നബി ﷺ യെ കരയിപ്പിച്ച ദൃഷ്ടാന്തങ്ങൾ

THADHKIRAH

عَنْ عَطَاءٍ قَالَ: دَخَلْتُ أَنَا وَعُبَيْدُ بْنُ عُمَيْرٍ عَلَى عَائِشَةَ – رضي الله عنها – فَقَالَتْ لِعُبَيْدِ بْنِ عُمَيْرٍ: قَدْ آنَ لَكَ أَنْ تَزُورَنَا؟ , فَقَالَ: أَقُولُ يَا أُمَّاهُ كَمَا قَالَ الأَوَّلُ: زُرْ غِبًّا  تَزْدَدْ حُبًّا، فَقَالَتْ: دَعُونَا مِنْ رَطَانَتِكُمْ هَذِهِ، فَقَالَ ابْنُ عُمَيْرٍ: أَخْبِرِينَا بِأَعْجَبِ شَيْءٍ رَأَيْتِيهِ مِنْ رَسُولِ اللهِ – صلى الله عليه وسلم – فَسَكَتَتْ ثُمَّ قَالَتْ: لَمَّا كَانَ لَيْلَةٌ مِنَ اللَّيَالِي قَالَ: ” يَا عَائِشَةُ , ذَرِينِي أَتَعَبَّدُ اللَّيْلَةَ لِرَبِّي ” , فَقُلْتُ: وَاللهِ إِنِّي لأُحِبُّ قُرْبَكَ , وَأُحِبُّ مَا سَرَّكَ قَالَتْ: ” فَقَامَ فَتَطَهَّرَ , ثُمَّ قَامَ يُصَلِّي , فَلَمْ يَزَلْ يَبْكِي حَتَّى بَلَّ حِجْرَهُ ثُمَّ بَكَى , فَلَمْ يَزَلْ يَبْكِي حَتَّى بَلَّ لِحْيَتَهُ، ثُمَّ بَكَى فَلَمْ يَزَلْ يَبْكِي حَتَّى بَلَّ الْأَرْضَ ” , فَجَاءَ بِلَالٌ يُؤْذِنُهُ بِالصَلَاةِ، فَلَمَّا رَآهُ يَبْكِي قَالَ: يَا رَسُولَ اللهِ لِمَ تَبْكِي وَقَدْ غَفَرَ اللهُ لَكَ مَا تَقَدَّمَ وَمَا تَأَخَّرَ؟ , قَالَ: ” أَفَلا أَكُونُ عَبْدًا شَكُورًا؟، لَقَدْ نَزَلَتْ عَلَيَّ اللَّيْلَةَ آيَةٌ , وَيْلٌ لِمَنْ قَرَأَهَا وَلَمْ يَتَفَكَّرْ فِيهَا:

