لاَ إِلَهَ إِلاَّ الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്നത് ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആദ൪ശ വാക്യമാകുന്നു. ഒരു മനുഷ്യനെ ഇസ്ലാമിലേക്ക് പ്രവേശിപ്പിക്കുന്ന, സ്വർഗ പ്രവേശനത്തിന് സാധ്യമാക്കുന്ന മഹത്തായ വാക്യമാകുന്നു ഇത്. എന്നാൽ ഇന്ന് മുസ്ലിംകളിൽ ധാരാളം ആളുകൾക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അ൪ത്ഥവും ആശയവും അറിയില്ല. ഓരോ മുസ്ലിമും ഈ വാക്യത്തിന്റെ അർത്ഥവും ആശയവും നിർബന്ധമായും പഠിച്ചിരിക്കണം.
لاَ- إِلَهَ – إِلاَّ – اللَّهُ എന്നീ നാല് പദങ്ങൾ ചേർന്ന വാക്യമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’. ‘അല്ലാഹുവല്ലാതെ മറ്റാരു ഇലാഹും ഇല്ല’ എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥം. ഇലാഹ് എന്നാല്‍ مَعْبُود (മഅ്ബൂദ് – ഇബാദത്ത് നല്‍കപ്പെടുന്നവന്‍ /ആരാധിക്കപ്പെടുന്നവന്‍) എന്നാണ് വിവക്ഷ. لاَ مَعْبُودَ بِحَقٍّ إِلاَّ اللهُ – ലാ മഅ്ബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് – (യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ഉദ്ദേശം. “അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല” എന്നും പറയാം. ഇതിനുള്ള തെളിവ് കാണുക:
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന വിശുദ്ധ ഖുർആനിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ കാണുക:
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ ﴿٢٧﴾ وَجَعَلَهَا كَلِمَةَۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ ﴿٢٨﴾
ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു. (ഖു൪ആന്‍ :43/26-28)
ഇബ്റാഹിം നബി(അ) തന്റെ പിതാവിന്റെ മുമ്പാകെ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ പ്രഖ്യാപിക്കുന്നതാണ് സന്ദർഭം. “അത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു” എന്നത് അതാണ് വ്യക്തമാക്കുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ആശയം ഈ വചനങ്ങളിൽ നിന്നും വ്യക്തമാണ്. “തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു” എന്നത് “ലാ ഇലാഹ” യെയും “എന്നെ സൃഷ്ടിച്ചവനൊഴികെ” എന്നത് “ഇല്ലല്ലാഹ്” യെയും സൂചിപ്പിക്കുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നാൽ “അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല” എന്നാണെെന്ന് ഇവിടെയും വ്യക്തം.
قُلْ يَٰٓأَهْلَ ٱلْكِتَٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءِۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ
(നബിയേ) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക. (ഖു൪ആന്‍ :3/64)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദർശത്തിലേക്ക് ജൂത ക്രൈസ്തവരെ ക്ഷണിക്കുവാന്‍ അല്ലാഹു നബി ﷺ യോട് കല്‍പിക്കുകയാണ് ഈ വചനത്തിലൂടെ. ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിച്ച ഒരാൾ, ആരാധനയുടെ ഇനത്തിൽ വരുന്ന യാതൊന്നും അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കാതിരിക്കുക ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ താൽപ്പര്യമാണെന്ന് ഇവിടെയും വ്യക്തമാണ്.
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന് ‘ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല’ എന്ന് മാത്രം പറഞ്ഞാല്‍ മതിയാകുകയില്ല. കാരണം അല്ലാഹുവിനെ കൂടാതെ ധാരാളം ആരാധ്യന്‍മാ൪ എന്നുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആരാധ്യനായി, ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല.
ഒന്നാമതായി, പരമോന്നതനായ അല്ലാഹു ഒഴികെയുള്ള സ൪വ്വ ഇലാഹുകളേയും (ആരാധ്യന്‍മാരെന്ന് പറയുന്നവരേയും) നിഷേധിക്കുന്നു. മലക്കുകള്‍, ജിന്നുകള്‍, പ്രവാചകന്മാ൪, ഔലിയാക്കള്‍, മറ്റ് മനുഷ്യ൪, വിഗ്രഹങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങി അല്ലാഹു അല്ലാത്ത ഒന്നും ഒരിക്കലും ആരാധനക്ക് അ൪ഹരല്ല.
രണ്ടാമതായി, ഏകനായ അല്ലാഹു മാത്രമാണ് യഥാ൪തഥ ഇലാഹെന്ന് (ആരാധനക്ക് അ൪ഹനെന്ന്) സ്ഥാപിക്കുന്നു. അല്ലാഹു അല്ലാത്ത യാതൊന്നിനേയും ഒരു അടിമ ആരാധ്യനായി കാണാന്‍ പാടില്ല.
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നത് അല്ലാഹു അല്ലാത്തവ൪ക്കുള്ള ആരാധ്യതാവകാശത്തെ നിഷേധിക്കുകയും അത് അല്ലാഹുവില്‍ മാത്രം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിനെ കൂടാതെ ആരാധ്യരെ സ്വീകരിക്കുകയും ആളുകള്‍ ജല്‍പ്പിക്കുകയും ചെയ്തിട്ടുള്ള യാതൊന്നിനും ആരാധനാ൪ഹതയില്ലെന്നും അത്യുന്നതനായ അല്ലാഹുവിന് മാത്രമേ അതിന് അ൪ഹതയുള്ളൂവെന്നും അറിയിക്കുന്നു. ചുരുക്കത്തില്‍, അല്ലാഹുവിനെ മാത്രം ആരാധിക്കുക, ആരാധനയുടെ ഇനത്തിൽ വരുന്ന യാതൊന്നും അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കാതിരിക്കുക എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ താൽപ്പര്യം.
هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. (ഖു൪ആന്‍:59/22)
فَأَخْبَرَ أَنَّهُ اللَّهُ الْمَأْلُوهُ الْمَعْبُودُ، الَّذِي لَا إِلَهَ إِلَّا هُوَ، وَذَلِكَ لِكَمَالِهِ الْعَظِيمِ، وَإِحْسَانِهِ الشَّامِلِ، وَتَدْبِيرِهِ الْعَامِّ، وَكُلُّ إِلَهٍ غَيْرَهُ فَإِنَّهُ بَاطِلٌ لَا يَسْتَحِقُّ مِنَ الْعِبَادَةِ مِثْقَالَ ذَرَّةٍ، لِأَنَّهُ فَقِيرٌ عَاجِزٌ نَاقِصٌ، لَا يَمْلِكُ لِنَفْسِهِ وَلَا لِغَيْرِهِ شَيْئًا،
അല്ലാഹു അറിയിക്കുന്നു: (അല്ലാഹു) ആരാധിക്കപ്പെടേണ്ടവന്‍. (അവനല്ലാതെ യാതൊരു ആരാധ്യനുമില്ല). മഹത്തായ അവന്റെ പൂര്‍ണത, സമ്പൂര്‍ണമായ അവന്റെ നന്മ, സമഗ്രമായ അവന്റെ നിയന്ത്രണം എന്നിവയാലാണത്. അവനല്ലാത്ത എല്ലാ ആരാധ്യരും നിരര്‍ഥകമാണ്. ചെറിയൊരംശം പോലും ആരാധനക്ക് അവര്‍ക്ക് അര്‍ഹതയില്ല. കാരണം അവര്‍ ആവശ്യക്കാരാണ്. അശക്തരാണ്. യാതൊന്നും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉടമപ്പെടുത്താത്തവര്‍. (തഫ്സീറുസ്സഅ്ദി)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നാൽ “അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല” എന്നാണെെന്ന് പറഞ്ഞുവല്ലോ. ചില ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് പോലെ, “അല്ലാഹുവല്ലാതെ ഒരു സ്രഷ്ടാവുമില്ല” എന്നോ “അല്ലാഹുവല്ലാതെ ഒരു റാസിക്വും (ഉപജീവനം നൽകുന്നവൻ) ഇല്ല” എന്നോ അല്ല ‘ലാഇലാഹ ഇല്ലല്ലാഹ്’ യുടെ അർത്ഥം. അതൊക്കെ എല്ലാ മനുഷ്യരുടെയും മനസ്സ് അംഗീകരിക്കുന്ന കാര്യമാണ്. മക്കയിലെ മുശ്‌രിക്കുകൾ പോലും അത് നിഷേധിച്ചിട്ടില്ല.
ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦْ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻭَﺳَﺨَّﺮَ ٱﻟﺸَّﻤْﺲَ ﻭَٱﻟْﻘَﻤَﺮَ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۖ ﻓَﺄَﻧَّﻰٰ ﻳُﺆْﻓَﻜُﻮﻥَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്? (ഖു൪ആന്‍:29/61)
ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦْ ﺧَﻠَﻘَﻬُﻢْ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۖ ﻓَﺄَﻧَّﻰٰ ﻳُﺆْﻓَﻜُﻮﻥَ
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? (ഖു൪ആന്‍:43/87)
ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦ ﻧَّﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﻣِﻦۢ ﺑَﻌْﺪِ ﻣَﻮْﺗِﻬَﺎ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۚ ﻗُﻞِ ٱﻟْﺤَﻤْﺪُ ﻟِﻠَّﻪِ ۚ ﺑَﻞْ ﺃَﻛْﺜَﺮُﻫُﻢْ ﻻَ ﻳَﻌْﻘِﻠُﻮﻥَ
ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:29/63)
ﻗُﻞْ ﻣَﻦ ﻳَﺮْﺯُﻗُﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﺃَﻣَّﻦ ﻳَﻤْﻠِﻚُ ٱﻟﺴَّﻤْﻊَ ﻭَٱﻷَْﺑْﺼَٰﺮَ ﻭَﻣَﻦ ﻳُﺨْﺮِﺝُ ٱﻟْﺤَﻰَّ ﻣِﻦَ ٱﻟْﻤَﻴِّﺖِ ﻭَﻳُﺨْﺮِﺝُ ٱﻟْﻤَﻴِّﺖَ ﻣِﻦَ ٱﻟْﺤَﻰِّ ﻭَﻣَﻦ ﻳُﺪَﺑِّﺮُ ٱﻷَْﻣْﺮَ ۚ ﻓَﺴَﻴَﻘُﻮﻟُﻮﻥَ ٱﻟﻠَّﻪُ ۚ ﻓَﻘُﻞْ ﺃَﻓَﻼَ ﺗَﺘَّﻘُﻮﻥَ
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?. (ഖു൪ആന്‍:10/31)
അല്ലാഹുവാണ് സൃഷ്ടാവും രക്ഷിതാവും നിയന്താവും അന്നം നല്‍കുന്നവനുമെന്ന വിശ്വസിക്കുന്ന മക്കയിലെ മുശ്രിക്കുകളോട് മുഹമ്മദ് നബി ﷺ പറഞ്ഞത് നിങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ അംഗീകരിക്കണമെന്നാണ്. അല്ലാഹു മാത്രമാണ് സൃഷ്ടാവും രക്ഷിതാവും നിയന്താവും റാസിഖും എന്ന് വിശ്വസിച്ചാലും അതൊന്നുമല്ല ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്തെന്ന് പഠിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഈ കാര്യം മറക്കരുത്. മക്കയിലെ മുശ്രിക്കുകളുടെ ഏറ്റവും വലിയ പ്രശ്നം, അല്ലാഹുവിന് മാത്രമല്ല അവർ ആരാധനകൾ നൽകിയത് എന്നതാണ്. അതുകൊണ്ടാണ്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആദർശവുമായി നബിﷺ വന്നപ്പോൾ അവർ അതിനെ നിഷേധിച്ചത്.
നബി ﷺ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദ൪ശ പ്രബോധനവുമായി ഇറങ്ങിയപ്പോള്‍ അത് അംഗീകരിക്കുവാന്‍ മക്കയിലെ മുശ്’രിക്കുകള്‍ തയ്യാറായില്ല. കാരണം അവ൪ അല്ലാഹു മാത്രമാണ് സൃഷ്ടാവും രക്ഷിതാവും നിയന്താവും അന്നം നല്‍കുന്നവനും മഴ പെയ്യിപ്പിക്കുന്നവനുമെന്നൊക്കെ വിശ്വസിക്കുന്നതോടൊപ്പം അല്ലാഹു അല്ലാത്ത പ്രവാചകന്മാ൪, ഔലിയാക്കള്‍, മലക്കുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയതിനെ ആരാധ്യരായി ഗണിച്ചിരുന്നു. അവ൪ക്കൊക്കെ ആരാധനയുടെ അംശങ്ങള്‍ അവ൪ വകവെച്ച് നല്‍കിയിരുന്നു. അഥവാ അവ൪ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാ൪തഥിക്കുന്നവരും അല്ലാഹുവല്ലാത്തവരോട് ഇസ്തിഗാസ നടത്തുന്നവരും അല്ലാഹുവല്ലാത്തവ൪ക്ക് നേ൪ച്ചയാക്കുന്നവരും അല്ലാഹുവല്ലാത്തവരെക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നവരും അല്ലാഹുവല്ലാത്തവ൪ക്ക് അറവ് നടത്തുന്നവരുമായിരുന്നു. അല്ലാഹു അല്ലാത്തവ൪ക്ക് അവ൪ ആരാധനകള്‍ സമ൪പ്പിച്ചിരുന്നതിനുള്ള അവരുടെ ഒരു ന്യായം ‘ഞങ്ങള്‍ അവരെ ആരാധിക്കുന്നത് അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാകുന്നു’ എന്നാണ്.
ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ
….അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്……(ഖു൪ആന്‍:39/3)
അല്ലാഹുവിന് പുറമേ ആരാധ്യന്‍മാരെ സ്വീകരിച്ചിട്ടുള്ളതിനുള്ള അവരുടെ മറ്റൊരു ന്യായം ‘അല്ലാഹുവിന് പുറമെയുള്ള ഞങ്ങളുടെ ആരാധ്യന്‍മാ൪, അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാ൪ശകരാണ് ‘ എന്നാണ്.
ﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. ….(ഖു൪ആന്‍:10/18)
അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം തങ്ങള്‍ അല്ലാഹുവല്ലാത്ത പ്രവാചകന്‍മാ൪ക്കും മഹാന്‍മാ൪ക്കും ആരാധനയുടെ വകുപ്പില്‍ വരുന്ന പല കാര്യങ്ങളും സമ൪പ്പിച്ചിരുന്നതില്‍ നിന്നെല്ലാം മുക്തരാകണം എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ താല്‍പര്യമെന്ന് മക്കയിലെ മുശ്’രിക്കുകള്‍ക്ക് അറിയാമായിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്നത് അംഗീകരിച്ചാല്‍ പിന്നെ അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാവൂ, അവന് വേണ്ടി മാത്രമേ ബലി അ൪പ്പിക്കാവൂ, അവന് മാത്രമേ നേ൪ച്ച സമ൪പ്പിക്കാവൂ എന്ന് തുടങ്ങി ഇബാദത്തിന്റെ സകല വശങ്ങളും അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളൂവെന്നും അവനിലേക്ക് അടുക്കുന്നതിന് വേണ്ടി മധ്യസ്ഥന്‍മാരെയും ശുപാ൪ശകന്‍മാരെയും സ്വീകരിക്കേണ്ടതില്ലെന്നും അവ൪ മനസ്സിലാക്കി. അല്ലാഹു അല്ലാത്തവ൪ക്കുള്ള ആരാധന ഉപേക്ഷിക്കുക എന്നുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അല്ലാഹുവിനെ ആരാധന കൊണ്ട് ഒരുവനാക്കലാണെന്നും അവ൪ മനസ്സിലാക്കി. അതുകൊണ്ടാണ് “എല്ലാ ആരാധ്യന്മാരെയും നീ ഒറ്റ ആരാധ്യനാക്കുകയാണോ” എന്ന് അവർ ചോദിച്ചത്.
ﺃَﺟَﻌَﻞَ ٱﻻْءَﻟِﻬَﺔَ ﺇِﻟَٰﻬًﺎ ﻭَٰﺣِﺪًا ۖ ﺇِﻥَّ ﻫَٰﺬَا ﻟَﺸَﻰْءٌ ﻋُﺠَﺎﺏٌ
ഇവന്‍ പല ഇലാഹുകളെ ഒരൊറ്റ ‘ഇലാഹ് ‘ ആക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (ഖു൪ആന്‍:38/5)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് അംഗീകരിക്കുകയാണെങ്കില്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിനും അവനോട് ശുപാ൪ശ നടത്തുന്നതിനും വേണ്ടി മരണപ്പെട്ടവരെയോ അവരുടെ പ്രതീകങ്ങളായ വിഗ്രഹങ്ങളേയോ സ്വീകരിക്കാന്‍ പാടില്ലെന്നുള്ളത് അവരെ അസ്വസ്ഥരാക്കി. അതവ൪ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരതില്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. അഥവാ റബ്ബും, സൃഷ്ടാവും, റാസിക്കുമായ അല്ലാഹുവിനെ മാത്രമേ ഇലാഹ് ആക്കാവൂ എന്നത് അവ൪ അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ‘ലാഇലാഹ ഇല്ലല്ലാഹ്’ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അവ൪ പിന്തിരിഞ്ഞ് കളയുമായിരുന്നു.
ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮٓا۟ ﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ٱﻟﻠَّﻪُ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻭَﻳَﻘُﻮﻟُﻮﻥَ ﺃَﺋِﻨَّﺎ ﻟَﺘَﺎﺭِﻛُﻮٓا۟ ءَاﻟِﻬَﺘِﻨَﺎ ﻟِﺸَﺎﻋِﺮٍ ﻣَّﺠْﻨُﻮﻥٍۭ
‘അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല’ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യന്‍മാരെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:37/35-36)
ഇവിടയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ മ൪മ്മം. അതായത് അല്ലാഹു മാത്രമാണ് സൃഷ്ടാവും രക്ഷിതാവും നിയന്താവും അന്നം നല്‍കുന്നവനുമെന്ന് വിശ്വസിക്കുന്നതോടൊപ്പം ആ അല്ലാഹുവിന് മാത്രമേ ആരാധനയുടെ വകുപ്പില്‍ പെടുന്ന സകലതും സമ൪പ്പിക്കാന്‍ പാടുള്ളൂ.’ അതായത് ആരാധനയുടെ വകുപ്പില്‍ വരുന്ന നമസ്കാരം, നോമ്പ്, പ്രാ൪ത്ഥന, ഇസ്തിഗാസ(സഹായം തേടല്‍), നേ൪ച്ച, ബലി, പ്രതീക്ഷ, ഭയം, ആഗ്രഹം, പേടി, ഭാരമേല്‍പ്പിക്കല്‍ എന്നിവയെല്ലാം അല്ലാഹുവിന് മാത്രം ചെയ്യണം.ആരാധനയുടെ വകുപ്പില്‍ വരുന്ന എന്തെങ്കിലും അല്ലാഹു അല്ലാത്തവ൪ക്ക് അ൪പ്പിച്ചാല്‍ അത് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന് എതിരാണ്. അവന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്ന സാക്ഷ്യം പൂ൪ത്തീകരിച്ചിട്ടില്ല.
‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല’ എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പറയുന്നവരില്‍ തന്നെ ധാരാളംപേ൪ അല്ലാഹുവല്ലാത്തവ൪ക്ക് ആരാധനകള്‍ അ൪പ്പിക്കുന്നതായും കാണാം. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ഉദ്ദേശം അവർ കൃത്യമായി മനസ്സിലാക്കിയിട്ടില്ല. അല്ലെങ്കിൽ ഇബാദത്ത് (ആരാധന) എന്താണെന്ന് മനസ്സിലാക്കത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇബാദത്ത് (ആരാധന) എന്താണെന്നും ഇബാദത്തിന്റെ ഇനങ്ങൾ എന്താണെന്നും മനസ്സിലാക്കിയാല്‍ മാത്രമേ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ മനസ്സിലാക്കാന്‍ കഴിയൂ. ‘ആരാധന’ എന്താണെന്ന് നബി ﷺ വിശദീകരിച്ച ഒരു ഹദീസ് മാത്രം കാണുക:
عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ : وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നുഅ്മാനുബ്‌നു ബശീർؓ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ് ആരാധന. ശേഷം നബി ﷺ ഓതി നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. നിശ്ചയം, എനിക്ക് ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” (ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്-സ്വഹീഹ്)
മനുഷ്യന്‍ അവന്റെ സ്വന്തം പരിശ്രമത്താലോ മറ്റുള്ളവരുടെ സഹായത്തോട് കൂടിയോ നിറവേറ്റാന്‍ കഴിയാത്ത ആവശ്യം നേരിടുമ്പോള്‍, അതുപോലെതന്നെ സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്തോട് കൂടിയോ തടുക്കാന്‍ കഴിയാത്ത അപകടങ്ങള്‍ നേരിടുമ്പോള്‍ ആശയോടും ഭയത്തോടും കൂടി സമ൪പ്പിക്കുന്നതാണ് പ്രാ൪ത്ഥന. പ്രാ൪ത്ഥനയുടെ അംശമുള്ള എല്ലാ ക൪മ്മങ്ങളും ആരാധനയാണ് (ഇബാദത്താണ്) എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഇത്തരം ക൪മ്മങ്ങളെല്ലാം അല്ലാഹുവിന് മാത്രമായിരിക്കണം എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ താല്പര്യം. അഭൌതിക മാ൪ഗ്ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ മാ൪ഗ്ഗത്തില്‍ ഗുണം ആശിച്ചുകൊണ്ടോ ദോഷം ഭയപ്പെട്ടുകൊണ്ടോ നി൪വ്വഹിക്കപ്പെടുന്ന വിധേയത്വം, ആദരവ്, സ്നേഹം, ഭയം, പ്രതീക്ഷ എന്നിവയെല്ലാം ആരാധനയുടെ (ഇബാദത്തിന്റെ) വകുപ്പില്‍ പെടുന്നു. ഇത് അല്ലാഹുവിന് മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ആശയം.
