കിഴക്കൊരു ഖസ്ഫ്
പടിഞ്ഞാറൊരു ഖസ്ഫ്
അറേബ്യയിലൊരു ഖസ്ഫ്
എന്താണ് ഖസ്ഫുകൾ ?
ഭൂമുഖം പിളരുകയും ഭൂമിക്കുപരയിലുള്ളത് ഭൂഗർഭത്തിലേക്ക് ആഴ്ത്തപ്പെടുകയും ചെയ്യുന്നതിനാണ് അറബിയിൽ ഖസ്ഫ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഖസ്ഫുകൾ ധാരാളമായി ലോകത്ത് സംഭവിച്ചിട്ടുണ്ട്. എന്നാൽ അന്ത്യനാളിന്റെ അടയാളമെന്നോണം അവസാനനാളുകളിൽ സംഭവിക്കാനിരി ക്കുന്ന മൂന്ന് ഖസ്ഫുകൾ ഏറെ ഗൗരവമാർന്നതും അവയുടെ പ്രത്യാഘാതം ദൂരവ്യാപകവുമായിരിക്കും. അവ സംഭവിക്കുന്ന താകട്ടെ മശ്രിക്വിലും(കിഴക്ക്) മഗ്രിബിലും(പടിഞ്ഞാറ്) ജസീറത്തുൽ അറബിലും (അറേബ്യ) ആയിരിക്കും.
ഹുദയ്ഫഃ ഇബ്നു ഉസയ്ദിൽഗിഫാരിയി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
اطَّلَعَ النَّبِيُّ ﷺ عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ مَا تَذَاكَرُونَ قَالُوا نَذْكُرُ السَّاعَةَ قَالَ إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ… وَثَلَاثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ…
“ഞങ്ങൾ അനുസ്മരിച്ച് സംസാരിക്കവെ നബി ﷺ ഞങ്ങളിലേക്ക് എത്തിനോക്കി. തിരുമേനി ﷺ ചോദിച്ചു: നിങ്ങൾ എന്താണ് അനുസ്മരിക്കുന്നത്? അവർ പറഞ്ഞു: ഞങ്ങൾ അന്ത്യനാളിനെ അനുസ്മരിക്കുന്നു. തിരുമേനി ﷺ പറഞ്ഞു: പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങിനെ തിരുമേനി ﷺ പറഞ്ഞു:. …. മൂന്ന് ഖസ്ഫുകൾ; പൗരസ്ത്യദേശത്ത് ഒരു ഖസ്ഫ്, പാശ്ചാത്ത്യലോകത്ത് ഒരു ഖസ്ഫ്, അറേബ്യൻ ദ്വീപിൽ ഒരു ഖസ്ഫ്,..” (മുസ്ലിം)
ഉമ്മുസലമഃയി رَضِيَ اللَّهُ عَنْها ൽ നിന്നുള്ള നിവേദനത്തിൽ ഭൂവാസികൾ നീചവൃത്തികൾ അധികരിപ്പിച്ചാലായിരിക്കും ഇത്തരം ഖസ്ഫുകൾ ഉണ്ടാവുക എന്നുണ്ട്. അവർ പറഞ്ഞു:
سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: سَيَكُونُ بَعْدِي خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ،
قُلْتُ يَا رَسُولَ اللَّهِ أَيُخْسَفُ بِالأَرْضِ وَفِيهَا الصَّالِحُونَ؟
قَالَ لَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” إِذَا أَكْثَرَ أَهْلُهَا الخَبَثُ
“അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു. എന്റെ ശേഷം പൗരസ്ത്യദേശത്ത് ഒരു ഖസ്ഫ്, പാശ്ചാത്ത്യലോകത്ത് ഒരു ഖസ്ഫ്, അറേബ്യയിൽ ഒരു ഖസ്ഫ് എന്നിവയുണ്ടാകും.
ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, സജ്ജനങ്ങൾ ഭൂമിയിലുണ്ടായിരിക്കെ ഭൂമി ആഴ്ത്തപ്പെടുമോ?
അല്ലാഹുവിന്റെ റസൂൽ ﷺ അവരോടു പറഞ്ഞു: ഭൂവാസികൾ നീചവൃത്തികൾ അധികരിപ്പിച്ചാൽ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല