ഒരു അനാഥക്കോ, കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്. പുറമെ, വിശ്വസിക്കുകയും, ക്ഷമകൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ  അവൻ ആയിത്തീരുകയും ചെയ്യുക”  (വി. ക്വു. 90:11-17)
ആഇശാ رَضِيَ اللَّهُ عَنْها  പറഞ്ഞു: ഞാൻ ചോദിച്ചു:
يَا رَسُولَ اللّهِ! ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ، وَيُطْعِمُ الْمِسْكِينَ، فَهَلْ ذَاكَ نَافِعُهُ ؟  قَالَ: لاَ يَنْفَعُهُ. إِنَّهُ لَمْ يَقُلْ يَوْماً: رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
“അല്ലാഹുവിന്റെ റസൂലേ, ഇബ്നു ജുദ്ആൻ ജാഹിലിയ്യത്തിൽ കുടുംബബന്ധം ചേർത്തിരുന്നു, അഗതികൾക്ക് ഭക്ഷണം കൊടു ത്തിരുന്നു, അത് അയാൾക്ക് ഉപകരിക്കുമോ? നബി ‎ﷺ പറഞ്ഞു, അത് അയാൾക്ക് ഉപകാരപ്പെടുകയില്ല, കാരണം അയാൾ ഒരു ദിനം പോലും “എന്റെ നാഥാ പ്രതിഫലനാളിൽ എന്റെ തെറ്റുകൾ എനിക്ക് നീ പൊറുത്ത് തരേണമേ” എന്ന് പറഞ്ഞിട്ടില്ല” (മുസ്ലിം)
ജാബിർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: 
دَخَلَ النَّبِيُّ عَلَىٰ أُمِّ مَعْبَدٍ، حَائِطاً. فَقَالَ يَا أُمَّ مَعْبِدٍ مَنْ غَرَسَ هَـٰذَا النَّخْلَ؟ أَمُسْلِمٌ أَمْ كَافِرٌ؟ فَقَالَتْ: بَلْ مُسْلِمٌ. قَالَ فَلاَ يَغْرِسُ الْمُسْلِمُ غَرْساً فَيَأُكُلَ مِنْهُ إِنْسَانٌ وَلاَ دَابَّةٌ وَلاَ طَيْرٌ إِلاَّ كَانَ لَهُ صَدَقَةً إِلَىٰ يَوْمِ الْقِيَامَةِ
 “നബി ‎ﷺ ഉമ്മുമഅ്ബദിന്റെ തോട്ടത്തിലേക്ക് പ്രവേശിച്ചു, എന്നിട്ട് ചോദിച്ചു:  ഉമ്മുമഅ്ബദ്, ആരാണ് ഈ ഈത്തപ്പനകൾ നട്ടത്? മുസ്ലിമോ അതല്ല കാഫിറോ?  അപ്പോൾ അവർ പറഞ്ഞു: അതെ, മുസ്ലിമാണ്. നബി‎ ‎ﷺ  പറഞ്ഞു: ഒരു മനുഷ്യനോ, മൃഗമോ, പക്ഷിയോ തിന്നുന്ന രീതിയിൽ ഒരു മുസ്ലിം ഒരു ചെടി നടുകയോ, ഒരു കൃഷിയിറക്കുകയോ ചെയ്യുന്നില്ല, അത് അയാൾക്ക് അന്ത്യനാളിൽ ഒരു സ്വദക്വയായിട്ടല്ലാതെ.’ (മുസ്ലിം)
അബ്ദു ല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. തിരുദൂതർ ‎ﷺ  പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു:   
مَنْ لَقِيَ الله لاَ يُشْرِكُ بِهِ شَيْئاً لَـمْ تَضُرَّهُ مَعَهُ خَطِيئَةٌ، وَمَنْ مَاتَ وَهُوَ يُشْرِكُ بِهِ لَمْ يَنْفَعْهُ مَعَهُ حَسَنَةٌ
“ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ അവനെ കണ്ടുമുട്ടിയാൽ അതോടൊപ്പമുള്ള അവന്റെ യാതൊരുപാപവും അവന് ഒരു ഉപദ്രവവും ചെയ്യില്ല, അപ്രകാരം തന്നെ അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് ശിർക്ക് ചെയ്തു കൊണ്ടുള്ള അവസ്ഥയിലാണെങ്കിൽ അതോടൊപ്പം അവന് യാതൊരു നന്മയും ഉപകാരപ്പെടുകയില്ല” (മുസ്നദു അഹ്മദ്, മുഅ്ജമുത്ത്വബറാനി. ഹദീഥിന് “ശവാഹിദുകൾ’ ഉണ്ട്. മജ്മഉസ്സവാഇദ് 1: 4 നോക്കുക)
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها  തിരുദൂതരോട് ‎ﷺ പറഞ്ഞു:
إِنَّ هِشَامَ بنِ الْمُغِيرَة كَانَ يَصِلُ الرَّحِمَ ويَقْرِي الضَّيْفَ وَيَفُكُّ الْعُنَاةَ، وَيُطْعِمُ الطَّعَامَ ولَوْ أَدْرَكَ أَسْلَمَ هَلْ ذَلِكَ نَافِعُهُ؟ قَالَ: لاَ، إِنَّهُ كانَ يُعْطِي للدُّنْيَا وَذِكْرِهَا وَحَمْدِهَا وَلَمْ يَقُلْ يَوْماً قَطُّ: ربِّ اغْفِرْ لِي يَوْمَ الدِّينِ
