സുജൂദിന്റെ ശ്രേഷ്ടതകൾ

THADHKIRAH

അനന്തവിശാലമായ ഈ പ്രപഞ്ചവും അതിലെ ചെറുതും വലുതുമായ ചരാചരങ്ങളും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു. അവ അല്ലാഹുവിന് തസ്ബീഹ്(കീർത്തനം) ചെയ്യുന്ന രൂപം നമുക്ക് അറിയാത്തതുപോലെ അവ സുജൂദ് ചെയ്യുന്ന രൂപവും നമുക്ക് അറിയുകയില്ല.

أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (ഖു൪ആന്‍ :22/18)

عَنْ أَبِي ذَرٍّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَبِي ذَرٍّ حِينَ غَرَبَتِ الشَّمْسُ ‏”‏ تَدْرِي أَيْنَ تَذْهَبُ ‏”‏‏.‏ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ الْعَرْشِ، فَتَسْتَأْذِنَ فَيُؤْذَنَ لَهَا، وَيُوشِكُ أَنْ تَسْجُدَ فَلاَ يُقْبَلَ مِنْهَا، وَتَسْتَأْذِنَ فَلاَ يُؤْذَنَ لَهَا، يُقَالُ لَهَا ارْجِعِي مِنْ حَيْثُ جِئْتِ‏.‏ فَتَطْلُعُ مِنْ مَغْرِبِهَا، فَذَلِكَ قَوْلُهُ تَعَالَى ‏{‏وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ‏}‏‏”‏‏.‏

അബൂദർറ്(റ) വിൽനിന്ന് നിവേദനം: ഒരു ദിവസം സൂര്യൻ അസ്തമിച്ചപ്പോൾ നബി ﷺ  അബൂദർറിനോട് പറഞ്ഞു; സൂര്യൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിനക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും അറിയാവുന്നത്. നബി ﷺ പറഞ്ഞു: അത് പോകുന്നത് അർശിനു താഴെ സുജൂദ് ചെയ്യാനാണ്. അങ്ങനെ വീണ്ടും ഉദിക്കാൻ അനുമതി ചോദിക്കുന്നു; അപ്പോൾ അതിന് അനുമതി ലഭിക്കുന്നു.പിന്നെയും അത് (കാലാന്തരത്തിൽ) സുജൂദ് ചെയ്യാറാകുന്നു. എന്നാലത് സ്വീകരിക്കപ്പെടുകയില്ല. അതിനോട് പറയപ്പെടും: നീ വന്നേടത്തേക്കു തന്നെ മടങ്ങിക്കൊള്ളുക. അപ്പോൾ അത് അതിന്റെ അസ്തമയസ്ഥാനത്തുനിന്ന് ഉദിക്കുന്നു. “സൂര്യൻ അതിനുള്ള സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു കണിശമായി നിർണയിച്ചു വെച്ചതത്രെ അത്” (യാസീൻ 38) എന്ന ഖുർആൻ സൂക്തം ഇതിലേക്ക് ചൂണ്ടുന്നു. (ബുഖാരി: 3199)

وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَٰلُهُم بِٱلْغُدُوِّ وَٱلْءَاصَالِ

അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു.) (ഖു൪ആന്‍ :13/15)

وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ

ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) സുജൂദ് അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍ :55/6)

 

മലക്കുകളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നുവെന്ന് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവന് സുജൂദ് നിർവ്വഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (ഖു൪ആന്‍:7/206)

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنِّي أَرَى مَا لاَ تَرَوْنَ وَأَسْمَعُ مَا لاَ تَسْمَعُونَ أَطَّتِ السَّمَاءُ وَحُقَّ لَهَا أَنْ تَئِطَّ مَا فِيهَا مَوْضِعُ أَرْبَعِ أَصَابِعَ إِلاَّ وَمَلَكٌ وَاضِعٌ جَبْهَتَهُ سَاجِدًا لِلَّهِ

