മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് വിളിച്ച് തേടിയാല്‍ കാഫിറാകും. നാല് കാരണങ്ങള്‍ :-
-
- ശൈഖവ൪കള്‍ ഇത് കേള്‍ക്കുമെന്നാണല്ലോ വിചാരം. അടുത്ത്, അകലെ, പതുക്കെ, ഉറക്കെ ഇങ്ങിനെയുള്ള വ്യത്യാസം കൂടാതെ കേള്‍ക്കല്‍ അല്ലാഹുവിന്റെ പ്രത്യേകതയാണ്. ശൈഖവ൪കള്‍ അതുപോലെ കേള്‍ക്കുമെന്ന് വിചാരിച്ചാല്‍ കാഫിറാകും.
- അനേകായിരങ്ങള്‍ വിളിക്കുന്നു. ഭാഷകള്‍ പലത്. ഓരോരുത്തരുടെ ആവശ്യങ്ങള്‍ വേറെ വേറെ. പരസ്പരം മാറി പോകാതെ ഇന്നവന്‍ ഇന്ന ആവശ്യത്തിന് വേണ്ടി വിളിച്ചു എന്ന തിരിച്ചറിയല്‍ വലിയൊരു അറിവാണ്. അല്ലാഹു അത്തരം വിശാലവും സമഗ്രവുമായ അറിവുള്ളവനാണ്. എന്നാല്‍ ശൈഖവ൪കള്‍ അങ്ങനെ അറിയും എന്ന് കരുതിയാല്‍ കാഫിറാകും.
- ആവശ്യം നിറവേറ്റികൊടുക്കാനുള്ള കഴിവ് അല്ലാഹുവിനുണ്ട്. ശൈഖവ൪കള്‍ക്ക് കഴിവുണ്ടെന്ന് കരുതിയാല്‍ കാഫിറാകും.
- ഈ തേട്ടം ശരിയായ പ്രാ൪ത്ഥനയാണ്. പ്രാ൪ത്ഥന ആരാധനയാണ്. അല്ലാഹുവേ രക്ഷിക്കണേ എന്ന് തേടിയാല്‍ അല്ലാഹുവിനെ ആരാധിച്ചു. ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് തേടിയാല്‍ ഗുരുവായൂരപ്പനെ ആരാധിച്ചു.
ആകയാല്‍ മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് ഒരു പ്രാവശ്യം തേടിയാല്‍ നാല് പ്രാവശ്യം കാഫിറാകും. ഇത്രത്തോളം അപകടകരമായ ‘ഇസ്തിഗാസ’ നല്ലതാണെന്ന് വാദിക്കുന്നവനേക്കാള്‍ വഴി പിഴച്ചവ൪ ആര് ?
മാന്യ മഹാ ജനങ്ങളേ,
ഈ ലോകത്ത് വന്ന എല്ലാ പ്രവാചകന്‍മാ൪ക്കും അല്ലാഹു നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട ഒന്നാമത്തെ വഹ്യ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാകുന്നു. ലോകത്തുള്ള എല്ലാ സമുദായങ്ങളിലും പ്രവാചകന്‍മാരെ അല്ലാഹു അയച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ എല്ലാ സമുദായങ്ങളും അതില്‍ നിന്ന് തെറ്റിപ്പോയത് ആശ്ചര്യകരവും പരിതാപകരവും തന്നെ. മത പ്രചാരണത്തിനായി കോടിക്കണക്കിന് പണം ചിലവഴിച്ചു കൊണ്ടിരിക്കുകയും നാനാ മാ൪ഗ്ഗേനെ പ്രവ൪ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമുദായമാണല്ലോ കൃസ്ത്യാനികള്‍. ഈസാ നബി(അ) അവരോട് പറഞ്ഞതും ലാ ഇലാഹ ഇല്ലല്ലാഹ് തന്നെയാണ്. അല്ലാഹുവാണ് എന്റെ റബ്ബ്, നിങ്ങളുടെ റബ്ബും അവന്‍ തന്നെ. അതുകൊണ്ട് അവനെ മാത്രം ആരാധിക്കുക എന്ന് ഈസാ നബി(അ) കൃസ്ത്യാനികളോട് പറഞ്ഞു. എന്നാല്‍ കൃസ്ത്യാനികളാകട്ടെ ഈസാ നബിയെ(അ) തന്നെ ആരാധിക്കണമെന്ന വാശിയിലാണ്. ഇതെന്ത് പുതുമ. എന്നാല്‍ മുഹമ്മദ് നബിയുടെ (സ്വ) സമുദായവും പൊതുവെ വളരെ പിഴച്ചു പോയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ ശരിയായ ആശയം നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ഈ സമുദായത്തില്‍ ബഹുപൂരിപക്ഷവും എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാകും. ലാ ഇലാഹ ഇല്ലല്ലാഹ് ശരിക്ക് മനസ്സിലാക്കാത്തത് നിമിത്തം അതിന് വിരുദ്ധമായ പല വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിക്കുകയും ആളുകള്‍ വളരെ താല്പര്യപൂ൪വ്വം മുറുകെ പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഏറ്റവും വലിയ അപകടമാകുന്നു. ഈ സമുദായം ഒന്നടങ്കം പ്ലേഗ്, വസൂരി, കോളറ മുതലായ മഹാരോഗങ്ങള്‍ നിമിത്തം മരിച്ചു പോയാല്‍ , വെള്ളപ്പൊക്കത്തിലോ കൊടുങ്കാറ്റിലോ പെട്ട് നശിച്ചു പോയാല്‍, ബോംബാക്രമണത്തില്‍ പെട്ട് തക൪ന്ന് പോയാല്‍ അതൊക്കെ നിസ്സാരമാകുന്നു. അതിനേക്കാളെല്ലാം വലിയ അപകടം ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ ആശയം മനസ്സിലാക്കാതിരുന്നതാണ്.
ആരാധിക്കപ്പെടുവാന്‍ അ൪ഹന്‍ അല്ലാഹുവല്ലാതെ ഇല്ല എന്ന അ൪ത്ഥം എല്ലാവരു അറിയും. പക്ഷേ ‘ആരാധന എന്ത് ‘ എന്ന് മനസ്സിലായെങ്കിലല്ലാതെ ഈ വിഷയം മനസ്സിലാകുകയില്ലല്ലോ. ‘ആരാധന എന്നാല്‍ എന്ത് ‘ എന്ന് വളരെ ലളിതമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന രണ്ട് ചെറിയ ഹദീസുകളുണ്ട്. അത്രത്തോളം ലളിതവും ആധികാരികവുമായ വിശദീകരണം വേറെ ഇല്ല. പരിശുദ്ധ ഖു൪ആനില്‍ വന്നിട്ടുള്ള വിഷയങ്ങളുടെ വിശദീകരണം നബിയെ(സ്വ) ഗ്രഹിപ്പിക്കേണ്ട ബാധ്യത അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കയാണ്. ഖു൪ആന്റെ വചനങ്ങള്‍ അല്ലാഹു പഠിപ്പിച്ചു. ആ വചനങ്ങളുടെ വിശദീകരണങ്ങളും അല്ലാഹു തന്നെ പഠിപ്പിച്ചു.
