തക്ബീര്‍ : ചില പാഠങ്ങൾ

THADHKIRAH

മുഹമ്മദ് നബി ﷺ ക്ക് ഹിറാ ഗുഹയില്‍ വെച്ച് ഒന്നാമതായി ലഭിച്ച വഹ്യ്‍ സൂറത്തുല്‍ അലഖിലെ ആദ്യ വചനങ്ങള്‍ ആയിരുന്നു. അതിന് ശേഷം  അവതരിച്ചത് സൂറത്തുല്‍ മുദ്ദഥറിലെ ആദ്യ വചനങ്ങളാണ്. അതിൽ അല്ലാഹു നബി ﷺ യോട് കല്പിക്കുന്നു.

وَرَبَّكَ فَكَبِّرْ

നിന്‍റെ റബ്ബിനെ മഹത്വപ്പെടുത്തുക. (ഖു൪ആന്‍:74/3)

സൂറത്തുല്‍ ഇസ്രാഅ് അവസാനിക്കുന്നത് ഇപ്രകാരം കല്പിച്ചുകൊണ്ടാണ്.

وَكَبِّرْهُ تَكْبِيرَا

അവനെ (അല്ലാഹുവിനെ) ശരിയാംവണ്ണം മഹത്വപ്പെടുത്തുക. (ഖു൪ആന്‍:17/111)

തക്ബീറിന്റെ വചനം اللهُ أَكْبَـرُ (അല്ലാഹു അക്ബര്‍ – അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ ) എന്നാകുന്നു.

അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ, അവനേക്കാൾ വലുതായി മറ്റൊന്നുമില്ല. അവന്റെ അറിവിലും കഴിവിലും പ്രവർത്തനങ്ങളിലും ഗുണവിശേഷണങ്ങളിലും സർവ്വകാര്യങ്ങളിലും അവൻ ഏറ്റവും വലിയവനാകുന്നു. അവനെ മഹത്വപ്പെടുത്താനോ പുകഴ്ത്താനോ പ്രകീർത്തിക്കാനോ വാക്കുകൾ മതിയാകാത്ത വിധം അവൻ വലിയവനാകുന്നു എന്നൊക്കെയാണ് തക്ബീറിന്റെ ആശയം.

അല്ലാഹു അർശിൽ ഇസ്തിവാഅ് ചെയ്തിരിക്കുന്നു. അല്ലാഹുവിന് മുകളിൽ മറ്റൊന്നുമില്ല എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അവൻ ഏറ്റവും ഉന്നതനാണ്. അവന്റെ ‘അൽഅലിയ്യ്’ എന്ന നാമത്തിന്റെ പൊരുൾ ഇതാണ്. സർവസൃഷ്ടികളെക്കാളും വലിയവനാണ് അല്ലാഹു. നമസ്‌കാരത്തിലും മറ്റും ‘അല്ലാഹു അക്ബർ’ എന്ന് പറയുമ്പോൾ ഇക്കാര്യങ്ങളാണ് നാം ഓർക്കേണ്ടത്. മനുഷ്യർ എത്രമേൽ നിസ്സാരന്മാരാണ് എന്ന് അല്ലാഹു അക്ബർ എന്ന വാചകം നമ്മെ അറിയിക്കുന്നുണ്ട്.

തക്ബീര്‍ പറയപ്പെടാൻ അല്ലാഹു മാത്രമാണ് യോഗ്യതയുള്ളവൻ. അല്ലാഹുവിന് തക്ബീര്‍ പറയാൻ പറഞ്ഞതിന് മുമ്പ് അല്ലാഹുവിന്റെ മൂന്ന് ഗുണങ്ങൾ അറിയിക്കുന്നത് കാണുക:

وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرَۢا

സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (ഖു൪ആന്‍:17/111)

തക്ബീറിന്റെ അനിവാര്യത അറിയിക്കുന്ന വചനങ്ങൾ കാണുക. റമളാനിനെ കുറിച്ചും നോമ്പിനെ കുറിച്ചും വിവരിച്ച ശേഷം അല്ലാഹു പറയുന്നു:

وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് ‘തക്ബീര്‍’ [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്). (ഖു൪ആന്‍:2/185)

ബലിയെ കുറിച്ച് പരാമര്‍ശിക്കവേ അല്ലാഹു പറയുന്നു:

لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തുതന്നതിന് നിങ്ങള്‍ അല്ലാഹുവിന് ‘തക്ബീര്‍’ [മഹത്വപ്രകീര്‍ത്തനം] നടത്തുവാന്‍വേണ്ടി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:22/37)

തക്ബീ‍ര്‍ നിര്‍ബന്ധമായും ചൊല്ലേണ്ട വേളകളുണ്ട്. ഉദാഹരണം നമസ്കാരത്തിൽ. തക്ബീ‍ര്‍ ഐച്ഛികമായി ചൊല്ലേണ്ട വേളകളുണ്ട്. ചില പ്രത്യേക വേളകളിൽ തക്ബീ‍ര്‍ ചൊല്ലാൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

عَنِ ابْنِ عُمَر رَضِيَ اللهُ: كَانَ النَّبِيُّ صلى الله عليه وسلم وَجُيُوشُهُ إِذَا عَلَوُا الثَّنَايَا كَبَّرُوا وَإِذَا هَبَطُوا سَبَّحُوا

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യും സൈന്യങ്ങളും ചുരം കയറുമ്പോൾ തക്ബീർ ചൊല്ലുകയും (اللهُ أَكْبَـرُ) ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുകയും (سُبْحَانَ اللهِ) ചെയ്തിരുന്നു. (അബൂദാവൂദ്: 2599)

