ഈസാ عليه السلام ദൈവപുത്രനാണെണെന്ന വിശ്വാസം ക്രിസ്തു മതത്തിന്റെ അടിസ്ഥാന വിശ്വാസമാണ്. ഈ വിശ്വാസം ഇസ്ലാം അംഗീകരിക്കുന്നില്ല. ഈസാ عليه السلام പിതാവില്ലാതെ ജനിച്ചുവെന്ന് ഇസ്ലാംതന്നെ പഠിപ്പിക്കുമ്പോൾ, അദ്ദേഹം ദൈവ പുത്രനല്ലെങ്കിൽപിന്നെ അദ്ദേഹം എങ്ങനെ ജനിച്ചു? ഈ വിഷയം ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.
ഒന്നാമതായി, ഈസാ عليه السلام അല്ലാഹുവിന്റെ കലിമത്ത് (വചനം) ആണ്. സകരിയ്യാ നബി عليه السلام ക്ക് യഹ്‌യാ എന്ന മകനെ കുറിച്ച് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സന്തോഷവാർത്ത അറിയക്കപ്പെട്ട സന്ദർഭം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴿٣٨﴾ فَنَادَتْهُ ٱلْمَلَٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقَۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّٰلِحِينَ ﴿٣٩﴾
അവിടെ വെച്ച് സകരിയ്യ തന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍. (ഖു൪ആന്‍ :3/38-39)
യഹ്‌യാ عليه السلام അല്ലാഹുവിങ്കല്‍നിന്നുള്ള വചനത്തെ സത്യപ്പെടുത്തുന്നവനായിരിക്കും. ‘വചനം‘ കൊണ്ടുദ്ദേശ്യം ഈസാ عليه السلام ആകുന്നു. ഇത് ഈസാ عليه السلام ജനിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയാണെന്ന് വിശുദ്ധ ഖുർആനിൽ നിന്നും വ്യക്തമാണ്.
മറിയം عليه السلام ക്ക് ഈസാ എന്ന മകനെ കുറിച്ച് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സന്തോഷവാർത്ത അറിയക്കപ്പെട്ട സന്ദർഭം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:
إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ﴿٤٥﴾ وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّٰلِحِينَ ﴿٤٦﴾ قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿٤٧﴾
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഖു൪ആന്‍ :3/45-47)
ഈസാ عليه السلام അല്ലാഹുവിന്റെ വചനം ആണെന്ന് ഈ ആയത്തിൽ വ്യക്തമായിതന്നെ പരാമർശിച്ചിരിക്കുന്നു. “എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ” എന്ന മറിയം عليه السلام യുടെ ചോദ്യത്തിനുള്ള മറുപടി “അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു, അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു” എന്നായിരുന്നു. ഈ മറുപടിയിൽതന്നെ ഈസാ عليه السلام അല്ലാഹുവിന്റെ വചനം ആണ് എന്നതിന്റെ വിശദീകരണമുണ്ട്. അതായത് ഏതൊരു വസ്തുവിനെ കുറിച്ചും അത് ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനോട് ‘ഉണ്ടാകുക’ എന്ന് അവന്‍ പറയുകയേ വേണ്ടൂ, അപ്പോള്‍ അത് ഉണ്ടാകുന്നതാണ്.
ഇതേ ചോദ്യം മറിയം عليه السلام ജിബ്രീൽ عليه السلام യോട് ചോദിച്ചപ്പോൾ ജിബ്രീൽ عليه السلام പറഞ്ഞ മറുപടി കാണുക:
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا
അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (ഖു൪ആന്‍ :19/21)
അതെ, ഈസാ عليه السلام മാതാപിതാക്കളുടെ സമ്പര്‍ക്കത്തില്‍ നിന്നോ, സ്ത്രീ പുരുഷ ബീജസങ്കലനത്തില്‍ നിന്നോ ജനിച്ചതല്ല. അദ്ദേഹം ഉണ്ടാകണമെന്ന് അല്ലാഹു തീരുമാനിക്കുകയും കല്‍പ്പിക്കുകയും ചെയ്തപ്പോൾ സാധാരണ പ്രകൃതി ചട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി – ഒരു പിതാവിന്‍റെ മദ്ധ്യമം കൂടാതെ അല്ലാഹുവിന്‍റെ ആ വാക്കുകൊണ്ട് അദ്ദേഹം ഉണ്ടായി. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനം മൂലം ഉണ്ടായ ആളെന്ന നിലക്ക്- അദ്ദേഹത്തെപ്പറ്റി كلمة الله (അല്ലാഹുവിന്‍റെ വചനം) എന്നും, كلمة من الله (അല്ലാഹുവിങ്കല്‍നിന്നുള്ള വചനം) എന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. (ഖുർആൻ:3/59)
മണ്ണില്‍ നിന്നു അല്ലാഹു ആദമിനെ രൂപപ്പെടുത്തിയുണ്ടാക്കി. പിന്നീട് അതിനോടു മനുഷ്യനാവണമെന്നു കല്‍പിച്ചു. അത് മനുഷ്യനായിത്തീര്‍ന്നു. അതേപോലെ അല്ലാഹുവിന്റെ വാക്കുകൊണ്ട് ഈസാ عليه السلام മർയമിലൂടെ ജനിച്ചു. ഇതല്ലാതെ, അല്ലാഹുവിന്‍റെ നിത്യഗുണങ്ങളില്‍ ഒന്നായ ദിവ്യവചനം മര്‍യം عليه السلام യിൽ അവതരിച്ച് ജഡമായി രൂപാന്തരപ്പെട്ട് അല്ലാഹുവിന്‍റെ പുത്രനായി ഈസാ عليه السلام ജനിച്ചുവെന്ന വാദം ഇസ്ലാം അംഗീകരിക്കുന്നില്ല.
