മുശ്രിക്കുകളുടെ ഉപദ്രവത്തെ തുടര്‍ന്ന് മക്കയിൽ നിന്നും ഹിജ്റ ചെയ്ത് മദീനയിലെത്തിയ മുഹമ്മദ് നബി ﷺ ക്കും സ്വഹാബികൾക്കും മദീനയില്‍ പുതുതായി നേരിടേണ്ടി വന്നത് വേദക്കാരായ യഹൂദരെയും, ക്രിസ്ത്യാനികളെയുമായിരുന്നു.
തൗറാത്തിന്റെയും മൂസാ നബി عليه السلام യുടെയും അനുയായികളാണ് യഹൂദികള്‍, അഥവാ ജൂതന്മാര്. തൗറാത്തിന്റെ അധ്യാപനങ്ങളും അവരും തമ്മിലുള്ള ബന്ധം നാമമാത്രമായി അവശേഷിച്ചിരിക്കുകയായിരുന്നു. അതിന്റെ അധ്യാപനങ്ങള്‍ മാത്രമല്ല, അതിലെ വചനങ്ങള്‍ പോലും അവരുടെ കൈകടത്തലിനു പാത്രമായിരുന്നു. പ്രവാചകത്വവും, പരലോക മോക്ഷവും അവരുടെ കുത്തകാവകാശമായി അവര്‍ വാദിച്ചിരുന്നു. കവിഞ്ഞ പക്ഷം ഒരു ജൂതന് 40 ദിവസത്തിലധികം നരകത്തില്‍ താമസിക്കേണ്ടി വരികയില്ലെന്നും, തങ്ങള്‍ ദൈവസന്താനങ്ങളും അവന്റെ ഇഷ്ടക്കാരുമാണെന്നുമായിരുന്നു അവരുടെ വാദം. പ്രവാചകന്മാരില് അധികപേരും ഇസ്റാഈല്യരില്‍ നിന്നാണെന്ന വസ്തുത അവരുടെ ധാരണക്കു ശക്തികൂട്ടി. മൂസാ നബി عليه السلام ക്കു ശേഷം അവരില്‍ കഴിഞ്ഞുപോയ ദീര്‍ഘമായ കാലഘട്ടത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടെയിരുന്ന ആ ദുഷ്ചെയ്തികള്‍ മറ്റേതൊരു സമുദായത്തെക്കാളും അവരെ അധഃപതിപ്പിച്ചു കളഞ്ഞു.
ദൈവവാക്യങ്ങളെക്കാളും അവര്‍ പ്രാധാന്യം കല്പിച്ചുവന്നത് അവരിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കാണ്. പണ്ഡിതന്മാരാകട്ടെ, സ്വാര്‍ത്ഥത്തിനും, കാര്യലാഭത്തിനും വേണ്ടി എന്തു ചെയ്വാനും മടിയില്ലാത്തവണ്ണം ദുഷിച്ചുപോയിരുന്നു. വാസ്തവത്തില്‍ ഈസാ നബി عليه السلام യില്‍ യഹൂദര്‍ വിശ്വസിക്കാതിരുന്നതുതന്നെ, പണ്ഡിതവര്‍ഗത്തിന്റെ ദുഷ്പ്രേരണകള്‍ മൂലമായിരുന്നു. വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ മാറ്റിമറിച്ചും, അതിന്റെ പേരില്‍ കളവ് കെട്ടിച്ചമച്ചും, ജനഹിതമനുസരിച്ച് മത വിധികളുണ്ടാക്കിയും അവര്‍ മുതലെടുത്തു കൊണ്ടിരിക്കുയായിരുന്നു.
മുന്‍വേദങ്ങളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഗ്രന്ഥമാണ് തൗറാത്ത്. കര്‍മപരമായ ജീവിത ക്രമങ്ങളും, അനുഷ്ഠാന മുറകളും അതില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. നിയമസംഹിത എന്നനിലക്ക് ഈസാ നബി عليه السلام യും അനുയായികളും ആ ഗ്രന്ഥം അംഗീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നു. ആകയാല്‍ ഇനിയൊരു പ്രവാചകനും വേദഗ്രന്ഥവും ആവശ്യമില്ലെന്നാണ് യഹൂദികള്‍ ധരിച്ചുവശായിരുന്നത്. എന്നാല്‍ അക്കാലത്തേക്കും ആ ജനതക്കും വേണ്ടിയുള്ളതായിരുന്നു ആ നിയമസംഹിതയെന്നും, കാലാവസാനംവരെയുളള സകല ജനവിഭാഗങ്ങള്‍ക്കും പറ്റിയ മറ്റൊരു പരിപൂര്‍ണ നിയമസംഹിത ആവശ്യമായിരുന്നുവെന്നും, അതാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും അവര്‍ മനസ്സിലാക്കിയില്ല. അഥവാ ഈ പരമാര്‍ത്ഥം സമ്മതിക്കുവാന്‍ അവര്‍ തയ്യാറായില്ല ഖുര്‍ആനാണെങ്കില്‍ തൗറാത്തിനെ ഒരിക്കലും നിഷേധിക്കുകയല്ല – അതിനെ സത്യപ്പെടുത്തുകയും, ബലപ്പെടുത്തുകയുമാണ് – ചെയ്യുന്നത്. പക്ഷേ, താല്‍കാലികങ്ങളായിരുന്ന അതിലെ ചില നിയമങ്ങളെ പരിഷ്കരിക്കുകയും, പോരാത്തത് കൂട്ടിചേര്‍ക്കുകയും ചെയ്തുകൊണ്ടുള്ള ഒരു പരിപൂര്‍ണ നിയമ സംഹിത ലോകത്തിന് പ്രദാനം ചെയ്തിരിക്കുകയാണ് ഖുര്‍ആന്‍. തൗറാത്തിലെ പല നിയമങ്ങളും, തത്വങ്ങളും അത് അതേപോലെ സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്.
മേല്പറഞ്ഞതിനു പുറമെ, മുഹമ്മദ് നബി നബി ﷺ, ഇസ്മാഈല്‍ നബി عليه السلام യുടെ സന്താന പരമ്പരയില്‍ ജനിച്ച ആളായതും – അവരുടെ വര്‍ഗ പിതാവായ ഇസ്ഹാക്വ് നബി عليه السلام യുടെ സന്താനപരമ്പരയില്‍പെട്ട ആളല്ലാതിരുന്നതും – നബി ﷺ യില്‍ വിശ്വസിക്കുന്നതുമൂലം തങ്ങളുടെ -അടിസ്ഥാനരഹിതങ്ങളായ- പാരമ്പര്യ നടപടികള്‍ക്കും, നേതൃത്വങ്ങള്‍ക്കും കോട്ടം തട്ടുമെന്ന ഭയവും നബി ﷺ യെ നിഷേധിക്കുവാന്‍ യഹൂദന്മാരെ പ്രേരിപ്പിച്ചു. ഈ നിഷേധത്തെ ന്യായീകരിക്കാന്‍ വേണ്ടി, തൗറാത്തിന്റെ പല ഭാഗങ്ങളും അവര്‍ പൂഴ്ത്തിവെക്കുകയും, ദുര്‍വ്യാഖ്യാനം നടത്തു കയും ചെയ്തു. നബി ﷺ യുടെ ആഗമനത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളും സൂചനകളുമാണ് ഇതിന് കൂടുതല്‍ ഇരയായത്.
കാലക്രമേണ ഈസാ നബി عليه السلام യുടെ അനുയായികളും സത്യമാര്‍ഗത്തിൽ നിന്നും വ്യതിചലിച്ചു. ഈസാ നബി عليه السلام ക്ക് അവര്‍ ദിവ്യത്വവും ദൈവത്വവും കല്പ്പിച്ചു. ഇതുവഴി, അല്ലാഹുവിന്റെ പരമപരിശുദ്ധവും, സൃഷ്ടികളുമായി തെല്ലും സാമ്യമില്ലാത്തതുമായ ഉല്‍കൃഷ്ട ഗുണങ്ങളെ കളങ്കപ്പെടുത്തുകയും, അല്ലാഹുവിനെ സൃഷ്ടിസമാനമാക്കുകയും ചെയ്തു. അവരാണ് ക്രിസ്ത്യാനികൾ.
