إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. (ഖു൪ആന്‍:1/5)
نَعْبُدُ എന്ന ക്രിയയുടെ മൂല ധാതുവായ عِبَادَة (ഇബാദത്ത്) ന്റെ വിവര്‍ത്തനമായിട്ടാണ് ‘ആരാധന’ എന്ന വാക്ക് നാം ഉപയോഗിച്ചിരിക്കുന്നത്. എല്ലാ പ്രവാചകന്മാരുടെയും പ്രബോധന വിഷയങ്ങളില്‍ വെച്ച് ഏറ്റവും മൗലിക പ്രധാനമായ വിഷയം തൗഹീദ് (ഏകദൈവ സിദ്ധാന്തം) ആണല്ലോ. തൗഹീദിന്റെ കാതലായ വശമത്രെ ആരാധനയിലും, സഹായാര്‍ത്ഥനയിലുമുള്ള തൗഹീദ്. എന്നാല്‍ പില്കാല മുസ്ലിംകള്ക്കിടയില് വളരെയേറെ തെറ്റിദ്ധാരണയും വ്യതിയാനവും വന്നു പോയിട്ടുള്ള വിഷയവും അതാണ്. അങ്ങിനെ തൗഹീദിന്റെ അടിത്തറക്കുതന്നെയും കോട്ടം തട്ടിക്കുന്ന എത്രയോ അന്ധവിശ്വാസങ്ങളും, ആശയാദര്‍ശങ്ങളും, ആചാരാനുഷ്ഠാനങ്ങളും സമുദായമദ്ധ്യെ കടന്നു കൂടിയിരിക്കുന്നു. ഒരു പൂര്‍ണമായ ശുദ്ധീകരണത്തിന് സാധ്യമാകാത്ത വിധം സമുദായത്തില്‍ അവ വേരൂന്നിക്കഴിഞ്ഞിരിക്കുകയാണ്. معاذ الله (അല്ലാഹുവില്‍ ശരണം!)
നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ ‘ഇബാദത്ത്’ (عبادة) എന്ന പദത്തിനു പല അര്‍ത്ഥങ്ങളും കാണാം. ‘അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്, താഴ്മ പ്രകടിപ്പിക്കല്‍’ എന്നിങ്ങനെയും, ‘വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍’ എന്നിങ്ങിനെയും അര്‍ത്ഥങ്ങള്‍ കാണും. ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ ‘ശറഇ’ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ത്ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍വെച്ച് കൂടുതല്‍ അനുയോജ്യമായത് എന്ന നിലക്ക് ആരാധനഎന്ന് പരക്കെ അതിനു വിവര്‍ത്തനം നല്കപ്പെട്ടുവരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (أقصى غاية التذلل و الخشوع) എന്നാണ് മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠന്മാരും – വാക്കുകളില്‍ അല്പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും – മുന്കാലം മുതല്ക്കേ ‘ഇബാദത്തി’നു നല്കി വരുന്ന നിര്‍വചനം അതാണ്.
ഇമാം ഇബ്നു കഥീര്‍ رحمه الله പറയുന്നു:
والعبادة في اللغة من الذلة، يقال: طريق معبد وبعير معبد أي مذلل، وفي الشرع عبارة عما يجمع كمال المحبة والخضوع والخوف
‘ഭാഷയില്‍ ‘ഇബാദത്ത്’ എന്നാല്‍, നിന്ദ്യതയില്‍ – അഥവാ താഴ്മയില്‍ – നിന്നുണ്ടാകുന്നതാണ്. ‘മുഅബ്ബദായ’ വഴി എന്നും ‘മുഅബ്ബദായ’ ഒട്ടകം എന്നും പറയപ്പെടാറുണ്ട്. അതായത് ‘മുദല്ലലായത്’ (അധികമായി ഉപയോഗിച്ച് ഒതുക്കവും പാകതയും വരുത്തപ്പെട്ടത്) എന്നര്‍ത്ഥം. ‘ശറഇ’ലാകട്ടെ സ്നേഹത്തിന്റെയും, ഭക്തിയുടെയും, ഭയത്തിന്റെയും പൂര്‍ണതയെ ഒരുമിച്ച് കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിന് പറയപ്പെടുന്ന വാക്കാണത്’.
താഴ്മയില്‍ നിന്നും, വിനയത്തില്‍ നിന്നും മാത്രമല്ല – സ്നേഹത്തില്‍ നിന്നും ഭയപ്പാടില്‍ നിന്നും കൂടിയാണ് – ഇബാദത്ത് രൂപം കൊള്ളുന്നതെന്നത്രെ ഇബ്നു കഥീര്‍ رحمه الله ചൂണ്ടിക്കാട്ടുന്നത്. അപ്പോഴേ താഴ്മയും ഭക്തിബഹുമാനവും അങ്ങേ അറ്റത്തേതാകുകയുള്ളു എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ അവരുടെ ആരാധ്യവസ്തുക്കളെ അത്യധികം സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുന്നതില്‍ നിന്നാണ് അവയോടുള്ള താഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യകാരണബന്ധങ്ങള്ക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപെടുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യധികമായിത്തീരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ വിശ്വാസത്തില്‍നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തിബഹുമാനത്തിന്റെയും പ്രകടനമാണ് ഇബാദത്താകുന്ന ആരാധന. സ്നേഹം കൊണ്ടോ പ്രേമം കൊണ്ടോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും, അധികാരശക്തിയോ അക്രമമോ ഭയന്നോ, വല്ല കാര്യ ലാഭവും പ്രതീക്ഷിച്ചോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും – അതെത്ര വമ്പിച്ചതായാലും – അതിനൊന്നും ‘ഇബാദത്ത്’ എന്ന് പറയപ്പെടാറില്ല. കാരണം, അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതല്ല.