ഒരു ഹദീസ് ഇപ്രകാരമാണ്. ‘പ്രാ൪ത്ഥന തന്നെയാണ് ആരാധന’. മറ്റേ ഹദീസ് ‘പ്രാ൪ത്ഥന ആരാധനയുടെ മജ്ജയാണ് ‘ എന്നാണ്. ഇത് രണ്ടും അല്പം വിശദീകരിക്കാം. മനുഷ്യന്‍ അവന്റെ സ്വന്തം പരിശ്രമത്താലോ മറ്റുള്ളവരുടെ സഹായത്തോട് കൂടിയോ നിറവേറ്റാന്‍ കഴിയാത്ത ആവശ്യം നേരിടുമ്പോള്‍, അതുപോലെതന്നെ സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്തോട് കൂടിയോ തടുക്കാന്‍ കഴിയാത്ത അപകടങ്ങള്‍ നേരിടുമ്പോള്‍ ആശയോടും ഭയത്തോടും കൂടി അപേക്ഷ സമ൪പ്പിക്കും. ബുദ്ധിയും ബോധവുമുള്ള മനുഷ്യന്റെ സഹജമായ വികാരമാണിത്. വീട്ടിന്റെ മുറ്റത്തുള്ള തെങ്ങ് കാറ്റിന്റെ ശക്തിയില്‍ വീട്ടിന് നേരേ ചാഞ്ഞ് വരുന്നത് കാണുമ്പോള്‍ അത് പറിഞ്ഞ് വീട്ടിന് മേല്‍ വീഴാതിരിക്കട്ടെ എന്ന് ആഗ്രഹം തോന്നാത്ത മനുഷ്യരുണ്ടോ? ഇതുപോലെ നമ്മള്‍ ബസ്സിലോ വണ്ടിയിലോ വിമാനത്തിലോ കയറുമ്പോള്‍ ഈ വാഹനം സുരക്ഷിതമായി ലക്ഷ്യത്തിലെത്തട്ടേ എന്ന് ആഗ്രഹിക്കാത്തതാരാണ്. വിത്ത് വിതക്കുമ്പോള്‍ ഈ കൃഷി നന്നാവട്ടെ എന്ന് ആഗ്രഹിക്കാത്തവരാരാണ്. മഴ കിട്ടാത്തതുകൊണ്ടോ അതിവ൪ഷം നിമിത്തമോ മറ്റോ കൃഷി നശിക്കാതിരിക്കട്ടെ എന്ന് ഏത് ബുദ്ധിയുള്ളവനും ആഗ്രഹിക്കും. രോഗം പിടിച്ച് കഷ്ടപ്പെടുന്ന ഒരാളെ കാണുമ്പോള്‍ അയാള്‍ സുഖം പ്രാപിക്കട്ടെ, അത്തരം രോഗം എനിക്കോ എന്റെ വീട്ടിലോ വരാതിരിക്കട്ടെ എന്ന് ഏതൊരു മനുഷ്യനും ആഗ്രഹിക്കും. ഇതൊക്കെ പ്രാ൪ത്ഥനകളാണ്. അല്ലാഹുവോട് മാത്രമായിരിക്കണം പ്രാ൪ത്ഥന, ഇതാണ് ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ പൊരുള്‍.
മനുഷ്യ സഹജമായ ഒരു വികാരമാണ് പ്രാ൪ത്ഥന എന്ന് പറഞ്ഞല്ലോ. മനുഷ്യന്റെ ബുദ്ധിയും ബോധവുമാണ് അതിന്റെ അടിസ്ഥാനമെന്ന് മേല്‍ വിവരണത്തില്‍ വ്യക്തമായിട്ടുണ്ട്. മനുഷ്യരെല്ലാവരും പ്രാ൪ത്ഥിക്കുന്നു എന്നുള്ളത് അനുഭവമാണ്. നാം കാല്‍നടയായിട്ടോ വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോള്‍ ഇടത്തും വലത്തും ഒന്ന് ശ്രദ്ധിച്ചു നോക്കുക. പള്ളികള്‍ ,അമ്പലങ്ങള്‍, കനീസകള്‍, ജാറങ്ങള്‍ , നേ൪ച്ച പെട്ടികള്‍ ഇങ്ങനെ ധാരാളം പ്രാ൪ത്ഥനാ കേന്ദ്രങ്ങള്‍ കാണാം. പ്രാ൪ത്ഥനയുടെ അടിസ്ഥാനത്തിലും എല്ലാവ൪ക്കും പ്രാ൪ത്ഥിക്കാനുള്ള കേന്ദ്രങ്ങളായിട്ടുമാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. ഇവിടെങ്ങളിലൊന്നും പ്രാ൪ത്ഥന നടത്താത്തവ൪ അപൂ൪വ്വമായി ഉണ്ടാകുമെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും പ്രാ൪ത്ഥിക്കുന്നവരാണ്. നേ൪ച്ചപെട്ടിയില്‍ നേ൪ച്ചപണം ഇടുന്നതും പ്രാ൪ത്ഥനയാണ്. കരിഞ്ചന്ത സാധനം കൊണ്ടുപോകുന്ന വാഹനമാണെങ്കില്‍ പ്രാ൪ത്ഥന വളരെ ഭക്തിപൂ൪വ്വം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വാഹനം അപകടം കൂടാതെ ലക്ഷ്യസ്ഥാനത്തെത്തുകയും സാധനങ്ങള്‍ നല്ല നിലക്ക് വിറ്റിട്ട് വലിയ ലാഭം കിട്ടുകയും ചെയ്യുമാറാകട്ടെ എന്നാണ് പ്രാ൪ത്ഥന.
ദൈവനിഷേധികള്‍ പ്രാ൪ത്ഥിക്കുന്നതാണ് അല്‍ഭുതം.ഇങ്ക്വിലാബ് സിന്താബാദ് (വിപ്ലവം ജയിക്കട്ടെ) എന്നതൊരു പ്രാ൪ത്ഥനയാണ്. വിപ്ലവം ഉണ്ടാക്കുവാന്‍ നമുക്ക് കഴിയും. ജയിപ്പിക്കാന്‍ കഴിയില്ല എന്നുള്ള ബോധം നിമിത്തം ജയിക്കട്ടെ എന്ന് പ്രാ൪ത്ഥിക്കുന്നു. ദൈവനിഷേധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടി. ഭരണം നടത്താനുള്ള അ൪ഹത കൈവന്നപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയില്‍ പുന്നപ്രയിലും വയലാറിലും കൊല്ലപ്പെട്ടവരും മരിച്ചവരുമായ ദൈവനിഷേധികളുടെ ശവകുടീരങ്ങളില്‍ ചെന്ന് മാലയ൪പ്പിക്കുകയും കുറേനേരം തലകുനിച്ച് മൌനമായി നില്‍ക്കുകയും ചെയ്തു. അവിടെ ഒരു പ്രാ൪ത്ഥന ഉണ്ട്. കാലാവധി പൂ൪ത്തിയാകുന്നതുവരെ ഭംഗിയായി ഭരണം നടത്തി ജനങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് കഴിയുമോ അഥവാ ഇടക്കു വല്ല മാറ്റവും സംഭവിക്കുമോ എന്നൊരു ബേജാറ്. അങ്ങനെ കുഴപ്പങ്ങളൊന്നും വരാതിരിക്കട്ടെ എന്നാണ് പ്രാ൪ത്ഥന. ലക്ഷ്യമില്ലാത്ത പ്രാ൪ത്ഥന. ‘ദൈവനിഷേധികളുടെ പ്രാ൪ത്ഥന പിഴവില്‍ തന്നെയാകുന്നു’ എന്നും ‘ന്യായമായ പ്രാര്‍ത്ഥന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്.’ എന്നും ഖു൪ആന്‍ പറയുന്നു. മനുഷ്യ൪ ഇങ്ങനെ നാനാവിധത്തില്‍ പ്രാ൪ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍മാ൪ വന്നുപറഞ്ഞു അല്ലാഹുവിനോട് മാത്രം പ്രാ൪ത്ഥിക്കുക, വേറെ ആരോടും പ്രാ൪ത്ഥിക്കരുത് എന്ന്. ഇതാണ് ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ പൊരുള്‍.
പ്രാ൪ത്ഥനയെ പറ്റി ചില വിവരദോഷികള്‍ ഒരു കുഴപ്പം ഇളക്കി വിട്ടിട്ടുണ്ട്. ഒരാള്‍ കിണറ്റില്‍ വീണുപോയാല്‍ കരയില്‍ നില്‍ക്കുന്നവരെ വിളിച്ചു രക്ഷതേടലും മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ച് രക്ഷതേടലും രണ്ടും ഒരുപോലെയാണെന്ന് അവ൪ പ്രസംഗിക്കുന്നു. കരയില്‍ നില്‍ക്കുന്നവരെ വിളിച്ചു തേടുന്നതില്‍ യാതൊരു ദോഷവും ഇല്ലാത്തതുപോലെ മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ച് തേടുന്നതിലും യാതൊരു ദോഷവുമില്ലെന്ന് സാരം. പ്രാ൪ത്ഥന ആരാധനയാണന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് ഈ വങ്കത്തം വിളമ്പിയത്. മുഹ്യിദ്ദീന്‍ ശൈഖിനെ വിളിക്കാന്‍ പാടില്ലെങ്കില്‍ വാതില്‍ മുട്ടി വിളിക്കലും പാടില്ലെന്നും ചില വിവരദോഷികള്‍ ത൪ക്കിക്കുന്നതായി അറിഞ്ഞു. അപേക്ഷ പ്രാ൪ത്ഥനയായിട്ടും അല്ലാതെയും ഉണ്ട്. ഉദാഹരണത്തിലൂടെ കാര്യം വിശദമാക്കാം. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാ൪ത്ഥിക്കുമ്പോള്‍ അല്ലാഹു അത് കേള്‍ക്കുകയും കാര്യം അറിയുകയും ചെയ്യുമെന്നുറപ്പാണ്. അദൃശ്യമായ മാ൪ഗ്ഗത്തിലൂടെയാണത്. കത്തയക്കുന്നില്ല, കമ്പിയടിക്കുന്നില്ല. ഫോണ്‍ ചെയ്യുന്നില്ല, ടെലക്സ് അടിക്കുന്നില്ല. ഇതൊക്കെ ഭൌതികവും ദൃശ്യവുമായ മാ൪ഗ്ഗമാണ്. ഇതൊന്നും കൂടാതെ അല്ലാഹു അറിയുമെന്നുള്ളത് ഉറപ്പാണ്. ആവശ്യം നി൪വ്വഹിച്ചു കൊടുക്കുവാന്‍ തീ൪ച്ചയായും അല്ലാഹുവിന് കഴിവുണ്ട്. അവനുദ്ദേശിച്ചാല്‍ ആ കഴിവ് പ്രയോഗിക്കും. ഈ തരത്തിലുള്ള അപേക്ഷയാണ് പ്രാ൪ത്ഥന. അദൃശ്യമായ മാ൪ഗ്ഗത്തില്‍ സമ൪പ്പിക്കുകയും അദൃശ്യമായ മാ൪ഗ്ഗത്തില്‍ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന അപേക്ഷ.
എന്നാല്‍ മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് വിളിച്ച് തേടുമ്പോള്‍ ശൈഖ് അവ൪കള്‍ അത് കേള്‍ക്കുകയും കാര്യം അറിയുകയും ചെയ്യുമെന്നാണ് സുന്നികള്‍ പറയുന്നത്. മാ൪ഗ്ഗം ഏത് എന്ന് നോക്കിയാല്‍ അദൃശ്യവും അഭൌതികവും തന്നെ. ശൈഖില്‍ നിന്ന് ഇങ്ങോട്ട് സഹായം ലഭിക്കുമെന്നും സുന്നികള്‍ പറയുന്നു. അതിന്റേയും മാ൪ഗ്ഗം അദൃശ്യവും അഭൌതികവുമാണ്. അതിനാല്‍ മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നുള്ള തേട്ടം പ്രാ൪ത്ഥനയാണ്. ആരാധനാണ്. എന്നാല്‍ ഒരു പോലീസുകാരനോട് രക്ഷിക്കണേ എന്ന് തേടിയാല്‍ അത് കേവലം അപേക്ഷ എന്നല്ലാതെ പ്രാ൪ത്ഥന എന്ന് പറയുകയില്ല. കാരണം പോലീസുകാരന്‍ അത് കേള്‍ക്കലും വിട്ടയക്കലുമൊക്കെ സാധാരണ ഭൌതിക മാ൪ഗ്ഗത്തിലാണ്. അദൃശ്യമായൊന്നും അവിടെ ഇല്ല. അപ്പോള്‍ രക്ഷിക്കണേ എന്നുള്ള അപേക്ഷ മൂന്ന് വിധം. അല്ലാഹുവേ രക്ഷിക്കണേ എന്ന് തേടുമ്പോള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചു. അല്ലാഹുവിനെ ആരാധിച്ചു. മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് തേടുമ്പോള്‍ ശൈഖിനോട് പ്രാ൪ത്ഥിച്ചു. ശൈഖിനെ ആരാധിച്ചു. ഒരു പോലീസുകാരനോട് രക്ഷിക്കണേ എന്ന് തേടിയാല്‍ അത് പ്രാ൪ത്ഥനയല്ല. ആരാധനയുമല്ല.
‘പ്രാ൪ത്ഥന ആരാധനയുടെ മജ്ജയാകുന്നു ‘ എന്ന ഹദീസും അല്പം വിശദീകരിക്കാം. ആരാധന ക൪മ്മ രൂപത്തിലും വാക്ക് രൂപത്തിലും അതുപൊലെ ചെയ്യലും ഉപേക്ഷിക്കലും ഉണ്ട്. മാനസികമായും ഉണ്ട്. ഏത് ആരാധനയായായും അതിന്റെ ജീവന്‍ പ്രാ൪ത്ഥനയാകുന്നു. പ്രാ൪ത്ഥന അതില്‍ ഉള്ളതുകൊണ്ടാണ് അത് ആരാധനയായത്. നോക്കുക നമസ്കാരം ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണല്ലോ. എന്നാല്‍ നമസ്കരിക്കുന്നവന്റെ മനസ്സില്‍ പ്രാ൪ത്ഥന വേണം. എങ്കിലേ അത് ആരാധന ആവുകയുള്ളൂ. അല്ലാഹുവേ ഞാന്‍ വലിയ പാപി ആയിപ്പോയിട്ടുണ്ട്, എനിക്ക് പൊറുത്തു തരണമേ, എന്നെ സ്വ൪ഗ്ഗത്തിലാക്കി തരണേ. നരകത്തില്‍ നിന്ന് എന്നെ രക്ഷിക്കണേ എന്നിങ്ങനെയുള്ള പ്രാ൪ത്ഥന നമസ്കരിക്കുന്നവന്റെ മനസ്സില്‍ വേണം. എന്നാല്‍ നമസ്കാരം പതിവില്ലാത്ത ഒരുവന്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ ചെന്ന് പെട്ടപ്പോള്‍ എല്ലാവരും നമസ്കരിക്കുന്ന സമയം ഞാന്‍ എങ്ങനെയാണ് വെറുതെ ഇരിക്കുക എന്നാലോചിച്ച് ആളെ കാണിക്കാന്‍ വേണ്ടി നമസ്കരിച്ചു. എങ്കില്‍ ആ നമസ്കാരം ആരാധനയല്ല. കാരണം അവിടെ പ്രാ൪ത്ഥന ഇല്ല. ഇനി ഒരു തരം നമസ്കാരം ഉണ്ട്. മുഹ്യിദ്ദീന്‍ ശൈഖിനെ(റ) ഒരായിരം പ്രാവശ്യം വിളിച്ച് രക്ഷ തേടുന്ന ഖുത്ബിയത്ത് എന്നൊരു റാത്തീബുണ്ട്. റാത്തീബ് തുടങ്ങുന്നതിന് മുമ്പ് പന്ത്രണ്ട് റക്അത്ത് നമസ്കരിക്കണമെന്നാണ് പറയുന്നത്. അത് ചെയ്ത് പരിചയിച്ച അനുഭവസ്ഥന്‍ പറയുന്നു. ഈ നമസ്കാരത്തിലെ പ്രാ൪ത്ഥന ഇപ്രകാരമാണ്. ബഹുമാനപ്പെട്ട ശൈഖ് തങ്ങളവ൪കളേ ഞങ്ങളിതാ ഈ ഖുത്ബിയത്ത് റാത്തീബ് തുടങ്ങാന്‍ പോകുന്നു. ഞങ്ങളില്‍ നിന്ന് ഇത് ഖബൂലാക്കണമേ. ഇത് നേ൪ച്ചയാക്കിയ ഈ വീട്ടുകാരന്റെ ആവശ്യം നിറവേറ്റി കൊടുക്കണമേ, ഞങ്ങളുടേയും ആവശ്യം നിറവേറ്റി തരണമേ, ഞങ്ങള്‍ക്ക് നല്ല സംഖ്യ കൈമടക്ക് തരാന്‍ അയാളുടെ മനസ്സില്‍ തോന്നിപ്പിക്കണേ.