ക്രിസ്തു മതത്തിന്റെ പ്രധാന സിദ്ധാന്തം ത്രിയേകത്വ സിദ്ധാന്തമാകുന്നു. അതായത് പിതാവും (ദൈവവും), പുത്രനും (ഈസായും) പരിശുദ്ധാത്മാവും (ജിബ്രീലും) ചേര്‍ന്നതാണ് സാക്ഷാല്‍ ദൈവം. മൂന്നും കൂടി ഒന്നാണുതാനും എന്നിങ്ങനെയുള്ള വിശ്വാസം. ഇതനുസരിച്ച് ഈസാ عليه السلام മനുഷ്യനാണെങ്കിലും അതേസമയം തന്നെ അദ്ദേഹം ദൈവപുത്രനുമാണ്. മറ്റൊരു നിലക്ക് സാക്ഷാല്‍ ദൈവവും. ഇതാണ് അവരുടെ വാദം. ഇന്‍ജീലിന്റെ ചില പ്രയോഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും, ഇന്‍ജീലുകളെന്ന (സുവിശേഷങ്ങളെന്ന) പേരില്‍ പില്കാലത്തു എഴുതിയുണ്ടാക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ ആസ്പദമാക്കിയും ഇവര്‍ ഈ വാദത്തെ ന്യായീകരിക്കുന്നു. ഈസാ നബി عليه السلام യിലുള്ള വിശ്വാസം ഇവരില്‍ അതിരു കവിഞ്ഞുപോയിരിക്കുകയാണെന്ന് വ്യക്തമാണ്. ഈ ക്രിസ്തീയ മൂല സിദ്ധാന്തം അംഗീകരിക്കുന്നതിനു പകരം അങ്ങേയറ്റം ആക്ഷേപിക്കുകയാണല്ലോ ക്വുര്‍ആന്‍ ചെയ്തത്. അതുകൊണ്ടും, മുഹമ്മദ് നബി ﷺ ഇസ്റാഈല്‍ വര്‍ഗത്തില്‍പ്പെട്ട ആളല്ലാത്തതുകൊണ്ടും ക്രിസ്ത്യാനികളും ക്വുര്‍ആന്റെ വൈരികളായി. തൗറാത്തിലെ പ്രവചനങ്ങളെപ്പറ്റി യഹൂദര്‍ ചെയ്തതുപോലെത്തന്നെ നബി ﷺ യുടെ വരവിനെക്കുറിച്ച് ഇന്‍ജീലിലുള്ള പ്രവചനങ്ങളെ ഇരുവിഭാഗവും അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിയടഞ്ഞു.
തോന്നിയവാസത്തിലും ദുര്‍നടപ്പിലും ദീര്‍ഘകാല പാരമ്പര്യം യഹൂദര്ക്കായിരുന്നതുകൊണ്ട് ക്വുര്‍ആനിനോടുള്ള ശത്രുതയില്‍ കൂടുതല്‍ കാഠിന്യം പ്രത്യക്ഷ പ്പെട്ടിരുന്നതും അവരില്‍നിന്നായിരുന്നു. ഈ വസ്തുത ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ
ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം. (ഖു൪ആന്‍:5/82)
മുഹമ്മദ് നബി ﷺപ്രവാചകനാണെന്നും അവിടുത്തെ മാർഗമാണ് സത്യമെന്നും അവിടുന്ന് കൊണ്ട് വരുന്നതെല്ലാം യഥാര്‍ത്ഥമാണെന്നും ജൂതൻമാര്ക്കും ക്രിസ്ത്യാനികൾക്കും അറിയാമായിരുന്നു.
ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. (ഖു൪ആന്‍:2/146)
അവര്‍ക്ക് യാഥാര്‍ത്ഥ്യം വ്യക്തമായതിന് ശേഷവും, അവരുടെ മനസ്സുകളിലുള്ള അസൂയ കാരണമാണ് അവർ നബിﷺയെ കളവാക്കിയത്.
وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:2/109)