അല്ലാഹുവിന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുകയും അങ്ങനെ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗലബ്ധിക്ക് പ്രാപ്തി നേടുകയും ചെയ്യുന്ന ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഇസ്‌ലാമിക് പാരന്റിംഗ്. അത് ലക്ഷ്യം വെക്കുന്ന രക്ഷിതാക്കള്‍ അനിവാര്യമായും സ്വാംശീകരിച്ച് നിലനര്‍ത്തേണ്ട ഒട്ടനവധി ചേരുവകളും ഗുണമേന്‍മകളും നബി ﷺ യുടെ അധ്യാപനങ്ങളിലുണ്ട്.
മക്കള്‍ വളരുന്നു. പക്ഷേ, വഴങ്ങുന്നില്ല, വളയുന്നില്ല തുടങ്ങിയ ആവലാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ ചില വിഭവങ്ങളുണ്ട്. ഏതൊരു മുസ്‌ലിമിനും പൊതുവായുണ്ടാകേണ്ടതാണ് ഈ ഗുണങ്ങളെല്ലാമെങ്കിലും മാതാപിതാക്കള്‍ക്ക് അത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. കാരണം, മക്കള്‍ മാതാപിതാക്കളെ നോക്കുകയും വിലയിരുത്തുകയുമല്ല; മറിച്ച്, അവര്‍ മാതാപിതാക്കളെ കാണുകയും പകര്‍ത്തുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നമുക്ക് ആര്‍ജിക്കാന്‍ കഴിയുന്ന, പകര്‍ത്താന്‍ പ്രയാസമില്ലാത്ത ചില ഗുണങ്ങള്‍ മനസ്സിലാക്കാം:
(1) സഹനവും അവധാനതയും
ഒട്ടനവധി സാഹചര്യങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും കടന്നുപോകാന്‍ നിര്‍ബന്ധിതരാണ് രക്ഷിതാക്കള്‍. അവിടെ നമ്മെ വഴിനടത്തുന്ന ഒരു ഗുണമാണ് സഹനവും അവധാനതയും.
عَنِ ابْنِ عَبَّاسٍ قَالَ: قَالَ النَّبِيُّ صلى الله عليه وسلم لِلأَشَجِّ عَبْدِ الْقَيْسِ: إِنَّ فِيكَ لَخَصْلَتَيْنِ يُحِبُّهُمَا اللَّهُ: الْحِلْمُ وَالأنَاةُ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ അഷജ്ജ് അബ്ദുല്‍ ഖൈസിനോട് പറഞ്ഞു: താങ്കളില്‍ രണ്ട് കാര്യങ്ങളുണ്ട്. അവ രണ്ടും അല്ലാഹുവിന് ഇഷ്ടമാണ്. അത് സഹനവും അവധാനതയുമാണ്. (മുസ്ലിം)
കാര്യങ്ങളെ അവധാനതയോടെ വിലയിരുത്തുകയും പെട്ടെന്ന് തീരുമാനമെടുക്കാതെ സാവധാനം ക്ഷമയോടെ പ്രതികരിക്കുകയും ചെയ്യാന്‍ സാധിക്കുന്ന ഒരു ശൈലിയാണ് നാം പതിവാക്കേണ്ടത്. അപ്പോഴാണ് സത്യത്തില്‍ ഒരു രക്ഷിതാവിനെ അല്ലെങ്കില്‍ അധ്യാപകനെ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. കുടുംബത്തോട് നമസ്‌കാരം കല്‍പിക്കാനും അതില്‍ ക്ഷമയോടെ ഉറച്ച് നില്‍ക്കാനും നബിയോട് കല്‍പിക്കുന്ന അല്‍ബക്വറയിലെ 132-ാം വചനത്തിന്റെ പദപരമായ ശൈലി പഠനാര്‍ഹമാണ്. അതിന്റെ പ്രായോഗിക രീതിശാസ്ത്രം നബി ﷺ യുടെ കുടുംബ ജീവിതത്തില്‍ നിന്ന് നമുക്ക് പെറുക്കിയടുക്കാന്‍ സാധിക്കും.
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ
നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍:20/132)
(2) ദയയും ദാക്ഷിണ്യവും നിലനിര്‍ത്തുകയും പാരുഷ്യവും ക്രൂരതയും വെടിയുകയും ചെയ്യുക
പാരന്റിംഗിന്റെ വിജയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഗുണമാണ് ദയ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ലഭിക്കേണ്ടിയിരുന്ന ദയാ ദാക്ഷിണ്യത്തിന്റെ അഭാവമാണ് പല മനുഷ്യരുടെയും വൈകൃത വ്യക്തിത്വ നിര്‍മിതിക്ക് നിമിത്തമാകാറുള്ളത്. സത്യവിശ്വാസികള്‍ സൗമ്യതയുള്ളവരായിരിക്കണം. സൗമ്യത സത്യവിശ്വാസിയുടെ അടയാളമാണ്.
