അസ്വ്ബഹാൻ ദേശത്തെ ജയ് ഗ്രാമക്കാരനായിരുന്നു ഞാൻ. ഒരു പേർഷ്യൻ വംശജൻ. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. എന്റെ പിതാവിന് ആരെക്കാളുമുപരി ഏറെ ഇഷ്ടം എന്നോടായിരുന്നു. ഒരിക്കലും അണഞ്ഞു പോകാതെ ജനങ്ങൾ സൂക്ഷിച്ചിരുന്നതായ അഗ്നിക്കരികിൽ, വീട്ടിൽനിന്നും പുറത്തിറങ്ങാത്തവിധം അദ്ദേഹം എന്നെ തടഞ്ഞുവെച്ചു; പെൺമക്കളെ വീടുവിട്ടിറങ്ങാൻ അനുവദിക്കാത്തതുപോലെ. അഗ്നിയെ ആരാധിച്ചുകൊണ്ട് ഞാൻ കാലം കഴിച്ചു. മജൂസി മതാചാരമനുസരിച്ച് ഒരു നിമിഷം പോലും അണയാതെ കത്തേണ്ട തീ നാളത്തിനരികിൽ ഒരു യോഗിയായി ഞാൻ ജീവിതം തുടർന്നു.
എന്റെ പിതാവിന് വലിയ ഒരു തോട്ടമുണ്ടായിരുന്നു. അതിൽ നിത്യസന്ദർശകനായിരുന്ന പിതാവ് ഒരു ദിനം അദ്ദേഹത്തിന്റെ ഒരു കെട്ടിട ജോലിയിൽ വ്യാപൃതനായതിനാൽ സന്ദർശനം മുടങ്ങി. പിതാവ് എന്നോട് പറഞ്ഞു: ഞാൻ പണിത്തിരക്കിലായതിനാൽ എനിക്ക് തോട്ടത്തിലേക്ക് പോകുവാനാവില്ല. നീ പോയി കാര്യങ്ങൾ തിരക്കിവരിക. അവിടെ വേണ്ടകാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യുക. ഞാൻ തോട്ടം ലക്ഷ്യമാക്കി പുറപ്പെട്ടു. ക്രൈസ്തവരുടെ ഒരു ചർച്ചിന് മുന്നിലൂടെയാണ് ഞാൻ നടന്നത്. പ്രാർത്ഥനാ നിമഗ്നരായിരുന്ന ക്രൈസ്തവരുടെ ശബ്ദം ഞാൻ കേട്ടു. പിതാവ് എന്നെ വീട്ടിൽ കെട്ടിയിടുവാൻ മാത്രം ജനങ്ങൾക്കിടയിലെ വിഷയങ്ങൾ എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. അവരുടെ പ്രാർത്ഥനാമയമായ ശബ്ദം കേട്ട ഞാൻ അവരുടെ ചെയ്തികൾ നോക്കികാണുവാൻ അകത്തുകയറി. അവരെ കണ്ടതോടെ അവരുടെ പ്രാർത്ഥന എന്നെ കൗതുകപ്പെടുത്തുകയും അവരിൽ എനിക്ക് താൽപ്പര്യം ജനിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു: പ്രപഞ്ചനാഥനാണേ, ഇത് ഞങ്ങളുടെ മജൂസി മതത്തേക്കാൾ നല്ലതാണ്. സൂര്യാസ്തമയം വരെ ഞാൻ അവരോടൊപ്പം കഴിച്ചു കൂട്ടി. പിതാവിന്റെ തോട്ടത്തിലേക്ക് പോകുന്ന ഉദ്ധ്യമം ഞാൻ വേണ്ടന്നുവെച്ചു. പോയതുമില്ല.
ഞാൻ ക്രൈസ്തവരോട് ചോദിച്ചു: ഈ മതത്തിന്റെ കേന്ദ്രം എവിടെയാണ്?
അവർ പറഞ്ഞു: ശാമിൽ(സിറിയ)
ഞാൻ വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും പിതാവ് എന്നെ തിരക്കി ആളെ വിട്ടിരുന്നു. ഞാൻ വൈകിയതിനാൽ പിതാവ് തന്റെ എല്ലാ ജോലികളും വേണ്ടന്ന് വെച്ചിരുന്നു.
വീട്ടിലെത്തിയപ്പോൾ പിതാവ്: മകനേ നീ എവിടെയായിരുന്നു? ഞാൻ നിന്നോട് ഏൽപ്പിച്ചതെല്ലാം എന്തായി?
