പ്രവാചകനിന്ദ : മുസ്ലിംകൾ അറിയേണ്ടത്

THADHKIRAH

പ്രവാചകനെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് പ്രവാചകന്റെ കാലത്തോളം പഴക്കമുണ്ട്. തന്റെ നാല്‍പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ ശേഷം അവിടുത്തെ പ്രബോധന ദൗത്യം തുടങ്ങിയതിന്റെ ഒന്നാം തീയതി മുതല്‍ അദ്ദേഹത്തിന് ശത്രുക്കളില്‍നിന്നുള്ള അപമാനവും പരിഹാസവും നിന്ദ്യതയും നേരിടേണ്ടിവന്നിട്ടുണ്ട്.  സ്വന്തം കൂട്ടുകുടുംബങ്ങളില്‍നിന്ന് തന്നെയാണ് അതിന്റെ തുടക്കം. ദൈവിക സന്ദേശങ്ങളെ കുറിച്ചും പാരത്രിക ജീവിതത്തെ കുറിച്ചുമുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായി മക്കാ നിവാസികളായ ബന്ധുമിത്രാദികളെയും ഗോത്ര നായകന്മാരെയും വിളിച്ചുകൂട്ടിയ പ്രവാചകന് നേരെ ആക്രോശവും പരിഹാസവുമായി ആദ്യം വന്നത് സ്വന്തം കുടുംബക്കാരന്‍ കൂടിയായ അബൂലഹബ് എന്ന വ്യക്തിയായിരുന്നു.

സൂറത്തു ശുഅറാഇലെ 214ാം സൂക്തമായ وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ (നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് താക്കീതു നല്‍കുക) എന്ന വചനം അവതരിച്ചപ്പോള്‍, നബി ﷺ സഫാ കുന്നിന്‍ മുകളിൽ കയറി അടുത്ത കുടുംബങ്ങളെയെല്ലാം വിളിച്ചു വരുത്തി. ‘ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു നിങ്ങളെ താക്കീതു ചെയ്‌വാൻ അയക്കപ്പെട്ട ദൂതനാണ്‌’ എന്നു അവരെ പൊതുവായും, ഓരോരുത്തരെ പേരുവിളിച്ചു പ്രത്യേകം പ്രത്യേകമായും അറിയിക്കുകയുണ്ടായി. ഈ അവസരത്തില്‍ തിരുമേനിയുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞു എഴുന്നേറ്റുകൊണ്ടു ഇങ്ങിനെ പറഞ്ഞു: تـبـالك سائر الايام الهذا جمعتنا (എല്ലാ നാളുകളിലും – കാലം മുഴുവനും – നിനക്കു നാശം! ഇതിനു വേണ്ടിയാണോ ഞങ്ങളെ നീ ഒരുമിച്ചു കൂട്ടിയത്?) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 14/42 ന്റെ വിശദീകരണം)

അല്ലാഹുവിന്റെ ഏകത്വം, നബി ﷺ യുടെ പ്രവാചകത്വം, പരലോകജീവിതം എന്നീ ഇസ്ലാമിന്റെ  മൂന്ന് വിഷയങ്ങളാണ് അവിശ്വാസികളെ ഏറ്റവും അരിശം കൊള്ളിക്കുന്ന പ്രവാചകന്റെ പ്രബോധനത്തിലെ മൗലികപ്രധാനമായ വിഷയങ്ങള്‍. ഇത് ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ അരിശം അവർ മുഹമ്മദ് ജോല്‍സ്യക്കാരനാണ്, പ്രശ്നക്കാരനാണ്, ഭ്രാന്തനാണ്, ഒരു കവിയാണ്‌ എന്നൊക്കെ പറഞ്ഞുതീർക്കുന്നു.

പ്രവാചകനിന്ദകരുടെ അജണ്ടകള്‍ പലതാണ്. അത് നൂറ്റാണ്ടുകളായി നടന്നുവരുന്നുമുണ്ട്. തികഞ്ഞ അജ്ഞതയോ അല്ലെങ്കില്‍ അന്ധമായ വിദ്വേഷമോ ആണ് പ്രവാചക നിന്ദയുടെ മൂലകാരണം.

