സുബ്ഹി നമസ്കാരത്തിലെ ഖുനൂത്ത്

THADHKIRAH

ശാഫിഈ മദ്ഹബുകാരായ ആളുകള്‍ സ്വുബ്ഹി നമസ്കാരത്തില്‍ മാത്രമായി ഖുനൂത്ത് ഓതി വരാറുണ്ട്. എന്നാല്‍ മറ്റ് മദ്ഹബുകാരാരും സ്വുബ്ഹി നമസ്ക്കാരത്തില്‍ മാത്രമായി ഖുനൂത്ത് നി൪വ്വഹിക്കുന്നില്ല. യഥാ൪ത്ഥത്തില്‍ എല്ലാ ദിവസവും സുബ്ഹി നമസ്കാരത്തില്‍  ഖുനൂത്ത് നി൪വ്വഹിക്കാന്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടോ? അധികമാളുകളും ഇക്കാര്യത്തെ കുറിച്ച് പ്രമാണബദ്ധമായി പഠിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്. നമ്മുടെ മദ്ഹബ് എന്തു പറഞ്ഞിരിക്കുന്നുവെന്ന് മാത്രം നോക്കുകയാണ് ചെയ്യുന്നത്.

മതപരമായ ഏത് ചെയ്യുമ്പോഴും പ്രമാണങ്ങളുടെ പിന്‍ബലമുണ്ടായിരിക്കണം. പ്രമാണബദ്ധമല്ലാത്ത ഏതു കാര്യങ്ങളും മഹാഭൂരിപക്ഷം ചെയ്താലും ശരി അത് സ്വീകരിക്കപ്പെടുകയില്ല, ആദ്യമായി സ്വുബ്ഹി നമസ്കാരത്തിലെ ഖുനൂത്ത് ഓതുന്നവ൪ പറയുന്ന തെളിവ് എന്താണെന്ന് പരിശോധിക്കാം..

ഉബൈദുല്ലാഹ് ബ്നു മൂസാ ഞങ്ങളോട് പറഞ്ഞു: അബൂ ജഅ്ഫറു റാസി ഞങ്ങളെ അറിയിച്ച് തന്നു: റബീഅ്ബ് അസില്‍ നിന്നും, അനസ്(റ) നിവേദനം: നിശ്ചയം; നബി(സ്വ) അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ച് ഒരു മാസം ഖുനൂത്ത് ഓതുകയുണ്ടായി, ശേഷം അത് ഉപേക്ഷിക്കുകയുണ്ടായി. എന്നാല്‍ സുബ്ഹി നമസ്ക്കാരത്തില്‍ നബി(സ്വ) ദുനിയാവില്‍ നിന്ന് വിടപറയുന്നത് വരെക്കും ഖുനൂത്ത് ഓതി കൊണ്ടിരുന്നു. (ബൈഹഖി)

നബി(സ്വ) ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ച് ഒരു മാസം ഖുനൂത്ത് നി൪വ്വഹിച്ചുവെന്നും ശേഷം അത് ഉപേക്ഷിച്ചതായും എന്നാല്‍ സുബ്ഹി നമസ്ക്കാരത്തില്‍ നബി(സ്വ) ഖുനൂത്ത് നിലനി൪ത്തിയെന്നുണുള്ള  ഈ ഹദീസ് സ്വഹീഹല്ല.

ഈ ഹദീസിന്റെ പരമ്പരയില്‍ വന്നിട്ടുളള ‘അബുജഅ്ഫറി’ നെ കുറിച്ച് ഇബ്‌നുഹജർ അസ്‌ഖലാനി‌ؒ പറയുന്നു : ഈ പരമ്പരയിലെ അബൂ ജഅ്ഫറു‌റാസി സ്വീകാര്യനല്ല എന്ന് അറിയിക്കുന്ന ശൈലിയിൽ ഇമാം അഹമ്മദ്‌ؒ, ഇബ്‌നു മ‌ഈൻ‌ؒ തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്. നബിയും(സ്വ) ഖലീഫമാരും ഖുനൂത്ത് നിർവ്വഹിച്ചുവെന്ന് അറിയിക്കുന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവ തെളിവിന് പര്യാപ്തമല്ല. ഈ വിഷയകമായ ഹദീസുകളുടെ ആകെത്തുക അറിയിക്കുന്നത് നബി(സ്വ)  ഒരു സമൂഹത്തിനു അനുകൂലമായോ പ്രതികൂലമായോ പ്രാർത്ഥിക്കുമ്പോൾ മാത്രമെ ഖുനൂത്ത് നിർവ്വഹിക്കാറുള്ളൂ എന്നാണ്. (തൽഖീസുൽ ഹബീർ : 1/600)