ഞാൻ പറഞ്ഞു: പിതാവേ, പ്രാർത്ഥനാനിരതരായി ചർച്ചിൽ ധ്യാനിച്ചിരുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നപ്പോൾ അവരുടെ മതകർമ്മങ്ങൾ എന്നെ ആശ്ചര്യ ചിത്തനാക്കി. സൂര്യാസ്തമയംവരെ ഞാൻ അവരോടൊപ്പം കഴിച്ചുകൂട്ടി.
പിതാവ്: മകനേ, ആ മതത്തിൽ നന്മയൊന്നുമില്ല. നമ്മുടെ പിതാക്കളുടെ മതമായ മജൂസി മതമാണ് ഉത്തമമായത്.
ഞാൻ: അല്ല, ഒരിക്കലും. പ്രപഞ്ചനാഥനാണേ, നന്മുടെ മജൂസി മതത്തേക്കാൾ ഉത്തമമായത് അതുതന്നെയാണ്.
പിതാവ് എന്റെ കാര്യത്തിൽ ഉത്കണ്ഡാകുലനായി. എന്റെ കാലുകളിൽ വിലങ്ങ് തീർത്ത് വീട്ടിൽ ബന്ധിയാക്കി.
ഞാൻ ക്രൈസ്തവരിലേക്ക് ഒരു ദൂതനെ നിയോഗിച്ചു. സിറിയയിൽ നിന്ന് വല്ല കച്ചവടസംഘവും വന്നെത്തിയാൽ എന്നെ വിവരം ധരിപ്പിക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു. അവർ അപ്രകാരം ചെയ്തു. ഒരു കച്ചവടസംഘം തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് യാത്ര തിരിക്കുമ്പോൾ അവർ എനിക്ക് വിവരം തന്നു. കാലിൽനിന്ന് ഇരുമ്പ് വിലങ്ങുകൾ എടുത്തെറിഞ്ഞ് ഞാൻ യാത്ര പുറപ്പെട്ടു.
സിറിയയിലെത്തിയ ഞാൻ ആരാഞ്ഞു: ഇവിടെ ക്രൈസ്തവരിൽ ഏറെ മതനിഷ്ടയുള്ള ആൾ ആരാണ്?
അവർ പറഞ്ഞു: ചർച്ചിലെ പുരോഹിതൻ.
ഞാൻ അയാളെ തേടിയെത്തി. ഞാൻ പറഞ്ഞു: ഞാൻ ക്രിസ്തുമതത്തിൽ ആഗ്രഹം മൂത്തവനാണ്. അങ്ങയോടൊപ്പം കഴിയുന്നതും ചർച്ചിൽ അങ്ങയെ പരിചരിക്കുന്നതും അങ്ങയിൽനിന്ന് പഠിക്കുന്നതും അങ്ങയോടൊപ്പം പ്രാർത്ഥിക്കന്നതും ഞാൻ ഇഷ്ടപ്പെടുന്നു.
അയാൾ പറഞ്ഞു: കയറി വന്നുകൊള്ളുക.
ഞാൻ അവിടെ കയറിപ്പറ്റി. പക്ഷെ, അയാൾ ചീത്ത മനുഷ്യനായിരുന്നു. ജനങ്ങളോട് ദാനധർമ്മത്തിന് കൽപ്പിക്കുകയും അവരിൽ ആഗ്രഹം ജനിപ്പിക്കുകയും ചെയ്തിരുന്ന അയാൾ കുമിഞ്ഞുകൂടുന്ന സംഭാവനകൾ തനിക്ക് സ്വന്തമാക്കുകയും സാധുക്കൾക്ക് തടയുകയും ചെയ്തുപോന്നു. അങ്ങിനെ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഏഴ് കുംഭങ്ങൾ അയാൾ ശേഖരിച്ചു. അയാളുടെ സ്വാർത്ഥ പ്രവൃത്തികളിൽ ഞാൻ അയാളോട് ഏറെ ഈർഷ്യത വെച്ചുപുലർത്തി. ദൈവ വിളി മരണമായി അയാളിൽ വന്നു. ക്രൈസ്തവർ അയാളുടെ സംസ്കാര ചടങ്ങിനെത്തി.
ഞാൻ അവരോട് പറഞ്ഞു: ഇയാൾ ചീത്ത മനുഷ്യനായിരുന്നു.