ആധുനിക കാലത്തെ പ്രവാചകനിന്ദയുടെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്:

(1) ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആദര്‍ശത്തെയും ജീവിത രീതിയെയും സൈദ്ധാന്തികമായി പിടിച്ചു കെട്ടാനാകില്ലെന്ന തിരിച്ചറിവ്

(2) മുസ്‌ലിംകളെ പ്രകോപിപ്പിക്കല്‍: ഇത്തരണം പ്രകോപനങ്ങൾ വഴി മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വൈകാരികമായ പ്രതികരണം ഇളക്കിവിടുകയും അതുവഴി ‘ഇസ്‌ലാം ഭീകരത’ക്കുള്ള പുതിയ തെളിവായി ആഘോഷിക്കുകയും ചെയ്യാം.

(3) രാഷ്ട്രീയപരം:  മുസ്‌ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും ഭൂരിപക്ഷങ്ങൾക്കിടയിൽ ഇസ്ലാമോഫോബിയ വിതച്ച് അധികാരം പിടിക്കുക

(4) സാമ്പത്തികം: പ്രവാചകനിന്ദ വഴി വാരികയുടെയും ചാനലിന്റെയും വളർച്ചക്കും ഇത് നല്ലൊരു മാർഗമാണിത്.

അതുകൊണ്ടുതന്നെ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് മുസ്ലിംകൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി, ലോകാവസാനംവരെ ഇസ്ലാം ലോകത്ത് നിലനിൽക്കും. അതുകൊണ്ടുതന്നെ ശത്രുക്കളുടെ ഭാഗത്ത് നിന്നും മേൽ കാരണങ്ങളാൽ നബിനിന്ദ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിൽ സത്യവിശ്വാസികൾക്ക് നിരാശയോ നിഷ്ക്രിയത്വമോ വേണ്ടതില്ല. അതൊക്ക അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടുള്ളതാണ്.

രണ്ടാമതായി, സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം; മുഹമ്മദ് നബി ﷺ സമാധാനത്തിന്റെ ദുതനും. ആരെങ്കിലും അദ്ദേഹത്തെ അവഹേളിക്കാൻ ശ്രമിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മഹത്ത്വത്തിന് കോട്ടംതട്ടില്ല. മുഹമ്മദ് അധികം താമസിയാതെ മരണമടയും, അതോടെ ഇസ്ലാമും നശിച്ചുകൊള്ളും, അവന് ആണ്‍മക്കള്‍ ജീവിക്കുന്നില്ല, അതു കൊണ്ടു അവന്റെ പ്രാതിനിധ്യം ഏറ്റെടുക്കുവാന്‍ ആളുണ്ടാകുകയില്ല. ആകയാല്‍ അവന്‌ ഇവിടെ ഭാവിയില്ല’ എന്നൊക്കെപ്പറഞ്ഞ നബിനിന്ദകരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ‎

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍) (ഖുർആൻ:108/3)

നബി ﷺ യോട് വിദ്വേഷവും പകയും വെച്ചു പുലര്‍ത്തുന്ന അക്കൂട്ടരാണ് വാലറ്റവര്‍, അവര്‍ക്കാണ് പിന്തുടര്‍ച്ചയില്ലാത്തത്, അവരുടെ പേരും പ്രശസ്തിയുമാണ് നശിക്കാന്‍ പോകുന്നത്. നബി ﷺ യുടെ പിന്തുടര്‍ച്ചയും സ്മരണയും പ്രശസ്തിയുമെല്ലാം തന്നെ ലോകാവസാനം വരെ നിലനില്‍ക്കും എന്നൊക്കെയാണ് അല്ലാഹു അറിയിച്ചിട്ടുളളത്. അത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. നബി ﷺ യുടെ ദാമ്പത്യ ജീവിതവും രാഷ്ട്രീയ ജീവിതവും സാമൂഹിക ജീവിതവുമെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരൊക്കെ നബി ﷺ യെ വിമർശിച്ചാലും നിന്ദിച്ചാലും അതിനുള്ള മറുപടി അവിടുത്തെ ജീവിതത്തിൽ തന്നെയുണ്ട്.

മൂന്നാമതായി, കഠിനമായി പ്രകോപിപ്പിച്ചാലും മാന്യമായി പ്രതികരിക്കാനാണ് യഥാർഥ വിശ്വാസികൾ ശ്രമിക്കേണ്ടത്.  തിൻമയെ നൻമ കൊണ്ട് പ്രതിരോധിക്കാനാണ് മുസ്ലിംകൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. പ്രകോപിപ്പിക്കുന്നവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള മാർഗവും അതാണ്.

وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ

നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (ഖുർആൻ :41/34)

പ്രവാചകനിന്ദക്കെതിരെ  അക്രമത്തിന്റെ വഴികള്‍ സ്വീകരിക്കലും ഒരര്‍ത്ഥത്തില്‍ പ്രവാചനിന്ദ തന്നെയാണ്. ലോകത്തിന് കാരുണ്യമായ തിരുദൂതരുടെ ജീവിതത്തിന്റെ ഏടുകള്‍ മറിച്ച് പഠിക്കേണ്ടത് പ്രവാചകനിന്ദകരെപ്പോലെ അക്രമം നടത്തുന്നവരുടെയും ബാധ്യതയാണ്.

മഹാനായ നബി ﷺ പതിമൂന്ന് വര്‍ഷക്കാലം മക്കയില്‍ ജീവിച്ചത് അങ്ങേയറ്റം എതിര്‍പ്പുകളും പീഡനങ്ങളും സഹിച്ചുകൊണ്ടാണ്. പക്ഷേ, എടുത്തുചാട്ടത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം അദ്ദേഹം അവലംബിച്ചില്ല. അല്ലാഹുവിന്റെ തീരുമാനത്തെ പ്രതീക്ഷിച്ച് ക്ഷമയോടെ നബി ﷺ യും അനുചരന്മാരും കാത്തിരുന്നു. സ്വയംകൃതമായ ചിന്തകള്‍ ഇസ്‌ലാമിന്റെ മേല്‍കെട്ടിവെച്ച് എടുത്തുചാടി പ്രതികരിക്കുന്ന ഇന്നത്തെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും കോട്ടമല്ലാതെ നേട്ടമൊന്നും വരുത്തിവെക്കുന്നതല്ല. കേരളത്തില്‍ നടന്ന കൈവെട്ടു കേസ് ഇതിനുദാഹരണമാണ്.

ഇരുപത്തിരണ്ട് വര്‍ഷം നബി ﷺ യെ ഉപദ്രവിക്കാന്‍ കിട്ടുന്ന പഴുതുകളെല്ലാം പയറ്റിയ വ്യക്തിയായിരുന്നു അംറുബ്‌നു ആസ്വ് رَضِيَ اللَّهُ عَنْهُ. ഒടുവില്‍ അദ്ദേഹം നബി ﷺ യുടെ അടുത്ത അനുയായി ആയിത്തീര്‍ന്നു. പില്‍ക്കാലത്ത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ഇസ്‌ലാമിക സന്ദേശമെത്തിക്കാന്‍ നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

നാലാമതായി, മുസ്ലിംകൾ അവരുടെ ജീവിതം കൊണ്ടാണ് വിമർശകർക്ക് മറുപടി കൊടുക്കേണ്ടത്. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്ന് എന്റെ ജീവിതത്തിലൂടെ ‍ഞാന്‍ തെളിയിക്കുമെന്നാണല്ലോ രണ്ടാം ശഹാദത്തിലൂടെ നാം പ്രഖ്യാപിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുഹമ്മദ് നബി ﷺ യുടെ ചര്യ ചാണിന് ചാണായി അനുധാവനം ചെയ്യുമ്പോഴാണ് നാം മുഹമ്മദ് നബി ﷺ യെ സ്നേഹിക്കുന്നവരാകുക. അപ്പോഴാണ് നാം മുഹമ്മദ് നബി ﷺ യുടെ അനുയായിയാകുക. അങ്ങനെ ലോകത്ത് മുഹമ്മദ് നബി ﷺ ക്ക് ധാരാളം അനുയായികളുണ്ടെന്ന് കാണിച്ചു കൊടുക്കുക.

അഞ്ചാമതായി, ലോകത്തിനു മുഴുവന്‍ പ്രകാശം നല്‍കിയ, ഇന്നും നല്‍കിക്കൊണ്ടിരിക്കുന്ന, കോടാനുകോടികള്‍ക്ക് വഴികാട്ടിയ ആ കാരുണ്യ പ്രവാചകന്റെ ജീവിതശോഭ  ചില പ്രവാചകനിന്ദ കൊണ്ട് മങ്ങിപ്പോകുന്നതല്ല. ഇസ്‌ലാമിന്റെ പ്രകാശത്തെ അതുവഴി കെടുത്തിക്കളയാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. കാരണം ആ പ്രകാശം പൂര്‍ത്തീകരിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.(ഖു൪ആന്‍:48/28)

يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ

അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.(ഖു൪ആന്‍:9/32)

ഇമാം ഇബ്‌നുകഥീര്‍ ‎رحمه الله പറയുന്നു:

