ജലചംക്രമണത്തിലെ ദൈവിക ദൃഷ്ടാന്തം

THADHKIRAH

അനാദികാലം മുതല്‍ ഭൂമിയിലെ ജലം അതിന്റെ മൂന്ന് അവസ്ഥകളായ മഞ്ഞ്, ജലം, നീരാവി എന്നീ അവസ്ഥകളിലൂടെ തുടര്‍ച്ചയായി രൂപഭേദം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയക്കാണ് ‘ജലചംക്രമണം’ (Water Cycle) അല്ലെങ്കില്‍ ‘ജലചക്രം’ എന്നു പറയുന്നത്. ഇത് ചാക്രികമാകയാല്‍ ഇതിനു ആദിയും അന്ത്യവുമില്ല.

അഥവാ ഭൂമിയില്‍ വെള്ളവും അന്തരീക്ഷവും ഉണ്ടായതു മുതല്‍ വെള്ളം നശിച്ചുപോകുന്നില്ല. വെള്ളം അതിന്റെ 3 ഭൗതിക അവസ്ഥകളില്‍ മാറിമാറി സ്ഥിതിചെയ്യുന്നു. ധ്രുവപ്രദേശങ്ങളിലും വലിയ പര്‍വതനിരകളിലുമൊക്കെ ഐസ് അഥവാ മഞ്ഞ് രൂപത്തിലും കടലിലും മറ്റു ജലാശയങ്ങളിലും കുളങ്ങളിലും കിണറിലുമൊക്കെ ജലരൂപത്തിലും അന്തരീക്ഷത്തില്‍ നീരാവി രൂപത്തിലും മേഘരൂപത്തിലുമൊക്കെ ആയിക്കൊണ്ട് വെള്ളം ചാക്രികമായി രൂപംമാറിക്കൊണ്ടിരിക്കുന്നു.

ഭൂമിയില്‍ ആവാസ വ്യവസ്ഥയിലെ പരസ്പരബന്ധിത പ്രവര്‍ത്തനങ്ങളിലൊന്നാണ് ജലചക്രം. സമുദ്രത്തില്‍ നിന്നും മഞ്ഞുപാളികളില്‍നിന്നും ചെടികളില്‍നിന്നും മറ്റു ജീവജാലങ്ങളില്‍നിന്നും സൂര്യതാപത്താല്‍ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ മേഘമായി മാറുന്നു. ഈ മേഘങ്ങള്‍ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുകയും അനുകൂല സാഹചര്യങ്ങളില്‍ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയില്‍ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരുഭാഗം സസ്യജാലങ്ങള്‍ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളില്‍നിന്ന് ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരുഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ, ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന ജലശുദ്ധീകരണപ്രക്രിയ കൂടിയാണിത്.

ഭൂമിക്കടിയില്‍ ഭൂഗര്‍ഭജലം എങ്ങനെയാണ് ഉണ്ടാകുന്നത്, നദികളിലും തടാകങ്ങളിലുമൊക്കെ എങ്ങനെയാണ് ശുദ്ധജലം ഉണ്ടാകുന്നത് എന്നതിനെപ്പറ്റി പതിനാറാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന് വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. ബര്‍ണാഡ് പാലിസി Pierre Perrault എന്ന ശാസ്ത്രജ്ഞനാണ് പതിനാറാം നൂറ്റാണ്ടില്‍, മഴവെള്ളംകൊണ്ടാണ് നദികളിലും മറ്റു ജലാശയങ്ങളിലുമൊക്കെ വെള്ളം ഉണ്ടാകുന്നത് എന്ന് പ്രസ്താവിക്കുന്നത്. ബര്‍ണാഡ് പാലിസിയെ ആണ് Bernard Palissy ആയി പരിഗണിക്കുന്നത്. discoverer of modern theory of water cycle എന്ന ശാസ്ത്രജ്ഞന്‍ എഡി 1674ലാണ് പാലിസിയുടെ വാട്ടര്‍ സൈക്കിള്‍ തിയറി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കുന്നത്.

ജല ചംക്രമണത്തിന്റെ ചരിത്രം

പുരാതനകാലത്ത് പൊതുവെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത് ഭൂമിയിലെ കരഭാഗങ്ങള്‍ മുഴുവന്‍ ഭൂമിക്കുള്ളിലുള്ള ഒരു വലിയ ജലാശയത്തിനു മേലെ ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. Floating land mass theory എന്നാണ് ഇത് അറിയപ്പെടുന്നത്. ഹോമറുടെ കൃതികളിലെല്ലാം ഇതിനുള്ള തെളിവുകള്‍ കാണാം.

യൂറോപ്പിലുണ്ടായ നവോത്ഥാന കാലഘട്ടംവരേക്കും പൊതുവെ കരുതപ്പെട്ടിരുന്നത് നദികളും ജലാശയങ്ങളും നിറക്കുവാനോ ജലചംക്രമണം പൂര്‍ത്തിയാക്കുവാനോ മഴവെള്ളം മാത്രം മതിയാകുന്നതല്ല എന്നായിരുന്നു. സമുദ്രങ്ങളില്‍നിന്നും ഭൂമിക്കടിയിലൂടെ വെള്ളം തള്ളിവന്നുകൊണ്ടാണ് നദികളില്‍ വെള്ളം ഉണ്ടാകുന്നത് എന്നായിരുന്നു പൊതുവില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. അഥവാ കടലിലെ വെള്ളം ഭൂമിക്കടിയിലൂടെ സഞ്ചരിച്ച് ശുദ്ധീകരിക്കപ്പെട്ട് അതിലെ ഉപ്പുരസം മാറി നദികളിലേക്ക് എത്തുന്നു. ഇംഗ്ലണ്ടിലെ ബര്‍ത്തലോമിയോ, ലിയാനാര്‍ഡോ ഡാവിഞ്ചി, അത്തനേസിയസ് കിര്‍ഷേര്‍ തുടങ്ങിയ പ്രമുഖ ചിന്തകരെല്ലാം ഈ ഒരു വാദക്കാരായിരുന്നു

മഴവെള്ളം മാത്രമാണ് നദികളില്‍ വെള്ളം നിലനിര്‍ത്തുന്നത് എന്ന് ആദ്യമായി സിദ്ധാന്തിച്ചത് 1580കളില്‍ ബര്‍ണാഡ് പാലിസി എന്ന ചിന്തകനാണ്. ആധുനിക ജലചംക്രമണസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാലിസിയെ പരിഗണിക്കുന്നു. ജലചംക്രമണത്തെ സംബന്ധിച്ച പാലിസിയുടെ ഈ സിദ്ധാന്തങ്ങളെ 1674 വരെ ശാസ്ത്രീയമായി ആരും പരിശോധിച്ചില്ല.Pierre Perrault എന്ന ശാസ്ത്രജ്ഞനാണ് 1674ല്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ആദ്യമായി ഇത് പരീക്ഷിക്കുന്നത്. എന്നാല്‍ അതിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടുവരേക്കും ഈയൊരു സിദ്ധാന്തത്തിന് ശാസ്ത്രലോകത്തില്‍ വലിയ ഒരു അംഗീകാരം ലഭിച്ചിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ് ശാസ്ത്രലോകത്ത് ഈയൊരു സിദ്ധാന്തത്തിന് പൊതു അംഗീകാരം കിട്ടുന്നത്.

Pierre Perrault തന്റെ പ്രസിദ്ധ ഗ്രന്ഥമായ On the Origin of Springs പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള സഹസ്രാബ്ദങ്ങളില്‍ പ്രകൃതി സൈദ്ധാന്തികര്‍ കരുതിയിരുന്നത് മഴവെള്ളം കൊണ്ടുമാത്രം പുഴകളും ഭൂഗര്‍ഭജല ഉറവകളും ഒരിക്കലും നിറയുകയില്ല എന്നതായിരുന്നു. അരിസ്റ്റോട്ടില്‍ അവകാശപ്പെട്ടിരുന്നത് ഭൂമിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ചില മാളങ്ങളില്‍, അല്ലെങ്കില്‍ ഗുഹകളില്‍ വായു വെള്ളമായി മാറ്റപ്പെടുന്നു, ആ വെള്ളമാണ് ഭൂഗര്‍ഭജല സ്രോതസ്സ് എന്നായിരുന്നു. എന്നാല്‍ മറ്റു പലരും വാദിച്ചത് സമുദ്രങ്ങളില്‍നിന്നും ചില തുരങ്ക മാര്‍ഗങ്ങളിലൂടെ ഭൂമിക്ക് ഉള്ളിലെത്തുന്ന വെള്ളം അവിടെനിന്നും നീരാവിയായി ആ നീരാവി ഭൂമിക്കുള്ളില്‍ നിന്നുമുയര്‍ന്ന് പൊങ്ങി ഭൂമിക്കുള്ളില്‍ തന്നെയുള്ള ചില ഇടങ്ങളില്‍വച്ച് ഘനീഭവിച്ച് വെള്ളം ആവുകയും ആ വെള്ളം നീരുറവകള്‍ ആയി മാറുകയും ചെയ്യുന്നു എന്നായിരുന്നു.

കൃത്യമായി പറഞ്ഞാല്‍ ഭൂമിക്കടിയില്‍ എങ്ങനെ നീരുറവകള്‍ ഉണ്ടാകുന്നു, നദികളിലും ജലാശയങ്ങളിലുമൊക്കെ എങ്ങനെയാണ് വെള്ളം നിറയുന്നത്, നമ്മള്‍ ഒരു കിണര്‍ കുഴിച്ചാല്‍ അതില്‍ ഉണ്ടാകുന്ന വെള്ളം അഥവാ നീരുറവകളിലൂടെ കിണറിലും മറ്റും നിറയുന്ന വെള്ളം ഇത് എവിടെനിന്നു വരുന്നു എന്നതിനെപ്പറ്റിയെല്ലാം പത്തൊമ്പതാം നൂറ്റാണ്ടുവരെയും ശാസ്ത്രലോകത്തിന് ഒരുപാട് അശാസ്ത്രീയമായ അബദ്ധധാരണകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

എന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍; അക്ഷരാഭ്യാസമില്ലാത്ത, ശാസ്ത്രബോധമില്ലാത്ത, അപരിഷ്‌കൃതര്‍ ആയിരുന്ന അറബികള്‍ക്കിടയില്‍ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബി ﷺ ക്ക് ഇത്തരം വിഷയങ്ങളെപ്പറ്റി അവഗാഹം ഉണ്ടായിരിക്കും എന്നു കരുതാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇനി എന്തെങ്കിലും ധാരണകള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് അന്ന് നിലവിലുണ്ടായിരുന്ന, മുമ്പ് സൂചിപ്പിച്ച തരത്തിലുള്ള അബദ്ധധാരണകള്‍ മാത്രമാവാനേ സാധ്യതയുള്ളൂ.

വിശുദ്ധ ക്വുര്‍ആന്‍ വഴികാണിക്കുന്നു

ഇവിടെയാണ് ക്വുര്‍ആനിക വചനങ്ങളുടെ കൃത്യത നമ്മെ അത്ഭുതപ്പെടുത്തുന്നത്. അശാസ്ത്രീയമായ അബദ്ധധാരണകള്‍ മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ അത്തരത്തിലുള്ള ഒരു അബദ്ധ പരാമര്‍ശം പോലും ക്വുര്‍ആനില്‍ കാണാന്‍ സാധിക്കുകയില്ല എന്നുമാത്രമല്ല, ജലചംക്രമണത്തെ അഥവാ വാട്ടര്‍ സൈക്കിളിനെ സംബന്ധിച്ച് കൃത്യമായ വിവരണങ്ങള്‍ ക്വുര്‍ആനിലെ വ്യത്യസ്തങ്ങളായ വചനങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു!

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَلَكَهُۥ يَنَٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَجْعَلُهُۥ حُطَٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ

നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങി പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌. (ഖു൪ആന്‍:39/21)

ജലചക്രത്തിലെ വിവിധങ്ങളായ സുപ്രധാന സ്റ്റേജുകള്‍ ഈ വചനങ്ങളില്‍ വിശദീകരിക്കപ്പെട്ടത് നമുക്ക് കാണാം. ഒന്നാമത്തേത് Precipitation അഥവാ മഴ. മേഘങ്ങളില്‍നിന്നും മഴ ചൊരിയുന്നു. ആകാശത്തുനിന്നും നിശ്ചിത അളവില്‍ വെള്ളംചൊരിയുന്നു എന്ന് ആയത്തില്‍ പറഞ്ഞത് ഈയൊരു സ്റ്റേജാണ്. രണ്ടാമത്തേത് Infiltration or percolation. ഭൂമിയില്‍ വീഴുന്ന മഴവെള്ളം മണ്ണിനുള്ളിലേക്ക് കിനിഞ്ഞിറങ്ങുകയും സോയില്‍ മോയ്‌സ്ചര്‍ ആയോ ഗ്രൗണ്ട് വാട്ടര്‍ അഥവാ ഭൂഗര്‍ഭജലം ആയോ മാറുകയും ചെയ്യുന്നു. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മഴവെള്ളം ഏതാനും മീറ്റര്‍ കനത്തില്‍ മണ്ണിനെ നനവുള്ള മണ്ണാക്കുകയും അതിനുശേഷം അതിനും ആഴത്തിലുള്ള ഭൂഗര്‍ഭ ജലപ്രവാഹങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഈ നനഞ്ഞ മണ്ണിന്റെ തട്ടിനെ vadoze zone എന്നും അതിനു താഴെയുള്ള ഭൂഗര്‍ഭജല സ്രോതസ്സുകളെ aquifer എന്നും പറയുന്നു. ഭൂമിയുടെ ഉപരിതലത്തില്‍നിന്നും വ്യത്യസ്ത ആഴങ്ങളില്‍ ഭൂഗര്‍ഭജലം ഇത്തരം aquiferകളില്‍ ശേഖരിക്കപ്പെടുന്നു. ഇത്തരം ഭൂഗര്‍ഭജല ഉറവകളില്‍നിന്നാണ് നമ്മുടെ കിണറുകളിലും കുഴല്‍ കിണറുകളിലും നദികളിലുമൊക്കെ വെള്ളം ലഭിക്കുന്നത്. ഇത്തരം ഭൂഗര്‍ഭജല സ്രോതസ്സുകള്‍ അഥവാ aquiferകള്‍ ചിലപ്പോഴൊക്കെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതേപടി നിലനില്‍ക്കും. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന മഴവെള്ളമാണ് ഇത്തരം ഭൂഗര്‍ഭജല ഉറവകളുടെ അവലംബം. കിണറുകളില്‍ നിന്നും കുഴല്‍ക്കിണറുകളില്‍നിന്നുമൊക്കെ നമുക്ക് ലഭിക്കുന്ന വെള്ളം ഇത്തരം ഭൂഗര്‍ഭജല ഉറവകളില്‍ നിന്നാണ്. ചിലപ്പോള്‍ ഭൂമിയുടെ ഉപരിതലത്തിലേക്കും നീരുറവകളുടെ രൂപത്തില്‍ ഭൂഗര്‍ഭജലം പ്രത്യക്ഷപ്പെടാറുണ്ട്. ഈയൊരു ഭൂഗര്‍ഭജല സ്രോതസ്സുകള്‍ റീചാര്‍ജ് ചെയ്യപ്പെടുന്നത് പൂര്‍ണമായും മഴവെള്ളത്തില്‍ നിന്നാണ്. നമ്മള്‍ കിണറുകളും കുഴല്‍കിണറുകളും കുഴിച്ചു ഭൂഗര്‍ഭജലത്തില്‍ ഉള്ള ഈ ജലം ഉപയോഗിക്കുന്നു, വെള്ളം ഭൂഗര്‍ഭജല സ്രോതസ്സില്‍നിന്നും കാലിയാകുന്നതിന് അനുസരിച്ച് മഴപെയ്ത് വീണ്ടും വീണ്ടും റീചാര്‍ജ് ആയിക്കൊണ്ടിരിക്കുന്നു. ഈ പ്രവൃത്തി ചാക്രികമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സില്‍ സ്മരിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ ഒന്നുകൂടി കേട്ടുനോക്കൂ:

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَلَكَهُۥ يَنَٰبِيعَ فِى ٱلْأَرْضِ

നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. (ഖു൪ആന്‍:39/21)

അല്ലാഹു എത്ര പരിശുദ്ധന്‍! എത്ര കൃത്യമായ പരാമര്‍ശങ്ങള്‍! ആകാശത്തുനിന്ന് നിശ്ചിത അളവില്‍ വെള്ളം ചൊരിഞ്ഞു. എന്നിട്ട് അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കിയിരിക്കുന്നു. ഭൂമിക്കുള്ളിലെ ഉറവകളില്‍ അത് ശേഖരിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഏതാനും ശാസ്ത്രജ്ഞര്‍ മാത്രം ചര്‍ച്ച ചെയ്ത്, പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രം ശാസ്ത്രലോകം അംഗീകരിച്ച വാട്ടര്‍ സൈക്കിള്‍ എത്ര കൃത്യമായിട്ടാണ് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് എന്ന് നോക്കൂ. സമുദ്രജലം ഭൂമിക്കടിയിലൂടെ സഞ്ചരിച്ചാണ് ഭൂഗര്‍ഭജലം ഉണ്ടാവുന്നതെന്ന അബദ്ധപരാമര്‍ശങ്ങളോ ഭൂമിയിലെ കരഭാഗങ്ങള്‍ മുഴുവന്‍ ഒരു ജലാശയത്തിനു മുകളില്‍ പൊങ്ങിക്കിടക്കുകയാണ് എന്ന വിഡ്ഢിത്തമോ ഒന്നും ക്വുര്‍ആനില്‍ ഇല്ല. വളരെ കൃത്യമായ വിവരണങ്ങള്‍ മാത്രം. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച, എഴുതാനും വായിക്കാനും അറിയാത്ത ഒരു പ്രവാചകന് എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ അറിവുണ്ടാവുക? നിസ്സംശയം പറയാം; ദൈവത്തിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്ന്.

വെള്ളം എന്നത് ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് അത്യാവശ്യമാണ്. വെള്ളമില്ലാതെ ജീവന്‍ നിലനില്‍ക്കുകയില്ല. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കുമെല്ലാം ജീവന്‍ നിലനിര്‍ത്താന്‍ ജലം അനിവാര്യമാണ്. വിശുദ്ധ ക്വുര്‍ആനിലെ ഒരുപാട് വചനങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ بُشْرَۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا ‎﴿٤٨﴾‏ لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَٰمًا وَأَنَاسِىَّ كَثِيرًا ‎﴿٤٩﴾‏

തന്റെ കാരുണ്യത്തിന്റെ (മഴയുടെ) മുമ്പായി സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജ്ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. (ഖു൪ആന്‍:25/48-49)

وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَٰرَكًا فَأَنۢبَتْنَا بِهِۦ جَنَّٰتٍ وَحَبَّ ٱلْحَصِيدِ ‎

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.(ഖു൪ആന്‍:50/9)

هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ‎﴿١٠﴾‏ يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ‎﴿١١﴾

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌. അത് (വെള്ളം) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(ഖു൪ആന്‍:16/10-11)

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٍ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ ‎﴿١٨﴾‏ فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍ مِّن نَّخِيلٍ وَأَعْنَٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ‎﴿١٩﴾

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:23/18-19)

നിരവധി ക്വുര്‍ആന്‍ വചനങ്ങളില്‍ ഇതുപോലെ ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുകയും അതുമൂലം സസ്യലതാദികള്‍ മുളപ്പിച്ച് ഭൂമിയെ ജീവനുള്ളതാക്കിത്തീര്‍ക്കുകയും അതില്‍ ജന്തുജാലങ്ങളെ വ്യാപിപ്പിക്കുകയും ചെയ്തു എന്ന അനുഗ്രഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് കാണാനാവുന്നതാണ്.

وَٱلسَّمَآءِ ذَاتِ ٱلرَّجْعِ

മടങ്ങി വരുന്ന കാര്യം ഉള്‍ക്കൊള്ളുന്ന ആകാശം തന്നെയാണ് സത്യം. (ഖു൪ആന്‍:86/11)

‘റജഅ’ എന്ന അറബി പദത്തിനര്‍ഥം ‘മടങ്ങി’ എന്നാണ്. അഥവാ ഒരു സ്ഥലത്തേക്കു പോയാല്‍ അവിടുന്ന് തിരിച്ചു മടങ്ങിവരിക. റിട്ടേണ്‍ (return) എന്ന് ഇംഗ്ലീഷില്‍ പറയും. ‘അര്‍റജഅ്’ എന്നാല്‍ ‘മടങ്ങിവരുന്ന വസ്തു എന്നുമാണ് അര്‍ഥം.

The sky which returns എന്നുപറഞ്ഞാല്‍ ‘മടങ്ങിവരുന്ന സംഭവം ഉള്ളതായ ആകാശം’ എന്നാണര്‍ഥം. എന്താണ് ഈ ഒരു പദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമ്മള്‍ പരിശോധിച്ചാല്‍ നമുക്ക് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ (തഫ്‌സീറുകളില്‍) കാണാന്‍ കഴിയുന്നത് ആകാശത്തുനിന്നും മേഘങ്ങളില്‍നിന്ന് ഭൂമിയിലേക്ക് മഴ വര്‍ഷിക്കുകയും തിരിച്ച് ഭൂമിയില്‍നിന്നും വെള്ളം നീരാവിയായി, മേഘങ്ങളായി ആകാശത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നത് എന്നതാണ്.

‘വസ്സമാഇ ദാതിര്‍റജഅ്’ എന്നതിന് ക്വുര്‍ആന്‍ തഫ്‌സീറുകളില്‍ എല്ലാം ഈയൊരു വിശദീകരണം തന്നെയാണ് നല്‍കപ്പെട്ടിട്ടുള്ളത്. പ്രമുഖ സഹാബിയും (പ്രവാചക ശിഷ്യന്‍) ക്വുര്‍ആന്‍ വ്യാഖ്യാതാവും ആയ അബ്ദുല്ലാഹിബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ഈ ഒരു ആയത്ത് വിശദീകരിച്ചിട്ടുള്ളത് ‘ആവര്‍ത്തിച്ചാവര്‍ത്തിച്ച് മഴപെയ്യുന്ന മഴമേഘങ്ങള്‍’ എന്നാണ്. ആകാശത്തുള്ള മേഘങ്ങളില്‍നിന്ന് മഴയുണ്ടാകുന്നു. അങ്ങനെ ഭൂമിയിലെത്തിയ വെള്ളം തിരിച്ചു മേഘങ്ങളായി ആകാശത്തേക്ക് തന്നെ മടങ്ങുന്നു. വീണ്ടും ആവര്‍ത്തിച്ച് മഴപെയ്യുന്നു. വീണ്ടും തിരിച്ചുപോകുന്നു. ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈയൊരു വാട്ടര്‍ സൈക്കിളിനെ വളരെ കൃത്യമായ, ചുരുങ്ങിയ പദങ്ങള്‍കൊണ്ട് വിശദീകരിച്ചത് എത്ര അത്ഭുതകരമെന്ന് നോക്കൂ. ക്വുര്‍ആനിലെ പദപ്രയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്.

സമുദ്രങ്ങളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നുമൊക്കെ വെള്ളം ഓരോ സെക്കന്റിലും നീരാവിയായി അന്തരീക്ഷത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല മനുഷ്യനും മറ്റു ജീവജാലങ്ങളും സസ്യങ്ങളും ശ്വസിക്കുമ്പോഴും, അടുക്കളയില്‍ വെള്ളം തിളപ്പിക്കുമ്പോഴുമെല്ലാം ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് പോയിക്കൊണ്ടേയിരിക്കുകയാണ്. Evaporation അഥവാ ബാഷ്പീകരണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇപ്രകാരം ബാഷ്പീകരണത്തിന്റെ ഫലമായി ഉണ്ടാകുന്ന നീരാവിയുടെ സാന്ദ്രത അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളായ നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയെക്കാള്‍ കുറവായതുകൊണ്ട് തന്നെ ഈ നീരാവി സ്വാഭാവികമായി മുകളിലേക്ക് ഉയര്‍ന്നുപോകുന്നു. മുകളില്‍ എത്തുന്ന നീരാവി അന്തരീക്ഷമര്‍ദം കുറയുന്നതിന്റെ ഫലമായി തണുക്കുകയും വളരെ ചെറിയ ജലകണങ്ങള്‍ ആയി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ വളരെ ചെറിയ ജലകണികകള്‍ ചേര്‍ന്നാണ് മേഘം ഉണ്ടാവുന്നത്. വാതക അവസ്ഥയിലുള്ള നീരാവി ദ്രാവകാവസ്ഥയിലുള്ള ചെറിയ മേഘകണികകള്‍ ആവാന്‍ നീരാവി തണുത്താല്‍ മാത്രം പോരാ; അതിനു വളരെ ചെറിയ ചില കണികാ പദാര്‍ഥങ്ങളുടെകൂടി ആവശ്യമുണ്ട്. Cloud condensation nuclei അല്ലെങ്കില്‍ cloud seeds എന്നറിയപ്പെടുന്ന വളരെ ചെറിയ പൊടിപടലങ്ങളുടെ രൂപത്തിലുള്ള കണികകള്‍ മേഘങ്ങളുടെ രൂപീകരണത്തിന് അത്യാവശ്യമാണ്. 0.2 മൈക്രോണ്‍ വലിപ്പമുള്ള ഇത്തരം cloud seeds അഥവാ മേഘവിത്തുകള്‍ എന്നറിയപ്പെടുന്ന കുഞ്ഞുകണികകള്‍ ഉണ്ടെങ്കില്‍ മാത്രമെ വാതക അവസ്ഥയിലുള്ള നീരാവി ഘനീഭവിച്ച് ദ്രാവകാവസ്ഥയിലോ മഞ്ഞ് അവസ്ഥയിലോ ആയി മാറുകയുള്ളൂ.

കാറ്റില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, പുക എന്നിവയൊക്കെയാണ് ഇത്തരം cloud സീഡുകളായി അഥവാ മേഘവിത്തുകളായി പ്രവര്‍ത്തിക്കുന്നത്. അഥവാ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി മുകളില്‍ എത്തുന്ന നീരാവി കാറ്റിന്റെ സഹായത്തോടുകൂടി അവിടെയെത്തുന്ന 0.2 മൈക്രോണ്‍ വലിപ്പമുള്ള മേഘവിത്തുകള്‍ എന്നറിയപ്പെടുന്ന കുഞ്ഞന്‍പൊടിപടലങ്ങളുമായി കൂടിച്ചേരുമ്പോഴാണ് മഴമേഘം ഉണ്ടാവുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം കണ്ടുപിടിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളാണിത്! നമ്മളില്‍ തന്നെ ബഹുഭൂരിപക്ഷം ആളുകളും cloud condensation nuclei അല്ലെങ്കില്‍ cloud seeds എന്നൊന്നും കേട്ടിരിക്കാന്‍ പോലും സാധ്യതയില്ല. ഒരുപക്ഷേ, ഇത് വായിക്കുന്നവരില്‍ പലരും cloud seed അല്ലെങ്കില്‍ ‘മേഘവിത്ത്’ എന്നൊക്കെ ആദ്യമായി കേള്‍ക്കുന്നവരായിരിക്കും.

പറഞ്ഞുവന്നത് ഇതാണ്; അന്തരീക്ഷത്തില്‍ നീരാവി ഉണ്ടായാല്‍ മാത്രം പോരാ, കാറ്റിന്റെ സഹായത്തോടെ ആ നീരാവി പാളികളില്‍ മേഘവിത്തുകള്‍ വിതറപ്പെടണം. എങ്കില്‍ മാത്രമെ നീരാവി ഘനീഭവിച്ച് മഴമേഘങ്ങള്‍ രൂപപ്പെടുകയുള്ളൂ, മഴ പെയ്യുകയുള്ളൂ. ഇന്നും ശാസ്ത്രലോകത്തിനു പൂര്‍ണമായ രൂപത്തില്‍ മേഘവിത്തുകളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ഇപ്പോഴും പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ പലരാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യു.എ.ഇ പ്രത്യേകം വിമാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മേഘങ്ങളുടെ മുകളില്‍ ഇത്തരം മേഘവിത്തുകള്‍ വിതറിക്കൊണ്ട് കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും ചെറിയതോതില്‍ ആ ശ്രമങ്ങള്‍ വിജയിച്ചതും എല്ലാം നമ്മള്‍ വാര്‍ത്തകളില്‍ വായിച്ചതാണ്.

മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍

നീരാവി മേഘമായി മാറാനും വെള്ളത്തുള്ളികളും ആലിപ്പഴവും ഒക്കെയായി മാറി മഴപെയ്യാനും cloud condensing nuclei എന്ന പൊടിപടലങ്ങള്‍ അത്യാവശ്യമാണെന്നും മറ്റുമുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുള്ളത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരുവിധ അറിവും മനുഷ്യന് ഉണ്ടായിരുന്നില്ല. ക്വുര്‍ആന്‍ പതിനഞ്ചാം അധ്യായം സൂറതുല്‍ ഹിജ്റിലെ ഇരുപത്തിരണ്ടാം വചനത്തില്‍ അല്ലാഹു പറയുന്നു.

وَأَرْسَلْنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَسْقَيْنَٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَٰزِنِينَ

(മേഘങ്ങളില്‍) പരാഗണം നടത്തുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല. (ഖു൪ആന്‍:15/22)

ഈ വചനത്തില്‍ ‘വ അര്‍സല്‍നര്‍രിയാഹ’ എന്നാല്‍ ‘കാറ്റുകളെ നാം അയച്ചു’ എന്നും ‘ലവാക്വിഹ’ എന്നാല്‍ ‘പരാഗണം നടത്തുന്ന,’ അല്ലെങ്കില്‍ ‘പ്രത്യുല്‍പാദനം നടത്തുന്ന’ എന്നാണ് അര്‍ഥം. And we send fertilizing winds എന്നോ and we send fecundating winds എന്നൊക്കെയാണ് ഇംഗ്ലീഷ് ക്വുര്‍ആന്‍ പരിഭാഷകളിലും ഉള്ളത്. പ്രത്യുല്‍പാദനം നടത്തുന്ന കാറ്റുകള്‍ അല്ലെങ്കില്‍ പരാഗണം നടത്തുന്ന കാറ്റുകള്‍, അതുമുഖേന മേഘങ്ങളില്‍ നിന്നും വെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്നു. സുബ്ഹാനല്ലാഹ്! എന്ത് അത്ഭുതപ്പെടുത്തുന്ന പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കൂ!

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിന്റെ ശിഷ്യനായ സുപ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതാവ് ദഹ്ഹാക്വ് رحمه الله എന്ന താബിഈ പണ്ഡിതന്‍ പ്രസ്താവിച്ചതായി ഇങ്ങനെ കാണാം.

يبعثها الله على السحاب ، فتلقحه ، فيمتلئ ماء

‘അല്ലാഹു മേഘങ്ങളുടെ നേര്‍ക്ക് കാറ്റുകള്‍ അയക്കുകയും മേഘങ്ങളില്‍ പരാഗണം നടത്തുകയും മേഘങ്ങള്‍ വെള്ളംകൊണ്ട് നിറയുകയും ചെയ്യുന്നു.’ (ഇബ്‌നുകഥീര്‍)

പ്രവാചകാനുയായികളായ അബ്ദുല്ലാഹിബിനു മസ്ഊദ്, ഇബ്‌നുഅബ്ബാസ് رَضِيَ اللَّهُ عَنْهُما എന്നിവരും ഖത്താദ, ഇബ്‌റാഹീം അന്നക്വഇ  رحمهما الله തുടങ്ങിയ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുമെല്ലാം ഇതേ വിശദീകരണം നല്‍കിയതായി തഫ്‌സീറുകളില്‍ കാണാവുന്നതാണ്.

സസ്യങ്ങളില്‍ നടക്കുന്ന പരാഗണത്തെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. ആണ്‍പൂവില്‍നിന്നുള്ള പൂമ്പൊടി പെണ്‍പൂവിലേക്ക് എത്തിക്കുന്ന കാറ്റുകള്‍ ‘പരാഗണം’ നടത്തി അതുമുഖേന കായ്കനികള്‍ ഉണ്ടാകുന്നതു പോലെ മേഘങ്ങളില്‍ cloud സീഡുകള്‍ വിതറിക്കൊണ്ട് കാറ്റുകള്‍ മഴ ഉല്‍പാദിപ്പിക്കുന്നു എന്ന്! എത്ര കൃത്യമായ പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കൂ. കാറ്റുകള്‍ മേഘങ്ങളെ നീക്കി കൊണ്ടുപോകുന്നു എന്ന പരാമര്‍ശം മാത്രമാണ് ക്വുര്‍ആനില്‍ ഉള്ളതെങ്കില്‍ നമുക്ക് വാദത്തിനായി സമ്മതിക്കാം, മുഹമ്മദ് നബി ആകാശത്തേക്ക് നോക്കിയപ്പോള്‍ കാറ്റടിച്ചു മേഘം നീങ്ങുന്നത് കണ്ടു പ്രസ്താവിച്ചതാണ് ഇത് എന്ന്. കാറ്റടിച്ചാല്‍ മേഘം നീങ്ങിപ്പോകുന്നു എന്നത് എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യമാണല്ലോ. എന്നാല്‍ ക്വുര്‍ആനിലുള്ളത് പരാഗണം നടത്തുന്ന കാറ്റുകള്‍ (fertilizing winds) എന്ന കൃത്യമായ പദപ്രയോഗമാണ്. മുഹമ്മദ് നബി ﷺ യില്‍ നിന്നും നേരിട്ട് മതം പഠിച്ച സഹാബികള്‍ മനസ്സിലാക്കിയ ഇതിന്റെ വ്യാഖ്യാനവും നമ്മെ അത്ഭുതപ്പെടുത്തുന്നു! അതെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്.

വ്യത്യസ്തങ്ങളായ മേഘങ്ങളെപ്പറ്റി ക്വുര്‍ആനില്‍ പരാമര്‍ശങ്ങള്‍ കാണാം. മേഘങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രത്തിനു ‘നെഫോളജി’ എന്നാണ് പറയുന്നത്. നെഫോളജിയുമായി ബന്ധപ്പെട്ട് ധാരാളം ക്വുര്‍ആന്‍ ആയത്തുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

രൂപത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്ന് പേരുകളില്‍ മേഘങ്ങള്‍ അറിയപ്പെടുന്നു.

1) സ്ട്രാറ്റസ് (Stratus): ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല.

2) ക്യുമുലസ് (Cumulus): ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകള്‍ ഉണ്ടായിരിക്കും.

3) സിറസ് (Cirrus): നാട, നാര്, തൂവല്‍ തുടങ്ങിയ ആകൃതിയില്‍, വളരെ മൃദുവായി തോന്നുന്ന അരികുകള്‍ ഉണ്ടായിരിക്കും.

ഇത്തരത്തില്‍ മൂന്നുതരം മേഘങ്ങളാണ് ആകാശത്തില്‍ ഉള്ളത്. ഇതില്‍ മഴമേഘങ്ങള്‍ രണ്ടുതരത്തിലാണുള്ളത്.

1 നിംബോ സ്റ്റ്രാറ്റസ്.

2 നിംബൊ ക്യുമുലസ് അല്ലെങ്കില്‍ ക്യുമുലോ നിംബസ്.

മേഘങ്ങളുടെ പേരിനോടൊപ്പം ‘നിംബോ’ (nimbo) എന്ന വാക്ക് ഉണ്ടെങ്കില്‍ അവ മഴമേഘങ്ങളാണെന്ന് അര്‍ഥം. ഈ രണ്ടുതരം മഴമേഘങ്ങളെ പറ്റിയും ക്വുര്‍ആനില്‍ പരാമര്‍ശമുണ്ട്.

ഒന്നാമത്തെ തരം മഴമേഘങ്ങള്‍ അഥവാ നിംബോ സ്ട്രാറ്റസ് മഴ മേഘങ്ങള്‍ ആകാശത്ത് പരന്നുകിടന്നു മഴവര്‍ഷിക്കുന്നവയാണ്. ഇത്തരം നിംബോ സ്ട്രാറ്റസ് മേഘങ്ങളില്‍നിന്നും പെയ്യുന്ന മഴയോടൊപ്പം ഇടിമിന്നലുകള്‍ ഉണ്ടാവില്ല. ഇത്തരം മഴമേഘങ്ങളെ പറ്റി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് കാണുക:

ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ

അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനിടയില്‍ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം.(ഖു൪ആന്‍:30/48)

രണ്ടാമത്തെ തരം മഴമേഘങ്ങളാണ് cumulonimbus. പേമാരിയും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴ വര്‍ഷവും ഉണ്ടാക്കുന്ന ഇത്തരം മഴമേഘങ്ങളെ പറ്റിയുള്ള ക്വുര്‍ആനിലെ പരാമര്‍ശങ്ങളെ ഒരു ശാസ്ത്രവിദ്യാര്‍ഥിക്ക് അത്ഭുതത്തോടെയല്ലാതെ സമീപിക്കാനാവില്ല:

أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ ‎

അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘ കൂമ്പാരങ്ങളില്‍ നിന്ന് – അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.(ഖു൪ആന്‍:24/43)

അല്ലാഹു മേഘങ്ങളെ തെളിച്ച് കൊണ്ടുവരികയും ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി കുത്തനെയുള്ള വലിയ കൂമ്പാരമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. വലിയ പര്‍വതസമാനമായ മേഘങ്ങള്‍ രൂപപ്പെടുന്നു. ഇത്തരം വലിയ മേഘങ്ങളില്‍നിന്നും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടാവുന്നു എന്നാണ് ഈ വചനത്തില്‍ പറഞ്ഞത്.

ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റന്‍ മേഘങ്ങള്‍ അറിയപ്പെടുന്നത്. ഇവക്ക് കിലോമീറ്ററുകള്‍ ഉയരമുണ്ട്. പത്തും പതിനഞ്ചും കിലോമീറ്റര്‍ വരെ ഉയരം ഇത്തരം പടുകൂറ്റന്‍ മേഘങ്ങള്‍ക്ക് ഉണ്ടാവും. അഥവാ വലിയ പര്‍വതങ്ങളെക്കാള്‍ (എവറസ്റ്റ് കൊടുമുടിയെക്കാള്‍ പോലും) ഉയരമുള്ള വലിയ മേഘങ്ങള്‍ ആണ് ക്യുമുലോ നിംബസ് മേഘങ്ങള്‍. ഇത്തരംമേഘങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങള്‍ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകള്‍ക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.

