ഹൗദ്വുകളിൽ ഏറ്റവും വിശാലവും വലുതും ആളുകൾ ഏറെ കുടിക്കുവാനടുക്കുന്നതും തിരുനബി ﷺ യെ ആദരിച്ചുകൊണ്ട് അല്ലാഹു നൽകുന്ന ഹൗദ്വായിരിക്കും. അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതും അതിന്റെ മണമാകട്ടെ കസ്തൂരിയേക്കാൾ പരിമളമേകുന്നതും അതിലെ കോപ്പകൾ നക്ഷത്രങ്ങളെ പോലെയുമായിരിക്കും. സ്വർഗ്ഗത്തിൽ നബി ﷺ ക്ക് അല്ലാഹു പ്രത്യേകം നൽകിയ കൗഥറിൽ നിന്നായിരിക്കും ഹൗദ്വിലേക്കുള്ള വെള്ളം വന്നെത്തുന്നത്. അതിൽ നിന്ന് പാനം ചെയ്യുന്നവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല.
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
حَوْضِى مَسِيرَةُ شَهْرٍ وَزَوَايَاهُ سَوَاءٌ وَمَاؤُهُ أَبْيَضُ مِنَ الْوَرِقِ وَرِيحُهُ أَطْيَبُ مِنَ الْمِسْكِ وَكِيزَانُهُ كَنُجُومِ السَّمَاءِ فَمَنْ شَرِبَ مِنْهُ فَلاَ يَظْمَأُ بَعْدَهُ أَبَدًا
“എന്റെ ഹൗദ്വ് ഒരു മാസത്തെ വഴിദൂരമാണ്. അതിന്റെ നീളവും വീതിയും തുല്യമായിരിക്കും. അതിലെ വെള്ളം വെള്ളിയേക്കാൾ വെളുത്തതും അതിന്റെ മണമാകട്ടെ കസ്തൂരിയേക്കാൾ പരിമളമുള്ളതും അതിലെ കോപ്പകൾ നക്ഷത്രങ്ങളെ പോലെയുമായിരിക്കും. അതിൽനിന്ന് പാനം ചെയ്യുന്നവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല.” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ حَوْضِى أَبْعَدُ مِنْ أَيْلَةَ مِنْ عَدَنٍ لَهُوَ أَشَدُّ بَيَاضًا مِنَ الثَّلْجِ وَأَحْلَى مِنَ الْعَسَلِ بِاللَّبَنِ وَلآنِيَتُهُ أَكْثَرُ مِنْ عَدَدِ النُّجُومِ …
“എന്റെ ഹൗദ്വ് അദനിൽനിന്നുള്ള അയ്ലയേക്കാൾ വിദൂരമാണ്. അത് മഞ്ഞിനേക്കാൾ വെൺമയാർന്നതും പാലുചേർത്ത തേനിനേക്കാൾ മധുരമുള്ളതുമാണ്. അതിലെ കോപ്പകളാകട്ടെ നക്ഷത്രങ്ങളുടെ എണ്ണത്തേക്കാൾ അധികവുമാണ്….” (മുസ്ലിം)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
تُرَى فِيهِ أَبَارِيقُ الذَّهَبِ وَالْفِضَّةِ كَعَدَدِ نُجُومِ السَّمَاءِ
“ആകാശനക്ഷത്രങ്ങളുടെ എണ്ണത്തിന് സമാനം സ്വർണ്ണത്തിന്റേയും വെള്ളിയുടേയും കൂജകൾ അതിൽ കാണപ്പെടും.” (മുസ്ലിം)
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ട്ട يَغُتُّ فِيهِ مِيزَابَانِ يَمُدَّانِهِ مِنَ الْجَنَّةِ أَحَدُهُمَا مِنْ ذَهَبٍ وَالآخَرُ مِنْ وَرِقٍ ബ്ല
“സ്വർഗ്ഗത്തിൽനിന്നുള്ള രണ്ട് പാത്തികൾ ശക്തിയോടെ അതിൽ വെള്ളം ചൊരിഞ്ഞ് കൊണ്ടിരിക്കും. അവയിലൊന്ന് സ്വർണ്ണത്തിന്റേയും മറ്റേത് വെള്ളിയുടേയുമായിരിക്കും.” (മുസ്ലിം)
അല്ലാഹു അന്ത്യനാളിൽ എല്ലാ നബിമാർക്കും ഹൗദ്വുകൾ നൽകും.
ഈ വിഷയത്തിൽ ഹദീഥ് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. സമുറഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: നബി ﷺ പറഞ്ഞു:
إِنَّ لِكُلِّ نَبِىٍّ حَوْضًا وَإِنَّهُمْ يَتَبَاهَوْنَ أَيُّهُمْ أَكْثَرُ وَارِدَةً وَإِنِّى أَرْجُو أَنْ أَكُونَ أَكْثَرَهُمْ وَارِدَةً
“നിശ്ചയം, എല്ലാ നബിമാർക്കും ഹൗദ്വുകൾ ഉണ്ട്. എല്ലാവരും തന്റെ ഹൗദ്വിലേക്ക് (വെള്ളം കുടിക്കുവാൻ) വരുന്നവരുടെ എണ്ണപ്പെരുപ്പത്തിൽ പെരുമ പറയും. ഏറ്റവും കൂടുതൽ ആളുകൾ എന്റെ ഹൗദ്വിലേക്ക് വരുന്നവരാകണം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ഹൗദ്വിലേക്ക് വരുന്നവരും തടയപ്പെടുന്നവരും
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
….وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا قَالُوا: أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ؟ قَالَ: أَنْتُمْ أَصْحَابِى وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ . فَقَالُوا كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ فَقَالَ ﷺ أَرَأَيْتَ لَوْ أَنَّ رَجُلاً لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَىْ خَيْلٍ دُهْمٍ بُهْمٍ أَلاَ يَعْرِفُ خَيْلَهُ قَالُوا بَلَى يَا رَسُولَ اللَّهِ. قَالَ ﷺ فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنَ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِى كَمَا يُذَادُ الْبَعِيرُ الضَّالُّ أُنَادِيهِمْ أَلاَ هَلُمَّ. فَيُقَالُ إِنَّهُمْ قَدْ بَدَّلُوا بَعْدَكَ. فَأَقُولُ سُحْقًا سُحْقًا
“…നമ്മുടെ സഹോദരങ്ങളെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അവർ പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾ നിങ്ങളുടെ സഹോദരങ്ങളല്ലേ?” നബി ﷺ പറഞ്ഞു:”നിങ്ങൾ എന്റെ അസ്ഹാബുകളാണ്. എന്റെ സഹോദരങ്ങൾ ഇനിയും വന്നിട്ടില്ലാത്തവരാണ്.” അവർ പറഞ്ഞു: “ഇനിയും വന്നിട്ടില്ലാത്ത അങ്ങയുടെ സഹോദരങ്ങളെ താങ്കൾ എങ്ങിനെ മനസ്സിലാക്കും? നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് വെളുത്ത ചൂട്ടും കൈകാലുകളുമുള്ള