ما بعث به رسوله من الهدى ودين الحق بمجرد جدالهم وافترائهم ، فمثلهم في ذلك كمثل من يريد أن يطفئ شعاع الشمس ، أو نور القمر بنفخه ، وهذا لا سبيل إليه ، فكذلك ما أرسل الله به رسوله لا بد أن يتم ويظهر

‘അവര്‍ ആരോപണങ്ങള്‍കൊണ്ടും നുണകള്‍കൊണ്ടും അല്ലാഹുവിന്റെ പ്രവാചകന്‍ കൊണ്ടുവന്ന ദീനിന്റെ പ്രകാശത്തെ കെടുത്താന്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ ഉപമ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവന്റെത് പോലെയാണ്. ആ വ്യക്തിക്ക് അത് ഒരിക്കലും ചെയ്യാന്‍ സാധ്യമല്ല. ഇതുപോലെത്തന്നെയാണ് പ്രവാചകന്‍ കൊണ്ടുവന്ന ദീനിന്റെയും കാര്യം, തീര്‍ച്ചയായും അത് ജ്വലിച്ച് പ്രകാശിക്കുകയും (ലോകം മുഴുവന്‍) വ്യാപിക്കുകയും ചെയ്യും” (തഫ്‌സീര്‍ ഇബ്‌നു കസീര്‍)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اَلْإِسْلَامِ يَعْلُو, وَلَا يُعْلَى

നബി ﷺ പറഞ്ഞു: ഇസ്ലാം ഉയർന്നു കൊണ്ടേയിരിക്കും. മറ്റൊന്നും അതിനെ മികച്ചു നിൽക്കുകയില്ല. (الجامع الصغير)

ആറാമതായി, പ്രവാചകനിന്ദകരുടെ പര്യവസാനം മോശമായിരിക്കും. പ്രവാചകരെ വേദനിപ്പിച്ചവരെല്ലാം സ്വയം അപമാനിതരും നിന്ദ്യരുമായതാണ് ചരിത്രം. നബിനിന്ദകരില്‍നിന്ന് നബി ﷺ യെ സംരക്ഷിക്കുന്നതിന്റെ ബാധ്യത അല്ലാഹു സ്വയം ഏറ്റെടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നത് കാണുക:

إِنَّا كَفَيْنَٰكَ ٱلْمُسْتَهْزِءِينَ

പരിഹാസക്കാരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. (ഖുര്‍ആന്‍: 15/95)

{ إنا كفيناك المستهزئين } بك وبما جئت به وهذا وعد من الله لرسوله، أن لا يضره المستهزئون، وأن يكفيه الله إياهم بما شاء من أنواع العقوبة. وقد فعل تعالى فإنه ما تظاهر أحد بالاستهزاء برسول الله صلى الله عليه وسلم وبما جاء به إلا أهلكه الله وقتله شر قتلة.

{പരിഹസിക്കുന്നവരില്‍ നിന്നും നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു} അതായത്: നിനക്കും നീ കൊണ്ടുവന്നതിനും (സംരക്ഷകനായി) അല്ലാഹു മതി. ഇത് പ്രവാചകന്ന് അല്ലാഹുവില്‍ നിന്നുമുള്ള വാഗ്ദത്തമാണ്.അഥവാ പരിഹസിക്കുന്നവരും ആക്ഷേപിക്കുന്നവരും ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ല എന്നത്.അവന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പര്യവസാനം വന്നെത്താന്‍ അവന്നും അവര്‍ക്കും അല്ലാഹു മതിയാകുന്നവനാണ്, തീര്‍ച്ചയായും അല്ലാഹു അപ്രകാരം പ്രവര്‍ത്തിച്ചിട്ടുണ്ട്. റസൂലിനെയോ അവന്‍ കൊണ്ടുവന്നതിനെയോ (ഖുര്‍ആനിനെയോ സുന്നത്തിനെയോ) പരിഹസിച്ചിട്ടില്ല, അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞിട്ടല്ലാതെ, അവരെ കഠിനമായി കൊന്നു കളഞ്ഞിട്ടല്ലാതെ. (തഫ്സീറുസ്സഅ്ദി)