അവർ ചോദിച്ചു: അത് താങ്കൾക്ക് എങ്ങനെ അറിയാം?
ഞാൻ പറഞ്ഞു: അയാൾ വീർപ്പിച്ചു വലുതാക്കിയ ധന സംഭരണി ഞാൻ കാണിച്ചു തരാം.
അവർ പറഞ്ഞു: കാണിച്ചു തരൂ.
സംഭരണികളുള്ള സ്ഥലം ഞാൻ കാണിച്ചുകൊടുത്തു. അവർ അത് പുറത്തെടുത്തപ്പോൾ ഏഴ് കുംഭങ്ങൾ നിറയെ സ്വർണ്ണവും വെള്ളിയുമായിരുന്നു. ഇവ കണ്ടമാത്രയിൽ അവർ പ്രഖ്യാപിച്ചു: പ്രപഞ്ച കർത്താവാണേ, നാം ഇയാളെ സംസ്കരിക്കില്ല, ഒരിക്കലും. അവർ ആ ശവത്തെ കുരിശിലേറ്റി. ശേഷം അതിനുനേരെ കല്ലെറിഞ്ഞു.
അയാളുടെ സ്ഥാനത്ത് മറ്റൊരു വ്യക്തിയെ അവർ അവരോധിച്ചു. നമസ്കാര സ്തോത്രങ്ങളിലും ഭൗതിക വിരക്തിയിലും മരണാനന്തര ക്ഷേമ തൽപ്പരതയിലും ധ്യാന ജീവിതത്തിലും അദ്ദേഹത്തേക്കേൾ ശ്രേഷ്ഠനായ മറ്റൊരാളേയും ഞാൻ കണ്ടില്ല. അതിനാൽ മുമ്പ് മറ്റാരേയും സ്നേഹിച്ചിട്ടില്ലാത്തത്ര ഞാൻ അദ്ദേഹത്തെ അളവറ്റ് സ്നേഹിച്ചു. അദ്ദേഹത്തോടൊന്നിച്ച് ഞാൻ കുറച്ച് കാലം കഴിച്ചുകൂട്ടി. അദ്ദേഹം മരണാസന്നനായപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ ഇത്രയുംനാൾ അങ്ങയോടൊന്നിച്ച് കഴിച്ചുകൂട്ടി. മറ്റാരോടുമില്ലാത്ത വിധം ഞാൻ താങ്കളെ സ്നേഹിച്ചു. ഇപ്പോഴിതാ താങ്കളെത്തേടി ദിവ്യകൽപ്പനയാകുന്ന മൃത്യു വന്നിരിക്കുന്നു. ഞാൻ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കൾ നിർദ്ദേശിക്കുന്നത്? എന്താണ് എന്നോട് കൽപ്പിക്കുന്നത്?
അദ്ദേഹം പറഞ്ഞു: മകനേ, അല്ലാഹുവാണെ സത്യം, ഞാനുള്ള ആദർശത്തിൽ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. ജനങ്ങൾ ധാർമ്മികമായി തകർന്നിരിക്കുന്നു. അവർ മതത്തെ മാറ്റിമറിച്ചു. ആദർശ ജീവിതം ഏറെകുറെ കയ്യൊഴിച്ചു, മൗസ്വിൽ ദേശത്തുള്ള ഒരാളൊഴികെ. അദ്ദേഹം എന്റെ ആദർശസുഹൃത്താണ്. അവിടം പ്രാപിക്കുക.
അദ്ദേഹം മരണം വരിച്ച് പരലോകം പൂകിയപ്പോൾ ഞാൻ മൗസ്വിൽ ദേശത്തെ പുരോഹിതന്റെ അടുക്കൽചെന്ന് എന്റെ വിവരം പറഞ്ഞു: ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതൻ തന്റെ മരണവേളയിൽ താങ്കളോട് ചേരുവാൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഞാൻ ഇവിടെ എത്തിയത്. താങ്കൾ അദ്ദേഹത്തിന്റെ ആദർശബന്ധുവാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
അദ്ദേഹം പറഞ്ഞു: എന്നോടൊത്ത് കഴിഞ്ഞോളൂ.