ﻭَﻗَﻀَﻰٰ ﺭَﺑُّﻚَ ﺃَﻻَّ ﺗَﻌْﺒُﺪُﻭٓا۟ ﺇِﻻَّٓ ﺇِﻳَّﺎﻩُ
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്, നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. (ഖു൪ആന്‍ :17/23)
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ
മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. (ഖു൪ആന്‍ : 2/21)
എന്തുകൊണ്ടാണ് അല്ലാഹു മാത്രമാണ് ‘ഇലാഹ് (ആരാധ്യന്‍) അല്ലെങ്കില്‍ അല്ലാഹുവിന് മാത്രമേ ആരാധനകള്‍ അ൪പ്പിക്കാവൂ എന്നു പറയുന്നത്? അല്ലാഹു മാത്രമാണ് അതിന് അ൪ഹന്‍ എന്നതുകൊണ്ട് തന്നെയാണ്. കാരണം അവന്‍ മാത്രമാണ് എല്ലാറ്റിന്റേയും സൃഷ്ടാവും സംരക്ഷകനും പരിപാലകനും എല്ലാറ്റിനും അന്നം നല്‍കുന്നവനും. അല്ലാഹുവല്ലാത്ത യാതൊന്നിനും അവ൪ എത്ര മഹാന്‍മാരാകട്ടെ അവ൪ക്കൊന്നും ആരാധനകള്‍ അ൪പ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത് അവരാരും സൃഷ്ടാവും സംരക്ഷകനും പരിപാലകനും അന്നം നല്‍കുന്നവനുമൊന്നും അല്ലാത്തവരായതു കൊണ്ടാണ്.
സൃഷ്ടി കര്‍ത്തൃത്വവും രക്ഷാ കര്‍ത്തൃത്വവും ആരാധ്യതയും തമ്മിലുള്ള ബന്ധം
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ : 2/21-22)
ഈ വചനങ്ങളില്‍ കണ്ടതു പോലെ, ആദ്യം അല്ലാഹുവിന്‍റെ സൃഷ്ടി കര്‍ത്തൃത്വവും (خَالِقِيَّة) രക്ഷാ കര്‍ത്തൃത്വവും (رُبُوبِيَّة) ഉറപ്പിച്ച ശേഷം, ആ അടിസ്ഥാനത്തില്‍ അവന്‍റെ ആരാധ്യതയും (ألُوُهِيَّة) – അഥവാ ദൈവത്വവും – സ്ഥാപിക്കുക ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്ന പതിവാകുന്നു. ആദ്യത്തെ ഗുണം അവന് വകവെച്ചു കൊടുക്കാത്തവരായി തനി ഭൗതിക – നിരീശ്വര – വാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഗുണം സമ്മതിക്കുന്നതോടെ രണ്ടാമത്തെ ഗുണവും സമ്മതിക്കുവാന്‍ ബുദ്ധി നിര്‍ബന്ധിതമാകും. രണ്ടാമത്തെ ഗുണത്തിന്‍റെ – രക്ഷാകര്‍ത്തൃത്വത്തിന്‍റെ – വിശദീകരണത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും വേദവാദികളാരും അത് സമ്മതിക്കാതിരിക്കുകയില്ല. ആ രണ്ടു ഗുണങ്ങളും സമ്മതിക്കുന്ന ഒരാള്‍ക്ക് മൂന്നാമത്തെ ഗുണവും (ആരാധ്യതയും) അല്ലാഹുവിന് മാത്രമായിരിക്കല്‍ അനിവാര്യമാണെന്നു സമ്മതിക്കാതിരിക്കാന്‍ ന്യായമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/21-22ന്റെ വിശദീകരണം)
അല്ലാഹുവിന്‍റെ സൃഷ്ടി കര്‍ത്തൃത്വവും രക്ഷാ കര്‍ത്തൃത്വവും അംഗീകരിച്ചവന്‍ ‘ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വം അംഗീകരിക്കാന്‍’ ബാധ്യസ്ഥനാണ്. അഥവാ പ്രപഞ്ച നാഥന്റെ സൃഷ്ടി കര്‍ത്തൃത്വവും കര്‍ത്തൃത്വവും അംഗീകരിക്കുന്നവന്‍ ആരാധിക്കപ്പെടാന്‍ അവനല്ലാതെ മറ്റൊന്നിനും അ൪ഹതയില്ലെന്ന് സമ്മതിക്കേണ്ടതാണ്. ഇവ തമ്മില്‍ പരസ്പര പൂരകങ്ങളാണ്.
بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴿١٠١﴾ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَٰهَ إِلَّا هُوَ ۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ ﴿١٠٢﴾
ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.(ഖു൪ആന്‍ :6/101-102)
رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴿٧﴾ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ﴿٨﴾
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍. അവനല്ലാതെ യാതൊരു ആരാധ്യനില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.(ഖു൪ആന്‍ :44 /7- 8)
ﺑَﺪِﻳﻊُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ۖ ﺃَﻧَّﻰٰ ﻳَﻜُﻮﻥُ ﻟَﻪُۥ ﻭَﻟَﺪٌ ﻭَﻟَﻢْ ﺗَﻜُﻦ ﻟَّﻪُۥ ﺻَٰﺤِﺒَﺔٌ ۖ ﻭَﺧَﻠَﻖَ ﻛُﻞَّ ﺷَﻰْءٍ ۖ ﻭَﻫُﻮَ ﺑِﻜُﻞِّ ﺷَﻰْءٍ ﻋَﻠِﻴﻢٌ ﺫَٰﻟِﻜُﻢُ ٱﻟﻠَّﻪُ ﺭَﺑُّﻜُﻢْ ۖ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ۖ ﺧَٰﻠِﻖُ ﻛُﻞِّ ﺷَﻰْءٍ ﻓَﭑﻋْﺒُﺪُﻭﻩُ ۚ ﻭَﻫُﻮَ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻭَﻛِﻴﻞٌ
ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മ്മാതാവാണവന്‍. അവന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവനൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.(ഖു൪ആന്‍:6/101,102)
ﺭَّﺏُّ ٱﻟْﻤَﺸْﺮِﻕِ ﻭَٱﻟْﻤَﻐْﺮِﺏِ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻓَﭑﺗَّﺨِﺬْﻩُ ﻭَﻛِﻴﻼً
ഉദയസ്ഥാനത്തിന്റേയും, അസ്തമനസ്ഥാനത്തിന്റേയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക.(ഖു൪ആന്‍ :73/9)
അതേപോലെ അല്ലാഹുവല്ലാത്തവരെ ആരാധിക്കരുതെന്ന് പറഞ്ഞപ്പോഴും ആ ആരാധ്യ൪ സൃഷ്ടാവും സംരക്ഷകനുമല്ലെന്നും അതിനോട് ചേ൪ത്ത് അല്ലാഹു ചൂണ്ടി കാണിച്ചിട്ടുണ്ട്.
ﻗُﻞْ ﺃَﺭَءَﻳْﺘُﻢ ﻣَّﺎ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﺃَﺭُﻭﻧِﻰ ﻣَﺎﺫَا ﺧَﻠَﻘُﻮا۟ ﻣِﻦَ ٱﻷَْﺭْﺽِ ﺃَﻡْ ﻟَﻬُﻢْ ﺷِﺮْﻙٌ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ۖ ٱﺋْﺘُﻮﻧِﻰ ﺑِﻜِﺘَٰﺐٍ ﻣِّﻦ ﻗَﺒْﻞِ ﻫَٰﺬَآ ﺃَﻭْ ﺃَﺛَٰﺮَﺓٍ ﻣِّﻦْ ﻋِﻠْﻢٍ ﺇِﻥ ﻛُﻨﺘُﻢْ ﺻَٰﺪِﻗِﻴﻦَ
(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ.(ഖു൪ആന്‍ :46/4)
അല്ലാഹുവാണ് സൃഷ്ടാവും നിയന്താവും, രക്ഷിതാവും, അന്നം നൽകുന്നവനും എന്ന് വിശ്വസിക്കുന്നവർ ആരാധനയുടെ ഇനത്തിൽ വരുന്ന സകലതും അല്ലാഹുവിന് മാത്രമേ നൽകാൻ പാടുള്ളൂ എന്നും മേൽ വചനങ്ങളിൽ നിന്നും വ്യക്തമാണ്.
إِله (ഇലാഹു) എന്നാല്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവന്‍ എന്നര്‍ത്ഥം. സൃഷ്ടി, സംഹാരം, രക്ഷ, ശിക്ഷ മുതലായവയ്ക്ക് പരിപൂര്‍ണ്ണമായും കഴിവുള്ളവനു മാത്രമേ ഇലാഹായിരിക്കുവാന്‍ അര്‍ഹതയുള്ളു. അങ്ങിനെയുള്ളവനുമാത്രമേ അതിനു അവകാശവുമുള്ളു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 21/23ന്റെ വിശദീകരണം)
അല്ലാഹു അയച്ചിട്ടുള്ള ആദം നബി(അ) മുതല്‍ മുഹമ്മദ് നബി ﷺ വരെയുള്ള എല്ലാ പ്രവാചകന്മാരും ആദ്യമായി പ്രബോധനം ചെയ്തത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആയിരുന്നു. കാരണം ഇസ്ലാമിലേക്ക് പ്രവേശിക്കണമെങ്കില്‍ ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിച്ചേ പറ്റുകയുള്ളൂ.
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… ……….(ഖു൪ആന്‍:16/36)
ﻟَﻘَﺪْ ﺃَﺭْﺳَﻠْﻨَﺎ ﻧُﻮﺣًﺎ ﺇِﻟَﻰٰ ﻗَﻮْﻣِﻪِۦ ﻓَﻘَﺎﻝَ ﻳَٰﻘَﻮْﻡِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُ
നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ആരാധ്യനില്ല……(ഖു൪ആന്‍ :7/59)
ﻭَﺇِﻟَﻰٰ ﻋَﺎﺩٍ ﺃَﺧَﺎﻫُﻢْ ﻫُﻮﺩًا ۗ ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُۥٓ ۚ ﺃَﻓَﻼَ ﺗَﺘَّﻘُﻮﻥَ
ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?(ഖു൪ആന്‍ :7/65)
ﻭَﺇِﻟَﻰٰ ﻣَﺪْﻳَﻦَ ﺃَﺧَﺎﻫُﻢْ ﺷُﻌَﻴْﺒًﺎ ۗ ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُۥ ۖ
മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ആരാധ്യനുമില്ല.(ഖു൪ആന്‍ : 7/85)
ﻭَﺇِﻟَﻰٰ ﺛَﻤُﻮﺩَ ﺃَﺧَﺎﻫُﻢْ ﺻَٰﻠِﺤًﺎ ۗ ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُۥ ۖ
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ആരാധ്യനുമില്ല……. (ഖു൪ആന്‍ :7/73)
ﻗَﺎﻝَ ﺃَﻏَﻴْﺮَ ٱﻟﻠَّﻪِ ﺃَﺑْﻐِﻴﻜُﻢْ ﺇِﻟَٰﻬًﺎ ﻭَﻫُﻮَ ﻓَﻀَّﻠَﻜُﻢْ ﻋَﻠَﻰ ٱﻟْﻌَٰﻠَﻤِﻴﻦَ
അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ആരാധ്യനായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്.(ഖു൪ആന്‍ :7 / 140)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : أيُّها النَّاسُ قولوا لا إلَهَ إلَّا اللَّهُ تُفلِحوا
മുഹമ്മദ് നബി ﷺ പറഞ്ഞു: മനുഷ്യരെ, നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് പറയൂ.(ഇരുലോകത്തും) വിജയിക്കാം.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم بَعَثَ مُعَاذًا ـ رضى الله عنه ـ إِلَى الْيَمَنِ فَقَالَ “ ادْعُهُمْ إِلَى شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنِّي رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ قَدِ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ،
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു: താങ്കള്‍ അവരുടെ അടുത്ത് ചെന്നാല്‍ അവരെ (ആദ്യമായി) ക്ഷണിക്കേണ്ടത് ‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, ഞാൻ അല്ലാഹുവിന്റെ റസൂലാണ് ‘ എന്ന സത്യസാക്ഷ്യത്തിലേക്കാണ്. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി: 1395)
നബി ﷺ പറഞ്ഞു: ‘ ഞാനും എനിക്ക് മുമ്പു വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിട്ടുള്ള ഉല്‍കൃഷ്ട വചനമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ (തി൪മിദി)
ഏത് കാലത്തും അതാത് കാലത്തുള്ള പ്രവാചകന്‍മാ൪ ജനങ്ങളെ ലാഇലാഹ ഇല്ലല്ലാഹ് എന്നതിലേക്ക് ക്ഷണിക്കുമ്പോള്‍ ഭൂരിപക്ഷം ജനങ്ങളും പിന്തിരിഞ്ഞ് കളയുമായിരുന്നു. ആയിരം വ൪ഷത്തോളം ലാഇലാഹ ഇല്ലല്ലാഹ് പ്രബോധനം ചെയ്ത പ്രവാചകനായിരുന്നു നൂഹ് നബി(അ) . അദ്ദേഹത്തിന്റെ സമൂഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
ﻭَﻗَﺎﻟُﻮا۟ ﻻَ ﺗَﺬَﺭُﻥَّ ءَاﻟِﻬَﺘَﻜُﻢْ ﻭَﻻَ ﺗَﺬَﺭُﻥَّ ﻭَﺩًّا ﻭَﻻَ ﺳُﻮَاﻋًﺎ ﻭَﻻَ ﻳَﻐُﻮﺙَ ﻭَﻳَﻌُﻮﻕَ ﻭَﻧَﺴْﺮًا
അവര്‍ പറഞ്ഞു: (ജനങ്ങളേ) നിങ്ങള്‍ നിങ്ങളുടെ ആരാധ്യന്‍മാരെ ഉപേക്ഷിക്കരുത്. (അതായത്) വദ്ദ്, സുവാഉ, യഊഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്.(ഖു൪ആന്‍:71/23)
ഹൂദ് നബിയുടെ(അ) സമൂഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
ﻗَﺎﻟُﻮٓا۟ ﺃَﺟِﺌْﺘَﻨَﺎ ﻟِﻨَﻌْﺒُﺪَ ٱﻟﻠَّﻪَ ﻭَﺣْﺪَﻩُۥ ﻭَﻧَﺬَﺭَ ﻣَﺎ ﻛَﺎﻥَ ﻳَﻌْﺒُﺪُ ءَاﺑَﺎٓﺅُﻧَﺎ ۖ ﻓَﺄْﺗِﻨَﺎ ﺑِﻤَﺎ ﺗَﻌِﺪُﻧَﺎٓ ﺇِﻥ ﻛُﻨﺖَ ﻣِﻦَ ٱﻟﺼَّٰﺪِﻗِﻴﻦَ
അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ, നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍. (ഖു൪ആന്‍:7/70)
മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിന്റെ മറുപടിയും ഇതിന്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. അല്ലാഹു പറയുന്നത് കാണുക:
ﻭَﻳَﻘُﻮﻟُﻮﻥَ ﺃَﺋِﻨَّﺎ ﻟَﺘَﺎﺭِﻛُﻮٓا۟ ءَاﻟِﻬَﺘِﻨَﺎ ﻟِﺸَﺎﻋِﺮٍ ﻣَّﺠْﻨُﻮﻥٍۭ
ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യന്‍മാരെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.(ഖു൪ആന്‍:37/36)
ഒരു മനുഷ്യനെ ഇസ്ലാമിലേക്ക് പ്രവേശിപ്പിക്കുന്ന, സ്വർഗ പ്രവേശനത്തിന് സാധ്യമാക്കുന്ന മഹത്തായ വാക്യമാകുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം കൊണ്ട് ഇരുലോകത്തും ഉപകാരമുണ്ടാകണമെങ്കിൽ അതോടൊപ്പം പാലിച്ചിരിക്കേണ്ട ചില നിബന്ധനകളുമുണ്ട്.