ശക്തമായ മഴയും കാറ്റും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴവര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്. ഈ ഇനത്തില്‍പെട്ട മേഘത്തിനുള്ളില്‍ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്പോലെ ഉണ്ടാകുന്നുണ്ട്. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയില്‍നിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draft എന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. ഈ മേഘങ്ങള്‍ക്ക് വളരെ കട്ടിയുള്ളതിനാല്‍ സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിര്‍ത്തുന്നു. അതിനാലാണ് മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട് കാണപ്പെടുന്നത്.

3 സ്റ്റേജുകള്‍ ആണ് ഈ cumulonimbus മേഘങ്ങള്‍ക്ക് ഉള്ളത്. ഒന്നാമതായി Developing stage. അഥവാ ഒരുപാട് മേഘങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പര്‍വത സമാനമായ മേഘം രൂപപ്പെടുത്തുന്ന സ്റ്റേജ്. വിശുദ്ധ ക്വുര്‍ആന്‍ കൃത്യമായി പ്രസ്താവിക്കുന്നു:

أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَابًا ثُمَّ يُؤَلِّفُ بَيْنَهُۥ ثُمَّ يَجْعَلُهُۥ رُكَامًا

അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ? (ഖു൪ആന്‍:24/43)

രണ്ടാമത്തെ സ്റ്റേജ് mature stage എന്നറിയപ്പെടുന്നു. അഥവാ ഒരു വലിയ മേഘപര്‍വതം ആകാശത്ത് രൂപപ്പെടുന്നു.

മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു. ഇത്തരം ഭീമന്‍ മേഘങ്ങളില്‍നിന്നും പേമാരിയും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടായി, ഒടുവില്‍ മേഘം ഇല്ലാതായിത്തീരുന്നതാണ് ഈ ഒരു സ്റ്റേജ്. 2,3 സ്റ്റേജുകളും കൃത്യമായിത്തന്നെ ഈ ക്വുര്‍ആന്‍ വചനത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു!

فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِنۢ بَرَدٍ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصْرِفُهُۥ عَن مَّن يَشَآءُ ۖ يَكَادُ سَنَا بَرْقِهِۦ يَذْهَبُ بِٱلْأَبْصَٰرِ ‎

……. അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് -അവിടെ മലകള്‍ പോലുള്ള മേഘ കൂമ്പാരങ്ങളില്‍ നിന്ന് – അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.(ഖു൪ആന്‍:24/43)

അത്ഭുതകരമായ വസ്തുത ആലിപ്പഴവര്‍ഷവും ശക്തമായ ഇടിമിന്നലുകളും ഇത്തരം cumulonimbus മേഘങ്ങളില്‍നിന്നാണ് ഉണ്ടാവുന്നത് എന്നുള്ളതാണ്!

മിന്നല്‍ അഥവാ ലൈറ്റ്‌നിംഗ് മൂന്നുതരത്തിലുണ്ട്:

1. Intra cloud lightning അഥവാ ഒരു മേഘത്തിന്റെ ഒരു ഭാഗത്തുനിന്നും അതേ മേഘത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നടക്കുന്ന മിന്നലുകള്‍ ആണ് ഇത്.

2. Inter cloud lightning. രണ്ടു മേഘങ്ങള്‍ക്കിടയില്‍ നടക്കുന്നതാണ് ഇത്.

ഈ രണ്ടുതരം മിന്നലുകളും ആകാശത്ത് മേഘങ്ങളില്‍വച്ച് നടക്കുന്നതാണ്.

3. cloud to ground lightning. നമുക്ക് പരിചയമുള്ള അതിശക്തമായ ഇടിമിന്നലുകളാണ് ഇത്.

മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശക്തമായ വൈദ്യുത പ്രവാഹമാണ് ഇത്തരം മിന്നലുകള്‍. എല്ലാത്തരം മേഘങ്ങള്‍ക്കും ഇത്തരം cloud to ground മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകള്‍ അഥവാ മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്ന മിന്നലുകള്‍ ഉണ്ടാക്കുന്നത്. നേരത്തെ നാം ചര്‍ച്ച ചെയ്ത മറ്റു മേഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള cloud to ഗ്രൗണ്ട് മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല.

ആകാശത്ത് ഇത്തരം പര്‍വതസമാനമായ മേഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാരരൂപം നമുക്ക് ബോധ്യപ്പെടുക. ഇത്തരം പടുകൂറ്റന്‍ ക്യുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അവയില്‍ വലിയ മഞ്ഞുപര്‍വതങ്ങള്‍ ഉണ്ടെന്നും അതില്‍നിന്നും ആലിപ്പഴം വര്‍ഷിക്കുന്നു എന്നും അതില്‍നിന്ന് തന്നെയാണ് ഭൂമിയില്‍ പതിക്കുന്ന തരത്തിലുള്ള വലിയ വൈദ്യുതി പ്രവഹിക്കുന്ന മിന്നലുകള്‍ ഉണ്ടാവുന്നത് എന്നുമുള്ള അറിവ് അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകള്‍ 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് നിരക്ഷരനായ പ്രവാചകന് അറിയാന്‍ കഴിയുക? യാതൊരുവിധ സാധ്യതകളും അതിനില്ല തന്നെ! വിശുദ്ധ ക്വുര്‍ആന്‍ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്ന്, ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ക്വുര്‍ആനിക വചനങ്ങള്‍.

ഡോ. ജൗസല്‍

Leave a Reply

Your email address will not be published.

Similar Posts