അത്വാഅ് رَضِيَ اللهُ عنه പറഞ്ഞു: ഞാനും ഉബൈദ് ബ്നു ഉമൈറും ആയിശ رَضِيَ اللهُ عنها യുടെ അടുത്ത് പ്രവേശിച്ചു. ആയിശ رَضِيَ اللهُ عنها ഉബൈദ് ബ്നു ഉമൈറിനോട് പറഞ്ഞു: (ഇപ്പോഴെങ്കിലും) നിങ്ങൾക്ക് ഞങ്ങളെ സന്ദർശിക്കേണ്ട സമയമായോ? അദ്ദേഹം പറഞ്ഞു: ഉമ്മാ, പണ്ടുള്ളവര്‍ പറഞ്ഞതുപോലെതന്നെ ഞാനും പറയുന്നു: വല്ലപ്പോഴും സന്ദർശിക്കുക, എങ്കിൽ നിങ്ങൾക്കിടയിൽ സ്നേഹം വർദ്ധിപ്പിക്കും.  ഉബൈദ് ബ്നു ഉമൈര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതനിൽ നിന്ന് നിങ്ങൾ കണ്ട ഏറ്റവും അത്ഭുതകരമായ കാര്യം ഞങ്ങളോട് പറയുക. അവര്‍ നിശ്ശബ്ദയായി, എന്നിട്ട് പറഞ്ഞു: എനിക്ക് അനുവദിക്കപ്പെട്ടിരുന്ന ഒരു രാത്രിയില്‍ നബി ﷺ പറഞ്ഞു: ആയിശാ, എന്റെ റബ്ബിന് രാത്രി ഇബാദത്ത് ചെയ്യുവാന്‍ എന്നെ അനുവദിച്ചാലും. ഞാന്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണെ സത്യം, അങ്ങയുടെ സാന്നിദ്ധ്യം ഞാന്‍ ഇഷ്ടപ്പെടുന്നു, (അതോടൊപ്പം) അങ്ങയെ സന്തോഷിപ്പിക്കുന്ന കാര്യത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ആയിശ رَضِيَ اللهُ عنها പറയുന്നു: അങ്ങനെ നബി ﷺ എഴുന്നേറ്റ് വുളൂ ചെയ്തു, ശേഷം നിന്ന് നമസ്കരിച്ചു. ആയിശ رَضِيَ اللهُ عنها പറയുന്നു: നബി ﷺ യുടെ മടിത്തട്ട് നനയുവോളം അവിടുന്ന് നമസ്കാരത്തില്‍ കരഞ്ഞു. അവിടുത്തെ താടി നനയുവോളം അവിടുന്ന് കരഞ്ഞു. തറ നനയുവോളം അവിടുന്ന് കരഞ്ഞു. ബിലാല്‍ رَضِيَ اللهُ عنه (സുബ്ഹി) നമസ്കാരത്തിന് ബാങ്ക് വിളിക്കാനായി വന്നു. നബി ﷺ കരയുന്നത് കണ്ട് ബിലാല്‍ رَضِيَ اللهُ عنه ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ എന്തിനാണ് കരയുന്നത്, താങ്കളുടെ കഴിഞ്ഞതും വരാനുള്ളതുമായ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തന്നിട്ടുണ്ടല്ലോ? നബി ﷺ പറഞ്ഞു: ഞാന്‍ നന്ദിയുള്ള ഒരു അടിമയാകണ്ടെയോ? ഈ രാത്രിയില്‍ എനിക്ക് ചില വചനങ്ങള്‍ അവതരിച്ചിട്ടുണ്ട്. അത് പാരായണം ചെയ്യുകയും എന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവന് നാശം. 

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച. (ഖു൪ആന്‍ :2/164)

(صحيح ابن حبان) 620 , انظر الصَّحِيحَة: 68 , صَحِيح التَّرْغِيبِ وَالتَّرْهِيب: 1468

അല്ലാഹുവിന്‍റെ ഏകത്വത്തിനും ഉയര്‍ത്തെഴുന്നേൽപ്പിനും സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാണ് ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട ഓരോ കാര്യവും. ഓരോന്നിനെക്കുറിച്ചും എത്ര ഗാഢമായും വ്യാപകമായും ചിന്തിക്കുവാന്‍ മനുഷ്യന് കഴിയുമോ, അത്രത്തോളമായിരിക്കും അവയില്‍ നിന്ന് അവന് സിദ്ധിക്കുന്ന വിജ്ഞാനങ്ങൾ. ഓരോന്നിന്നെ കുറിച്ചും വിശുദ്ധ ഖുര്‍ആനും തിരുസ്സുന്നത്തും വിശദമായി സംസാരിച്ചിട്ടുണ്ട്.  അല്ലാഹു ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങള്‍ ഓരോന്നിനെ കുറിച്ചും വിശദീകരിച്ചാൽ ഓരോന്നിനും പ്രത്യേകം ഗ്രന്ഥം രചിക്കേണ്ടിവരും:

