ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ചില൪ നല്ല സ്വപ്നം കാണുമ്പോള്‍ മറ്റ് ചില൪ ദു:സ്വപ്നങ്ങളാണ് കാണുന്നത്. സ്വപ്നത്തിന്റെ വിഷയത്തില്‍ ക്യത്യമായിട്ടുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വപ്നത്തിന്റെ വിഷയത്തില്‍ വിശുദ്ധ ഖു൪ആനും തിരുസുന്നത്തും ചില കാര്യങ്ങള്‍ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സ്വപ്നവുമായി ബന്ധപ്പെട്ട് ചില വിധിവിലക്കുകളും സത്യവിശ്വാസികള്‍ പാലിക്കേണ്ടതുണ്ട്.
പ്രവാചകന്‍മാ൪ക്ക് സ്വപ്നത്തിലൂടെ വഹ്’യ്
പ്രവാചകന്‍മാ൪ക്ക് അല്ലാഹു വ്യത്യസ്തങ്ങളായ രീതിയിലാണ് വഹ്’യ് നല്‍കിയിരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഒരു മലക്ക് മുഖാന്തിരം വഹ്’യ് നല്‍കുന്ന രീതിയാണ്. എന്നാല്‍ അതല്ലാതെ സ്വപ്നത്തിലൂടെയും അവ൪ക്ക് അല്ലാഹു വഹ്’യ് നല്‍കാറുണ്ട്. ഇബ്റാഹിം നബിയോട്(അ) മകന്‍ ഇസ്മാഈലിനെ(റ) ബലി അറുക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നത് സ്വപ്നത്തിലൂടെയായിരുന്നു.
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ
എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. (ഖു൪ആന്‍ : 37/102)
قال ابن القيم رحمه الله : ورؤيا الأنبياء وحي فإنها معصومة من الشيطان وهذا باتفاق الأمة ولهذا أقدم الخليل على ذبح ابنه إسماعيل عليهما السلام بالرؤيا. وأما رؤيا غيرهم فتعرض على الوحي الصريح فإن وافقته وإلا لم يعمل بها
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: പ്രവാചകന്‍മാരുടെ സ്വപ്നം പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാക്കപ്പെട്ടതാണ്. അത് പണ്ഢിതന്‍മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അതുകൊണ്ടാണ് ഖലീലായ (ഇബ്രാഹിം- അ) സ്വപ്നം പരിഗണിച്ച് മകന്‍ ഇസ്മാഈലിനെ(അ) അറുക്കാന്‍ പോയത്. എന്നാല്‍ പ്രവാചകന്‍മാ൪ അല്ലാത്തവരുടെ സ്വപ്നം സ്വഹീഹായ വഹ്’യിന്റെ മുന്നില്‍ ഹാജരാക്കണം. അത് ഇതിനെതിരാണെങ്കില്‍ അത് സ്വീകരിക്കാവതല്ല. – مـدارج السالكين
പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണ്. അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ല. അത് സത്യമായി പുലരുന്നവയാണ്. യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത് കണ്ട ഒരു നല്ല സ്വപ്നത്തെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ
യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. (ഖു൪ആന്‍:12/4)
യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത്, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കണ്ട 11 നക്ഷത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്ന 11 സഹോദരന്‍മാരെയും, സൂര്യനും ചന്ദ്രനും അദ്ധേഹത്തിന്റെ പിതാവിനെയും മാതാവിനെയുമാണ് സൂചിപ്പിക്കുന്നതെന്നും അവരെല്ലാം നീണ്ട വ൪ഷങ്ങള്‍ക്ക് ശേഷം ഒരു കാലത്ത് അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിക്കേണ്ടി വരൂമെന്നുമായിരുന്നു ആ സ്വപ്നത്തിന്റെ പൊരുള്‍. സ്വപ്നത്തില്‍ കണ്ടതുപൊലെതന്നെ അത് യാഥാര്‍ത്ഥ്യമായി തീരുകയും ചെയ്തു. ആ രംഗവും വിശുദ്ധ ഖു൪ആന്‍ വിശദീകരിക്കുന്നുണ്ട്.
وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَٰٓأَبَتِ هَٰذَا تَأْوِيلُ رُءْيَٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ
അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:12/100)
യൂസുഫ് നബി(അ) കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പത്ത് സഹോദരന്‍മാ൪ ചേ൪ന്ന് അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് ഒരു പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹു യൂസുഫിനെ(അ) അവിടുന്ന് രക്ഷപെടുത്തി മറ്റൊരു നാട്ടില്‍ മറ്റ് ചിലരുടെ സംരക്ഷണത്തില്‍ വള൪ത്തിക്കൊണ്ടു വരികയും അങ്ങനെ ഈജിപ്തിലെ ഭരണാധികാരിയാകുകയും ചെയ്തു. അങ്ങനെ നീണ്ട വ൪ഷങ്ങള്‍ക്ക് ശേഷം ഇത് അറിഞ്ഞ യൂസുഫ് നബിയുടെ(അ) മാതാപിതാക്കള്‍ സന്തോഷത്തോടെയും സഹോദരങ്ങള്‍ പശ്ചാത്താപ മനസ്സോടെയും ഈജിപ്തില്‍ എത്തുന്നു. അദ്ദേഹം മാതാപിതാക്കളെ അണച്ചുകൂട്ടി ആലിംഗനം ചെയ്തുകൊണ്ടു സസന്തോഷം സ്വാഗതം നല്‍കുകയും, സമാധാനത്തിന്റെ മംഗളാശംസകള്‍ നല്‍കുകയും ചെയ്തു. സ്ഥാനപീഠത്തിന്‍മേല്‍ കയറ്റി ഇരുത്തി മാതാപിതാക്കളെ ബഹുമാനിച്ചു. വന്നവരാകട്ടെ, എല്ലാവരും അദ്ദേഹത്തിനു അന്നത്തെ ആചാരപ്രകാരം തലകുനിച്ചു ഉപചാരമര്‍പ്പിക്കുകയും ചെയ്തു. മുമ്പുതാന്‍ കണ്ടിരുന്ന ആ സ്വപ്നത്തിന്റെ – സൂര്യ ചന്ദ്രന്‍മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്കു സുജൂദു ചെയ്തതായി സ്വപ്നം കണ്ടതിന്റെ – വ്യാഖ്യാനം യഥാര്‍ത്ഥമായി പുലര്‍ന്നു കഴിഞ്ഞതും, തനിക്കു ഇതിനുമുമ്പ് അല്ലാഹു ചെയ്തു തന്നിട്ടുള്ളതുമായ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിന് നന്ദി പ്രകടപ്പിക്കുകയും ചെയ്തു.
നബി(സ്വ) സഹാബികളോന്നിച്ച് മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായി ഹിജ്റ പോയതിന് ശേഷം മദീനയില്‍ വെച്ച് അവിടുന്ന് സ്വപ്നം കണ്ടു. ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട് (ഹജ്ജും ഉംറയും നി൪വ്വഹിച്ചതിന് ശേഷം ചെയ്യാറുള്ളതുപോലെ) സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായിരുന്നു നബി(സ്വ) സ്വപ്നം കണ്ടത്. സ്വപ്നം കാണുന്ന അവസരത്തില്‍ മക്കയില്‍ ശത്രുക്കളുടെ സാന്നിദ്ധ്യമുള്ള സാഹചര്യവുമാണ്.