أَنَّ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ رَهْطٌ مِنَ الْيَهُودِ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالُوا السَّامُ عَلَيْكَ. فَفَهِمْتُهَا فَقُلْتُ عَلَيْكُمُ السَّامُ وَاللَّعْنَةُ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَهْلاً يَا عَائِشَةُ، فَإِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ”. فَقُلْتُ يَا رَسُولَ اللَّهِ أَوَلَمْ تَسْمَعْ مَا قَالُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَقَدْ قُلْتُ وَعَلَيْكُمْ ”.
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: ഒരു സഘം യഹൂദന്മാർ നബി ﷺ യുടെ സന്നിധിയിൽ വന്ന് പറഞ്ഞു: “അസ്സാമു അലൈക” (മരണം നിങ്ങളുടെമേൽ ഉണ്ടാകട്ടെ). ഞാൻ അത് മനസ്സിലാക്കി അവരോട് പറഞ്ഞു: “അലൈക്കും അസ്സാമു വൽ-ലഅ്ന (മരണവും ശാപവും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ). നബി ﷺ പറഞ്ഞു: ആയിശാ, ശാന്തമായിരിക്കുക! എല്ലാ കാര്യങ്ങളിലും ദയ കാണിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.” ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ! അവർ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ?” നബി ﷺ പറഞ്ഞു: “അലൈക്കും” (നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന്) ഞാനും (അവരോട്) പറഞ്ഞിട്ടുണ്ട്. (അതല്ലാതെ ശപിച്ചു പറയേണ്ടതില്ല). (ബുഖാരി:6256)
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ الرِّفْقَ لاَ يَكُونُ فِي شَىْءٍ إِلاَّ زَانَهُ وَلاَ يُنْزَعُ مِنْ شَىْءٍ إِلاَّ شَانَهُ
ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യത , ഏത് കാര്യത്തിലായാലും അതിന് അലങ്കാരം തന്നെയാണ്. അത് നഷ്ടപ്പെടുന്നത് , ഏത് കാര്യത്തേയും വികൃതമാക്കുന്നതാണ്, തീർച്ച. (മുസ്‌ലിം: 2594)
നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കുറയുമെന്ന് ഭയന്ന് നാം മറ്റുള്ളവരോട് ദയ കാണിക്കാറുണ്ട്. എന്നാല്‍ സ്വന്തം മക്കളോടും വീട്ടുകാരോടും ദയകാണിക്കാന്‍ മനസ്സ് കാണിക്കാറില്ല.
പ്രഭാതത്തില്‍ മക്കളെ വിളിച്ചുണര്‍ത്തുന്ന രംഗം എടുത്തു നോക്കാം. ഒച്ച വെച്ചും കുരച്ച് ചാടിയും ഭീഷണി മുഴക്കിയുമാണ് മക്കളെ നാം ഉണര്‍ത്താന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അവരുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചും സലാം പറഞ്ഞും പറ്റുമെങ്കില്‍ അവരുടെ അടുത്ത് രണ്ട് മിനുട്ട് അവരെ കെട്ടിപ്പിടിച്ച് കിടന്നും എഴുന്നേല്‍ക്കുമ്പോഴുള്ള പ്രാര്‍ഥന ഉറക്കെ ചൊല്ലിക്കൊടുത്തും വിളിക്കുന്ന രീതിയിലേക്ക് ഉമ്മയോ ഉപ്പയോ ശൈലി മാറ്റി നോക്കൂ. ശബ്ദ വിസ്‌ഫോടനങ്ങളില്ലാതെ ലക്ഷ്യം നേടുന്നത് കാണാം. കാരണം മറ്റൊന്നുമല്ല; മാതാപിതാക്കളുടെ സ്പര്‍ശനമേറ്റ് കിടന്നുറങ്ങാനുള്ള അവരുടെ മോഹത്തിന് രണ്ട് മിനുട്ടിലൂടെയെങ്കിലും ശമനം നല്‍കിയ നിങ്ങളുടെ ആവശ്യത്തിന് മുമ്പില്‍ അവരുടെ ഉറക്കച്ചടവ് അടിയറ വെക്കാന്‍ അവന്ന്/ അവള്‍ക്ക് മടിയില്ലാതെ വരുന്നുവെന്നതാണ് സത്യം.
(3) രണ്ട് കാര്യങ്ങൾക്കിടയിൽ ഏറ്റവും എളുപ്പമുള്ളത് തെരഞ്ഞെടുക്കാൻ അവകാശം നൽകൽ (പാപകരമായ ഒന്നുമില്ലാത്ത അവസ്ഥയിൽ)
അധിക രക്ഷിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണിത്. നാം നിർദേശിക്കുകയോ താൽപര്യപ്പെടുകയോ ചെയ്യുന്ന കാര്യം പൂർത്തീകരിക്കാൻ കുറ്റകരമല്ലാത്ത ഒരു ചോയ്സ് മക്കളുടെ അടുത്ത് നിന്ന് വന്നാൽ, നാം അത് അനുവദിക്കുന്നതിലൂടെ മക്കൾക്കു സ്വന്തം അസ്തിത്വം അനുഭവിക്കാൻ സാധിക്കും. `ഞാൻ പറഞ്ഞ പോലെത്തന്നെ` ചെയ്താൽ മതിയെന്ന വാശിയാണ് പലപ്പോഴും രക്ഷിതാക്കളുടെയും മക്കളുടെയും ഇടയിൽ വിടവ് സൃഷ്ടിക്കുന്നത്. അതിൽനിന്നാണ് അനുസരണക്കുറവ് ജന്മമെടുക്കുന്നത്.
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ مَا خُيِّرَ رَسُولُ اللَّهِ صلى الله عليه وسلم بَيْنَ أَمْرَيْنِ إِلاَّ أَخَذَ أَيْسَرَهُمَا مَا لَمْ يَكُنْ إِثْمًا ….
ആയിശ رضي الله عنها പറയുന്നു: രണ്ടു കാര്യങ്ങൾക്കിടയിൽ നബി ﷺ ക്ക് തെരഞ്ഞടുപ്പിന് അവകാശം നൽകപ്പെട്ടാൽ അതിൽ ഏറ്റവും എളുപ്പമുള്ളതാണ് അദ്ദേഹം തെരഞ്ഞെടുക്കുക. അതിൽ കുറ്റകരമായത് ഒന്നുമില്ലെങ്കിൽ… (മുസ്ലിം:2327)
ഇത് പാരന്റിംഗിൽ ഒരു ടിപ്സായി എടുത്താൽ അതിന്റെ ഫലം നമുക്ക് അനുഭവിക്കാം. ഒരു ഉദാഹരണം പറയാം: നമ്മുടെ മകനോട് അൽപം അകലെയുള്ള കടയിൽ പോയി ഒരു സാധനം വാങ്ങിക്കൊണ്ടുവരാൻ നാം നിർദേശിക്കുന്നു. ഉടനെ അവൻ `സൈക്കിൾ എടുത്ത് പോകട്ടേ?` എന്ന് ചോദിക്കുന്നു. ഈ സമയം പ്രത്യേകിച്ച് അപകടങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ `വേണ്ട,നടന്നു പോയാൽ മതി` എന്ന് നാം വാശി പിടിക്കതിരുന്നാൽ രണ്ടു ഉപകാരമുണ്ട്. ഒന്ന്, സമയ ലാഭം. മറ്റൊന്ന് അവന്റെ താൽപര്യത്തെ പരിഗണിച്ചതിൽ അവനുണ്ടാകുന്ന ഒരു മാനസിക ഔന്നിത്യ ബോധം.
(4) കാരുണ്യം നിറഞ്ഞ ഹൃദയം
ഏതൊരു രക്ഷിതാവിന്നും അനിവാര്യമായ ഒന്നാണിത്. കാരുണ്യത്തിന്റെ നനവുള്ളതാകണം നമ്മുടെ കൽപനകളും തീരുമാനങ്ങളും. അത് മക്കൾക്ക് അനുഭവഭേദ്യമായാൽ നമ്മെ അനുസരിക്കുന്നതിൽ വേഗതയും ആത്മാർഥതയും നാമ്പെടുത്തു തുടങ്ങും. നബി യുടെ കൂടെയുള്ളവർക്ക് അദ്ദേഹത്തിന്റെ ഹൃദയകാരുണ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നു.
عَنْ أَبِي قِلاَبَةَ،قَالَ حَدَّثَنَا مَالِكٌ، أَتَيْنَا إِلَى النَّبِيِّ صلى الله عليه وسلم وَنَحْنُ شَبَبَةٌ مُتَقَارِبُونَ، فَأَقَمْنَا عِنْدَهُ عِشْرِينَ يَوْمًا وَلَيْلَةً، وَكَانَ رَسُولُ اللَّهِ صلى الله عليه وسلم رَحِيمًا رَفِيقًا، فَلَمَّا ظَنَّ أَنَّا قَدِ اشْتَهَيْنَا أَهْلَنَا أَوْ قَدِ اشْتَقْنَا سَأَلَنَا عَمَّنْ تَرَكْنَا بَعْدَنَا فَأَخْبَرْنَاهُ قَالَ “ ارْجِعُوا إِلَى أَهْلِيكُمْ فَأَقِيمُوا فِيهِمْ وَعَلِّمُوهُمْ وَمُرُوهُمْ ـ وَذَكَرَ أَشْيَاءَ أَحْفَظُهَا أَوْ لاَ أَحْفَظُهَا ـ وَصَلُّوا كَمَا رَأَيْتُمُونِي أُصَلِّي، فَإِذَا حَضَرَتِ الصَّلاَةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ ”.
മാലിക് ബിൻ ഹുവാരിസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ സമ പ്രായക്കാരായ ഒരു കൂട്ടം യുവാക്കൾ നബിﷺയുടെ അടുക്കൽ ചെന്ന് എകദേശം ഇരുപതോളം രാത്രി (പഠിക്കാനായി) താമസിച്ചു. നബിﷺ കാരുണ്യവാനും ദയാലുവുമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിലേക്കെത്താൻ കൊതിയായി തുടങ്ങിയെന്ന് അദ്ദേഹം ഊഹിച്ചെടുത്തു. അദ്ദേഹം ഞങ്ങളോട് ഞങ്ങൾ വിട്ടുപോന്ന കുടുംബത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: നിങ്ങൾ വീട്ടിലിലേക്ക് മടങ്ങി അവരോടൊപ്പം താമസിച്ചു കൊള്ളുക. അവരെ പഠിപ്പിക്കുകയും അവരോട് പുണ്യം ചെയ്യുകയും ചെയ്യുക. ഇന്നിന്ന രീതിയിൽ ഇന്നിന്ന സമയങ്ങളിൽ നമസ്കരിക്കുക. സമയമായാൽ നിങ്ങളിൽ ഒരാൾ ബാങ്ക് വിളിക്കുകയും മുതിർന്നവർ നമസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്യുക. (ബുഖാരി:631)
(5) അയവും വഴക്കവും
കുട്ടികളോട് ഇടപെടുമ്പോൾ അൽപം അയവുള്ള സമീപനം വേണം. ഉറച്ച ഒരു ശിലാരൂപ രീതി മുറുകെ പിടിക്കരുത്. അയവും വഴക്കവും കൊണ്ടു ഉദ്ദേശിക്കുന്നത്, മതം അനുവദിച്ച വിശാലതയിലും അനുവാദങ്ങളിലും നാം സ്വയം വേലി കെട്ടി കുടുസ്സാമാക്കരുതെന്നാണ്.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ عَلَى كُلِّ قَرِيبٍ هَيِّنٍ لَيِّنٍ سَهْلٍ
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ നിങ്ങൾക്ക്, നരകത്തിന് നിഷിദ്ധമായവനെ, അല്ലങ്കിൽ, നരകം നിഷിദ്ധമായവനെ കുറിച്ച് അറിയിച്ചുതരാം. ജനങ്ങളോട് അടുപ്പവും സൗമ്യതയും നൈർമല്യവും വിട്ടുവീഴ്ചാമനഃസ്ഥിതിയുമുള്ള എല്ലാവർക്കും അത് നിഷിദ്ധമാണ്. (തിർമിദി: 2490)
മതത്തിന്റെ അനുവാദ പരിധിയിൽ നിന്നുകൊണ്ട് `മതം പിരിമുറുക്കമല്ലെ`ന്ന അനുഭവത്തിൽ വളർന്നു വലുതാകുന്ന വിശ്വാസികളുടെ തലമുറയെയാണ് നാം ലക്ഷ്യം വെക്കുന്നത്.