(1) ആകാശ ഭൂമികളെ സൃഷ്ടിച്ചത് :ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്ന അനന്തവിശാലമായ ആകാശം, എണ്ണമറ്റ നക്ഷത്ര മഹാഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, അവയുടെ വ്യവസ്ഥാപിതവും വ്യത്യസ്തവു മായ ഗതിവിഗതികള്‍, അതി വിദൂരമായ സഞ്ചാരമാര്‍ഗങ്ങള്‍, അങ്ങനെ പലതും. പലതും; നാം നിവസിക്കുന്ന ഈ ഭൂമി, അതിന്‍റെ ചലനങ്ങള്‍, അതുള്‍ക്കൊള്ളുന്ന വന്‍കരകള്‍, സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍, നദികള്‍, മരുഭൂമികള്‍, നാടുകള്‍, കാടുകള്‍, ജീവജാലങ്ങള്‍, പദാര്‍ത്ഥങ്ങള്‍, വ്യത്യസ്തമായ ഭൂപ്രകൃതികള്‍, അവയെ കീഴടക്കുവാനും ചൂഷണം ചെയ്യുവാനുമുള്ള മാര്‍ഗങ്ങള്‍ അങ്ങിനെ പലതും പലതും.

(2) രാപ്പകലുകളുടെ വ്യത്യാസം: ഒന്നിന് പിന്നാലെ മറ്റൊന്നായിക്കൊണ്ട് അവരും മാറിമാറിക്കൊണ്ടിരിക്കുന്നു. ഒന്നിന്‍റെ സമയം വര്‍ദ്ധിച്ചാല്‍ മറ്റേതിന്‍റെ സമയം ചുരുങ്ങുന്നു. സൂര്യന്റെ ചലന ഗതിയും അതും തമ്മിലുള്ള ബന്ധം ഭൂമിയുടെ ഒരര്‍ദ്ധഭാഗത്ത് പകല്‍ വെളിച്ചം വീശുമ്പോള്‍ മറ്റേ അര്‍ദ്ധഭാഗത്ത് രാത്രി ഇരുട്ട് മൂടുന്നു. അങ്ങിനെ പലതും.

ഇതിനെകുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ക്ക് സൃഷ്ടി കര്‍ത്താവും സര്‍വ്വ നിയന്താവുമായ അല്ലാഹുവിന്റെ ഏകത്വം, സര്‍വ്വജ്ഞത, സര്‍വ്വശക്തി, സൃഷ്ടിവൈഭവം തുടങ്ങിയ അത്യുല്‍കൃഷ്ടങ്ങളായ മഹല്‍ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. മനുഷ്യനടക്കമുള്ള ഈ സൃഷ്ടികള്‍ എങ്ങനെയുണ്ടായി, എവിടെനിന്ന് വന്നു, എങ്ങോട്ട് പോകുന്നു, മനുഷ്യന്റെ ജീവിതലക്ഷ്യമെന്തായിരിക്കണം, തനിക്കിവിടെയുള്ള സ്ഥാനമെന്ത്, തന്‍റെ ഭാവി എന്തായിരിക്കും എന്നിത്യാദി വിഷയങ്ങളിലേക്ക് അതവന് ശരിക്കും വെളിച്ചം നല്‍കുകയും ചെയ്യും.

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (ഖുര്‍ആൻ:3/190)

(3) ജനങ്ങള്‍ക്ക് ഉപകാരപ്രദങ്ങളായ വസ്തു വിഭവങ്ങളെ വഹിച്ചുകൊണ്ടു സമുദ്രങ്ങളിലുടെ അങ്ങുമിങ്ങും സഞ്ചരിക്കുന്ന കപ്പലുകള്‍. അഥവാ ആഴക്കടലും, ദൂരക്കടലും വ്യത്യാസമില്ലാതെ, രാപ്പകല്‍ വ്യത്യാസം കൂടാതെ ഓരോ നാട്ടിലെ കയറ്റുമതി ചരക്കുകള്‍ മറ്റു നാടുകളില്‍ എത്തിച്ചു ഇറക്കുമതി ചെയ്‌വാനും സമുദ്രവിഭവങ്ങളെ തേടിപ്പിടിക്കുവാനും കാററും കോളും തിരമാലകളും ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ പാറിപ്പറന്നു നടക്കുന്ന പറവകള്‍ കണക്കെ, അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന വിവിധ തരത്തിലുള്ള എണ്ണമറ്റ ജലവാഹനങ്ങളും, അവയുടെ സഞ്ചാരത്തിന് ഉപയുക്തമാംവിധം സമുദ്രമാര്‍ഗങ്ങള്‍ എര്‍പ്പെടുത്തിയതും മറ്റും.

(4) ആകാശത്തുനിന്ന് – ഉപരിഭാഗത്ത് നിന്ന് – മഴവെള്ളം ഇറക്കി അതുവഴി, നിര്‍ജ്ജീവമായിക്കിടക്കുന്ന തരിശു ഭൂമികള്‍ക്ക് നവജീവന്‍ നല്‍കുന്നത്. ഈര്‍പ്പമില്ലാതെ, ഉല്‍പാദന ശേഷിയില്ലാതെ, വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴപെയ്യുന്നതോടുകൂടി അതിന്‍റെ മട്ടുമാറുന്നു; നനവുതട്ടി മണ്ണു ചീര്‍ക്കുന്നു; സസ്യലതാദികള്‍ മുളച്ചുപൊങ്ങുന്നു; കൃഷിയോഗ്യമായിത്തീരുന്നു; അങ്ങിനെ ഭൂതലം പച്ച വിതാനമായിമാറുന്നു.

(5) വിവിധതരം ജീവജന്തുക്കളെ ഭൂമിയില്‍ വിതരണം ചെയ്തത്. ദൃഷ്ടിക്ക് ഗോചരമല്ലാത്ത വിധം ചെറുതായ പ്രാണികള്‍ തൊട്ടു ഭീമാകാരികളായ ജീവികള്‍ വരെ, ഏറ്റവും അപരിഷ്‌കൃതങ്ങളെന്ന് കരുതപ്പെടുന്ന താഴേകിട ജീവികള്‍ തൊട്ട് ഏറ്റവും പരിഷ്‌കൃതരും മേലേ കിടയിലുള്ളവരുമായ മനുഷ്യര്‍വരെ, കരയിലും കടലിലും, നാട്ടിലും കാട്ടിലും അന്തരീക്ഷത്തിലുമായി കഴിഞ്ഞുകൂടുന്ന എണ്ണമറ്റ ജീവജാലങ്ങള്‍, അവയുടെ ജാതി – വര്‍ണ – വര്‍ഗ – സ്വഭാവ വ്യത്യാസങ്ങള്‍, ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിത രീതികള്‍, ആവശ്യങ്ങള്‍, ഉപയോഗങ്ങള്‍, ആകൃതികള്‍, പ്രകൃതികള്‍ തുടങ്ങിയവ.

(6) കാറ്റുകളുടെ നടത്തിപ്പും, നിയന്ത്രണവും, കാലവര്‍ഷക്കാറ്റ്, വാണിജ്യക്കാറ്റ്, ശീതക്കാറ്റ്, ഉഷ്ണക്കാറ്റ്, ഇളങ്കാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് ആദിയായവയും, അവയുടെ ഉല്‍ഭവം, ഗതി, ഉപകാരം, ഉപദ്രവം ആദിയായവയും.

(7) ആകാശത്തിനും ഭൂമിക്കുമിടയില്‍വെച്ച് നിയന്ത്രിക്കപ്പെടുന്ന മേഘത്തിന്‍റെ നടത്തിപ്പ്, ആവശ്യത്തിലധികം മേല്‍പോട്ട് കയറിപ്പോകാതെ, ഉപദ്രവകരമായവിധം ഭൂമിയില്‍ താഴോട്ടിറങ്ങി ഉപദ്രവിക്കാതെ, അന്തരീക്ഷത്തില്‍ ഒതുങ്ങി നില്‍ക്കുകയും, ആവശ്യമുള്ള ഭാഗങ്ങളിലേക്ക് ഓടിനീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാര്‍മേഘങ്ങളുടെ നിയന്ത്രണ നടപടി ക്രമങ്ങള്‍ തുടങ്ങിയവ.