അപ്പോള്‍ നമസ്കാരം മൂന്ന് വിധം. അല്ലാഹുവിന്റെ പൊരുത്തവും പരലോക മോക്ഷവും ആഗ്രഹിക്കുക എന്ന പ്രാ൪ത്ഥനയുടെ അടിസ്ഥാനത്തില്‍ ചെയ്യുന്ന നമസ്കാരം അല്ലാഹുവിന് ഇബാദത്ത്. മുഹ്യിദ്ദീന്‍ ശൈഖിന്റെ പൊരുത്തവും അടുപ്പവും ആഗ്രഹിക്കുക എന്ന പ്രാ൪ത്ഥനയോട് കൂടി ചെയ്യുന്ന നമസ്കാരം ശൈഖിന് ഇബാദത്ത്. ആളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് ഇബാദത്തേ അല്ല. ഉറുമ്പ് ചെമ്മീന്‍ തിന്നതുപോലെ. കാഴ്ചക്ക് നല്ല ചെമ്മീന്‍. ഒരു പണതൂക്കം കഴമ്പ് ഉള്ളിലുണ്ടായിരിക്കുകയില്ല.
ചില ഉദാഹരണങ്ങള്‍ കൂടി പറയട്ടെ. ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ആസ്മ ഉണ്ടായാല്‍ കാഞ്ഞിരമുറ്റത്തെ ഫരീദ് ഔലിയാക്ക് തലമുടി നേ൪ച്ചയാക്കലുണ്ട്. അതില്‍ ഫരീദ് ഔലിയായോടുള്ള പ്രാ൪ത്ഥന ഉള്‍ക്കൊള്ളുന്നു. ഹജ്ജിലും ഉംറയിലും പ്രവേശിച്ചാല്‍ ക൪മ്മം പൂ൪ത്തിയാകുന്നതുവരെ മുടി വടിക്കാനോ വെട്ടാനോ പാടില്ലെന്നാണ് വിധി. അങ്ങനെ കുറെ സമയം മുടി നി൪ത്തുന്നതില്‍ അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിക്കകുകയെന്ന പ്രാ൪ത്ഥന വരുന്നുണ്ട്. പിന്നെ സാധാരണ നമ്മുടെ ആളുകള്‍ സൌകര്യത്തിന് വേണ്ടിയും സൌന്ദര്യത്തിന് വേണ്ടിയും മുടി വള൪ത്താറുണ്ടല്ലോ. അപ്പോള്‍ മുടി നി൪ത്തല്‍ മൂന്നുവിധം. കാഞ്ഞിരമുറ്റത്തേക്ക് നേ൪ച്ചയാക്കി നി൪ത്തല്‍ ശി൪ക്കിന്റെ ഇബാദത്ത്. ഹജ്ജിലും ഉംറയിലും മുടി നി൪ത്തല്‍ തൌഹീദിന്റെ ഇബാദത്ത്. അത് രണ്ടിലും പ്രാ൪ത്ഥനയുണ്ട്. സൌകര്യത്തിനും സൌന്ദര്യത്തിനും വേണ്ടി മുടി നി൪ത്തുന്നതില്‍ പ്രാ൪ത്ഥന ഇല്ലാത്തതുകൊണ്ട് ഇബാദത്തല്ല. അനുവദനീയമായ കാര്യം.
കൃസ്ത്യാനികള്‍ അവരുടെ പുരോഹിതന്‍മാരേയും പണ്ഢിതന്‍മാരേയും ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി കണക്കാക്കി, അങ്ങനെ പാപം പൊറുത്തു കൊടുക്കുവാനും മോക്ഷം നല്‍കുവാനും അവ൪ക്ക് അ൪ഹതയുണ്ടെന്ന് വിശ്വസിച്ചു. അവരോട് അതിര് കവിഞ്ഞ ആദരവും ഭയഭക്തിയും കാണിച്ചു. ഈ അടിസ്ഥാനത്തില്‍ പുരോഹിതന്‍മാരുടെ കല്‍പ്പനകള്‍ നിരുപാധികം അനുസരിച്ചു. ഈ അനുസരണം ശരിയായ പ്രാ൪ത്ഥന ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ പരിശുദ്ധ ഖു൪ആനില്‍ ‘കൃസ്ത്യാനികള്‍ അവരുടെ പുരോഹിതന്‍മാരേയും പണ്ഢിതന്‍മാരേയും റബ്ബുകളാക്കി’ എന്ന് പറഞ്ഞിരിക്കുന്നു. റബ്ബാക്കി എന്നുവെച്ചാല്‍ ആരാധിച്ചുവെന്നാണ് സാരമെന്ന് സ്വഹീഹായ ഹദീസ് മുഖേനെ തെളിഞ്ഞിരിക്കുന്നു. എന്നാല്‍ കൃസ്ത്യാനികള്‍ അവരുടെ രാജാക്കന്‍മാരെയും ഭരണാധികാരികളേയും അനുസരിച്ചിരുന്നല്ലോ. പരിശുദ്ധ ഖു൪ആന്‍ ആ വിഷയം ഇതില്‍കൂട്ടി പറഞ്ഞില്ല. കാരണം ഭരണാധികാരികളോടുള്ള അനുസരണത്തില്‍ പ്രാ൪ത്ഥനയില്ല. അതുകൊണ്ട് അത് ആരാധനയല്ല.
മറ്റൊരു ഉദാഹരണം. ഭക്ഷണമുണ്ടാക്കി മിസ്കീന്‍മാ൪ക്ക് ദാനം ചെയ്യല്‍ അല്ലാഹുവിന്റെ പേരിലും അവന്റെ പൊരുത്തവും പ്രതിഫലവും ആശിക്കുക എന്ന പ്രാ൪ത്ഥനയോടുകൂടിയാണെങ്കില്‍ അല്ലാഹുവിന് ഇബാദത്ത്. മുഹ്യിദ്ദീന്‍ ശൈഖിന്റെയോ ബദ്രീങ്ങളുടെയോ പേരിലാണെങ്കില്‍ അവരുടെ പൊരുത്തവും സഹായവും തേടുക എന്ന പ്രാ൪ത്ഥന വരുന്നതുകൊണ്ട് ആ അന്നദാനം അവ൪ക്ക് ഇബാദത്ത്. ജനങ്ങളുടെ ഇടയില്‍ സല്‍പേരിന് വേണ്ടിയോ ആളുകളെ വശീകരിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ ഇബാദത്തല്ല.
നമ്മുടെ ജനങ്ങള്‍ ആടിനേയും കോഴിയേയും മറ്റും അറുക്കുന്നതും ഇതുപോലെ മൂന്ന് ഇനമാകുന്നു. ഹജ്ജില്‍ ഒരു അറവ് നടത്തേണ്ടതുണ്ട്. അതുപോലെ ഉദുഹിയത്തിന്റെ അറവുണ്ട്. അതൊക്കെ അല്ലാഹുവിന്റെ പൊരുത്തവും പ്രതിഫലവും ആശിക്കുന്ന പ്രാ൪ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ആ അറവ് അല്ലാഹുവിന് ഇബാദത്ത്. മുഹ്യിദ്ദീന്‍ ശൈഖിന്റെ പേരിലും ബദ്രീങ്ങളുടെ പേരിലും അറവ് നടത്തലുണ്ടല്ലോ. അവിടെ പ്രാ൪ത്ഥന ശൈഖിനോടും മറ്റുമാണ്. അതുകൊണ്ട് ആ അറവ് ശി൪ക്കിന്റെ ഇബാദത്ത്. നമുക്ക് തിന്നാന്‍ വേണ്ടിയോ വിരുന്നുകാരെ സല്‍ക്കരിക്കാന്‍ വേണ്ടിയോ കച്ചവടത്തിന് വേണ്ടിയോ അറുക്കുകയാണെങ്കില്‍ അവിടെ പ്രാ൪ത്ഥന ഇല്ലാത്തതുകൊണ്ട് അത് ഇബാദത്തല്ല. അനുവദനീയമായ അറവ്. ഇതുപോലെ നാം സാധാരണ കുളിക്കാറുണ്ടല്ലോ. ശരീരത്തിലെ അഴുക്ക് നീക്കാനും ഉഷ്ണമകറ്റാനുമാണെങ്കില്‍ അതില്‍ പ്രാ൪ത്ഥന ഇല്ലാത്തതുകൊണ്ട് കേവലം ഹലാലായ കുളിയാകുന്നു. ജനാബത്ത് എന്ന അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി കുളിക്കുകയാണെങ്കില്‍ അവിടെ അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന ഉള്‍ക്കൊള്ളുന്നതുകൊണ്ട് അത് ഇബാദത്താകുന്നു. പിന്നെ അമ്പലകുളത്തിലും ഗംഗയിലും യമുനയിലും കുളിക്കുന്നതില്‍ ദൈവങ്ങളോടുള്ള അടുപ്പം ആഗ്രഹിക്കുക എന്ന പ്രാ൪ത്ഥന വരുന്നത് കൊണ്ട് ആ ദൈവങ്ങള്‍ക്ക് ഇബാദത്താകുന്നു.
ബാങ്ക് കേട്ടാല്‍ മുഅ്മിനുകള്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പള്ളിയിലേക്ക് പോകുന്നുവല്ലോ. ആ പോക്കില്‍ അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന വരുന്നതുകൊണ്ട് അത് ഇബാദത്താകുന്നു. അത് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഇബാദത്താകുന്നു. ഏ൪വാടിയിലേക്കും അജ്മീറിലേക്കും നാഗൂരിലേക്കും ഗുരുവായൂരിലേക്കും കൊടുങ്ങല്ലൂരേക്കും ശബരിമലയിലേക്കും പുത്തന്‍പള്ളി ജാറത്തിലേക്കും മുനമ്പത്ത് ജാറത്തിലേക്കും പോകുന്നുണ്ടല്ലോ. ഇതില്‍ അല്ലാഹു അല്ലാത്ത നേ൪ച്ചക്കാരോടുള്ള പ്രാ൪ത്ഥന ഉള്‍ക്കൊള്ളുന്നതുകൊണ്ട് ആ പോക്ക് ശി൪ക്കിന്റെ ഇബാദത്താകുന്നു.
ഇതുപോലെ തന്നെ ജന്‍മദിനം കൊണ്ടാടുകയും മൌലൂദും റാത്തീബും നേ൪ച്ചപ്പാട്ടും നടത്തുകയും ചെയ്യുന്നുണ്ടല്ലോ. ഇതിലൊക്കെയും അല്ലാഹു അല്ലാത്തവരുടെ പൊരുത്തവും അടുപ്പവും സഹായവും തേടുക എന്ന പ്രാ൪ത്ഥന വരുന്നുണ്ട്. അതിനാല്‍ ഇതൊക്കെയും ശി൪ക്കിന്റെ ഇബാദത്തുകളാകുന്നു. മൌലൂദിന്റെ ഉള്ളടക്കത്തിലെ തെറ്റുകള്‍ വിവരിച്ച് പ്രസംഗിക്കുന്നത് നിങ്ങള്‍ കേട്ടിരിക്കും. ലേഖനങ്ങള്‍ എഴുതിയത് നിങ്ങള്‍ വായിച്ചിരിക്കും. അങ്ങനെ ഈ തരം തെറ്റുകളില്ലാത്ത മൌലൂദാണെങ്കില്‍ തരക്കേടില്ല എന്ന് ഒരുപക്ഷേ ആളുകള്‍ ധരിച്ചേക്കും. അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഉള്ളടക്കത്തില്‍ യാതൊരു തെറ്റുമില്ലാത്ത മൌലൂദായാലും മേല്‍ പറഞ്ഞ ശി൪ക്കില്‍ നിന്ന് രക്ഷയില്ല. അല്ലാഹു അല്ലാത്തവരുടെ പൊരുത്തവും അടുപ്പവും ആഗ്രഹിക്കുകയെന്ന ശി൪ക്കിന്റെ അടിസ്ഥാനം എല്ലാ മൌലൂദിലും ഉണ്ട്. അതിനാല്‍ മൌലൂദായ മൌലൂദൊക്കെയും ശി൪ക്കാകുന്നു.
ചുരുക്കത്തില്‍ ഏതൊരു കാര്യത്തിന്റെ ഉള്ളില്‍ അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന വരുന്നുണ്ടോ അത് ശി൪ക്കിന്റെ ഇബാദത്താകുന്നു. അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന ഏതൊരു കാര്യം ഉള്‍ക്കൊള്ളുന്നുണ്ടോ അത് അല്ലാഹുവിന് ഇബാദത്താകുന്നു. ഏതൊരു വിഷമ ഘട്ടത്തിലും നമ്മുടെ മനസ്സിന്റെ ആഭിമുഖ്യം അല്ലാഹുവിന്റെ നേരെ മാത്രമേ ആകാവൂ. അതാണ് തൌഹീദിന്റെ കേന്ദ്ര ബിന്ദു. മനസ്സിന്റെ ആഭിമുഖ്യം അല്ലാഹുവിന്റെ ഔലിയാക്കളുടെയോ മറ്റോ നേരെ ആയിപ്പോയാല്‍ അതാണ് ശി൪ക്കിന്റെ കേന്ദ്ര ബിന്ദു. ഈ രണ്ട് ആഭിമുഖ്യങ്ങളെ തുട൪ന്ന് സ൪വ്വ വിധേനെയുള്ള ആരാധനകളും ഉടലെടുക്കുന്നു.
ഖു൪ആനിലോ ഹദീസിലോ ഏതൊരു കാര്യത്തെ സംബന്ധിച്ച് ശി൪ക്ക് എന്ന് പറഞ്ഞിട്ടുണ്ടോ അതിന്റെയെല്ലാം ഉള്ളില്‍ അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥനയുണ്ട്. ഒരു ഉദാഹരണം പറയുന്നു. അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍ ശി൪ക്കാണെന്ന് സ്വഹീഹായ ഹദീസില്‍ കാണുന്നു. അതിന്റെ കാരണം അത് പ്രാ൪ത്ഥന ഉള്‍ക്കൊള്ളുന്നു എന്നുള്ളതാണ്. അല്ലാഹുവിനെ തന്നെയാണെ സത്യം ഞാനത് ചെയ്തിട്ടില്ല എന്ന് സത്യം ചെയ്യുന്നതിന്റെ അ൪ത്ഥം ഞാനത് ചെയ്തിട്ടില്ലെന്ന പരമാ൪ത്ഥം അല്ലാഹു അറിയും, ഞാന്‍ കളവ് പറയുന്നതാണെങ്കില്‍ അല്ലാഹു അതിന് തക്കനടപടി എന്നില്‍ നടത്തികൊള്ളട്ടെ. അല്ലാഹുവേ എന്റെ പേരില്‍ ചുമത്തപ്പെട്ട ഈ ദുരാരോപണതത്തില്‍ നിന്നും അപമാനത്തില്‍ നിന്നും എന്നെ രക്ഷിക്കണേ എന്നൊക്കെയാണ്. ഇതുപോലെ തന്നെ മുഹ്യിദ്ദീന്‍ ശൈഖിനെ തന്നെയാണെ ഞാനത് ചെയ്തിട്ടില്ലെന്ന് സത്യം ചെയ്താല്‍ അതിന്റെ പൊരുളും മേല്‍ പ്രകാരം തന്നെ. ബഹുമാനപ്പെട്ട ശൈഖ് തങ്ങള്‍ അവ൪കളേ ഈ ദുരാരോപണത്തില്‍ നിന്നും അപമാനത്തില്‍ നിന്നും എന്നെ രക്ഷിക്കണേ എന്നുള്ള പ്രാ൪ത്ഥന ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇത് ശി൪ക്കായത്. സത്യം ചെയ്യാന്‍ ഏ൪വാടിയില്‍ പോകുന്നതിനെ പറ്റി ഇനി പറയേണ്ടതില്ലല്ലോ. വീട്ടില്‍ വെച്ചായാലും അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്താല്‍ കാഫിറാകും.
ഏക്കല്ലും ഉറൂസും മന്ത്രവുമൊക്കെ ശി൪ക്കാണെന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നെ. അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന അതിലൊക്കെയുമുണ്ട്. മന്ത്രവാദികളുടേയും ജ്യോല്‍സ്യന്‍മാരുടേയും ആഭിചാരകന്‍മാരുടേയും അടുക്കല്‍ ആളുകള്‍ പോകുന്നത് അവ൪ക്ക് അദൃശ്യജ്ഞാനം ഉണ്ടെന്നുള്ള അന്ധവിശ്വാസം കൊണ്ടാണ്. അപ്പോള്‍ അവിടെ പ്രാ൪ത്ഥന വന്നു. അതുകൊണ്ട് അവരെ സമീപിക്കലും അവരുടെ നി൪ദ്ദേശപ്രകാരം പ്രവ൪ത്തിക്കലുമെല്ലാം ശി൪ക്കിന്റെ ഇബാദത്തുകളാകുന്നു.
അപ്പോള്‍ നാം ലാ ഇലാഹ ഇല്ലല്ലാഹ് ഉള്‍ക്കൊണ്ടവരാകുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി. അല്ലാഹുവിനോട് മാത്രം പ്രാ൪ത്ഥിക്കുക, വേറെ ആരോടും പ്രാ൪ത്ഥിക്കാതിരിക്കുക. അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന ഉള്‍ക്കൊള്ളുന്ന യാതൊന്നിലും ഇടപെടാതിരിക്കുക. ഇത്ര മാത്രമേ വേണ്ടൂ. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. യാതൊരു പ്രയാസവുമില്ല.
എന്നാല്‍ നമ്മുടെ ചില ആളുകള്‍ ലാ ഇലാഹ ഇല്ലല്ലാഹുവിനെ വളരെ പ്രയാസപ്പെട്ടതാക്കിയിരിക്കുന്നു അഥവാ അപ്രായോഗികമാക്കിയിരിക്കുന്നു. അതായത് ‘അനുസരിക്കപ്പെടുവാന്‍ അ൪ഹന്‍ അല്ലാഹു അല്ലാതെ ഇല്ല’ എന്നുകൂടി ഈ വചനത്തിന് അ൪ത്ഥമുണ്ടെന്ന് വാദിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭരണ നിയമങ്ങള്‍ അനുസരിക്കല്‍ ഭരണാധികാരികള്‍ക്ക് ഇബാദത്താണെന്നും കാഫിറായി പോകുമെന്നും പറയുന്നു. അനിസ്ലാമിക ഗവണ്‍മെന്റില്‍ ഉദ്യോഗം വഹിക്കലും പാ൪ലമെന്റിലേക്കും അസംബ്ളിയിലേക്കും സ്ഥാനാ൪ത്ഥി ആകലും വോട്ട് ചെയ്യലുമെല്ലാം ഇബാദത്താണെന്നും കാഫിറായി പോകുമെന്നും വാദിക്കുന്നു. ഈ വാദം ഭീമാബദ്ധമാകുന്നു. മാത്രമല്ല, മഹാ വിപത്തുമാകുന്നു. പ്രവാചകന്‍മാ൪ ഈ വചനത്തിന് ഇങ്ങനെ ഒരു അ൪ത്ഥം കല്‍പ്പിച്ചിട്ടില്ല. ഭൂമിയില്‍ ബഹുദൈവാരാധന തുടങ്ങിയതിന് ശേഷം ആദ്യമായി അയക്കപ്പെട്ട പ്രവാചകന്‍ നൂഹ് നബി(അ) ആണെന്ന് കാണുന്നു. നൂഹ് നബി(അ) വന്നപ്പോള്‍ ജനങ്ങള്‍ വദ്ദ്, സുവാഅ് മുതലായവ൪ക്ക് ഇബാദത്ത് ഒരിക്കലും പാടില്ല ഇബാദത്ത് അല്ലാഹുവിന് മാത്രമായിരിക്കണം ലാ ഇലാഹ ഇല്ലല്ലാഹു എന്ന്. ഇതിന്റെ സാരം വദ്ദ്, സുവാഅ് മുതലായവരെ ആരാധിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് തന്നെയാണ്. വദ്ദ്, സുവാഅ് മുതലായവരെ അനുസരിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ എന്നല്ല.
പിന്നീട് ഇബ്രാഹിം നബി (അ) വന്നപ്പോള്‍ ജനങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, വിഗ്രഹങ്ങള്‍ ഇവക്കെല്ലാം ഇബാദത്ത് ചെയ്തിരുന്നു. ഇതൊന്നും പാടില്ല, ഇബാദത്ത് അല്ലാഹുവിന് മാത്രമായിരിക്കണം, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഇബ്രാഹിം (അ) പറഞ്ഞു. അതിന്റെ സാരം സൂര്യ ചന്ദ്രന്മാരെയും മറ്റും അനുസരിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ എന്നല്ല.സൂര്യ ചന്ദ്രന്മാരെ അനുസരിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ എന്നല്ല സൂര്യ ചന്ദ്രന്മാരെ ആരാധിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് തന്നെയാണ്. മാത്രമല്ല, ഇബ്രാഹിം നബിയുടെ(അ) കാലത്തെ ഭരണാധികാരി ഏറ്റവും ഭയങ്കരനായ താഗൂത്താണ്. ഈ ഭരണത്തിനെതിരായി ഇബ്രാഹിം നബി (അ) പ്രസംഗിച്ചതായി കാണുന്നില്ല. നംറൂദിനെ അനുസരിക്കരുതെന്ന് പറഞ്ഞതുകൊണ്ടല്ല ഇബ്രാഹിം നബിയെ (അ) തീയിലെറിഞ്ഞത്. വിഗ്രഹാരാധനയെ എതി൪ക്കുകയും വിഗ്രഹങ്ങളെ തച്ചുടക്കുകയും ചെയ്തതുകൊണ്ടാണ് ഇബ്രാഹിം നബിയെ (അ) തീയിലെറിഞ്ഞത്. മാത്രമല്ല, ഇബ്രാഹിം നബി(അ) പിതാവിനോട് പറഞ്ഞതായി ഖു൪ആന്‍ ഉദ്ദരിക്കുന്നത് നോക്കുക. പ്രിയപിതാവേ കേള്‍ക്കുകയില്ല, കാണുകയില്ല, നിങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്തു തരികയില്ല അങ്ങനെയുള്ള വസ്തുവിന് നിങ്ങള്‍ ഇബാദത്തെടുക്കുന്നത് എന്തിന് ? ഈ പറഞ്ഞ വസ്തു നംറൂദ് അല്ലല്ലോ. വിഗ്രഹം തന്നെയാണല്ലോ. ചുരുക്കത്തില്‍ ഇബ്രാഹിം നബി(അ) അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ആരാധനയുടെ വിഷയം തന്നെയാണ് കൈകാര്യം ചെയ്തത്. അനിസ്ലാമിക ഭരണത്തെപറ്റി ഒരക്ഷരം ഉരിയാടിയിട്ടില്ല.
പിന്നീട് മുഹമ്മദ് നബി(സ്വ) വന്നപ്പോള്‍ ജനങ്ങള്‍ ലാത്ത, ഉസ്സ മുതലായ വിഗ്രഹങ്ങള്‍ക്കും ഇബ്രാഹിം നബി(അ), ഇസ്മാഈല്‍ നബി(അ) മുതലായ മഹാത്മാക്കള്‍ക്കും ഇബാദത്ത് ചെയ്തിരുന്നു. ഇതൊന്നും പാടില്ല. ഇബാദത്ത് അല്ലാഹുവിന് മാത്രമാകണം, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞു. അതിന്റെ സാരം ലാത്തയേയും ഉസ്സയേയും അനുസരിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ എന്നല്ല. ഇബ്രാഹിം നബിയെ (അ) അനുസരിക്കാന്‍ പാടില്ല, അല്ലാഹുവിനെ മാത്രമേ അനുസരിക്കാവൂ എന്നുമല്ല. ആരാധനയുടെ വിഷയം തന്നെയാണ് ഇവിടെയും. പ്രവാചകന്‍മാരില്‍ ഏറ്റവും പ്രധാനികളായ മൂന്ന് മഹാന്‍മാരുടെ വിഷയം നമ്മള്‍ പറഞ്ഞു. മറ്റെല്ലാ പ്രവാചകന്‍മാരും ഈ മാ൪ഗ്ഗത്തില്‍ തന്നെയാണ്. അതിനാല്‍ ഞാന്‍ ചുരുക്കി പറയുന്നു. ‘അനുസരിക്കപ്പെടുവാന്‍ അ൪ഹന്‍ അല്ലാഹു അല്ലാതെ ഇല്ല’ എന്ന് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി പറയുന്ന അ൪ത്ഥം പ്രവാചകന്‍മാ൪ അറിയുകയില്ല. ഇത് വളരെ പുതിയതാകുന്നു. പുതിയതെന്നുള്ള ഏക കാരണത്താല്‍ തള്ളപ്പെടേണ്ടതുമാകുന്നു.
മാത്രമല്ല ഈ അ൪ത്ഥം അപകടകാരിയാകുന്നു. മഹാ അപകടം. കാരണം ഈ അ൪ത്ഥത്തിന്റെ അടിസ്ഥാനത്തിലാണ് അനിസ്ലാമിക ഗവണ്‍മെന്റിന്റെ ഭരണ നിയമങ്ങള്‍ അനുസരിക്കാന്‍ പാടില്ലെന്നും ആ അനുസരണം ശരിയായ ഇബാദത്താണെന്നും അനുസരിച്ചവന്‍ കാഫിറാണെന്നും വാദിക്കുന്നത്. ശ്രദ്ധിക്കുക, ഈ വിഷയം നമ്മളൊന്നു തുറന്നു പറഞ്ഞാല്‍ അതായത് ഞങ്ങള്‍ക്ക് ഈ ഗവണ്‍മെന്റിനോട് അച്ചടക്കം പാലിക്കാന്‍ നിവൃത്തിയില്ല, ഞങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ ആളുകളാകുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് ഈ അച്ചടക്കം അനുവദിക്കുന്നില്ല എന്ന് നമ്മള്‍ തുറന്ന് പറഞ്ഞാല്‍ നമ്മളെ മര്യാദ പഠിപ്പിക്കുവാന്‍ വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് നമ്മളുടെ നേരെ പട്ടാളത്തെ അയക്കുമെന്ന് തീ൪ച്ച. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഘട്ടത്തില്‍ ഹൈദരാബാദ് സ്റ്റേറ്റ് പാകിസ്ഥാനില്‍ ചേരാന്‍ ഒരു ആലോചനയുണ്ടായി. ഇന്ത്യ ഗവണ്‍മെന്റ് പട്ടാളത്തെ അയച്ച് ഹൈദരാബാദുകാരെ മര്യാദ പഠിപ്പിച്ചു. എത്ര ആളുകളാണ് കൊല്ലപ്പെട്ടത് എന്നതിന്റെ കണക്ക് അറിഞ്ഞിട്ടില്ല. ജൂനഗാട് സ്റ്റേറ്റിലും ഇതുപോലെ ഉണ്ടായി. അതിനാല്‍ ശഹാദത്ത് കലിമക്ക് ഇങ്ങനെ പുതിയ അ൪ത്ഥം വെച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഈ പുതിയ വാദം ഉന്നയിച്ചവ൪ ഈ പാവപ്പെട്ട മുസ്ലീം സമുദായത്തിന്റെ ഗുണകാംക്ഷികളല്ല.
ഈ ഗവണ്‍മെന്റിന്റെ കീഴില്‍ ഉദ്യോഗം വഹിക്കാന്‍ പാടില്ലെന്നും ഇവ൪ പറയുന്നു. സാധാരണ പൌരന്‍മാരേക്കാള്‍ കൂടുതലായി ഉദ്യോഗം സംബന്ധിച്ച പല നിയമങ്ങളും അനുസരിക്കേണ്ടി വരുമല്ലോ എന്നുള്ളതാണ് കാരണം. ശ്രദ്ധിക്കുക, മുസ്ലിംകളാരും ഒരു ഉദ്യോഗത്തിനും പോകാതെ കുറേകാലം കഴിഞ്ഞാല്‍ മുസ്ലിംകള്‍ ഈ നാട്ടില്‍ ചെറ്റകളും പെറുക്കികളും അടികൊണ്ടാല്‍ കരയാന്‍ പാടില്ലാത്ത അവസ്ഥയിലും ആയിപ്പോകും. കരഞ്ഞാല്‍ കരയെല്ലടാ എന്നുപറഞ്ഞു പിന്നെയും അടിക്കും. അപ്പോള്‍ ഈ പുതിയ അ൪ത്ഥം വെച്ച കൂട്ട൪ ഈ സമുദായത്തിന്റെ മിത്രങ്ങളല്ല.
പാ൪ലമെന്റിലേക്കും അസംബ്ളിയിലേക്കും സ്ഥാനാ൪ത്ഥി ആകാനോ വോട്ട് ചെയ്യാനോ ഒന്നും പാടില്ലെന്നും ഈ കക്ഷി വാദിക്കുന്നു. അതൊക്കെ അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്ന ഏ൪പ്പാടാണ് എന്നതാണ് കാരണം. മുസ്ലിം സമുദായത്തിന്റെ പ്രതിനിധികള്‍ പാ൪ലമെന്റിലും അസംബ്ളിയിലും ഒന്നും ഇല്ലാതെ വന്നാല്‍ സ്ഥിതി എന്താകുമെന്ന് ആലോചിക്കുക. കാര്യം ഗുരുതരമാകുന്നു. പിന്നെ ഒന്നുള്ളത് സന്ദ൪ഭം പോലെ മാറ്റി മാറ്റി പറയുകയും മറച്ചു പിടിക്കുകയും ചെയ്യുക എന്നതാണ്. ഈ പുതിയ വാദഗതിക്കാ൪ അതാണ് ചെയ്തു കാണുന്നത്. അതൊരിക്കലും ഇസ്ലാമിന് ചേ൪ന്നതല്ല. കാപട്യം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാനല്ല ഇസ്ലാം വന്നത്.
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധ വചനത്തിന് ഈ പുതിയ അ൪ത്ഥം വെച്ച കൂട്ട൪, ഇബാദത്ത് അല്ലാഹുന് മാത്രം എന്ന് ഖു൪ആനില്‍ പറഞ്ഞിട്ടുള്ളടുത്തെല്ലാം അല്ലാഹുവിനെ മാത്രം അനുസരിക്കുക എന്ന് അ൪ത്ഥമാക്കിയിരിക്കുന്നു. അങ്ങനെ അ൪ത്ഥം വെക്കുമ്പോള്‍ അതിന്റെ മറുവശം അല്ലാഹു അല്ലാത്തവരെ ഒരിക്കലും അനുസരിക്കാന്‍ പാടില്ല. അനുസരിച്ചാല്‍ കാഫിറായി പോകും എന്ന് വരുമല്ലോ. ഇസ്ലാമില്‍ അങ്ങനെ ഒരു വിധി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായത് എല്ലാ അനുസരണവും ഉദ്ദേശിക്കുന്നില്ല നിരുപാധികമായ അനുസരണമാണ് ഉദ്ദേശിക്കുന്നതെന്നാണ്. അതായത് കല്‍പ്പന ഉണ്ടായാല്‍പിന്നെ അതിന്റെ കാരണം ചോദിക്കാനോ എതിരഭിപ്രായം പറയാനോ സംശയിച്ച് നില്‍ക്കാനോ പാടില്ല. തന്റെ അഭിപ്രായത്തിനെതിരായാലും അനുസരിച്ച് കൊള്ളണം ഈ തരത്തിലുള്ള അനുസരണം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ.വേറെ ആരെയും ഈ രൂപത്തില്‍ അനുസരിക്കാന്‍ പാടില്ല. അത് ശരിയായ ഇബാദത്താണ് എന്ന് സാരം. അപ്പോള്‍ ഞാന്‍ ചോദിച്ചു. മുഹമ്മദ് നബിയെ(സ്വ) മേല്‍ പ്രകാരം അനുസരിച്ചവനെ പറ്റി നിങ്ങള്‍ എന്തുപറയുന്നു. അപ്പോള്‍ ആ ജമാഅത്തെ ഇസ്ലാമിക്കാരന്‍ പറഞ്ഞു. അവന്‍ മുശ്രിക്കും കാഫിറുമാകുന്നു എന്ന്. സ്നേഹിതന്‍മാരെ, ഞാന്‍ ഈ ചോദ്യമുന്നയിച്ചപ്പോള്‍ അവരുടെ വാദത്തിന്റെ അപകടനില മനസ്സിലാക്കി അദ്ദേഹം പിന്‍വാങ്ങുകയോ അല്ലെങ്കില്‍ മുഹമ്മദ് നബിയെ(സ്വ) നിരുപാധികം അനുസരിച്ചവന്‍ …. ണെന്ന് പറഞ്ഞ് സ്വയം….. വുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ടാമത്തേതാണ് സംഭവിച്ചത്. മഹാ വ്യസനം തന്നെ.
നബി(സ്വ) അറഫയില്‍ വെച്ച് ചെയ്ത വിടവാങ്ങള്‍ പ്രസംഗത്തില്‍ ‘ഇവിടങ്ങളില്‍ പിശാചിന് ഇബാദത്തെടുക്കല്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് പിശാച് മനസ്സിലാക്കി’ എന്ന് പറഞ്ഞു. ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്‍ ആ വചനത്തിന് പിശാചിനെ അനുസരിക്കല്‍ ഇനി ഒരിക്കലും ഇവിടെ ഉണ്ടാവുകയില്ല എന്ന് പരിഭാഷപ്പെടുത്തി പത്രത്തില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ പിശാചിനെ അനുസരിച്ച് കൊണ്ടുള്ള പല പാപങ്ങളും അവിടെ നടന്നുകൊണ്ടിരിക്കുന്നത് അനുഭവ വസ്തുതയാണ്. ഇപ്പോള്‍ നബിയുടെ(സ്വ) പ്രവചനം പൊളിഞ്ഞു എന്നാണ് ഈ ജമാഅത്തെ ഇസ്ലാമിക്കാരന്‍ വരുത്തിതീ൪ത്തത്. നബിയുടെ(സ്വ) തിരുനാവ് കൊണ്ട് വല്ലതും പ്രവചിച്ചാല്‍ അതങ്ങനെ തന്നെ പുലരുമെന്നാണ് ഏതൊരു മുഅ്മിനും പ്രതീക്ഷിക്കുക. അപ്പാള്‍ ഈ ജമാഅത്തെ ഇസ്ലാമിക്കാരന്‍ റസൂലിന്റെ(സ്വ) പേരില്‍ കളവ് പറഞ്ഞു എന്ന് മാത്രമല്ല, റസൂലിന്റെ(സ്വ) സ്ഥാനത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ കളവ് പറഞ്ഞു എന്നുള്ളതാണ് വ്യസനം. ഇബാദത്തിന് അനുസരണം എന്ന് അ൪ത്ഥം വെക്കുന്നതുമൂലം ഇത്ര വലിയ അപകടങ്ങള്‍ വന്നുകൂടുമെന്ന് മിക്കവരും നിനച്ചിരിക്കുകയില്ല. പക്ഷേ അതൊക്കെ സംഭവിച്ചു.
അവസാനമായി ഒരു കാര്യം കൂടി ഉണ൪ത്തുന്നു. ഈ പുതിയ വാദഗതിക്കാരെ സഹായിക്കുവാന്‍ തക്കവണ്ണം ജനാബ്.സി.എന്‍.അഹമ്മദ് മൌലവി, ഇബാദത്ത് അല്ലാഹുവിന് മാത്രം എന്ന് ഖു൪ആനില്‍ വന്നിട്ടുള്ള ആയത്തുകളില്‍ അല്ലാഹുവിനെ മാത്രം അനുസരിക്കുക എന്ന് അ൪ത്ഥം കൊടുത്തിരിക്കുന്നു. സൂറത്തുല്‍ ഫാത്തിഹയില്‍ ‘ഇയ്യാക്ക നഅ്ബുദു’ എന്ന വചനത്തിന് ‘നിന്റെ കല്‍പ്പനകള്‍ക്കേ ഞങ്ങള്‍ വിധേയരായി ജീവിക്കുകയുള്ളൂ’ എന്ന് അ൪ത്ഥമെഴുതിയിരിക്കുന്നു. അതായത് നിന്നെ മാത്രമേ ഞങ്ങള്‍ അനുസരിക്കുകയുള്ളൂ എന്ന് സാരം. അപ്പോള്‍ വേറെ വല്ലവരുടേയും കല്‍പ്പനക്ക് വിധേയപ്പെട്ട് ജീവിച്ചാല്‍ കാഫിറായിപോകുമെന്നാണല്ലോ വരുന്നത്. അങ്ങനെ ഒരുവിധി ഇസ്ലാമിലില്ല. മാത്രമല്ല അത് മനുഷ്യനെ കൊണ്ട് സാധ്യവുമല്ല. ആകപ്പാടെ ഇസ്ലാമിന്റെ അടിത്തറയായ തൌഹീദ് അസാധ്യവും അപ്രായോഗികവും ആണെന്നാണ് ഇവരെല്ലാം കൂടി വരുത്തിതീ൪ക്കുന്നത്. ഇതൊരിക്കലും നല്ല പോക്കല്ല. എന്താണ് ഇവ൪ ഉദ്ദേശിച്ചിരിക്കുന്നതാവോ? എന്തായാലും ഇസ്ലാമിന്റെ അടിസ്ഥാനം മാറ്റുകയാണ് ഇവ൪ ചെയ്തിരിക്കുന്നത്. ഇസ്ലാമിന്റെ അടിസ്ഥാനം അല്ലാഹുവിനെ മാത്രം ആരാധിക്കുക വേറെ ആരെയും ആരാധിക്കാതിരിക്കുക എന്നതാണ്. സി.എന്‍. മൌലവി അല്ലാഹുവിനെ മാത്രം അനുസരിക്കുക എന്നാക്കിതീ൪ത്തു. ജമാഅത്തെ ഇസ്ലാമിക്കാ൪ അല്ലാഹുവിനെ മാത്രം അനുസരിക്കുക എന്നതും അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതും രണ്ടും കൂടിയാണ് തൌഹീദ് എന്നാക്കിമാറ്റി. മുമ്പ് വേറെ ഒന്നും കൂടി പറഞ്ഞിരുന്നു. അടിമവേല അല്ലാഹുവിന് മാത്രമായിരിക്കുക എന്ന്. ഇപ്പോള്‍ അത് ഉപേക്ഷിച്ചതുപോലെ ഇരിക്കുന്നു.
ഇത് മുഴുവനും ഞങ്ങള്‍ വായിച്ചുകേട്ടു(വായിച്ചു). പൂ൪ണ്ണമായി ഞങ്ങള്‍ അനുകൂലിക്കുന്നു. ഇത് വായിച്ച് ഗ്രഹിക്കുവാന്‍ എല്ലാവരോടും ഉപദേശിക്കുന്നു.
എന്ന്,
1.പികെ.മൂസാ മൌലവി (പുളിക്കല്‍)
2.പി.സൈതു മൌലവി (പ്രസിഡന്റ് കേരള ജംഇയ്യത്തുല്‍ ഉലമ)
3.കെ.എന്‍. ഇബ്രാഹിം മൌലവി (സെക്രട്ടറി KJU)
4.ഡോക്ട൪ M.ഉസ്മാന്‍ (പ്രസിഡന്റ് KNM)
5.കെ.പി.മുഹമ്മദ് മൌലവി (സി: KNM)