ഞാൻ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. സിറിയ യിലെ പുരോഹിതനെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായ മനുഷ്യനായിരുന്നു. എന്നാൽ, ഏറെ കഴിഞ്ഞില്ല; അദ്ദേഹവും മരണാസന്നനായി. അദ്ദേഹത്തോട് ഞാൻ പറഞ്ഞു: ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതന്റെ നിർദ്ദേശം അനുസരിച്ചാണ് ഞാൻ താങ്കളുടെ അടുക്കലെത്തിയത്. ഇപ്പോഴിതാ ദിവ്യകൽപ്പനയാകുന്ന മരണം താങ്കളുടെ കൺമുന്നിൽ വന്നിരിക്കുന്നു. ഞാൻ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കൾ നിർദ്ദേശിക്കുന്നത്? എന്താണ് എന്നോട് കൽപ്പിക്കുന്നത്?
അദ്ദേഹം പറഞ്ഞു: മകനേ, അല്ലാഹുവാണെ സത്യം, നമ്മുടെ ആദർശത്തിൽ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. നസ്വീബീൻ ദേശത്തുള്ള ഒരു പുരോഹിതൻ മാത്രമാണ് ശേഷിക്കുന്നത്. അവിടം പ്രാപിക്കുക.
അദ്ദേഹം മരണം വരിച്ച് മൺമറഞ്ഞപ്പോൾ ഞാൻ നസ്വീബീനിലെ പുരോഹിതന്റെ അടുക്കൽ ചെന്ന് എന്റെ വിവരം പറഞ്ഞു. മൗസിലിലെ പുരോഹിതൻ കൽപ്പിച്ച കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: എന്നോടൊത്ത് കഴിഞ്ഞോളൂ.
ഞാൻ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. സിറിയയിലേയും മൗസ്വിലിലേയും പുരോഹിതന്മാരെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായിരുന്നു. ആ പുണ്യാളനോടൊപ്പം ഞാൻ കഴി ച്ചുകൂട്ടി. എന്നാൽ, ഏറെ കഴിഞ്ഞില്ല; മരണം അദ്ദേഹത്തെ തേടി വന്നിറങ്ങി. അദ്ദേഹത്തോട് ഞാൻ പറഞ്ഞു: ഗുരുവര്യരേ, മൗസ്വിലിലെ പുരോഹിതൻ കൽപ്പിച്ചതനുസരിച്ചാണ് ഞാൻ താങ്കളുടെ അടുക്കലെത്തിയത്. ഞാൻ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കൾ നിർദ്ദേശിക്കുന്നത്? എന്താണ് എന്നോട് കൽപ്പിക്കുന്നത്?
അദ്ദേഹം പറഞ്ഞു: മകനേ, അല്ലാഹുവാണെ സത്യം, നീ എത്തിച്ചേരുവാൻ, നമ്മുടെ ആദർശമുള്ള ആരും അവശേ ഷിക്കുന്നതായി നാം അറിയില്ല അമ്മൂരിയ്യഃ ദേശത്തുള്ള ഒരു പുരോഹിതനൊഴികെ. നിനക്കിഷ്ടമാണെങ്കിൽ അവിടം പ്രാപിക്കുക.
അദ്ദേഹം മരണം വരിച്ച് മൺമറഞ്ഞപ്പോൾ ഞാൻ അമ്മൂരിയ്യഃയിലെ പുരോഹിതന്റെ അടുക്കൽ ചെന്നു. ഞാൻ എന്റെ വിവരങ്ങൾ പറഞ്ഞു. നസ്വീബീനിലെ പുരോഹിതന്റെ വിവരങ്ങൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: എന്നോടൊത്ത് കഴിഞ്ഞോളൂ.
സിറിയയിലേയും മൗസ്വിലിലേയും നസ്വീബീനിലേയും പുരോഹിതന്മാരെപ്പോലുള്ള ഒരു സന്മാർഗ്ഗിയായിരുന്നു അദ്ദേഹവും. ഞാൻ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. അവിടെവെച്ച് ഞാൻ സമ്പാദിക്കുവാൻ തുടങ്ങി. അങ്ങിനെ ആടുകളും മാടുകളും എനിക്ക് സമ്പാദ്യമായി ഉണ്ടായി.
അങ്ങിനെയിരിക്കെ മരണം അദ്ദേഹത്തേയും തേടി യിറങ്ങി. മരണശയ്യയിലായ അദ്ദേഹത്തോട് ഞാൻ പറഞ്ഞു: ഗുരുശ്രേഷ്ഠരേ, സിറിയ, മൗസ്വിൽ, നസ്വീബീൻ, എന്നിവിടങ്ങളിലെ പുരോഹിതന്മാരുടെ ആജ്ഞാനുവർത്തിയായി ജീവിച്ച ഞാൻ അവസാനമായാണ് അങ്ങയുടെ അടുക്കലെത്തിയത്. ഇനി ഞാൻ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കൾ നിർദ്ദേശിക്കുന്നത്? എന്താണ് എന്നോട് കൽപ്പിക്കുന്നത്?