ഒരു കുതിര, ഒരുകൂട്ടം കറുത്ത കുതിരകൾക്കിടയലുണ്ടെങ്കിൽ തന്റെ കുതിരയെ അയാൾക്ക് തിരിച്ചറിയുവാൻ കഴിയില്ലേ?” അവർ പറഞ്ഞു: “അതെ”. നബി ﷺ പറഞ്ഞു: “അവർ വരുന്നത് വുദ്വൂഇനാൽ മുഖവും കൈകാലുകളും വെളുത്തവരായിട്ടായിരിക്കും. ഞാൻ അവരെ മുൻകടന്നു ഹൗദ്വിലേക്ക് ചെല്ലും. അറിയുക, അന്ത്യനാളിൽ എന്റെ ഹൗദ്വിൽ നിന്നും ഒരു വിഭാഗം തടയപ്പെടുകതന്നെ ചെയ്യും. കൂട്ടം തെറ്റിയ ഒട്ടകം തടയപ്പെടുന്നതുപോലെ. വരൂ എന്ന് ഞാൻ അവരെ വിളിക്കും. അപ്പോൾ പറയപ്പെടും: അവർ താങ്കളുടെ കാലശേഷം (മതത്തിൽ)മാറ്റം വരുത്തിയവരാണ്, തീർച്ച. ഉടൻ ഞാൻ പറയും: ദൂരെ പോകൂ… ദൂരെ പോകൂ…” (മുസ്ലിം)
ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَنَا فَرَطُكُمْ عَلَى الْحَوْضِ، لَيُرْفَعَنَّ إِلَىَّ رِجَالٌ مِنْكُمْ حَتَّى إِذَا أَهْوَيْتُ لأُنَاوِلَهُمُ اخْتُلِجُوا دُونِى ، فَأَقُولُ أَىْ رَبِّ أَصْحَابِى. يَقُولُ: لاَ تَدْرِى مَا أَحْدَثُوا بَعْدَكَ….
“ഞാൻ ഹൗദ്വിലേക്ക് നിങ്ങളെ മുൻകടന്ന് വരുന്നവനാണ്. നിങ്ങളിൽ നിന്ന് ഒരു വിഭാഗം എന്നിലേക്ക് ഉയർത്തപ്പെടുക തന്നെ ചെയ്യും. അവർക്ക് വെള്ളമെടുത്ത് നൽകുവാൻ ഞാൻ കുനിഞ്ഞാൽ എന്നിൽനിന്നും അവർ അടർത്തിയെടുക്കപ്പെടും. ഞാൻ പറയും: “എന്റെ രക്ഷിതാവേ, എന്റെ അനുയായികളാണേ.” അപ്പോൾ പറയും: താങ്കളുടെ കാലശേഷം അവർ (മതത്തിൽ)പുതുതായി ഉണ്ടാ ക്കിയത് താങ്കൾക്ക് അറിയില്ല….” (ബുഖാരി)
ഇമാം ബുഖാരിയുടെതന്നെ മറ്റൊരു രിവായത്തിൽ ഇപ്രകാരമുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بَيْنَا أَنَا قَائِمٌ إِذَا زُمْرَةٌ ، حَتَّى إِذَا عَرَفْتُهُمْ خَرَجَ رَجُلٌ مِنْ بَيْنِى وَبَيْنِهِمْ فَقَالَ هَلُمَّ. فَقُلْتُ أَيْنَ قَالَ إِلَى النَّارِ وَاللَّهِ. قُلْتُ وَمَا شَأْنُهُمْ قَالَ إِنَّهُمُ ارْتَدُّوا بَعْدَكَ عَلَى أَدْبَارِهِمُ الْقَهْقَرَى. ثُمَّ إِذَا زُمْرَةٌ حَتَّى إِذَا عَرَفْتُهُمْ خَرَجَ رَجُلٌ مِنْ بَيْنِى وَبَيْنِهِمْ فَقَالَ هَلُمَّ. قُلْتُ أَيْنَ قَالَ إِلَى النَّارِ وَاللَّهِ. قُلْتُ مَا شَأْنُهُمْ قَالَ إِنَّهُمُ ارْتَدُّوا بَعْدَكَ عَلَى أَدْبَارِهِمُ الْقَهْقَرَى فَلاَ أُرَاهُ يَخْلُصُ مِنْهُمْ إِلاَّ مِثْلُ هَمَلِ النَّعَمِ