തുഹ്ഫത്തുല്‍ അഹ്വദിയില്‍ ഇദ്ദേഹം പ്രബലല്ലെന്ന് പറയുന്ന ഭാഗം ഇപ്രകാരമാണ്: ‘ഇദ്ദേഹത്തെ സംബന്ധിച്ചു അബ്ദുല്ലാഹ്ബ്നു അഹ്മദ് പറയുകയുണ്ടായി: അദ്ദേഹം (അബൂജഅ്ഫര്‍) ഹദീസിന്റെ കാര്യത്തില്‍ കഴിവുള്ളയാളല്ല. അലിയ്യുബ്നു അല്‍മദീനി പറഞ്ഞു: ഹദീസുകള്‍ പരസ്പരം കൂടികലരാറുള്ള വ്യക്തിയാണ്. അബൂസുര്‍അ: പറയുന്നു: ധാരാളം ഊഹങ്ങളുള്ള വ്യക്തിയാണ്. അംറ് ബ്നു അവി അല്‍ഫലാസ് പറയുന്നു: സത്യസന്ധും, മന:പാഠത്തില്‍ മോശമായ അവസ്ഥയുള്ളയാളുമാണ്. ഇബ്നു മഈന്‍ പറഞ്ഞു: അവലംബ യോഗ്യാണെങ്കിലുംശരി അബദ്ധം സംഭവിക്കുന്നയാളാകുന്നു.

ഇമാം ബൈഹഖി(റഹി) ഉദ്ദരിച്ചുള്ള നബിയില്‍(സ്വ) നിന്ന് സ്ഥിരപ്പെടാത്ത ഈ റിപ്പോ൪ട്ടില്‍ രണ്ട് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

ഒന്ന്, നബി(സ്വ)  ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ച് ഒരു മാസം ഖുനൂത്ത് ഓതുകയും ശേഷം അത് ഉപേക്ഷിക്കുകയും ചെയ്തു.

ഇത് സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ട സംഭവമാണ്. . ഖുര്‍ആന്‍ മന:പാഠമുള്ള ഏകദേശം എഴുപത് ഖാരിഉകളെ മുശ്രിക്കുകളില്‍പെട്ട ഒരു ഗോത്രത്തിലേക്ക് നബി(സ്വ) അയക്കുകയുണ്ടായി. അവരെ മുശ്രിക്കുകള്‍ ചതിയിലൂടെ വധിച്ചപ്പോള്‍ നബി(സ്വ) അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്  ഒരു മാസം ഖുനൂത്ത് നി൪വ്വഹിച്ചിരുന്നു. ഈ സംഭവം ഇമാം ബുഖാരിയും(റ) ഇമാം മുസ്ലിമും(റ) അവരുടെ സ്വഹീഹുകളില്‍ ഉദ്ദരിച്ചിട്ടുണ്ട്.

രണ്ട്, സുബ്ഹി നമസ്ക്കാരത്തില്‍ നബി(സ്വ) മരണം വരെയും ഖുനൂത്ത് ഓതി കൊണ്ടിരുന്നു.

നബി(സ്വ) സ്വുബ്ഹി നമസ്ക്കാരത്തില്‍ മാത്രമായി ഖുനൂത്ത് ഓതി വന്നിരുന്നുവന്ന് ഒരു സ്വഹീഹായ ഹദീസിലൂടെയും സ്ഥിരപ്പെട്ട് വന്നിട്ടില്ല. മറ്റുള്ള എല്ലാ നമസ്കാരങ്ങളിലും ഒരു മാസക്കാലം ഖുനൂത്ത് നി൪വ്വഹിച്ചതു പോലെ സ്വുബ്ഹി നമസ്ക്കാരത്തിലും ഒരു മാസക്കാലം ഖുനൂത്ത് നി൪വ്വഹിച്ചുവെന്ന് മാത്രം.