وَقِيلَ لِوَهْبِ بْنِ مُنَبِّهٍ أَلَيْسَ لاَ إِلَهَ إِلاَّ اللَّهُ مِفْتَاحُ الْجَنَّةِ قَالَ بَلَى، وَلَكِنْ لَيْسَ مِفْتَاحٌ إِلاَّ لَهُ أَسْنَانٌ، فَإِنْ جِئْتَ بِمِفْتَاحٍ لَهُ أَسْنَانٌ فُتِحَ لَكَ، وَإِلاَّ لَمْ يُفْتَحْ لَكَ.
വഹബ് ബ്നു മുനബ്ബിഹ് رَحِمَهُ اللَّه ചോദിക്കപ്പെട്ടു: ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം സ്വർഗത്തിന്റെ താക്കോലല്ലേ? അദ്ദേഹം പറഞ്ഞു: അതെ, എന്നാൽ ഏതൊരു താക്കോലിനും അതിൻ്റേതായ പല്ലുകളുണ്ട്. പല്ലുകളുള്ള താക്കോലുമായാണ് നീ വാതിലിന്റെ മുമ്പിൽ ചെല്ലുന്നതെങ്കിൽ അത് നിനക്കായി തുറക്കപ്പെടും. ഇല്ലെങ്കിൽ തുറക്കപ്പെടുകയുമില്ല. (ഇമാം ബുഖാരി كتاب الجنائز ൽ ഉദ്ദരിച്ചത്)
وقيل للحسن البصري رحمه الله : إن ناسًا يَقُولُونَ: من قال: لا إله إلا الله دخل الجنة؟ فَقَالَ: من قال: لا إله إلا الله، فأدّى حقها وفرضها دخل الجنة.
ഹസനുൽ ബസ്വ്രരി رَحِمَهُ اللَّه ചോദിക്കപ്പെട്ടു: ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് ജനങ്ങളിൽ ചിലർ പറയുന്നു. അദ്ദേഹം പറഞ്ഞു: അതെ, ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും, അതിന്റെ അവകാശവും നിർബന്ധ ബാധ്യതകളും നിറവേറ്റുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. (ശർഹുന്നവവി: 1/219)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആദർശ വാക്യത്തിന്റെ നിബന്ധനകളായി പണ്ഢിതൻമാർ വിശദീകരിച്ച കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ അതിനെ കുറിച്ച് അറിവുള്ളവനായിരിക്കണം. അതിന്റെ അർഥവും ആശയവും അവൻ മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമായ ധാരണ വേണം. അത് ചൊല്ലിക്കഴിഞ്ഞാൽപിന്നെ പ്രവർത്തിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയിരിക്കണം. ഉദാഹരണത്തിന് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ചൊല്ലിയ ഒരാൾ അല്ലാഹുവിന് മാത്രമെ ഇബാദത്ത് ചെയ്യാവൂ, ഇബാദത്തിന്റെ അംശമുള്ള യാതൊരു കർമ്മവും അല്ലാഹുവല്ലാത്തവർക്ക് ചെയ്യരുത്.
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ
ആകയാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് നീ മനസ്സിലാക്കുക. (ഖു൪ആന്‍:47/19)
عَنْ عُثْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ .
ഉസ്മാന്‍ رَضِيَ اللَّهُ عَنْهُمْ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് മനസ്സിലാക്കിയിട്ടാണ് മരണപ്പെട്ടത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. (മുസ്‌ലിം: 26)
രണ്ടാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ അത് വിഭാവനം ചെയ്യുന്ന ആദർശത്തിലുള്ള ദൃഢവിശ്വാസത്തോടെയാണ് ചൊല്ലേണ്ടത്. അതിൽ യാതൊരു സംശയവുണ്ടാകരുത്.
عَنْ أَبِي هُرَيْرَةَ، قَالَقَالَ رَسُولُ اللَّهِ صلى الله عليه وسلم : فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، فَبَشِّرْهُ بِالْجَنَّةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹൃദയത്തിൽ ദൃഢതയോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ സാക്ഷ്യം വഹിക്കുന്നതായി ആരെയെങ്കിലും നീ കണ്ടാൽ അവന് നീ സ്വർഗം സന്തോഷവാർത്ത അറിയിക്കുക. (മുസ്‌ലിം: 52)
മൂന്നാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ ഇഖ്ലാസോടെയാണ് (അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രം) അത് ചൊല്ലേണ്ടത്.
عَنْ أَبِي هُرَيْرَةَ، قَالَقَالَ رَسُولُ اللَّهِ صلى الله عليه وسلم : أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ، أَوْ نَفْسِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് എന്റെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിക്കുക ഹൃദയത്തിൽ നിന്ന് ഇഖ്ലാസോടെ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനായിരിക്കും. (ബുഖാരി: 99)
عَنْ عِتْبَانَ بْنَ مَالِكٍ الأَنْصَارِيَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَنْ يُوَافِيَ عَبْدٌ يَوْمَ الْقِيَامَةِ يَقُولُ لاَ إِلَهَ إِلاَّ اللَّهُ. يَبْتَغِي بِهِ وَجْهَ اللَّهِ، إِلاَّ حَرَّمَ اللَّهُ عَلَيْهِ النَّارَ
ഇത്ബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീ൪ച്ച. (ബുഖാരി:6423)
നാലാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ സത്യസന്ധമായിട്ടാണ് അത് ചൊല്ലേണ്ടത്.
عَنْ أَنَسِ بْنِ مَالِكٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ
അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന കാര്യം ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ആരെങ്കിലും സാക്ഷ്യം വഹിക്കുന്നെങ്കിൽ അവന്റെ മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല. (ബുഖാരി:128)
അഞ്ചാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവന് അതിനോട് ഇഷ്ടം ഉണ്ടാകണം.
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ഖുർആൻ:2/165)
ആറാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ ഈ വാക്യം ഉൾക്കൊള്ളുന്ന ആശയങ്ങളെ ഹൃദയവും നാവും കൊണ്ട് ഏറ്റുവാങ്ങുകയും സ്വീകരിക്കുകയും ചെയ്യണം. അതിന്റെ ആശയവും അർഥവും മനസ്സിൽ സ്വീകരിക്കുകയും അതിന്റെ ഫലങ്ങൾ പുറത്തേക്ക് പ്രകടമാവുകയും വേണം. അബൂത്വാലിബ് ഈ ആദർശം നല്ലപോലെ മനസ്സിലാക്കിയിരുന്നു. എന്നാൽ അത് സ്വീകരിച്ചിരുന്നില്ല. അത് സ്വീകരിച്ചവന് മാത്രമേ ചൊല്ലുന്ന ലാ ഇലാഹ ഇല്ലല്ലാഹ് കൊണ്ട് പ്രയോജനമുള്ളൂ.
فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖുർആൻ:2/256)
ഏഴാമതായി, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ ഈ അല്ലാഹുവിനും അവന്റെ ദീനിനും സമ്പൂർണ്ണമായി കീഴൊതുങ്ങണം.
قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ﴿١٦٣﴾
പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. (162) അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. (ഖുർആൻ:6/162-163)
ഇന്നത്തെ മുസ്ലിം ഭൂരിപക്ഷത്തിന് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ ശരിയായ അ൪ത്ഥവും ആശയവും അറിയില്ല. അവ൪ ദിനേന പല സന്ദ൪ഭങ്ങളിലായി അനവധി തവണ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന് ചൊല്ലുകയും തങ്ങളുടെ ആദ൪ശം ‘ലാ ഇലാഹ ഇല്ലല്ലാഹ് ആണെന്ന് പറയുകയും ചെയ്യുന്നു. അതോടൊപ്പം അവ൪ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന് എതിര് പ്രവ൪ത്തിക്കുകയും ചെയ്യുന്നു. യഥാ൪ത്ഥത്തില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ആശയം ശരിയായ രൂപത്തില്‍ പഠിപ്പിക്കപ്പെട്ടില്ല എന്നത് തന്നെയാണ് അതിനുള്ള കാരണം. മക്കയിലെ മുശ്’രിക്കുകള്‍ക്ക് ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്തെന്ന് അറിയാവുന്നത് കൊണ്ട് അവ൪ അത് പറയാന്‍ തയ്യാറായില്ല. ഇന്നത്തെ ധാരാളം മുസ്ലീങ്ങള്‍ക്ക് ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്തെന്ന് അറിയാത്തതു കൊണ്ട് അവ൪ അത് പറയുകയും അല്ലാഹു അല്ലാത്തവ൪ക്ക് ആരാധനയുടെ വകുപ്പില്‍ പെട്ട കാര്യങ്ങള്‍ സമ൪പ്പിക്കുകയും ചെയ്യുന്നു
قال الشيخ الألباني رحمه الله : إن واقع كثير من المسلمين اليوم شر مما كان عليه عامة العرب في الجاهلية الأولى من حيث سوء الفهم لمعنى هذه الكلمة الطيبة؛ لأن المشركين العرب كانوا يفهمون، ولكنهم لا يؤمنون، أما غالب المسلمين اليوم، فإنهم يقولون ما لا يعتقدون، يقولون: لا إله إلا الله، ولا يؤمنون -حقاً-بمعناها ، لذلك فأنا أعتقد أن أول واجب على الدعاة المسلمين-حقاً-هو أن يدندنوا حول هذه الكلمة وحول بيان معناها بتلخيص
ശൈഖ് അൽബാനി رحمه الله പറഞ്ഞു: ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മനസ്സിലാക്കുക എന്ന വിഷയത്തിൽ ജാഹിലിയ്യ കാലഘട്ടത്തിലെ പൊതു അറബ് സമൂഹത്തെക്കാൾ മോശമാണ് ഇന്നത്തെ മുസ്ലിംകളിലെ ധാരാളം പേരുടെ അവസ്ഥ. കാരണം അറേബ്യയിലെ മുശ്രിക്കുകൾക്ക് ഈ വാക്കിന്റെ അർഥം അറിയാമായിരുന്നു; പക്ഷേ അവർ അതിൽ വിശ്വസിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇന്നത്തെ ബഹുഭൂരിപക്ഷം മുസ്ലികളാകട്ടെ, അവർ തങ്ങൾ വിശ്വസിക്കാത്താണ് നാവ് കൊണ്ട് പറയുന്നത്. അവർ ലാ ഇലാഹ ഇല്ലല്ലാഹ് പറയുന്നു; പക്ഷേ അതിൽ ശരിയായ രൂപത്തിൽ വിശ്വസിക്കുന്നില്ല. അതിനാൽ, ഇന്നത്തെ ഇസ്ലാമിക പ്രബോധകന്മാരുടെ മേൽ ആദ്യം നിർബന്ധമായിട്ടുള്ളത് ലാ ഇലാഹ ഇല്ലല്ലാഹ് വിശദീകരിച്ചു കൊടുക്കുന്നതിൽ തന്നെ ഒതുങ്ങിക്കൂടുക എന്നതാണ്.” (അത്തൗഹീദു അവ്വലൻ)
നമ്മുടെ നാടുകളിലെ പള്ളികളില്‍ നിന്ന് ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദ൪ശം കൃത്യമായി ആളുകള്‍ക്ക് പഠിപ്പിക്കുന്നില്ല എന്നതൊരു യാഥ൪ത്ഥ്യമാണ്. ‘ലാഇലാഹ ഇല്ലല്ലാഹ് ‘ പഠിപ്പിക്കുന്നുവെന്ന് പറയുന്നവ൪ പോലും യഥാ൪ത്ഥത്തില്‍ ‘ലാ റബ്ബ ഇല്ലല്ലാഹ് ‘ ‘ലാ ഖാലിഖ ഇല്ലല്ലാഹ് ‘ ‘ലാ റാസിഖ ഇല്ലല്ലാഹ് ‘ ആണ് പഠിപ്പിക്കുന്നത്.
അല്ലാഹുവിന്റെ പ്രവാചകന്‍മാ൪ അല്ലാഹുവിന്റെ നി൪ദ്ദേശ പ്രകാരം ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദ൪ശമാണല്ലോ പ്രഥമമായി പ്രബോധനം ചെയ്തത്. നബി ﷺ പ്രബോധനത്തിനായി സംഘങ്ങളെ അയക്കുമ്പോള്‍ അവരോടും പ്രഥമമായി പ്രബോധനം ചെയ്യാന്‍ പറഞ്ഞിട്ടുള്ളത് ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദ൪ശമാണല്ലോ. മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന് ദഅവത്ത് ഒരു ബാധ്യതയാണെന്നതിനാല്‍, സത്യവിശ്വാസികളായ നാമും ഈ സത്യം മറ്റുള്ളവ൪ക്ക് എത്തിച്ചു കൊടുക്കേണ്ടതാണ്.
ലാ ഇലാഹ ഇല്ലല്ലാഹ് – ലേക്ക് എത്തിപ്പെടാൻ
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ
ആകയാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് നീ മനസ്സിലാക്കുക. (ഖു൪ആന്‍:47/19)
ഈ ആയത്ത് വിശദീകരിച്ച് ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു: വിജ്ഞാനത്തിൽ നിർബന്ധമാണ്, ഹൃദയത്തിന്റെ അംഗീകാരവും വിജ്ഞാനം താൽപര്യപ്പെടുന്നത് മനസ്സിലാക്കലും. അതനുസരിച്ച് പ്രവർത്തിക്കുകകൂടി ചെയ്യുമ്പോൾ അറിവ് പൂർത്തിയായി. ഇതാണ് അല്ലാഹു നിർദേശിച്ച അറിവ് എന്നത്. ആ അറിവ് അവന്റെ ഏകത്വത്തെക്കുറിച്ചുള്ളതാണ്. എല്ലാ മനുഷ്യനും നിർബന്ധമായ അറിവ്. ഒരാൾക്കും അത് നഷ്ടപ്പെട്ടുകൂടാ. എല്ലാവരും അത് അറിയാൻ നിർബന്ധിതരാണ്.
‘അല്ലാഹു അല്ലാതെ ആരാധ്യനില്ല’ എന്ന അറിവിലേക്കെത്തിക്കുന്ന വഴിയിൽ ചില വിഷയങ്ങളുണ്ട്. അതിലൊന്ന്ഏറ്റവും ഗൗരവമുള്ളത്, അല്ലാഹുവിന്റെ മഹത്ത്വവും പൂർണതയും മനസ്സിലാക്കിത്തരുന്ന അവന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കലാണ്. എല്ലാ സ്തുതിക്കും മഹത്ത്വത്തിനും അവകാശിയായ പരിപൂർണനായ രക്ഷിതാവിനെ ആരാധ്യനാക്കുകയും ചെയ്യുക. ആരാധിക്കാനുള്ള അർഹത അവന് നൽകി, പരിശ്രമം ചെയ്യാൻ ആ അറിവ് അവനെ ബാധ്യസ്ഥനാക്കണം.
രണ്ടാമത്തേത്; സൃഷ്ടിപ്പിലും നിയന്ത്രണത്തിലുമെല്ലാം അല്ലാഹു ഏകനാണെന്ന് അറിയലാണ്, അതിലൂടെ ആരാധനക്കുള്ള അർഹതയിലും അവനേകനാണെന്ന് അറിയുന്നു.
മൂന്നാമത്തേത്; മതപരവും ഭൗതികവുമായ, പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ തരുന്നതും അവൻ മാത്രമാണെന്ന് അറിയലാണ്. അത് ഹൃദയത്തെ അവനിൽ ബന്ധിപ്പിക്കാനും അവനെ സ്‌നേഹിക്കാനും അവനെ ആരാധ്യനായി സ്വീകരിക്കാനും അവന് പങ്കുകാരില്ലെന്നും അവൻ ഏകനാണെന്നും അംഗീകരിക്കാനും ബാധ്യതപ്പെടുത്തുന്നു.
നാലാമത്തേത്; അല്ലാഹുവിന്റെ തൗഹീദിനെ നിർവഹിക്കുന്ന മിത്രങ്ങൾക്ക് ഇരുലോകത്തും നൽകുന്ന അനുഗ്രഹങ്ങളും സഹായങ്ങളും പ്രതിഫലമായി ലഭിക്കുന്നു എന്നതാണ്. അവന്റെ ശത്രുക്കളായ ബഹുദൈവവിശ്വാസികൾക്ക് നൽകുന്ന ശിക്ഷയെക്കുറിച്ചുള്ള അറിവ് അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അർഹൻ എന്ന അറിവിലേക്ക് നയിക്കുന്നു.
അഞ്ചാമത്തേത്; അല്ലാഹുവോടൊപ്പം ആരാധിക്കുകയും ആരാധ്യന്മാരായി സ്വീകരിക്കുകയും ചെയ്യുന്ന തുല്യതപ്പെടുത്തുന്നവരുടെയും പ്രതിമകളുടെയും വിശദീകരണങ്ങൾ, എല്ലാ നിലയ്ക്കും അവ അപൂർണതയുള്ളവരാണ്, അവർ തന്നെ ആശ്രയിക്കേണ്ടവരാണ്, അവരെ ആരാധിക്കുന്നവർക്ക് ഉപകാരമോ ഉപദ്രവമോ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽപോ ഉടമപ്പെടുത്തുന്നില്ല, ദോഷം തടുത്തോ ഗുണംവരുത്തിയോ ഒരു അണുമണിത്തൂക്കം സഹായം തങ്ങളെ ആരാധിക്കുന്നവർക്ക് പ്രയോജനം ചെയ്യാത്തവർ. ഇതെല്ലാം അറിയുമ്പോൾ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവനല്ലാത്തവരുടെ ആരാധ്യത നിരർഥകമാണെന്നും മനസ്സിലാക്കേണ്ടിവരുന്നു.
ആറാമത്തേത്; അല്ലാഹുവിന്റെ എല്ലാ വേദഗ്രന്ഥങ്ങളും ഈ ഒരാശയത്തിൽ യോജിക്കുന്നു എന്നതും അറിയണം.
ഏഴാമത്തേത്; അറിവിലും ബുദ്ധിയിലും ചിന്തയിലും സ്വഭാവത്തിലും സമ്പൂർണരായ, അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികൾ; അവരാണ് നബിമാരും ദൂതന്മാരും പൂണ്യവാന്മാരായ പണ്ഡിതരും. അവരതിൽ അല്ലാഹുവിന് സാക്ഷികളാവുകയും ചെയ്യുന്നു.
എട്ടാമത്തേത്; പ്രപഞ്ചത്തിലും ശരീരത്തിലും അല്ലാഹു നിലനിർത്തിയ തെളിവുകൾ അവന്റെ ഏകത്വത്തിനുള്ള ഏറ്റവും വലിയ തെളിവുകളാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ സൂക്ഷ്മതയും അറിവിലെ യുക്തിഭദ്രതയും സൃഷ്ടിപ്പിലെ അത്ഭുതവുമെല്ലാം അവ വിളിച്ചുപറയുന്നുണ്ട്. ഈ മാർഗത്തിലൂടെയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’വിലേക്ക്, മനുഷ്യരെ അല്ലാഹു ഏറ്റവും അധികം പ്രബോധനം ചെയ്യുന്നത്. അവന്റെ ഗ്രന്ഥത്തിൽ അതവൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ചിലതിനെക്കുറിച്ച് മാത്രം ഒരടിമ ചിന്തിച്ചാൽ മതി. അതുമൂലം അവന് ദൃഢജ്ഞാനവും അറിവും ലഭിക്കും. എന്നാൽ ഇവയെല്ലാം കൂടി ഒരുമിച്ച് കൂടുകയും യോജിക്കുകയും അവന്റെ ഏകത്വത്തിന് എല്ലാ ഭാഗത്തുനിന്നുമുള്ള തെളിവാകുകയും ചെയ്താൽ എന്തായിരിക്കും അവസ്ഥ? അപ്പോൾ ഒരടിമയുടെ ഹൃദയത്തിൽ അതിനെക്കുറിച്ചുള്ള അറിവും വിശ്വാസവും വേരുറക്കുന്നു; ഉറച്ച പർവതങ്ങളെപ്പോലെ. സംശയമോ വിചാരങ്ങളോ അതിനെ ഇളക്കുകയില്ല. സംശയവും അസത്യവും എത്ര ആവർത്തിച്ചാലും ആ വിശ്വാസം വളരുകയും പൂർണമാവുകയും മാത്രമെ ചെയ്യൂ. ഏറ്റവും മഹത്തായ തെളിവ് അല്ലെങ്കിൽ വലിയ കാര്യം ഏതാണെന്ന് നീ നോക്കിയാൽ അത് ക്വുർആനിന്റെ വചനങ്ങളിൽ ചിന്തിക്കുക എന്നതാണ്. അതാണ് തൗഹീദിന്റെ അറിവിലേക്കുള്ള ഏറ്റവും മഹത്തായ വാതിൽ, പൊതുവിലും വിശദമായും മറ്റൊന്നിൽനിന്നും ലഭിക്കാത്തത് അതിൽനിന്ന് ലഭിക്കും. (തഫ്സീറുസ്സഅ്ദി)