(6) കോപം നിയന്ത്രിക്കുക
ആവർത്തിക്കപ്പെടുന്ന ദേഷ്യപ്പെടലും ഭ്രാന്തമായ വാശിപിടിക്കലും സന്താന പരിപാലനത്തിൽ വിപരീത ഫലമുളവാക്കുന്ന ദുഃസ്വഭാവങ്ങളാണ്.നബിﷺ തന്റെ സമുദായത്തെ ആവർത്തിച്ച താക്കീത് നൽകിയ കാര്യമാണിത്. സന്താന പരിപാലന ദൗത്യം ഒരു നീണ്ട യാത്രയാണല്ലോ. സുഖകരമാവേണ്ട ഈ യാത്രയിലെ വഴിമുടക്കികളാണ് ഇവ രണ്ടും. തന്റെ അടുക്കൽ ഉപദേശം തേടി വന്ന ഒരു അനുചരനോട് മൂന്ന് പ്രാവശ്യം നബിﷺ ആവർത്തിച്ചത് `നീ കോപിക്കരുത്` എന്നാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَوْصِنِي. قَالَ ” لاَ تَغْضَبْ ”. فَرَدَّدَ مِرَارًا، قَالَ ” لاَ تَغْضَبْ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:ഒരു വ്യക്തി നബിﷺയോട് പറഞ്ഞു: എനിക്ക് വല്ല ഉപദേശവും നല്‍കിയാലും. നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്.” അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്” (ബുഖാരി:6116)
നമ്മുടെ ശക്തിയും ധീരതയും അളക്കുന്ന മാനദണ്ഡം കൂടിയാണ് കോപത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവ് എന്നാണല്ലോ നബിﷺ പഠിപ്പിച്ചത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍. (ബുഖാരി: 6114)
മക്കളുമായി നിരന്തരം ഇടപെടേണ്ടി വരുന്ന രക്ഷിതാക്കൾ ഇക്കാര്യം എപ്പോഴും ഓർക്കണം.
(7) മധ്യമ നിലപാട് കൈവിടാതിരിക്കൽ
ഏതൊരു മേഖലയിലുമെന്ന പോലെ ഇസ്ലാം പഠിപ്പിക്കുന്ന മധ്യമ നിലപാട് സ്വീകരിക്കൽ സന്താന പരിപാലനത്തിലും അത്യാവശ്യമാണ്. തീവ്രതയും അവഗണനയും ഒരുപോലെ നാശം കൊണ്ടുവരും. അരുതെന്ന് പറയുമ്പോഴും ചെയ്യാൻ കൽപിക്കുമ്പോഴും സ്നേഹം പ്രകടിക്കുമ്പോഴുമെല്ലാം മധ്യമ സമീപനം കാത്തുസൂക്ഷിക്കണം.
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ إِنِّي لأَتَأَخَّرُ عَنْ صَلاَةِ الصُّبْحِ مِنْ أَجْلِ فُلاَنٍ مِمَّا يُطِيلُ بِنَا . فَمَا رَأَيْتُ النَّبِيَّ صلى الله عليه وسلم غَضِبَ فِي مَوْعِظَةٍ قَطُّ أَشَدَّ مِمَّا غَضِبَ يَوْمَئِذٍ فَقَالَ “ يَا أَيُّهَا النَّاسُ إِنَّ مِنْكُمْ مُنَفِّرِينَ فَأَيُّكُمْ أَمَّ النَّاسَ فَلْيُوجِزْ فَإِنَّ مِنْ وَرَائِهِ الْكَبِيرَ وَالضَّعِيفَ وَذَا الْحَاجَةِ ” .
അബൂ മസ്ഊദുൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ പ്രവാചക സന്നിധിയിൽ ചെന്ന് പറഞ്ഞു: ഇന്ന മനുഷ്യൻ നമസ്കാരം ദീർഘിപ്പിക്കുന്നത് കാരണം എനിക്ക് സുബ്ഹ് നമസ്കാരത്തിൽ നിന്ന് പിന്തിനിൽക്കേണ്ടിവരുന്നു. അന്നേരം നബി ﷺ കോപിച്ച പോലെ ഒരു ഉപദേശ വേളയിലും കോപിച്ചതായി ഞാൻ കണ്ടിട്ടേയില്ല. അവിടുന്ന് പറഞ്ഞു: ജനങ്ങളേ! നിങ്ങളിൽ ചിലർ ജനങ്ങളെ അകറ്റുന്നവരാണ്. അതിനാൽ നിങ്ങളാരെങ്കിലും ജനങ്ങൾക്ക് ഇമാമ് നിൽക്കുകയാണെങ്കിൽ അയാൾ ചുരുക്കി നമസ്കരിച്ചു കൊള്ളട്ടെ. കാരണം അവന്റെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റ് ആവശ്യക്കാരും ഉണ്ടായിരിക്കും. (ബുഖാരി: 702, മുസ്‌ലിം: 466)
കുട്ടികളെ ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങളിലും അനുവദിക്കുന്ന വിനോദങ്ങളിലും ഊണ്, ഉറക്കം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലുമെല്ലാം ഈ നിലപാട് പരിഗണിക്കാൻ നാം മറന്ന് പോകരുത്.