“ഹിശാം ഇബ്നുൽമുഗീറഃ കുടുംബബന്ധം ചേർക്കുന്നവനും അതിഥികളെ സൽക്കരിക്കുന്നവനും പ്രയാസം സഹിക്കുന്നവർക്ക് ആയാസം നൽകുന്നവനും ഭക്ഷണം നൽകുന്നവനും ആയിരുന്നു. അയാൾ താങ്കളെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ ഇസ്ലാം സ്വീകരിച്ചേനെ, അത് (അദ്ദേഹത്തിന്റെ പ്രവൃത്തികൾ) അദ്ദേഹത്തിന് ഉപകാരപ്പെടുമോ?  അദ്ദേഹം പറഞ്ഞു: ഇല്ല, അയാൾ ഇതൊക്കെ നൽകിയത് ദുനിയാവിനും ദുനിയാവിലെ പ്രശസ്തിക്കും പ്രശംസക്കും വേണ്ടിയായിരുന്നു. ഒരു ദിവസമെങ്കിലും ഒരിക്കൽപോലും അയാൾ “എന്റെ നാഥാ പ്രതിഫലനാളിൽ നീ എനിക്ക് പൊറുത്തുതരേണമേ” എന്ന് പറഞ്ഞിട്ടില്ല. (മുഅ്ജമുൽ കബീർ, ത്വബറാനി. മുസ്നദ്, അബൂയഅ്ലാ)
അദിയ്യ് ഇബ്നു ഹാതിം رَضِيَ اللَّهُ عَنْهُ  പറഞ്ഞു. ഞാൻ ചോദിച്ചു:
يا رسول الله إن أبي كان يصل الرحم ويفعل ويفعل فهل له في ذلك ـ يعني من أجرـ ؟ قال: إن أباك طلب أمراً فأصابه
“അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം എന്റെ പിതാവ് കുടുംബബന്ധം ചേർക്കുന്നവനായിരുന്നു. പലവിധ(സൽപ്രവൃത്തികൾ) ചെയ്യുമായിരുന്നു. നബി ‎ﷺ  പറഞ്ഞു: നിന്റെ പിതാവ് പ്രശസ്തി ഉദ്ദേശിച്ചു, അത് അയാൾക്ക് ലഭിക്കുകയും ചെയ്തു”. (മുസ്നദുഅഹ്മദ്. ഹൈഥമിയുടെ മജ്മഉസ്സവാഇദ് 1: 68, 119നോക്കുക)
 അംറ്  ഇബ്നു ഷുഐബ് പ്രപിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു:
أنَّ العَاصَ بنَ وائلٍ نَذَرَ فِي الْجَاهِلِيةِ أَنْ يَنْحَرَ مِائَةَ بُدْنَة، وَأَنْ هِشَامَ بنَ اْلعَاص نَحَرَ حِصَّتَهُ خَمْسِينَ بُدْنَة، وَأَنَّ عَمْرواً سَأَلَ النَّبِيَّ ‎ﷺ  عَنْ ذَلِكَ فَقَالَ: أَمَّا أَبُوكَ فَلَوْ كَانَ أَقَرَّ بِالتَّوحِيدِ فَصُمْتَ وَتَصَدَّقْتَ عَنْهُ نَفَعَهُ ذَلِكَ
“നിശ്ചയം ആസ്വ് ഇബ്നുവാഇൽ ജാഹിലിയ്യത്തിൽ നൂറ് ഒട്ടകങ്ങളെ അറുക്കുവാൻ നേർച്ചയാക്കി, ഹിശാം ഇബ്നുൽആസ്വ് തന്റെ വിഹിതമായ അൻപത് ഒട്ടകങ്ങളെ അറുത്തു. അംറ് അതിനെപ്പറ്റി നബി ‎ﷺ യോട് ചോദിച്ചു, അവിടുന്ന് പറഞ്ഞു: നിന്റെ പിതാവ് തൗഹീദ് അംഗീകരിക്കുകയും അയാൾക്കുവേണ്ടി താങ്കൾ നോമ്പ് നോൽക്കുകയും സ്വദക്വഃ ചെയ്യുകയും ചെയ്തിരുന്നുവെങ്കിൽ അത് അയാൾക്ക്ഉ പകാരപ്പെടുമായിരുന്നു”. (ദാറക്വുത്വ്നി. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിധിച്ചു)
അബൂസഈദിനിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ നിവേദനം: നബി ‎ﷺ പറഞ്ഞതായി ഞാൻ കേട്ടു:
 لاَ يَصْبِرُ أَحَدٌ عَلَىٰ لأوَائِهَا فَيَمُوتَ، إِلاَّ كُنْتُ لَهُ شَفِيعاً أَوْ شَهِيداً يَوْمَ الْقِيَامَةِ، إِذَا كَانَ مُسْلِماً
“മദീനയുടെ ജീവിതക്ലേശങ്ങളിൽ ഒരാളും ക്ഷമിക്കുകയും അങ്ങനെ മരണപ്പെടുകയുമില്ല, ഞാനവന് അന്ത്യനാളിൽ സാക്ഷിയും ശുപാർശകനുമാകാതെ; അവൻ മുസ്ലിമാണെങ്കിൽ”  (മുസ്ലിം)
തൗഹീദിൽ കളങ്കം വരുത്തുകയും ശിർക്കിലും കുഫ്റിലും ജീവിതം കഴിച്ചുകൂട്ടുകയും ചെയ്യുന്ന ആളുകളുടെവരെ കർ മ്മങ്ങൾ മഹത്വവൽകരിക്കപ്പെടുകയും അതിലവർ പുകഴ്ത്തപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വിഷയത്തിന്റെ ഗൗരവം പ്രവർത്തിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും പ്രബോധനം നടത്തുന്നവരും ഒരുപോലെ അറിയുവാൻ വേണ്ടിയാണ് ഉപരി സൂചിത പ്രമാണങ്ങൾ താങ്കളുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts