കാലുറകൾ, തലപ്പാവ്, ബാൻഡേജ് എന്നിവയിൽ തടവൽ

THADHKIRAH

തോലുകൊണ്ടോ മറ്റോ ഉള്ളതും കാലിൽ ധരിക്കപ്പെടുന്നതുമാണ് ‘ഖുഫ്ഫ.’ അതിന്റെ ബഹുവചനമാണ് ‘ഖിഫാഫ്.’ രോമംകൊണ്ടോ മറ്റോ ഉള്ള, കാലുകളിൽ ധരിക്കപ്പെടുന്ന എല്ലാ കാലുറകളും ഖുഫ്ഫയിൽ പെടും.

മതവിധിയും തെളിവുകളും

അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ഏകാഭിപ്രായത്തിൽ ഖുഫ്ഫയിൽ തടവൽ അനുവദനീയമാണ്. ദാസന്മാക്കു ലഘൂകരണമായിക്കൊണ്ടും ക്ലേശത്തിനും പ്രയാസത്തിനും ദൂരീകരണമായിക്കൊണ്ടും അല്ലാഹുവിൽനിന്നുള്ള ഇളവാകുന്നു അത്. തിരുസുന്നത്തും ഇജ്മാഉം ഖുഫ്ഫയിൽ തടവൽ അനുവദനീയമാണെന്നറിയിക്കുന്നു.

തിരുനബിﷺയുടെ പ്രവൃത്തിയായും കൽപനയായും ഇളവുനൽകിയതായും ഖുഫ്ഫയിൽ തടവുന്നതിനെ സ്ഥിരീകരിക്കുന്ന സ്വീകാര്യയോഗ്യമായ ഹദീസുകൾ ധാരാളം റിപ്പോർട്ടുകളിലൂടെ (മുതവാതിറായി) വന്നിരിക്കുന്നു.

قال الإمام أحمد رحمه الله: ليس في قلبي من المسح شيء، فيه أربعون حديثاً عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ .

ഇമാം അഹ്‌മദ് رحمه الله പറഞ്ഞു: ഖുഫ്ഫയിൽ തടവൽ അനുവദനീയമാണെന്നതിൽ ഒട്ടും സംശയം എന്റെ ഹൃദയത്തിലില്ല; ആ വിഷയത്തിൽ തിരുനബിയിൽനിന്ന് നാൽപതു ഹദീസുകൾ വന്നിരിക്കുന്നു.

قال الحسن البصري رحمه الله: حدثني سبعون من أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ أنه مسح على الخفين. ومن هذه الأحاديث: حديث جرير بن عبد الله قال: «رأيت رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ بال ثم توضأ ومسح على خفيه». قال الأعمش عن إبراهيم: كان يعجبهم هذا الحديث؛ لأن إسلام جرير كان بعد نزول المائدة- يعني آية الوضوء-.

ഹസനുൽബസ്വരി رحمه الله പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതർﷺ ഖുഫ്ഫയിൽ തടവിയതായി എഴുപത് സ്വഹാബികൾ എന്നോട് പറഞ്ഞിട്ടുണ്ട്. ജറീർ ഇബ്‌നു അബ്ദില്ലയിൽനിന്നുള്ള ഹദീസ് അതിലൊന്നാണ്. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതർ മൂത്രിച്ചശേഷം വുദൂഅ് ചെയ്ത് തന്റെ ഖുഫ്ഫയിൽ തടവുന്നത് ഞാൻ കണ്ടു.’ ഇബ്‌റാഹീം പറഞ്ഞതായി അഅ്മശ് പറയുന്നു: ‘സൂറത്തു മാഇദയിലെ വുദൂഇന്റെ ആയത്തിനു ശേഷമായിരുന്നു ജരീർ ഇബ്‌നു അബ്ദില്ലയുടെ ഇസ്‌ലാമാശ്ലേഷണം എന്നതിനാൽ ഈ ഹദീസ് അവരെ തൃപ്തിപ്പെടുത്തിയിരുന്നു.’

യാത്രയിലും നാട്ടിൽ താമസിക്കുന്ന വേളയിലും ഖുഫ്ഫയിൽ തടവൽ മതപരമാണെന്നതിൽ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിലെ പണ്ഡിതർ ഏകോപിച്ചിരിക്കുന്നു; തടവേണ്ടതായ ഒരു ആവശ്യമുണ്ടായാലും ഇല്ലെങ്കിലും ശരി.

തോലിനാലല്ലാത്ത, തുണികൊണ്ടോ മറ്റോ ഉള്ള, കാലിൽ ധരിക്കപ്പെടുന്ന ജൗറബുകളിലും തടവൽ അനുവദനീയമാകുന്നു. അതിനാണ് ഇന്നു ശുർറാബ് (സോക്‌സ്) എന്നു പറയുന്നത്. ജൗറബും ശുർറാബും പാദങ്ങൾക്ക് ഖുഫ്ഫപോലെ ആവശ്യമായവയാണ്. അവ രണ്ടിലും തടവാൻ ഇളവനുവദിച്ച കാരണവും ഒന്നാണ്. ഖുഫ്ഫയെക്കാൾ അവ ധരിക്കുന്നത് വ്യാപകമായിരിക്കുന്നു. അതിനാൽതന്നെ അവ നെരിയാണിവരെ പാദത്തെ മറയ്ക്കുന്നതാണെങ്കിൽ അവയിൽ തടവൽ അനുവദനീയമാകുന്നു.’’

തടവുന്നതിന്റെ നിബന്ധനകൾ

ഖുഫ്ഫയിലും അതിന്റെ സ്ഥാനമലങ്കരിക്കുന്ന പാദരക്ഷകളിലും തടവുന്നതിന്റെ ശർത്വുകൾ:

1. ശുദ്ധിയോടുകൂടി അവ ധരിക്കുക:

عَنْ مُغِيرَةَ ، قَالَ : كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ، فَأَهْوَيْتُ لأَنْزِعَ خُفَّيْهِ فَقَالَ ‏ “‏ دَعْهُمَا، فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ ‏”‏‏.‏ فَمَسَحَ عَلَيْهِمَا‏.‏

മുഗീറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു യാത്രയിൽ ഞാൻ തിരുനബിﷺയോടൊപ്പമായിരുന്നു. തിരുമേനിയുടെ ഖുഫ്ഫകൾ അഴിക്കുവാൻ ഞാൻ കുനിഞ്ഞു. അവിടുന്ന് പറഞ്ഞു: ‘അവയെ വിട്ടേക്കൂ. കാരണം ശുദ്ധിയോടെയാണ് ഞാൻ അവ ധരിച്ചിരിക്കുന്നത്.’ അനന്തരം നബിﷺ അതിന്മേൽ തടവി. (ബുഖാരി:206)

2. കാലിൽനിന്ന് നിർബന്ധമായും കഴുകേണ്ട ഭാഗം (നെരിയാണിവരെ) അവ മറച്ചിരിക്കണം.

3. അവ അനുവദനീയമായിരിക്കണം: അതിനാൽ തട്ടിയെടുത്തത്, മോഷ്ടിച്ചെടുത്തത്, പുരുഷനു പട്ടിനാലുള്ളത് എന്നിവയിൽ തടവൽ അനുവദനീയമല്ല. കാരണം അവ ധരിക്കൽ കുറ്റകരമാകുന്നു. അതിനാൽ അതിൽ ഇളവ് അനുവദിക്കപ്പെടുകയില്ല.

4. ഖുഫ്ഫ ശുദ്ധമായിരിക്കുക: അതിനാൽ കഴുതത്തോലിൽനിന്ന് എടുക്കപ്പെട്ടതുപോലുള്ള നജസായതിന്മേൽ തടവൽ അനുവദനീയമാകില്ല.

5. മതപരമായി നിജപ്പെടുത്തപ്പെട്ട കാലാവധിയിലായിരിക്കണം തടവൽ: അത് തദ്ദേശവാസിക്ക് ഒരു രാവും പകലും യാത്രക്കാരന് മൂന്നു പകലുകളും രാവുകളുമാകുന്നു.

ഖുഫ്ഫയിൽ തടവുന്നതിന്റെ സാധുതക്കായി തിരുചര്യകളിൽനിന്നും പൊതു തത്ത്വങ്ങളിൽനിന്നും പണ്ഡിതന്മാർ എത്തിച്ചേർന്ന അഞ്ച് ശർത്ത്വുകളാകുന്നു ഇവ. പാദരക്ഷകളിൽ തടവുമ്പോൾ ഇവ പരിഗണിക്കൽ അനിവാര്യമാണ്.

നേർത്തതോ നേരിയ രീതിയിൽ കീറിയതോ ആയ കാലുറകളിൽ തടവുന്നതിൽ കുഴപ്പമില്ല. തടവൽ അനുവദനീയമാണെന്ന വിഷയത്തിൽ വന്ന തെളിവുകളുള്ളതിനാലും പാദരക്ഷകൾ അഴിക്കുന്നതിൽ ക്ലേശമുണ്ടെന്നതിനാലുമാണത്.

തടവുന്നതിന്റെ രൂപവും രീതിയും

തടവൽ നിയമമാക്കപ്പെട്ട സ്ഥാനം ഖുഫ്ഫയുടെ ഉപരിഭാഗമാണ്. തടവുക എന്നു പറയപ്പെടാവുന്നത്രയാണ് തടവൽ നിർബന്ധമായത്. ഖുഫ്ഫയുടെ മേൽഭാഗത്തിന്റെ കൂടുതലും തടവുകയെന്നതാണ് അതിന്റെ രീതി. അല്ലാഹുവിന്റെ തിരുദൂതർﷺ വുദ്വൂഇൽ തന്റെ ഖുഫ്ഫയിൽ തടവിയ രീതി വ്യക്തമാക്കുന്ന, മുഗീറതുബ്‌നുബ്‌നു ശുഅ്ബ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ ഇപ്രകാരമുണ്ട്:

رأيتُ النَّبيَّ صلَّى اللَّهُ عليهِ وسلَّمَ يمسَحُ على الخفَّينِ : على ظاهرِهِما

അല്ലാഹുവിന്റെ റസൂൽﷺ ഖുഫ്ഫകളിൽ തടവുന്നതു ഞാൻ കണ്ടു; അവയുടെ മേൽഭാഗങ്ങളിൽ. (തിര്‍മിദി)

ഖുഫ്ഫയുടെ അടിഭാഗത്തും മടമ്പിൻഭാഗത്തും തടവൽ അനുവദനീയമോ സുന്നത്തോ അല്ല.

عَنْ عَلِيٍّ، – رضى الله عنه – قَالَ لَوْ كَانَ الدِّينُ بِالرَّأْىِ لَكَانَ أَسْفَلُ الْخُفِّ أَوْلَى بِالْمَسْحِ مِنْ أَعْلاَهُ وَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَمْسَحُ عَلَى ظَاهِرِ خُفَّيْهِ ‏.‏

അലിയ്യ് رضى الله عنه പറഞ്ഞു: ദീൻ യുക്തിക്കനുസൃതമായിരുന്നെങ്കിൽ ഖുഫ്ഫയുടെ അടിഭാഗമായിരുന്നു മുകൾ ഭാഗത്തെക്കാൾ തടവാൻ കൂടുതൽ യോജിച്ചത്. തിരുനബിﷺ തന്റെ ഖുഫ്ഫയുടെ പുറംഭാഗത്ത് തടവുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. (അബൂദാവൂദ്:162)

പുറംഭാഗവും അടിഭാഗവും ഒന്നിച്ചു തടവുന്നത് കറാഹത്താണെങ്കിലും തടവിയത് സാധുവാകുന്നതാണ്.

തടവുന്നതിന്റെ സമയപരിധി

തദ്ദേശവാസിക്കും ക്വസ്‌റാക്കി നമസ്‌കരിക്കുവാൻ അനുവാദമില്ലാത്ത ദൂരപരിധിയിൽ യാത്ര ചെയ്യുന്നവന്നും ഖുഫ്ഫകളിൽ തടവുന്നതിന്റെ സമയപരിധി ഒരു രാവും ഒരു പകലുമാകുന്നു. നമസ്‌കാരം ക്വസ്വ്‌റാക്കുവാൻ അനുവദിക്കപ്പെടുമാറ് ദൂരയാത്ര ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം മൂന്നു രാപ്പകലുകളുമാകുന്നു. അലിയ്യ് رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

جَعَلَ رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَةَ أَيَّامٍ وَلَيَالِيَهُنَّ لِلْمُسَافِرِ وَيَوْمًا وَلَيْلَةً لِلْمُقِيمِ ‏

തിരുനബിﷺ (ഖുഫ്ഫകളിൽ തടവുന്നതിന്റെ സമയപരിധി) യാത്രക്കാരനു മൂന്ന് രാപകലുകളും തദ്ദേശവാസിക്ക് ഒരു രാവും പകലും നിശ്ചയിച്ചിരിക്കുന്നു. (മുസ്ലിം)

അസാധുവാക്കുന്ന കാര്യങ്ങൾ

താഴെവരുന്ന കാര്യങ്ങൾകൊണ്ട് ഖുഫ്ഫകളിൽ തടവുന്നത് ബാത്വിലാകും:

1. കുളിയെ നിർബന്ധമാക്കുന്ന കാര്യങ്ങളുണ്ടായാൽ തടവുന്നത് അസാധുവാകും.

സ്വഫ്‌വാൻ ഇബ്‌നുസ്സാലി رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

كان النبي صلى الله عليه وسلم يأمرُنا إذا كنا سفرًا ألا ننزِعَ خِفافَنا ثلاثة أيام ولياليهنَّ إلا مِن جَنابة،

യാത്രയിലാണെങ്കിൽ മൂന്നു പകലും രാത്രിയും ഞങ്ങളുടെ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് തിരുനബിﷺ ഞങ്ങളോട് നിർദേശിക്കാറുണ്ടായിരുന്നു; ജനാബത്തുണ്ടായാലല്ലാതെ. (അഹ്മദ്, നസാഇ, തിര്‍മിദി)

2. പാദത്തിന്റെ ചില ഭാഗങ്ങൾ വെളിവായാൽ തടവൽ അസാധുവായി.

3. ഖുഫ്ഫകൾ അഴിച്ചാൽ തടവൽ അസാധുവായി. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായ പ്രകാരം രണ്ടിലൊരു ഖുഫ്ഫ അഴിച്ചാലും അവ രണ്ടും അഴിച്ചതുപോലെയാണ്.

4. തടവാനുള്ള സമയപരിധി തീരൽ: കാരണം നിയാമകനായ അല്ലാഹുവിൽനിന്നുള്ള നിശ്ചിതമായ സമയത്തിൽ ബന്ധിതമാണ് ഖുഫ്ഫയിൽ തടവൽ. അതിനാൽതന്നെ അംഗീകരിക്കപ്പെട്ട കാലപരിധിയെക്കാൾ അധികമാക്കൽ അനുവദനീയമല്ല. സമയപരിധിയെ അറിയിക്കുന്ന ഹദീസുകൾ അതാണല്ലോ മനസ്സിലാക്കിത്തരുന്നത്.

തടവാനുള്ള സമയത്തിന്റെ തുടക്കം

പാദരക്ഷ ധരിച്ചതിൽപിന്നെ അശുദ്ധിയുണ്ടായ ശേഷം (ശുദ്ധി വരുത്തി) ആദ്യമായി അതിൽ തടവുന്നത് മുതലാണ് സമയം തുടങ്ങുന്നത്. ഒരു വ്യക്തി സ്വുബ്ഹി നമസ്‌കാരത്തിനു വുദൂഅ് ചെയ്തു ഖുഫ്ഫ ധരിച്ചു. സൂര്യോദയത്തിനുശേഷം അയാൾക്ക് വുദൂഅ് നഷ്ടമായി. അയാൾ വുദൂഅ് ചെയ്തില്ല. പിന്നീട് ദ്വുഹ്ർ നമസ്‌കാരത്തിനു മുമ്പാണ് അയാൾ വുദൂഅ് ചെയ്യുന്നത്. അപ്പോൾ ദ്വുഹ്ർ നമസ്‌കാരത്തിനു മുമ്പ് വുദൂഅ് ചെയ്തതു മുതലാണ് സമയം തുടങ്ങുന്നത്. സൂര്യോദയവേളയിൽ അശുദ്ധിയുണ്ടായ സമയം മുതലാണ് തടവാനുള്ള സമയം തുടങ്ങുന്നതെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജബീറയിലും തലപ്പാവിലും മുഖമക്കനയിലും തടവൽ

ശരീരത്തിലേൽക്കുന്ന മുറിവുകൾ കൂടുവാനും ശരിപ്പെടുവാനും ബന്ധിക്കപ്പെടുന്ന കോലുകളും അതുപോലെ ബാൻഡേജ് പോലുള്ളവയുമാണ് ‘ജബീറ.’ അതിന്മേൽ തടവാവുന്നതാണ്. ഇപ്രകാരം മുറിവുകളിൽ വെക്കപ്പെടുന്ന പ്ലാസ്റ്ററുകൾ, ബാൻഡേജുകൾ എന്നിവയിലും തടവാവുന്നതാണ്. ആവശ്യത്തിന്റെ അളവനുസരിച്ചെന്ന നിബന്ധനയോടെ ഇവകളിലെല്ലാം തടവാം. ഇവ ആവശ്യമായ അളവിനെ മറികടന്നിട്ടുണ്ടെങ്കിൽ അധികമായത് അഴിച്ചുമാറ്റൽ അനിവാര്യമാണ്.

വിലിയഅശുദ്ധിയിൽനിന്നും ചെറിയഅശുദ്ധിയിൽനിന്നും ശുദ്ധിയാകുവാൻ അവയിൽ തടവൽ അനുവദനീയമാണ്. അതിനു സമയപരിധിയില്ല. പ്രത്യുത അത് അഴിച്ചുമാറ്റുന്നതുവരേക്കും അല്ലെങ്കിൽ അസുഖം ഭേദപ്പെടുന്നതുവരേക്കും തടവാവുന്നതാണ്. ജബീറയിൽ തടവൽ നിർബന്ധാവസ്ഥയാണ്. നിർബന്ധാവസ്ഥയാകട്ടെ അതിന്റെ അളവനുസരിച്ച് കണക്കാക്കപ്പെടണം. അതിൽ വലിയഅശുദ്ധി, ചെറിയഅശുദ്ധി എന്നീ വ്യത്യാസങ്ങളില്ല. ഈ തത്ത്വമാണ് ജബീറയിൽ തടവുന്നതിന്റെ തെളിവ്.

ഇപ്രകാരം അമാമയിലും (തലപ്പാവ്) തടവൽ അനുവദനീയമാകുന്നു. തല മുഴുവനും ചുറ്റിക്കെട്ടുന്നതാണ് അമാമ. മുഗീറതുബ്‌നു ശുഅ്ബ رضى الله عنه യിൽ നിന്നുള്ള ഹദീസാണ് ഈ വിഷയത്തിൽ തെളിവ്:

 أن النبي صلى الله عليه وسلم مسح على عمامته وعلى الناصية والخفين

തിരുനബിﷺ തന്റെ തലപ്പാവിന്മേലും മൂർദ്ധാവിന്മേലും ഖുഫ്ഫകളിലും തടവി. (മുസ്ലിം)

أنه مسح على الخفين والخمار

തിരുദൂതർﷺ ഖുഫ്ഫയിന്മേലും തലപ്പാവിന്മേലും തടവി. (മുസ്ലിം)

ഇവയിൽ തടവാൻ ഒരു നിശ്ചിത സമയപരിധിയില്ല. എന്നാൽ ഒരാൾ സൂക്ഷ്മതയുടെ ഭാഗമായി ശുദ്ധിയുടെ അവസ്ഥയിൽ അവ ധരിക്കുകയും ഖുഫ്ഫയിന്മേൽ തടവുന്ന സമയപരിധിയിൽ അവയുടെ മേൽ തടവുകയുമായാൽ അതു നല്ലതാണ്.

സ്ത്രീയുടെ തല മറയ്ക്കുന്നവിധത്തിലുള്ള ശിരോവസ്ത്രത്തിന്മേൽ തടവാതിരിക്കലാണ് ഉത്തമം. എന്നാൽ അത് അഴിക്കുന്നതിൽ വല്ല പ്രയാസവുമുണ്ടാവുകയോ തലയിൽ രോഗമോ മറ്റോ ഉണ്ടാവുകയോ ആയാൽ അതിന്മേൽ തടവാം. തലയിൽ മൈലാഞ്ചി പോലുള്ളത് തേച്ചുപിടിപ്പിച്ചതാണെങ്കിലും അതിന്മേൽ തടവൽ അനുവദനീയമാണ്. തിരുനബിയുടെ ചര്യ ആ വിഷയത്തിലുണ്ട്.

ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

Leave a Reply

Your email address will not be published.

Similar Posts