سُئِلَ أَنَسٌ أَقَنَتَ النَّبِيُّ صلى الله عليه وسلم فِي الصُّبْحِ قَالَ نَعَمْ‏.‏ فَقِيلَ لَهُ أَوَقَنَتَ قَبْلَ الرُّكُوعِ قَالَ بَعْدَ الرُّكُوعِ يَسِيرًا‏.‏

നബി(സ്വ) സ്വുബ്ഹി നമസ്ക്കാരത്തില്‍ ഖുനൂത്ത് ഓതിയിരുന്നോയെന്ന് അനസ്(റ) ചോദിക്കപ്പെട്ടു:  അപ്പോള്‍ ‘അതെ’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. റുകൂഈന് മുമ്പായിരുന്നോയെന്ന് വീണ്ടും ചോദിക്കപ്പെട്ടു: അപ്പോള്‍ റുകൂഈന് ശേഷം ‘കുറച്ച് കാലം’ എന്ന് അദ്ദേഹം പറഞ്ഞു. (ബുഖാരി:1001)

അനസ്(റ) തന്നെ ഈ ‘കുറച്ച് കാലം’ ഒരു മാസക്കാലമെന്ന് വിശദീകരിക്കുന്നുണ്ട്.

അനസ്(റ) പറഞ്ഞു:

إِنَّمَا قَنَتَ رَسُولُ اللَّهِ صلى الله عليه وسلم بَعْدَ الرُّكُوعِ شَهْرًا ـ أُرَاهُ ـ كَانَ بَعَثَ قَوْمًا يُقَالُ لَهُمُ الْقُرَّاءُ زُهَاءَ سَبْعِينَ رَجُلاً إِلَى قَوْمٍ مِنَ الْمُشْرِكِينَ دُونَ أُولَئِكَ، وَكَانَ بَيْنَهُمْ وَبَيْنَ رَسُولِ اللَّهِ صلى الله عليه وسلم عَهْدٌ فَقَنَتَ رَسُولُ اللَّهِ صلى الله عليه وسلم شَهْرًا يَدْعُو عَلَيْهِمْ‏.‏.‏

നിശ്ചയം നബി (സ്വ) റുകൂഈന് ശേഷം ഒരു മാസം മാത്രമാണ് ഖുനൂത്ത് ഓതിയിരുന്നത്. അത് ഞാന്‍ കണ്ടിരുന്നു. ഖുര്‍ആന്‍ മന:പാഠമുള്ള ഏകദേശം എഴുപത് ഖാരിഉകളെ മുശ്രിക്കുകളില്‍പെട്ട ഒരു ഗോത്രത്തിലേക്ക് പറഞ്ഞയക്കുകയുണ്ടായി, അവരെ അവര്‍ ചതിയിലൂടെ വധിക്കുകയുണ്ടയി, അവര്‍ക്കും റസൂലിനും(സ്വ) ഇടയില്‍ ഒരു കരാറുണ്ടായിരുന്നു, അങ്ങനെ അവര്‍ക്കെതിരില്‍ റസൂല്‍(സ്വ) ഒരു മാസം ഖുനൂത്ത് (പ്രാര്‍ത്ഥന) നടത്തുകയുണ്ടായി. (ബുഖാരി:1002)

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَنَتَ شَهْرًا يَلْعَنُ رِعْلاً وَذَكْوَانَ وَعُصَيَّةَ عَصَوُا اللَّهَ وَرَسُولَهُ

അനസ് ബിന്‍ മാലിക് رضى الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവെയും അവന്‍റെ പ്രവാചകനെയും ധിക്കരിച്ച റിഅ്ല്‍, ദക്’വാന്‍, ഉസ്വയ്യ എന്നീ ഗോത്രങ്ങളെ ശപിച്ചുകൊണ്ട് നബി ﷺ ഒരു മാസക്കാലത്തോളം ഖുനൂത്ത് ചൊല്ലി. (മുസ്ലിം:677)

മാത്രമല്ല, സ്വുബ്ഹി നമസ്ക്കാരത്തില്‍ മാത്രമായുള്ള ഖുനൂത്ത്‌ പുതുതായുണ്ടായതാണെന്ന്‌ വ്യക്തമാക്കുന്ന റിപ്പോ൪ട്ട് സ്വഹീഹായി വന്നിട്ടുണ്ട്.