“ഞാൻ (മഹ്ശറിൽ) നിൽക്കവേ അതാ ഒരു കൂട്ടം ആളുകൾ… ഞാൻ അവരെ അറിയേണ്ട താമസം, എനിക്കും അവർക്കും ഇടയിൽനിന്ന് ഒരാൾ പുറപ്പെടുന്നു. അയാൾ പറയും: “വരൂ” ഞാൻ ചോദിക്കും: എങ്ങോട്ട്? അയാൾ പറയും: “”അല്ലാഹുവാണേ, നരകത്തിലേക്ക്.” ഞാൻ ചോദിക്കും: അവരുടെ കാര്യം എന്താണ്? അയാൾ പറയും: താങ്കളുടെ കാലശേഷം അവർ പിന്നോട്ട് ചലിച്ചുകൊണ്ട് മതപരിത്യാഗികളായി. പിന്നേയും അതാ മറ്റൊരുകൂട്ടർ. ഞാൻ അവരെ അറിയേണ്ട താമസം, എനിക്കും അവർക്കും ഇടയിൽനിന്ന് ഒരാൾ പുറപ്പെടുന്നു. അയാൾ പറയും: “വരൂ” ഞാൻ ചോദിക്കും: എങ്ങോട്ട്? അയാൾ പറയും: “”അല്ലാഹുവാണേ, നരകത്തിലേക്ക്.” ഞാൻ ചോദിക്കും: അവരുടെ കാര്യം എന്താണ്? അയാൾ പറയും: താങ്കളുടെ കാലശേഷം അവർ പിന്നോട്ട് ചലിച്ചു കൊണ്ട് മതപരിത്യാഗികളായി. (തിരുമേനി ﷺ പറഞ്ഞു:”അവരിൽ നിന്നും ഒട്ടക കൂട്ടത്തിൽനിന്നും കൂട്ടംതെറ്റിയതിനോളമല്ലാതെ രക്ഷപ്പെടുമെന്ന് ഞാൻ അഭിപ്രായപ്പെടുന്നില്ല.”
സ്ഥിരവാസത്തിന്റെ ഭവനത്തിലേക്ക്
വിചാരണനാളിന് ഒടുക്കമാകുന്നത് അടിയാറുകൾ നിത്യവാസത്തിനുള്ള ഭവനങ്ങളിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്നതിലൂടെയാണ്; ഒന്നുകിൽ സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക്. അന്നാളിൽ ഓരോ സമുദായങ്ങളോടും തങ്ങൾ ആരാധിച്ചിരുന്ന വരെ പിൻപറ്റുവാൻ ആവശ്യപ്പെടുകയും അവർ നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യും. അല്ലാഹുവെ മാത്രം ആരാധിച്ചിരുന്ന വിശ്വാസികൾ സർവ്വലോക നാഥന്റെ ആഗമനം കാത്ത് അവനിൽ പ്രതീക്ഷയർപ്പിച്ച് കഴിഞ്ഞുകൂടും. സുജൂദിലേക്ക് ക്ഷണിക്കപ്പെടുകയും അതിലൂടെ പരീക്ഷിക്കപ്പെടുകയും ചെയ്യും. സ്വിറാത്വ് സ്ഥാപിക്കപ്പെടുകയും ശഫാഅത്ത് വന്നണയുകയും ചെയ്യും. ഈ വിഷയങ്ങളും മറ്റും വിവരിക്കുന്ന ഇമാം മുസ്ലിം അബൂ സഈദി رَضِيَ اللَّهُ عَنْهُ ൽ ഖുദ്രിയിൽ നിന്ന് നിവേദനം ചെയ്ത വിശാലമായ ഹദീഥ് ഭാഗികമായി അടുത്ത അദ്ധ്യായങ്ങളിൽ വിവിധ ശീർഷക ങ്ങൾക്ക് താഴെ നൽകുന്നു. മനസ്സിലാക്കുവാൻ കൂടുതൽ ഉപകരിക്കുന്നതിനുവേണ്ടിയാണത്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല