അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നു

THADHKIRAH

ഇന്നയിന്ന മൃഗങ്ങളുടെ മാംസം ഭക്ഷിക്കൽ അനുവദനീയമല്ലെന്നും അനുവദനീയമായവതന്നെ ഇന്ന സമയത്ത് പാടില്ലെന്നും വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അറിയിച്ചതിന് ശേഷം അല്ലാഹു പറഞ്ഞ കാര്യമാണ് “അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നു” എന്നത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ

സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്‌) നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്‌, മാട്‌, ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്‌. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നു. (ഖുർആൻ:5/1)

സര്‍വതന്ത്ര സ്വതന്ത്രനായ വിധികര്‍ത്താവും നിയമ നിര്‍മ്മാതാവുമാണ് അല്ലാഹു. ഇച്ഛിക്കുംപോലെ വിധി കല്‍പിക്കാന്‍ അവന് സ്വാതന്ത്ര്യവും അധികാരവുമുണ്ട്. അവന്റെ വിധിവിലക്കുകളെ ഗുണദോഷിക്കാനും വിമര്‍ശിക്കാനും അടിമകള്‍ക്കവകാശമില്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെല്ലാം പൊതുതാല്‍പര്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും സത്യവിശ്വാസിയായ അടിമ തനിക്ക് യുക്തമെന്ന് തോന്നിയതുകൊണ്ടോ പൊതുതാല്‍പര്യത്തിന് അനുഗുണമെന്ന് മനസ്സിലായതുകൊണ്ടോ അല്ല അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നത്; പ്രത്യുത, അല്ലാഹുവിന്റെ കല്‍പനയെന്ന നിലയ്ക്ക് മാത്രമാണ്. അല്ലാഹു ഒന്ന് നിയമവിരുദ്ധമാക്കിയാല്‍, അവന്‍ നിയമവിരുദ്ധമാക്കിയതുകൊണ്ടുതന്നെ അത് നിയമവിരുദ്ധമാവുന്നു. അതേപ്രകാരം അല്ലാഹു ഒന്ന് നിയമവിധേയമാക്കിയാല്‍ അത് നിയമവിധേയമാകുന്നതും മറ്റൊരടിസ്ഥാനത്തിലല്ല. അല്ലാഹുവാണ് സകല വസ്തുക്കളുടെയും ഉടമസ്ഥന്‍. അവന്‍ തന്റെ അടിമകള്‍ക്ക് ചിലത് അനുവദിക്കുന്നു; ചിലത് നിരോധിക്കുന്നു. ഇതാണ് ഹലാല്‍ – ഹറാമുകളുടെ അടിസ്ഥാനം.

إِنَّ اللَّهَ يَحْكُمُ مَا يُرِيدُ (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു വിധിക്കും) എന്ന വാക്യം വളരെ അര്‍ത്ഥവത്തും ശ്രദ്ധേയവുമാകുന്നു. യുക്തി താല്‍പര്യങ്ങളെയോ മറ്റോ അടിസ്ഥാനമാക്കികൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകളിലും നിയമനിര്‍ദ്ദേശങ്ങളിലും വിമര്‍ശനം നടത്തുന്ന ആളുകള്‍ ഇതുപോലെയുള്ള ക്വുര്‍ആന്‍ വാക്യങ്ങള്‍ പ്രത്യേകം ഓര്‍മ്മ വെക്കേണ്ടതാകുന്നു. ഇന്നിന്ന കാര്യം എന്തുകൊണ്ടു വിരോധിച്ചു, അല്ലെങ്കില്‍ കല്‍പിച്ചു, എന്തു കൊണ്ടു ഇന്നിന്ന പ്രകാരം നിയമിച്ചില്ല എന്നൊന്നും ആര്‍ക്കും ചോദ്യം ചെയ്‌വാന്‍ അവകാശമില്ലെന്നാണതു കുറിക്കുന്നതു. അഖിലാണ്ഡ വസ്തുക്കളും അവന്റേതാണ്. അവയുടെ നിയന്ത്രണാധികാരവും അവനു തന്നെ. ചെറുതും വലുതുമെന്നോ, ഭൂത -വര്‍ത്തമാന- ഭാവിയെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യവും അറിയുന്നവനാണവന്‍. മനുഷ്യന്‍ എത്ര തന്നെ പുരോഗമിച്ചാലും അവന്‍ സര്‍വ്വജ്ഞനോ, ഭാവിയെക്കുറിച്ചു അറിയുന്നവനോ ആകുന്നതല്ല. മനുഷ്യരുടെ പൊതുനന്മ ഏതിലാണെന്നുള്ള സൂക്ഷ്മജ്ഞാനവും അല്ലാഹുവിനു മാത്രമേയുള്ളൂ. എന്നിരിക്കെ, അല്ലാഹുവിന്റെ വിധി നിയമങ്ങളെക്കുറിച്ചു ചോദ്യം ചെയ്‌വാന്‍ മനുഷ്യനു എന്താണു അര്‍ഹതയുള്ളതു?! അല്ലാഹു എന്തു കല്‍പിച്ചുവോ, എന്തു വിരോധിച്ചുവോ അതിലായിരിക്കും – അതില്‍ മാത്രമായിരിക്കും – നീതിയും യുക്തിയും, മനുഷ്യന്റെ നന്മയും അതില്‍ തന്നെയായിരിക്കും – നിശ്ചയം. അതിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ ശ്രമിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 5/1 ന്റെ വിശദീകരണം)

അല്ലാഹു ലോകങ്ങളുടെ സ്രഷ്ടാവാണ്. അവയുടെ രക്ഷാധികാരിയാണ്. പരിപൂർണ്ണമായ അറിവും അങ്ങേയറ്റത്തെ യുക്തിയുമുള്ളവനാണ്. അവസാനമില്ലാത്ത ശക്തിയും പ്രതാപവും അധികാരവും അവന് മാത്രമാണുള്ളത്. അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. ഉദ്ദേശിക്കുന്നത് വിധിക്കുന്നു. സർവ്വരും അവന്റെ മുന്നിൽ കീഴൊതുങ്ങേണ്ട അടിമകൾ മാത്രമാണ്.

إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ

തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു. (ഖുർആൻ:11/107)

إِنَّ اللَّـهَ يَفْعَلُ مَا يُرِيدُ

തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു. (ഖുർആൻ:22/4)

لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ

അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌. (ഖുർആൻ:21/23)

ഇബ്‌നുകസീര്‍ رحمه الله പറയുന്നു: ‘അല്ലാഹു അവന്‍ ഉദ്ദേശിച്ചത് വിധിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നതു പോലെ. കഴിഞ്ഞുപോയ അവന്റെ വേദഗ്രന്ഥങ്ങളിലും മതപരമായ ആചാരങ്ങളിലും അപ്രകാരം സംഭവിച്ചിട്ടുണ്ട്. ആദം عليه السلام യുടെ ആണ്‍മക്കള്‍ക്ക് അദ്ദേഹത്തിന്റെ പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ അനുവദിച്ചത് അതില്‍ പെട്ടതാണ്. പിന്നീട് നിഷിദ്ധമാക്കുകയുണ്ടായി. നൂഹ് നബി عليه السلام കപ്പലില്‍ രക്ഷപ്പെട്ടതിനു ശേഷം എല്ലാ ജീവികളെയും ഭക്ഷിക്കാന്‍ അദ്ദേഹത്തിനും ജനതയ്ക്കും അനുവദനീയമാക്കി. പിന്നീട് ആ നിയമം ദുര്‍ബലപ്പെടുത്തുകയും ചില ജീവികളെ മാത്രം അനുവദനീയമാക്കുകയും ചെയ്തു. ഇസ്‌റാഈല്‍ വംശജര്‍ക്ക് രണ്ട് സഹോദരിമാരെ ഒപ്പം വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. പിന്നീട് തൗറാത്തിലും അതിനു ശേഷം വന്ന ഗ്രന്ഥത്തിലും അത് നിഷിദ്ധമാക്കുകയുണ്ടായി. ഇബ്‌റാഹീം നബി عليه السلام യോട് സ്വന്തം പുത്രനെ അറുക്കാന്‍ കല്പിക്കുകയും പിന്നീട് അത് പ്രവര്‍ത്തിക്കുന്നതിനു മുമ്പായി ആ നിയമം ദുര്‍ബലപ്പെടുത്തുകയും ചെയ്തു.’ (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍: 1/104)

Leave a Reply

Your email address will not be published.

Similar Posts