പ്രവാചകന്‍മാരുടെ സ്വപ്നം യഥാര്‍ത്ഥ്യമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറഃ നി൪വ്വഹിക്കുവാനായി നബി(സ്വ) ആയിരത്തിനാന്നൂറില്‍പരം സഹാബികളോടൊന്നിച്ച് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ വഴിയില്‍ വെച്ച് അവരെ തടഞ്ഞു. അത് അവസാനം ഹുദൈബിയ്യ സന്ധിയില്‍ എത്തിച്ചു. ആ വ൪ഷം അവ൪ക്ക് ഉംറ നി൪വ്വഹിക്കാനാകാതെ തിരിച്ചു മടങ്ങേണ്ടി വന്നു. എന്നാല്‍ അടുത്ത വ൪ഷം സമാധാനത്തോടെ നിരായുധരായി അവ൪ക്ക് ഉംറ നി൪വ്വഹിക്കാന്‍ കഴിഞ്ഞു. അതെ, നബിയുടെ(സ്വ) സ്വപ്നം യാഥാ൪ത്ഥ്യമായിരിക്കുന്നു. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا
അല്ലാഹു അവന്റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. (ഖു൪ആന്‍:48/27)
നബിക്ക് (സ്വ) ശേഷം പ്രവാചകനാണെന്ന് വാദിച്ച് രംഗപ്രവേശനം നടത്തിയവരാണ് അനസിയും മുസൈലിമത്തല്‍ കദ്ദാബും. അവരുടെ നാശത്തെ കുറിച്ച് നബി(സ്വ) സ്വപ്നം കണ്ടതും പുല൪ന്നിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : بَيْنَمَا أَنَا نَائِمٌ رَأَيْتُ فِي يَدَىَّ سِوَارَيْنِ مِنْ ذَهَبٍ، فَأَهَمَّنِي شَأْنُهُمَا، فَأُوحِيَ إِلَىَّ فِي الْمَنَامِ أَنِ انْفُخْهُمَا، فَنَفَخْتُهُمَا فَطَارَا فَأَوَّلْتُهُمَا كَذَّابَيْنِ يَخْرُجَانِ بَعْدِي ”. فَكَانَ أَحَدُهُمَا الْعَنْسِيَّ وَالآخَرُ مُسَيْلِمَةَ الْكَذَّابَ صَاحِبَ الْيَمَامَةِ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഞാന്‍ ഉറക്കത്തിലായിരിക്കെ എന്റെ കൈയില്‍ രണ്ട് സ്വ൪ണ വളകളുള്ളതായി ഞാന്‍ (സ്വപ്നം) കണ്ടു. അത് എന്നെ മനപ്രയാസത്തിലാക്കി. അപ്പോള്‍ ഉറക്കത്തില്‍തന്നെ (സ്വപ്നത്തില്‍) എനിക്ക് വഹ്’യ് നല്‍കപ്പെട്ടു., അതില്‍ രണ്ടിലും ഊതുന്നതിനായി. അങ്ങനെ അവ രണ്ടിലും ഞാന്‍ ഊതി. അപ്പോള്‍ അത് രണ്ടും പാറിപ്പോയി. (അവിടുന്ന് പറഞ്ഞു:) അത് രണ്ടിനെ കുറിച്ചം ഞാന്‍ വിശദീകരിച്ചു തരാം. എനിക്ക് ശേഷം പുറപ്പെടുന്ന രണ്ട് കള്ള(പ്രവാചക)ന്‍മാരാണവ൪ അവരില്‍ ഒരാള്‍ അനസിയും മറ്റേയാള്‍ യമാമയില്‍ നിന്നുള്ള മുസൈലിമത്തല്‍ കദ്ദാബുമാണ്. (ബുഖാരി:3621)
പ്രവാചകന്‍മാരുടെ സ്വപ്നവുമായി ബന്ധപ്പെട്ട് അടിസ്ഥാന പരമായി രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്.
(1) അല്ലാഹു പ്രവാചകന്മാ൪ക്ക് സ്വപ്നത്തിലൂടെയും വഹ്’യ് നല്‍കാറുണ്ട്
(2) പ്രവാചകന്മാരുടെ സ്വപ്നം എല്ലാം യാഥാര്‍ത്ഥ്യമാണ്. അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ല. അത് സത്യമായി പുലരുന്നവയാണ്.
പ്രവാചകന്‍മാ൪ക്ക് സ്വപ്നത്തിലൂടെ വഹ്’യ് ലഭിക്കുമെന്ന് പറഞ്ഞുവല്ലോ. ഇന്ന് നാം കാണുന്ന സ്വപ്നങ്ങളില്‍, സ്വപ്നം കാണുന്നയാള്‍ ഒരു വലിയ്യ് ആണെങ്കില്‍ കൂടി അതില്‍ വഹ്’യ് ഉണ്ടാകുകയില്ല. കാരണം പ്രവാചകന്‍മാരുടെ ശൃഖല അവസാനിച്ചതുപോലെ വഹ്’യും അവസാനിച്ചു.
പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണെന്നും അതില്‍ പാഴ്കിനാവുകള്‍ ഉണ്ടാകുകയില്ലെന്നും പറഞ്ഞുവല്ലോ. ഇന്ന് സത്യവിശ്വാസികള്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം യാഥാ൪ത്ഥ്യമാകണമെന്നില്ല. കൂടുതലും യാഥാ൪ത്ഥ്യമായാലും ചിലത് പാഴ്കിനാവുകളുമാകാം.
നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ അവശേഷിപ്പുകള്‍
പ്രവാചകത്വം അവസാനിച്ചുവെങ്കിലും അതിന്റെ ചില അവശേഷിപ്പുകള്‍ ഇന്നുമുണ്ട്. അത് നല്ല സ്വപ്നങ്ങളാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُو نَ – ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ – لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്തയുള്ളത്, പരലോകത്തും (സന്തോഷവാര്‍ത്തയുള്ളത്). അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍: 10/62-64)
ഈ ആയത്തിലെ ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്ത എന്നത് നല്ല സ്വപ്നങ്ങളാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
عَنْ عَطَاءِ بْنِ يَسَارٍ، عَنْ رَجُلٍ، مِنْ أَهْلِ مِصْرَ قَالَ سَأَلْتُ أَبَا الدَّرْدَاءِ عَنْ هَذِهِ الآيَةِ : ( لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَا ) قَالَ مَا سَأَلَنِي عَنْهَا أَحَدٌ مُنْذُ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْهَا فَقَالَ “ مَا سَأَلَنِي عَنْهَا أَحَدٌ غَيْرُكَ مُنْذُ أُنْزِلَتْ فَهِيَ الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ ” .
അത്വാഅ് ബ്നു യാ൪(റ) മിസ്റില്‍ നിന്നുള്ള ഒരാളില്‍ നിന്ന് ഉദ്ദരിക്കുന്നു. لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَ എന്ന ആയത്തിനെ കുറിച്ച് ഞാന്‍ അബുദ്ദ൪ദ്ദാഇനോട്(റ) ചോദിച്ചു: അബുദ്ദ൪ദ്ദാഅ് (റ) പറഞ്ഞു: ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. (ഇതിനെ കുറിച്ച്) ഞാന്‍ നബിയോട്(സ്വ) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് അവതരിച്ചതിന് ശേഷം നീ അല്ലാതെ മാറ്റാരും ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, അത് ഒരു മുസ്ലിം കാണുന്ന നല്ല സ്വപ്നമാണ് . (തി൪മിദി:47/ 3389)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَمْ يَبْقَ مِنَ النُّبُوَّةِ إِلاَّ الْمُبَشِّرَاتُ ”. قَالُوا وَمَا الْمُبَشِّرَاتُ قَالَ ” الرُّؤْيَا الصَّالِحَةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: പ്രവാചകത്വത്തിൽ ഒന്നും അവശേഷിച്ചിട്ടില്ല, സന്തോഷവാർത്തകളല്ലാതെ. സ്വഹാബികൾ ചോദിച്ചു: എന്താണ് സന്തോഷവാർത്തകൾ? അവിടുന്ന് പറഞ്ഞു: നല്ല സ്വപ്നങ്ങൾ. (ബുഖാരി: 6990)
عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ الرِّسَالَةَ وَالنُّبُوَّةَ قَدِ انْقَطَعَتْ فَلاَ رَسُولَ بَعْدِي وَلاَ نَبِيَّ ” . قَالَ فَشَقَّ ذَلِكَ عَلَى النَّاسِ فَقَالَ ” لَكِنِ الْمُبَشِّرَاتُ ” . قَالُوا يَا رَسُولَ اللَّهِ وَمَا الْمُبَشِّرَاتُ قَالَ ” رُؤْيَا الْمُسْلِمِ وَهِيَ جُزْءٌ مِنْ أَجْزَاءِ النُّبُوَّةِ ” .
