സൂറഃ ഖാഫ് ആദ്യആയത്തുകളിൽ സത്യനിഷേധികളുടെ അവസ്ഥയും അവരുടെ തകരാറുകളും പരാമര്‍ശിച്ചപ്പോള്‍തന്നെ, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് നോക്കുവാനും അവരെ ക്ഷണിക്കുന്നു. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും അവരുടെ വാദങ്ങള്‍ക്കെതിരെ തെളിവ് നല്‍കാനും വേണ്ടിയാണത്.
أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍ
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. (ഖുർആൻ:50/6)
എല്ലാ വശങ്ങളും സമമായ ഒരു കമാനം പോലെ കെട്ടുറപ്പുള്ള നിര്‍മിതിയാണ് ആകാശത്തിന്റേത്. പിന്‍വാങ്ങിപ്പോകുന്ന സഞ്ചരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയുമായ നക്ഷത്രങ്ങളെക്കൊണ്ട് ആകാശത്തെ അലങ്കരിച്ചു. ഒരു ചക്രവാളത്തില്‍നിന്ന് അടുത്ത ചക്രവാളത്തിലേക്ക് വളരെ ഭംഗിയോടെയും മോഡിയോടെയും അവ സഞ്ചരിക്കുന്നു. അതില്‍ ഒരു ന്യൂനതയോ, വിടവോ, തകരാറോ ഒന്നും കാണപ്പെടുകയില്ല. ഭൂവാസികള്‍ക്ക് ആകാശത്തെ അല്ലാഹു ഒരു മേല്‍ക്കൂരയാക്കി. അവര്‍ക്കാവശ്യമുള്ള എല്ലാ നന്മകളും അതിലവന്‍ വേണ്ടതുപോലെ ഒരുക്കിവെക്കുകയും ചെയ്തു.
وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجِۭ بَهِيجٍ
ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:50/7)
നാം എങ്ങനെയാണ് ഭൂമിയെ വികസിപ്പിക്കുകയും വിശാലമാക്കുകയും എല്ലാ ജീവികള്‍ക്കും അതില്‍ ശാന്തമായി അടങ്ങാനും പറ്റിയ രൂപത്തിലും എല്ലാ നന്മകള്‍ക്കും ഉപകരിക്കത്തക്കവിധത്തിലും ആക്കിയതെന്നും ചിന്തിക്കുന്നില്ലേ?
ഭൂമി കുലുങ്ങുകയോ വിറക്കുകയോ ചെയ്യാതിരിക്കാന്‍ അതില്‍ പര്‍വതങ്ങളെ ഉറപ്പിച്ചതിനെക്കുറിച്ചും അവര്‍ ചിന്തിക്കുന്നില്ലേ?
കാഴ്ചക്കാരനെ സന്തോഷിപ്പിക്കുന്ന, നോക്കുന്നവരെ വിസ്മയിപ്പിക്കുന്ന എല്ലാതരം ചെടികളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യനും മൃഗങ്ങള്‍ക്കും പ്രയോജനത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ളത്. അവ നോക്കുന്നവന്റെ കണ്ണിനെ കുളിര്‍പ്പിക്കും.
تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ
(സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. (ഖുർആൻ:50/8)
وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَٰرَكًا فَأَنۢبَتْنَا بِهِۦ جَنَّٰتٍ وَحَبَّ ٱلْحَصِيدِ ﴿٩﴾ وَٱلنَّخْلَ بَاسِقَٰتٍ لَّهَا طَلْعٌ نَّضِيدٌ ﴿١٠﴾ رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ ﴿١١﴾
ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്. (ഖുർആൻ:50/8-11)
രുചികരമായ പഴങ്ങള്‍ നിറഞ്ഞ ഉപകാരപ്രദമായ തോട്ടങ്ങളില്‍ മുന്തിരി, റുമ്മാന്‍, ഓറഞ്ച്, ആപ്പിള്‍ മുതലായ എല്ലാ ഇനം പഴങ്ങളുമുള്ളതില്‍ ചിലത് അല്ലാഹു പ്രത്യേകമായി പറഞ്ഞു. ഉയരമുള്ള ഈത്തപ്പന, അതിന്റെ ഉപകാരം നീണ്ടുനില്‍ക്കുന്നതും അത് അധികം മരങ്ങള്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത അത്ര ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നതുമാണ്. അതിന്റെ അടുക്കടുക്കായ കുലകളില്‍നിന്നും അടിമകള്‍ക്കുള്ള ഭക്ഷണമുണ്ട്.
അപ്രകാരം മഴയില്‍നിന്നും അല്ലാഹു ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിന്റെ ഫലം ഭൂമുഖത്ത് നദികളിലും താഴെ ധാന്യങ്ങളാലുമുണ്ട്. ഗോതമ്പ് ബാര്‍ലി, ചോളം നെല്ല്, മുതലായവ കൊയ്‌തെടുക്കുന്ന കൃഷികള്‍. ഇവയെക്കുറിച്ച് ചിന്തിക്കാനും അജ്ഞതയുടെ അന്ധതയില്‍നിന്നും ഉള്‍ക്കാഴ്ച ലഭിക്കാനും ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന ബോധമുണ്ടാകാനും കഴിയണം.
ചുരുക്കിപ്പറഞ്ഞാല്‍
▪️ സൃഷ്ടികളിലുള്ള ഭംഗിയും ശക്തിയും ബലവുമെല്ലാം അല്ലാഹുവിന്റെ കഴിവിന്റെ പൂര്‍ണതയ്ക്കുള്ള തെളിവാണ്.
▪️ അല്ലാഹു ഏറ്റവും നല്ല യുക്തിമാനാണെന്നതിന്റെ തെളിവാണ് സൃഷ്ടിപ്പില്‍ കാണുന്ന ഭംഗിയും സുദൃഢതയും പുതുമയുമെല്ലാം.
▪️ തീര്‍ച്ചയായും അവനെല്ലാം അറിയുന്നവനുമാകുന്നു.
▪️ സൃഷ്ടിപ്പില്‍ അടിമകള്‍ക്ക് ലഭിക്കുന്ന നന്മകളും പ്രയോജനങ്ങളും എല്ലാറ്റിലും വിശാലമായ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ തെളിവാണ്, എല്ലാ ജീവനുള്ളവയിലും വ്യാപകമായ അവന്റെ ഔദാര്യവും
▪️ സൃഷ്ടിപ്പിന്റെ ദൗത്യവും നൂതനമായ വ്യവസ്ഥാപിതത്വവും തെളിയിക്കുന്നത് സന്താനങ്ങളെയോ സഹധര്‍മിണിയെയോ സ്വീകരിച്ചിട്ടില്ലാത്ത പരാശ്രയമുക്തനായ ഏകനും ഒരുവനുമാണ് അല്ലാഹു എന്നതാണ്.
▪️ അവന് തുല്യനായി ഒരാളും ഇല്ലെന്നതും.
▪️ അവന്നല്ലാതെ സ്‌നേഹവും വിധേയത്വവും ആരാധനയും പാടില്ലെന്ന് കൂടിയാണ്.
▪️ നിര്‍ജീവമായതിനുശേഷം ഭൂമിയെ ജീവിപ്പിക്കുന്നതില്‍, മരണശേഷം പ്രതിഫലം നല്‍കാന്‍ വേണ്ടി മരിച്ചവരെ ജീവിപ്പിക്കുമെന്നതിന്റെ തെളിവുണ്ട്.
അവലംബം : തഫ്സീറുസ്സഅ്ദി