രണ്ടാമതായി, ഈസാ عليه السلام അല്ലാഹുവിന്റെ വക ആത്മാവ് എന്ന അര്‍ത്ഥത്തില്‍ روح الله (അല്ലാഹുവിന്റെ വക ആത്മാവ്) എന്നും പറയപ്പെടുന്നു.
إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ
മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. (ഖുർആൻ :4/171)
‘അല്ലാഹുവിന്റെ വക ആത്മാവ്’ കൊണ്ടുള്ള ഉദ്ദേശ്യമെന്താണെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ആദം عليه السلام യെ കുറിച്ചു മലക്കുകളോട് അല്ലാഹു പറഞ്ഞു:
وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٨﴾ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ﴿٢٩﴾
നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍. (ഖുർആൻ:15/28-29)
മര്‍യം عليه السلام യെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَٰهَا وَٱبْنَهَآ ءَايَةً لِّلْعَٰلَمِينَ
തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ (മര്‍യം) യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു. (ഖുർആൻ:21/91)
وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ
തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മാവില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു. (ഖുർആൻ:66/12)
പിതാവും മാതാവുമില്ലാതെ, മനുഷ്യരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ആദമില്‍ അല്ലാഹു അവന്‍റെ വക ആത്മാവ് ഊതിയതിനാല്‍ അദ്ദേഹം മനുഷ്യനായി വന്നതുപോലെ മര്‍യമിൽ അല്ലാഹു അവന്‍റെ വക ആത്മാവ് ഊതിയപ്പോൾ മനുഷ്യനായി ഈസാ عليه السلام ജനിച്ചു.
ഇക്കാരണത്താല്‍ ആദം عليه السلام ദൈവമോ, ദൈവപുത്രനോ, ദൈവാംശമോ ആകുന്നില്ലാത്തതുപോലെ, ഈസാ عليه السلام യും അതൊന്നും ആകുകയില്ലെന്നുള്ളതും വ്യക്തം. അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവ് ലഭിച്ചതുകൊണ്ട് ദിവ്യത്വം ഉണ്ടായിത്തീരുകയാണെങ്കില്‍ ഈസായെക്കാള്‍ ആദമിനാണ് ദിവ്യത്വം കല്‍പിക്കുവാന്‍ അവകാശം. അല്ലാഹു പറയുന്നു:
وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (ഖുർആൻ:45/13)
ആകാശഭൂമികളില്‍ ഉളളതെല്ലാം അല്ലാഹുിങ്കല്‍ നിന്നായതു കൊണ്ട് അവയെല്ലാം ദൈവങ്ങളോ, ദൈവാംശങ്ങളോ അവന്‍റെ അവതാരങ്ങളോ ആകുന്നില്ലല്ലോ. വാസ്തവത്തില്‍, കഅ്ബഃയെപ്പറ്റി ‘എന്‍റെ വീട്’ (بَيْتِى) എന്നും, ഥമൂദ് ഗോത്രത്തിനു ദൃഷ്ടാന്തമായി അയക്കപ്പെട്ട ഒട്ടകത്തെപ്പറ്റി ‘അല്ലാഹുവിന്‍റെ ഒട്ടകം’ (نَاقَةُ الله) എന്നും മറ്റുമൊക്കെയുള്ള പ്രയോഗങ്ങള്‍ പോലെ, അല്ലാഹുവിന്‍റെ സ്വന്തം വകയായി അവന്‍ അനുഗ്രഹിച്ചരുളിയ ആത്മാവാണ് അദ്ദേഹം എന്ന് മാത്രമെ അതിനര്‍ത്ഥമുളളൂ. അഥവാ അല്ലാഹുവിന്‍റെ ഒരംശമോ, അവന്‍റെ ആത്മാവോ ആണദ്ദേഹം എന്നല്ല തന്നെ.