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തീ൪ച്ചായും രിസാലത്തും നുബുവ്വത്തും മുറിഞ്ഞ് പോയിരിക്കുന്നു. എനിക്ക് ശേഷം ഒരു റസൂലോ നബിയ്യോ ഇല്ല. അനസ്(അ) പറഞ്ഞു: അപ്പോള്‍ക്ക് വലിയ വിഷമമായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എങ്കിലും സന്തോഷ വാ൪ത്തയുണ്ട്. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ സന്തോഷവാ൪ത്ത എന്താണ് ? നബി(സ്വ) പറഞ്ഞു: മുസ്ലിമിന്റെ സ്വപ്നം പ്രവാചകത്വത്തിന്റെ ഒരംശമാണ്. (തി൪മിദി : 34 / 2441)
عَنْ أَبِي رَزِينٍ الْعُقَيْلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” رُؤْيَا الْمُؤْمِنِ جُزْءٌ مِنْ أَرْبَعِينَ جُزْءًا مِنَ النُّبُوَّةِ
അബീ റസീനില്‍ ഉഖൈലിയ്യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപ്പതിൽ ഒരംശമാണ്. (തി൪മിദി:34/ 2447)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:…… മുസ്ലിമിന്റെ സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തി അഞ്ച് അംശങ്ങളിൽ ഒരംശമാണ്……. (മുസ്ലിം:2263)
أَبَا هُرَيْرَةَ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ تَكْذِبُ رُؤْيَا الْمُؤْمِنِ، وَرُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:കാലം അടുത്തുവന്നാൽ സത്യവിശ്വാസിയുടെ സ്വപ്നം കളവാകുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തി ആറ് അംശങ്ങളിൽ ഒരംശമാണ്. (ബുഖാരി: 7017)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: الرُّؤْيَا الصَّالِحَةُ جُزْءٌ مِنْ سَبْعِينَ جُزْءًا مِنَ النُّبُوَّةِ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സ്വാലിഹായ വ്യക്തി കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ എഴുപതിൽ ഒരംശമാണ്. (ഇബനുമാജ:3897)
സ്വപ്നം മൂന്ന് തരം
(1) അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്ന നല്ല സ്വപ്നങ്ങള്‍
(2) ശൈയ്ത്വാനില്‍ നിന്നുള്ള ദുഃഖിപ്പിക്കുന്ന സ്വപ്നങ്ങള്‍
(3)സ്വന്തത്തോട് മനുഷ്യര്‍ സംസാരിക്കുന്നതിൽ നിന്നുണ്ടാകുന്ന സ്വപ്നങ്ങള്‍
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ …… الرُّؤْيَا ثَلاَثَةٌ فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ وَرُؤْيَا مِمَّا يُحَدِّثُ الْمَرْءُ نَفْسَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ……. സ്വപ്നം മൂന്ന് തരമാണ്. (1)അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്ന നല്ല സ്വപ്നങ്ങള്‍ (2)ശൈയ്ത്വാനില്‍ നിന്നുള്ള ദുഃഖിപ്പിക്കുന്ന സ്വപ്നങ്ങള്‍. (3) സ്വന്തത്തോട് മനുഷ്യര്‍ സംസാരിക്കുന്നതിൽ നിന്നുണ്ടാകുന്ന സ്വപ്നങ്ങള്‍. …… (മുസ്ലിം:2263)
الرُّؤْيَا ثَلاَثٌ حَدِيثُ النَّفْسِ، وَتَخْوِيفُ الشَّيْطَانِ، وَبُشْرَى مِنَ اللَّهِ
സ്വപ്നം മൂന്ന് തരമാണ്. (1) മനസ് പറയുന്നത് (2) പിശാച് ഭയപ്പെടുത്തുന്നത് (3) അല്ലാഹുവില്‍ നിന്നുള്ളത് സന്തോഷവാ൪ത്തയായിട്ടുള്ളത്. (ബുഖാരി:7017)
عَنْ عَوْفِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ “ إِنَّ الرُّؤْيَا ثَلاَثٌ مِنْهَا أَهَاوِيلُ مِنَ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ” .
ഔഫ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം സ്വപ്നങ്ങള്‍ മൂന്ന് വിധമാകുന്നു. മനുഷ്യനെ ദുഖത്തില്‍ അകപ്പെടുത്തുവാന്‍ വേണ്ടി ശൈത്വാനില്‍ നിന്നുള്ള ഭീകരമായ സ്വപ്നങ്ങള്‍ അവയിലുണ്ട്. മനുഷ്യന്റെ ഉണ൪ച്ചയില്‍ അവന് പ്രശ്നമാകുകയും അങ്ങനെ അത് ഉറക്കില്‍ സ്വപ്നമായി കാണുന്നതും അവയിലുണ്ട്. നുബുവ്വത്തിന്റെ നാല്‍പ്പത്തിയാറ് ഭാഗങ്ങളില്‍ ഒരു ഭാഗമാകുന്ന സ്വപ്നവും അവയിലുണ്ട്. (ഇബ്നുമാജ:3907)
مذهب أهل السنة في حقيقة الرؤيا أن الله تعالى يخلق في قلب النائم اعتقادات كما يخلقها في قلب اليقظان وهو سبحانه وتعالى يفعل ما يشاء لا يمنعه نوم ولا يقظة
അല്ലാഹു ഉണ൪ച്ചയില്‍ മനുഷ്യരുടെ മനസ്സില്‍ കാര്യങ്ങള്‍ തോന്നിപ്പിക്കുന്നതുപോലെ ഉറങ്ങുന്നയാളുടെ മനസ്സിലും കാര്യങ്ങള്‍ തോന്നിപ്പിച്ച് കൊടുക്കും. എന്നിട്ട് അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അവന്‍ അത് പ്രവ൪ത്തിക്കും. (ശറഹുമുസ്ലിം)
സ്വപ്നത്തിന്റെ മൂന്ന് പടികള്‍
(1) പ്രവാചകന്‍മാരുടെ സ്വപ്നം – എല്ലാം സത്യമാണ്, ചിലപ്പോള്‍ വ്യാഖ്യാനം വേണ്ടി വരും
(2) സ്വാലിഹീങ്ങളുടെ സ്വപ്നം – ബഹുഭൂരിഭാഗവും സത്യമാണ്
(3)തെമ്മാടികളുടെ സ്വപ്നം – ബഹുഭൂരിഭാഗവും പേക്കിനാവുകളാണ്
നല്ല സ്വപ്നം
عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الرُّؤْيَا الْحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ
അനസ്ബ്നുമാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സദ്’വൃത്തനായ വ്യക്തി കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തിയാറിൽ ഒരംശമാണ്. (ബുഖാരി: 6983)
عَنْ عُبَادَةَ بْنِ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : رُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ.
ഉബാദത് ബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി കാണുന്ന നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാൽപത്തിയാറിൽ ഒരംശമാണ്. (ബുഖാരി:6987)
ഇത്തരം സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുവാനുള്ള സാധ്യത കൂടുതലാണ്.
عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : الرُّؤْيَا الصَّالِحَةُ مِنَ اللَّهِ
അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്.(മുസ്ലിം:2263)
الرُّؤْيَا الْحَسَنَةُ مِنَ اللَّهِ
നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്.(ബുഖാരി: 7044)
فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ
നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയാകുന്നു. (മുസ്ലിം:2263)
നബിക്ക്(സ്വ) പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു.
നല്ല സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത്
(1) നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുക
(2) അല്ലാഹുവിനെ സ്തുതിക്കുക (الْحَمْدُ للهِ )
(3) സന്തോഷിക്കുക
(4) ഇഷ്ടപ്പെട്ടവരാട് മാത്രം പറയുക
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا،
അബൂസഈദിൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ)പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും (ഇഷ്ടമുള്ള) ആരോടെങ്കിലും അതിനെപ്പറ്റി പറയുകയും ചെയ്യുക. ……..(ബുഖാരി: 6985)
عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ…… فَإِنْ رَأَى رُؤْيَا حَسَنَةً فَلْيُبْشِرْ وَلاَ يُخْبِرْ إِلاَّ مَنْ يُحِبُّ ” .
അബൂഖതാദയില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അവന്‍ നല്ല സ്വപ്‌നമാണ് കണ്ടതെങ്കില്‍ സന്തോഷിക്കട്ടെ. ഇഷ്ടമുള്ളവരോടല്ലാതെ മറ്റാരോടും പറയുകയും ചെയ്യരുത്.(മുസ്ലിം:2261)
عَنْ أَبِي سَلَمَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ : الرُّؤْيَا الْحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثْ بِهِ إِلاَّ مَنْ يُحِبُّ،
അബൂസലമയില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്‌നം അല്ലാഹുവിൽ നിന്നുള്ളതാണ്. നിങ്ങളില്‍ ആരെങ്കിലും ഇഷ്ടമുള്ളത് കണ്ടാല്‍ ഇഷ്ടമുള്ളവരോടല്ലാതെ മറ്റാരോടും പറയരുത്. ….. (ബുഖാരി: 7074)
നല്ല സ്വപ്‌നമാണ് കണ്ടതെങ്കില്‍ ഇഷ്ടപ്പെട്ടവരാട് മാത്രമാണ് പറയേണ്ടത്. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്.
لاَ تُقَصُّ الرُّؤْيَا إِلاَّ عَلَى عَالِمٍ أَوْ نَاصِحٍ
നബി(സ്വ) പറഞ്ഞു: പണ്ഢിതനോടോ ഗുണകാംക്ഷിയോടോ അല്ലാതെ സ്വപ്നം പറയപ്പെടാവതല്ല. (തി൪മിദി:34/2499)
നമ്മെ ഇഷ്ടപ്പെടുന്നവ൪ നമ്മോട് അസൂയ വെക്കാറില്ല. അതുകൊണ്ട് അവരോട് നാം കണ്ട നല്ല സ്വപ്നം പങ്കുവെക്കാം. പണ്ഢിതനോ ഗുണകാംക്ഷിയോ ആകുമ്പോള്‍ കൃത്യമായ മാ൪ഗദ൪ശനം നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത്.
لا تحدث إلا ا حبيباً أو لبيباً
നബി(സ്വ) പറഞ്ഞു:ഇഷ്ടക്കാരോടോ അല്ലെങ്കില്‍ ബുദ്ധിമാന്‍മാരോടോ അല്ലാതെ സ്വപ്നത്തെ കുറിച്ച് സംസാരിക്കരുത്. (മുസ്നദ് അഹ്മദ്)
إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ
قَالَ يَٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَٰنَ لِلْإِنسَٰنِ عَدُوٌّ مُّبِينٌ
യൂസുഫ്(അ) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.(ഖു൪ആന്‍:12/4-5)
യൂസുഫ് നബി(അ) തന്റെ കുട്ടിക്കാലത്ത്, 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി സ്വപ്നം കണ്ടു. അദ്ദേഹം അക്കാര്യം തന്റെ പിതാവിനോട് പറഞ്ഞപ്പോള്‍ ഈ സ്വപ്നം, നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുതെന്നാണ് പിതാവ് പറഞ്ഞത്.ഈ സ്വപ്നം വിവരം സഹോദരന്മാര്‍ അറിയുന്നപക്ഷം, അവര്‍ക്ക് യൂസുഫിനോട് (അ) അസൂയ തോന്നിയേക്കുമെന്നും, അങ്ങിനെ അദ്ദേഹത്തിനെതിരായി വല്ല കുതന്ത്രങ്ങളും പ്രവര്‍ത്തിച്ച് അദ്ദേഹത്തെ ഏതെങ്കിലും കെണിയില്‍ അകപ്പെടുത്തിയേക്കുമെന്നും പിതാവായ യഅ്ഖൂബ് (അ) ഭയപ്പെട്ടു.
നല്ല സ്വപ്നം കാണാന്‍
(1) ഇസ്ലാമികമായി ജീവിതം ചിട്ടപ്പെടുത്തുക
(2) വുളൂഅ് ചെയ്ത് നബി(സ്വ) പഠിപ്പിച്ച രീതിയില്‍ ദിക്റുകള്‍ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ ഉറങ്ങുക
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:കാലം അടുത്തുവന്നാൽ മുസ്ലിമിന്റെ സ്വപ്നം കളവാകുകയില്ല. നിങ്ങളിലെ ഏറ്റവും സത്യസന്ധമായ സ്വപ്നം, നിങ്ങളിൽ ഏറ്റവും സത്യസന്ധമായി വർത്തമാനം പറയുന്നവരുടേതാണ്. (മുസ്ലിം:2263)
قال القيم -رحمه الله : ومن أراد أن تصدق رؤياه فليتحر الصدق وأكل الحلال والمحافظة على الأمر والنهي ولينم على طهارة كاملة مستقبل القبلة ويذكر الله حتى تغلبه عيناه فإن رؤياه لا تكاد تكذب ألبتةوأصدق الرؤيا رؤيا الأسحار فإنه وقت النزول الإلهي واقتراب الرحمة والمغفرة وسكون الشياطين
ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ആരെങ്കിലും നല്ല സ്വപ്നം സത്യമായി പുലരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ജീവിതത്തില്‍ സത്യന്ധത കാത്ത് സൂക്ഷിക്കട്ടെ. അവന്‍ ഹലാല്‍ മാത്രം ഭക്ഷിക്കട്ടെ. അല്ലാഹുവിന്റെ ദീനിന്റെ കല്‍പ്പനകളെ മാനിക്കട്ടെ. അല്ലാഹു വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. സമ്പൂ൪ണ്ണമായ വുളൂഅ് ചെയ്ത് ഉറങ്ങാന്‍ ശ്രമിക്കണം. കണ്ണടയുന്നതുവരെ (ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതുവരെ) അല്ലാഹുവിനെ കുറിച്ചുള്ള ദിക്റില്‍ കഴിയണം. സത്യസന്ധമായ സ്വപ്നം അല്ലാഹു ഇറങ്ങിവരുന്ന രാവിന്റെ അന്ത്യയാമത്തിലെ സ്വപ്നമാണ്.
ഉറക്കത്തിലാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നം കാണാന്‍ സുന്നത്തായ രീതിയില്‍ ഉറങ്ങുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്.
ദു:സ്വപ്നം
عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: الرُّؤْيَا مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ
അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:(നല്ല) സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. (ബുഖാരി: 6984)
عَنْ أَبِي قَتَادَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : الرُّؤْيَا الصَّالِحَةُ مِنَ اللَّهِ وَالرُّؤْيَا السَّوْءُ مِنَ الشَّيْطَانِ
അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ചീത്ത സ്വപ്നം പിശാചില്‍ നിന്നുമാണ്. (മുസ്ലിം: 2261)
ദു:സ്വപ്നം കണ്ടാല്‍ ചെയ്യേണ്ടത്
(1) ദു:സ്വപ്നം പിശാചില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയുക
(2) പിശാചില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടുക. ( أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم)
(3) സ്വപ്നത്തിന്റെ കെടുതിയില്‍ നിന്ന് അല്ലാഹുവിനേട് രക്ഷതേടുക (أَعـوذُ بِاللهِ مِن شَرِّهَا)
(4) ഇടത് ഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുക
(5) കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുക
(6) തഹജ്ജുദ് അല്ലെങ്കിൽ രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുക
(7) കണ്ട സ്വപ്നം ആരോടും പറയാതിരിക്കുക
عَنْ جَابِرٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ رَأَيْتُ فِي الْمَنَامِ كَأَنَّ رَأْسِي قُطِعَ . قَالَ فَضَحِكَ النَّبِيُّ صلى الله عليه وسلم وَقَالَ ” إِذَا لَعِبَ الشَّيْطَانُ بِأَحَدِكُمْ فِي مَنَامِهِ فَلاَ يُحَدِّثْ بِهِ النَّاسَ ” .
ജാബിറില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാള്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ തല മുറിക്കപ്പെട്ടതായി ഞാന്‍ സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ്വ) ചിരിച്ച് കൊണ്ട് പറഞ്ഞു: പിശാച് നിങ്ങളുടെ ഉറക്കത്തില്‍ നിങ്ങളെയും കൊണ്ട് കളിക്കുന്നതാണ്. അതുകൊണ്ട് ആരോടും ഇക്കാര്യം പറയരുത്. (മുസ്ലിം:2268)
عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الرُّؤْيَا الصَّالِحَةُ مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ، فَإِذَا حَلَمَ فَلْيَتَعَوَّذْ مِنْهُ وَلْيَبْصُقْ عَنْ شِمَالِهِ، فَإِنَّهَا لاَ تَضُرُّهُ
അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. ആരെങ്കിലും ദു:സ്വപ്നം കണ്ടാല്‍ പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക, അവന്റെ ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക. എങ്കില്‍ അവന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല. (ബുഖാരി: 6986)
عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ “ إِذَا رَأَى أَحَدُكُمُ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلاَثًا وَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ ثَلاَثًا وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ ” .
ജാബിറില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:‘നിങ്ങളിലൊരാള്‍ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ തന്റെ ഇടതുഭാഗത്തേക്കു മൂന്നു പ്രാവശ്യം തുപ്പുകയും, മൂന്ന് പ്രാവശ്യം പിശാചില്‍ നിന്ന് അല്ലാഹുവിനോടു രക്ഷ തേടുകയും, അവന്‍ കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുകയും ചെയ്തുകൊള്ളട്ടെ’. (മുസ്ലിം:2262)
عَنْ أَبِي سَلَمَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: الرُّؤْيَا الصَّالِحَةُ مِنَ اللَّهِ فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثُ بِهَا إِلاَّ مَنْ يُحِبُّ وَإِنْ رَأَى مَا يَكْرَهُ فَلْيَتْفِلْ عَنْ يَسَارِهِ ثَلاَثًا وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّ الشَّيْطَانِ وَشَرِّهَا وَلاَ يُحَدِّثْ بِهَا أَحَدًا فَإِنَّهَا لَنْ تَضُرَّهُ ” .
അബൂസലമയില്‍ (റ)നിന്ന് നിവേദനം:നബി(സ്വ) അരുളി: ….ആരെങ്കിലും ദുഷിച്ച സ്വപ്‌നം കണ്ടാൽ അവൻ മൂന്ന് തവണ ഇടത് ഭാഗത്ത് തുപ്പുക , പിശാചിൽ നിന്നും അവൻ കണ്ടതിന്റെ തിന്മയിൽ നിന്നും അല്ലാഹുവോട് രക്ഷ തേടുക. ദുഷിച്ച സ്വപ്‌നം അവൻ ആരോടും പറയാതിരിക്കട്ടെ. എങ്കില്‍ തീ൪ച്ചയായും അവന് യാതൊരു ഉപദ്രവവുമില്ല. (മുസ്ലിം:2261)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلاَ يَذْكُرْهَا لأَحَدٍ، فَإِنَّهَا لاَ تَضُرُّهُ
അബൂസഈദിൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ)പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും (ഇഷ്ടമുള്ള) ആരോടെങ്കിലും അതിനെപ്പറ്റി പറയുകയും ചെയ്യുക. അതല്ലാത്ത വെറുക്കുന്നതരത്തിലുള്ള സ്വപ്നംകണ്ടാൽ അത് പിശാചിൽ നിന്നുള്ളതാണ്. അപ്പോൾ അതിന്റെ നാശത്തിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടിക്കൊള്ളട്ടെ. അതാരോടും പറയുകയുമരുത്. എങ്കിൽ ആ സ്വപ്നം അവന് ദോഷം ചെയ്യുകയില്ല.(ബുഖാരി: 6985)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : …… فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلاَ يُحَدِّثْ بِهَا النَّاسَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: …… നിങ്ങളിലൊരാള്‍ അവന് അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ എഴുന്നേല്‍ക്കുകയും നമസ്കരിക്കുകയും ചെയ്യട്ടെ. അതിനെ കുറിച്ച് ആളുകളോട് പറയാതിരിക്കട്ടെ. (മുസ്ലിം:2263)
قال القرطبي رحمه الله : الصلاة تجمع ذلك كله ، لأنه إذا قام فصلى تحول عن جنبه وبصق ونفث عند المضمضة في الوضوء واستعاذ قبل القراءة ثم دعا الله في أقرب الأحوال إليه فيكفيه الله شرها بمنه وكرمه
ഇമാം ഖു൪ത്വുബി(റഹി) പറഞ്ഞു: അതെല്ലാം (തുപ്പല്‍, അല്ലാഹുവില്‍ അഭയം തേടല്‍, കിടന്ന സ്ഥാനം മാറല്‍) നമസ്കരിക്കാന്‍ എഴുന്നേറ്റാല്‍ കിട്ടും. എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ കിടന്ന സ്ഥാനം മാറും. വുളൂഅ് എടുക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറ്റി ചീറ്റിയിട്ട് ഇടത് ഭാഗത്തേക്ക് തുപ്പുന്നുണ്ട്. ഖിറാഅത്തിന് മുമ്പ് അല്ലാഹുവില്‍ അഭയം തേടുന്നുണ്ട് (ഫാത്തിഹക്ക് മുമ്പ് അഊദു ചൊല്ലുന്നത്). ശേഷം അല്ലാഹു ഏറ്റവും ശ്രേഷ്ടകരമായ സമയത്ത് അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട്. അപ്പോള്‍ അല്ലാഹു അവന്റെ പ്രത്യേക ഔദാര്യം മുഖേനെ അതിന്റെ (ദുസ്വപ്നത്തിന്റെ) ശ൪റില്‍ നിന്ന് അവന് കാവല്‍ കൊടുക്കുന്നു.
തുപ്പുക എന്ന് പറഞ്ഞത് ഉമിനീര്‍ തുപ്പിക്കളയുകയെന്നല്ല, മറിച്ച് പിശാചിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കുകയാണു തുപ്പല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ദു:സ്വപ്നം കാണാതിരിക്കാന്‍
(1) ഇസ്ലാമികമായി ജീവിതം ചിട്ടപ്പെടുത്തുക
(2) ജീവിതത്തില്‍ പിശാചിന് ഇടപെടാന്‍ പറ്റുന്ന അവസരം ഉണ്ടാക്കരുത്.
(3) വുളൂഅ് ചെയ്ത് നബി(സ്വ) പഠിപ്പിച്ച രീതിയില്‍ ദിക്റുകള്‍ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ ഉറങ്ങുക
ഉറക്കത്തിലാണ് സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ നല്ല സ്വപ്നം കാണാന്‍ സുന്നത്തായ രീതിയില്‍ ഉറങ്ങുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്.
ജീവിതത്തില്‍ പിശാചിന് ഇടപെടാന്‍ പറ്റുന്ന അവസരം ഉണ്ടാക്കരുതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പിശാചില്‍ നിന്നെല്ലാം രക്ഷപെടുന്നതിനുള്ള വിവിധ മാ൪ഗങ്ങളെ കുറിച്ച് അല്ലാഹുവും അവന്റെ റസൂലും(സ്വ) പഠിപ്പിച്ചിട്ടുള്ളത് മനസ്സിലാക്കുക. അതില്‍ പ്രധാനപ്പെട്ടതാണ് യഥാ൪ത്ഥ വിശ്വാസിയാകുക, തവക്കുല്‍ കാത്തുസൂക്ഷിക്കുക അഥവാ സകല കാര്യങ്ങളിലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുക, ജീവിതത്തിലുടനീളം ഇഖ്ലാസ് കാത്തുസൂക്ഷിക്കുക അഥവാ ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുകൊണ്ടു മാത്രമാകുക, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എല്ലായ്പ്പോഴും നിലനി൪ത്തുക എന്നുള്ളത്.
ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ
അവന്‍ (ഇബ്ലീസ്) അല്ലാഹുവിനോട് പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:38/82-83)
ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന് ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)
ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു
وَآمُرُكُمْ أَنْ تَذْكُرُوا اللَّهَ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ خَرَجَ الْعَدُوُّ فِي أَثَرِهِ سِرَاعًا حَتَّى إِذَا أَتَى عَلَى حِصْنٍ حَصِينٍ فَأَحْرَزَ نَفْسَهُ مِنْهُمْ كَذَلِكَ الْعَبْدُ لاَ يُحْرِزُ نَفْسَهُ مِنَ الشَّيْطَانِ إِلاَّ بِذِكْرِ اللَّهِ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. (തിര്‍മിദി:44/3102)
അതേപോലെ പിശാചിന് ഇഷ്ടമുള്ള സംഗീതം പോലെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.
നബിയെ(സ്വ) സ്വപ്നത്തിൽ കാണല്‍
ആരെങ്കിലും നബിയെ (സ്വ) സ്വപ്നത്തിൽ കണ്ടാൽ അവൻ നബിയെ (സ്വ) തന്നെയാണ് കണ്ടത്. കാരണം നബി (സ്വ) ഇപ്രകാരം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:مَنْ رَآنِي فَقَدْ رَأَى الْحَقَّ
അബൂഖതാദയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു; ആരെങ്കിലും എന്നെ (സ്വപ്നത്തില്‍) കണ്ടാല്‍ അവന്‍ യാഥാ൪ത്ഥ്യമാണ് കണ്ടിരിക്കുന്നത്. (ബുഖാരി: 6996)
عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ رَآنِي فِي الْمَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لاَ يَتَخَيَّلُ بِي،
അനസില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു: എന്നെ സ്വപ്നത്തിൽ കണ്ടവൻ തീർച്ചയായും സത്യമാണ് കണ്ടത് കാരണം, പിശാചിന് എന്റെ രൂപം പ്രാപിക്കുവാൻ സാധിക്കുകയില്ല. (ബുഖാരി: 6994)
ഇവിടെ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നബിയുടെ(സ്വ) രൂപത്തില്‍ പിശാചുക്കള്‍ക്ക് രൂപം പ്രാപിക്കുവാന്‍ കഴിയില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ വേറെ ഏതെങ്കിലും രൂപത്തില്‍ സ്വപ്‌നത്തില്‍ പിശാചുക്കള്‍ക്ക് വന്ന് ഞാന്‍ നബിയാണെന്ന് പറഞ്ഞേക്കാം. അതുകൊണ്ടുതന്നെ നബിയെ(സ്വ) നേരിട്ട് കണ്ടിട്ടുള്ളവരാണ് നബിയെ(സ്വ) സ്വപ്‌നം കണ്ടതെങ്കില്‍ അവ൪ക്ക് അത് നബിയാണെന്ന് ഉറപ്പിക്കാന്‍ കഴിയും. നബിയെ(സ്വ) സ്വപ്‌നം കണ്ട സ്വഹാബിമാര്‍ക്ക് അത് നബിയാണെന്ന് ഉറപ്പിക്കാം. കാരണം, അവ൪ ഉണര്‍ച്ചയിലും നബിയെ(സ്വ) കണ്ടിട്ടുണ്ട്. നബിയെ(സ്വ) നേരില്‍ കാണാത്ത ഒരാള്‍ക്ക് താന്‍ സ്വപ്നത്തില്‍ കണ്ടത് നബിയെ(സ്വ) തന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും നബിയെ(സ്വ) എല്ലാറ്റിനേക്കാളും സ്നേഹിക്കുകയും സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുകയും ഹദീസുകളില്‍ നിന്ന് നബിയുടെ(സ്വ) രൂപവും മറ്റുമെല്ലാം കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ഒരാള്‍ അപ്രകാരം നബിയെ(സ്വ) സ്വപ്‌നം കണ്ടാല്‍ അത് നബിയാകാന്‍ സാധ്യതയുണ്ട്.
عن يزيد الفارسي – قال : رأيت النبي في المنام زمن ابن عباس رضي الله عنهما ، فقلت لابن عباس : إني رأيت رسول الله في النوم ، فقال ابن عباس : إن رسول الله كان يقول : (إنَّ الشيطان لا يستطيع أن يتشبَّه بي، فمَن رآني في النوْم فقد رآني)، هل تستطيع أن تنعتَ هذا الرجل الذي رأيته في النوم؟ قال: نعم، أنعت لك رجلاً بين الرجلين جسمه ولحمه أسمر إلى البياض ، أكحل العينين ، حسن الضحك ، جميل دوائر الوجه، ملأتْ لِحيتُه ما بين هذه إلى هذه، قد ملأت نحره فقال ابن عباس – رضي الله عنهما -: لو رأيتَه في اليقظة ما استطعتَ أن تنعته فوق هذا”
യസീദുല്‍ ഫാരിസിയില്‍(റ) നിന്ന് നിവേദനം: ഇബ്നു അബ്ബാസിന്റെ(റ) കാലത്ത് ഞാന്‍ ഉറക്കില്‍ നബിയെ(സ്വ) സ്വപ്നം കണ്ടു. ഞാന്‍ ഇബ്നു അബ്ബാസിനോട്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ(സ്വ)ഉറക്കില്‍ കണ്ടിരിക്കുന്നു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുമായിരുന്നു:നിശ്ചയം ശൈത്വാന് എന്നോട് സാദൃശ്യപ്പെടുവാനാവില്ല. അതിനാല്‍ ആരെങ്കിലും എന്നെ ഉറക്കില്‍ കണ്ടാല്‍ അവന്‍ എന്നെ കണ്ടിരിക്കുന്നു. താങ്കള്‍ ഉറക്കില്‍ കണ്ട ആ വ്യക്തിയെ എനിക്കൊന്ന് വ൪ണ്ണിച്ച് തരുവാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: അതെ, ഞാന്‍ വ൪ണ്ണിച്ച് തരാം. ഒത്ത ശരീരമുള്ള വ്യക്തി, ചുകപ്പ് കല൪ന്ന വെളുത്ത മേനി, കറുത്ത മിഴികള്‍, വശ്യമായ ചിരി, മുഖത്തിന്റെ വൃത്താകൃതി സുന്ദരം, താടി ചുമലുകള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു, അത് നെഞ്ചിനെ നിറച്ചിരിക്കുന്നു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ ഉണ൪ന്നിരിക്കുമ്പോള്‍ തിരുമേനിയെ കണ്ടിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ തിരുമേനിയെ വ൪ണ്ണിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല. (മുസ്നദ് അഹ്മദ് – ശമാഇലുത്തു൪മിദി – മുതാബിആത്തു കൊണ്ട് ജയ്യിദെന്ന് അല്‍ബാനി വിശേഷിപ്പിച്ചു)
എന്നാൽ നബിയെ (സ്വ) സ്വപ്നത്തിൽ കാണുന്നതിനെ കച്ചവടമാക്കുന്ന പലരെയും ഇന്ന് സമൂഹത്തിൽ കാണാം. അതൊന്നും ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് നാം തിരിച്ചറിയണം. നബിയെ (സ്വ) സ്വപ്നത്തിൽ കണ്ടുവെന്ന് പറഞ്ഞ് തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കുന്നവരുമുണ്ട്. ശറഇന് വിരുദ്ധമായ പല കാര്യങ്ങളും സ്വപ്നമായി അവ൪ പ്രചരിപ്പിക്കുന്നു. അതെല്ലാം തള്ളിക്കളയേണ്ടതാകുന്നു.
أن من رأى النبي في المنام فأمره بحكم يخالف حكم / الشرع المستقر في الظاهر أنه لا يكون مشروعا في حقه ولا في حق غيره
ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റഹി) പറഞ്ഞു: കൃത്യവും വ്യക്തവുമായ ശറഇലെ (ഖു൪ആനിനും സുന്നത്തിനും ) വിധിക്ക് വിരുദ്ധമായ നബി(സ്വ) കല്‍പ്പിക്കുന്നതായി ഉറക്കത്തില്‍(സ്വപ്നത്തില്‍) ആരെങ്കിലും നബിയെ(സ്വ) കണ്ടാല്‍ കണ്ടതും കണ്ടുവെന്ന് പറയുന്നതും നിയമമാകുകയില്ല. (ഫത്ഹുല്‍ബാരി)
സ്വപ്നം കണ്ടുവെന്ന് കളവ് പറഞ്ഞാൽ
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مِنْ أَفْرَى الْفِرَى أَنْ يُرِيَ عَيْنَيْهِ مَا لَمْ تَرَ
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഏറ്റവുംവലിയ വ്യാജആരോപണം, കണ്ടിട്ടില്ലാത്തത് കണ്ടെന്ന് പറയലാണ്. (ബുഖാരി: 7043)
عَنْ وَاثِلَةَ بْنَ الأَسْقَعِ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ مِنْ أَعْظَمِ الْفِرَى أَنْ يَدَّعِيَ الرَّجُلُ إِلَى غَيْرِ أَبِيهِ، أَوْ يُرِيَ عَيْنَهُ مَا لَمْ تَرَ، أَوْ يَقُولُ عَلَى رَسُولِ اللَّهِ صلى الله عليه وسلم مَا لَمْ يَقُلْ ”.
വാസില:യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാളെ അവന്റെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് ചേർത്ത് വിളിക്കലും, താൻ കാണാത്ത സ്വപ്നം കണ്ടുവെന്ന് പറയലും അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയാത്തത് അദ്ദേഹത്തിന്റെ പേരിൽ പറഞ്ഞുണ്ടാക്കലും എറ്റവും വലിയ വ്യാജം കെട്ടിച്ചമക്കലാണ്. (ബുഖാരി: 3509)
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ تَحَلَّمَ بِحُلُمٍ لَمْ يَرَهُ، كُلِّفَ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ، وَلَنْ يَفْعَلَ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് പറഞ്ഞാല്‍ രണ്ട് ബാ൪ലിമണികളെ കെട്ടി ബന്ധിപ്പിക്കുവാന്‍ അവന്‍ (അന്ത്യനാളില്‍) നി൪ബന്ധിപ്പിക്കപ്പെടും. അവനത് ചെയ്യുവാന്‍ ഒരിക്കലും കഴിയുകയില്ല. (ബുഖാരി:7042)
പകലിലെ സ്വപ്നം
പകലിലെ സ്വപ്നം രാതിയിലെ സ്വപ്നം പോലെതന്നെയാണ്. ഇമാം ബുഖാരി(റഹി) അദ്ദേഹത്തിന്റെ സ്വഹീഹില്‍ باب الرُّؤْيَا بِالنَّهَارِ പകലിലെ സ്വപ്നത്തെകുറിച്ചുള്ള അദ്ധ്യായം എന്നപേരില്‍ ഒരു തലക്കെട്ട് നല്‍കിയിട്ടുണ്ട്. ശേഷം ഇബ്നു സീരീന്റെ(റഹി) ഒരു ഉദ്ദരണി എടുത്തുകൊടുത്തിട്ടുണ്ട്.
عَنِ ابْنِ سِيرِينَ رُؤْيَا النَّهَارِ مِثْلُ رُؤْيَا اللَّيْلِ
ഇബ്നു സീരീന്‍(റഹി) പറഞ്ഞു: പകലിലെ സ്വപ്നം രാതിയിലെ സ്വപ്നം പോലെയാണ്.
لَا فَرْقَ فِي حُكْمِ الْعِبَارَةِ بَيْنَ رُؤْيَا اللَّيْلِ وَالنَّهَارِ وَكَذَا رُؤْيَا النِّسَاءِ وَالرِّجَالِ
പകലിലെയും രാത്രയിയിലെയും സ്വപ്നത്തിന്റെ വിധിയെ വേ൪തിരിക്കേണ്ടതില്ല, അപ്രകാരംതന്നെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സ്വപ്നത്തേയും ( വേ൪തിരിക്കേണ്ടതില്ല). (ഫത്ഹുല്‍ബാരി)
സ്വപ്നവ്യാഖ്യാനം
കൃത്യമായ സ്വപ്നവ്യാഖ്യാനം നല്‍കിയ വ്യക്തിയായിരുന്നു യൂസുഫ് നബി(അ). അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേ൪ കണ്ട സ്വപ്നത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനം വിശുദ്ധ ഖു൪ആനില്‍ കാണാം.
وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًا ۖ وَقَالَ ٱلْءَاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ
അദ്ദേഹത്തോടൊപ്പം(യൂസുഫ് നബിയോടൊപ്പം) രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്. (ഖു൪ആന്‍:12/36)
يَٰصَىٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْءَاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ
(യൂസുഫ് നബി പറഞ്ഞു): ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖു൪ആന്‍:12/41)
മുന്തിരിയില്‍ നിന്ന് കള്ളെടുക്കുന്നതായി സ്വപ്നം കണ്ടവന്‍ അവന്റെ ജോലിയില്‍ തുടരത്തക്കവണ്ണം കാരാഗൃഹത്തില്‍നിന്നു വിമുക്തനാകുമെന്നും, തലയില്‍ അപ്പം വഹിച്ചുകൊണ്ടിരിക്കെ അതില്‍നിന്നു പക്ഷികള്‍ തിന്നുന്നതായി കണ്ടവന്‍ കൊല്ലപ്പെടുകയും, കുരിശില്‍ തറക്കപ്പെടുകയും ചെയ്യുമെന്നും യൂസുഫ് (അ) അവരുടെ സ്വപ്നങ്ങള്‍ക്കു വ്യാഖ്യാനം നല്‍കി. അതേപോലെ ആ നാട്ടിലെ രാജാവ് കണ്ട സ്വപ്നത്തിനും അദ്ദേഹം വ്യാഖ്യാനം നല്‍കിയത് വിശുദ്ധ ഖു൪ആനില്‍ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്.
وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ ۖ يَٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ
(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ. (ഖു൪ആന്‍:12/43)
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ
ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ
അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക.പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും. (ഖു൪ആന്‍:12/47-49)
ഏഴ് തടിച്ച പശുക്കള്‍ നിലം ഉഴുതു കൃഷി ചെയ്‌വാന്‍ പറ്റുന്ന ഏഴു വര്‍ഷങ്ങളെയും, പച്ചക്കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷേമത്തെയും, സമൃദ്ധമായ വിളവിനെയും, ഏഴ് ഉണങ്ങിയ കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷാമത്തെയും, വരള്‍ച്ചയെയും കുറിക്കുന്നു. അതുകൊണ്ടു ആദ്യത്തെ ഏഴ് കൊല്ലം നന്നായി കൃഷി നടത്തണം. അതു കൊയ്തെടുക്കുന്ന ധാന്യം നശിച്ചുപോകാതിരിക്കുവാന്‍വേണ്ടി കതിരോടെ സൂക്ഷിച്ചു വെക്കണം. ഭക്ഷ്യാവശ്യങ്ങള്‍ കഴിവതും ചുരുക്കി ബാക്കിയെല്ലാം പിന്നേക്കു കരുതിവെക്കണം. പിന്നീടു വരുന്ന ഏഴ് ക്ഷാമത്തിന്റെ വര്‍ഷങ്ങളില്‍ ആ സൂക്ഷിക്കപ്പെട്ട ധാന്യം ഉപയോഗപ്പെടുത്താം. വിത്തിനും മറ്റുമായി അല്‍പം കരുതിവെച്ചു ബാക്കിയൊക്കെ അന്നു ഉപയോഗിക്കാം. ക്ഷാമത്തിന്റെ വര്‍ഷങ്ങള്‍ കഴിയുന്നതോടെ ഇഷ്ടംപോലെ മഴയും മറ്റും ലഭിച്ചു സുഖകരമായ വര്‍ഷമായിരിക്കും ലഭിക്കുക. അക്കൊല്ലം കൃഷികളെല്ലാം നന്നായി വിലയും. മുന്തിരിയില്‍ നിന്നു കള്ളും, ഒലീവില്‍നിന്നു എണ്ണയും, കരിമ്പില്‍ നിന്നു ശര്‍ക്കരയുമൊക്കെ ആട്ടിയും പിഴിഞ്ഞും എടുക്കുകയും ചെയ്യാം. ഇതാണ് യൂസുഫ് നബി(അ) നല്‍കിയ വ്യാഖ്യാനം.
ഇവിടെയും അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. യൂസുഫ് നബി(അ) എങ്ങനെയാണ് കൃത്യമായ സ്വപ്ന വ്യാഖ്യാനം നല്‍കിയത് ? അല്ലാഹു അറിയിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കൃത്യമായ സ്വപ്ന വ്യാഖ്യാനം നല്‍കിയത്. വിശുദ്ധ ഖു൪ആന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് (ഖു൪ആന്‍ :12 /6, 12/21-22, 12/37, 12/101 കാണുക)
رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْءَاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ
(യൂസുഫ്(അ) പ്രാര്‍ത്ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:12/101)
നബി(സ്വ) സുബ്ഹി നമസ്കരിച്ച് കഴിഞ്ഞാല്‍ ജനങ്ങളിലേക്ക് തിരിഞ്ഞ് ഇരുന്നിട്ട്, നിങ്ങളില്‍ ആരാണ് ഇന്നലെ രാത്രി സ്വപ്നം കണ്ടതെന്ന് ചോദിക്കുകയും അവരിൽ ചില൪ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നബിയോട് (സ്വ) പറയുകയും നബി (സ്വ) സ്വപ്നത്തിന് വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു.
عَنْ سَمُرَةَ بْنِ جُنْدَبٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا صَلَّى الصُّبْحَ أَقْبَلَ عَلَيْهِمْ بِوَجْهِهِ فَقَالَ “ هَلْ رَأَى أَحَدٌ مِنْكُمُ الْبَارِحَةَ رُؤْيَا ” .
സമുറത്തബ്നു ജുന്‍ദബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) സുബ്ഹി നമസ്കരിച്ച് കഴിഞ്ഞാല്‍ അവരിലേക്ക്(ജനങ്ങളിലേക്ക്) മുഖം തിരിഞ്ഞ് ഇരുന്നിട്ട് ചോദിക്കുമായിരുന്നു: നിങ്ങളില്‍ ആരാണ് ഇന്നലെ രാത്രി സ്വപ്നം കണ്ടത് ? (മുസ്ലിം:2275)
عَنْ سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ” هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ”. قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ
സമുറ ഇബ്നു ജുന്‍ദബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) തന്റെ സ്വഹാബത്തിനോട് കൂടുതല്‍ ചോജിക്കുന്നതില്‍ പെട്ടതാണ് നിങ്ങളില്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ എന്നത്. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താന്‍ പറയുവാന്‍ ഉദ്ദേശിച്ചത് നബിയോട്(സ്വ) പറയും ….. (ബുഖാരി:7047)
അതേപോലെ നബി(സ്വ) കണ്ട സ്വപ്നങ്ങളില്‍ വ്യാഖ്യാനം ആവശ്യമുള്ളവയില്‍ അവിടുന്ന് വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു. അനസിയുടെയും മുസൈലിമത്തല്‍ കദ്ദാബിന്റെയും കാര്യത്തില്‍ നബി കണ്ട സ്വപ്നം പോലെ. ഇവടെ മനസ്സിലാകുന്നത് നബിയും(സ്വ) വഹ്’യിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നത്തിന് വിശദീകരണം നല്‍കുന്നത്.
ചുരുക്കത്തില്‍ വഹ്’യിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാ൪ സ്വപ്നവ്യാഖ്യാനം നല്‍കിയിരുന്നതെന്ന് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ പ്രസ്തുത വ്യാഖ്യാനം തെറ്റുകയില്ല. എന്നാല്‍ പ്രവാചകന്‍മാ൪ അല്ലാത്തവരുടെ സ്വപ്നവ്യാഖ്യാനം തെറ്റാവുന്നതാണ്. നബി(സ്വ) കഴിഞ്ഞാല്‍ ഈ ഉമ്മത്തിലെ ഏറ്റവും സ്ഥാനമുള്ള വ്യക്തിയുടെ സ്വപ്നവ്യാഖ്യാനത്തില്‍ നിന്നും ഇത് വ്യക്തവുമാണ്.
عَنِ ابْنِ عَبَّاسٍ أَنَّ رَجُلاً أَتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي أَرَى اللَّيْلَةَ فِي الْمَنَامِ ظُلَّةً تَنْطِفُ السَّمْنَ وَالْعَسَلَ فَأَرَى النَّاسَ يَتَكَفَّفُونَ مِنْهَا بِأَيْدِيهِمْ فَالْمُسْتَكْثِرُ وَالْمُسْتَقِلُّ وَأَرَى سَبَبًا وَاصِلاً مِنَ السَّمَاءِ إِلَى الأَرْضِ فَأَرَاكَ أَخَذْتَ بِهِ فَعَلَوْتَ ثُمَّ أَخَذَ بِهِ رَجُلٌ مِنْ بَعْدِكَ فَعَلاَ ثُمَّ أَخَذَ بِهِ رَجُلٌ آخَرُ فَعَلاَ ثُمَّ أَخَذَ بِهِ رَجُلٌ آخَرُ فَانْقَطَعَ بِهِ ثُمَّ وُصِلَ لَهُ فَعَلاَ . قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ بِأَبِي أَنْتَ وَاللَّهِ لَتَدَعَنِّي فَلأَعْبُرَنَّهَا . قَالَ رَسُولُ اللَّهِ صلى الله عليه وسلم ” اعْبُرْهَا ” . قَالَ أَبُو بَكْرٍ أَمَّا الظُّلَّةُ فَظُلَّةُ الإِسْلاَمِ وَأَمَّا الَّذِي يَنْطِفُ مِنَ السَّمْنِ وَالْعَسَلِ فَالْقُرْآنُ حَلاَوَتُهُ وَلِينُهُ وَأَمَّا مَا يَتَكَفَّفُ النَّاسُ مِنْ ذَلِكَ فَالْمُسْتَكْثِرُ مِنَ الْقُرْآنِ وَالْمُسْتَقِلُّ وَأَمَّا السَّبَبُ الْوَاصِلُ مِنَ السَّمَاءِ إِلَى الأَرْضِ فَالْحَقُّ الَّذِي أَنْتَ عَلَيْهِ تَأْخُذُ بِهِ فَيُعْلِيكَ اللَّهُ بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ مِنْ بَعْدِكَ فَيَعْلُو بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ آخَرُ فَيَعْلُو بِهِ ثُمَّ يَأْخُذُ بِهِ رَجُلٌ آخَرُ فَيَنْقَطِعُ بِهِ ثُمَّ يُوصَلُ لَهُ فَيَعْلُو بِهِ . فَأَخْبِرْنِي يَا رَسُولَ اللَّهِ بِأَبِي أَنْتَ أَصَبْتُ أَمْ أَخْطَأْتُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَصَبْتَ بَعْضًا وَأَخْطَأْتَ بَعْضًا ” . قَالَ فَوَاللَّهِ يَا رَسُولَ اللَّهِ لَتُحَدِّثَنِّي مَا الَّذِي أَخْطَأْتُ قَالَ ” لاَ تُقْسِمْ ”
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു: ഒരു തണല്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്ന് നെയ്യും തേനും ഇറങ്ങി വരുന്നു. അപ്പോള്‍ ജനങ്ങള്‍ അവരുടെ കൈകൊണ്ട് വാരിക്കൊണ്ട് പോകുന്നുണ്ട്. ചില൪ കുറച്ചും ചില൪ കൂടുതലും എടുക്കുന്നു. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു കയ൪ തൂങ്ങി നില്‍ക്കുന്നതും കാണുന്നു. ആ കയറിന്‍മേല്‍ പിടിച്ചിട്ട് താങ്കള്‍ മുകളിലോട്ട് പോകുന്നുണ്ട്. അതില്‍ താങ്കള്‍ക്ക് ശേഷം വേറെ ഒരാള്‍ വന്ന് അതില്‍ പിടിക്കുന്നു. അയാളും മുകളിലോട്ട് പോകുന്നുണ്ട്. ശേഷം വേറൊരാള്‍ വന്ന് അതില്‍ പിടിക്കുന്നു, അയാളും മുകളിലോട്ട് പോകുന്നുണ്ട്. ശേഷം വേറൊരാള്‍ വന്ന് അതില്‍ പിടിക്കുന്നു, അപ്പോള്‍ അത് അയാളെയും കൊണ്ട് പൊട്ടി വീഴുന്നു. ശേഷം അത് ചേ൪ത്ത് അയാളും മുകളിലോട്ട് പോകുന്നുണ്ട്. അബൂബക്ക൪(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനെതന്നെ സത്യം അതിന്റെ വ്യാഖ്യാനം (കൃത്യമായി) ഞാന്‍ പറഞ്ഞുകൊള്ളാം. നബി(സ്വ) പറഞ്ഞു: നീ അത് പറയുക. അബൂബക്ക൪(റ) പറഞ്ഞു: ആ തണല്‍ ഇസ്ലാമാകുന്ന തണലാകുന്നു. തേനും നെയ്യും എന്നത് ഖു൪ആനും അതിന്റെ മാധുര്യവും മൃദുലതയുമാണ്. ആളുകള്‍ അതില്‍ നിന്ന് വാരി എടുക്കുന്നത് എന്നാല്‍ ഖു൪ആനില്‍ നിന്ന് (ചില൪) കൂടുതലും (ചില൪) കുറച്ചം എടുക്കുന്നു എന്നതാണ്. ആകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള കയ൪ എന്നത് നബിയേ താങ്കള്‍ നിലനില്‍ക്കുന്ന ഈ ആദ൪ശമാണ്. അബൂബക്ക൪(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് എനിക്ക് പറഞ്ഞു തരുമോ? നബി(സ്വ) പറഞ്ഞു: ചിലത് ശരിയാണ് ചിലത് തെറ്റുമാണ്. അബൂബക്ക൪(റ) ചോജിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് പിഴവ് പറ്റിയത് ഏതാണെന്ന് പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: സത്യം ചെയ്ത് പറയരുത്. (അതായത് തെറ്റാന്‍ സാധ്യതയുണ്ട്). (മുസ്ലിം : 2269)
അതുകൊണ്ടുതന്നെ ഇന്ന് നാം കാണുന്ന സ്വപ്നത്തിന്റെ വ്യാഖ്യാനം അന്വേഷിച്ച് നടക്കേണ്ടതില്ല.നബി (സ്വ) തന്റെ അനുചരന്മാരോട് നിങ്ങൾ സ്വപ്നം കണ്ടിരുന്നോ എന്ന് ചോദിക്കുകയും അവരിൽ ചില൪ തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നബിയോട് (സ്വ) പറയുകയും ചെയ്തിരുന്നുവെങ്കിലും നബിയുടെ(സ്വ) കാലശേഷം അവിടുത്തെ അനുചരന്‍മാ൪ വിശിഷ്യാ ഖുലഫാഉറാശിദീങ്ങള്‍ ഇപ്രകാരം ആളുകളോട് ചോദിക്കുമായിരുന്നില്ല. സ്വപ്നം വ്യാഖ്യാനിക്കുന്നവരെന്ന് പറഞ്ഞ് അവ൪ തങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല. അവരില്‍ ചില൪ സ്വപ്നം വ്യാഖ്യാനിക്കുന്നവരായിട്ടുംകൂടി.
ഇമാം മാലികില്‍ (റഹി) നിന്നും ഇബ്നു അബ്ദില്‍ ബര്‍റ് റഹി) ഉദ്ധരിക്കുന്നു:
أنه سئل: أيعبر الرؤيا كل أحد؟ فقال مالك: أبالنبوة يلعب؟
ഇമാം മാലിക് (റഹി) ചോദിക്കപ്പെട്ടു: ഓരോരുത്തര്‍ക്കും സ്വപ്നം വ്യാഖ്യാനിക്കാമോ? ഇമാം മാലിക് (റഹി) പറഞ്ഞു: നബുവ്വത്ത് കൊണ്ടാണോ കളിക്കുന്നത്.
ഹിശാം ഇബ്നു ഹസ്സാനിയില്‍ (റ) നിന്ന് ഇബ്നു അബ്ദില്‍ ബര്‍റ്(റഹി) ഉദ്ധരിക്കുന്നു: ഇമാം ഇബ്നുസീരീന് മുന്നില്‍ നൂറുസ്വപ്നങ്ങള്‍ അവതരിപ്പിക്കുമായിരുന്നു; എന്നാല്‍ അദ്ദേഹംഅവക്കൊന്നിനും ഉത്തരമേകുമായിരുന്നില്ല. (അത്തംഹീദു ലിമാഫില്‍മുവത്വഇ)
وقال مالك :” الرؤيا من الوحي ” وزجر عن تفسيرها بلا علم وقال : أتتلاعب بوحي الله ؟
ഇമാം മാലിക് (റഹി) പറഞ്ഞു : സ്വപ്നം വഹ്’യില്‍ പെട്ടതാണ്. അറിവില്ലാതെ, സ്വപ്നത്തിന്റെ വ്യാഖ്യാനം നിങ്ങള്‍ പറയരുത്. അദ്ദേഹം പറഞ്ഞു :അല്ലാഹുവിന്റെ വഹ്dയ് കൊണ്ട് നിങ്ങള്‍ കളിക്കുവാണോ?
സ്വപ്നം ഇസ്ലാമിൽ തെളിവാണോ?
സ്വപ്നം ഇസ്ലാമിൽ തെളിവല്ല, എന്ന് പറഞ്ഞാൽ അത് കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെട്ട ഹുക്മ് ഇല്ലാതാവുകയുമില്ല. ഇവിടെ ചില സംശയങ്ങള്‍ സ്വാഭാവികമായും വരാം. ബാങ്കിന്റെ പദങ്ങള്‍ ചില സ്വഹാബികള്‍ സ്വപ്നത്തിലൂടെ കണ്ടത് പോലെയുള്ള ചില സംഭവങ്ങളുണ്ടല്ലോ, അപ്പോള്‍ സ്വപ്നം കൊണ്ട് ഇസ്ലാമിൽ ഒരു ഹുക്മ് സ്ഥിരപ്പെടുമല്ലോയെന്ന്. അറിയുക, ചില സ്വഹാബികള്‍ ബാങ്കിന്റെ പദങ്ങള്‍ സ്വപ്നത്തില്‍ കണ്ടതിനാല്‍ അത് സ്ഥിരപ്പെടുകയല്ല ചെയ്തിട്ടുള്ളത്, മറിച്ച് പ്രസ്തുത പദങ്ങള്‍ വഹ്’യിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ) അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
قال الشيخ العلامة صالح الفوزان -حفظه الله-:الأحلام والرؤى لا يُؤخذ منها أحكام شرعية
ശൈഖ് സ്വാലിഹുൽ ഫൗസാൻ(ഹ ) പറഞ്ഞു: സ്വപ്‌നങ്ങളിൽ നിന്നും കിനാവുകളിൽ നിന്നും ശർഹീ യാ യ ഹുകു മുകൾ (മതപരമായ വിധികൾ) സ്വീകരിക്കപ്പെടാൻ പാടില്ല.[إغاثة اللهفان 14-04-1437هـ]