അബൂദ൪റില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ കാണാത്തത് ഞാൻ കാണുകയും നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുകയും ചെയ്യുന്നു. ആകാശം ശബ്ദിക്കാറായിരിക്കുന്നു. അതിന് ശബ്ദിക്കാൻ അവകാശവുമുണ്ട്. നാല് വിരലിന് അവിടെ സ്ഥലമുണ്ടെങ്കിൽ അവിടെ മലക്ക് അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് നെറ്റിത്തടം വെക്കുകയാണ്. (തിർമിദി:2312)

അനന്തവിശാലമായ ഈ പ്രപഞ്ചവും അതിലെ ചെറുതും വലുതുമായ ചരാചരങ്ങളും മലക്കുകളുമെല്ലാം അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് പറയുമ്പോൾ അല്ലാഹു ഏറെ ആദരിച്ച അവൻ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നൽകിയിട്ടുള്ള മനുഷ്യർ എന്തുമാത്രം സുജൂദ് ചെയ്യണം. അല്ലാഹു മനുഷ്യരോട് കൽപ്പിക്കുന്നത് കാണുക:

فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍:53/62)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഅ് ചെയ്യുകയും, സുജൂദ് ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍:22/77)

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തെതാണ് നമസ്കാരം.  ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായതും നമസ്‌കാരമാണ്. നമസ്‌കാരത്തിലെ ഏറ്റവും ശ്രേഷ്ഠതയുള്ള പ്രവൃത്തി സുജൂദാണ്. സുജൂദിന്റെ മഹത്ത്വവും പ്രാധാന്യവും അറിഞ്ഞ് നിര്‍വഹിക്കുമ്പോഴാണ് അത് കൂടുതല്‍ ശ്രദ്ധയോടുകൂടി നിര്‍വഹിക്കുവാന്‍ സാധിക്കുക. സുജൂദിന്റെ മഹത്വം അറിയിക്കുന്ന ചില തെളിവുകള്‍ കാണുക:

1.സുജൂദിന്റെ അടയാളം മുഖത്ത് പ്രതിഫലിപ്പിക്കും

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ

മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സുജൂദ് ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. (ഖു൪ആന്‍:48/29)

സുജൂദിന്‍റെ ഫലമായി അവരുടെ മുഖങ്ങളിലുള്ള‌ അടയാളം  കൊണ്ടുള്ള വിവക്ഷയെപ്പറ്റി പണ്ഢിതൻമാർ വിവരിച്ചതിന്റെ  ചുരുക്കം ഇപ്രകാരമാണ്: ആകര്‍ഷിക്കത്തക്ക മുഖഭാവം, ഭക്തിയും വിനയവും, മുഖത്തിന് ഭംഗി, മുഖത്ത് ശോഭ, സുജൂദ് ചെയ്യാത്തവനിൽ നിന്നും സുജൂദ് ചെയ്യുന്നവന്റെ മുഖത്തുള്ള അടയാളം എന്നിവയാണവ.

عَنْ عَبْدِ اللَّهِ بْنِ بُسْرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: أُمَّتِي يَوْمَ الْقِيَامَةِ غُرٌّ مِنَ السُّجُودِ مُحَجَّلُونَ مِنَ الْوُضُوءِ

അബ്ദില്ലാഹിബ്നു ബുസ്റില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായം സുജൂദിനാൽ നെറ്റിയും വുളുവിനാൽ കൈകാലുകളും പ്രകാശിക്കുന്നവരായിരിക്കും. (തിർമിദി:607)

2.അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്ന സമയം

അല്ലാഹുവിലേക്ക് ഒരു അടിമ ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദ് ചെയ്യുന്ന സന്ദര്‍ഭത്തിലാണ്.

كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب

നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ സുജൂദ് ചെയ്യുകയും സാമീപ്യം നേടുകയും ചെയ്യുക. (ഖു൪ആന്‍:96/19)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുക.   (മുസ്ലിം:482)

قال النووي رحمه الله : قوله صلى الله عليه و سلم: أقرب ما يكون العبد من ربه وهو ساجد فأكثروا الدعاء معناه أقرب ما يكون من رحمة ربه وفضله

ഇമാം നവവി(റഹി) പറഞ്ഞു: ‘ഒരു അടിമ തന്‍റെ റബ്ബിനോട് ഏറ്റവും അടുത്താകുന്നത്, അവന്‍ സുജൂദ് ചെയ്യുന്നവനായിരിക്കെയാണ്. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക. നബി ﷺ യുടെ വാക്കിന്‍റെ ഉദ്ദേശം:അവന്‍ റബ്ബിന്‍റെ കാരുണ്യത്തിലേക്കും,ഔദാര്യത്തിലേക്കും ഏറ്റവും അടുത്താകുന്നത് എന്നാണ്. (ശറഹ് മുസ്ലിം:4/200-201)

ശൈഖ് മന്നാവി(റഹി) പറഞ്ഞു: സുജൂദ് വേളയിൽ അടിമ അല്ലാഹുവിനോട് പരിപൂർണ്ണ കീഴൊതുക്കത്തിലും നിന്ദ്യതയിലുമാണ്. അടിമ തന്റെ നിസ്സാരതയും ആവശ്യകതയും മനസ്സിലാക്കുകയും തന്റെ രക്ഷിതാവ് ഏറ്റവും ഉന്നതനും വലിയനും പരമാധികാരിയും മഹത്വമുള്ളവനും ആണെന്ന് അറിയുകയും ചെയ്താൽ ആ സുജൂദ് ഉത്തരം ലഭിക്കാൻ സാധ്യതയുള്ളതാണ്.

3. പാപം പൊറുക്കപ്പെടും
4. പദവി ഉയർത്തും
5. സ്വർഗം ലഭിക്കും

വിശ്വാസികള്‍ സദാ പ്രാര്‍ത്ഥിക്കുന്നതും പരിശ്രമിക്കുന്നതും ഇഹലോകജീവിതത്തിനപ്പുറം പരലോക ജീവിത്തിലെ വിജയത്തിനും സ്വര്‍ഗത്തിനും വേണ്ടിയായിരിക്കണം. സ്വര്‍ഗീയ ജീവിതം കരസ്ഥമാക്കാന്‍ വിശ്വാസിക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന ഒന്നാണ് അല്ലാഹുവിനുള്ള സുജൂദ്. അത് നമ്മുടെ പാപങ്ങളെ മായ്ച്ചുകളയുകയും പദവി ഉയർത്തുകയും അങ്ങനെ സ്വര്‍ഗപ്രവേശനത്തിന് കാരണമായിതീരുകയും ചെയ്യും.

നബി ﷺ പറഞ്ഞു: ഒരു അടിമ നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റുനിന്നാല്‍ അവന്റെ പാപങ്ങള്‍ മുഴുവന്‍ കൊണ്ടുവരപ്പെടും. അത് അവന്റെ മുതുകിലും പിരടിയിലും വെച്ചുകൊടുക്കും. എന്നിട്ട് അവന്‍ റുകൂഇലും സുജൂദിലും ആയിരിക്കെ ആ പാപങ്ങള്‍ അവനില്‍നിന്ന് കൊഴിഞ്ഞുവീഴും. (ഇബ്‌നുഹിബ്ബാന്‍)

عَنْ مَعْدَانُ بْنُ أَبِي طَلْحَةَ الْيَعْمَرِيُّ، قَالَ لَقِيتُ ثَوْبَانَ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم فَقُلْتُ أَخْبِرْنِي بِعَمَلٍ أَعْمَلُهُ يُدْخِلُنِي اللَّهُ بِهِ الْجَنَّةَ ‏.‏ أَوْ قَالَ قُلْتُ بِأَحَبِّ الأَعْمَالِ إِلَى اللَّهِ ‏.‏ فَسَكَتَ ثُمَّ سَأَلْتُهُ فَسَكَتَ ثُمَّ سَأَلْتُهُ الثَّالِثَةَ فَقَالَ سَأَلْتُ عَنْ ذَلِكَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏ “‏ عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً ‏”‏ ‏.‏

മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ മൗലയായ ഥൗബാന്‍(റ)വിനെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും.’ അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണ്?’ അപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. വീണ്ടും ചോദിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല. മൂന്നാം തവണയും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ച് ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: ‘അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുക. കാരണം, നീ ഒരു സുജൂദും ചെയ്യുന്നില്ല; അതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെ, ഒരു പാപം അല്ലാഹു പൊറുത്തുതന്നിട്ടല്ലാതെ. (മുസ്‌ലിം: 488)

6. സ്വര്‍ഗത്തില്‍ നബി ﷺ യോടൊപ്പം സഹവസിക്കാനുള്ള സൗഭാഗ്യം

حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏”‏ سَلْ ‏”‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏”‏ أَوَغَيْرَ ذَلِكَ ‏”‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏”‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി(റ)  നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:”ഞാനൊരിക്കല്‍ രാത്രി നബി ﷺ യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പോള്‍ നബി ﷺ ക്ക് അംഗശുദ്ധി വരുത്താനാവശ്യമായ വെള്ളം കൊണ്ടുവന്ന് നല്‍കിയപ്പോള്‍ അവിടുന്ന്എന്നോട് പറഞ്ഞു: ‘താങ്കള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് ചോദിക്കുക.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അതല്ലാതെ മറ്റുവല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എനിക്കതുമതി.’ അപ്പോള്‍ നബി ﷺ പറഞ്ഞു: എങ്കില്‍ സുജൂദുകള്‍ അധികരിപ്പിച്ചുകൊണ്ട് താങ്കള്‍ എന്നെ ആ വിഷയത്തില്‍ സഹായിക്കുക” (മുസ്‌ലിം: 489).

7. സുജൂദ് ചെയ്ത അവയവങ്ങളെ നരകം സ്പര്‍ശിക്കുകയില്ല

നരകം ഭയാനകമാണ്. നരകശിക്ഷ കഠിനവുമാണ്. അത് സഹിക്കാന്‍ കഴിയുന്നവരില്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരാളുമില്ല. വേദനാജനകമായ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ വിശ്വാസിയും. അങ്ങനെയുള്ള നരകത്തില്‍ പ്രവേശിച്ചവന് ചെറിയ ആശ്വാസം ലഭിക്കാനുള്ള കാരണമായി നബിﷺ പഠിപ്പിച്ചത് സുജൂദ് തന്നെയാണ്.

حَتَّى إِذَا فَرَغَ اللَّهُ مِنَ الْقَضَاءِ بَيْنَ الْعِبَادِ وَأَرَادَ أَنْ يُخْرِجَ بِرَحْمَتِهِ مَنْ أَرَادَ مِنْ أَهْلِ النَّارِ أَمَرَ الْمَلاَئِكَةَ أَنْ يُخْرِجُوا مِنَ النَّارِ مَنْ كَانَ لاَ يُشْرِكُ بِاللَّهِ شَيْئًا مِمَّنْ أَرَادَ اللَّهُ تَعَالَى أَنْ يَرْحَمَهُ مِمَّنْ يَقُولُ لاَ إِلَهَ إِلاَّ اللَّهُ ‏.‏ فَيَعْرِفُونَهُمْ فِي النَّارِ يَعْرِفُونَهُمْ بِأَثَرِ السُّجُودِ تَأْكُلُ النَّارُ مِنِ ابْنِ آدَمَ إِلاَّ أَثَرَ السُّجُودِ حَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ ‏

നബി ﷺ പറഞ്ഞു: ………  അല്ലാഹു അവന്റെ അടിമകൾക്കിടയിലുള്ള വിചാരണയിൽ നിന്നും വിരമിക്കുകയും ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിച്ച ചിലരെ നരകത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ ഉദ്ദേശിക്കുകയും ചെയ്താൽ അവരെ പുറത്തെടുക്കുവാൻ അല്ലാഹു മലക്കുകളോട് കൽപ്പിക്കുന്നു. സുജൂദിന്റെ അടയാളങ്ങളാൽ അവർ അവരെ തിരിച്ചറിയും. ആദം സന്തതിയെ സുജൂദ് ചെയ്ത അടയാളമൊഴിച്ച് നരകം തിന്നുന്നതാണ്. സുജൂദ് ചെയ്ത അടയാളം നരകത്തിന് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (മുസ്‌ലിം: 182).

8. പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിൽ നിന്നുള്ള സുരക്ഷിതത്വം ലഭിക്കും

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ – وَفِي رِوَايَةِ أَبِي كُرَيْبٍ يَا وَيْلِي – أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന്‍ സുജൂദ് ചെയ്യേണ്ട ആയത്ത് പാരായണം ചെയ്താല്‍ അവന്‍ സുജൂദ് ചെയ്യുന്നു. അപ്പോള്‍ പിശാച് കരഞ്ഞുകൊണ്ട് പിന്‍വാങ്ങും. എന്നിട്ട് പറയും:എന്റെ നാശം. അബൂകുറയ്ബിന്റെ റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത് : എന്റെ നാശമേ, മനുഷ്യനോട് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുകയും അവന്‍ സുജൂദ് ചെയ്യുകയും ചെയ്തു. അവന് സ്വ൪ഗമുണ്ട്. ഞാന്‍ സുജൂദ് കൊണ്ട് കല്‍പ്പിക്കപ്പെട്ടു. ഞാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക് നരകവും. (മുസ്ലിം:81)

സുജൂദ് നിഷ്കളങ്കവും ആത്മാർത്ഥവും ആയില്ലായെങ്കിൽ അന്ത്യനാളിൽ അപമാനിതനായിത്തീരുന്ന ഒരും രംഗം വരാനിരിക്കുന്നു എന്ന ബോധം സുജൂദ് ചെയ്യുന്നവന് ഉണ്ടായിരിക്കണം. അഥവാ സുജൂദ് ചെയ്യുന്ന സമയത്തും ഇഖ്‌ലാസ് (നിഷ്‌കളങ്കത) അനിവാര്യമാണ്. ഇഖ്‌ലാസ് ഇല്ലാതെ സുജൂദ് ചെയ്താല്‍ അതുനിമിത്തം നിന്ദ്യരാകേണ്ടി വരുമെന്നർത്ഥം.

ﻳَﻮْﻡَ ﻳُﻜْﺸَﻒُ ﻋَﻦ ﺳَﺎﻕٍ ﻭَﻳُﺪْﻋَﻮْﻥَ ﺇِﻟَﻰ ٱﻟﺴُّﺠُﻮﺩِ ﻓَﻼَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ – خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَٰلِمُونَ

അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. കണങ്കാല്‍ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്‌) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല. (ഖു൪ആന്‍:68/42-43)

عَنْ أَبِي سَعِيدٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ يَكْشِفُ رَبُّنَا عَنْ سَاقِهِ فَيَسْجُدُ لَهُ كُلُّ مُؤْمِنٍ وَمُؤْمِنَةٍ، وَيَبْقَى مَنْ كَانَ يَسْجُدُ فِي الدُّنْيَا رِئَاءً وَسُمْعَةً، فَيَذْهَبُ لِيَسْجُدَ فَيَعُودُ ظَهْرُهُ طَبَقًا وَاحِدًا ‏”‏‏.‏

