വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ സ്ത്രീകൾ സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി

THADHKIRAH

ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: ഇണയുടെ മുന്നിലോ സ്ത്രീകളുടെയും മഹ്റമുകളുടെയും ഇടയിലോ സുഗന്ധദ്രവ്യം ഉപയോഗിക്കുക എന്നത് ഒരു സ്ത്രീക്ക് മതം അനുവദിച്ച് നൽകിയ കാര്യമാണ്. അതുപോലെത്തന്നെ, പുരുഷന്മാരുടെ അരികിലൂടെയല്ലാതെ ഒരു സ്ത്രീ അവളുടെ കൂട്ടുകാരികളുടെയോ കുടുംബക്കാരായ സ്ത്രീകളുടെയോ വീടുകളിലേക്ക് പോകുമ്പോഴും അവൾക്ക് അത്തർ ഉപയോഗിക്കാവുന്നതാണ്. പുരുഷന്മാരുടെ മുന്നിലെത്താതെ, അവരുടെ അരികിലൂടെയല്ലാതെ വാഹനത്തിൽ കയറുകയും വാഹനത്തിൽ തന്നെ തിരിച്ചുവരികയും ചെയുന്ന അവസ്ഥയിലാണ് ഇത്.

എന്നാൽ ഒരു സ്ത്രീ സുഗന്ധം ഉപയോഗിക്കുകയും ആ സുഗന്ധം അന്യപുരുഷന്മാർക്ക് കിട്ടുകയും ചെയ്താൽ നബി ﷺ പറഞ്ഞത് പോലെ, പള്ളിയിലേക്കാണ് അവൾ പോയതെങ്കിലും അവൾ വ്യഭിചാരിണിയാണ്. (നസാഈ: 5126) അതായത്, അവൾക്ക് വ്യഭിചാരിണിയുടെ കുറ്റമുണ്ട്. പള്ളിയിലേക്ക് അത്തർ ഉപയോഗിച്ച് വന്ന സ്ത്രീയോട് തിരിച്ചുപോയി കുളിക്കാൻ നബിﷺ കൽപിച്ചിട്ടുണ്ട്. (ഇബ്നു മാജ: 4002)

അവൾ പൂർണമായി കുളിക്കണം എന്ന് ഈ ഹദീഥിനെ വ്യാഖ്യാനിക്കുമ്പോൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ചില പണ്ഡിതന്മാർ പറഞ്ഞത്, അത്തർ ഉപയോഗിച്ച ഭാഗം മാത്രം കഴുകി വൃത്തിയാക്കിയാൽ മതിയെന്നാണ്. അവൾ പൂർണമായി കുളിക്കണം എന്ന ഒന്നാമത്തെ അഭിപ്രായമാണ് ശരിയായ അഭിപ്രായം. അങ്ങാടിയിലേക്കോ റോഡിലേക്കോ, അന്യപുരുഷന്മാരുള്ള മറ്റേത് സ്ഥലത്തേക്ക് ഇറങ്ങുമ്പോഴും സ്ത്രീകൾ അത്തർ ഉപയോഗിക്കാൻ പാടില്ല എന്നാണ് പ്രമാണങ്ങൾ പറയുന്നത്. അതല്ലാത്ത സന്ദർഭങ്ങളിൽ അവർക്ക് അത്തർ ഉപയോഗിക്കുകയും ചെയ്യാം. (https://youtu.be/QncgL7aCQcw)

عَنْ زَيْنَبَ، امْرَأَةِ عَبْدِ اللَّهِ قَالَتْ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا شَهِدَتْ إِحْدَاكُنَّ الْمَسْجِدَ فَلاَ تَمَسَّ طِيبًا

സൈനബ് رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരുവള്‍ പള്ളിയില്‍ ഹാജരാകുവാനുദ്ദേശിച്ചാല്‍ അവള്‍ സുഗന്ധം തൊടരുത്. (മുസ്ലിം:443)

عَنِ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ ‏

അൽഅശ്അരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതെങ്കിലും ഒരു പെണ്ണ് സുഗന്ധം ഉപയോഗിക്കുകയും പുരുഷന്മാർക്ക് അതിന്റെ മണം കിട്ടാനായി അവരുടെ അരികിലൂടെ നടന്ന് പോവുകയും ചെയ്താൽ അവൾ വ്യഭിചാരിണിയാണ്. (നസാഈ: 5126)

أَنَّ أَبَا هُرَيْرَةَ، لَقِيَ امْرَأَةً مُتَطَيِّبَةً تُرِيدُ الْمَسْجِدَ فَقَالَ يَا أَمَةَ الْجَبَّارِ أَيْنَ تُرِيدِينَ قَالَتِ الْمَسْجِدَ قَالَ وَلَهُ تَطَيَّبْتِ قَالَتْ نَعَمْ ‏.‏ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ ‏ “‏ أَيُّمَا امْرَأَةٍ تَطَيَّبَتْ ثُمَّ خَرَجَتْ إِلَى الْمَسْجِدِ لَمْ تُقْبَلْ لَهَا صَلاَةٌ حَتَّى تَغْتَسِلَ

സുഗന്ധം ഉപയോഗിച്ച് പള്ളിയിലേക്ക് പോകുന്ന ഒരു സ്ത്രീയെ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം ചോദിച്ചു: “നീ എങ്ങോട്ടാണ് പോകുന്നത്?” ആ സ്ത്രീ പറഞ്ഞു: “പള്ളിയിലേക്ക്.” അബൂഹുറൈറ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “നീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടോ?” ‘അതെ’ എന്ന് അവർ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “നബിﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; സുഗന്ധം ഉപയോഗിച്ച് ഒരു പെണ്ണ് പള്ളിയിലേക്ക് വന്നാൽ അവർ കുളിക്കുന്നതുവരെ അവരുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.” (ഇബ്നുമാജ: 4002)

قَالَ الشَّافِعِيُّ رحمه الله : وَهَكَذَا أُحِبُّ لِمَنْ حَضَرَ الْجُمُعَةَ مِنْ عَبْدٍ وَصَبِيٍّ وَغَيْرِهِ إلَّا النِّسَاءَ فَإِنِّي أُحِبُّ لَهُنَّ النَّظَافَةَ بِمَا يَقْطَعُ الرِّيحَ الْمُتَغَيِّرَةَ وَأَكْرَهُ لَهُنَّ الطِّيبَ وَمَا يُشْهَرْنَ بِهِ مِنْ الثِّيَابِ بَيَاضٍ ، أَوْ غَيْرِهِ فَإِنْ تَطَيَّبْنَ وَفَعَلْنَ مَا كَرِهْت لَهُنَّ لَمْ يَكُنْ عَلَيْهِنَّ إعَادَةُ صَلَاةٍ

ഇമാം ശാഫിഈ رحمه الله പറഞ്ഞു: സ്ത്രീകള്‍ ഒഴികെയുള്ള അടിമകളും, കുട്ടികളും, മറ്റുള്ളവരും (സുഗന്ധം പൂശി) ഹാജറാകുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിച്ച് ജുമഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവള്‍ ശരീരത്തിലെ ദുര്‍ഗന്ധങ്ങള്‍ ശരിക്ക് നീങ്ങുന്നതുവരെ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാന്‍ അവള്‍ക്ക് വെറുക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവള്‍ നമസ്‌കാരത്തിന്ന് വന്നാല്‍ അവള്‍ നമസ്‌കാരം മടക്കി നമസ്‌ക്കരിക്കേണ്ടതില്ല. (അല്‍ ഉമ്മ്)

قال الألباني -رحمه الله-: “فإذا كان هذا حرامًا على مريدة المسجد فماذا يكون الحكم على مريدة السوق والأزقة والشوارع؟ لا شك أنه أشد حرمة وأكبر إثمًا، وقد ذكر الهيثمي في “الزواجر” أن خروج المرأة من بيتها متعطرة متزينة من الكبائر ولو أذن لها زوجها” اهـ.

ശൈഖ് അൽബാനി رحمه الله പറഞ്ഞു: മസ്ജിദിലേക്ക് പോകുന്ന സ്ത്രീകൾക്ക് പോലും ഈ കാര്യം (അഥവാ സുഗന്ധദ്രവ്യം ഉപയോഗിക്കലും അഥവാ അലങ്കാരം സ്വീകരിക്കലുമൊക്കെ) നിഷിദ്ധമാണെങ്കിൽ അങ്ങാടികളിലേക്കും തെരുവുകളിലേക്കും മറ്റും പോകുന്ന സ്ത്രീകളുടെ കാര്യത്തിലുള്ള വിധി എന്തായിരിക്കും? സംശയമില്ല, അത് കടുത്ത ഹറാമും വലിയ പാപവും ആണ്. അസ്സവാജിര്‍ എന്ന കിതാബിൽ ഇബ്നു ഹജർ അൽ ഹൈതമി പറഞ്ഞു: ഒരു സ്ത്രീ സുഗന്ധം പൂശിയും അലങ്കാരത്തോടുകൂടിയും തൻറെ വീട്ടിൽ നിന്ന് പുറത്തിറങ്ങുക എന്നത് വൻപാപമാണ്, അവളുടെ ഭർത്താവ് അതിന് അനുവാദം നൽകിയാലും.

Leave a Reply

Your email address will not be published.

Similar Posts