സ്നേഹത്തിന്റെയും ഭയഭക്തിയുടെയും സമ്മേളനത്തില്‍ നിന്നാണ് ഇബാദത്തിന്റെ ഉത്ഭവമെന്ന് വരുമ്പോള്‍, ഇബാദത്ത് ചെയ്യപ്പെടുന്ന ആളുടെ – അല്ലെങ്കില്‍ വസ്തുവിന്റെ – കല്പനാ നിര്‍ദ്ദേശമനുസരിച്ചോ, അറിവോടും ത്രിപ്തിയോടും കൂടിയോ ഉണ്ടാകുന്ന പ്രകടനങ്ങളെ ഇബാദത്താകുകയുള്ളൂവെന്നില്ലെന്ന് വ്യക്തമാണ്. അത്രയുമല്ല, ചിലപ്പോള്‍ ആരാധ്യന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പോലും അതുണ്ടാവാം. മരണപ്പെട്ടു പോയ മഹാത്മാക്കള്‍ക്ക് പലരും ഇബാദത്ത് ചെയ്തുവരുന്നുണ്ട്. ആ മഹാത്മാക്കള്‍ അതറിയുകയോ തൃപ്തിപ്പെടുകയോ ചെയ്യുന്നില്ല. ഈസാനബി عليه السلام ക്ക് ക്രിസ്ത്യാനികള്‍ ഇബാദത്ത് ചെയ്യുന്നു. അതദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹം പ്രബോധനം ചെയ്തിരുന്ന തൗഹീദിനു കടകവിരുദ്ധവുമാണത്. വിഗ്രഹങ്ങളാണെങ്കില്‍, തങ്ങളുടെ ആരാധകരെപറ്റിയോ, ആരാധനയെപ്പറ്റിയോ അറിയുവാനുള്ള ഗ്രഹണശക്തിപോലും അവക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍, അങ്ങേയറ്റത്തെ സ്നേഹം, ബഹുമാനം, ഭയം, ഭക്തി, താഴ്മ, വിനയം, അദൃശ്യമായ കഴിവിലുള്ള വിശ്വാസം ആദിയായവയുടെ സമ്മേളനത്തില്‍ നിന്നാണ് ഇബാദത്ത് ഉരുത്തിരിയുന്നത്.
അല്ലാഹു പറയുന്നു:
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ
നുഷ്യരിലുണ്ട് ചിലര്‍ : അവര്‍ അല്ലാഹുവിനുപുറമെ ചില സമന്മാരെ സ്വീകരിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോടു ഏറ്റവും ശക്തിമത്തായ സ്നേഹമുള്ളവരായിരിക്കും. (ഖുർആൻ:2/165)
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിച്ചു വരുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്പറ്റുവിന്. എന്നാല്‍, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)
ബഹുദൈവവിശ്വാസികളെ സംബന്ധിച്ചു മറ്റൊരിടത്ത് പറയുന്നു:
وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ
അല്ലാഹുവിനു പുറമെയുള്ളവരെക്കുറിച്ചു അവര്‍ നിന്നെ ഭയപ്പെടുത്തുന്നുല്ല. (ഖു൪ആന്‍ : 39/36)
സത്യവിശ്വാസികളോടായി പറയുന്നു:
وَخَافُونِ إِن كُنتُم مُّؤْمِنِينَ
നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ എന്നെ ഭയപ്പെടുവീൻ. (ഖു൪ആന്‍:3/175)
ഈ അടുത്തകാലംവരെ മുസ്ലിംകള്‍ക്കിടയിലും ഇസ്ലാമിക വിജ്ഞാന സാഹിത്യങ്ങളിലും ‘ഇബാദത്തി’ ന് പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന മേല്‍കണ്ട അര്‍ത്ഥ വിവരണങ്ങള്‍ക്ക് വിരുദ്ധമായി ഇപ്പോള്‍ ചില കക്ഷികള്‍ അതിന്‘അനുസരണം, അടിമത്തം’ എന്നും മറ്റുമൊക്കെ അര്‍ത്ഥം കല്‍പ്പിക്കുകയും, തദടിസ്ഥാനത്തില്‍ അവരുടേതായ പല പുതിയ വാദഗതികളും പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. عبادة (ഇബാദത്തി)നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര് അറബിയില്‍ അതിന്ന് طاعة (ത്വാഅത്ത്) എന്നു പറഞ്ഞു കാണും . ഈ വാക്കിന് ‘അനുസരണം’ എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിന് എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ് . വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം – അഥവാ സ്വമേധയാ ചെയ്യുന്ന സല്‍ക്കര്‍മ്മം – എന്ന അര്‍ത്ഥത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക – അല്ലെങ്കില്‍ നിയമം അനുസരിക്കുക – എന്ന അര്ത്ഥത്തിലാകുമ്പോള് അതിന്റെ ക്രിയാരൂപം اطاع (അത്വാഅ) എന്നായിരിക്കും. പുണ്യം ചെയ്യുകയെന്നും സ്വമേധയാ നല്ല കാര്യം ചെയ്യുകയെന്നും അര്‍ത്ഥം ആകുമ്പോള്‍ ക്രിയ تطوع (തത്വവ്വഅ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐച്ഛികമായ (സുന്നത്ത്) നമസ്കാരം പോലെയുള്ള നിര്‍ബ്ബന്ധമല്ലാത്ത പുണ്യകര്‍മം ചെയ്യുക എന്നാണ് അതിന്റെ സുപരിചിതമായ അര്‍ത്ഥമെന്ന് ഇമാം റാഗിബ് رحمه الله പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഏതാണ്ട് അത് പോലെത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദി رحمه الله യും പറഞ്ഞു കാണാം. 2:15 ലും, 2:184 ലും കാണാവുന്നതുപോലെ تطوع خيرا എന്നു പറയുമ്പോള്‍ നിര്‍ബ്ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയാ ചെയ്തു എന്നല്ലാതെ – നല്ലതായ അനുസരണം അനുസരിച്ചു എന്ന് – അര്‍ത്ഥം വരുന്നതല്ല. ആരും അങ്ങനെ പറയാറുമില്ല.
ഇമാം റാഗിബ് رحمه الله തന്റെ ‘അല്‍മുഫ്റദാത്ത്’ (المفردات) ല്‍ പറയുന്നു:
العبودية اظهار التذلل و العبادة ابلغ لا نهاغاية التذلل و لا يستحقها الا من له غاية الافضال وهو الله تعالى ولهذا قال لا تعبدوا الا اياه
ഉബൂദിയത്ത് – അടിമത്വം – എന്നാല്‍ താഴ്മ പ്രകടിപ്പിക്കലാണ്. ‘ഇബാദത്ത്’ അതിനേക്കാള്‍ ശക്തിയേറിയതാണ്. കാരണം, അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യുവാന്‍ കഴിവുള്ളവനല്ലാതെ അതിന് അവകാശമില്ല. അത് അല്ലാഹുവാണു താനും. അത് കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് അവന് പറഞ്ഞിരിക്കുന്നതും.
ഇതില്‍ നിന്ന് ഇബാദത്തും’, ‘ഉബൂദിയത്തും’ (العبادة والعبودية) തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത്, ഉബൂദിയ്യത്തിനേക്കാള്‍ പ്രത്യേകമായതും, ഉബൂദിയ്യത്തിനെക്കാള്‍ ശക്തമായതും (اخص منها وابلغ) ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല عَبَدَ (അബദ) എന്ന ക്രിയക്കു മാത്രമേ ‘ഇബാദത്ത്’ എന്ന ധാതുരൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ عبُد ,عَبَد (മദ്ധ്യത്തിലെ അക്ഷരത്തിനു ‘അ’ കാരമായും ‘ഉ’ കാരമായും) എന്നീ രണ്ട് ക്രിയാ രൂപങ്ങളുടെയും ധാതുരൂപമായി വരികയും ചെയ്യും. عبَدَ (بالفتح) യുടെ ധാതുവാകുമ്പോള്‍ അതിനും ‘ഇബാദത്തി’ന്റെ അര്‍ത്ഥം തന്നെയായിരിക്കും. അപ്പോള്‍ അത് സകര്‍മ്മക രൂപത്തിലുള്ളതും (متعدى) ആയിരിക്കും. عبُد (بالضم) യുടേതാകുമ്പോള്‍ അടിമത്വം എന്നുമായിരിക്കും അര്‍ത്ഥം. ഇപ്പോള്‍ ആ ക്രിയ അകര്‍മ്മകക്രിയയും (لازم) ആയിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ‘അബദ’ എന്ന ക്രിയയും അതില്‍നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപെടുന്നു. ‘അബുദ’ എന്ന ക്രിയയും അതില്‍നിന്നുള്ള പദങ്ങളും അടിമത്വം – അഥവാ അടിമയായിരിക്കല്‍ – എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതുവായിവരുന്നത് കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അര്‍ത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൗനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് عبادة എന്നവാക്കിന് ഭാഷാര്‍ത്ഥങ്ങള്‍ പറയുമ്പോള്‍, ‘അടിമത്വം, അടിമവേല, അടിമവൃത്തി’ എന്നുമൊക്കെ അര്‍ത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തില്‍ عبودية നല്ലാതെ عبادة നു അങ്ങിനെ ഭാഷയിലും അര്‍ത്ഥമില്ല.
അവലംബം : അമാനി തഫ്സീര്‍ – സൂറ:ഫാതിഹ