വിജ്ഞാനങ്ങളിൽ ഏറ്റവും ഉത്തമമായത്

THADHKIRAH

“അറിവിൻറെ  മഹത്വം അറിയപെട്ടതിന്റെ മഹത്വത്തിലാണ്. അറിയപെട്ടതിൽ ഏറ്റവും മഹത്തരമായത് സൃഷ്ടി കർത്താവാണ്. അതിനാൽ അവന്റെ നാമങ്ങളെ കുറിച്ചുള്ള അറിവ് വിജ്ഞാനങ്ങളിൽ ഏറ്റവും ഉത്തമമത്രേ.’ ഇമാം ഇബ്നുൽഅറബി (റ ഹി) യുടേതാണ് ഉപരിസൂചിത വചനം.
മേലായ റബ്ബിനെ അറിയിച്ചു തരുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനമെന്നതിൽ യാതൊരു സംശയവുമില്ല. അവനെ അറിയലാണ് പ്രഥമവും പ്രധാനവുമായ കാര്യവും അതിനാണ് കൽപനയുമുള്ളത്.

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ

ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ അറിയുക… .. (വി. ക്വു. 47: 19)

അല്ലാഹുവിന്റെ നാമങ്ങളെകുറിച്ചുള്ള അറിവും അവയുടെ അർത്ഥത്തിലും ആശയങ്ങളിലുമുള്ള പാണ്ഡിത്യവും, തേട്ടങ്ങളനുസരിച്ചുള്ള കർമ്മവും മനുഷ്യരിൽ അല്ലാഹുവിനോടുള്ള ആദരവും ബഹുമാനവും സ്നേഹവും നട്ടുവളർത്തും. അവന്റെ കാരുണ്യത്തിൽ പ്രതീക്ഷയേറ്റുകയും അവന്റെ ശിക്ഷയിൽ പേടിജനിപ്പിക്കുകയും ചെയ്യും. അവന്റെ അനുഗ്രഹങ്ങളിൽ അവനോടു ശുക്റുള്ള ജീവിതത്തെ അനിവാര്യമാക്കും.

തവക്കുൽ അവനിൽ മാത്രവും, മടക്കം അവനിലേക്കു മാത്രവുമായിരിക്കും. ദുആഅ്, ഇസ്തിആനഃ(സഹായതേട്ടം), ഇസ്തിഗാഥഃ(രക്ഷാതേട്ടം), ഇസ്തിആ ദഃ(അഭയതേട്ടം) നമസ്കാരം, നോമ്പ്, ബലി, നേർച്ച തുടങ്ങി ആരാധനകൾ അവനു മാത്രമാക്കും. അവനോടുള്ള അടിമത്വം സാക്ഷാൽകരിക്കപ്പെടും. അവന്റെ മഹത്വത്തിനുമുന്നിൽ ഹൃദയങ്ങൾ വിനയപ്പെടുകയും അവന്റെ വലിപ്പത്താൽ മനസുകൾ സമാധാനമടയുകയും ചെയ്യും. അവൻ മാത്രമാണ് യഥാർത്ഥത്തിൽ ആരാധ്യനെന്നും അവനു യാതൊരുവിധ കൂറുകാരുമില്ലെന്നും മനസാവാചാകർമ്മണാ ജീവിതം തെളിയിക്കുകയും ചെയ്യും.

വസ്തുത ഇതൊക്കെയായിട്ടും അല്ലാഹുവിനെ അറിഞ്ഞു മനസിലാക്കുന്നതിലും അവനുള്ള അവകാശങ്ങൾ അവനു മാത്രം അർപിക്കുന്നതിലും പല മുസ്ലിംകളിലും തികഞ്ഞ ചില വീ ഴ്ചകളുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്; വിശുദ്ധക്വുർആൻ  ഉണർത്തിയ ഒരു യാഥാർത്ഥ്യം നോക്കൂ:

(സുമർ 67) وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ

അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.

അല്ലാഹുവിന്റെ നാമങ്ങളിൽ തൊണ്ണൂറ്റിയൊമ്പത് നാമങ്ങളെ അറിഞ്ഞും മൊഴിഞ്ഞും ഇഹ്സ്വാഅ് ചെയ്യുന്നവർക്ക് സ്വർഗപ്രവേശനമുണ്ടെന്നുള്ള തിരുമൊഴി ഇത്തരുണത്തിൽ പ്രസക്തമാകുന്നു. അവ മനഃപാഠമാക്കി യഥാവിധം മൊഴിയുക, അർത്ഥവും തേട്ടവും അറിയുക, അവകൊണ്ട് ദുആയിരക്കുക. ഇതാണ് ഇഹ്സ്വാഅ്.

അപ്പോൾ അവ അറിയേണ്ടതിന്റ പ്രധാന്യവും മഹത്വവും അതു കൊണ്ടുള്ള ഫലവും ഇതിലൂടെ തെളിയുന്നു. ഇവകൾ അറിയേണ്ടതിന്റെ അനിവാര്യതയെ വർത്തമാന സാഹചര്യം ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ  പ്രപഞ്ചവും അതിലുള്ള മുഴുവനും അല്ലാഹുവിന്റെ സൃഷ്ടികളാണ്.കോടിക്കണക്കായ സൃഷ്ടികളിൽ ഒരു സൃഷ്ടിയാണ് മനുഷ്യൻ. മനുഷ്യനെ പലകാര്യങ്ങൾ കൊണ്ടും അല്ലാഹു പ്രത്യേകമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിച്ചേ ഈ ഭൂമിയിൽ
മനുഷ്യൻ ജീവിക്കാൻ പാടുള്ളൂ.

മനുഷ്യരുടെ മേലുള്ള ഒന്നാമത്തെ ബാധ്യത അവനെ സൃഷ്ടിച്ച രക്ഷിതാവിനെ കൃത്യമായി മനസിലാക്കുകയെന്നതാണ്.തന്റെ സൃഷ്ടാവും,
സംരക്ഷകനമുയ അല്ലാഹുവിനെ അറിയാൻ ഈ  ഭൂമിലോകത്ത് ഒരു മാർഗമേയുള്ളൂ. അത് അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിലും, അതിന്റെ വിവരണമായ പ്രവാചകൻ (സ്വ)യുടെ ചര്യയിലും എന്തെല്ലാം കാര്യങ്ങളാണോ അല്ലാഹുവിനെ സംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത് അത് കൃത്യമായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുകയെന്നതാണ്.

Leave a Reply

Your email address will not be published.

Similar Posts