അബൂസഈദില്‍ ഖുദ്‌രി(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ രക്ഷിതാവ് അവന്റെ കണങ്കാൽ വെളിപ്പെടുത്തും. സത്യവിശ്വാസികളായ ഓരോ പുരുഷനും സ്ത്രീയും അല്ലാഹുവിന് സുജൂദ് ചെയ്യും. ഇഹത്തില്‍ വെച്ച് കീര്‍ത്തിക്കും പ്രശസ്തിക്കും വേണ്ടി സുജൂദ് ചെയ്തുവന്നിരുന്നവര്‍ ബാക്കിയാകും. ഈ അവസരത്തില്‍ അവരും സുജൂദ് ചെയ്യുവാന്‍ ശ്രമിക്കും. എന്നാല്‍ അവരുടെ മുതുക് (വളയാതെ) ഒരേ നട്ടെല്ലായിത്തീരുന്നതാണ് (അവര്‍ക്ക് സുജൂദ് ചെയ്യാന്‍ സാധിക്കുകയില്ല). (ബുഖാരി: 4919).

സുജൂദ് നാല് തരമുണ്ട്:

ഒന്ന്)നമസ്‌കാരത്തില്‍ നിര്‍വഹിക്കുന്ന സുജൂദ് (നിര്‍ബന്ധമായതും ഐഛികമായതുമായ നമസ്‌കാരത്തിന്റെ ഭാഗമായുള്ളത്).

രണ്ട്) സുജൂദുസ്സസഹ്‌വ് (നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ നിര്‍വഹിക്കുന്ന സുജൂദ്)

മൂന്ന്) ശുക്‌റിന്റെ (നന്ദിയുടെ) സുജൂദ്.

عَنْ أَبِي بَكْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ إِذَا أَتَاهُ أَمْرٌ يَسُرُّهُ أَوْ يُسَرُّ بِهِ خَرَّ سَاجِدًا شُكْرًا لِلَّهِ تَبَارَكَ وَتَعَالَى ‏.‏

അബീ ബക്റയില്‍ (റ) നിന്ന് നിവേദനം: നബി ﷺ അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു . (ഇബ്നു മാജ:5/1458 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عن عبد الرحمن بن عوف قال : خرج النبي صلى الله عليه وسلم فتوجه نحو صدقته فدخل واستقبل القبلة فخر ساجدا فأطال السجود ثم رفـــع رأسه وقال : إن جبريل أتاني فبشرني ، فقال : إن الله عز وجل يقول لك : من صلى عليك صليت عليه ، ومن سلم عليك سلمت عليه ، فسجدت لله شكرا

അബ്ദു റഹ്മാന്‍ ബിന്‍ ഔഫില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരിക്കല്‍ നബി ﷺ തന്‍റെ വീട്ടില്‍ നിന്നും പുറത്ത് വരികയും സ്വദഖ സൂക്ഷിക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നിട്ട് ഖിബ്’ലയെ മുന്‍നിര്‍ത്തി അദ്ദേഹം സുജൂദില്‍ വീണു. വളരെയധികം നേരം അദ്ദേഹം സുജൂദില്‍ തുടര്‍ന്നു. ശേഷം അദ്ദേഹം തന്റെ തലയുയര്‍ത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “ജിബ്‌രീല്‍ (അ) എന്റെ അരികില്‍ വരികയും എനിക്കൊരു സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു: പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു താങ്കളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ആരെങ്കിലും താങ്കളുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഞാനും അവന്റെ മേല്‍ സ്വലാത്ത് ചൊല്ലും. ആരെങ്കിലും താങ്കളുടെ മേല്‍ സലാം പറഞ്ഞാല്‍ ഞാനും അവന്റെ മേല്‍ സലാം പറയും”. അത് കേട്ടപ്പോഴാണ് ഞാന്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദ് ചെയ്തത്”. (അഹ്മദ്)

നാല്) തിലാവത്തിന്റെ സുജൂദ് (ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദിന്റെ ആയത്ത് പാരായണം ചെയ്താല്‍ നിര്‍വഹിക്കുന്ന സുജൂദ്)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما أَنَّ النَّبِيَّ صلى الله عليه وسلم سَجَدَ بِالنَّجْمِ وَسَجَدَ مَعَهُ الْمُسْلِمُونَ وَالْمُشْرِكُونَ وَالْجِنُّ وَالإِنْسُ‏.