മകനേ, നീ എത്തിച്ചേരുവാൻ കൽപ്പിക്കാവുന്ന ആരും ഈ പ്രഭാതത്തിൽ ആദർശ ശുദ്ധരായി ഉള്ളത് ഞാൻ അറിയില്ല. എന്നാൽ, ഇബ്റാഹീം (അ) പ്രവാചകന്റെ ഋജുമാർഗ്ഗവുമായി, ഒരു പ്രവാചകന്റെ നിയോഗത്തിന് നാളുകളടുത്തിരിക്കുന്നു. അറബികളുടെ നാട്ടിൽനിന്ന് അദ്ദേഹം പ്രവാചകനായി പുറപ്പെടും. കറുത്ത കല്ലുകൾ പാകപ്പെട്ട രണ്ട് കുന്നുകൾക്കി ടയിൽ ഈത്തപ്പനകൾ വിളയുന്ന നാട്ടിലേക്ക് അദ്ദേഹം പാലായനം ചെയ്ത് അഭയാർത്ഥിയായി എത്തും. അദ്ദേഹത്തെ തിരിച്ചറിയുവാൻ വ്യക്തമായ ചില അടയാളങ്ങളുണ്ടായിരിക്കും.
അദ്ദേഹം പാരിതോഷികം ഭക്ഷിക്കും,
സ്വദക്വഃ മുതൽ ഭക്ഷിക്കില്ല,
അദ്ദേഹത്തിന്റെ ഇരുചുമലുകൾക്കിടയിൽ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും.
ആ നാട്ടിലേക്ക് എത്തിച്ചേരുവാൻ കഴിയുമെങ്കിൽ അ തിനുള്ള ശ്രമംനടത്തുക. അതോടെ അദ്ദേഹവും മരിച്ച് മൺമറഞ്ഞു.
അമ്മൂരിയ്യഃ ദേശത്ത് ഞാൻ താമസിച്ചുകൊണ്ടിരിക്കെ, അറബികളിലെ കെൽബ് ഗേത്രത്തിൽ ഒരു വിഭാഗം കച്ചവടക്കാരായി അവിടെയെത്തി. ഞാൻ അവരോട് പറഞ്ഞു: അറബികളുടെ നാട്ടിലേക്ക് നിങ്ങൾ എന്നെ കൂടെകൂട്ടുക. പകരമായി എന്റെ ആടുകളേയും മാടുകളേയും ഞാൻ നിങ്ങൾക്കു തരാം. അവർ സമ്മതിച്ചു. ഞാൻ ആടുമാടുകളെ നൽകി. അവർ എന്നേയും കൊണ്ട് യാത്രയായി. വാദീ അൽക്വുറാ എന്ന സ്ഥലത്തെത്തിയപ്പോൾ അവർ എന്നോട് ക്രൂരത കാണി ച്ചു; അഥവാ അവർ എന്നെ ഒരു ജൂതന് അടിമയായി വിറ്റു. അയാളുടെ അടിമയായി ഞാൻ അയാളോടൊത്ത് കൂടി. അവിടെ ഞാൻ ഈത്തപ്പനകൾ കണ്ടു. വരാനിരിക്കുന്ന പ്രവാചകന്റെ ആഗമന ഭൂമി ഇതായിരിക്കട്ടെ എന്ന് ഞാൻ കൊതിച്ചു. പക്ഷെ, അവിടം അതായിരുന്നില്ല. അടിമയായി ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരിക്കൽ, മദീനയിലെ ജൂത ഗോത്രമായ ബനു ഖുറയ്ളക്കാരിൽപ്പെട്ട യജമാനന്റെ പിതൃവ്യ പുത്രൻ വന്നു. അയാൾ എന്നെ വിലക്ക് വാങ്ങി മദീനയിലേക്ക് കൊണ്ടുപോയി. അല്ലാഹുവാണേ, മദീന കണ്ടമാത്രയിൽ അമ്മൂരിയ്യായിലെ പുരോഹിതൻ വർണ്ണിച്ചതെല്ലാം മനസ്സിൽ തെളിഞ്ഞു. മദീനയെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ അവിടെ താമസവുമാക്കി.