ഈസാ عليه السلام യെ കുറിച്ച് മലക്കുകള്‍ മര്‍യം عليه السلام ക്ക് സുവിശേഷം അറിയിച്ചപ്പോള്‍ (ഖു൪ആന്‍ :3/45) ആദ്യം അദ്ദേഹത്തിന്‍റെ ഒരു പ്രത്യേകതയെ കുറിക്കുന്ന വിശേഷണ നാമമായി كلمة من الله (അല്ലാഹുവിങ്കല്‍ നിന്നുള്ള വാക്ക്) എന്നുപറഞ്ഞു. അനന്തരം അദ്ദേഹത്തിന്‍റെ പേര് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു സ്ഥാനപദവിയെ ക്കുറിക്കുന്ന مسيح (അഭിഷിക്തന്‍) എന്നും വിശേഷിപ്പിച്ചു. പീന്നീടാണ് സാക്ഷാല്‍ പേരായ عيسى (ഈസാ) എന്നു പറഞ്ഞത്. പേരുകൊണ്ടും മതിയാക്കാതെ ابن مريم (മര്‍യമിന്‍റെ മകന്‍) എന്നുകൂടി വിശേഷിപ്പിച്ചിരിക്കുന്നു. ഈസാ عليه السلام യെ കുറിച്ച് പറയുമ്പോള്‍, പലപ്പോഴും ഖുര്‍ആനില്‍ മര്‍യമിന്‍റെ മകന്‍ എന്ന ഈ വിശേഷണത്തോടു കൂടിയാണ് പ്രസ്താവിക്കപ്പെടാറുള്ളത്. പിതാവില്ലാതെ – മാതാവില്‍നിന്ന് മാത്രം – ജനിച്ച ആളാണദ്ദേഹമെന്നുള്ളതിനു പുറമെ, ഈ പ്രയോഗത്തില്‍ വേറെയും സൂചന അടങ്ങിയിരിക്കുന്നു. അഥവാ, ദൈവപുത്രന്‍ എന്നുള്ള ചിലരുടെ വാദത്തിന്‍റെയും, വ്യഭിചാര പുത്രനെന്നുമുള്ള മറ്റ് ചിലരുടെ വാദത്തിന്‍റെയും (ഈ വാദക്കാർ ജൂതൻമാരാണ്) ഖണ്ഡനം കൂടി അതുള്‍ക്കൊള്ളുന്നു.
ഈസാ عليه السلام ദിവ്യത്വമില്ലെന്നുള്ളത് മേൽ രണ്ട് കാര്യങ്ങളിൽ നിന്നും വ്യക്തമാണ്. അതുകൂടാതെ വിശുദ്ധ ഖുർആൻ മറ്റൊരു സ്ഥലത്ത് പറഞ്ഞു:
وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ
മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. (ഖുർആൻ:2/87)
ഈ ആയത്തിൽ പറഞ്ഞ പരിശുദ്ധാത്മാവ് (رُوحِ قُدُسِ) കൊണ്ടുള്ള വിവക്ഷ ജിബ്രീല്‍ عليه السلام എന്ന മലക്കാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നു തന്നെ വ്യക്തമാണ്.
قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്. (ഖുർആൻ:16/102)
കൂടാതെ, സത്യവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നിടത്ത് ഇപ്രകാരം കാണാം.
أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ
അവന്‍റെ (അല്ലാഹുവിന്റെ) പക്കല്‍ നിന്നുള്ള ഒരു ആത്മാവിനെകൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:58/22)
ഈസാ عليه السلام യില്‍ ദിവ്യത്വമുണ്ടെങ്കിൽ അദ്ദേഹത്തെ എന്തിന് ശക്തിപ്പെടുത്തണം? അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവ് കൊണ്ട് ശക്തിപ്പെടുത്തപ്പെട്ട സത്യവിശ്വാസികള്‍ക്ക് എന്തുകൊണ്ട് ദിവ്യത്വം കല്‍പിക്കപ്പെട്ടില്ല?
عَن عُبَادَةُ بْنُ الصَّامِتِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَابْنُ أَمَتِهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ أَدْخَلَهُ اللَّهُ مِنْ أَىِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ
ഉബാദത്തുബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: “അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീ൪ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും തീ൪ച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മ൪യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുമാണെന്നും സ്വ൪ഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു” എന്ന് ആരെങ്കിലും പറഞ്ഞാല്‍ സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വ൪ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. (മുസ്ലിം:28)