ഈ ദൃഷ്ടാന്തങ്ങളെ കേവലം മൃഗങ്ങളെപ്പോലെ നോക്കിക്കാണാതെ ബുദ്ധി ഉപയോഗിച്ച് അതിന്റെ ഘടനയെക്കുറിച്ച് ചിന്തിക്കുകയും  അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നപക്ഷം ഈ മഹല്‍പ്രപഞ്ചം സര്‍വശക്തനും അഗാധജ്ഞനുമായ ഒരു സൃഷ്ടികര്‍ത്താവിന്റെ ആജ്ഞക്ക് വിധേയമാണെന്നും സകലവിധ അധികാരങ്ങളും അവന്റെ മാത്രം പിടിയിലാണെന്നും മറ്റാരുടെയും കൈകടത്തലിനും പങ്കാളിത്തത്തിനും ഇതില്‍ തീരെ പഴുതില്ലെന്നും മനസ്സിലാക്കാം. അതിനാല്‍, ആ ഏക സ്രഷ്ടാവാണ് യഥാര്‍ത്ഥ ആരാധ്യനെന്നും  അവന് പങ്കാളികളില്ലെന്നും മനസ്സിലാക്കാം.

ഈ കാര്യങ്ങളെല്ലാം ഒന്നിനൊന്ന് വിരുദ്ധമോ തടസ്സമോ ആകാതെ തികച്ചും വ്യവസ്ഥാപിതമായ രീതിയില്‍, സൃഷ്ടിച്ചു നിയന്ത്രിച്ചു നടത്തിപ്പോരുന്നവനാരോ അവന് – അല്ലാഹുവിന് – മാത്രമേ ഇലാഹായിരിക്കുവാന്‍ (ആരാധിക്കപ്പെടുവാന്‍) അര്‍ഹതയുള്ളൂവെന്നും, മററുളള ആരാധ്യവസ്തുക്കളൊന്നും ആരാധനക്കര്‍ഹതയില്ലാത്ത മിഥ്യകളാണെന്നും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഏവര്‍ക്കും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇവ മാത്രമല്ല, ഇവപോലുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ വേറെയും. പക്ഷേ, യഥാര്‍ത്ഥ സൃഷ്ടാവിനെ നേരത്തെത്തന്നെ ചിന്താമണ്ഡലത്തില്‍ നിന്ന് വൈരാഗ്യപൂര്‍വ്വം ഒഴിച്ചുനിറുത്തി പകരം മറ്റൊരു സ്രഷ്ടാവിനെ – അതിന് പേര്‍ പ്രകൃതിയെന്നോ, ഊര്‍ജ്ജമെന്നോ, പരിണാമമെന്നോ, വിസ്‌ഫോടനമെന്നോ എന്തുതന്നെ പറഞ്ഞാലും ശരി – പ്രതിഷ്ഠിച്ചു പൂജിച്ചുകൊണ്ട് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അവയിലൂടെ യഥാര്‍ത്ഥ സ്രഷ്ടാവിനെയും അവന്റെ മാഹാത്മ്യങ്ങളെയും കണ്ടെത്തുവാന്‍ കഴിഞ്ഞെന്ന് വരുകയില്ല. മുന്‍വിധിയും യഥാവിധം ബുദ്ധി ഉപയോഗിക്കാത്തതും, ചിലപ്പോള്‍ അഹന്തയുമായിരിക്കും അതിന്‍റെ കാരണം. എന്നാല്‍ മുന്‍വിധികൂടാതെ സത്യം ദര്‍ശിക്കുവാനുള്ള താല്‍പര്യത്തില്‍ ബുദ്ധി ഉപയോഗിക്കുന്നവര്‍ സ്രഷ്ടാവിനെയും സൃഷ്ടിമാഹാത്മ്യത്തെയും കണ്ടെത്തുകയും സ്രഷ്ടാവിനെ വാഴ്ത്തുകയും ചെയ്യും.

Leave a Reply

Your email address will not be published.

Similar Posts