ഈ സൂക്തം അവതരിച്ചത് അന്നത്തെ ചില ‘നബിനിന്ദകരുടെ’ ‘നബിനിന്ദ’യുടെ പശ്ചാത്തലത്തിലായിരുന്നു എന്ന് കാണാം. അമാനി മൗലവി ‎رحمه الله ഇതിന്റെ വിശദീകരണത്തില്‍ എഴുതുന്നു: നബി ﷺ യെയും ക്വുര്‍ആനെയും കുറിച്ചു പരിഹാസം പതിവാക്കിയ പലരും മുശ്‌രിക്കുകളില്‍ ഉണ്ടായിരുന്നു. അവരില്‍ പലരുടെയും പേരുകളും അവരുടെ ചെയ്തികളും ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നും മറ്റുമായി പൊതുവെ അറിയപ്പെട്ടതുമാകുന്നു. വലീദുബ്‌നു മുഗീറ, ആസ്വിബ്‌നുവാഇല്‍, അസ്‌വദുബ്‌നു അബ്ദിയഗൂഥ്, അസ്‌വദുബ്‌നു അബ്ദില്‍ മുത്ത്വലിബ്, ഹര്‍ഥുബ്‌നു ത്വലാത്വില മുതലായവര്‍ അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരുന്നു. ഇവരുടെയെല്ലാം അവസാനമുണ്ടായതു കേവലം സാധാരണങ്ങളല്ലാത്ത ചില കാരണങ്ങളെ തുടര്‍ന്നുണ്ടായ ദുര്‍മരണങ്ങളായിരുന്നുവെന്നതു പ്രസ്താവ്യമാണ്. നടന്നുപോകുമ്പോള്‍ ഒരു അമ്പിന്‍മുന കാലില്‍തട്ടുക, കാലില്‍ മുള്ളുകുത്തുക, മൂക്കിലൂടെ ചലംവരുക, കണ്ണില്‍ കരടുവീണു കാഴ്ച നശിക്കുക, മലം ചര്‍ദിക്കുക മുതലായ ഓരോ കാരണങ്ങളായിരുന്നു അവരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയതെന്നു പല രിവായത്തുകളിലും കാണാവുന്നതാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 15/95 ന്റെ വിശദീകരണം)

പ്രവാചകനിന്ദ നടത്തിയ ആദ്യത്തെ വ്യക്തിയായിരുന്നല്ലോ അബുലഹബ്. അതുവഴി അവൻ അല്ലാഹുവിന്റെ ശാപത്തിനിരയായി. അവന്റെ മരണമോ മോശമായ അവസ്ഥയിലും.

تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ‎﴿١﴾‏ مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ‎﴿٢﴾‏ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ‎﴿٣﴾‏ وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ‎﴿٤﴾‏ فِى جِيدِهَا حَبْلٌ مِّن مَّسَدِۭ ‎﴿٥﴾‏

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.  അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.  തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌. വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.  അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. (ഖുർആൻ:109/1-5)

ഈ അധ്യായത്തിന്റെ വിശദീകരണത്തില്‍ അമാനി മൗലവി ‎رحمه الله എഴുതുന്നത് കാണുക: ”… ഈ ശാപം ഇഹത്തില്‍വെച്ചു മരണത്തിനു മുമ്പുതന്നെ അവന്‍ അനുഭവിക്കുകയും ചെയ്തു. അവന്റെ ഉദ്ദേശമൊന്നും ഫലിച്ചതുമില്ല. അവന്റെ മകന്‍ ഉത്ബത്ത് ശാമിലേക്കുള്ള യാത്രയില്‍ സിംഹത്തിനു ഇരയായി. അവനു (അദസത്ത്) എന്നു പറയപ്പെടുന്ന (പ്രമേഹക്കുരുപോലെയോ വസൂരിപോലെയോ ഉള്ള) ഒരു രോഗം പിടിപെട്ടു. ദുര്‍ഗന്ധം നിമിത്തം ജനങ്ങള്‍ അടുക്കാതായി. ശവസംസ്‌കാരത്തിനുപോലും ആളെകിട്ടാതെ കൂലിക്കാരാണത് എങ്ങനെയോ എടുത്ത് മറച്ചത്…” (അമാനി തഫ്സീ൪ – ഖു൪ആന്‍ :109/1-5 ന്റെ വിശദീകരണം)

ഇത് ചില ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഹദീഥുകളില്‍ ഇതിനു സമാനമായ വേറെയും സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകനിന്ദകര്‍ക്ക് ഇഹലോകത്ത് മാത്രമല്ല, പരലോകത്തും അപമാനം നേരിടേണ്ടി വരുമെന്ന് അല്ലാഹു ക്വുര്‍ആനിലൂടെ താക്കീത് ചെയ്യുന്നുണ്ട്:

إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا

അല്ലാഹുവിനേയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌. (ഖു൪ആന്‍:33/57)

 

 

Leave a Reply

Your email address will not be published.

Similar Posts