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ സൂറത്തു നജ്മ് പാരായണം ചെയ്തപ്പോള്‍ നബി ﷺ യുടെ കൂടെ മുസ്ലിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ് ചെയ്തു. (ബുഖാരി:1071)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ عَلَيْنَا السُّورَةَ فِيهَا السَّجْدَةُ، فَيَسْجُدُ وَنَسْجُدُ، حَتَّى مَا يَجِدُ أَحَدُنَا مَوْضِعَ جَبْهَتِهِ‏.‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: സുജൂദ് ചെയ്യേണ്ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില സൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച് നബി ﷺ ഓതാറുണ്ടായിരുന്നു. അന്നേരം നബി ﷺ സുജൂദ് ചെയ്യും. അപ്പോള്‍ ഞങ്ങളും സുജൂദ് ചെയ്യും. ചിലപ്പോള്‍ ചിലര്‍ക്ക് നെറ്റി നിലത്ത് വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി:1075)

സുജൂദ് അല്ലാഹുവിന് മാത്രം

وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍:41/37)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لأَحَدٍ لأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഒരാൾ മറ്റൊരാൾക്ക്‌ സുജൂദ് ചെയ്യാൻ ഞാൻ കൽപിക്കുമായിരുന്നെങ്കിൽ, സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു. (തുർമിദി: 1159)

സുജൂദ് ദുൻയാവിനേക്കാൾ ഉത്തമമാകുന്ന കാലം

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് ഈസാ നബി (അ) യുടെ പുനരാഗമനം. അതായത്, അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ (അ) അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്. അന്ന് ഭൗതിക ലോകത്തേക്കാളും അതിലുള്ള  സുഖത്തേക്കാളും ഒരു സുജുദ്‌ ഉത്തമമായിത്തീരും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمُ ابْنُ مَرْيَمَ حَكَمًا عَدْلاً، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الْخِنْزِيرَ، وَيَضَعَ الْجِزْيَةَ، وَيَفِيضَ الْمَالُ حَتَّى لاَ يَقْبَلَهُ أَحَدٌ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنَ الدُّنْيَا وَمَا فِيهَا ‏”‏‏.‏ ثُمَّ يَقُولُ أَبُو هُرَيْرَةَ وَاقْرَءُوا إِنْ شِئْتُمْ ‏{‏وَإِنْ مِنْ أَهْلِ الْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا‏}‏‏.‏

അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ആത്മാവ്‌ ആരുടെ കയിലാണോ അവൻ ( അല്ലാഹു) തന്നെയാണെ സത്യം, ഈസാ ഇബ്നു മറിയം നീതിമാനായ ഭരണാധികാരിയായി വന്നിറുങ്ങുവാന്‍ സമയമെടുത്തിരിക്കുന്നു. അദ്ദേഹം കുരിശ്‌ ഉടക്കുകയും പന്നിയെ കൊല്ലുകയും ‘ജിസ്‌യ’ നി൪ത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത്‌ സ്വീകരിക്കാത്ത വിധം സമ്പത്ത്‌ ഒഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തേക്കാളും അതിലുള്ള (ഭൌതിക സുഖത്തേക്കാളും) ഒരു സുജുദ്‌ ഉത്തമമായിത്തീരും. അബൂഹുറൈറ(റ) പറയുന്നു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പാരായണം ചെയ്യുക:വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (ഖു൪ആന്‍:4/159) (ബുഖാരി: 3448)

സത്യവിശ്വാസികളെ, സുജൂദിന്റെ മഹത്വം മനസ്സിലാക്കി അത് വർദ്ധിപ്പിക്കുക. സുന്നത്ത് നമസ്കാരം അധികരിപ്പിക്കുക, സുജൂദ് ചെയ്യാൻ പഠിപ്പിക്കപ്പെട്ട ഭാഗങ്ങളിലെല്ലാം അത് നിർവ്വഹിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.(ആമീൻ)

Leave a Reply

Your email address will not be published.

Similar Posts