عَنْ أَبِي هُرَيْرَةَ، رضى الله عنه أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنِّي أُرِيدُ أَنْ أُسَافِرَ فَأَوْصِنِي ‏.‏ قَالَ ‏”‏ عَلَيْكَ بِتَقْوَى اللَّهِ وَالتَّكْبِيرِ عَلَى كُلِّ شَرَفٍ ‏”‏ ‏.‏ فَلَمَّا أَنْ وَلَّى الرَّجُلُ قَالَ ‏”‏ اللَّهُمَّ اطْوِ لَهُ الأَرْضَ وَهَوِّنْ عَلَيْهِ السَّفَرَ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാനൊരു യാത്ര ഉദ്ദേശിക്കുന്നു. അതിനാൽ എന്നെ ഉപദേശിച്ചാലും’. നബി ﷺ പറഞ്ഞു: നീ അല്ലാഹുവിനെ ഭയപ്പെടുകയും ഓരോ കുന്ന് കയറുമ്പോഴും തക്ബീർ ചൊല്ലുകയും (اللهُ أَكْبَـرُ) ചെയ്യുക. അയാൾ തിരിച്ച് പോയപ്പോൾ നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ, അദ്ദേഹത്തിന് വഴിദൂരം ചുരുക്കിക്കൊടുക്കുകയും യാത്ര ചുരുക്കിക്കൊടുക്കുകയും ചെയ്യേണമേ’. (തിർമിദി: 3441)

ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളെ തക്‌ബീര്‍ കൊണ്ട്‌ സജീവമാക്കാന്‍ മുന്‍ഗാമികള്‍ ഏറെ ശ്രദ്ധകൊടുത്തിരുന്നു.

തക്ബീര്‍ നാവ് കൊണ്ടാണല്ലോ ചൊല്ലുന്നത്. എന്നാൽ ഹൃദയത്തിൽ തക്ബീർ ഉണ്ടാകുകയന്നത് പ്രധാനമാണ്. അല്ലാഹുവാകുന്നു ഏറ്റവും വലിയവനും മഹത്വമുടയവനും എന്ന സത്യം മനസ്സിൽ ഊട്ടിയുറപ്പിക്കുകയും, അതിന്റെ സ്വാധീനം തന്റെ ഹൃദയത്തിലും മറ്റവയവങ്ങളിലും പ്രകടമാവലുമാണ് ഹൃദത്തിലെ തക്ബീർ കൊണ്ടുള്ള വിവക്ഷ. അത്തരത്തിൽ ഹൃദയം കൊണ്ട് അല്ലാഹുവിനെ തക്ബീർ ചെയ്യുന്ന ഒരുവന്റെ പ്രവർത്തനങ്ങൾ അതിനനുസരിച്ചതായിരിക്കും. അവന്റെ ജീവിതം മറ്റുള്ളരുടെ ജീവിതം പോലെയായിരിക്കുകയില്ല. അല്ലാഹുവല്ലാത്ത മറ്റെല്ലാം അവന്റെ ഹൃദയം വിട്ടൊഴിഞ്ഞു പോകുന്നു. മറ്റൊരാളിലും അവന് ഭയവും പ്രതീക്ഷയും ഉണ്ടാവുകയില്ല. അല്ലാഹുവിന് കൊടുക്കേണ്ട ഇബാദത്തുകളിൽ നിന്ന് ഒരംശം പോലും മറ്റൊരാൾക്കും വകവെച്ച് കൊടുക്കുകയില്ല. അവൻ അല്ലാഹുവിലുള്ള അനുസരണയിൽ കീഴൊതുങ്ങിയിരിക്കുന്നു. അവൻ അല്ലാഹുവിന്റെ കൽപ്പനകൾ ശിരസാവഹിക്കുകയും, അവൻ നിരോധിച്ചവയെ തന്റെ ഇച്ഛകൾക്ക് യാതൊരുവിധ പ്രാധാന്യവും നൽകാതെ ഉപേക്ഷിക്കുകയും ചെയ്യുന്നു. സന്തോഷത്തിന്റെ നിമിഷങ്ങളിലാണെങ്കിലും പ്രയാസഘട്ടങ്ങളിലാണെങ്കിലും  തക്ബീറിന്റെ വചനം അവന് ആശ്വാസവും സമാധാനവുമാണ്.

ഈ തക്ബീര്‍ ഒരാളുടെ ജീവിതത്തിലും ഉണ്ടാകണം. അതിന്റെ ആശയം ആദര്‍ശമായി ഉൾക്കൊള്ളണം. ഹിജ്റ വേളയിൽ സമ്പത്ത് മുഴുവൻ മക്കക്കാരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്ത സുഹൈബ് റൂമി, ബദർ യുദ്ധത്തിൽ പിതാവുമായി ഏറ്റുമുട്ടിയ അബൂ ഉബൈദ,ഖ്യാദിസിയ്യ യുദ്ധത്തിൽ നാല് മക്കൾ ശഹീദായി എന്നറിഞ്ഞപ്പോൾ അൽഹംദുലില്ലാ എന്ന് പറഞ്ഞ ഖൻസ്വാഅ് رضى الله عنهم ഇവരെല്ലാം എനിക്ക് എല്ലാറ്റിനെക്കാളും വലുത് അല്ലാഹുവാണ് എന്ന് തെളിയിച്ചവരായിരുന്നു. നമുക്കും അപ്രകാരം കഴിയേണ്ടതുണ്ട്. അല്ലാഹു അനുഗഹിക്കട്ടെ.ആമീൻ.

Leave a Reply

Your email address will not be published.

Similar Posts