عَنْ أَبِي مَالِكٍ الْأَشْجَعِيِّ سَعْدِ بْنِ طَارِقٍ قَالَ قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ هَاهُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ فَكَانُوا يَقْنُتُونَ فِي الْفَجْرِ فَقَالَ أَيْ بُنَيَّ مُحْدَثٌ

അബൂമാലിക്കുൽ അശ്ജഈയിൽ നിന്ന്‌ നിവേദനം: ഞാൻ എന്റെ പിതാവിനോട്‌ ചോദിച്ചു: പിതാവേ, തീർച്ചയായും താങ്കൾ റസൂലിന്റേയും(സ്വ), അബൂബക്കർ, ഉമർ, ഉസ്മാൻ‌ؓ എന്നിവരുടെയും(റ) ഇവിടെ കൂഫയിൽ അഞ്ച് വർഷത്തോളം അലി‌ؓയുടേയും(റ) പിന്നിൽ നമസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും സുബ്‌ഹി നമസ്‌കാരത്തിൽ ഖുനൂത്ത്‌ നിർവ്വഹിച്ചിരുന്നോ? അപ്പോൾ അദ്ദേഹം പറഞ്ഞു. മകനേ അത്‌ പുതുതായുണ്ടായതാണ്‌. (ഇബ്‌നുമാജ – സ്വഹീഹ്)

ഈ ഹദീസിന്റെ തൊട്ടു താഴെ ഇമാം തിർമുദി (റഹി)പറയുന്നു:

هَذَا حَدِيثٌ حَسَنٌ صَحِيحٌ وَالْعَمَلُ عَلَيْهِ عِنْدَ أَكْثَرِ أَهْلِ الْعِلْمِ

ഈ ഹദീസ് സ്വഹീഹായതാണ്‌. ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത് ഇതനുസരിച്ച്‌ പ്രവർത്തിക്കണമെന്നാണ്. (തിർമുദി)

ഇവിടെ സത്യം മനസ്സിലാക്കിയിട്ടും അധികം ആളുകള്‍ക്കും അതിലേക്ക് വരാന്‍ തടസ്സമായിട്ടള്ളത് ഇത് തങ്ങളുടെ മദ്ഹഹബിന്റെ വീക്ഷണത്തിനെതിരാണെന്നതാണ്. ഇവിടെയും ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതാണ്.

ഒന്നാമതായി ഒരു വിഷയത്തില്‍ അഭിപ്രായ വ്യത്യാസമോ ത൪ക്കമോ വന്നാല്‍ ഖു൪ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്നുള്ളത് നാം അറിഞ്ഞിരിക്കണം.

فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

…..ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍ :4/59)

അപ്രകാരം ഖു൪ആനിലേക്കും സുന്നത്തിലേക്കും മടങ്ങുമ്പോള്‍ സത്യമെന്നുള്ളത്  മദ്ഹഹബിന്റെ വീക്ഷണത്തിനെതിരാണെങ്കിലും സത്യമായിട്ടുള്ളത് സ്വീകരിക്കല്‍ നി൪ബന്ധമായ നമ്മുടെ ബാധ്യതയാണെന്ന കാര്യം രണ്ടാമതായി നാം മനസ്സിലാക്കുക.  രണ്ട് ശഹാദ്ത്ത് കലിമയിലൂടെയും നാം ഇത് പ്രഖ്യാപിക്കുന്നുമുണ്ട്. ആ സത്യം സ്വീകരിക്കുന്നതില്‍ യാതൊരു വൈമനസ്യവും തോന്നാന്‍ പാടുള്ളതല്ല.

ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.(ഖു൪ആന്‍ : 4/65)

മൂന്നാമതായി,  തങ്ങൾ പറയുന്നതാണ്‌ മതത്തിന്റെ അവസാന വാക്കെന്നോ, തങ്ങളെ തെളിവു നോക്കാതെ അന്ധമായി അനുകരിക്കണമെന്നോ (തഖ്‌ലീദ്‌) മദ്ഹബിന്റെ ഇമാമീങ്ങള്‍ പറഞ്ഞിട്ടില്ലെന്നുള്ളതും നാം അറിഞ്ഞിരിക്കണം. മറിച്ച്‌ അവർ പറഞ്ഞത്‌, തങ്ങൾ മതകാര്യത്തിൽ പൂർണ്ണരല്ലെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക്‌ വിരുദ്ധമായി നബിയുടെ(സ്വ) സ്വഹീഹായ ഹദീസുകൾ കിട്ടിയാൽ തങ്ങളുടെ അഭിപ്രായങ്ങളെ മാറ്റിവെച്ച്‌ നബിയുടെ(സ്വ) വാക്കുകളിലേക്ക്‌ മടങ്ങണമെന്നുമാണ്‌.

ഇമാം ശാഫിഈ‌ؒ(റഹി) പറഞ്ഞു: എന്റെ ഗ്രന്ഥങ്ങളില്‍ നബിയുടെ(സ്വ) ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ നബിയുടെ(സ്വ) ചര്യയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാരണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക. എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക. (അല്‍ മജ്മൂഅ് – ഇമാം നവവി: 1/63)

ഇമാം ശാഫിഈ‌ؒ(റഹി) തന്റെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശിഷ്യനായ ഇമാം മുസ്നിക്ക്‌ നൽകിയ ഒരു വസ്വിയ്യത്തു തന്നെ, തന്നെ തഖ്‌ലീദ്‌ (അന്ധമായ അനുകരണം) ചെയ്യരുത്‌ എന്നായിരുന്നു. (മുഖ്തസ്വർ മുസ്നി പേജ്‌ :1)

ഇമാം അബൂഹനീഫ(റഹി) പറഞ്ഞു: എവിടെനിന്നാണ് നാം തെളിവു സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവദനീയമല്ല. (അല്‍ ബഹ്‌റുര്‍ റാഇഖ്  :6/293 – ഇഅ്‌ലാമുല്‍ മുവഖിഈന്‍ :2/309)

ഇമാം  മാലിക്(റഹി)പറഞ്ഞു:നിശ്ചയം, ഞാനൊരു മനുഷ്യന്‍ മാത്രമാണ്. എനിക്ക് തെറ്റ് പറ്റും, ശരിയാകുകയും ചെയ്യും. അതിനാല്‍ എന്റെ അഭിപ്രായങ്ങളിലേക്ക് നോക്കുക, (അതില്‍) ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരുന്നതെന്തൊണോ അത് നിങ്ങള്‍ സ്വീകരിക്കുക. ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരാത്തത് നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുക. (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി: 2/32)

ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: നിങ്ങളെന്നെ അന്ധമായി അനുകരിക്കരുത്. അതുപോലെ ഇമാം മാലികിനെയൊ ഇമാം ശാഫിഈയെയോ ഇമാം ഔസാഈയെയോ ഇമാം സൗരിയെയോ നിങ്ങള്‍ തഖ്‌ലീദ് ചെയ്യരുത്. അവര്‍ എവിടെ നിന്നും എടുത്തുവോ അവിടെനിന്ന് (ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും) തന്നെ നിങ്ങളും എടുക്കുക. (ഇഅ്‌ലാമുല്‍ മുവഖിഈന്‍ :2/302)

മാത്രമല്ല, മദ്ഹബിന്റെ ഇമാമീങ്ങള്‍ക്ക് പല വിഷയങ്ങളിലും ഹദീസ്‌ ലഭിക്കാത്തതിനാൽ അവർ, സ്ഥിരപ്പെട്ട പല ഹദീസുകളിലുള്ളതിനും എതിര്‌ പറഞ്ഞതായും, അക്കാരണം പറഞ്ഞു കൊണ്ടു തന്നെ ശിഷ്യൻമാർ അവരെ ആ വിഷയങ്ങളിൽ കയ്യൊഴിച്ച്‌ സുന്നത്തിലേക്ക്‌ മടങ്ങിയതായും ശിഷ്യൻമാരുടെ ഗ്രന്ഥങ്ങളിൽ നിരവധി കാണാൻ സാധിക്കുകയും ചെയ്യും.

ചുരുക്കത്തില്‍ നാല് മദ്‌ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത്‌ തങ്ങളുടെ വാക്കുകൾക്ക്‌ വിരുദ്ധമായി നബിയുടെ(സ്വ) സുന്നത്ത്‌ (ഹദീസ്‌) കണ്ടാൽ അതിലേക്ക്‌ മടങ്ങി തങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്‌. കാരണം, അവർക്കൊന്നും നബിയുടെ(സ്വ) സുന്നത്ത്‌ പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന്‌ നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ അവരെല്ലാവരും ഏകസ്വരത്തിൽ പ്രഖ്യാപിച്ചത്‌: إذا صَحّ الحَديث فهُوَ مَذهبِي (ഹദീസ്‌ സ്ഥിരപ്പെട്ടു വന്നാൽ അതാണെന്റെ മദ്‌ഹബ്‌) എന്നാണ്‌.

മദ്ഹബിന്റെ ഇമാമുകള്‍ക്ക് നബിയുടെ(സ്വ) സുന്നത്ത്‌ പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന്‌ പറയാനുള്ള പ്രധാന കാരണം, അവരൊക്കെ ജീവിച്ചത്‌ നബിയുടെ(സ്വ) വചനങ്ങൾ (ഹദീസ്‌) ഇന്നത്തെപ്പോലെ ക്രോഡീകരിക്കുന്നതിന്റെ മുമ്പായിരുന്നു എന്നതാണ്‌. മാത്രമല്ല, മദ്‌ഹബിന്റെ ഇമാമുകൾ തന്നെ, തങ്ങൾക്ക്‌ നേരത്തെ ഉണ്ടായിരുന്ന അഭിപ്രായങ്ങൾക്കെതിരായി പിന്നീട്‌ തെളിവുകൾ (ഹദീസുകൾ) കിട്ടിയപ്പോൾ അത്‌ തിരുത്തുകയും ചെയ്തിട്ടുണ്ട്‌. അതിനവർക്ക്‌ യാതൊരു ഭയവും മടിയുമുണ്ടായിരുന്നില്ല. ആദ്യം പറഞ്ഞതിൽ അവർ കടിച്ചു തൂങ്ങിയിരുന്നില്ല. ഇത്തരമൊരു വിശാല മനസ്സ്‌ കാണിക്കാൻ തയ്യാറായതു കൊണ്ടാണ്‌ ഇമാം ശാഫിഈ‌ؒക്ക്‌(റഹി) ഖദീം (പഴയത്‌), ജദീദ്‌ (പുതിയത്‌) എന്നിങ്ങനെ രണ്ടഭിപ്രായങ്ങൾ തന്നെയുണ്ടായത്‌.

ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും തീരുമാനങ്ങളാണ്‌ നാം സ്വീകരിക്കേണ്ടത്‌. അവയോട്‌ യോജിക്കുന്ന തരത്തിൽ ഏത്‌ മദ്‌ഹബിന്റെ ഇമാമും ശിഷ്യരും പറഞ്ഞാലും അത്‌ നമുക്ക്‌ സ്വീകരിക്കാം. എന്നാൽ ആ പ്രമാണങ്ങളോട്‌ വിയോജിക്കുന്ന തരത്തിൽ അവരുടെ ഗ്രന്ഥങ്ങളിലും അഭിപ്രായങ്ങളിലും വല്ലതും കണ്ടാൽ അവരോടുള്ള എല്ലാ സ്നേഹ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ പ്രമാണങ്ങളിലേക്ക്‌ (ഖുർആനിലേക്കും  സുന്നത്തിലേക്കും) മടങ്ങുകയും ചെയ്യുക. അതാണ്‌ ഇസ്‌ലാമിന്റെ കൽപനയും മദ്‌ഹബിന്റെ ഇമാമുമാരുടെ വസ്വിയ്യത്തും.

സുബ്ഹി നമസ്കാരത്തിലെ ഖുനൂത്തിനെ കുറിച്ച് ലജ്നത്തുദ്ദാഇമയുടെ ഫത്’വ

ചോദ്യം : ഖുനൂത്ത് എല്ലാ ദിവസവും ഫജ്ർ നമസ്കാരത്തിന്റെ അവസാന ഭാഗത്ത് ഓതുന്നതിന്റെ വിധി എന്താണ് ?

ഉത്തരം : സമൂഹത്തിൽ പകർന്നു പിടിക്കുന്നതായ വല്ല രോഗമോ , രാജ്യം അക്രമിക്കപ്പെടുകയോ, മുസ്ലിംകള്‍ വേട്ടയാടപ്പെടുകയോ പോലുള്ള ദുരന്തങ്ങൾ വന്നാലൊഴികെ , ഫജ്ർ നമസ്കാരത്തിലുള്ള ഖുനൂത്ത് പാരായണം അനുവദനീയമല്ല. അത്തരം അവസരങ്ങളിൽ റസൂലിന്റെ(സ്വ) ചര്യയിൽ നിന്ന് തെളിവ് ഉള്ളതിനാൽ ഫജ്റിലും അത് പോലുള്ള മറ്റു നമസ്കാരങ്ങളിലും ഖുനൂത്ത് പാരായണം അനുവദിക്കപ്പെട്ടതാണ്‌.അല്ലാഹു നമ്മെ വിജയത്തില്‍ എത്തിക്കുമാറാകട്ടെ, നമ്മുടെ റസൂൽ മുഹമ്മദ് നബിക്കും (സ്വ) കുടുംബത്തിനും സ്വഹാബത്തിനും സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ. (സൗദി ഫത്‌വ കമ്മിറ്റി –  ഫത്‌വ :15391)

സുബ്ഹി നമസ്കാരത്തില്‍ ഖുനൂത്ത് ചൊല്ലാന്‍ ഖു൪ആനില്‍ തെളിവോ ?

حَٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَٰنِتِينَ

പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍: 2/238)

ഇവിടെ قُومُوا۟ لِلَّهِ قَٰنِتِينَ എന്ന് പറഞ്ഞിട്ടുള്ളത് സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്തിനെ കുറിച്ചാണെന്ന് ചില൪ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷം ഉലമാക്കളുടേയും അഭിപ്രായം പരിഗണിക്കാതെ ഒറ്റപ്പെട്ട ഏതെങ്കിലും വ്യാഖ്യാനം സ്വീകരിച്ചുകൊണ്ടാണ് ഇവ൪ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.

ഈ ആയത്തിന്റെ പറഞ്ഞിട്ടുള്ള قُومُوا۟ لِلَّهِ قَٰنِتِينَ  – നിങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നില്‍ക്കുകയും ചെയ്യുവിന്‍’ എന്ന് പറഞ്ഞതിന്റെ സാരം, അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കരിക്കുവാന്‍ നില്‍ക്കുന്നത് ഭക്തിയോടുകൂടിയും, അച്ചടക്കവും ഒതുക്കവും പാലിച്ചുകൊണ്ടുമായിരിക്കണം എന്നാണ്. അഥവാ സംസാരം, തിരിഞ്ഞു മറിഞ്ഞുനോക്കല്‍, മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ കൊടുക്കല്‍, ധൃതഗതിയില്‍ കഴിച്ചുകൂട്ടല്‍, കൈകാലുകള്‍ മുതലായവ അടക്കിവെക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നമസ്കാരത്തില്‍ വര്‍ജ്ജിക്കേണ്ടതാണ്.

عَنْ زَيْدِ بْنِ أَرْقَمَ، قَالَ كُنَّا نَتَكَلَّمُ فِي الصَّلاَةِ يُكَلِّمُ أَحَدُنَا أَخَاهُ فِي حَاجَتِهِ حَتَّى نَزَلَتْ هَذِهِ الآيَةُ ‏{‏حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ‏}‏ فَأُمِرْنَا بِالسُّكُوتِ‏.‏

സൈദു ബ്‌നു അര്‍ക്വം (റ) പറയുന്നു: ‘ഞങ്ങള്‍ നമസ്‌കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു. ഒരാള്‍ തന്റെ സഹോദരനോട് തന്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ {പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌} എന്നുള്ള  അവതരിച്ചു. അപ്പോള്‍, ഞങ്ങളോട് അടങ്ങി നില്‍ക്കുവാന്‍ കല്‍പിക്കപ്പെട്ടു.’ (ബുഖാരി : 4534)

സ്വുബ്ഹി നമസ്ക്കാരത്തില്‍ മാത്രമായി ഖുനൂത്ത് നി൪വ്വഹിക്കണമെന്ന് വാദിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ അവലംബിക്കാറുള്ള തഫ്സീര്‍ ജലാലൈനിയിലും അബ്ദുറഹ്മാന്‍ മഖ്ദൂമിയുടെ പരിഭാഷയിലും ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട്  ഇതേകാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published.

Similar Posts